രാഷ്ട്രസുരക്ഷയ്ക്കായുള്ള നബിനടപടിക

എം.എം അക്ബര്‍

'മോസ്കോവിലേക്കുള്ള തന്റെ അടുത്ത സന്ദര്‍ശനം നടന്നത് യെകാതറിന്‍ ബര്‍ഗിന്റെ പതനത്തിന് ശേഷമായിരുന്നു. ഞങ്ങള്‍ നടന്നുനീങ്ങവെ ഞാന്‍ സെര്‍ദ്ലോവിനോട് ചോദിച്ചു: 'എവിടെ സാര്‍ ചക്രവര്‍ത്തി?' 'അതിന്റെയെല്ലാം കഥ കഴിഞ്ഞു' അദ്ദേഹം മറുപടി പറഞ്ഞു. 'അദ്ദേഹത്തെ വെടിവെച്ചുകൊന്നു' 'അപ്പോള്‍, എവിടെ അദ്ദേഹത്തിന്റെ കുടുംബം?' 'കുടുംബവും അദ്ദേഹത്തെ പിന്തുടര്‍ന്നു'. 'അവര്‍ എല്ലാവരുമോ?' ആകാംക്ഷ പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. 'അതെ, എല്ലാവരും' യാക്കോവ് സെര്‍ദ്ലോവ് മറുപടി പറഞ്ഞു. 'അതിനെക്കുറിച്ച് എന്ത് പറയുന്നു' അദ്ദേഹം എന്റെ പ്രതികരണം കാണാനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. 'ആരാണ് ആ തീരുമാനമെടുത്തത്?' ഞാന്‍ ചോദിച്ചു. 'ഞങ്ങള്‍ ഇവിടെനിന്നാണ് അത് എടുത്തത്. ഇന്നത്തെ പ്രയാസകരമായ ചുറ്റുപാടില്‍ വെളുത്തവരെ യഥേഷ്ടം വിഹരിക്കുവാനായി വെറുതെ വിടരുതെന്നാണ് ഇല്ല്യച്ച് (ലെനിന്‍) വിശ്വസിച്ചത്'

 

റഷ്യന്‍ വിപ്ളവകാരിയും മാര്‍ക്സിസ്റ് സൈദ്ധാന്തികനും വിപ്ളവനേതാവുമായിരുന്ന ലെനിന്റെ പ്രധാന സഖാക്കളിലൊരാളും റഷ്യയിലെ ആഭ്യന്തര കലാപത്തെ കമ്യൂണിസ്റ് വിപ്ളവമാക്കിത്തീര്‍ക്കുവാനായി രൂപീകരിക്കപ്പെട്ട ചുവപ്പുപട്ടാളം (ക്രസ്നജ അര്‍മിജ) രൂപീകരിച്ച വ്യക്തിയും അതിന്റെ ആദ്യ നേതാവുമായിരുന്ന ലിയോണ്‍ ദ്രോഡ്സ്കിയുടെ ഡയറിക്കുറിപ്പുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതാണിത്(1). 1917 ഒക്ടോബറില്‍ നടന്ന ബോള്‍ഷെവിക് വിപ്ളവത്തോടനുബന്ധിച്ച് റഷ്യന്‍ സാമ്രാജ്യത്തിന്റെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്ന റോമനോവ് കുടുംബത്തിലെ നിക്കോളാസ് രണ്ടാമന്‍, ഭാര്യ വിക്ടോറിയ അലിക്സ് ഹെലന, പെണ്‍മക്കളായ ഒര്‍ഗാ, ടാടിയാനാ, മേരി, അനസ്താസിയ, ഒരേയൊരു മകനും കിരീടാവകാശിയുമായിരുന്ന അലക്സിസ് എന്നിവരെയും പരിചാരകരെയുമെല്ലാം, സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ കൊണ്ടുപോവുകയാണെന്ന് കള്ളം പറഞ്ഞ് താമസസ്ഥലത്തുനിന്ന് പുറത്തേക്കിറക്കുകയും ഫോട്ടോയെടുക്കുവാനാണെന്ന് പറഞ്ഞ് ഒരുമിച്ചിരുത്തുകയും ചെയ്തശേഷമാണ് ബോള്‍ഷെവിക്കുകാര്‍ വെടിവെച്ചുകൊന്നത്. 1918 ജൂലൈ 17ന് നടന്ന സാര്‍ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയെയും നിഷ്കാസനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ കൂട്ടക്കുരുതിയില്‍നിന്ന് രക്തസ്രാവരോഗിയായ (വമലാീുവശഹശമ) പതിനാലുകാരന്‍ അലെക്സിസിനെപോലും കമ്യൂണിസ്റ് വിപ്ളവകാരികള്‍ വെറുതെവിട്ടില്ല.(2) റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ചെറിയൊരു അവശിഷ്ടംപോലും അവശേഷിക്കരുത് എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. തങ്ങള്‍ ശരിയെന്ന് വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് തടസ്സമാണെന്ന് തങ്ങള്‍ക്ക് തോന്നുന്നവ രെയെല്ലാം നിഷ്കാസനം ചെയ്യുന്നത് ധര്‍മമാണെന്നായിരുന്നു അവരുടെ വിശ്വാസം. 

 

അടിസ്ഥാനപരമായ പരിവര്‍ത്തനം നടക്കേണ്ടത് സാമൂഹ്യവ്യവസ്ഥിതിയിലാണെന്ന് കരുതുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ കൈയിലും അധികാരം ലഭിച്ചാല്‍ സംഭവിക്കാവുന്നത് മാത്രമെ റഷ്യയിലും സംഭവിച്ചിട്ടുള്ളൂവെന്നതാണ് വാസ്തവം. വര്‍ഗരഹിത സമൂഹമെന്ന കമ്യൂണിസ്റ് സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിന്റെ പ്രഥമ പടിയായി നിലനില്‍ക്കേണ്ട സാമൂഹ്യപ്രതിഭാസമാണ് സോഷ്യലിസ്റ് രാഷ്ട്രമെന്നും തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിന്റേതായ പ്രസ്തുത രാഷ്ട്ര സംവിധാനത്തില്‍ സ്വകാര്യസ്വത്തിന്റെ നിര്‍മൂലനത്തിനായി ശക്തി ഉപയോഗിക്കുകയും എതിരാളികളെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ടിവരുമെന്നും അവിടെ പൌരന്‍മാരുടെ സ്വാതന്ത്യ്രമെന്ന സങ്കല്‍പംതന്നെ അപ്രസക്തമായിരിക്കുമെന്നും തൊഴിലാളിവര്‍ഗത്തിന് എതിര് നില്‍ക്കുന്നവരെയെല്ലാം അടിച്ചൊതുക്കുകയാണ് അവിടെ ചെയ്യേണ്ടതെന്നുമുള്ള തത്ത്വങ്ങള്‍ കമ്യൂണിസ്റ് ദാര്‍ശനികന്‍മാര്‍ തന്നെ പഠിപ്പിച്ചിട്ടുള്ളതാണ്. സോഷ്യലിസ്റ് ഭരണക്രമം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനായി ഗോഥാ യൂണിവേഴ്സിറ്റിയില്‍വെച്ച് ചേര്‍ന്ന ജര്‍മന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരിക്കുന്ന സമ്പ്രദായമാണ് പ്രസ്തുത അവസ്ഥയില്‍ ഉണ്ടാവേണ്ടതെന്ന് തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് കാറല്‍ മാര്‍ക്സ് എഴുതിയത് 'മുതലാളിത്ത സമൂഹത്തിനും കമ്യൂണിസ്റ് സമൂഹത്തിനും മധ്യേ നിലവില്‍വരുന്ന മധ്യകാല സര്‍ക്കാര്‍ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ളവാത്മക സ്വേച്ഛാധിപത്യത്തിന്റേതായിരിക്കണം'(3) എന്നായിരുന്നു. പ്രഷ്യന്‍ രാജഭരണത്തിന് കീഴിലെ സൈനികോദ്യോഗസ്ഥനായിരുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികനും പത്രപ്രവര്‍ത്തകനുമായ ജോസഫ് വെയ്ദീമെയെറുടെ 'തൊഴിലാളി വര്‍ഗത്തിന്റെ സ്വേഛാധിപത്യം' (ഉശരമേീൃവെശു ീള വേല ജൃീഹലമൃേശമ) എന്ന ലേഖനത്തോട് പ്രതികരിച്ചുകൊണ്ടുള്ള മാര്‍ക്സിന്റെ കുറിപ്പിലും സോഷ്യലിസ്റ് ഭരണത്തിന് കീഴില്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ച സര്‍വാധിപത്യത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ കാണാം. മാര്‍ക്സ് എഴുതി: "ആധുനിക സമൂഹത്തില്‍ വര്‍ഗങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുതയോ അവ തമ്മില്‍ വര്‍ഗസംഘട്ടനങ്ങള്‍ നടക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമോ എന്റെ കണ്ടെത്തലാണെന്ന് ഞാന്‍ വാദിക്കുന്നില്ല. വര്‍ഗസംഘട്ടനങ്ങളുടെ ചരിത്രപരമായ വികാസത്തെക്കുറിച്ച് എനിക്ക് കാലങ്ങള്‍ക്ക് മുമ്പുതന്നെ ബൂര്‍ഷ്വാ ചരിത്രകാരന്‍മാര്‍ വിശദീകരിക്കുകയും ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ അതിന്റെ സാമ്പത്തികഘടനയെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ രംഗത്തെ എന്റേതുമാത്രമായ സംഭാവനകള്‍: (1) ഉല്‍പാദന രംഗത്തെ പുരോഗതിയുടെ ചരിത്രപരമായ ഘട്ടങ്ങള്‍ എങ്ങനെയാണ് വര്‍ഗങ്ങളുടെ നിലനില്‍പുമായി ബന്ധപ്പെടുന്നതെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുക. (2) വര്‍ഗസംഘട്ടനങ്ങള്‍ സ്വാഭാവികമായും തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തിലേക്ക് നയിക്കും എന്ന് പഠിപ്പിക്കുക. (3) ഈ തൊഴിലാളി വര്‍ഗ സ്വേഛാധിപത്യം യഥാര്‍ഥത്തില്‍ വര്‍ഗരഹിത സമൂഹത്തിലേക്കുള്ള കാല്‍വെപ്പിന് മുമ്പത്തെ ഒരു താല്‍ക്കാലികമായ അവസ്ഥ മാത്രമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ്.(4) മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെ പ്രയോഗവല്‍ക്കരിച്ച വ്ളാദ്മിര്‍ ഇല്യച്ച് ലെനിന്‍ എന്തായിരിക്കും തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ സ്വഭാവമെന്ന് വ്യക്തമാക്കിയതില്‍നിന്ന് എന്തുകൊണ്ടാണ് കമ്യൂണിസ്റ് ഭരണാധികാരികള്‍ സ്വേഛാധിപതികളും ഏകഛത്രാധിപതികളും ക്രൂരന്‍മാരുമായിത്തീര്‍ന്നതെന്ന് വ്യക്തമാകുന്നുണ്ട്. അദ്ദേഹം എഴുതി: 'തൊഴിലാളി വര്‍ഗത്തിന്റെ വിപ്ളവാത്മക സര്‍വാധിപത്യം വിജയിക്കുന്നതും നിലനില്‍ക്കുന്നതുമെല്ലാം ബൂര്‍ഷ്വാസിക്കെതിരെ തൊഴിലാളിവര്‍ഗം അഴിച്ചുവിടുന്ന ഒരു നിയമങ്ങള്‍ക്കും നിയന്ത്രിക്കാനാവാത്ത അക്രമങ്ങള്‍ വഴിയാണ്' 'ബൂര്‍ഷ്വാസിയുടെ പ്രതിരോധത്തെ തകര്‍ക്കാതെയും എതിരാളികളെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്താതെയും തൊഴിലാളിവര്‍ഗത്തിന് വിജയിക്കുവാനാകില്ല. എവിടെ ശക്തിയുപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ നിലനില്‍ക്കുന്നുവോ അവിടെ സ്വാതന്ത്യ്രമുണ്ടാവുകയില്ല; സ്വാഭാവികമായും ജനാധിപത്യവുമുണ്ടാവുകയില്ല' '...ഞങ്ങളുടെ തൊഴിലാളി വര്‍ഗ വിപ്ളവത്തെ പ്രതിരോധിക്കുവാനാണ് നിങ്ങള്‍ ചൂഷകന്‍മാര്‍ ശ്രമിക്കുന്നതെങ്കില്‍ കരുണയൊന്നുമില്ലാതെ, ക്രൂരമായി ഞങ്ങള്‍ നിങ്ങളെ അടിച്ചമര്‍ത്തും; നിങ്ങളുടെ എല്ലാ അവകാശങ്ങളും ഞങ്ങള്‍ എടുത്തുമാറ്റും. അതിനേക്കാള്‍ ഉപരിയായി, ഞങ്ങളുടെ തൊഴിലാളി വര്‍ഗ രാഷ്ട്രത്തില്‍ ചൂഷകന്‍മാര്‍ക്ക് യാതൊരു അവകാശവുമുണ്ടാവുകയില്ല എന്നതിനാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ റൊട്ടിയും വെള്ളവും തീയുമെല്ലാം നിഷേധിക്കും. യഥാര്‍ഥത്തില്‍ ഞങ്ങള്‍ സോഷ്യലിസ്റുകള്‍ ആത്മാര്‍ഥതയുള്ളവരാണ്; എന്നാല്‍ സ്കീഡിമാനെയോ കോട്സ്കിയെയോ പോലെയുള്ളവരല്ല'(6). മാര്‍ക്സിന്റെ സമകാലികനും സഹഗ്രന്ഥകാരനുമായ ഏംഗല്‍സ് ഇക്കാര്യം കുറെക്കൂടി വിശദീകരിച്ചു. 'വിപ്ളവത്തില്‍, മാറ്റത്തിനുവേണ്ടിയുള്ള സമരത്തിനിടയ്ക്ക് രൂപപ്പെടുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ് ഭരണകൂടം; വിപ്ളവത്തിന്റെ എതിരാളികളെ ശക്തിയുപയോഗിച്ചുകൊണ്ട് കീഴ്പ്പെടുത്താന്‍ വേണ്ടിയുള്ള ഉപകരണം മാത്രം. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വതന്ത്രരാഷ്ട്രം എന്ന വര്‍ത്തമാനം തന്നെ ശുദ്ധ വിഢ്ഡിത്തമാണ്. തൊഴിലാളി വര്‍ഗത്തിന് രാഷ്ട്രം അനിവാര്യമായിത്തീരുന്നത് സ്വാതന്ത്യ്രത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയല്ല, പ്രത്യുത എതിരാളികളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ്. അതിന് സ്വാതന്ത്യ്രത്തെക്കുറിച്ച് പറയാനുള്ള കെല്‍പുണ്ടാവുന്നതോടെ രാഷ്ട്രം തന്നെ സ്വാഭാവികമായും അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കും'(5). 

 

കമ്യൂണിസ്റ് രാഷ്ട്രമുണ്ടാക്കുകയാണ് മനുഷ്യര്‍ക്കുവേണ്ടി ചെയ്യാനാകുന്നതില്‍വെച്ച് ഏറ്റവും വലിയ സേവനമെന്നും പ്രസ്തുത രാഷ്ട്ര സംസ്ഥാപനം നടന്നുകഴിഞ്ഞാല്‍ പിന്നെ ചൂഷണങ്ങളൊന്നുമില്ലാത്തതും നന്മകള്‍ മാത്രം നിലനില്‍ക്കുന്നതുമായ സ്വര്‍ഗസമാനമായ സമൂഹത്തെ സൃഷ്ടിക്കാനാകുമെന്നും അത്തരമൊരു സമൂഹ നിര്‍മിതിക്ക് തടസം നില്‍ക്കുന്നവരെ നിര്‍മൂലനം ചെയ്യുകയാണ് രാഷ്ട്രമോ ഭരണകൂടമോ ഇല്ലാത്ത സാമൂഹ്യ സൃഷ്ടിക്കുമുമ്പ് നിലനില്‍ക്കേണ്ട തൊഴിലാളി വര്‍ഗ രാഷ്ട്രത്തിന്റെ ധര്‍മമെന്നും പഠിപ്പിക്കപ്പെട്ടതുകൊണ്ടായിരുന്നു കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെല്ലാം അവയുടെ രൂപീകരണത്തിനുവേണ്ടി നിരവധി ക്രൂരതകള്‍ ആവശ്യമായിവന്നത്. വ്യവസ്ഥിതി മാറ്റത്തിലൂടെയാണ് സംസ്കരണം സാധ്യമാവുകയെന്ന് സിദ്ധാന്തിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെല്ലാം വന്നുഭവിക്കുന്ന സ്വാഭാവികമായ പരിണതിയാണിത്. വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നവരെയെല്ലാം നിര്‍മൂലനം ചെയ്യുന്നത് മാനവികതയുടെ നന്മക്കുവേണ്ടി തങ്ങള്‍ നടത്തുന്ന പരിശ്രമത്തിന് അനിവാര്യമാണെന്ന് പ്രസ്തുത പ്രത്യയശാസ്ത്രങ്ങളുടെ കണ്ണടയിലൂടെ ലോകത്തെ നോക്കുന്നവര്‍ക്കെല്ലാം തോന്നിപ്പോകുന്നു. പ്രസ്തുത തോന്നലുകളില്‍നിന്നാണ് എതിരാളിയെ നിഷ്കാസനം ചെയ്യുന്നതിനുള്ള പ്രചോദനമുണ്ടാകുന്നത്. വര്‍ഗരഹിത സമൂഹമെന്ന സുന്ദരമായ ആശയം ഒരിക്കലും പ്രയോഗവല്‍ക്കരിക്കാനാവാത്ത ഉട്ടോപ്പിയയായതിനാല്‍ എതിരാളികളാണെന്ന് തോന്നുന്നവരെയെല്ലാം നിഷ്കാസനം ചെയ്തുകഴിഞ്ഞാലും അത്തരമൊരു സമൂഹമുണ്ടാവുകയില്ല എന്നതുകൊണ്ടുതന്നെ, പിന്നെ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഇന്നലെവരെ സഖാക്കളും സഹ വിപ്ളവകാരികളുമായിരുന്നവര്‍ വരെ വര്‍ഗരഹിത സമൂഹ നിര്‍മിതിയുടെ ശത്രുക്കളാണെന്ന് തോന്നാന്‍ തുടങ്ങുകയും അവരെ നിഷ്കാസനം ചെയ്യാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്നു. കമ്യൂണിസ്റ് റഷ്യയില്‍ ലെനിന്‍ തുടങ്ങിയ എതിരാളി നിഗ്രഹത്തിന്റെ തുടര്‍ച്ച നിര്‍വഹിച്ച ജോസഫ് സ്റാലിന്‍ കമ്യൂണിസ്റ് സൈദ്ധാന്തികരായിരുന്ന ട്രോഡ്സ്കിയെയും ബോള്‍ഷെവിക് നേതാക്കളായിരുന്ന റൈകോവിനെയും ക്രെസ്റിന്‍സ്കിയെയും റക്കോവ്സ്കിയെയും നിക്കോളായ് ബുഖാരിനെയും കമ്യൂണിസ്റ് പട്ടാള മേധാവിയായിരുന്ന വ്ളാദ്മിര്‍ ആന്റനോവ് ഓവ്സയെന്‍ദോവിനെയും പോലെയുള്ളവരെയെല്ലാം കൊന്നൊടുക്കിക്കൊണ്ടാണ് തന്റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള വിപ്ളവം മുന്നോട്ട് നയിച്ചത്. സ്റാലിന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ വിശ്വസ്തരും അദ്ദേഹം കല്‍പിച്ച കൊലപാതകങ്ങള്‍ സമര്‍ഥമായി ആസൂത്രണം ചെയ്യുന്നയാളുമായിരുന്ന നിക്കാളായ് ഏഴോവ് ഉദ്ധരിക്കുന്നതില്‍നിന്നുതന്നെ ഏതുതരത്തിലുള്ള ഒരു മാനസികാവസ്ഥയിലേക്കാണ് വ്യവസ്ഥിതി മാറ്റത്തിന്റെ വക്താക്കള്‍ ചെന്നെത്തുകയെന്ന് വ്യക്തമാകുന്നുണ്ട്. ഏഴോവ് ഉദ്ധരിക്കുന്നു: 'എല്ലാ ശത്രുക്കളെയും നാം തകര്‍ക്കും. അയാള്‍ ഒരു പഴയ ബോള്‍ഷവി ക്കാണെങ്കിലും അയാളെയും കുടുംബത്തെയും കുട്ടികളെയുമെല്ലാം നാം നിഷ്കാസനം ചെയ്യും. സോഷ്യലിസ്റ് രാഷ്ട്രത്തിന്റെ ഐക്യത്തിലേക്ക് തന്റെ ചിന്തകൊണ്ടോ പ്രവര്‍ത്തനംകൊണ്ടോ കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ നിഷ്കരുണം നാം നശിപ്പിക്കുകതന്നെ ചെയ്യും'(7) 

 

മാനവികതയ്ക്കുവേണ്ടി മനുഷ്യരാല്‍ നിര്‍മിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങള്‍ മാനവവിരുദ്ധമാകുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ഗോര്‍ബച്ചേവിന്റെ പെരിസ്ട്രോയിക്കക്കുശേഷം സോവിയറ്റ് റഷ്യയിലെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്റാലിന്റെ കാലത്ത് എട്ടുലക്ഷം തടവുകാരും ഗുലാഗുകളാല്‍(8) നിര്‍ബന്ധ തൊഴില്‍ ക്യാമ്പുകളില്‍വെച്ച് 17 ലക്ഷം പേരും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന്റെ ഫലമായി നാലുലക്ഷത്തോളം പേരുമടങ്ങുന്ന, മൊത്തം മുപ്പത് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുണ്ട്.(9) സ്റാലിന്‍ ഭരണത്തിന് കീഴില്‍ കൊല്ലപ്പെട്ടവരുടെ ആകെ സംഖ്യ ഒന്നര കോടി കവിയുമെന്നാണ് പ്രസിദ്ധ സോവിയറ്റോളജിസ്റായ റോബര്‍ട്ട് കോണ്‍ക്വസ്റിന്റെ വിലയിരുത്തല്‍.(10) സ്വകാര്യ സ്വത്തിന്റെ നിര്‍മൂലനം എന്ന കമ്യൂണിസ്റ് ആശയത്തിന്റെ പ്രയോഗവല്‍ക്കണത്തിന് മുമ്പില്‍ വിലങ്ങുതടിയായി നിന്ന ഉക്രയിനിലെയും വോള്‍ഗയിലെയും കസാക്കിസ്ഥാനിലെയും വടക്കന്‍ കോക്കാസസിലെയും കര്‍ഷകരെ പട്ടിണിക്കിട്ടുകൊണ്ട് സ്റാലിന്‍ സൃഷ്ടിച്ച രണ്ടുവര്‍ഷം നീണ്ടുനിന്ന കൃത്രിമക്ഷാമം വഴി അറുപത് ലക്ഷം പേരെങ്കിലും പട്ടിണി കിടന്ന് വിശന്ന് മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.(11) 1949ല്‍ ഒരു കോടിയോളം ജനങ്ങളുടെ കൊലപാതകത്തിന് കാരണമായ കമ്യൂണിസ്റ് ദേശീയവാദി ആഭ്യന്തര കലാപങ്ങള്‍ക്ക്(12) അന്ത്യംകുറിച്ചുകൊണ്ട് അധികാരത്തിലേറിയ മാവോസേതൂങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ സ്വകാര്യസ്വത്തിനെതിരെയുള്ള സമരമായ ഭൂപരിഷ്കരണം വഴി പത്തുലക്ഷത്തോളം പേരും(13) സര്‍ക്കാരിനോടുള്ള അച്ചടക്കലംഘനമാരോപിച്ച് 7,12,000പേരും(14) 'മഹത്തായ മുന്നേറ്റം' (ഏൃലമ ഘലമു ളീൃംമൃറ) എന്ന് ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി വിളിച്ച സാമ്പത്തിക 'പരിഷ്കരണ'ങ്ങളുടെ സ്വാഭാവികോല്‍പന്നമായുണ്ടായ ചൈനീസ് ഭക്ഷ്യക്ഷാമം (ഏൃലമ ഇവശിലലെ എമാശില) വഴി നാലരക്കോടിയിലധികംപേരും(15) തൊഴിലാളിവര്‍ഗ സാംസ്കാരിക വിപ്ളപത്തിലൂടെ പതിനഞ്ച് ലക്ഷത്തോളം പേരും കൊല്ലപ്പെട്ടുവെന്നാണ്(16)കണക്ക്. കംവോഡിയയിലെ ജനങ്ങള്‍ക്ക് കമ്യൂണിസ്റ് സ്വര്‍ഗരാജ്യമുണ്ടാക്കുവാനായി പോള്‍ വോള്‍ട്ടിന്റെയും ന്യൂയോണ്‍ ചിയായുടെയും നേതൃത്വത്തിലുള്ള കംപ്യൂച്ചിയന്‍ കമ്യൂണിസ്റ് പാര്‍ട്ടി ശ്രമിച്ചപ്പോള്‍, 1975നും 1979നുമിടയിലുള്ള നാലുവര്‍ഷംകൊണ്ട്, ആകെയുള്ള ജനസംഖ്യയുടെ പത്തിലൊന്നായ ഏഴരലക്ഷം മനുഷ്യരാണ് മരിച്ചുവീണത്.(17)ബള്‍ഗേറിയയില്‍ ഒരുലക്ഷത്തോളം പേരെയും കിഴക്കന്‍ ജര്‍മനിയില്‍ എണ്‍പതിനായിരത്തിലധികം പേരെയും റൊമാനിയയില്‍ മൂന്ന് ലക്ഷത്തോളമാളുകളെയും കൊന്നൊടുക്കിക്കൊണ്ടാണ്(18) കമ്യൂണിസം അതിന്റെ പതാകയുയര്‍ത്തിയത്. വടക്കന്‍ കൊറിയയില്‍ മുപ്പത്തിയഞ്ചുലക്ഷം പേരെയും(19) വിയറ്റ്നാമില്‍ ഒമ്പത് ലക്ഷത്തോളം പേരെയും(20) എത്യോപ്യയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകളെയും(21) കൊന്നൊടുക്കിക്കൊണ്ടാണ് കമ്യൂണിസ്റുകള്‍ അവിടങ്ങളില്‍ സോഷ്യലിസത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. മര്‍ദനങ്ങളിലൂടെയും മനുഷ്യനിര്‍മിത ക്ഷാമങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതി നിര്‍മിക്കുവാന്‍ പാടുപെട്ടവര്‍ വ്യക്തികളുടെ ജീവനെ വളരെ നിസ്സാരമാക്കി കാണുകയും പ്രത്യയശാസ്ത്രത്തിനുവേണ്ടി ആളുകളെ കൊല്ലുന്നതും ക്രൂരമായി പീഡിപ്പിക്കുന്നതുമെല്ലാം നന്മയായി മനസ്സിലാക്കുകയുമാണ് ചെയ്തത്. മനുഷ്യജീവനെ എത്ര നിസ്സാരമായാണ് വിപ്ളവകാരികള്‍ ഗണിച്ചിരുന്നതെന്ന് മനസ്സിലാക്കാനുതകുന്ന, ചൈനയിലെ വന്‍ ക്ഷാമത്തെക്കുറിച്ച് വിവരിക്കുന്ന രണ്ട് ഉദ്ധരണികള്‍ കാണുക. "ഞാന്‍ ഒരു ഗ്രാമത്തില്‍പോയപ്പോള്‍ അവിടെ നൂറ് ശവശരീരങ്ങള്‍ കിടക്കുന്നത് കണ്ടു. മറ്റൊരു ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെയും നൂറെണ്ണം കണ്ടു. ആരും ശവശരീരങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പട്ടികളാണ് മനുഷ്യശരീരത്തെ തിന്നുന്നത് എന്ന് ജനങ്ങള്‍ പറഞ്ഞത് ശരിയായിരുന്നില്ല. പട്ടികളെയെല്ലാം പട്ടിണി കിടക്കുന്ന മനുഷ്യര്‍ എന്നോ കൊന്നുതിന്നിരുന്നു.''(22) 

 

"1959ന്റെ രണ്ടാം പകുതിയില്‍ ഞാന്‍ സിന്‍യാണ്ടില്‍നിന്ന് ലുവോഷാനിലേക്കും ഗുഷിയിലേക്കും ദീര്‍ഘദൂര ബസ് യാത്ര നടത്തി. കുഴികളില്‍ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒന്നിന് മുകളില്‍ മറ്റൊന്നായി അട്ടിയിട്ട ശവശരീരങ്ങള്‍ ഞാന്‍ ജനവാതിലിലൂടെ കണ്ടു. മരിച്ചവരെക്കുറിച്ച് പറയുവാന്‍ ബസ്സിലുള്ളവര്‍ക്കെല്ലാം ഭയമായിരുന്നു. ഗുവാണ്ട്ഷാന്‍ എന്ന നാട്ടില്‍ അവിടെയുള്ളവരിലെ മൂന്നിലൊന്ന് ജനങ്ങളും മരിച്ചുകഴിഞ്ഞിരുന്നു. എല്ലായിടത്തും ജനങ്ങള്‍ കൂട്ടംകൂട്ടമായി മരിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കന്‍മാര്‍ മേത്തരം ഭക്ഷണങ്ങള്‍ കഴിക്കുകയും മദ്യം ആസ്വദിക്കുകയും ചെയ്യുകയായിരുന്നു.''(23) 

 

സാമൂഹ്യവ്യവസ്ഥിതിയുടെ മാറ്റത്തിലൂടെ ഭൂമിയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് കരുതിയവര്‍ പ്രസ്തുത മാറ്റത്തിനുള്ള ഉപകരണമായി പ്രത്യയശാസ്ത്രത്തെ കാണുകയും അതിന് എതിര് നില്‍ക്കുന്നവരെയെല്ലാം മാനവികതയുടെ വിരോധികളായി കരുതി നിഷ്കാസനം ചെയ്യേണ്ടത് ബാധ്യതയാണെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോഴാണ് മാനവചരിത്രം കണ്ട ഏറ്റവും വലിയ ദുരിതങ്ങളും ദുരന്തങ്ങളും വിതയ്ക്കുന്ന കെടുതിയായി പ്രസ്തുത പ്രത്യയശാസ്ത്രം മാറിയത്. പ്രത്യയശാസ്ത്രങ്ങളുടെ സംസ്കരണ രീതി മുകളില്‍നിന്ന് താഴോട്ടാണ്, സാമൂഹ്യവ്യവസ്ഥിതിയെ സംസ്കരിച്ചുകൊണ്ട് വ്യക്തികളെ സംസ്കരിക്കാമെന്നാണ് അവ കണക്കുകൂട്ടുന്നത്. പദാര്‍ഥത്തിന്റെ പരിണാമ ചക്രത്തിനിടയില്‍ ഉരുത്തിരിഞ്ഞ ഒരു സങ്കീര്‍ണമായ അസ്തിത്വം മാത്രമായി മനുഷ്യനെ കാണുകയും ചുറ്റുപാടുകളുടെ മാറ്റത്തിലൂടെ വ്യക്തികളില്‍ മാറ്റമുണ്ടാകുമെന്ന് കരുതുകയും ചെയ്തതുകൊണ്ടാണ് അവരില്‍നിന്ന് ഇത്തരം നടപടികളെല്ലാം ഉണ്ടായത്. ഇതില്‍നിന്ന് തികച്ചും വിപരീതമായ രീതിയിലാണ് ഇസ്ലാം മനുഷ്യരെ കാണുന്നത്. എല്ലാ മനുഷ്യരും പടച്ചവന്റെ സവിശേഷമായ സൃഷ്ടികളാണെന്നും അവര്‍ക്കെല്ലാം തികച്ചും സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നും വ്യക്തികളുടെ ഔന്നത്യത്തിനും അധമത്വത്തിനുമുള്ള നിദാനം അവരവര്‍ ചെയ്യുന്ന കര്‍മങ്ങളാണെന്നും ഓരോരുത്തരുടെയും കര്‍മങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നും എന്തുകൊണ്ട് അവര്‍ അതെല്ലാം ചെയ്തുവെന്ന് അവര്‍ക്ക് സ്വതന്ത്രമായ അസ്തിത്വവും വിവേചനാധികാരവും നല്‍കിയവന്റെ മുമ്പില്‍വെച്ച് കണക്ക് പറയേണ്ടിവരുമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വ്യക്തികളെയാണ് സാമൂഹ്യഘടനയെയല്ല ഉടച്ചുവാര്‍ക്കേണ്ടതെന്നാണ് ഇസ്ലാമികമായ അധ്യാപനം. വ്യക്തികള്‍ സംസ്കരിക്കപ്പെടുമ്പോള്‍ അതിന്റെ സ്വാധീനംവഴി സാമൂഹ്യമാറ്റമുണ്ടാകുമെന്നാണ് മുഹമ്മദ് നബി(സ്വ) പ്രായോഗികമായി തെളിയിച്ചത്. തന്റെ നാല്‍പതാമത്തെ വയസ്സില്‍ മക്കയില്‍നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ സംസ്കരണ പ്രവര്‍ത്തനങ്ങളെല്ലാം വ്യക്തികേന്ദ്രീകൃതമായിരുന്നു; പ്രസ്തുത രീതിതന്നെയാണ് തന്റെ മരണംവരെ അദ്ദേഹം തുടര്‍ന്നത്. അധികാരത്തിന് മുമ്പും ശേഷവുമുള്ള മുഹമ്മദ് നബി(സ്വ) ആദര്‍ശപ്രബോധനം നിര്‍വഹിച്ചത് വ്യക്തികളോടായിരുന്നു. സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുത്ത് ആദര്‍ശത്തിലേക്ക് ആളുകളെ നേടിയെടുക്കുവാനാണ്, ആദര്‍ശം അടിച്ചേല്‍പിക്കുവാനോ അതിനായി ആളുകളെ പീഡിപ്പിക്കുവാനോ അല്ല സര്‍വശക്തന്റെ കല്‍പന. ക്വുര്‍ആന്‍ പറയുന്നത് കാണുക: 

 

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.'' (2:256)

 

മുഹമ്മദ് നബി(സ്വ)യുടെ മക്കാ ജീവിതത്തിലെ പ്രബോധക വ്യക്തിത്വം തന്നെയായിരുന്നു, അധികാരമേറ്റെടുത്തതിന് ശേഷമുള്ള മദീനാ ജീവിതത്തിലും മുഴച്ചുനിന്നിരുന്നത്. യഥ്രിബ്, മദീനയായിത്തീര്‍ന്നതോടെ അവിടെയുണ്ടായിരുന്ന അനുയായികളല്ലാത്തവരെയെല്ലാം നിഷ്കാസനം ചെയ്യുവാനോ നിര്‍ബന്ധിച്ച് അനുയായികളാക്കിത്തീര്‍ക്കുവാനോ അല്ല നബി(സ്വ) പരിശ്രമിച്ചത്. രാജ്യനേതാവ് എന്നനിലയില്‍, അനുയായികള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം സമാധാനത്തോടെ ജീവിക്കുവാനാവശ്യമായ സംവിധാനങ്ങളുണ്ടാക്കുകയും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ നീതിപൂര്‍വം ഇടപെടുകയും ചെയ്തതോടൊപ്പംതന്നെ, തന്റെ അധികാരത്തിന് കീഴില്‍ ജീവിക്കുന്ന അനുയായികളല്ലാത്തവരെ ആദര്‍ശബോധത്തിലൂടെ അനുയായികളാക്കിത്തീര്‍ക്കുവാന്‍ പരമാവധി പരിശ്രമിക്കുകയുമായിരുന്നു നബി (സ്വ) ചെയ്തത്. ബഹുദൈവാരാധകരും ജൂതന്‍മാരുമായ മദീനാവാസികളില്‍ പലരും പ്രവാചകനെ (സ്വ) തിരിച്ചറിയുകയും അദ്ദേഹം ദൈവികബോധനം വഴിയാണ് സംസാരിക്കുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്ത് മുസ്ലിംകളായത് പ്രബോധകനെന്ന നിലയിലുള്ള നബിവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. അബ്ദുല്ലാഹിബ്നു സലാമിനെപ്പോലെയുള്ള യഹൂദ റബ്ബിമാരും ഥുലാമത്തുബ്നു ഉഥാലിനെപ്പോലെയുള്ള ഭരണാധികാരികളും സല്‍മാനുല്‍ ഫാരിസിനെപ്പോലെയുള്ള ക്രിസ്തുമത വിശ്വാസികളുമെല്ലാം മദീനാജീവിതത്തിന്റെ ആദ്യകാലത്ത് മുസ്ലിംകളായിത്തീര്‍ന്നവരാണ്.

 

പ്രവാചകനെന്ന നിലയ്ക്ക് ആദര്‍ശബോധനരംഗത്ത് അതിശക്തമായി നിലനിന്നതോടൊപ്പംതന്നെ തന്റെ അനുയായികളും അല്ലാത്തവരുമടങ്ങുന്ന മദീനാനിവാസികള്‍ക്ക് സുരക്ഷിതവും ശാന്തവുമായി ജീവിക്കുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുക കൂടി, മദീനയിലെത്തിയ ശേഷം നബി (സ്വ)യുടെ ഉത്തരവാദിത്തമായിത്തീര്‍ന്നു. പ്രസ്തുത ഉത്തരവാദിത്ത നിര്‍വഹണ രംഗത്തെ കാല്‍വെപ്പുകളാണ് മദീനാജീവിതത്തിന്റെ ആദ്യനാളുകള്‍ മുതലുള്ള നബിനടപടികളില്‍ കാണാന്‍ കഴിയുന്നത്. പ്രവാചകന്റെ കാരുണ്യവും ഭരണാധികാരിയുടെ നീതിനിഷ്ഠയും സമ്യക്കായി സമ്മേളിച്ചവയായിരുന്നു പ്രസ്തുത നടപടികള്‍. മദീനാസമൂഹത്തിന്റെ സവിശേഷതകളും സാഹചര്യങ്ങളുടെ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടായിരുന്നു ഭരണാധികാരിയെന്ന നിലയ്ക്കുള്ള നബിനടപടികളെല്ലാം എന്ന് കാണാനാവും. വ്യക്തിയുടെ അസ്തിത്വ നിഷേധമായിരുന്നില്ല, സാമൂഹ്യസുരക്ഷക്കുവേണ്ടി വ്യക്തികള്‍ അനുസരിക്കേണ്ട നിയമങ്ങള്‍ നീതിനിഷ്ഠമായി നടപ്പാക്കുകയായിരുന്നു ഭരണാധികാരിയെന്ന നിലയ്ക്കുള്ള നബി (സ്വ)യുടെ ദൌത്യം. പ്രസ്തുത ദൌത്യനിര്‍വഹണത്തിന്റെ രംഗത്ത് പ്രവാചകന്‍ (സ്വ) നൂറ് ശതമാനം വിജയിച്ചുവെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ എതിരാളികളായിരുന്ന ജൂതന്‍മാരും അദ്ദേഹത്തോട് സംവദിച്ച് ബോധ്യപ്പെട്ടിട്ടും സത്യവിശ്വാസം സ്വീകരിക്കാതെ മടങ്ങിയ ക്രൈസ്തവരുമെല്ലാം നീതിനിര്‍വഹണരംഗത്തെ നബി (സ്വ)യുടെ നിലപാടുകളെ അംഗീകരിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

 

നജ്റാനില്‍ നിന്നെത്തിയ ക്രൈസ്തവ സംഘം പ്രവാചകനുമായി (സ്വ) സംവദിക്കുകയും സത്യം അദ്ദേഹത്തിന്റെ പക്കലാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടും സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭീതികാരണം അത് സ്വീകരിക്കുവാന്‍ കൂട്ടാക്കാതെ മടങ്ങിപ്പോകുമ്പോഴും അവര്‍ക്കിടയിലുള്ള ചില തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ നബി (സ്വ)യില്‍നിന്ന് നീതിനിര്‍വഹണം പഠിച്ച ശിഷ്യന്‍മാരെ പറഞ്ഞയക്കുവാന്‍ ആവശ്യപ്പെടുകയും അബൂഉബൈദത്തുല്‍ ജര്‍റാഹിനെ പറഞ്ഞയച്ചുകൊണ്ട് നബി (സ്വ) അവരുടെ ആവശ്യം നിര്‍വഹിക്കുകയും ചെയ്ത സംഭവം(27) നിഷേധികള്‍ക്കുപോലും നബി (സ്വ)യുടെ നീതിബോധത്തില്‍ മതിപ്പാണുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്.

 

ശാന്തസുന്ദരമായ ഒരു മദീനാ സാമൂഹ്യക്രമം സൃഷ്ടിക്കുകയെന്ന ധര്‍മനിര്‍വഹണത്തിന് മുഹമ്മദ് നബി (സ്വ)യിലെ ഭരണാധികാരിക്ക് മുമ്പിലുണ്ടായിരുന്ന, അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ താഴെ പറയുന്നവയായിരുന്നു:

 

ഒന്ന്) മക്കയില്‍ പിടിച്ചുവെക്കപ്പെട്ട വിശ്വാസികളുടെ മോചനം: നബി (സ്വ)യും സ്വഹാബിമാരില്‍ മിക്കവരും ഹിജ്റ ചെയ്ത് മദീനയിലെത്തിക്കഴിഞ്ഞിട്ടും മക്കയില്‍നിന്ന് പോരാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ചില മുസ്ലിംകളുണ്ടായിരുന്നു. ദുര്‍ബലരായ അവരെ സഹായിക്കുന്നതിനും മുസ്ലിംകളൊന്നും സഹായിക്കാനില്ലാത്ത അവസരത്തില്‍ അവരെ ക്രൂരമായി പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതിനുംവേണ്ടി പ്രവാചകന്‍(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അബൂഹുറയ്റ(റ)യില്‍നിന്ന്: അവസാനത്തെ റക്അത്തിലെ റുകൂഇല്‍നിന്ന് തലയുയര്‍ത്തുമ്പോഴെല്ലാം നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, അയ്യാശ്ബ്നു അബീ റബീഅയെ രക്ഷിക്കേണമേ; അല്ലാഹുവേ; സലാമത്തുബ്നു ഹിശാമിനെ രക്ഷിക്കേണമേ; അല്ലാഹുവേ, വലീദുബ്നു വലീദിനെ രക്ഷിക്കേണമേ, അല്ലാഹുവേ, വിശ്വസ്തരും ദുര്‍ബലരുമായ വിശ്വാസികളെ രക്ഷിക്കേണമേ; അല്ലാഹുവേ, മുദാര്‍ ഗോത്രത്തോട് കാഠിന്യം കാണിക്കുകയും യൂസുഫിന്റെ ജനതയ്ക്ക് ക്ഷാമം ഉണ്ടായതുപോലെ അവരുടെമേലും ഉണ്ടാക്കേണമേ'(28) 

 

പ്രാര്‍ഥനയോടൊപ്പംതന്നെ ദുര്‍ബലരായ, മക്കക്കാര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ, വിശ്വാസികളെ മോചിപ്പിക്കുവാനായി, ഭരണാധികാരിയും രാഷ്ട്രനായകനുമെന്ന നിലയ്ക്കുള്ള തന്റെ കര്‍ത്തവ്യമെന്തെന്ന് തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്യാന്‍ പ്രവാചകന് (സ്വ) കടപ്പാടുണ്ട്.

 

രണ്ട്) മക്കാ മുശ്രിക്കുകളുടെ ഭീഷണിക്ക് അറുതി വരുത്തുക: മദീനയില്‍ മുഹമ്മദ് നബി (സ്വ)ക്ക് ലഭിച്ച സ്വീകാര്യതയും അംഗീകാരവും തങ്ങളുടെ ആധിപത്യത്തെ ബാധിക്കുമെന്ന് ധരിച്ച മക്കയിലെ ഖുറൈശികള്‍ പ്രവാചകനെയും (സ്വ) അനുയായികളെയും നശിപ്പിക്കുമെന്ന്, അവസരം ലഭിക്കുമ്പോഴെല്ലാം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഈ ഭീഷണിക്ക് അറുതി വരുത്തേണ്ടത് മുഹമ്മദ് നബി(സ്വ) യുടെ ബാധ്യതയായിത്തീര്‍ന്നു. ഒരു സംഭവം കാണുക: 

 

"അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്: സഅ്ദുബ്നു മുആദ് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടു. (മക്കയില്‍) ഉമയ്യതുബ്നു ഖലഫിബ്നി അബീ സഫ്വാന്റെ അതിഥിയായി താമസിച്ചു. ഉമയ്യ സിറിയയിലേക്ക് യാത്ര പോകുമ്പോള്‍ മദീനയിലെത്തിയാല്‍ സഅ്ദിന്റെ അതിഥിയായി താമസിക്കാറുണ്ടായിരുന്നു. ഉമയ്യ സഅ്ദിനോട് പറഞ്ഞു: 'ഉച്ചയാകുന്നതു വരെ കാത്തിരിക്കുക. ആളുകള്‍ അശ്രദ്ധരാകട്ടെ. അപ്പോള്‍ താങ്കള്‍ ചെന്ന് ത്വവാഫ് ചെയ്യുക. അങ്ങനെ സഅ്ദ് ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതാ മുമ്പില്‍ അബൂജഹ്ല്‍! അയാള്‍ ചോദിച്ചു: 'ഇതാരാ കഅ്ബയില്‍ ത്വവാഫ് ചെയ്യുന്നത്'? സഅ്ദ്: 'ഞാന്‍ സഅ്ദ്.' അബൂജഹ്ല്‍: 'നിങ്ങള്‍ മുഹമ്മദിനും കൂട്ടര്‍ക്കും അഭയം നല്‍കിയിട്ട് കഅ്ബയില്‍ ത്വവാഫ് ചെയ്യുന്നോ?' സഅ്ദ്: 'അതെ.' തുടര്‍ന്ന് അവര്‍ പരസ്പരം ആക്ഷേപിച്ചു. അപ്പോള്‍ ഉമയ്യ സഅ്ദിനോട് ഉപദേശിച്ചു. അബ്ദുല്‍ ഹകമി (അബൂ ജഹ്ല്‍)നോട് ഉച്ചത്തില്‍ സംസാരിക്കരുത്. അദ്ദേഹം ഈ താഴ്വരയിലെ പ്രമാണിയാണ്.' സഅ്ദ് അബൂജഹ്ലിനോട് പറഞ്ഞു: 'ഞാന്‍ കഅ്ബ ത്വവാഫ് ചെയ്യുന്നത് താങ്കള്‍ തടഞ്ഞാല്‍, സിറിയയിലെ താങ്കളുടെ വ്യാപാരം ഞാന്‍ തടയും.' അപ്പോള്‍ ഉമയ്യ സഅ്ദിനോട് ഉപദേശിച്ചു: 'ശബ്ദം ഉയര്‍ത്തരുത്.' (അബൂജഹ്ലിനെ എതിര്‍ത്തു പറയുന്നതില്‍ നിന്ന്) പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടെ സഅ്ദ് ദേഷ്യപ്പെട്ട് പറഞ്ഞു: 'എന്നെ വിടൂ, താങ്കള്‍ ഇടപെടേണ്ട. മുഹമ്മദ് താങ്കളെ വധിക്കുമെന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' ഉമയ്യ: 'എന്നെ വധിക്കുമെന്നോ?' സഅ്ദ്: 'അതെ താങ്കളെത്തന്നെ.' ഉമയ്യ: '(മുഹമ്മദ് പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കും), അവന്‍ കള്ളം പറയില്ല.' അനന്തരം ഉമയ്യ ഭാര്യയുടെ അടുത്തുചെന്ന് പറഞ്ഞു: 'മദീനയിലെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത് നീ അറിഞ്ഞോ?' ഭാര്യ: 'അദ്ദേഹം എന്താണ് പറഞ്ഞത്'? ഉമയ്യ: 'മുഹമ്മദ് എന്നെ വധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.' ഭാര്യ: 'മുഹമ്മദ് നുണ പറയാറില്ല.' അബ്ദുല്ലാഹിബ്നു മസ്ഊദ് തുടരുന്നു: അവര്‍ (ഖുറൈശികള്‍ യുദ്ധത്തിനായി) ബദ്റിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയും അതിനായി വിളംബരക്കാരന്‍ അറിയിക്കുകയും ചെയ്തപ്പോള്‍ ഉമയ്യയുടെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: 'മദീനയിലെ താങ്കളുടെ സുഹൃത്ത് പറഞ്ഞത് താങ്കള്‍ക്ക് ഓര്‍മയുണ്ടല്ലോ?' അതിനാല്‍ യുദ്ധത്തിന് പോകേണ്ടെന്ന് അദ്ദേഹം കരുതി. എന്നാല്‍, അബൂ ജഹ്ല്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഈ താഴ്വരയിലെ (മക്ക) ഒരു നേതാവാണ് താങ്കള്‍. അതിനാല്‍ ഒന്നോ രണ്ടോ ദിവസം കൂടെ വരിക.' അങ്ങനെ അദ്ദേഹം അവരുടെ കൂടെ പുറപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന്റെ കഥകഴിച്ചു.''(29) 

 

ഇങ്ങോട്ട് ഭീഷണിപ്പെടുത്തുന്നവരെ തിരിച്ചും ഭീഷണിപ്പെടുത്തുകയും അങ്ങനെ അതിക്രമങ്ങളൊന്നുമുണ്ടാകാതിരിക്കുവാനുള്ള പ്രവാചകാനുചരന്‍മാരുടെ വ്യക്തിപരമായ പരിശ്രമങ്ങള്‍ക്കപ്പുറം, ഒരു രാഷ്ട്രനേതാവെന്ന നിലയില്‍ ഇതിന് അറുതിവരുത്തുകയും മദീനയില്‍ സുരക്ഷിതമായി ജീവിക്കുവാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാന്‍ നബി(സ്വ) ക്ക് ഉത്തരവാദിത്തമുണ്ട്.

 

മൂന്ന്) അവസരം കിട്ടുമ്പോഴെല്ലാം കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുന്ന ജൂതന്‍മാരെ നിലയ്ക്ക് നിര്‍ത്തുക: മദീനയിലേക്കുള്ള പ്രവാചക പ്രവേശ സന്ദര്‍ഭത്തില്‍ കാര്യമാത്ര പ്രസക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കുകയും നബി(സ്വ)യുമായി കരാറിലേര്‍പ്പെടുവാനും രാജ്യത്തെ അനുസരണയുള്ള പ്രജകളായി ജീവിക്കുവാനും സന്നദ്ധരാവുകയും ചെയ്ത ജൂതന്‍മാര്‍, അബ്ദുല്ലാ ഹിബ്നു സലാമിനെപ്പോലെയുള്ള തങ്ങളുടെ ഉന്നതരായ റബ്ബിമാരെവരെ സ്വാധീനിക്കുകയും ഇസ്ലാമിലേക്ക് ആകര്‍ഷിക്കുകയുമാണ് മുഹമ്മദ് (സ്വ) ചെയ്യുന്നതെന്ന് മനസ്സിലായതോടെ അവരുടെ നയങ്ങളില്‍ മാറ്റംവരുത്തുകയും നബി(സ്വ)യെയും അനുചരന്‍മാരെയും ഉപദ്രവിക്കുവാന്‍ തക്കംപാര്‍ത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായതോടെ അവരെ നിലയ്ക്കുനിര്‍ത്തുകയും നാട്ടില്‍ സമാധാനം കൈവരുത്തുകയും ചെയ്യുക ഭരണാധികാരിയെന്ന നിലയ്ക്കുള്ള നബി(സ്വ)യുടെ ബാധ്യതയായിത്തീര്‍ന്നു. പൊതുവെ ശാന്തപ്രകൃതനായ അബ്ദു ബക്റിനെ(സ്വ)പ്പോലെയുള്ളവരെപോലും കോപാകുലരാക്കുന്ന തരത്തിലുള്ളതായിരുന്നു ജൂത വര്‍ത്തനങ്ങള്‍. ജൂത വൈദ്യനായിരുന്ന ഫിന്‍ഹാസുബ്നു അസൂറയെ ഇസ്ലാമിലേക്ക് ക്ഷണിച്ച അബൂബക്റി(റ)നോട് '2:245' വചനമുദ്ധരിച്ചുകൊണ്ട് 'അല്ലാഹു ദരിദ്രനായതുകൊണ്ടല്ലേ സമ്പന്നരായ നമ്മുടെ പക്കല്‍നിന്ന് അവന്‍ കടം ചോദിക്കുന്നത്?' എന്ന് പരിഹസിക്കുകയും അല്ലാഹുവിനെ പരിഹസിച്ചുകൊണ്ടുള്ള ജൂത വര്‍ത്തമാനങ്ങളില്‍ അക്കാര്യത്തില്‍ നബി(സ്വ)യോട് പരാതി പറയാനെത്തിയ ഫിര്‍ഹാസ് അല്ലാഹുവിനെ നിന്ദിച്ചുകൊണ്ട് താന്‍ പറഞ്ഞതിനെ നിഷേധിച്ചപ്പോഴാണ് '3:181' സൂക്തം അവതരിപ്പിക്കപ്പെട്ടതെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം ത്വബ്രി തന്റെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.(30) മുസ്ലിംകള്‍ക്ക് മാരകമായ രോഗങ്ങളെന്തെങ്കിലുമുണ്ടായാല്‍ അത് ഇസ്ലാം സ്വീകരിച്ചതുകൊണ്ടാണ് എന്ന രീതിയില്‍ അവര്‍ സംസാരിക്കുന്ന അവസ്ഥയുണ്ടായിരുന്നതായി ഉമാമ(റ) അസുഖം ബാധിച്ച് മരണപ്പെട്ടപ്പോഴുള്ള ജൂത പ്രചരണത്തെക്കുറിച്ച ഹദീഥില്‍നിന്ന് മനസ്സിലാകുന്നുണ്ട്.(31) ജൂതന്‍മാര്‍ മുസ്ലിംകള്‍ക്കെതിരെ മാരണം ചെയ്തിരിക്കുന്നുവെന്നും അതിനാല്‍ മുസ്ലിംകള്‍ക്കൊന്നും ഇനി കുഞ്ഞുങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള പ്രചരണങ്ങളുണ്ടായതായി അസ്മ ബിന്‍ത് അബൂബക്റ് (റ) മദീനയില്‍വെച്ച് മുഹാജിറുകള്‍ക്കുണ്ടായ ആദ്യ സന്തതിയായ അബ്ദുല്ലാഹിബ്നു സുബൈറിനെ(റ) പ്രസവിച്ചതിനെക്കുറിച്ച് വിവരിക്കുന്ന ഹദീഥിലുണ്ട്.(32) പ്രവാചകനെതിരെ(സ്വ) വരെ അവര്‍ മാരണം ചെയ്തുനോക്കി; (33) അനാവശ്യമായ ചോദ്യങ്ങളിലൂടെ അവര്‍ നബി (സ്വ)യെ ബുദ്ധിമുട്ടിക്കാനായി ബോധപൂര്‍വം പരിശ്രമിച്ചുകൊണ്ടിരുന്നു.(34) മുഹമ്മദ് നബി(സ്വ) നേതൃത്വം നല്‍കുന്ന രാഷ്ട്രസംവിധാനത്തില്‍ ജീവിക്കുകയും അതോടൊപ്പംതന്നെ അവിടെ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജൂതന്‍മാര്‍, രാഷ്ട്രസംവിധാനത്തിനെതിരെ കലാപമുയര്‍ത്തി, മദീനയില്‍ സ്വൈര ജീവിതം സാധിക്കാത്ത അവസ്ഥ സംജാതമാക്കുന്നതിനെതിരെ രാഷ്ട്രനേതാവെന്ന നിലയില്‍ നടപടികളെടുക്കാന്‍ നബി(സ്വ)ക്ക് ബാധ്യതയുണ്ട്.

 

നാല്) ഇസ്ലാമിക സമൂഹത്തിലേക്ക് നുഴഞ്ഞുകയറി അവിടെ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന കപടവിശ്വാസികള്‍ രാജ്യത്തിന് തലവേദനയായിത്തീരാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക. മദീന മുസ്ലിംകള്‍ക്ക് അധീനപ്പെട്ടപ്പോള്‍ അവിടത്തെ സൌകര്യങ്ങള്‍ കാംക്ഷിച്ചുകൊണ്ട് ഇസ്ലാമിന്റെ കുപ്പായമണിയുകയും എന്നാല്‍ അവിശ്വാസത്തിന്റെ ആദര്‍ശങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്തിരുന്നവരായ കപട വിശ്വാസികള്‍ (മുനാഫിഖുകള്‍) മദീനാ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അപകടകാരികളായ ആന്തരിക ശത്രുക്കളായിരുന്നു. ബുഗാസ് യുദ്ധത്തിനുശേഷം മദീനയുടെ ഭരണാധികാരിയാവുന്നതും സ്വപ്നംകണ്ട് ജീവിച്ചിരുന്ന(35) അബ്ദുല്ലാഹിബ്നു ഉബയ്യ ബ്നു സുലൂലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമായിരുന്നു പ്രവാചകന് (സ്വ) തലവേദന സൃഷ്ടിച്ചുകൊണ്ട് മദീനയിലുണ്ടായിരുന്ന മുസ്ലിമാണെന്ന് അഭിനയിക്കുന്ന കപടവിശ്വാസികള്‍. സഅദുബ്നു ഹുനൈഫ്, സൈദ് ബ്നുല്‍ ലുസൈത്ത്, നുഅ്മാനുബ്നു ഔഫ് ബ്നു അംറ്, ഉഥ്മാനുബ്നു ഔഫാത്ത്, സൈദുബ്നു ലുസൈത്ത് എന്നീ യഹൂദ റബ്ബിമാരും ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സുലൂലിനോടൊപ്പം ചേര്‍ന്നതോടെ(36) കപടവിശ്വാസികളുടെ നിര ഏറെ അപകടകരവും നാടിന്റെ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തിലുള്ളതുമായിത്തീര്‍ന്നു. 'ഞങ്ങളുടെ കൂട്ടുകാരില്‍ ചിലര്‍ക്ക് നിങ്ങള്‍ സംരക്ഷണം നല്‍കിയിരിക്കുന്നു; അല്ലാഹുവാണ, നിങ്ങള്‍ അവനെ പുറത്താക്കുകയോ അവനുമായി യുദ്ധത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ലെങ്കില്‍, പൂര്‍ണമായ ശക്തിയോടുകൂടി ഞങ്ങള്‍ നിങ്ങള്‍ക്കടുത്ത് വരികയും നിങ്ങളിലെ പടയാളികളെ കൊല്ലുകയും സ്ത്രീകളെ ബന്ദികളാക്കുകയും ചെയ്യും' എന്ന ഖുറൈശികളുടെ എഴുത്തിന് അനുകൂലമായി പ്രതികരിക്കുകയും തന്നോടൊപ്പമുള്ള ബഹുദൈവാരാധകരായ മദീനക്കാരെ സംഘടിപ്പിച്ച് പ്രവാചകനുമായി(സ്വ) യുദ്ധത്തിനൊരുങ്ങുകയും ചെയ്തയാളാണ് അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂല്‍ എന്ന വസ്തുത(37) കൂടി പരിഗണിക്കുമ്പോള്‍ കപടവിശ്വാസികളുടെ സംഘം നാടിനും നാട്ടുകാര്‍ക്കുമെല്ലാം എത്രത്തോളം അപകടകാരികളായിരുന്നുവെന്ന് മനസ്സിലാകും. കളവും വഞ്ചനയും പതിവാക്കിയിരുന്ന കപടവിശ്വാസികള്‍, അവസരം ലഭിച്ചാല്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് മദീനയെ അക്രമിക്കുകയോ അവിടെനിന്ന് മുഹാജിറുകളെയും മുഹമ്മദ് നബി (സ്വ)യെയും പുറത്താക്കുകയോ ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നതിനാല്‍ അക്കാര്യം പരിഗണിച്ചുകൊണ്ട്, അവരുടെ ചെയ്തികള്‍ മദീനാരാഷ്ട്രത്തെ അപകടകരമായി ബാധിക്കാത്ത രീതിയില്‍ നാട്ടില്‍ ജനങ്ങള്‍ക്ക് ശാന്തമായി ജീവിക്കുവാനാവശ്യമായ സംവിധാനങ്ങളൊരുക്കുവാന്‍ ഒരു രാഷ്ട്രനേതാവെന്ന നിലയില്‍ മുഹമ്മദ് നബി (സ്വ)ക്ക് ഉത്തരവാദിത്തമുണ്ട്.

 

അഞ്ച്) മദീനക്ക് ചുറ്റുമുള്ള അറബ് ഗോത്രങ്ങളുടെ അക്രമങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുക: ഗോത്രവ്യവസ്ഥയില്‍ അയല്‍ ഗോത്രങ്ങളെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് ധര്‍മവും ഗോത്ര വീരസ്യത്തിന്റെ പ്രകടനവുമായി കരുതപ്പെട്ടിരുന്നതിനാല്‍, മദീനക്ക് ചുറ്റുമുള്ള നാടോടികളും അല്ലാത്തവരുമായ ഗോത്രങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുവാനുള്ള ഒരേയൊരു മാര്‍ഗം അവരുമായി സഖ്യമുണ്ടാക്കുകയാണ് എന്നതുകൊണ്ടുതന്നെ, നാട്ടില്‍ ശാന്തി നിലനിര്‍ത്തുവാന്‍ ബാധ്യസ്ഥനായ മുഹമ്മദ് നബി (സ്വ)യിലെ ഭരണാധികാരിക്ക് ചുറ്റുപാടുമുള്ള ഗോത്രങ്ങളെ സന്ധിക്ക് ക്ഷണിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ട് നാ ടിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. മദീനയിലെത്തി തന്റെ ഭരണമാരംഭിച്ച ആദ്യനാളുകള്‍ മുതല്‍തന്നെ മദീനയിലേക്കുള്ള വഴികളില്‍ താമസിച്ചിരുന്ന അയല്‍ ഗോത്രങ്ങളുമായി നബി (സ്വ) സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മദീനയില്‍നിന്ന് ഏകദേശം നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരത്ത് താമസിച്ചിരുന്ന ജുഹൈന ഗോത്രവുമായി അദ്ദേഹമുണ്ടാക്കിയ സഖ്യത്തില്‍നിന്ന്(38) മനസ്സിലാക്കാന്‍ കഴിയും. ബനൂദംറയെയും ബനൂ ഗിഫാറിനെയുംപോലെയുള്ള മദീനക്ക് ചുറ്റുമുള്ള പ്രബല ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രവാചകന്‍(സ്വ) പരാജയപ്പെടുകയും അവരുമായി ഖുറൈശികള്‍ സഖ്യമുണ്ടാക്കുകയും ചെയ്താല്‍ അത് മദീനയുടെ നിലനില്‍പിനെതന്നെ അപകടത്തിലാക്കുമെന്ന് പറയേണ്ടതില്ല. നാടിനെ സംരക്ഷിക്കുവാന്‍ കടപ്പെട്ടവനെന്ന നിലയ്ക്ക് മദീനക്ക് ചുറ്റുമുള്ള ഗോത്രങ്ങളെ സഖ്യത്തിന് പ്രേരിപ്പിക്കുകയും ഖുറൈശികളുമായി അവര്‍ സഖ്യത്തിലേര്‍പ്പെടുന്നതിന് മുമ്പ് അവരുമായി സഖ്യമുണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്യാന്‍ പരിശ്രമിക്കേണ്ടത് മുഹമ്മദ് നബി (സ്വ)യുടെ ചുമതലയാണ്.

 

ആറ്) ജന്മനാടായ മക്കയോടുള്ള മുഹാജിറുകളുടെ അഭിനിവേശത്തിനും കഅ്ബാലയത്തില്‍ പോയി തീര്‍ഥാടനം നിര്‍വഹിക്കുവാനുള്ള മുസ്ലിംകളുടെ ആഗ്രഹത്തിനും പരിഹാരമുണ്ടാക്കുക: 'അല്ലാഹുവാണ, നീയാണ് ഭൂമിയിലെ ഏറ്റവും നല്ല സ്ഥലം; നീയാണ് അല്ലാഹു ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്രദേശം; ഞാന്‍ നിന്നില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ നിന്നില്‍നിന്ന് ഞാന്‍ പലായനം ചെയ്യുകയില്ലായിരുന്നു'(39)വെന്ന് തന്റെ പലായത്തിന് മുമ്പ് മക്കയെ നോക്കി പറഞ്ഞ പ്രവാചകനെ (സ്വ)പ്പോലെതന്നെ മക്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നതില്‍ പരിതപിക്കുന്നവരായിരുന്നു മുഹാജിറുകള്‍. ആദര്‍ശജീവിതം നയിക്കുവാനുള്ള അഭിനിവേശം ഇല്ലായിരുന്നുവെങ്കില്‍ ആരുംതന്നെ മക്കയില്‍നിന്ന് പലായനം ചെയ്യാന്‍ സന്നദ്ധമാകുമായിരുന്നില്ല. മദീനയിലെത്തി, പനി ബാധിച്ച് കിടന്നപ്പോള്‍ മക്കയില്‍നിന്ന് പോരേണ്ടിവന്നതിലുള്ള ഗൃഹാതുരത്വം വര്‍ധിക്കുകയാണുണ്ടായത്. പനി പിടിച്ച് കിടന്നപ്പോള്‍ പാടിയ, മക്കയില്‍ അടിമയായി ജീവിച്ചിരുന്ന ബിലാലിന്റെ വരികള്‍ അവര്‍ എത്രത്തോളം മക്കയെ സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.

 

ഇദ്ഖിറും ജലീലും വളരുന്ന താഴ്വരയില്‍

 

ഇനിയുമൊരു രാത്രി പാര്‍ക്കുവാന്‍

 

മജന്ന ജലാശയത്തില്‍ ചെന്ന്

 

ഒരിറ്റ് കുടിനീര് പാനം ചെയ്യുവാന്‍

 

ഇനിയെനിക്ക് കഴിയുമോ?

 

ശാമയും ത്വഫീലുമെല്ലാം

 

ഇനിയെനിക്ക് മുമ്പില്‍ വെളിപ്പെടുമോ?(40) 

 

ജനക്ഷേമകരമായ ഭരണനിര്‍വഹണം നടത്തേണ്ടത് എങ്ങനെയെന്ന് ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരെയും പഠിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള അന്തിമപ്രവാചകന്‍ എന്ന നിലയില്‍, ജനിച്ചുവളര്‍ന്ന നാടിനെയും ആരാധനാകേന്ദ്രമായ കഅ്ബയെയും എന്നേക്കുംവേണ്ടി ആദര്‍ശ ശത്രുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും, ശക്തി സംഭരിക്കേണ്ടതുണ്ടെന്നും സ്വന്തം നാട്ടിലേക്ക് തലയുയര്‍ത്തിനിന്ന് അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കടന്നുചെല്ലുന്ന നല്ല നാളിനുവേണ്ടി ഒരുങ്ങേണ്ടതുണ്ടെന്നും അനുയായികളെ ബോധ്യപ്പെടുത്തേണ്ട ചുമതല പ്രവാചകനുണ്ട് (സ്വ).

 

ഏഴ്) മക്കയില്‍ ഉപേക്ഷിച്ചുവന്ന സമ്പത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ചു പിടിക്കുവാനുള്ള അവസരമുണ്ടാക്കുക: ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടപ്പോള്‍, അത് ലഭിക്കുമെന്ന് ഉറപ്പുള്ള നാട്ടിലേക്ക് പലായനം ചെയ്തെത്തിയവര്‍, തങ്ങളുടെ സ്വത്തുക്കളുടെ സിംഹഭാഗവും മക്കയില്‍ ഉപേക്ഷിച്ചാണ് മദീനയിലെത്തിയത് എന്നതുകൊണ്ടുതന്നെ അവരുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുവാനുള്ള മുഹാജിറുകളുടെ അവകാശം അംഗീകരിക്കുവാനും അതിന്നാവശ്യമായ നിയതമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും അവരുടെ നേതാവെന്ന നിലയില്‍ പ്രവാചകന്‍ (സ്വ) ബാധ്യസ്ഥനാണ്. മക്കയിലെ പണക്കാരില്‍ പലരും ദരിദ്രരും ഉടുതുണിക്ക് മറുതുണിയില്ലാത്തവരുമായാണ് മദീനയിലെത്തിയത് എന്നതിനാല്‍ തന്നെ തങ്ങളുടെ അവകാശമായ, തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തിരിച്ചുപിടിക്കുവാന്‍ അവസരമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നിരിക്കണം. റോമില്‍നിന്ന് മക്കയിലെത്തുകയും പാടുപെട്ട് കച്ചവടം ചെയ്ത് ഒന്നുമില്ലായ്മയില്‍നിന്ന് പണക്കാരനായി വളരുകയും ചെയ്ത സുഹൈബി(റ) നെ തന്റെ മുഴുവന്‍ സമ്പത്തും മക്കയില്‍ ഉപേക്ഷിച്ച് പോകുവാന്‍ നിര്‍ബന്ധിച്ച ഖുറൈശീ നടപടിയില്‍നിന്ന് മുഹാജിറുകള്‍ എത്ര വലിയ സാമ്പത്തിക ത്യാഗം ചെയ്തുകൊണ്ടാണ് ഹിജ്റ ചെയ്തെത്തിയത് എന്ന് മനസ്സിലാകുന്നുണ്ട്.(41) മക്കയില്‍ വെച്ചേറ്റവും മുന്തിയ സുഗന്ധമുപയോഗിക്കുന്നയാള്‍ എന്ന് ഖ്യാതി നേടിയിരുന്ന മുസ്അബ് ബ്നു ഉമൈര്‍ (റ) മദീനയിലെത്തി, ഹിജ്റ മൂന്നാംവര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരം പൂര്‍ണമായും മറക്കുവാന്‍ പറ്റിയ ഒരു തുണിപോലും തന്റെ കൈവശമുണ്ടായിരുന്നില്ലെന്ന വസ്തുത(42) മക്കയിലെ പണക്കാരായിരുന്ന മുസ്ലിംകളെ ഹിജ്റ എത്രത്തോളം ഋണാത്മകമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നു. തങ്ങള്‍ ഉപേക്ഷിച്ചുപോന്ന സമ്പത്ത്, അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് എന്നതുകൊണ്ടുതന്നെ, അവനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് പൂര്‍ണമായി കയ്യൊഴിക്കുവാന്‍ അവര്‍ സന്നദ്ധരായിരുന്നുവെങ്കിലും, പ്രസ്തുത സ്വത്തുക്കള്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ പ്രയോഗിക്കുവാനാണ് ശത്രുക്കള്‍ തക്കംപാര്‍ത്തിരിക്കുന്നതെന്ന വാര്‍ത്ത അവരെ തീര്‍ച്ചയായും അസ്വസ്ഥരാക്കിയിരിക്കണം. തങ്ങളുടെ സമ്പത്ത് തങ്ങള്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ആദര്‍ശത്തെ നശിപ്പിക്കുവാനായി വിനിയോഗിക്കുവാന്‍ സമ്മതിക്കുകയില്ലെന്നും പ്രസ്തുത സ്വത്ത് തിരിച്ചുപിടിക്കുവാന്‍ തങ്ങള്‍ ശ്രമിക്കുമെന്നുമുള്ള സന്ദേശം നല്‍കിക്കൊണ്ട് തന്റെ രാജ്യത്തെ പ്രജകളെ കര്‍മോല്‍സുകരായി നിര്‍ത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രനേതാവെന്ന നിലയില്‍ മുഹമ്മദ് നബി (സ്വ)ക്കുണ്ട്.

 

മുഹമ്മദ് നബി (സ്വ)യുടെ മദീനാ ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെയുള്ള നടപടികളില്‍ നടേ പ്രസ്താവിക്കപ്പെട്ട ഏഴ് തരം ബാധ്യതാനിര്‍വഹണങ്ങളെയും ഒരു പഠിതാവിന് കണ്ടെത്താനാവും. അകത്തും പുറത്തും ശത്രുക്കള്‍ നിറഞ്ഞുനില്‍ക്കുകയും തന്നെ സംരക്ഷിക്കുമെന്ന് അല്ലാഹുവില്‍നിന്ന് ഉറപ്പുകളൊന്നും ലഭിക്കാതിരിക്കുകയും ചെയ്ത മദീനാ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഭയപ്പാടോടുകൂടിയായിരുന്നു പ്രവാചകന്‍(സ്വ) കിടന്നുറങ്ങിയിരുന്നത്. ഒരു ഹദീഥ് നോക്കുക: 

 

"ആഇശ (റ)യില്‍ നിന്ന്: റസൂല്‍ മദീനയിലേക്ക് എത്തിയ രാത്രി അവിടുത്തേക്ക് ഉറക്കം വരാതായി. അവിടുന്ന് പറഞ്ഞു. "എന്റെ അനുചരന്മാരില്‍ നല്ല ഒരു പുരുഷന്‍ ഇന്നെനിക്ക് കാവല്‍ നിന്നിരുന്നെങ്കില്‍!'' അവര്‍ പറയുകയാണ്: അങ്ങനെയിരിക്കെ ഞങ്ങള്‍ ആയുധങ്ങളുടെ ഒരു കിലുക്കം കേള്‍ക്കാനിടയായി. അവിടുന്ന് ചോദിച്ചു: ആരാണത്? അദ്ദേഹം പറഞ്ഞു: "സഅദുബ്നു അബീ വഖാസ്വ്." അപ്പോള്‍ അദ്ദേഹത്തോട് നബി ചോദിച്ചു. "താങ്കള്‍ വന്നത് എന്തിന്?'' അദ്ദേഹം പറഞ്ഞു: നബിയുടെ കാര്യത്തില്‍ എന്റെ മനസ്സില്‍ എന്തോ ഒരു ഭയം തോന്നി. അങ്ങനെ അങ്ങേയ്ക്ക് കാവല്‍ നില്‍ക്കാനാണ് ഞാന്‍ വന്നിട്ടുള്ളത്.'' നബി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകകയും എന്നിട്ട് ഉറങ്ങുകയും ചെയ്തു.''(43)

 

ആന്തരികവും ബാഹ്യവുമായ ശത്രുക്കള്‍ നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ പ്രവാചകന് (സ്വ) സ്വഹാബികള്‍ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും 'ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്' (5:67) എന്ന ക്വുര്‍ആന്‍ വചനത്തിന്റെ അവതരണം നടക്കുന്നതുവരെ ഈ സംരക്ഷണം തുടര്‍ന്നുവെന്നും പ്രസ്തുത വചനം അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്റെ മുറിയില്‍നിന്ന് തല പുറത്തേക്കിട്ടുകൊണ്ട് 'ജനങ്ങളേ, നിങ്ങള്‍ പിരിഞ്ഞുപോയിക്കൊള്ളുക; എന്തുകൊണ്ടെന്നാല്‍ അല്ലാഹു എന്നെ സംരക്ഷിച്ചുകൊള്ളും' എന്ന് പറഞ്ഞതായുമുള്ള വിശ്വസനീയമായ നിവേദനങ്ങള്‍(44) എത്രത്തോളം ഭയവിഹ്വലരായിരുന്നു മദീനയിലെത്തിയ വിശ്വാസി സമൂഹമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. ഇത്തരത്തില്‍ ഭയവിഹ്വലരായ ഒരു സമൂഹത്തെ, സമാധാനിപ്പിക്കുകയും സംതൃപ്തവും സുരക്ഷിതവുമായ ഒരു രാഷ്ട്രനിര്‍മാണത്തിന് പ്രാപ്തമാക്കുകയും ചെയ്യുന്നതിനായുള്ള വളരെ ഉത്തരവാദിത്ത പൂര്‍ണമായ നടപടികളായിരുന്നു നബി (സ്വ)ക്ക് ആദ്യമായി ചെയ്യാനുണ്ടായിരുന്നത്. അന്‍സ്വാരികളും മുഹാജിറുകളുമടങ്ങുന്ന മുസ്ലിംകളും ജൂതന്‍മാരും ബഹുദൈവാരാധകരും മുസ്ലിം വേഷമണിഞ്ഞ കപട വിശ്വാസികളും എല്ലാം ഉള്‍പ്പെടുന്ന മദീനാ സമൂഹത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കാത്ത രൂപത്തില്‍, സമാധാനപൂര്‍ണമായ രാഷ്ട്രനിര്‍മാണം സാധിക്കുകയെന്ന വളരെ ദുഷ്കരമായ കാര്യം പൂര്‍ത്തീകരിക്കുവാന്‍ വളരെ ശക്തമായ നടപടികള്‍ ആവശ്യമായിരുന്നു. സമാധാനപൂര്‍ണമായ രാഷ്ട്രനിര്‍മാണം ലക്ഷ്യമാക്കിക്കൊണ്ടുള്ള നടപടികളാണ് മദീനാ ജീവിതത്തിന്റെ ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ നബി (സ്വ)യില്‍നിന്നുണ്ടായതെന്ന് കാണാന്‍ കഴിയും.

 

മദീനാ ജീവിതത്തിന്റെ ആദ്യത്തെ രണ്ടുവര്‍ഷങ്ങള്‍ക്കിടയിലാണ് യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും ഖിബ്ല മാറണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ദൈവിക കല്‍പനയും അവതരിക്കപ്പെട്ടത്. മദീനയിലെത്തി പതിനേഴ് മാസത്തോളം നബി (സ്വ) ഫലസ്തീനിലുള്ള ബൈത്തുല്‍ മുഖദ്ദിസിന് നേരെ തിരിഞ്ഞായിരുന്നു നമസ്കരിച്ചിരുന്നത്.(45) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനുവേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യഭവനമായ കഅ്ബാലയത്തിനുനേരെ തിരിഞ്ഞ് നമസ്കരിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്ന മുഹമ്മദ് നബി (സ്വ)യുടെ ആഗ്രഹം അംഗീകരിച്ചുകൊണ്ട് അല്ലാഹു അവതരിപ്പിച്ച ദൈവിക വചനത്തിന്റെ സാരം ഇങ്ങനെയാണ്: 

 

"(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.'' (2:144)

 

എന്തിനുവേണ്ടിയാണ് ഈ ഖിബ്ല മാറ്റമെന്ന് ചോദിക്കുകയും അതിനെ അപഹസിക്കുകയും ചെയ്തവര്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞു: 

 

"ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു. അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' (2:142,143)

 

ഇതുവരെ തിരിഞ്ഞു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ഖിബ്ലയായ ബൈത്തുല്‍ മുഖദ്ദിസിന് എന്തെങ്കിലും കുറ്റമോ കുറവോ ഉള്ളതുകൊണ്ടല്ല, പ്രത്യുത 'ആരാണ് ദൈവദൂതനെ പിന്‍പറ്റുന്നവരെന്നും ആരൊക്കെയാണ് പിന്‍മാറിക്കളയുന്നവരെന്നും' തിരിച്ചറിയുകയാണ് ആദ്യത്തെ ഖിബ്ല നിശ്ചയത്തിന്റെയും പിന്നീടുള്ള ഖിബ്ല മാറ്റത്തിന്റെയുമെല്ലാം ലക്ഷ്യമെന്നാണ് ക്വുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നത്. മക്കയില്‍നിന്ന് ഹിജ്റ ചെയ്തെത്തിയവരും മദീനയില്‍വെച്ച് ഇസ്ലാം സ്വീകരിച്ചവരുമായ അറബ് സമൂഹങ്ങള്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഅ്ബാലയത്തിന് പകരം, ജൂതന്‍മാരുടെ വിശുദ്ധ സ്ഥലമായി അറിയപ്പെട്ടിരുന്ന ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്കരിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ വിശ്വാസം ഹൃദയത്തിനകത്ത് കയറിയിട്ടില്ലാത്ത കപട വിശ്വാസികള്‍ക്ക് അത് പ്രശ്നങ്ങളുണ്ടാക്കുവാനുള്ള കാരണമായിരുന്നുവെന്നും അതേപോലെതന്നെയാണ് നബി (സ്വ)യുടെ ആഗ്രഹം അനുവദിച്ചുകൊണ്ടുള്ള മസ്ജിദുല്‍ ഹറാമിനെ ഖിബ്ലയാക്കി നിശ്ചയിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പനയെന്നുമാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്. മക്കയില്‍ നേരിടേണ്ടിവന്നിട്ടില്ലാത്ത പുതിയൊരു വിഭാഗത്തെ -കപട വിശ്വാസികള്‍- നേരിടേണ്ടിവരികയും അവരെക്കൂടി പൌരന്‍മാരായി പരിഗണിച്ച് രാഷ്ട്ര സുരക്ഷക്കാവശ്യമായ സംവിധാനങ്ങളുണ്ടാക്കുകയും ചെയ്യുമ്പോള്‍, നാടിന് ഭീഷണിയായ അവരെ ബാഹ്യലക്ഷണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ, അവരെയും യഥാര്‍ഥ വിശ്വാസികളെയും വേര്‍തിരിച്ച് മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള രാഷ്ട്ര രക്ഷാതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുവാന്‍ നിമിത്തമാവുന്ന എന്തെങ്കിലുമെല്ലാം സംഭവങ്ങളുണ്ടാവേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഖിബ്ല മാറ്റം അനുവദിച്ചുകൊണ്ടുള്ള ദൈവിക വെളിപാടിന്റെ അവതരണം നടന്നത്. അതിനോടുള്ള പ്രതികരണങ്ങളില്‍നിന്ന് മുനാഫിഖുകളെയും മുഅ്മിനുകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും അതോടൊപ്പംതന്നെ മുസ്ലിം പ്രശ്നങ്ങളിലുള്ള ജൂതന്‍മാരുടെ നിലപാട് എന്തായിരിക്കുമെന്ന് കൃത്യമായി അറിയുവാനും മുസ്ലിം സമൂഹത്തിന് സാധിച്ചു. മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങളോ കലാപങ്ങളോ ഉണ്ടാകുവാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ പ്രസ്തുത തീപ്പൊരി ഊതിക്കത്തിക്കുവാനായിരിക്കും ജൂതന്‍മാര്‍ പരിശ്രമിക്കുകയെന്ന് ഖിബ്ല മാറ്റത്തോടനുബന്ധിച്ച അവരുടെ പ്രതികരണങ്ങള്‍ സുതരാം വ്യക്തമാക്കി.

 

പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും മക്കാജീവിതം കഴിഞ്ഞ് ആദര്‍ശ ജീവിതം നയിക്കുവാന്‍ സ്വാതന്ത്യ്രമുള്ള നാട്ടിലേക്ക് പലായനം ചെയ്തെത്തിയതിന് ശേഷവും ആയുധമെടുക്കുവാന്‍ അവകാശമില്ലാതെ പതിതരായി കഴിയേണ്ടവരാണോ തങ്ങള്‍ എന്ന മുസ്ലിംകളുടെ ചോദ്യത്തിന്, അല്ലാഹു ഉത്തരം നല്‍കിയതും ഇക്കാലത്തുതന്നെയായിരുന്നു. യുദ്ധത്തിന് അനുവാദം നല്‍കിക്കൊണ്ട് അവതരിക്കപ്പെട്ട ആദ്യത്തെ ക്വുര്‍ആന്‍ വചനങ്ങളുടെ(46) സാരം ഇങ്ങനെയാണ്: 

 

"യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍

 

മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.'' (22:39-41)

 

ഈ വചനങ്ങള്‍ അവതരിക്കപ്പെട്ടതോടെ അബൂബക്റി (റ)നെപോലെയുള്ള സ്വഹാബിമാരെല്ലാം അധികം വൈകാതെ യുദ്ധമുണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കി.(47) ആന്തരികവും ബാഹ്യവുമായ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങളുപേക്ഷിച്ചുപോന്ന ജന്മനാട് വീണ്ടെടുക്കുകയും ഭയപ്പാടുകളില്ലാതെ ജീവിക്കുവാന്‍ കഴിയുന്ന അന്തരീക്ഷമുണ്ടാവുകയും ചെയ്യുന്നതിനായി പ്രവാചകന്‍ (സ്വ) ഒരുങ്ങുന്നുണ്ടെന്നും മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തി പനി പിടിച്ച് അവശരായവരല്ല പ്രവാചകാനുചരന്‍മാരെന്നും അതുകൊണ്ടുതന്നെ മദീനയെ അക്രമിക്കുകയോ തകര്‍ക്കുകയോ ചെയ്ത് മുസ്ലിംകളെയും ഇസ്ലാമിനെയും തകര്‍ക്കാമെന്ന വ്യാമോഹവുമായി നടക്കേണ്ടതില്ലെന്നും മക്കയിലെ ഖുറൈശികള്‍ക്ക് സൂചന നല്‍കുവാന്‍തക്ക രൂപത്തിലുള്ള ശക്തമായ ചില നടപടികള്‍ ആവശ്യമായിരുന്നു; മദീനക്ക് ചുറ്റുമുള്ള ഗോത്രങ്ങള്‍ക്ക് മുസ്ലിംകള്‍ പ്രബലരും ശക്തരും ആവശ്യമെങ്കില്‍ ആയുധങ്ങളുപയോഗിക്കുവാന്‍ മടിക്കാത്തവരുമാണെന്ന് തെര്യപ്പെടുത്തുകയും മുസ്ലിംകളുമായി സഖ്യമുണ്ടാക്കുന്നതാണ് തങ്ങളുടെ സുരക്ഷക്ക് നല്ലതെന്ന് തോന്നിപ്പിക്കുന്നതുമാകണം പ്രസ്തുത നടപടികള്‍; മദീനയിലേക്ക് പോകാന്‍ ആഗ്രഹിച്ചുകൊണ്ട് മക്കയില്‍ ജീവിക്കുന്ന പീഡിതരായ മുസ്ലിംകള്‍ക്ക് തങ്ങള്‍ മോചിപ്പിക്കപ്പെടുമെന്ന് ആത്മവിശ്വാസം നല്‍കുവാനും മദീനയിലുള്ള ജൂതന്‍മാര്‍ക്കും കപട വിശ്വാസികള്‍ക്കുമെല്ലാം സമാധാനഭംഗമുണ്ടാക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന സന്ദേശം നല്‍കുവാനും പര്യാപ്തമായ നടപടികള്‍; ഹിജ്റക്കുശേഷം ഏഴാമത്തെ മാസം മുതലുള്ള പ്രവാചകന്റെ (സ്വ) സൈനിക നടപടികള്‍ ഈ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കുന്നതിനായുള്ള സമര്‍ഥമായ കരുനീക്കങ്ങളായിരുന്നു.

 

മുഹമ്മദ് നബി (സ്വ)യുടെ ആദ്യത്തെ സൈനിക നീക്കമായ 'സൈഫില്‍ ബഹ്റ്' നടന്നത് ഹിജ്റക്ക് ശേഷം ഏഴാം മാസമായ റമദാനിലായിരുന്നുവെന്ന് ഇബ്നു സഅദും(48) വാഖിദിയും(49) രേഖപ്പെടുത്തിയിട്ടുണ്ട്. ഹംസത്തുബ്നു അബ്ദില്‍ മുഖലിബിന്റെ നേതൃത്വത്തിലുള്ള മുപ്പത് മുഹാജിറുകളെ ശാമില്‍നിന്ന് മക്കയിലേക്ക് പോവുകയായിരുന്ന മുന്നൂറ് പേരടങ്ങുന്ന അബൂ ജഹ്ലിന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ തടയാനായി പറഞ്ഞയച്ചതാണ് പ്രസ്തുത നടപടി. രണ്ടുകൂട്ടരും യുദ്ധസജ്ജരായി അല്‍ ഈസ് കടല്‍ക്കരയില്‍ അണിനിരക്കുകയും ജുഹ്നാ ഗോത്രക്കാരനായ മജ്ദീബില്‍ അംറ് ഇടപെട്ട് യുദ്ധമില്ലാതെ ഇരുകൂട്ടരെയും പിരിച്ചയക്കുകയും ചെയ്തുവന്നതായിരുന്നു അതിന്റെ പരിണതി.(50) ഖുറൈശികള്‍ക്കിടയില്‍ അറിയപ്പെട്ട ധീരശൂര പരാക്രമിയായ ഹംസ (റ)യുടെ നേതൃത്വത്തില്‍ മുപ്പത് മുഹാജിറുകളെ മാത്രം അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ തടയാനായി പറഞ്ഞയച്ച നബി നടപടിയില്‍ തന്റെ നാട്ടില്‍ സമാധാനത്തോടെ ജീവിക്കുവാന്‍ അവസരം സൃഷ്ടിക്കുവാനായി ശ്രമിക്കുന്ന രാഷ്ട്രതന്ത്രജ്ഞതയാണ് നമുക്ക് കാണാനാവുന്നത്. മക്കയില്‍നിന്ന് മദീനയിലെത്തിശേഷം മുസ്ലിംകളെല്ലാം പനി പിടിച്ച് അവശരായിത്തീര്‍ന്നിട്ടില്ലെന്നും ആവശ്യമെങ്കില്‍ അതിശക്തമായ ഒരു സംഘട്ടനത്തിനും മുസ്ലിംകള്‍ സജ്ജമാകുമെന്നും ഖുറൈശികളെ അറിയിക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്നതാണ് ഒന്നാമത്തെ കാര്യം. മദീനയിലെ ജൂതന്‍മാരെയോ മുശ്രിക്കുകളെയോ ഉപയോഗിച്ച് അന്‍സ്വാരികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയും അങ്ങനെ മുഹമ്മദ് നബി (സ്വ)യെയും മുഹാജിറുകളെയും സംരക്ഷിക്കുവാന്‍ അന്‍സ്വാരികള്‍ക്ക് കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്താല്‍പോലും മുസ്ലിംകളെ തകര്‍ക്കുവാന്‍ ഖുറൈശികള്‍ക്ക് കഴിയില്ലെന്നും എന്തുതരം വെല്ലുവിളികളെയും നേരിടാന്‍ മുഹാജിറുകള്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും ഖുറൈശികള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനും ഈ സൈനികനീക്കം നിമിത്തമായിത്തീര്‍ന്നു. 'മുഹമ്മദിനും കൂട്ടര്‍ക്കും അഭയം നല്‍കി കഅ്ബയില്‍ ത്വവാഫ് ചെയ്യാന്‍ വന്നിരിക്കുകയാണോ?'യെന്ന് അന്‍സ്വാരി നേതാവായ സഅദ്ബിനു മുആദിനെ ഭീഷണിപ്പെടുത്തിയ അബൂ ജഹ്ലിന്റെ(51) മുന്നിലേക്കുതന്നെ ഹംസ (റ)യും മുപ്പത് പടയാളികളും സമരസജ്ജരായി പ്രത്യക്ഷപ്പെട്ടത് അന്‍സ്വാരികളെ ഭയപ്പെടുത്തി. തങ്ങളെ മദീനയില്‍നിന്ന് പുറത്താക്കാമെന്ന ഖുറൈശീ സ്വപ്നം പൂവണിയുകയില്ലെന്ന് അവരുടെ നേതാവിനെതന്നെ നേരിട്ട് ബോധ്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടാവണം. 'ഞാന്‍ കഅ്ബ ത്വവാഫ് ചെയ്യുന്നത് നിങ്ങള്‍ തടഞ്ഞാല്‍ ശാമിലേക്കുള്ള താങ്കളുടെ വ്യാപാര യാത്ര ഞാനും തടയും' എന്ന സഅദുബ്നു മുആദിന്റെ ഭീഷണി(52) വെറുതെയല്ലെന്നും മുസ്ലിംകളെ സമാധാനപൂര്‍വം ജീവിക്കുവാന്‍ സമ്മതിച്ചില്ലെങ്കില്‍ ഖുറൈശികളുടെ ധനാഗമ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ശാമില്‍പോലുള്ള കച്ചവടം സുഗമമായി നടക്കുകയില്ലെന്നുമുള്ള സന്ദേശങ്ങള്‍ നല്‍കുവാനും സ്വൈഫില്‍ ബഹ്റ് വഴി സാധിച്ചതും പ്രവാചക (സ്വ)ന്റെ ഭരണ നൈപുണ്യത്തിന് ഉദാഹരണമാണ്. മദീനയിലെത്തിയ ഉടനെതന്നെ തന്നെ കാണാനെത്തുകയും സഖ്യത്തിലേര്‍പ്പെടുവാന്‍ സന്നദ്ധത പുറപ്പെടുവിക്കുകയും ചെയ്ത, ഖുറൈശികളോട് നേരത്തെതന്നെ കരാറിലേര്‍പ്പെട്ടിട്ടുള്ള ജുഹൈന ഗോത്രത്തിന്റെ(53) വാസസ്ഥലത്തിനടുത്തുവെച്ചുതന്നെയാവണം ഖുറൈശികളെ തടയേണ്ടതെന്ന തീരുമാനത്തിന് പിന്നിലും നബി (സ്വ)യുടെ അപാരമായ ആസൂത്രണപാടവമാണ് കാണാനാവുക.

 

മുന്നൂറ് പേരടങ്ങുന്ന ഖുറൈശീ കച്ചവടസംഘത്തെ തടയാന്‍ മുപ്പതുപേര്‍ മാത്രം ഉള്‍ക്കൊള്ളുന്ന മുസ്ലിം സേനാവ്യൂഹം മതിയാവുകയില്ലെന്നറിയാവുന്ന നബി (സ്വ) തന്റെ ലക്ഷ്യമായ ഖുറൈശികളെ ഭയപ്പെടുത്തുകയും അങ്ങനെ മദീനക്കെതിരെയുള്ള അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെയവിടെ യുദ്ധം നടക്കരുതെന്നും ഖുറൈശികളോടും മുസ്ലിംകളോടും സഖ്യമുള്ള ജുഹൈനക്കാര്‍ ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചയക്കണമെന്നും വിചാരിച്ചുകൊണ്ടുതന്നെയാവണം ഹംസ (റ)യുടെ നേതൃത്വത്തിലുള്ള കൊച്ചുസംഘത്തെ അവരേക്കാള്‍ പത്തിരട്ടിയാളുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു സംഘത്തെ തടയുകയും ഭയപ്പെടുത്തുകയും ചെയ്യുകയെന്ന ദൌത്യം നിര്‍വഹിക്കുവാന്‍ വേണ്ടി നിയോഗിച്ചയച്ചത്.

 

സ്വൈഫില്‍ ബഹ്റിന് ശേഷം നടന്ന, ചരിത്രകാരന്‍മാര്‍ 'സരിയ്യ'യെന്നും 'ഗസ്വ'യെന്നും വിളിക്കുന്ന സൈനികനീക്കങ്ങളുടെയെല്ലാം ലക്ഷ്യങ്ങള്‍ നടേ പറഞ്ഞവ തന്നെയായിരുന്നു. പ്രവാചകന്‍(സ്വ) പങ്കെടുക്കാത്ത മുസ്ലിം സൈനിക നീക്കങ്ങളെ 'സരിയ്യ'യെന്നും നബി (സ്വ)യുടെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കങ്ങളെ 'ഗസ്വ'യെന്നുമാണ് ചരിത്രകാരന്‍മാര്‍ വിളിക്കുന്നത്. മദീനാ കാലത്തെ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ 38 സരിയ്യകളും 27 ഗസ്വകളും നടന്നുവെന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക.(54) ശത്രുക്കളുമായി ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലുമുണ്ടായ യുദ്ധങ്ങള്‍ ഇതില്‍ കുറവാണ്. താരതമ്യേന സൈനികനീക്കങ്ങള്‍ നടക്കുകയും സ്വൈഫുല്‍ ബഹ്റിനെപ്പോലെ യുദ്ധമില്ലാതെ പിരിയുകയും ചെയ്ത സംഭവങ്ങളാണ് കൂടുതലും. ഇവയുടെയെല്ലാം ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് സുരക്ഷിതവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കുവാന്‍ മദീനാനിവാസികളെ പര്യാപ്തമാക്കുകയായിരുന്നു. തന്റെ പത്തുവര്‍ഷക്കാലത്തെ ഭരണംകൊണ്ട്, സുരക്ഷിതമായ മദീനയെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് പ്രവാചകന് (സ്വ) കഴിഞ്ഞുവെന്നതാണ് ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയം.

 

ഹിജ്റക്ക് ശേഷം എട്ടുമാസം കഴിഞ്ഞ്, ശവ്വാല്‍ മാസത്തില്‍ ഉബൈദത്തുബ്നു ഹാരിഥിന്റെ (സ്വ) നേതൃത്വത്തില്‍ അറുപത് മുഹാജിര്‍ കുതിരപ്പടയാളികളെ അബൂ സുഫ്യാന്റെയും അബൂ ജഹ്ലിന്റെ മകന്‍ ഇക്രിമയുടെയും നേതൃത്വത്തിലുള്ള ഇരുനൂറുപേര്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു കച്ചവട സംഘത്തെ തടയാനായി പറഞ്ഞയച്ച നബി (സ്വ) നടത്തിയ രണ്ടാമത്തെ സൈനിക നീക്കവും(55) ലക്ഷ്യം വെച്ചതിനേക്കാള്‍ നല്ല ഫലങ്ങള്‍ നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. മനസ്സുകൊണ്ട് മുസ്ലിമാവുകയും അവസരം ലഭിച്ചാല്‍ മദീനയിലെത്തി നബി (സ്വ)യോടൊപ്പം കഴിയണമെന്ന് കരുതുകയും ചെയ്തുകൊണ്ട് കച്ചവട സംഘത്തോടൊപ്പം ചേര്‍ന്ന മിഖ്ദാദ് ബ്നു അംറ് അല്‍ ബഹ്റാനിക്കും ഉത്ബത്തുബ്നു ജാബിര്‍ അല്‍ മഅ്സിനിക്കും മദീനയില്‍നിന്ന് തങ്ങളുള്‍ക്കൊള്ളുന്ന കച്ചവടസംഘത്തെ തടയാനെത്തിയ മുഹാജിര്‍ കുതിരസവാരിക്കാരോടൊപ്പം ചേരാനും അവരോടൊപ്പം മദീനയിലെത്തി പരസ്യമായി ആരെയും ഭയപ്പെടാതെ ഇസ്ലാമികജീവിതം നയിക്കുവാനും കഴിഞ്ഞുവെന്നതാണ് ഈ സൈനികനീക്കം വഴി ലഭിച്ച നേര്‍ക്കുനേരെ ലക്ഷ്യമായി കരുതിയിട്ടില്ലാത്ത നേട്ടം. വലിയൊരു കച്ചവടച്ചരക്കുമായി വരികയായിരുന്ന ഖുറൈശികളെ ഭയപ്പെടുത്തിയ, 'ഇസ്ലാമിന്റെ ഒന്നാമത്തെ അമ്പ്' എന്നറിയപ്പെടുന്ന സഅദ് ബ്നു അബീവഖാസിന്റെ അമ്പെയ്ത്ത് മാത്രമാണ് അന്നുണ്ടായ ഏക സൈനിക നടപടി.(56) മദീനയെ അക്രമിക്കുവാനും അവിടെനിന്ന് മുസ്ലിംകളെ പുറത്താക്കുവാനുമുള്ള ഖുറൈശി പദ്ധതികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ അതുവഴി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് റാഗിബിലേക്ക് നടത്തിയ പ്രസ്തുത സൈനികനീക്കവും അവസാനിക്കുകയാണ് ചെയ്തത്.

 

ഹിജ്റക്കുശേഷം പതിനൊന്നാം മാസം സഫറില്‍, മുഹാജിറുകളില്‍നിന്ന് എഴുപത് പേര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നബി (സ്വ) നയിച്ച വദ്ദാനിലേക്കുള്ള സൈനികനീക്കമാണ് ഒന്നാമത്തെ ഗസ്വയായി അറിയപ്പെടുന്നത്.(57) ഖുറൈശീ കച്ചവടസംഘത്തെ ലക്ഷ്യമാക്കിയായിരുന്നു പ്രസ്തുത നീക്കമെങ്കിലും ശത്രുക്കളെയാരെയും കണ്ടുമുട്ടാതെയാണ് നബി (സ്വ) മടങ്ങിയത്. ബനൂദംറ ഗോത്രക്കാ രുടെ പ്രദേശത്തുകൂടിയുള്ള നബി (സ്വ)യും എഴുപത് പടയാളികളുംകൂടി നടത്തിയ യാത്ര മറ്റുചില ഫലങ്ങളുണ്ടാക്കി. ബനൂദംറ ഗോത്രത്തലവനായ മഖ്ശി ബിന്‍ അംറ് അല്‍ദംറിയുമായി പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും പട നയിക്കുകയില്ലെന്നും ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാറുണ്ടാക്കുവാനും പരസ്പരം സഖ്യകക്ഷികളായിത്തീരുവാനും കഴിഞ്ഞുവെന്നതായിരുന്നു ഈ പടനീക്കംകൊണ്ടുണ്ടായ ഫലം.(58) ഹംസ (റ) പതാകയേന്തുകയും പ്രവാചകന്‍ (സ്വ) നയിക്കുകയും ചെയ്ത ആദ്യത്തെ ഗസ്വാ സൈനികനീക്കവും ഒരു അയല്‍പക്ക ഗോത്രവുമായി യുദ്ധമില്ലാ കരാറുണ്ടാക്കിക്കൊണ്ട്, മദീനയെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വിജയിച്ചുവെന്ന് സാരം.

 

ഹിജ്റക്കുശേഷം പതിമൂന്നാം മാസം റബീഉല്‍ അവ്വലില്‍ ഉമയ്യത്തുബ്നുല്‍ ഖലഫിന്റെ നേതൃത്വത്തിലുള്ള നൂറുപേരും രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളുമടങ്ങുന്ന കച്ചവടസംഘത്തെ തടയാനായി പ്രവാചകന്റെ (സ്വ) നേതൃത്വത്തിലുള്ള ഇരുനൂറ് പേരടങ്ങുന്ന സംഘം ജൂഹ്ഫക്കടുത്തുള്ള ബുവാത്വിലേക്ക് നടത്തിയ സൈനിക നീക്കം;(60) ഒമ്പതാം മാസം ദുല്‍ഖഅ്ദില്‍ സഅദ് ബ്നു അബീവഖാസിന്റെ നേതൃത്വത്തില്‍ ഇരുപത്തിയൊന്ന് പേരുമായി ഖര്‍റാര്‍ ദേശത്തുകൂടി കടന്നുപോകുന്ന ഖുറൈശീ കച്ചവട സംഘത്തെ തടയാനായി നടത്തിയ സൈനിക നടപടി,(59) എന്നിവ നേര്‍ക്കുനേരെ നോക്കിയാല്‍ കാര്യമത്ര പ്രസക്തങ്ങളായ ഫലങ്ങളൊന്നുമുണ്ടാക്കാത്ത നടപടികളായിരുന്നുവെങ്കിലും മദീനയെ സംരക്ഷിക്കുവാന്‍ മുസ്ലിംകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്ലാമികസമൂഹത്തെ തകര്‍ക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിരലനക്കങ്ങളെയെല്ലാം മുസ്ലിംകള്‍ ഗൌരവത്തോടെയാണ് കാണുന്നതെന്നുമുള്ള സന്ദേശങ്ങള്‍ ഖുറൈശികള്‍ക്കും മദീനക്കുചുറ്റുമുള്ള ഗോത്രങ്ങള്‍ക്കും നല്‍കുന്നതിന് അവയും നിമിത്തമായിട്ടുണ്ടെന്ന് കാണാനാകും.

 

മദീനയെയും മദീനയിലുള്ളവരെയും അക്രമിക്കുവാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുവാന്‍തക്കവണ്ണം മുസ്ലിം സമൂഹം ജാഗരൂഗമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ഹിജ്റക്ക് ശേഷം പതിമൂന്നാം മാസം റബീഉല്‍ അവ്വലില്‍ പ്രവാചകന്റെ (സ്വ) നേതൃത്വത്തില്‍ നടന്ന പടനീക്കം. മദീനയിലെ മേച്ചില്‍പുറത്ത് മിന്നലാക്രമണം നടത്തി അവിടുത്തുകാരുടെ ഒട്ടകങ്ങളെയും ആടുകളെയും തട്ടിയെടുത്ത് കടന്നുകളഞ്ഞ ഫിഹ്റ് ഗോത്രക്കാരനായ കുര്‍സ് ബ്ന്‍ ജാബിര്‍ അല്‍ഫിഫ്രിയെയും കൂട്ടുകാരെയും പിന്തുടര്‍ന്നുകൊണ്ട് പ്രവാചകന്റെ (സ്വ) നേതൃത്വത്തിലുള്ള ചെറിയൊരു സൈന്യം ബദ്റിനടുത്തുള്ള സഫവാന്‍ വരെ പോയിനോക്കുകയും അവരെ കാണാനാവാതെ മടങ്ങുകയും ചെയ്ത ഈ സംഭവം(61) ഒന്നാം ബദ്റ് എന്ന് അറിയപ്പെടുന്നു.(62) മദീനയെയോ മദീനയിലുള്ളവരെയോ അക്രമിക്കുകയോ അവരുടെ സമ്പത്ത് കൊള്ളയടിക്കുകയോ ചെയ്താല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് നാടോടികളും കൊള്ള കുലത്തൊഴിലാക്കിയവരുമായിരുന്ന അറബ് ഗോത്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു പ്രവാചകന്റെ (സ്വ) ഈ സൈനിക നടപടി.

 

ശാമിലേക്ക് പോവുകയായിരുന്ന ഖുറൈശീ വര്‍ത്തകസംഘത്തെ തടയുന്നതിനായി ബനൂ മുദ്ലിജ് പ്രദേശമായ യാമ്പുവിനടുത്തെ ദുല്‍ ഉശൈറയിലെത്തിയ പ്രവാചകന്റെ (സ്വ) നേതൃത്വത്തിലുള്ള ഇരുനൂറോളം വരുന്ന മുഹാജിറുകള്‍ക്ക് വര്‍ത്തക സംഘത്തെ കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ലെങ്കിലും ബനൂ മുദ്ലജ്, ബനൂ ദംറ തുടങ്ങിയ ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കുവാനും മുസ്ലിംകളുടെ സഖ്യകക്ഷികളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തുവാനും അതുവഴി സാധിച്ചു. ഹിജ്റക്കുശേഷം പതിനാറാം മാസം ജുമാദുല്‍ ആഖിറില്‍ നടന്ന(63) ഈ സൈനികനീക്കവും രണ്ട് അയല്‍ ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുക വഴി മദീനക്ക് കൂടുതല്‍ സുരക്ഷിതത്വം നേടിയെടുക്കുകയെന്ന ധര്‍മം നിര്‍വഹിക്കുന്നതില്‍ വിജയിക്കുകയാണ് ചെയ്തത്.

 

അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ എട്ട് മുഹാജിറുകളെ(64) ഹിജ്റക്കുശേഷം പതിനേഴാം മാസം റജബില്‍, നഖ്ലയിലേക്ക് പ്രവാചകന്‍ (സ്വ) നിയോഗിച്ചയച്ചത് ഖുറൈശികളുടെ പുതിയ യാത്രാ മാര്‍ഗങ്ങളെക്കുറിച്ച് നിരീക്ഷിച്ച് മനസ്സിലാക്കുവാനായിരുന്നുവെങ്കിലും മറ്റുചില വഴിത്തിരിവുകളിലേക്കാണ് പ്രസ്തുത സംഭവം നയിച്ചത്. രണ്ട് പേര്‍ക്കായി ഓരോ ഒട്ടകങ്ങള്‍ യാത്രക്കായി ഉണ്ടായിരുന്ന പ്രസ്തുത സംഘത്തിന്റെ കൈയില്‍ ഒരു എഴുത്ത് നല്‍കുകയും രണ്ടുദിവസത്തെ യാത്രക്കുശേഷം മാത്രം അത് തുറന്ന് നോക്കുകയും അതില്‍ പരാമര്‍ശിക്കുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി (സ്വ)യില്‍ സൂക്ഷ്മദൃക്കായ ഒരു രാഷ്ട്രനേതാവിന്റെ ആസൂ ത്രണ വൈഭവമാണ് കാണാന്‍ കഴിയുന്നത്. ശാമിലേക്കുള്ള മദീനക്കടുത്തുകൂടിയുള്ള കച്ചവടയാത്ര സുരക്ഷിതമല്ലെന്ന് ഇതിനകംതന്നെ മനസ്സിലാക്കിക്കഴിഞ്ഞിരുന്ന ഖുറൈശികള്‍ പുതിയ വ്യാപാര പഥങ്ങള്‍ കണ്ടുപിടിക്കാനാരംഭിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവയെക്കുറിച്ച് മനസ്സിലാക്കുവാനുള്ള ഒരു രഹസ്യ സംഘമായാണ് അബ്ദുല്ലാഹിബ്നു ജഹ്ശിനെയും കൂട്ടുകാരെയും പ്രവാചകന്‍ (സ്വ) പറഞ്ഞയച്ചതെന്ന് 'മക്കക്കും ത്വാഇഫിനുമിടയിലുള്ള നഖ്ല വരെ പോയി ഖുറൈശികളുടെ വാണിജ്യ സംഘത്തെ നിരീക്ഷിച്ച് വിവരമറിയിക്കുക'യെന്ന അവരെ ഏല്‍പിച്ച കത്തിലുള്ള നിര്‍ദ്ദേശത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ടുദിവസം കഴിഞ്ഞ് ഈ എഴുത്ത് വായിച്ചവര്‍ യാത്ര ചെയ്ത് നഖ്ലയിലെത്തുകയും അംറുബ്നുല്‍ ഹദ്റമി, ഉഥ്മാനുബ്നു അബ്ദുല്ലാഹിബ്നുല്‍ മുഗീറ, നൌഫല്‍ ബ്നു അബ്ദുല്ല, അല്‍ഹം ബിന്‍ കൈസാന്‍ എന്നിവരടങ്ങുന്ന ഒരു കച്ചവട സംഘത്തെ അവര്‍ കണ്ടുമുട്ടുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് പ്രവാചകാനുചരന്‍മാര്‍ കൂടിയാലോചിച്ചപ്പോള്‍, അവരെ ഉടനെ അക്രമിച്ചിട്ടില്ലെങ്കില്‍ ഒരുദിവസംകൊണ്ട് അവര്‍ സുരക്ഷിതമേഖലയില്‍ എത്തുമെന്നും ഇതുതന്നെയാണ് ഖുറൈശികളെ ഒരു പാഠം പഠിപ്പിക്കുവാനുള്ള അവസരമെന്നുമുള്ള അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്. യുദ്ധം നിഷിദ്ധമായി കരുതപ്പെട്ടിരുന്ന റജബ് മാസത്തിലെ അവസാന ദിവസമായിരുന്നു അതെന്ന വസ്തുത അവര്‍ ഓര്‍ത്തുവെങ്കിലും ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ അത് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണുണ്ടായത്. വാഖിദുബ്നു അബ്ദുല്ലാ തമീമി കച്ചവടസംഘത്തിനുനേരെ ഒരു അമ്പ് തൊടുത്തുവിടുകയും അതുവഴി അംറ് കൊല്ലപ്പെടുകയും അതിനുശേഷമുണ്ടായ സംഘട്ടനത്തില്‍ ഉഥ്മാനും ഹകമും ബന്ദികളായി പിടിക്കപ്പെടുകയും നൌഫല്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ബന്ദികളെയും പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കളെയും പ്രവാചകസന്നിധിയിലെത്തിച്ചപ്പോള്‍ 'ഈ വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് കല്‍പിച്ചില്ലല്ലോ'യെന്ന് ശകാരിക്കുകയും അത് സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഈ അവസരം മുതലെടുത്തുകൊണ്ട് 'മുഹമ്മദും കൂട്ടരും വിശുദ്ധ മാസത്തെ അനാദരിച്ചുകൊണ്ട് രക്തം ചിന്തുകയും യുദ്ധാര്‍ജ്ജിത സ്വത്ത് സ്വീകരിക്കുകയും ബന്ദികളെ സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു'വെന്ന് ഖുറൈശികള്‍ പ്രചരണം നടത്തി. മക്കയിലുണ്ടായിരുന്ന മുസ്ലിംകള്‍ ശഅ്ബാനിലാണ് ഈ സംഘട്ടനമുണ്ടായതെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുസ്ലിംകള്‍ക്കുള്ള ദുഃശ്ശകുനമാണ് ഈ സംഘട്ടനമെന്ന് മദീനയിലെ ജൂതന്‍മാരും പ്രചാരണമാരംഭിച്ചു.(65) ഈ പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയത് സര്‍വോന്നതനായ അല്ലാഹുവായിരുന്നു.(66) ക്വുര്‍ആനിലൂടെ അല്ലാഹു ഇങ്ങനെ പറഞ്ഞു: "വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (2:217)

 

വിലക്കപ്പെട്ട മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ലെന്നത് ശരിയാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ അതിനേക്കാള്‍ ഗുരുതരമായ പാതകങ്ങളാണ് മക്കാ മുശ്രിക്കുകള്‍ ചെയ്തുകൊണ്ടിരുന്ന അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുക, അല്ലാഹുവില്‍ അവിശ്വസിക്കുക, മസ്ജിദുല്‍ ഹറാമില്‍നിന്ന് ജനങ്ങളെ തടയുക, അല്ലാഹുവിനെ മാത്രം ആരാധിക്കാനായി സ്ഥാപിക്കപ്പെട്ട ആദ്യഗേഹമായ കഅ്ബാലയത്തിന്റെ യഥാര്‍ഥ അവകാശികളായ മുസ്ലിംകളെ അവിടെനിന്ന് പുറത്താക്കുക തുടങ്ങിയ കാര്യങ്ങളെന്ന് വ്യക്തമാക്കിക്കൊണ്ട് 'കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു'വെന്നാണ് ക്വുര്‍ആന്‍ അടിവരയിട്ട് പ്രസ്താവിക്കുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. മതത്തിന്റെ പേരില്‍ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയും നികൃഷ്ടമായ പീഡനമുറകള്‍ വിശ്വാസികളെ പ്രയാസപ്പെടുത്തുകയും ചെയ്ത് കുഴപ്പമുണ്ടാക്കുന്നവര്‍ക്ക് വിലക്കപ്പെട്ട മാസത്തില്‍ നടന്ന കൊലപാതകത്തെ വിമര്‍ശിക്കുവാന്‍ അവകാശമില്ലെന്നാണ് ക്വുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നത്. മുസ്ലിംകളെ അവരുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ യുദ്ധം ചെയ്തുകൊണ്ടിരിക്കണമെന്ന് കരുതുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവണമെന്ന പാഠവും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുണ്ട്. ഹിജ്റ രണ്ടാം വര്‍ഷം മുതല്‍ പ്രവാചകന്‍ (സ്വ) സ്വീകരിച്ച മക്കക്കാര്‍ക്കെതിരെയുള്ള നിഷ്കൃഷ്ടമായ നടപടികളിലേക്ക് വഴിതിരിച്ചുവിടുന്ന സൂക്തങ്ങളിലൊന്നാണ് ഇത് എന്ന് സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ മനസ്സിലാക്കാനാകും.

 

'വിലക്കപ്പെട്ട മാസത്തില്‍ ഞാന്‍ നിങ്ങളോട് യുദ്ധം ചെയ്യാന്‍ പറഞ്ഞിട്ടില്ലല്ലോ' എന്ന് പരിഭവിച്ച് ബന്ദികളെയും യുദ്ധാര്‍ജ്ജിത സമ്പത്തും സ്വീകരിക്കാന്‍ വിസമ്മതിച്ച പ്രവാചകന്‍ (സ്വ) സൂറത്തുല്‍ ബഖറയിലെ 217-ാം സൂക്തത്തിന്റെ അവതരണത്തോടെ അബ്ദുല്ലാഹിബ്നു ജഹ്ശില്‍നിന്ന് അവയെ സ്വീകരിക്കുകയും തുടര്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. പിടിക്കപ്പെട്ട ബന്ദികള്‍ക്ക് മുന്നില്‍ ഇസ്ലാമിനെ അവതരിപ്പിക്കുകയും സത്യമതം സ്വീകരിക്കുവാന്‍ ക്ഷണിക്കുകയും ചെയ്യുന്ന പ്രവാചകന്‍ (സ്വ) ഏത് അവസരത്തിലാണെങ്കിലും മുസ്ലിമിന്റെ അടിസ്ഥാനപരമായ ദൌത്യം സത്യമത പ്രബോധനമാണെന്ന വസ്തുതയാണ് പഠിപ്പിക്കുന്നത്. പ്രവാചകന്റെ (സ്വ) പ്രബോധനത്തില്‍ ആകൃഷ്ടനായി ബന്ദികളിലൊരാളായ അല്‍ ഹകം ബിന്‍ കൈസാന്‍ ഇസ്ലാം സ്വീകരിക്കുകയും ശേഷിക്കുന്ന കാലമത്രയും മാതൃകാപരമായ ഇസ്ലാമിക ജീവിതം നയിച്ച് മദീനയില്‍ കഴിയുകയും ഹിജ്റ നാലാം വര്‍ഷം നടന്ന ബിര്‍ മഊനാ യുദ്ധത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഖുറൈശികളുടെയടുക്കല്‍ ബന്ദികളായുള്ള സഅദ് ബ്നു അബീവഖാസിനെയും ഉത്ബത്തു ബ്നു ഗസ്വാനിനെയും മോചിപ്പിക്കണമെന്ന് പ്രവാചകന്‍ (സ്വ) നിബന്ധനവെക്കുകയും അതുപ്രകാരം അവര്‍ രണ്ടുപേരും മോചിപ്പിക്കപ്പെട്ടപ്പോള്‍ ഉഥ്മാനുബ്നു മുഗീറ മോചിപ്പിക്കപ്പെടുകയും അദ്ദേഹം മാത്രം തിരിച്ച് മക്കയിലേക്ക് പോവുകയും ചെയ്തു. മുസ്ലിംകളാല്‍ ബന്ദിയായി പിടിക്കപ്പെട്ട ഒന്നാമത്തെയാള്‍ മുതല്‍തന്നെ ഇസ്ലാമിന്റെ സൌന്ദര്യം മനസ്സിലാക്കി അതിന്റെ അനുയായിയാവുകയാണ് ചെയ്തതെന്ന വസ്തുത ശ്രദ്ധേയമാണ്. നിര്‍ബന്ധമോ പ്രലോഭനമോ അല്ല ഇസ്ലാമികാദര്‍ശത്തിന്റെ സൌന്ദര്യമാണ് ബന്ദികളെപ്പോലും അതിലേക്ക് ആകര്‍ഷിച്ചത് എന്ന വസ്തുത നല്‍കുന്ന പാഠം ഇസ്ലാം വിമര്‍ശകരുടെയെല്ലാം കണ്ണ് തുറപ്പിക്കുവാന്‍ പര്യാപ്തമാവേണ്ടതാണ്.

 

ഇസ്ലാമികാദര്‍ശത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് വേണ്ടിയുള്ള മുഹമ്മദ് നബി (സ്വ)യുടെ പരിശ്രമങ്ങളിലൊന്നും തന്നെ ഭീകരതയോ അടിച്ചേല്‍പിക്കലോ എതിരാളികളെ പീഡിപ്പിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്ര പ്രയോഗവല്‍ക്കരണത്തിനുവേണ്ടിയുള്ള ത്വരയോ കാണാനാവാത്തത് അദ്ദേഹത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ആദര്‍ശം വ്യവസ്ഥയെയല്ല, പ്രത്യുത വ്യക്തിയെയാണ് പ്രഥമമായി സംസ്കരിക്കുവാന്‍ പരിശ്രമിക്കുന്നത് എന്നതുകൊണ്ടാണ്. വ്യവസ്ഥാമാറ്റമാണ് പ്രാഥമികമായി നടക്കേണ്ടത് എന്നും അതിന്റെ സ്വാഭാവികമായ പരിണതിയായി വ്യക്തിയുടെ മനഃസ്ഥിതയും ധാര്‍മികബോധവും നൈതികതയുമെല്ലാം പരിവര്‍ത്തിപ്പിക്കപ്പെടുമെന്നുമുള്ള ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ 'മുശ്ക്ക്' ബാധിക്കാത്ത ദര്‍ശനമായ ഇസ്ലാമിന്റെ പ്രയോഗവല്‍ക്കരമത്തിന് വേണ്ടിയാണ് മുഹമ്മദ് നബി (സ്വ) പരിശ്രമിച്ചത് എന്നതുകൊണ്ടുതന്നെ പ്രത്യയശാസ്ത്രങ്ങളുടെ ശൈലിയിലുള്ള ഉന്മൂലനങ്ങള്‍ നബി ജീവിതത്തില്‍ എവിടെയെങ്കിലും നടന്നതായി കാണാനാവില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവന്റെ വിധിവിലക്കുകള്‍ പാലിക്കുകയും മരണാനന്തരജീവിതത്തെ ഒരു യാഥാര്‍ഥ്യമായി മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കുകയായിരുന്നു പ്രവാചകന്റെ (സ്വ) ദൌത്യം. ആ വ്യക്തി, പിതാവും സഹോദരനും മകനും ഭര്‍ത്താവും പിതാമഹനും പൌത്രനുമെല്ലാം ആകുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും കച്ചവടക്കാരനും ഉപഭോക്താവും കൃഷിക്കാരനും പണക്കാരനും പണിക്കാരനും അടിമയും ഉടമയുമെല്ലാം ആയിത്തീരുമ്പോള്‍ എന്തെല്ലാം നിയമങ്ങള്‍ അനുസരിക്കണമെന്നും പഠിപ്പിക്കുകയാണ് തന്റെ ഉപദേശങ്ങളിലൂടെയും പ്രായോഗികജീവിതത്തിലൂടെയുമെല്ലാം നബി (സ്വ) ചെയ്തത്. ഭരണകാര്യങ്ങളുമായി ബന്ധപ്പെടുന്ന വ്യത്യസ്ത അവസ്ഥകളില്‍, സംസ്കരിക്കപ്പെട്ട വ്യക്തി എങ്ങനെ പെരുമാറണമെന്ന് മക്കയിലും മദീനയിലുമുള്ള നബിജീവിതത്തിലൂടെയും അബ്സീനിയയില്‍ പ്രവാസികളായി ജീവിച്ച അനുയായികള്‍ക്ക് നല്‍കിയ ഉപദേശ-നിര്‍ദേശങ്ങളിലൂടെയും നബി (സ്വ) പഠിപ്പിച്ചു. സംസ്കരിക്കപ്പെട്ട വ്യക്തിയുടെ കയ്യില്‍ ഭരണാധികാരം ലഭിക്കുമ്പോള്‍ എങ്ങനെ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്ന് മദീനാ ജീവിതത്തിലൂടെ നബി (സ്വ) കാണിച്ചുകൊടുത്തു. പലായനം ചെയ്തെത്തിയ മുഹാജിറുകളും അവരെ സര്‍വാത്മനാ സ്വീകരിച്ച അന്‍സ്വാറുകളും ഇസ്ലാമിനോട് ശത്രുതയുമായി കഴിയുന്ന മുശ്രിക്കുകളും ജൂതന്‍മാരും മുസ്ലിം കുപ്പായമിട്ട് നടക്കുന്ന കപടവിശ്വാസികളുമടങ്ങുന്ന മദീനാ പൌരസമൂഹത്തിന് സുരക്ഷയും സമാധാനവും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഒരു രാഷ്ട്രനേതാവിന്റെ ചുമതലയാണെന്ന് മനസ്സിലാക്കി അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച മുഹമ്മദ് നബി (സ്വ)യില്‍ സംസ്കരിക്കപ്പെട്ട വ്യക്തിക്ക് അധികാരം ലഭിച്ചാല്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്നതിന് കൃത്യമായ മാതൃകയുണ്ട്. ആദര്‍ശമനുസരിച്ച് ഭരിക്കാന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍, ആരെയും നിര്‍ബന്ധിച്ച് ആദര്‍ശവാദികളാക്കിത്തീര്‍ക്കുകയോ ആദര്‍ശം അടിച്ചേല്‍പിക്കുവാനായി ക്രൂരതകള്‍ കാണിക്കുകയോ അല്ല, തന്റെ വരുതിയിലുള്ളവരോട്പോലും ആദര്‍ശപ്രബോധനം നിര്‍വഹിക്കുകയും അത് സ്വീകരിക്കുവാനും തിരസ്കരിക്കുവാനുമുള്ള സ്വാതന്ത്യ്രം നല്‍കുകയുമാണ് നബി (സ്വ) ചെയ്തത്. ആദര്‍ശത്തി ന്റെ പേരില്‍ അടിച്ചമര്‍ത്തുകയായിരുന്നില്ല; ആദര്‍ശജീവിതം നയിച്ചുകൊണ്ട് മാതൃകയാവുകയും പൌരന്‍മാര്‍ക്ക് സുരക്ഷിതമായി ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുകയുമായിരുന്നു ഒരു ഭരണാധികാരിയെന്ന നിലയിലുള്ള നബി (സ്വ)യു ടെ ദൌത്യം. പ്രസ്തുത ദൌത്യനിര്‍വഹണത്തിനുവേണ്ടിയുള്ള വ്യത്യസ്ത നടപടികളാണ് മദീനയില്‍ എത്തിയതുമുതല്‍ നബി (സ്വ) സ്വീകരിച്ചത്.

 

 

 

Reference:

 

1) Greg King: The Last Empress: The Life and Times of Alexandra Feodorovna, Tsarina of Russia, New Jerzy, 2001, Page 358.

 

2) Anthony Summers & Tom Mangold: The File on the Tsar, New York, 1976, Pages 102-176.

 

3) Karl Marx: Critique of the Gotha Programme, in Karl Marx & Frederick Engels: Selected Works, Moscow, 1970, Volume 3, Page29

 

4) "The letter from Marx to Joseph Weydemeyer dated March 5, 1852'' in Karl Marx & Frederick Engels: Collected Works Vol. 39, New York, 1983,Pages 63.

 

5) "Engels's letter to A. Bebel of March 18-28, 1875" Marx and Engels: Selected Correspondence, Moscow, 1955, Page 357

 

6) "Vladimir Lenin: The Proletarian Revolutionand theRenegade Kautsky'' from Lenin: Collected Works, Moscow, 1974, Volume 28, Pages 227-325

 

7) Marc Jansen & Nikita Petrov: Stalin's Loyal Executioner: People's Commissar Nikolai Ezhov, 1895-1940, Hoover, 2002, Page 72

 

8) കുറ്റവാളികളായി സ്റാലിന്‍ ഭരണകൂടം വിധിക്കുന്നവരെ നിര്‍ബന്ധതമായി പണിയെടുപ്പിക്കുന്നതിനു വേണ്ടി അയച്ചിരുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഗുലാഗ് എന്ന് അറിയപ്പെട്ടിരുന്നത്. 1929 മുതല്‍ 1953 വരെയുള്ള സ്റാലിന്‍ ഭരണകാലത്ത് ആകെ 1.4 കോടി പേര്‍ ഇത്തരം ക്യാംപുകളില്‍ അയക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ പതിനാറു ലക്ഷം പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

 

9) Stephen G. Wheatcroft, "Victims of Stalinism and the Soviet Secret Police: The Comparability and Reliability of the Archival Data. Not the Last Word'', Europe-Asia Studies, Vol. 51, No. 2 (Mar., 1999), Pages 315,345

 

10) Robert Conquest: Preface, The Great Terror: A Reassessment: 40th Anniversary Edition, Oxford, 2007, Page xv

 

11) R.W. Davies & S.G. Wheatcroft: The Industrialization of Soviet Russia, volume 5. The Years of Hunger: Soviet Agriculture, 1931-1933, Basingstoke, 2004. Page. xvii

 

12) Jonathan Fenby: Modern China: The Fall and Rise of a Great Power, 1850 to the Present, New York, 2008,Page 351 

 

13) Rudolph J. Rummel: China's Bloody Century: Genocide and Mass Murder since 1900. New Jersey, 2007, Page 223

 

14) Yang Kuisong: "Reconsidering the Campaign to Suppress Counterrevolutionarie s'': The China Quarterly, 193, March 2008, 

 

Page102–121. (http://journals.cambridge.org)

 

15) ArifaAkbar: "Mao's Great Leap Forward 'killed 45 million in four years''', The Indep endent,17. 09. 2010 (http://www.independen t.co.uk) 

 

16) Roderick MacFarquhar& Michael Schoenhals: Mao's Last Revolution, Harvard, 2006, Page 262

 

17) Bruce Sharp: "Counting Hell: The Death Toll of the Khmer Rouge Regime in Cambodia'' http://www.mekong.net/camb odia/deaths.htm

 

18) Benjamin A Valentino: Final Solutions: Mass Killing and Genocide in the Twentieth Century. Cornell, 2005 Pages 91–151.

 

19) Rudolph Rummel: Statistics Of Dem ocide: Genocide and Mass Murder since 1900, London, 1998, Page 178

 

20) StephaneCourtois: The Black Book of Communism: Crimes, Terror, Repression. Tra ns.: Jonathan Murphy & Mark Kramer; Harva rd, 1999, Pages 108-111

 

21) Christopher Andrew and Vasili Mitrokhin: The World Was Going Our Way: The KGB and the Battle for the Third World, New York, 2005Page 457

 

22) ചൈനീസ് പത്രപ്രവര്‍ത്തകനായ യാങ്ജിഷെങ്ങ് എഴുതിയ "സത്യത്തിനു വേണ്ടിയുള്ള പട്ടിണി'' എന്ന പുസ്തകത്തില്‍ നിന്ന് വിക്കിപീഡിയ ലേഖകന്‍ ഉദ്ധരിച്ചത്. "Great Chinese Famine'' (http://en.wikipe dia.org)

 

23) അതേ ലേഖനം

 

24) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ അമ്പിയാഅ്

 

25) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മഗാസി; സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദു അസ്സൈര്‍

 

26) അലിയ്യുബ്നു അബൂബക്ര്‍ അല്‍ ഹയ്തമിയുടെ 'മജ്മഉല്‍ സവാഇദി'ല്‍ നിന്ന് (http://www.islamreligion.com/articles/580/)

 

27) Alfred Guillaume. The Life of Muhammad-A Translation of IbnIshaq's SiratRasul Allah, Karachi, 2007 Page 277

 

28) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇസ്തിസ്ഖാഅ്

 

29) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മനാഖിബ്

 

30) ഇമാം ത്വബ്രി: ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ക്വുര്‍ആന്‍ 3:181

 

31) മുസന്നഫ് അബ്ദുര്‍റസാഖില്‍ നിന്ന് (10/407 ഹദീഥ്: 19515) ഡോ: അലി മുഹമ്മദ് അസ്സല്ലാബീ ഉദ്ധരിച്ചത്. Dr. Ali Muhammad As Sallaabee: The Noble Life of The Prophet, Riyadh, 2005, Volume2, Page 822

 

32) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ അഖീഖ; സ്വഹീഹു മുസ്ലിം, കിതാബുല്‍ ആദാബ്

 

33) സ്വഹീഹുല്‍ ബുഖാരി, കിതാബുബദ്ഉല്‍ ഖല്‍ഖ്

 

34) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്മ്

 

35) സ്വഹീഹുല്‍ ബുഖാരി, കിതാബുത്തഫ്സീര്‍

 

36) Alfred Guillaume. Opt. Cit. Page 246

 

37) സുനനു അബൂദാവൂദ് (19/22, 23) ബൈഹഖി (9/232); മുസന്നഫ് അബ്ദുറസാഖ് (9733); സ്വഹീഹായ പരമ്പരയോടു കൂടിയുള്ളതാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയത് (സുനനു അബൂദാവൂദ്, ഹദീഥ് 3003)

 

38) ശൈഖ് സ്വഫീയ്യുര്‍ റഹ്മാന്‍ മുബാറക്പൂരി: അര്‍റഹീഖുല്‍ മഖ്തൂം, റിയാദ്, 1997, പുറം 197

 

39) ജാമിഉത്തിര്‍മിദി, കിതാബുല്‍ മനാഖിബ്, അബ്ദുല്ലാഹി ബ്നു അദിയ്യി ബ്നു ഹംറാഇല്‍ നിന്ന് നിവേദനം ചെയ്ത ഈ ഹദീഥ് ഹസന്‍ ഗരീബ് സ്വഹീഹ് ആണെന്ന് ഇമാം തിര്‍മിദി രേഖപ്പെടുത്തിയിട്ടുണ്ട്. Abu Khaliyl: English Translation of Jami'At-Thirmidhi, Riyadh, 2007, Vol 6, Page 520-521, ഇമാം അല്‍ബാനിയും ഈ ഹദീഥ് സ്വഹീഹാണെന്നാണ് പറഞ്ഞിരിക്കുന്നത്, (സ്വഹീഹു സുനന്‍ അത്തിര്‍മിദി, ഹദീഥ് 3083 )

 

40) സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ മദീന

 

41) ഇബ്നു ഇസ്ഹാഖിന്റെ ഈ നിവേദനം സ്വഹീഹായ പരമ്പരയോടു കൂടിയുള്ളതാണെന്ന് ഇമാം അല്‍ബാനി (മുഹമ്മദുല്‍ ഗസ്സാലിയുടെ ഫിഖ്ഹുസ്സീറക്ക് അല്‍ബാനി എഴുതിയ അടിക്കുറിപ്പുകള്‍, പുറം 166) വ്യക്തമാക്കിയിട്ടുണ്ട്. http://www.alalbany.n etalbany_doc_books.php)

 

42) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മഗാസി

 

43) സ്വഹീഹു മുസ്ലിം, കിതാബു ഫദാഇലി സ്സ്വഹാബ

 

44) ജാമിഉത്തിര്‍മിദി (44/5); ബൈഹഖി (8/9); അല്‍ഹാക്കിം (2/313). ഇതിന്റെ പരമ്പര ഹസനാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട് (ജാമിഉത്തിര്‍മിദി, ഹദീഥ്: 3044)

 

45) ഇമാം ത്വബ്രി: ജാമിഉല്‍ ബയാന്‍ ഫീതഫ്സീരില്‍ ക്വുര്‍ആന്‍ 2:142

 

46) സുനനു ന്നസാഇ, കിതാബുല്‍ ജിഹാദ്, ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം അല്‍ബാനി പറഞ്ഞിട്ടുണ്ട്. (സുനനു ന്നസാഇ ഹദീഥ്: 3085)

 

47) അതേ ഹദീഥ്

 

48) S. Moinul Haq: IbnSa'ad’sKitab Al-ta baqat Al-kabir, New Delhi, 2009, Vol2, Page 2

 

49) Rizwi Faizer: The Life of Muhammad Al-Waqidi’sKitab al-Magazi, New York, 2011, Page3

 

50) Alfred Guillaume. Opt. Cit. Page 283-285

 

51) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മനാഖിബ്

 

52) അതേ ഹദീഥ്

 

53) മുസ്നദ് അഹ്മദ് 3:70; ഇമാം ഇബ്നു കഥീര്‍: അല്‍ബിദായ വന്നിഹായ 3/272

 

54) Dr. Ali Muhammad As Sallaabee: Opt. Cit., Page 882

 

55) S. Moinul Haq: Opt. Cit. Page 3& Riz wi Faizer: Opt. Cit., Page 3

 

56) Alfred Guillaume. Opt. Cit. Page 281-283

 

57) Alfred Guillaume. Ibid. Page 281& Rizwi Faizer: Opt. Cit., Page 3. 

 

58) S. Moinul Haq: Opt. Cit. Page 5

 

59) Alfred Guillaume. Opt. Cit. Page 286; Rizwi Faizer: Opt. Cit., Page 3; S. Moinul Haq: Opt. Cit. Page 4

 

60) Alfred Guillaume. Opt. Cit. Page 285; Rizwi Faizer: Opt. Cit., Page 3; S. Moinul Haq: Opt. Cit. Page 5-6

 

61) Alfred Guillaume. Opt. Cit. Page 286; Rizwi Faizer: Opt. Cit., Page 3; S. Moinul Haq: Opt. Cit. Page 6

 

62) Alfred Guillaume. Opt. Cit. Page 286; Safi urRahman Al Mubarakpuri: The Sealed Nectar: Biography of the Noble Prophet, Riyadh, 2002, Page 245

 

63) Alfred Guillaume. Opt. Cit. Page 285; Rizwi Faizer: Opt. Cit., Page 3; S. Moinul Haq: Opt. Cit. Page 6-7

 

64) അബ്ദുല്ലാഹിബ്നു ജഹ്ശിനോടൊപ്പം അയച്ചത് എട്ടുപേരെയായിരുന്നുവെന്ന് ഇബ്നു ഇസ്ഹാഖും (അഹളൃലറ ഏൌശഹഹമൌാല. ഛു. ഇശ. ജമഴല 286287), പന്ത്രണ്ട് പേരെയായിരുന്നുവെന്ന് ഇബ്നു സഅദും (ട. ങീശിൌഹ ഒമൂ: ഛു. ഇശ. ജമഴല 8) രേഖപ്പെടുത്തുന്നു. ഇരുവരും നിവേദക പരമ്പര പരാമര്‍ശിച്ചിട്ടില്ല.

 

65) Alfred Guillaume. Opt. Cit. Page 286-289; Rizwi Faizer: Opt. Cit., Page 3; S. Moinul Haq: Opt. Cit. Page 7-9

 

66) ഇമാം ത്വബ്രി: ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ക്വുര്‍ആന്‍ 2:142

 

 

 

66) ഇമാം ത്വബ്രി: ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ക്വുര്‍ആന്‍ 2:142