FAQ

Frequently Asked Questions. Following are the common Questions about Islam and its answers.

ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.
വിശേഷബുദ്ധിയും ചിന്താശേഷിയും നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്‍കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാ ലഘട്ടങ്ങളില്‍ വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്‍വശക്തനുള്ള സമ്പൂ ര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം. അവരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവസമ ര്‍പ്പണത്തിന്റെ ആദര്‍ശം – ഇസ്ലാം – ഏതെങ്കിലുമൊരു മനുഷ്യന്‍ സ്ഥാപിച്ചതല്ല; പ്രത്യുത ദൈവംതമ്പുരാന്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് എന്നതാണ് യാഥാര്‍ഥ്യം.
സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണ് മുസ്ലിം എന്ന പദത്തിനര്‍ഥം. ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ്ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.
‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന രണ്ട് സാക്ഷ്യവചനങ്ങ ള്‍ ചൊല്ലി അവയനുസരിച്ച് ജീവിതം ക്രമീകരിക്കാമെന്ന് പ്രതിജ്ഞയെടുത്താല്‍ ഒരാള്‍ മുസ്ലിമായിത്തീരുന്നു.
ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എ ന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. ‘മുസ്ലിം’ എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവു മെന്ന ‘മതസങ്കല്‍പം’ ഇസ് ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.
ഏകദൈവത്തിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.
ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സമ്പൂര്‍ണനുമായ അവനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്നകേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.
സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. ‘എല്ലാതരം ആരാധനകളും യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍’ എന്നാണ് ‘അല്ലാഹു’വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നുതന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവദാസന്മാരാണ് മലക്കുകള്‍. വ്യത്യസ്ത ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരും ദൈവത്തെ ധിക്കരിക്കുവാന്‍ കഴിയാത്തവരുമാണിവര്‍.
മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)*യിലൂടെ അവതരിപ്പിക്കപ്പെട്ട തൌറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ(അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ)ലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരെ ദുര്‍മാര്‍ഗത്തില്‍ നിന്ന് അകറ്റി സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ അവതരിപ്പിച്ചവയായിരുന്നു.
നന്മയും തിന്മയുമെന്താണെന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ മനുഷ്യര്‍ക്കിടയില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് ദൌത്യമേല്‍പിക്കാറുണ്ട്. ഇങ്ങനെ ദൌത്യമേല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി പ്രവാചകന്മാര്‍നിയോഗിക്കപ്പെടാത്ത ഒരു സമുദായവുമില്ല. മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെപൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നുംതന്നെ തങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും മനുഷ്യരായിരുന്നു; പച്ചയായ മനുഷ്യര്‍. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. പ്രത്യുത ശാശ്വതമായ മരണാനന്തര ജീവിതത്തിലേക്കുള്ള വാതായനമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവിടെവെച്ച് ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നത് മരണാനന്തര ജീവിതത്തില്‍വെച്ചു മാത്രമാണ്. അവസാന നാളില്‍ എല്ലാ സൃഷ്ടികളും നശിച്ചതിനുശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നാണ് ഇസ്ലാമിക വിശ്വാസം. അങ്ങനെ പുനര്‍ജീവിപ്പിക്കപ്പെട്ട ശേഷം വിചാരണ നടക്കും. സര്‍വശക്തന്റെ നിയന്ത്രണത്തിലുള്ള വിചാരണ. നാം ചെയ്ത നന്മതിന്മകളെല്ലാം പ്രസ്തുത വിചാരണയില്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിവെക്കപ്പെടും.എന്നിട്ട് പൂര്‍ണമായ നീതി നടപ്പാക്കപ്പെടും. നന്മ ചെയ്തവര്‍ക്ക് നന്മയും തിന്മ ചെയ്തവര്‍ക്ക് തിന്മയുമായിരിക്കും പ്രതിഫലം. സല്‍കര്‍മങ്ങള്‍ചെയ്ത് ജീവിതത്തെ വിശുദ്ധമാക്കിയവര്‍ക്ക് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ദുഷ്കര്‍മങ്ങളാല്‍ ജീവിതത്തെ വികലമാക്കിയവര്‍ക്ക് നരകയാതനകളും പ്രതിഫലമായി ലഭിക്കും.
പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും ദൈവികമായ വ്യവസ്ഥപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വ്യവസ്ഥയാണ് ദൈവികവിധി. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല. മനുഷ്യന്റെ ചുറ്റുപാടുകളും ശാരീരിക വ്യവസ്ഥകള്‍തന്നെയും ദൈവിക വിധിക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. അവന് വന്ന് ഭവിക്കുന്ന നന്മകളും ദോഷങ്ങളുമെല്ലാം ദൈവവിധിപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. മനുഷ്യസമൂഹത്തിന് ആത്യന്തികമായി നന്മയെന്തൊക്കെയാണെന്നും തിന്മയെന്തെല്ലാമാണെന്നും കൃത്യ മായി അറിയാവുന്ന സര്‍വജ്ഞന്റെ വ്യക്തമായ വ്യവസ്ഥകള്‍ പ്രകാരമാണ് ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാവുന്നത് എന്ന വിശ്വാസമാണ് ഇസ്ലാമിക വിധി വിശ്വാസത്തിന്റെ കാതല്‍.
ഖുര്‍ആനും മുഹമ്മദ്(സ:അ)മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തി ന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ:അ). പുതിയൊരു മതം സ്ഥാപിക്കുകയല്ല. മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
ക്രിസ്താബ്ദം 570-ല്‍ മക്കയിലാണ് മുഹമ്മദ്(സ:അ) ജനി ച്ചത്. ജനനത്തിനു മുമ്പ് പിതാവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എല്ലാവിധ തിന്മകളുടെയും കൂത്തരങ്ങായിരുന്ന അറേബ്യയില്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ സത്യസന്ധനും സദ്വൃത്തനുമെന്ന് പ്രത്യേകം അറിയപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉന്നത ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന മുഹമ്മദ് (സ:അ) ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പതുകാരിയായ ഖദീജയെന്ന കച്ചവടക്കാരിയെ വിവാഹം ചെയ്തു.നാല്‍പതാം വയസ്സിലാണ് മുഹമ്മദിന് (സ:അ) ദൈവികബോധനം ലഭിക്കാനാരംഭിച്ചത്. പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് ദൈവിക സന്ദേശങ്ങളെത്തിച്ചുകൊടുത്തു-നിഷേധാത്മകമായിരുന്നു പ്രതികരണങ്ങള്‍. മര്‍ദനങ്ങള്‍, പീഡനങ്ങള്‍, ആരോപണങ്ങള്‍, കൊലവിളികള്‍… സത്യമതമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി ജനിച്ച നാടുവെടിഞ്ഞ് വടക്കുഭാഗത്തുള്ള മദീനയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാവുകയും അദ്ദേഹം അതിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. മദീനയിലും സത്യമതമനുസരിച്ച് ജീവിക്കാന്‍ അവിശ്വാസികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവരുമായി യുദ്ധങ്ങള്‍ നടന്നു. മത സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധന ജീവിതത്തിനു ശേഷം ലോകത്തിനു മുഴുവന്‍ മാതൃകായോഗ്യമായ ഒരു സമൂഹത്തെ അവശേഷിപ്പിച്ചു കൊണ്ട് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് (സ:അ) ഇഹലോകവാസംവെടിഞ്ഞു.
ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിലേക്കോ സമുദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിക്കൊണ്ട് വരാനിരിക്കുന്ന ഒരു മഹാപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ആ പ്രവാചകന്മാരില്‍ പലരും പ്രവചിച്ചതായി കാണാന്‍ കഴിയും. മുഹമ്മദ് (സ:അ) മുഴുവന്‍ ലോകത്തിന്റെയും പ്രവാചകനാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കെല്ലാം സ്വീകരിക്കാന്‍ പറ്റിയവയാണ്. പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങള്‍ അവരുടെ കാലശേഷം നിലനില്‍ക്കുന്നവയായിരുന്നില്ല. എന്നാല്‍, മുഹമ്മദിന്റെ(സ:അ) പ്രവാചകത്വത്തിനുള്ള തെളിവായി നല്‍കപ്പെട്ട ഖുര്‍ആന്‍ എന്ന ദൃഷ്ടാന്തം അവസാനനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നതും അതിന്റെ ദൈവികത ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്. മുഹമ്മദിന്റെ(സ:അ) ജീവിതമാകട്ടെ പൂര്‍ണമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അവസാനനാള്‍ വരെയുള്ള മുഴുവനാളുകള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി ഒരു ദൈവദൂതന്‍ വരികയില്ലെന്നും അവസാനനാളുവരെയുള്ള മനുഷ്യരെല്ലാം മാര്‍ഗദര്‍ശകമായി ഖുര്‍ആനും നബിചര്യയുമാണ് സ്വീകരിക്കേണ്ടതെന്നും ഖുര്‍ആനിലും നബിമൊഴികളിലും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.
അന്തിമ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊണ്ടുതന്നെ അന്ത്യനാളുവരെ ഖുര്‍ആനിനെ യാതൊരു മാറ്റ ത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവംതമ്പുരാന്‍ തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ഖുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്തിമപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്.
മനുഷ്യരുടെ ഇഹലോകത്തെയും മരണാനന്തര ജീവിതത്തിലെയും വിജയത്തിനാവശ്യമായ ധാര്‍മിക നിര്‍ദേശങ്ങളാണ് ഖുര്‍ആനിലുള്ളത്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധമാണ് ഖുര്‍ആനിന്റെ മുഖ്യപ്രമേയമെന്ന് പറയാം. മാനവസമൂഹത്തെ ആത്യന്തികമായ നന്മയിലേക്ക് നയിക്കുന്ന വിശ്വാസാചാരങ്ങളെയും ജീവിതരീതിയെയും കുറിച്ച പ്രതിപാദനങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് പാഠമായിത്തീരേണ്ട ഗതകാലസംഭവങ്ങളെ അത് എടുത്തുദ്ധരിക്കുന്നത് ദൈവിക മാര്‍ഗദര്‍ശനത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതിനുവേണ്ടിയാണ്. ആത്മസംസ്കരണത്തിനുതകുന്ന ഉപദേശനിര്‍ദേശങ്ങളോടൊപ്പം ഭൌതി കജീവിതത്തില്‍ പാലിക്കേണ്ട വിധിവിലക്കുകളും അതുള്‍ക്കൊള്ളുന്നു. സ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി മനുഷ്യരെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച വിശദീകരണങ്ങളും ഖുര്‍ആനിലുണ്ട്.
മനുഷ്യര്‍ക്കു രചിക്കുവാന്‍ കഴിയാത്ത സവിശേഷമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. നാല്‍പതു വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും പ്രകടിപ്പിക്കാത്ത ഒരു നിരക്ഷരനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആനിന്റെ അനിതരമായ സാഹിത്യശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണ്. ഇന്നു നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ദൈവികമെന്ന് സ്വയം അവകാശപ്പെടുന്നതും അവതരിപ്പിക്കപ്പെട്ട രൂപത്തില്‍തന്നെ ഇന്നും നിലനില്‍ക്കുന്നതുമായ ഏകഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആനിലെ ധാര്‍മിക നിയമങ്ങള്‍ സാര്‍വകാലികവും അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. ദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായപരിതസ്ഥിതികളില്‍ വിപുലവും ബൃഹത്തുമായ വിഷയങ്ങളെക്കുറിച്ച് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്നതാണ് ഒരു അത്ഭുതം. ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനമാകട്ടെ അതുല്യവും മഹത്തരവുമാണ്. എല്ലാ നിലക്കും അധമമായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയ ഗ്രന്ഥമാണത്. ഖുര്‍ആനിലെ പ്രവചനങ്ങളാകട്ടെ അക്ഷരംപ്രതി പുലര്‍ന്നുകൊണ്ട് അത് സര്‍വകാലജ്ഞാനിയില്‍നിന്നുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരിക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലൊന്നുപോലും ആധുനിക ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രസ്താവനയും നടത്തുന്നില്ലെന്നതാണ് മറ്റൊരു മഹാത്ഭുതം. മാത്രവുമല്ല, ഖുര്‍ആനിലെ വചനങ്ങള്‍ സര്‍വശക്തനായ സ്രഷ്ടാവിന്റേതാണെന്ന് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവ്.
ഇസ്ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്. സത്യസാക്ഷ്യം, നമസ്കാരം,സകാത്ത്, വ്രതാനുഷ്ഠാനം,ഹജ്ജ്..
‘ആരാധനക്ക് അല്ലാഹുവല്ലാതെ ആരുംതന്നെ അര്‍ഹനല്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’വെന്ന പ്രതിജ്ഞാവാച കം ചൊല്ലിക്കൊണ്ടാണ് ഒരാള്‍ മുസ്ലിമാകുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബിയുടെ(സ) ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്.
അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.അരുണോദയത്തിന് മുമ്പും മധ്യാഹ്നത്തിലും സായാഹ്നത്തിലും സൂര്യാസ്തമയത്തിന് ശേഷവും രാത്രിയുമാണ് നിര്‍ബന്ധനമസ്കാരത്തിന്റെ സമയങ്ങള്‍. അംഗശുദ്ധിവരുത്തി ഭക്തിപൂര്‍വം സര്‍വശക്തനുമായി നടത്തുന്ന സംഭാഷണമാണ് നമസ്കാരം. മനസ്സില്‍ പ്രതിജ്ഞയും പ്രാര്‍ഥനയുമായി കൈകെട്ടി നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും ഇരുന്നും അഞ്ചുനേരം കൃത്യമായി സ്രഷ്ടാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന യഥാര്‍ഥ മുസ്ലിമിന്റെ ജീവിതം എല്ലാവിധ തെറ്റുകുറ്റങ്ങളില്‍നിന്നും മുക്തമായിരിക്കുമെന്നുറപ്പാണ്.
സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്. നാണയസമ്പത്തിനും കച്ചവടച്ചരക്കുകള്‍ക്കും വര്‍ഷത്തില്‍ രണ്ടര ശതമാനവും കാര്‍ഷികവിളകള്‍ക്ക് പത്ത് ശതമാനവുമാണ് (ജലസേചനംചെയ്യുന്നതാണെങ്കില്‍ അഞ്ചുശതമാനം) സകാത്ത്. സകാത്ത് കൊടുക്കുല്‍ ബാധ്യതയാകുന്നതിന് ഓരോന്നിനും ഓരോ ചുരുങ്ങിയ പരിധികള്‍ നിശ്ചയി ക്കപ്പെട്ടിട്ടുണ്ട്. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരില്‍നിന്ന് ഇസ്ലാമിക രാഷ്ട്രമോ അതില്ലെങ്കില്‍ സമൂഹം ഉത്തരവാദപ്പെടുത്തിയ സ്ഥാപനമോ അത് പിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസം പകല്‍ സമയം മുഴുവന്‍ ഭക്ഷണപാനീയങ്ങളില്‍നിന്നും ലൈംഗികബന്ധത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് വ്രതമനുഷ്ഠിക്കേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്.ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമദാന്‍ മാസമാണ് വ്രതാനുഷ്ഠാനത്തിനുവേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ദൈവേച്ഛയുടെ മുമ്പില്‍ സ്വന്തം ഇച്ഛയെ സമര്‍പ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ മുസ്ലിം ചെയ്യുന്നത്.
ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള ഓരോ മുസ്ലിമും ജീവിതത്തിലൊരിക്കല്‍ മക്കയിലേക്ക് തീര്‍ഥാടനം നടത്തണമെന്നാണ് ഇസ്ലാമികവിധി. ഈ തീര്‍ഥാടനമാണ് ഹജജ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായി ലക്ഷക്കണക്കിനാളുകള്‍ ഹജ്ജ് മാസത്തില്‍ മക്കയില്‍ ഒരുമിച്ചു കൂടുന്നു. മനസ്സില്‍ ഒരേ ചിന്ത, ചുണ്ടില്‍ ഒരേ മന്ത്രം, ധരിച്ചത് ഒരേതരം വസ്ത്രങ്ങള്‍-പുരുഷന്മാര്‍ വെളുത്ത രണ്ടു തുണികള്‍ മാത്രം -ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതയ്ക്കാനും (സ്ത്രീകള്‍ക്ക് ശരീരഭാഗങ്ങള്‍ വെളിവാകാത്ത, മുഖവും മുന്‍കൈയും ഒഴിച്ചുള്ളവയെല്ലാം മറയ്ക്കുന്ന അയഞ്ഞ വസ്ത്രം). ഇസ്ലാമിന്റെ ഏകമാനവതാ സിദ്ധാന്തം ഹജ്ജില്‍ പ്രായോഗികമായി പ്രകടിപ്പിക്കപ്പെടുകയാണ്. മുതലാളിയോ തൊഴിലാളിയോ കറുത്തവനോ വെളുത്തവനോ ഉന്നതകുലജാതനോ അധമനോ സ്വദേശിയോ വിദേശിയോ ഒന്നുമില്ലാത്ത ഏകമാനവത – ഒരേ ഒരു ദൈവം മാത്രം; അവന്റെ ദാസന്മാരായ ഒരൊറ്റ ജനതയും.
മക്കയിലെ പുരാതനമായ ദേവാലയത്തിന്റെ പേരാണ് കഅ്ബ. സര്‍വശക്തനെ മാത്രം ആരാധിക്കുവാന്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനമാണത്. ദൈവകല്‍പന പ്രകാരം തന്റെ കുഞ്ഞിനെയും ഭാര്യയെയും പ്രവാചകനായ ഇബ്രാഹിം (സ) ഉപേക്ഷിച്ചുപോയത് കഅ്ബയുടെ പരിസരത്തായിരുന്നു. ഇബ്റാഹീമും പുത്രനായ ഇസ്മാഈലും കൂടിയാണ് ദൈവകല്‍പന പ്രകാരം കഅ്ബയുടെ പുനര്‍നിര്‍മാണം നടത്തിയത്. മുസ്ലിംകള്‍ നമസ്കരിക്കുന്നതും കഅ്ബക്കഭിമുഖമായിക്കൊണ്ടാണ്. ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയുടെ പരിസരങ്ങളില്‍ വെച്ചാണ് നിര്‍വഹിക്കപ്പെടുന്നത്.
ഇല്ല. മുസ്ലിംകള്‍ സര്‍വലോകസ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കുന്നത്. കഅ്ബ ഒരു സൃഷ്ടിയാണ്. ഏക ദൈവത്തെ ആരാധിക്കുവാന്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമെന്ന നിലയ്ക്ക് കഅ്ബയെ മുസ്ലിംകള്‍ ആദരിക്കുന്നു. കഅ്ബക്കു ചുറ്റും നടക്കുന്ന ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയോടുള്ള പ്രാര്‍ഥനയുള്‍ക്കൊള്ളുന്നില്ല. കഅ്ബക്ക് അഭിമുഖമായി നിന്നുകൊണ്ടുള്ള നമസ്കാരത്തിലും സ്ഥിതി ഇതുതന്നെ. കഅ്ബയെ ആരാധിക്കുകയോ അതിനോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നവന്‍ ഇസ്ലാമിക വൃത്തത്തിന് പുറത്താണ്.
നന്മയും തിന്മയും കൃത്യമായി വ്യവചഛേദിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയുകയില്ല. നന്മയെന്താണെന്നും തിന്മയെന്താണെന്നും പഠിപ്പിക്കുന്നതിനുവേണ്ടിയാണ് സര്‍വശക്തന്‍ പ്രവാചകന്മാരെ പറഞ്ഞയച്ചത്. പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി (സ). അപ്പോള്‍ മുഹമ്മദ് നബി (സ)ക്കു ശേഷമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം നന്മതിന്മകളുടെ മാനദണ്ഡം മുഹമ്മദ് നബി(സ)യുടെ ജീവിതവും അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആനുമാണ്. ഓരോ വിഷയത്തിലുമുള്ള നന്മയേത് തിന്മയേത് എന്ന് മനസ്സിലാക്കുവാന്‍ ഖുര്‍ആനിലേക്കും മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകയിലേക്കും നോക്കിയാല്‍ മതി.
സത്യസന്ധത, നീതിനിഷ്ഠ, കരാര്‍പാലനം, ക്ഷമ, സഹനം, കാരുണ്യം, വിനയം, വാല്‍സല്യം, ലജ്ജ, മാന്യത, സ്നേഹം, ആദരവ് തുടങ്ങിയ സ്വഭാവങ്ങളെല്ലാം മുസ്ലിമിന്റെ ഓരോ പ്രവര്‍ത്തനത്തിലുമുണ്ടാവണമെന്നാണ് ഖുര്‍ആനും നബിമൊഴികളും നിഷ്കര്‍ഷിക്കുന്നത്.
കാപട്യം, അസൂയ, അത്യാഗ്രഹം, വിദ്വേഷം, വഞ്ചന, ധൂര്‍ത്ത്, പിശുക്ക്, അഹങ്കാരം, കൃത്രിമത്വം, പൊങ്ങച്ചം, പരിഹസിക്കല്‍, കള്ളം പറയല്‍, ഏഷണി, പരദൂഷണം പറയല്‍ മുന്‍കോപം എന്നീ ദുസ്വഭാവങ്ങളൊന്നും മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഖുര്‍ആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്.
ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടാണ് മോക്ഷം നേടേണ്ടത് എന്ന നിലപാടിനോട് ഇസ്ലാം യോജിക്കുന്നില്ല. എല്ലാ നല്ല ഭക്ഷണപാനീയങ്ങളും ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതിനോടൊപ്പംതന്നെ ഈ രംഗത്ത് അമിതത്വം പാടില്ലെന്ന് ഇസ്ലാം പ്രത്യേകമായി നിഷ്കര്‍ഷിക്കുന്നുണ്ട്. ശവം, പന്നിമാംസം, രക്തം, മദ്യം, ദൈവേതരരുടെ പേരില്‍ അറുക്കപ്പെട്ടത് തുടങ്ങിയനിഷിദ്ധമാക്കപ്പെട്ട ഭക്ഷണപാനീയങ്ങളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്നവനാണ് യഥാര്‍ഥ മുസ്ലിം.
വസ്ത്രം അലങ്കാരത്തിനും നഗ്നത മറയ്ക്കാനുമുള്ളതാണ്. വസ്ത്രധാരണത്തില്‍ അമിതത്വവും അഹങ്കാരവുമുണ്ടാകുവാന്‍ പാടില്ല. സ്ത്രീകളും പുരുഷന്മാരുമെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. പുരുഷനും സ്ത്രീയും അപരനില്‍ ലൈംഗികവികാരമുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. സ്ത്രീ അവളുടെ മുഖവും മുന്‍കൈയുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായി മറച്ചിരിക്കണം. അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും അവള്‍ ആക്രമിക്കപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഈ വസ്ത്രധാരണത്തിന്റെ ലക്ഷ്യം.
മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുതകുന്ന വിനോദങ്ങളെ ഇസ്ലാം അനുവദിക്കുകയും അവ ഒരിക്കലും അതിരു കവിയരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെ യ്യുന്നു. ദൈവബോധത്തില്‍നിന്ന് മനുഷ്യരെ അകറ്റുകയും ധാര്‍മികമായി അവരെ അധഃപതിപ്പിക്കുകയും ചെയ്യുന്ന വിനോദങ്ങളെല്ലാം ഇസ്ലാം വെറുക്കുന്നു..
മനുഷ്യസഹജമായ ലൈംഗികവികാരത്തിന്റെ പരിപൂര്‍ത്തീകരണം വിവാഹത്തിലൂടെ മാത്രമേ ആകാവൂവെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. വിവാഹം ഒരു പുണ്യകര്‍മമാണ്. ബ്രഹ്മചര്യം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാം വിവാഹത്തെ കാണുന്നത് വിശുദ്ധമായ ഒരു കരാറായിക്കൊണ്ടാണ്. വൈവാഹിക ജീവിതത്തില്‍ ഇണകള്‍ രണ്ടുപേരും സ്വീകരിക്കേണ്ട വിധിവിലക്കുകള്‍ ഇസ്ലാം നല്‍കുന്നുണ്ട്. ഈ വിധിവിലക്കുകള്‍ അനുസരിക്കുന്നതുവഴി സംതൃപ്തമായ വൈവാഹികജീവിതവും സമാധാനപൂര്‍ണമായ മരണാനന്തരജീവിതവും ലഭിക്കുമെന്നതാണ് വാസ്തവം.
സ്ത്രീയുടെ സമ്മതത്തോടെ അവളുടെ രക്ഷിതാവ് പുരുഷന് തന്റെ മകളെ അഥവാ സംരക്ഷണത്തില്‍ കഴിയുന്നവളെ ഏല്‍പിച്ചുകൊടുക്കുകയും പുരുഷന്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്ന ലളിതമായ ഒരു ചടങ്ങാണ് ഇസ്ലാമിലെ വിവാഹം. വിവാഹാവസരത്തില്‍ പുരുഷന്‍ സ്ത്രീക്ക് വിവാഹമൂല്യം നല്‍കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. സ്ത്രീധന സമ്പ്രദായം ഇസ്ലാമികമല്ല.
ദാമ്പത്യജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതകളും അവകാശങ്ങളും വ്യത്യസ്തവും അതോടൊപ്പം പരസ്പരപൂരകവുമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഗൃഹപരിപാലനവും സന്താന സംരക്ഷണവും സ്ത്രീയുടെ ചുമതലയാണ്. ഗൃഹസംരക്ഷണവും ജീവിതായോധനവും പുരുഷന്റെ കടമയാണ്. സ്ത്രീയിലെ മാതൃത്വത്തെ ആദരിക്കുന്ന ഇസ്ലാം അവളെയും കുഞ്ഞുങ്ങളെയും പോറ്റേണ്ട പൂര്‍ണ ഉത്തരവാദിത്തം പുരുഷനിലാണ് ഏല്‍പിച്ചിരിക്കുന്നത്.
ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നു; ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കണമെന്ന നിബന്ധനയോടെ. നാലു ഭാര്യമാരില്‍ കവിയരുത്. വിവാഹേതര ലൈം ഗികബന്ധങ്ങള്‍ മ്ളേച്ഛവൃത്തിയും പാപവുമാണ്. ഒരു കാരണവശാലും പരസ്ത്രീഗമനം പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാം ഏകപത്നീ വ്രതം കൊണ്ട് ലൈംഗികദാഹം ശമിപ്പിക്കാനാവാത്ത പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്നു. ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അവരോടുള്ള ബാധ്യത അപ്പോള്‍ തന്നെ തീര്‍ക്കുകയും ചെയ്യുന്ന നികൃഷ്ടമായ സമ്പ്രദായത്തെ ഇസ്ലാം പൂര്‍ണമായി നിരോധിക്കുന്നു. ഇതിനു പകരം അനിവാര്യമായ സാഹചര്യത്തില്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃത ഭാര്യമാരാക്കി അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും അവരോട് തുല്യനീതിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന പരിശുദ്ധമായ സംവിധാനമാണ് ഇസ്ലാം അനുവദിക്കുന്നത്. ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യമെന്നതിലുപരിയായി സാമൂഹികമായ ഒരു അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. സമൂഹത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുന്ന അവസരങ്ങളിലാണിത്. പൊതുവെ സമൂഹത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണുണ്ടാവുക. (ഇന്ന് ലോകത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ ഏകദേശം പതിനേഴ് കോടി അധികം വരും). യുദ്ധകാലത്ത് ഈ അനുപാത വ്യത്യാസം വളരെ കൂടുതലായിത്തീരും. യുദ്ധത്തില്‍ പുരുഷന്മാര്‍ മരണപ്പെടാനാണല്ലോ സാധ്യത ഏറെയുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബഹുഭാര്യത്വം ഒരു സാമൂഹികമായ അനിവാര്യതയായിത്തീരുമെന്നതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇസ്ലാം ഇത് അനുവദിച്ചിരിക്കുന്നത്
കുടുംബബന്ധം സുദൃഢമായി നിലനില്‍ക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളാണ് ഇസ്ലാം നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം കുടുംബത്തിന്റെ കെട്ടുറപ്പിനും പ്രശ്നരഹിതമായ ദാമ്പത്യത്തിനും വഴിയൊരുക്കുന്നു. എന്നാല്‍, കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങള്‍ക്കുനേരെ ഇസ്ലാം കണ്ണടക്കുന്നില്ല. അച്ചടക്കലംഘനം കൊണ്ടുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ വഴി കുടുംബബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ പ്രായോഗികവും ശാസ്ത്രീയവുമായ മൂന്ന് മാര്‍ഗങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ആദ്യം നല്ല രീതിയില്‍ ഉപദേശിക്കുക; പിന്നെ ശയ്യ ബഹിഷ്കരിക്കുക; എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ സുന്ദരാവയവങ്ങളെ സൂക്ഷിച്ചുകൊണ്ട് എളിയ രീതിയില്‍ ശിക്ഷിക്കുക. ഈ മൂന്ന് മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ ഇണകളുടെ വീട്ടുകാര്‍ തമ്മില്‍ അനുരഞ്ജനത്തിന് ശ്രമിക്കുക. അങ്ങനെയും യോജിപ്പിക്കാനാവുന്നില്ലെങ്കില്‍ മാന്യമായ രീതിയില്‍ വിവാഹമോചനത്തിന് ഇസ്ലാം അനുവദിക്കുന്നു. അനിവാര്യമായ അവസരങ്ങളില്‍ മാത്രമേ വിവാഹമോചനമാകാവൂ എന്നതാണ് ഇസ്ലാമിന്റെ അനുശാസന.
ഇണയുമായി ഒരു രീതിയിലും പൊരുത്തപ്പെട്ട് പോകാനാവുകയില്ലെന്ന് ഉറപ്പുവന്ന സ്ത്രീക്കും പുരുഷനും വിവാഹമോചനമാകാവുന്നതാണ്. രണ്ടുപേരും വിവാഹമോചിതരാവുന്ന രീതികള്‍ തമ്മില്‍ അല്‍പസ്വല്‍പം വ്യത്യാസമുണ്ടെന്നുമാത്രം.
കുടുംബജീവിതതിന്റെ അനുഗ്രഹങ്ങളായ സന്താനങ്ങങ്ങളെ ഐഹികജീവിതത്തിനും മരണാനന്തരജീവിതത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സന്താനങ്ങളുടെ ഭൌതികവും ആത്മീയവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അതോടൊപ്പംതന്നെ നന്മകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും തിന്മകളില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്തുകയും വേണം. കുട്ടികളുടെ തെറ്റുകള്‍ക്ക് ചെറിയ ശിക്ഷ നല്‍കാന്‍ ഇസ്ലാം അനുവദിക്കുന്നു. എന്നാല്‍ അതൊരിക്കലും അവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതായിക്കൂടാ. സന്താനങ്ങളോട് തുല്യനിലയില്‍ പെരുമാറണം. ആണ്‍കുട്ടികളെയും പെ ണ്‍കുട്ടികളെയും ഉച്ചനീചത്വങ്ങളില്ലാതെ ഒരേ രീതിയില്‍ വളര്‍ത്തണമെന്നാണ് ഇസ്ലാമിന്റെ അനുശാസന.
സ്രഷ്ടാവിനോടുള്ള കടപ്പാടുകഴിഞ്ഞാല്‍ ഒരാള്‍ ഏറ്റ വുമധികം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരെ ധിക്കരിക്കുകയും അവഗണിക്കുകയും അവരോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നത് മഹാപാപമാണ്. എന്നാല്‍ ദൈവവിരോധം പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാന്‍ പാടില്ല. അവര്‍ അമുസ്ലിംകളാണെങ്കില്‍പോലും അവരെ സംരക്ഷിക്കേണ്ടത് മുസ്ലിംകളായ സന്താനങ്ങളുടെ ബാധ്യതയാണ്. വാര്‍ധക്യാവസ്ഥയിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം മക്കള്‍ക്കാണുള്ളത്. വൃദ്ധരായ രക്ഷിതാക്കളോട് കയര്‍ക്കുന്നതും ചീത്തവിളിക്കുന്നതുമെല്ലാം മഹാപാപമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
മനുഷ്യരെല്ലാം ഏകദൈവത്തിന്റെ സൃഷ്ടികളുംഅവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരൊറ്റ പദാര്‍ഥത്തില്‍നിന്നാണ്- കളിമണ്ണിന്റെ സത്തയില്‍നിന്ന്- എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മാനവരാശിയുടെ മുഴുവന്‍ ഉല്‍പത്തി ഒരൊറ്റ മാതാപിതാക്കളില്‍ നിന്നാണ്-ആദമില്‍നിന്നും ഹവ്വയില്‍നിന്നും. മനുഷ്യന്‍ പടച്ച ഉച്ചനീചത്വങ്ങള്‍ക്ക് മനുഷ്യനെ പടച്ച സര്‍വശക്തനു മുമ്പില്‍ യാതൊരു സ്ഥാനവുമില്ല. ഏകദൈവത്തിനു മാത്രം ചെയ്യുന്ന ആരാധനയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തി. അവനുള്ള സാഷ്ടാംഗത്തിനു മുമ്പില്‍ സങ്കുചിതത്വങ്ങളെല്ലാം പൊട്ടിത്തകരുന്നു. വിശ്വാസത്തിലൂന്നിയ കര്‍മങ്ങളാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്ന ധാരണ വളരുമ്പോള്‍ ജന്മാവകാശമായി കിട്ടിയ തലക്കനങ്ങളെല്ലാം തരിപ്പണമാകുന്നു. ഒരേയൊരു ദൈവം മാത്രം-അവന്റെ സൃഷ്ടികളായ ഒരൊറ്റ ജനതയും. അവിടെ പണക്കാരനും പണിക്കാരനുമില്ല; സ്വദേശിയും വിദേശിയുമില്ല; സവര്‍ണനും അവര്‍ണനുമില്ല; തറവാട്ടുകാരനും താഴ്ന്നവനുമില്ല; മുതലാളിയും തൊഴിലാളിയുമില്ല; എല്ലാവരും ഏകദൈവത്തിന്റെ ദാസന്മാര്‍. അവനു മുമ്പില്‍ മാത്രം സാഷ്ടാംഗം നമിക്കുന്നവര്‍. ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സങ്കുചിതത്വങ്ങളില്ലാത്ത സമൂഹത്തിന്റെ ചിത്രം.
കുടുംബബന്ധത്തെപ്പോലെതന്നെ സുദൃഢമായ ഒരു ബന്ധമായിട്ടാണ് അയല്‍വാസികള്‍ തമ്മിലുള്ള ബന്ധത്തെ ഇസ്ലാം കാണുന്നത്. അയല്‍ക്കാരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും അവരെ ശല്യം ചെയ്യാതിരിക്കുകയും വേണമെന്ന് പ്രവാചകന്‍(സ:അ) ഉപദേശിച്ചതായി കാണാന്‍ കഴിയും. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അയല്‍വാസി എന്തുപറയുന്നുവെന്നതാണ് നോക്കേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷിക്കുന്നവന്‍ സത്യവിശ്വാസിയല്ലെന്നും കറി പാകം ചെയ്യുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അധികരിപ്പിച്ചെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്നും പറഞ്ഞ പ്രവാചകന്റെ ഉപദേശങ്ങളില്‍നിന്ന് അയല്‍വാസികള്‍ തമ്മിലുള്ള ബാധ്യത എത്രത്തോളം വലുതാണെന്ന് വ്യക്തമാവുന്നുണ്ട്. (PBUH)
ജന്മമല്ല, വിശ്വാസത്തിലധിഷ്ഠിതമായ കര്‍മങ്ങളാണ് ഒരാളുടെ മഹത്വം നിശ്ചയിക്കുന്നത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വര്‍ഗീയത, വംശീയത, ജാതീയത, വര്‍ണവെറി തുടങ്ങിയ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാവിധ സങ്കുചിതത്വങ്ങളുടെയും അടി വേരറുക്കുകയാണ് ‘ഒരേയൊരു ദൈവം ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യത്തിലൂടെ ഇസ്ലാം ചെയ്യുന്നത്. ‘വര്‍ഗീയതക്ക് വേണ്ടി പോരാടി മരണം വരിച്ചവന്‍ അനിസ്ലാമിക മരണമാണ് വരിച്ചതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച മുഹമ്മദ് നബി (സ:അ)യുടെ അനുയായികള്‍ക്ക്ഒരിക്കലും വര്‍ഗീയവാദികളാവാനാകില്ല.
ഭൂമിയിലെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യരുടേതുമാണ്. അധ്വാനിക്കുവാനും ധനം സമ്പാദിക്കുവാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ധനസമ്പാദനം മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ടാവരുത്. കച്ചവടം, കൃഷി, അധ്വാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം സമ്പാദ്യമാകാവുന്നതാണ്. എന്നാല്‍ ഇവിടെയെല്ലാം പാലിക്കപ്പെടേണ്ട വ്യക്തമായ ധാര്‍മിക നിര്‍ദേശങ്ങളുണ്ട്. ഈ ധാര്‍മികനിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓരോരുത്തരും സമ്പാദിക്കുന്നത് അവരുടേത് തന്നെയാണ്; സമൂഹത്തിന്റേതോ രാഷ്ട്രത്തിന്റേതോ അല്ല. എന്നാല്‍ ഈ സമ്പാദ്യത്തില്‍നിന്ന് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആവശ്യത്തിനുവേണ്ടി ചെലവഴിക്കേണ്ടത് വ്യക്തികളുടെ ബാധ്യതയാണ്. കച്ചവടം ഇസ്ലാം അനുവദിക്കുന്നു. പലിശ നിരോധിക്കുകയും ചെയ്യുന്നു. ലാഭം അനുവദിക്കുകയും പൂഴ്ത്തിവെപ്പും കൊള്ളലാഭവും നിരോധിക്കുകയും ചെയ്യുന്നു. കച്ചവടത്തില്‍ കൃത്രിമത്വങ്ങളോ വഞ്ചനയോ ചൂഷണമോ ഉണ്ടാവാന്‍ പാടില്ല. ഉല്‍പാദന രംഗം ചൂഷണമുക്തമാവണം. ഉല്‍പന്നത്തിന്റെ ന്യൂനതകള്‍ മറച്ചുവെച്ചുകൊണ്ട് അതിന് മാര്‍ക്കറ്റുണ്ടാക്കാന്‍ പാടില്ല. പിശുക്കും ധൂര്‍ത്തും പാടില്ല. സാമ്പത്തിക വിഷമതകളനുഭവിക്കുന്നവരെ സഹായിക്കേണ്ടത് സമൂഹമാണ്. അതിനുവേണ്ടിയാണ് ഇസ്ലാം സകാത്ത് വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നത്.
ഉല്‍പാദനവും വ്യവസായവും കൃഷിയുമെല്ലാമുണ്ടാകുമ്പോള്‍ മുതലാളിയും തൊഴിലാളിയുമുണ്ടാവുക സ്വാഭാവികമാണ്. തൊഴിലാളി-മുതലാളി ബന്ധം സംഘട്ടനത്തിന്റേതല്ല, പ്രത്യുത സഹകരണത്തിന്റേതാവണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തൊഴിലാളിയുടെ കൈകള്‍ കൊണ്ടുള്ള സമ്പാദ്യമാണ് ഏറ്റവും നല്ല സമ്പാദ്യം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. തൊഴിലാളിക്ക് അര്‍ഹമായ കൂലി നല്‍കണം. ജോലി തുടങ്ങുന്നതിനുമുമ്പുതന്നെ കൂലിയെക്കുറിച്ച് മുതലാളിയും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തണം. ഇങ്ങനെ ധാരണയിലെത്തിയ കൂലിയില്‍ അല്‍പം പോലും കുറയ്ക്കാതെ തൊഴിലാളിയുടെ വിയര്‍പ്പുവറ്റുന്നതിനുമുമ്പ് കൊടുക്കണം. തൊഴിലാളിയെ ചൂഷണം ചെയ്യരുത്. തൊഴിലാളിക്ക് തന്റെ ജോലിയില്‍ പൂര്‍ണമായ ആത്മാര്‍ഥതയുണ്ടാവണം. ഏല്‍പിക്കപ്പെട്ട ജോലി സത്യസന്ധമായി ചെയ്തുതീര്‍ക്കേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്.
മറ്റു മതസമൂഹങ്ങളുമായി മുസ്ലിം സമൂഹം പൂര്‍ണമായും രമ്യതയിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമികേതര സമൂഹങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യാത്തിടത്തോളം അവരുമായി സ്നേഹത്തിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഇക്കാര്യം മുഹമ്മദ് (സ:അ) തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്ലിം പൌരന്മാരുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം നല്‍കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. അമുസ്ലിം പൌരന്മാരോട് അനീതി കാണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നാണ് പ്രവാചകന്‍ (സ:അ) പഠിപ്പിച്ചിരിക്കുന്നത്.
ജിഹാദ് എന്ന പദത്തിന് ത്യാഗപരിശ്രമം എന്നാണര്‍ഥം. ദൈവികമാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളല്ലാം ജിഹാദാണ്. സ്വന്തം ഇച്ഛയെ നിയന്ത്രിക്കുകയും ദൈവേച്ഛക്ക് കീഴ്പ്പെടുകയും ചെയ്യുകയാണ് ജിഹാദിന്റെ ഒന്നാം ഘട്ടം. സ്വന്തം ജീവിതത്തെ മാതൃകായോഗ്യമായ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് ജിഹാദാണ്. ദൈവിക മാര്‍ഗത്തില്‍ സമ്പത്തും ശരീരവും വിനിയോഗിക്കുന്നത് ജിഹാദാണ്. സത്യമതസാക്ഷ്യം സ്വീകരിച്ച് ഇസ്ലാമിക സമൂഹത്തില്‍ അംഗമാകുന്ന ഒരാള്‍ക്ക് സത്യമതത്തിന്റെ സന്ദേശം സഹോദരങ്ങള്‍ക്ക് എ ത്തിക്കുകയെന്നത് ബാധ്യതയത്രെ. ഈ ബാധ്യതാനിര്‍വ ഹണത്തിന്റെ പാതയിലെ ത്യാഗപരിശ്രമങ്ങള്‍ ജിഹാദാണ്. സ്വന്തം ജീവിതത്തെ സത്യമതത്തിന്റെ സാക്ഷ്യമാക്കിക്കൊണ്ടും യുക്തിയും സദുപദേശവുമുപയോഗിച്ച് സംവദിച്ചുകൊണ്ടുമാണ് സത്യമതത്തിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത്. നിര്‍ബന്ധ മത പരിവര്‍ത്തനം എന്ന ആശയത്തോട് ഇസ്ലാം വിയോജിക്കുന്നു. മതകാര്യത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ലെന്നും, ഒരാള്‍ സ്വമനസ്സാലെയാണ് വിശ്വാസം സ്വീകരിക്കേണ്ടതെന്നും, ജനങ്ങളെ ഉല്‍ബോധിപ്പിക്കുക മാത്രമാണ് സത്യവിശ്വാസികളുടെ കടമയെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മതത്തിന്റെ പേരില്‍ നിരപരാധികളെ ആക്രമിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം അനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രം ഹനിക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ അനിവാര്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ മതസ്വാതന്ത്യ്രം ഉറപ്പുവരുത്താമെന്നാണ് ഇസ്ലാമിന്റെ നിലപാട്. അക്രമം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്. യുദ്ധത്തില്‍പോലും മാന്യത കൈവെടിയാന്‍ പാടില്ലെന്നും പരിധി ലംഘിക്കരുതെന്നുമാണ് ഖുര്‍ആനിന്റെ ശാസന. മുസ്ലിം സമൂഹം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഘട്ടത്തില്‍ സമൂഹത്തിലെ കഴിവും ആരോഗ്യവുമുള്ളവരെല്ലാം അതിന് സന്നദ്ധരാവേണ്ടതാണ്. സത്യമതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന ത്യാഗപരിശ്രമങ്ങളെല്ലാം ജിഹാദാണ്. അതില്‍ അവസാനത്തേതാണ് സായുധ സമരം.
സ്രഷ്ടാവായ ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ ദൂതന്മാരെ പിന്‍പറ്റുകയും ചെയ്യുകയെന്ന, അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തമായ ആദര്‍ശത്തിലേക്ക് ചിന്തിക്കുന്നവര്‍ ആകൃഷ്ടരായതാണ് ഇസ്ലാം അതിവേഗം വ്യാപിക്കുവാനുണ്ടായ കാരണം. വ്യാജ ദൈവങ്ങളും അവയുടെ ദല്ലാളന്മാരായ പൌരോഹിത്യവും ബന്ധനസ്ഥമാക്കി വെച്ചിരുന്ന മനുഷ്യധിഷണയെ പ്രവര്‍ത്തനോന്മുഖമാക്കുന്ന ദൈവസമര്‍പ്പണത്തിന്റെ പാതയിലേക്ക് ചിന്തിക്കുന്ന ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികമായിരുന്നു. ദൈവത്തിന്റെ ഏകത്വത്തോടൊപ്പം ഇസ്ലാം മുന്നോട്ടുവെച്ച മനുഷ്യസമൂഹത്തിന്റെ ഏകതയെന്ന ആശയം ജന്മത്തിന്റെ പേരില്‍ കെട്ടിയുയര്‍ത്തപ്പെട്ട സങ്കുചിതത്വങ്ങളുടെയെല്ലാം അടിവേരറുക്കുന്നതാണ്. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങള്‍ ഏകമാനവതയുടെ സന്ദേശത്തിലേക്ക് കടന്നുവന്നതും ഇസ്ലാമിന്റെ വ്യാപനത്തിന് നിമിത്തമായിട്ടുണ്ട്. കച്ചവടാവശ്യാര്‍ഥവും മറ്റും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെത്തിയ മുസ്ലിംകളുടെ നിസ്വാര്‍ഥതവും ആത്മാര്‍ഥവുമായ ജീവിതവും അന്നാട്ടുകാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിട്ടുണ്ട്. ഇങ്ങനെയെല്ലാം മനുഷ്യമനസ്സുകളിലേക്ക് സന്നിവേശിച്ച ഇസ്ലാം ഇന്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള കോടിക്കണക്കിനാളുകളുടെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശമാണ്.