നിച്ചിനെക്കുറിച്ച്‌

നമുക്ക്‌ ലോകസ്രഷ്‌ടാവ്‌ നല്‍കിയ നിര്‍ദേശസംഹിതയാണ്‌ ക്വുര്‍ആന്. മുഹമ്മദ്‌ നബി(സ)യിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്‌. ലോകരെ മുഴുവന്‍ സ്രഷ്‌ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്‌. അതിനായി രൂപീകൃതമായ ഒരു പ്രസ്ഥാനമാണ്‌ 'നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'. ഈ ലോകത്തിനൊരു സ്രഷ്‌ടാവുണ്ട്‌. ജീവന്‍ നല്‍കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്‌ടാവ്‌. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്‍മാര്‍ മുഖേന സ്രഷ്‌ടാവ്‌ നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക്‌ മരണശേഷം നാം സ്രഷ്‌ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന്‌ പുണ്യം ചെയ്‌തവന്‌ നന്മയും പാപം ചെയ്‌തവന്‌ തിന്‍മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്‌ടാവ്‌ തന്റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്‌ ജീവിക്കുകയാണ്‌ മനുഷ്യന്റെ രക്ഷാമാര്‍ഗം. നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദത്തിന്റെ നിര്‍വ്വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പ്രവര്‍ത്തനങ്ങള്‍:

ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുവാനുതകുന്ന തരത്തില്‍ അതോടൊപ്പം ഇസ്ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയിലുള്ള തുറന്ന ചോദ്യോത്തര സെക്ഷനോട്‌ കൂടിയ പൊതുപരിപാടികള്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിനു കീഴില്‍ നിരന്തരമായി സംഘടിപ്പിച്ചു വരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളവും ഗള്‍ഫ്‌നാടുകളിലുമായി ആയിരക്കണക്കിന്‌ ഇത്തരം പരിപാടികള്‍ നിച്ചിനു കീഴില്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്‌. ഏകദേശം അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ആളുകള്‍ ഓരോ പരിപാടിയിലും പങ്കെടുക്കുന്നു. ഇതില്‍ തന്നെ 20 ശതമാനത്തോളം അമുസ്ലിംകളാണ്‌ പങ്കെടുക്കുന്നത്‌.

ഇതര മതപണ്ഡിതന്‍മാരുമായും യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍:

ഇസ്ലാമികാദ്ധ്യാപനങ്ങളുടെ ശ്രേഷ്‌ഠതയും സത്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം,ബുദ്ധിപര മായും, യുക്തിപരമായും ശാസ്‌ത്രീയമായും ഇസ്ലാംമതവിശ്വാസം മാത്രമാണ്‌ സത്യം എന്ന്‌ തെളിയിക്കാനും കഴിയുന്ന തരത്തില്‍ ഇതര മതവിശ്വാസ പണ്ഡിതന്‍മാരുമായും, യുക്തിവാദികളുമായുമുള്ള വാദപ്രതിവാദങ്ങള്‍ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി സംഘടിപ്പിക്കാറുണ്ട്‌. കഴിഞ്ഞ കാലങ്ങളിലായി ഏകദേശം 20 ഓളം ഇത്തരത്തിലുള്ള ഡിബേറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പതിനായിരം മുതല്‍ ഇരുപതിനായിരത്തോളം ആളുകള്‍ സംബന്ധിക്കുന്ന ഓരോ ഡിബേറ്റുകളിലും 25 ശതമാനം അമുസ്ലിംകളാണ്‌ പങ്കെടുക്കാറ്‌.

അമുസ്ലിംകള്‍ക്കായുള്ള സൗജന്യ ഇസ്ലാമിക കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌:

സത്യമതത്തെക്കുറിച്ച്‌ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യ ഇസ്ലാമിക്‌ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും അമുസ്ലിംകള്‍ക്കായി നടത്തുന്ന ഈ പഠനപദ്ധതിയിലൂടെ ഇസ്ലമികാദ്ധ്യാപനങ്ങളെക്കുറിച്ചും ഇസ്ലാം തത്ത്വങ്ങളെക്കുറിച്ചുമുള്ള യുക്തമായ അറിവ്‌ ലഭിക്കാന്‍ സഹായകമാവുന്നു. ഒരു വര്‍ഷമാണ്‌ ഈ പഠനപദ്ധതിയുടെ കാലയളവ്‌. ഓരോ വര്‍ഷവും ആയിരത്തിലധികമാളുകള്‍ക്ക്‌ ഇസ്ലാമിനെക്കുറിച്ച്‌ വ്യാപകമായ രീതിയില്‍ പഠിക്കാന്‍ ഈ പഠനപദ്ധതിയിലൂടെ സാധിക്കുന്നുണ്ട്‌.

അമുസ്ലിംകള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താനും സംശയനിവാരണത്തിനും സഹായിക്കുന്ന പുസ്‌തകങ്ങളും ലഘുലേഘകളും.

സത്യമത പ്രബോധനത്തിന്റെ തുടര്‍പ്രചരണ ഭാഗമായി ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങളും ലഘുലേഖകളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സൗജന്യമായി വിതരണം നടത്തുന്നു. ഇസ്ലാമിനെക്കുറിച്ചറിയാനും പഠിക്കാനും ഞങ്ങളുടെ പുസ്‌തകങ്ങളിലൂടെയും ലഘുലേഖകളിലൂടെയും ഒരുപാടാളുകള്‍ താല്‍പര്യം കാണിക്കുന്നു. നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും ലഭ്യമാണ്‌. തമിഴ്‌, തെലുങ്ക്‌, കന്നട തുടങ്ങി അനേകം ഇതര ഭാഷകളിലേക്കും അവിടങ്ങളിലെ പ്രബോധന കൂട്ടായ്‌മകള്‍ നിച്ചിന്റെ പ്രസിദ്ധീകരണങ്ങള്‍ തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌.

ഇസ്ലാമിക്‌ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കായി 'ക്രിയേറ്റീവ്‌ മീഡിയ'.

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്യുമെന്ററികള്‍, പ്രഭാഷണ സി.ഡി.കള്‍ തുടങ്ങിയവ തയ്യാറാക്കുന്ന നിച്ചിന്റെ മറ്റൊരു സംരംഭമാണ്‌ 'ക്രിയേറ്റീവ്‌ മീഡിയ'. ഇസ്ലാമിനെ ശാസ്‌ത്രീയമായി പരിചയപ്പെടുത്തുന്നതും, ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ യുക്താനുസൃതമായി മറുപടി നല്‍കുന്നതുമായ ഒട്ടനേകം വീഡിയോ ഡോക്യുമെന്ററികള്‍ ഈ സംരംഭത്തിന്‌ കീഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമായി 'സ്‌നേഹസംവാദം' മാസിക.

യുക്തിവാദികളും, മറ്റു മതവിശ്വാസ പ്രചാരകരും ഒന്നിച്ചു ചേര്‍ന്ന്‌ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ കയ്യില്‍ കിട്ടുന്ന സര്‍വ്വ മാധ്യമസാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന അവസരത്തിലാണ്‌ ഇതിനെതിരെ മറുപടി നല്‍കാന്‍ ദഅ്‌വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ആനുകാലികം നമുക്കാവശ്യമായി വന്നത്‌. ഈ രംഗത്താണ്‌ 'സ്‌നേഹസംവാദം' മാസികയെന്ന സംരംഭം നിച്ച്‌ ആരംഭിച്ചത്‌. സത്യം തുറന്നു പറയുക എന്നതാണ്‌ സ്‌നേഹസംവാദം മാസികയുടെ മുഖമുദ്ര. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ സമയാസമയങ്ങളില്‍ സ്‌നേഹസംവാദത്തിലൂടെ കൃത്യമായ മറുപടി നല്‍കുന്നതോടൊപ്പം ഫലപ്രദമായ ദഅ്‌വത്ത്‌ എങ്ങിനെ നടത്താമെന്ന്‌ മുസ്ലിം യുവാക്കളെ പഠിപ്പിക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങളും സ്‌നേഹസംവാദം കൈകാര്യം ചെയ്യുന്നു.

പ്രബോധകര്‍ക്കായുള്ള റഫറന്‍സ്‌ ലൈബ്രറി

മതതാരതമ്യപഠനം എളുപ്പമാക്കുവാനും , ഗവേഷണത്തിനുമായി കൊച്ചിയിലുള്ള നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ ആസ്ഥാനത്ത്‌ ഒരു റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിച്ച്‌ വരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ വിഭാഗം.

നഗരങ്ങളുടെ എല്ലാ മുക്കുമൂലകളിലും ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാനായി നിച്ചിന്റെ കീഴില്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌ പ്രവര്‍ത്തിച്ച്‌ വരുന്നു. സൗകര്യപ്രദമായ ഒരു വാന്‍, വീഡിയോ പ്രൊജക്‌ടര്‍, സൗണ്ട്‌ സിസ്റ്റം, ജനറേറ്റര്‍ എന്നിവ അടങ്ങിയതാണ്‌ പ്രസ്‌തുത മൊബൈല്‍ ദഅ്‌വാ യൂണിറ്റ്‌. ഇസ്ലാമിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ ഈ യൂണിറ്റിന്‌ കീഴില്‍ നടന്നുവരുന്നത്‌. ദിവസേന ഏറ്റവും ചുരുങ്ങിയത്‌ 3 പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാധാരണക്കാരായ ഗ്രാമപ്രദേശത്തുകാര്‍ക്ക്‌ ഇസ്ലാമിന്റെ സത്യസന്ദേശമെത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്തനം കൊണ്ട്‌ സാധ്യമാകുന്നു. നിച്ചിന്റെ ദഅ്‌വാ പ്രവര്‍ത്തനം നടക്കാത്ത ദിവസമോ പ്രദേശമോ കേരളത്തില്‍ ഇല്ല എന്ന അവസ്ഥയിലേക്ക്‌ എത്തിക്കാന്‍ മൊബൈല്‍ ദഅ്‌വാ യൂണിറ്റിന്റെ പ്രവര്‍ത്ത്‌നം കൊണ്ട്‌ സാധ്യമായിട്ടുണ്ട്‌.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഓഫീസുകള്‍

നിച്ചിന്റെ കേന്ദ്ര ഓഫീസ്‌ കൊച്ചിയിലാണ്‌. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താനും കോഴിക്കോട്‌, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിച്ചിന്റെ പുതിയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന നമ്മുടെ പരിപാടികള്‍ കാണാനും, കേള്‍ക്കാനും, വായിക്കാനും അതോടൊപ്പം ദഅ്‌വാ പ്രവര്‍ത്തനരംഗത്ത്‌ ആവ്യശ്യമായ കാര്യങ്ങള്‍ക്കുള്ള റഫറന്‍സ്‌ സൗകര്യവും ഈ സെന്ററുകളിലൂടെ കഴിയുന്നു.

Cochin

Niche of Truth,
4th Floor, Salafi Masjid Building, Vyttila,
Cochin - 19,
Phone:- 0484-2301275, 2301175, 2301576

Kozhikode

Niche of Truth,
3rd Floor, Darussalam Complex IG Road,
Kozhikode,
Phone:- 0495-2725078, +91 9846172323

ഇസ്ലാമിനെ സത്യസന്ധമായി അവതരിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും, ഇസ്ലാമിനെ നേര്‍രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന വിവിധ ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ നിച്ചിനുണ്ട്‌. ഞങ്ങളുടെ വെബ്‌ സൈറ്റുകള്‍ : www.nicheoftruthonline.com, www.snehasamvadam.org, www.muhammadnabi.info, www.mmakbar.info

ക്വുര്‍ആന്‍ പരിഭാഷ സൗജന്യ വിതരണം.

നിച്ച്‌ അതിന്റെ സത്യമത സന്ദേശത്തിന്റെ പ്രചരണ ഭാഗമായി മുസ്ലിംകള്‍ക്കിടയില്‍ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ അതിന്റെ അച്ചടിവിലക്കും, പഠിക്കാനാഗ്രഹിക്കുന്ന അമുസ്ലിംകള്‍ക്ക്‌ സൗജന്യമായും വിതരണം ചെയ്‌തുവരുന്നു.

ദഅ്‌വാ പരിശീലന വര്‍ക്ക്‌ഷോപ്പ്‌.

ഇസ്ലാമിക പ്രചാരണം ഓരോ മുസ്ലിമിന്റെയും കര്‍ത്തവ്യവും ബാധ്യതയുമാണെന്ന്‌ അവരെ ബോധവാന്‍മാരാക്കുവാനും, എങ്ങിനെയാണ്‌ ദഅ്‌വത്ത്‌ നടത്തേണ്ടതെന്ന പരിശീലനം നല്‍കാനും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പതിവായി പ്രബോധന പരിശീലന വര്‍ക്ക്‌ ഷോപ്പ്‌ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ സാധാരണയായി വേനലവധിക്കാലത്താണ്‌ സംഘടിപ്പിക്കാറ്‌. ഈ കോഴ്‌സില്‍ പങ്കെടുക്കാനുള്ള അപേക്ഷകരില്‍നിന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ നടത്തുന്ന ഒരു പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞടുത്ത ആളുകള്‍ക്ക്‌ മാത്രമാണ്‌ 10 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പ്‌ നടത്താറ്‌. പങ്കെടുക്കുന്ന പഠിതാക്കളെ ഫലപ്രദമായ പ്രബോധകരായും ഒരു നല്ല ഇസ്ലാമിക പ്രഭാഷകരായും ഉയര്‍ത്തിക്കൊണ്ട്‌ വരിക എന്ന ലക്ഷ്യമാണ്‌ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ക്ക്‌ഷോപ്പിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്‌.

വീടുകള്‍തോറും കയറിയുള്ള ദഅ്‌വാസ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍.

ഒഴിവു ദിവസങ്ങളില്‍ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള വോളണ്ടിയര്‍മാര്‍ ഒത്തുചേര്‍ന്ന്‌കൊണ്ട്‌ സംഘടിത പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്ക്‌ ഇസ്ലാമിക ദഅ്‌വത്ത്‌ നടത്താനുള്ള മൗലിക തത്ത്വങ്ങളെ കുറിച്ചുള്ള ക്ലാസുകളും പ്രഭാഷണങ്ങളും ലഭിക്കുന്നു. പകല്‍സമയങ്ങളില്‍ ഇവര്‍ ഓരോ വീടുകളിലും കയറിയിറങ്ങി ഇസ്ലാമിന്റെ തനതായ സന്ദേശം എത്തിച്ചു കൊടുക്കുന്നു. ഇത്തരം സംഘടിത സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌കൊണ്ട്‌ നമ്മുടെ പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥലങ്ങളില്‍ വ്യക്തിപരമായ സ്‌കോഡ്‌ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഇക്കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ഒരുപാട്‌ ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്‌. ഇങ്ങിനെ ഇസ്ലാം സ്വീകരിച്ചതിനു ശേഷം സ്വന്തം വീടും കുടുംബവും നഷ്‌ടപ്പെട്ടവര്‍ക്കായി നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ അതിന്റെ പരിമിതിക്കുള്ളില്‍ നിന്ന്‌കൊണ്ട്‌ സാധ്യമാവുന്ന തരത്തില്‍ അവരെ പുനരധിവസിപ്പിക്കുവാനും സംരക്ഷിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ക്കായി ചെയ്‌തു വരുന്നുണ്ട്‌. മുസ്ലിം സമൂഹത്തെ ശരിയായി ഉള്‍ക്കൊള്ളാനും മുസ്ലിമായിക്കൊണ്ടുള്ള സാധാരണ ജീവിതം നയിക്കാനും ഇവര്‍ക്ക്‌ കഴിയുന്നതിനായി നമുക്ക്‌ കഴിയുന്നത്ര സഹായ സഹകരണങ്ങള്‍ ചെയ്‌തുവരുന്നു. തൗഹീദും പൂര്‍ണ്ണമായി എങ്ങിനെ ഇസ്ലാമികമായി ജീവിക്കാമെന്നും പഠിപ്പിക്കാനുമായി ഇവര്‍ക്ക്‌ ആറു മാസം നീണ്ടുനില്‍ക്കുന്ന വളരെ നല്ല രീതിലുള്ള പഠനകോഴ്‌സ്‌ സംഘടിപ്പിക്കുന്നുണ്ട്‌. ഇതോടൊപ്പം തന്നെ പുതുതായി ഇസ്ലാം സ്വീകരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി നിയപരമായ പിന്തുണയും, സംരക്ഷണവും, ആവശ്യമായ വിദ്യാഭ്യാസം, താമസം എന്നിവയും കൂടെ ആവശ്യമെങ്കില്‍ ജീവിതവരുമാനത്തിനാവശ്യമായ മാര്‍ഗങ്ങളും നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പുനരധിവാസ വിഭാഗം സൗകര്യപ്പെടുത്താറുണ്ട്‌. നാഥാ, സത്യമതസന്ദേശ പ്രചരണത്തിന്നു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദിത്തത്തിന്റെ നിര്‍വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ. (ആമീന്‍).