നബിവിവാഹങ്ങളുടെമാനവികത

മാതൃഭൂമി കുടുംബത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ആനുകാലികങ്ങളെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി പരിചയമുള്ള ആര്‍ക്കും തന്നെ മുഹമ്മദ് നബി(സ)യെ അപഹസിച്ചുകൊണ്ട് ദിനപത്രത്തില്‍ വന്ന കുറിപ്പ് കാര്യമാത്രപ്രസക്തമായ അതിശയോക്തിയൊന്നുമുണ്ടാക്കുകയില്ല. കുടുംബസ്ഥാപനത്തെ തകര്‍ക്കുകയും സ്വതന്ത്രരതി അനുവദിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് മാതൃഭൂമി ആഴ്ചപതിപ്പ് നിലനില്‍ക്കുന്നതുതന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചര്‍ച്ചകളും പഠനങ്ങളും അത് പുറത്തുവിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘പോരാട്ട’ങ്ങളെ മനുഷ്യാവകാശത്തിനായുള്ള സമരമായി അവതരിപ്പിക്കുകയും കുട്ടികളുടെ മേല്‍വിലാസത്തിനുവേണ്ടി മാത്രമായി നിലനില്‍ക്കേണ്ട സ്ഥാപനമാണ് കുടുംബമെന്നും ലൈംഗികദാരിദ്ര്യമില്ലാതെയാകണമെങ്കില്‍ സ്വതന്ത്ര രതി നിലനില്‍ക്കണമെന്നും സമര്‍ത്ഥിക്കുകയും ആ രംഗത്തുള്ള വിധിവിലക്കുകള്‍ ശാസ്ത്രീയമായും നരവംശപഠനങ്ങളുടെ വെളിച്ചത്തിലുംഅനാവശ്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ആഴ്ചപ്പതിപ്പിലെ ഗവേഷകന്‍മാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാനപ്പെട്ട സാമൂഹ്യദൗത്യമെന്നാണ് തോന്നിപ്പോവുക! തുറന്ന സെക്‌സിന്റെ മുതലാളിത്ത മാതൃക മലയാളിയെ പരിചയപ്പെടുത്തുന്നതിനായി രചനയും സംവിധാനവും നിര്‍വഹിച്ച് കൊണ്ടാടപ്പെട്ട ചുംബനസമരത്തെ സൈദ്ധാന്തികമായി ന്യായീകരിക്കുവാന്‍ മുന്നിലുണ്ടായിരുന്നതും ആഴ്ചപ്പതിപ്പ് തന്നെയായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊട്ടുരുമ്മിയിരുന്ന് പഠിക്കുവാന്‍ അവസരം നല്‍കാത്ത ഫാറൂക്ക് കോളജ് മാനേജ്‌മെന്റിന്റെ നിലപാടിനെ മനുഷ്യാവകാശ ലംഘനമാക്കി വളര്‍ത്തിക്കൊണ്ടു വന്നതും തൊട്ടുരുമ്മല്‍ പ്രസ്ഥാന നായകന്റെ മുഴുചിത്രം കവറില്‍ നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ച് പെണ്ണവകാശ സമരത്തിന്റെ നായകനാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതും മുതലാളിത്ത മൂല്യങ്ങളെ അടിച്ചേല്‍പിക്കുന്നതോടൊപ്പം മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയെന്ന തലമുറകളായുള്ള ‘പത്രധര്‍മ’ത്തിന്റെ നിര്‍വഹണം കൂടിയായിരുന്നുവെന്ന് അവരെ അറിയാവുന്ന ആര്‍ക്കും മനസ്സിലാവും. ധാര്‍മികജീവിതമെങ്ങനെയെന്ന് സുവ്യക്തമായി പഠിപ്പിക്കുകയും നിയതമായ ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങളെ കൃത്യമായി നിര്‍വചിക്കുകയും അതിനപ്പുറത്തെ ആസ്വാദനങ്ങളെല്ലാം ചൂഷണങ്ങളാണെന്ന് തെര്യപ്പെടുത്തി അവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ശക്തമായി നിഷ്‌കര്‍ഷിക്കുകയും നിയമവിരുദ്ധമായ രതിയാസ്വാദനം സമൂഹത്തോട് ചെയ്യുന്ന അപരാധമായതിനാല്‍ അതിന് നിഷ്‌കൃഷ്ടമായ ശിക്ഷ വിധിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യോട് സ്വതന്ത്രരതിയുടെ വക്താക്കള്‍ക്ക് വിരോധമുണ്ടാവുക സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികതയോടൊപ്പം പരമ്പരാഗതമായി ലഭിച്ച വര്‍ഗീയത കൂടി സമം ചേര്‍ത്തപ്പോഴായിരിക്കണം വൃത്തികെട്ട നബിനിന്ദയുടെ മാതൃഭൂമിക്കുറിപ്പ് പുറത്തുവന്നതെന്നാണ് മനസ്സിലാക്കുന്നത്. അവിചാരിതമായുണ്ടായ ഒരു കൈപ്പിഴവല്ല പത്രത്താളുകളില്‍ നബിനിന്ദാ കുറിപ്പ് പ്രത്യക്ഷപ്പെടാനുള്ള കാരണം എന്നര്‍ത്ഥം. മുഹമ്മദ് നബി(സ)യെ നിന്ദിച്ചുകൊണ്ടുള്ള മാതൃഭൂമിക്കുറിപ്പിനെ പലരൂപത്തില്‍ നോക്കിക്കാണുന്നവരുണ്ട്. ഫെയ്‌സ്ബുക്കില്‍ നിന്ന് എടുത്തുകൊടുത്ത പ്രതികരണങ്ങളില്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണീ കുറിപ്പ് എന്ന ഔദ്യോഗിക വിശദീകരണം പത്രത്തിലുള്ള എഡിറ്റോറിയല്‍ സംവിധാനങ്ങളെക്കുറിച്ചറിയാവുന്ന ആരും അംഗീകരിക്കുകയില്ല. ആസന്നമായ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്‌ലിംകളെ പ്രകോപിതരാക്കി ഹിന്ദുത്വത്തിന് അനുകൂലമായ മനസ്സ് സൃഷ്ടിച്ചെടുക്കുകയെന്ന സുഗാലദൗത്യമാണീ കുറിപ്പ് പ്രസിദ്ധീകരിച്ചവര്‍ ഏറ്റെടുത്തതെന്ന് പറയുന്നവര്‍ക്ക് ഇവ്വിഷയകമായി കഴിഞ്ഞ കുറേക്കാലമായുള്ള പത്രനിലപാടുകളും പത്രാധിപക്കുറിപ്പുകളും തങ്ങളുടെ വാദത്തിനനുകൂലമായി ഉദ്ധരിക്കുവാനുണ്ട്. പത്രമുതലാളിമാര്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന് പ്രേരിപ്പിക്കുവാന്‍ മുസ്‌ലിം സമുദായത്തെ പ്രചോദിപ്പിക്കുകയാണ് കുറിപ്പുകാരന്റെ ലക്ഷ്യമെന്ന് കരുതുന്നവര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്. മുതലാളിത്ത മൂല്യക്രമത്തിന് കേരളത്തില്‍ പരിസരമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരുടെ ആജന്‍മശത്രുവായ മുഹമ്മദ് നബി(സ)യും തങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യക്രമത്തിലോ അതിനേക്കാള്‍ പതിതമായ മൂല്യക്രമത്തിലോ ജീവിച്ചിരുന്നയാളായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം കുറിപ്പുകളുണ്ടാവുന്നതെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ കുറിപ്പുകാരുടെയും അത് പ്രസിദ്ധീകരിക്കുന്നവരുടെയും ചരിത്രമറിയണം. അതുകൊണ്ടാണ് മാതൃഭൂമി ആനുകാലികങ്ങളിലൂടെ ഒന്നര പതിറ്റാണ്ടായി കടന്നുപോകുന്നവര്‍ക്കാണ് നബിനിന്ദാകുറിപ്പിന്റെ യഥാര്‍ത്ഥത്തിലുള്ള പ്രചോദനമെന്താണെന്ന് മനസ്സിലാവുകയെന്ന് പറയുന്നത്. ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം നിന്ദകരുടെ വിഷയമാകുന്നത് തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന അവര്‍ക്ക് അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ? ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് പറയാനുള്ളത്.

ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക. ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്. വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം. ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്. ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്. പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം. മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുത സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഇത്തരം അവസരങ്ങളെ ഉപയോഗിക്കുകയാണ് ഇസ്‌ലാമിക പ്രബോധകര്‍ ചെയ്യേണ്ടത്. നബിവിവാഹങ്ങളെ ചൂണ്ടിക്കാണിച്ച് നബി(സ)യെ നിന്ദിക്കാന്‍ ശ്രമിക്കുന്നവരോട് ക്ഷമാപണസ്വരത്തില്‍ സംസാരിക്കുന്നതിനുപകരം ഓരോ വിവാഹവും മാതൃകാപരമായിരുന്നുവെന്ന് നെഞ്ചൂക്കോടുകൂടി പറയേണ്ടവനാണ് മുസ്‌ലിം. അതിനുപകരം, ആയിശ(റ)യുടെ വിവാഹപ്രായം ഉയര്‍ത്തിക്കാണിക്കുവാനും പ്രവാചകന്റെ വിവാഹങ്ങളൊന്നും ലൈംഗികതയില്ലാത്തതായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനും വേണ്ടി ഗവേഷണം ചെയ്യുന്നവര്‍ നബിനിന്ദകരുടെ കെണിയില്‍ അവര്‍ അറിയാതെ സ്വയം വീണുപോയവരാണ്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ പുതിയ ഗവേഷണഫലങ്ങള്‍ പുറത്തുവിടുന്നവര്‍ പ്രവാചകവിവാഹത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകളെ ക്ഷമാപണസ്വരമുള്ളവരാക്കാന്‍ ശ്രമിക്കുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്. നബി (സ) എങ്ങനെയുള്ളവനായിരുന്നുവോ അങ്ങനെ നബി(സ)യെ സ്‌നേഹിക്കുവാനും പിന്‍പറ്റുവാനും കല്‍പിക്കപ്പെട്ടവര്‍ പ്രവാചകവിവാഹങ്ങളുടെ മാനവികത സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍).