ചൈന പഠിക്കുന്നത് ഇന്ത്യ പഠിക്കേണ്ടത്

എം.എം അക്ബര്‍

ഇരുപത്തിയെട്ട് ടെലിവിഷന്‍ ചാനലുകളും ഇരുപത്തിയാറ് വര്‍ത്തമാന പത്രങ്ങളുമുള്ള മാധ്യമസമ്പന്നമായ ഭാഷയാണ് മലയാളം. നാലുകോടിയോളം മാത്രം വരുന്ന മലയാളികളെ ലോകത്തെങ്ങും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി തെര്യപ്പെടുത്താന്‍ വേണ്ടി മാത്രമായുള്ളതാണ് ഇവയില്‍ ആറ് മുഴുസമയ വാര്‍ത്താചാനലുകള്‍. വാര്‍ത്തകളെ അപഗ്രഥിച്ചും സംഭവങ്ങളെ വ്യാഖ്യാനിച്ചും ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകരുടെയും വീക്ഷണ വൈവിധ്യങ്ങളെ മാറ്റുരച്ചും മലയാളികള്‍ക്ക് ‘ലോകബോധമുണ്ടാക്കുവാന്‍’ വേണ്ടിയുള്ള ഇവയുടെ മത്സരങ്ങള്‍ക്ക് ഹോമിക്കുവാന്‍ വിലപ്പെട്ട സ്വന്തം സമയം പതിച്ചു നല്‍കുന്നവര്‍ അറിയുന്നില്ല; തങ്ങള്‍ വളരെ സമര്‍ഥമായി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെടുകയാണെന്ന്. മലബാറിലെ മങ്കമാരിലാര്‍ക്കെങ്കിലും പതിനെട്ട് വയസ്സിനുമുമ്പ് വിവാഹിതരാകണമെന്ന് ആഗ്രഹം തോന്നിയാല്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാത്രം ദിവസങ്ങള്‍ നീക്കിവെക്കുന്ന പത്രപ്രവര്‍ത്തന നൈതികതയുടെ വെള്ളരിപ്രാവുകള്‍ ചിലപ്പോള്‍ തങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന സാമ്രാജ്യത്വത്തമ്പുരാക്കന്‍മാര്‍ക്ക് ഇഷ്ടമില്ലാത്ത ചില വിലയുള്ള വര്‍ത്തമാനങ്ങള്‍ അതിസമര്‍ഥമായി മൂടിവെക്കാറുണ്ട്. മതസംഘടനകളുടെ ഓഫീസുകളില്‍ നിരങ്ങി അവരെ തമ്മില്‍ തല്ലിക്കുവാനായി വേണ്ടി മാത്രം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തൂലിക ചലിപ്പിക്കുന്നവര്‍ പോലും പൊതുവായ ഈ മാധ്യമനിലപാടിനെ ചോദ്യം ചെയ്യാറില്ല. അങ്ങനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതുമുതല്‍ പന്ത്രണ്ട് വരെയുള്ള  ദിവസങ്ങളില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്ലീനത്തിന്റെ സുപ്രധാനമായ ഒരു തീരുമാനത്തെക്കുറിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഏതെങ്കിലുമൊരു മാധ്യമം സന്നദ്ധമാകുമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാനപ്പെട്ട വിഭവമായ മാനവവിഭവശേഷിയെ വെട്ടിക്കുറച്ചുകൊണ്ട് അവയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനായി സാമ്രാജ്യത്വം സൃഷ്ടിച്ച ജനസംഖ്യാഭീതിയുടെ പ്രധാനപ്പെട്ട ഇരകളിലൊന്നായിരുന്ന ചൈന, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി തങ്ങള്‍ പിന്തുടര്‍ന്നുപോന്ന ജനസംഖ്യാ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന തിരിച്ചറിവിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ബെയ്ജിംഗിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായി നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങള്‍ എന്ന വസ്തുത തുറന്നുപറയാന്‍ നമ്മുടെ മാധ്യമങ്ങള്‍ ഭയപ്പെടുന്നതെന്തിനാണ്? അമേരിക്കയെ പിന്തള്ളി, രണ്ടായിരത്തി ഇരുപതോടെ ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാകുവാന്‍ തങ്ങള്‍ക്ക് കഴിയണമെങ്കില്‍ തങ്ങള്‍ തുടര്‍ന്നുപോന്ന ജനസംഖ്യാനയം തിരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും പ്രധാനമന്ത്രി ലി  കെചിയാങ്ങിന്റെയും നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചൈനാ ഭരണാധികാരികളുടെ കുമ്പസാര നടപടികള്‍ ഇന്ത്യയ്ക്കും പാഠമായിത്തീര്‍ന്നാല്‍ അത് ഏഷ്യയുടെ ഉദയത്തിന് കാരണമാകുമെന്ന് ഭയക്കുന്നവരുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ചലിക്കുന്നവരായിത്തീരാന്‍ നമ്മുടെ മാധ്യമത്തമ്പുരാക്കന്‍മാരെ പ്രേരിപ്പിക്കുന്നതെന്താണ്? കോഴിക്കോട്ടെ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിവാഹിതയാകുമ്പോള്‍ അവള്‍ക്ക് പതിനേഴേമുക്കാല്‍ വയസ്സേ പ്രായമായിരുന്നുള്ളൂവെന്ന് സ്ഥാപിക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ നൂറിലൊന്നെങ്കിലും കാണിച്ച് നമ്മുടെ നാടിനെ മുന്നിലെത്തിക്കാന്‍ പോന്ന നടപടികള്‍ക്ക് ഭരണാധികാരികളെ പ്രേരിപ്പിക്കാനുതകുന്ന, ഒരു കുഞ്ഞേ പാടുള്ളുവെന്ന കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി തുടര്‍ന്നുപോരുന്ന നയം തിരുത്താന്‍ ചൈനയെ പ്രേരിപ്പിച്ച കാര്യങ്ങളെക്കുറിച്ച ഒരു ചെറിയ ചര്‍ച്ചയെങ്കിലും നടത്താന്‍ മാധ്യമ പ്രവര്‍ത്തനരംഗത്ത് പാരമ്പര്യമുള്ളവരും നവാഗതരുമെല്ലാം ഒരേപോലെ മടിച്ചുനില്‍ക്കുന്നതെന്തുകൊണ്ടാണ്?

  1949 ഒക്‌റ്റോബര്‍ ഒന്നിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ മാവോസേതൂങ്ങ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്നതായി പ്രഖ്യാപിച്ചതുമുതല്‍ ആരംഭിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് യഥാര്‍ഥത്തില്‍ ബീജിങ്ങിലെ കമ്മ്യൂണിസ്റ്റ് പ്ലീനത്തില്‍ നടന്ന, ‘ഒരു കുഞ്ഞ് പോളിസി’ (ഛിലരവശഹറ ുീഹശര്യ) എടുത്തുകളയാന്‍ വേണ്ടിയുള്ള തീരുമാനം. കമ്മ്യൂണിസ്റ്റ് ചൈനയുടെ പിതാവായ മാവോ സെതുങ്ങ് ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്കെതിരായിരുന്നു. ജനസംഖ്യാ വര്‍ധനവ് നാടിന് നന്മ മാത്രമേ വരുത്തൂവെന്നും രാഷ്ട്രത്തിന്റെ ശാക്തീകരണത്തിന് മാനവവിഭവശേഷിയുടെ വര്‍ധനവ് അനിവാര്യമാണെന്നും കരുതിയ(1) അദ്ദേഹത്തിന്റെ ഭരണകാലത്ത്, ചൈനയുടെ ജനസംഖ്യ ഇരട്ടിയോളം വര്‍ധിച്ചു. 1949ല്‍ മാവോ ഭരണമേല്‍ക്കുമ്പോള്‍ അമ്പത്തിനാലുകോടി ചൈനക്കാരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 1976ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ അത് തൊണ്ണൂറ്റിനാലു കോടിയായി ഉയര്‍ന്നു.(2) മാവോക്കുശേഷം സ്ഥിതിഗതികള്‍ മാറി. മൂന്നാം ലോകത്തിന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം അവിടുത്തെ ജനസംഖ്യയാണെന്ന മുതലാളിത്ത പ്രചരണത്തില്‍, അതിന്റെ ദ്രംഷ്ടകളെക്കുറിച്ച് മനസ്സിലാക്കാതെ, ഹുആ ഗുവോഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണാധികാരികള്‍ വീണുപോയി. അങ്ങനെയാണ് ആദ്യം രണ്ടു മക്കളേ പാടുള്ളൂവെന്ന നയവും പിന്നീട് ഒരൊറ്റ കുട്ടിയെ ആകാവൂയെന്ന നയവും സ്വീകരിക്കപ്പെട്ടത്. 1970 ലെ കണക്കുകള്‍ പ്രകാരം ഒരു ശരാശരി ചൈനീസ് മാതാവിന് ആറു മക്കളാണുള്ളതെങ്കില്‍ 1980 ആയപ്പോഴേക്ക് അത് മൂന്നും(3) 2010 ആയപ്പോള്‍ അത് ഒന്നരയുമായി തീര്‍ന്നു.(4) ഇന്നത്തെ ചൈനയിലെ തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും ജനസംഖ്യാ നിയന്ത്രണമില്ലാതിരുന്ന മാവോകാലത്ത് ജനിച്ചവരാണ്. ലോകത്തിന്റെ സാമ്പത്തിക നെറുകയിലേക്ക് കയറാനുള്ള ചൈനയുടെ കുതിപ്പിന് ഊര്‍ജം പകരുന്നത് ഈ ജനസംഖ്യയാണ്. ഉയര്‍ന്ന ജനസംഖ്യയുള്ള ചൈനയിലെ മാനവവിഭവശേഷിയെ ക്രിയാത്മകമായി ആസൂത്രണം ചെയ്യുവാന്‍ പദ്ധതികളാവിഷ്‌കരിക്കുകയും സ്വകാര്യസമ്പത്തിനോടുള്ള കമ്മ്യൂണിസത്തിന്റെ കുടിപ്പകയെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ മാത്രം അഭിരമിക്കാന്‍ വിട്ട് നാടിന്റെ പുരോഗതിയെ ബാധിക്കുന്ന പ്രായോഗികഭൂമികകളുടെ നാലയലത്തുപോലും അതിനെ നിര്‍ത്താതിരിക്കുകയും ചെയ്യുവാന്‍ മാവോയുടെ പിന്‍ഗാമികള്‍ക്കു കഴിഞ്ഞതുകൊണ്ടാണ് ചൈന പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രമായിത്തീര്‍ന്നത്.

  മാനവവിഭവശേഷിയാണ് യഥാര്‍ഥത്തിലുള്ള രാഷ്ട്രസമ്പത്ത് എന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന പിന്‍ഗാമികള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കണമെന്നതാണ് മാവോയുടെ ചൈനയുടെ മുമ്പിലുള്ള പ്രധാനപ്പെട്ട പ്രതിസന്ധി. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ ലോക സമ്പദ്ഘടനയുടെ നെറുകയില്‍ ഇരിക്കുവാന്‍ ചൈനക്ക് ഭാഗ്യം ലഭിച്ചാല്‍ തന്നെയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവിടെനിന്ന് വീഴേണ്ട ഗതികേടിലാണ് തങ്ങളുടെ രാജ്യം എത്തിച്ചേരുകയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മാനവവിരുദ്ധവും ക്രൂരവുമായ ‘ഒരൊറ്റ കുട്ടി നയം’ പിന്‍വലിക്കുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്ലീനം തീരുമാനിച്ചിരിക്കുന്നത്.

  ജനസംഖ്യാ വര്‍ധനവാണ് മൂന്നാം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് വരുത്തിതീര്‍ക്കുന്ന ഐക്യരാഷ്ട്ര സഭാ സംഘടനകളുടെ പ്രചരണത്തില്‍ വശംവദമായി ‘ഒറ്റ കുട്ടി’ നയത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ 1977മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും രാഷ്ട്രവ്യാപകമായി ചൈനയില്‍ ഈ നയം നടപ്പാക്കാനാരംഭിച്ചത് 1979 ലായിരുന്നു.(5) അന്നുമുതല്‍ തന്നെ രാജ്യത്തിന്റെ വികസനത്തിനും ഭാസുരമായ ഭാവിക്കും വേണ്ടിയെന്ന ലേബലോടെ ഈ നിയമം പൗരന്‍മാരുടെ മേല്‍ ശക്തമായി അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. രണ്ടു ലക്ഷം ചൈനീസ് യുവാന്‍ (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ 4,80,000 ചൈനീസ് യുവാന്‍ വരെ (48 ലക്ഷം രൂപ) പിഴയടക്കേണ്ടി വരുമെന്ന വിധത്തിലുള്ള ഈ നിയമം(6) അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലാത്ത സ്ഥിതി സൃഷ്ടിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. ആരെങ്കിലും രണ്ടാമത് ഗര്‍ഭിണിയായാല്‍ അവരുടെ ഗര്‍ഭം അലസിപ്പിക്കാനായി ജനസംഖ്യാ നിയന്ത്രണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടായി. ഓരോ മണിക്കൂറിലും ആയിരത്തി അഞ്ഞൂറ് ഗര്‍ഭസ്ഥ ശിശുക്കള്‍ ഒറ്റ കുഞ്ഞ് നയത്തിന്റെ ഫലമായി കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ നിയമം നടപ്പിലാക്കാനാരംഭിച്ച ശേഷം 33.6 കോടി ഗര്‍ഭഛിദ്രങ്ങളും 19.6 കോടി വന്ധ്യംകരണങ്ങളും നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.(7) 1979നും 2011നുമിടയ്ക്ക് നാല്‍പത് കോടി ജനനങ്ങള്‍ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചൈനീസ് അധികാരികള്‍ പറയുമ്പോള്‍(8) അവിടെ നടക്കുന്ന ക്രൂരമായ ഗര്‍ഭഛിദ്രങ്ങളുടെയും നിര്‍ബന്ധിത വന്ധ്യംകരണങ്ങളുടെയും ഭീകരമായ ചിത്രം ലോകത്തിന് ലഭിക്കുന്നുണ്ട്. ഡെങ്ങ് ജിയ്വാന്‍, ഫെങ്ങ് ജിയാന്‍മെയ് ദമ്പതികള്‍ക്ക് പിഴ അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ഫെങ്ങിന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന ഏഴുമാസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ കൊല്ലുവാന്‍ നിര്‍ബന്ധിച്ച ചൈനീസ് ജനസംഖ്യാ ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തിലാണ് ചൈനീസ് മാധ്യമങ്ങളുടെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് നിമിത്തമായത്.(9) ആറുമാസത്തില്‍ കൂടുതല്‍ പ്രായമായ ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാന്‍ പാടില്ലെന്ന ചൈനീസ് നിയമം പോലും ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം തന്നെ ‘ഒരു കുഞ്ഞ് നയം’ എത്രത്തോളം ക്രൂരവും നികൃഷ്ടവുമാണെന്നുകൂടി ഇത് മനസ്സിലാക്കിത്തരുന്നുണ്ട്.

  നാടിന്റെ നന്മയ്ക്ക് എന്ന മുതലാളിത്ത മസ്തിഷ്‌കപ്രക്ഷാളനത്തില്‍ കുരുങ്ങി സ്വന്തം മാനവവിഭവശേഷിയെ തകര്‍ക്കാന്‍ പദ്ധതികളുണ്ടാക്കുകവഴി ചൈന എത്തിച്ചേര്‍ന്ന ഭീമാകാരമായ സാമൂഹിക പ്രതിസന്ധികളുടെ ആഴമെത്രയാണെന്ന് അറിയുമ്പോഴാണ് ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ നമ്മുടെ നാടും നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് നാശത്തിലേക്കാണെന്ന വസ്തുത ബോധ്യപ്പെടുക. ഒറ്റ കുഞ്ഞ് നയത്തിലൂടെ ചൈന വയസ്സന്‍മാരുടെ നാടായിത്തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം ഈ നയത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപം. ഒറ്റ കുഞ്ഞ് നയം രൂപീകരിക്കുന്ന കാലത്ത് ചൈനീസ് പൗരന്റെ ശരാശരി പ്രായം 22.4 വയസ്സായിരുന്നുവെങ്കില്‍ ഇന്ന് അത് 34.5 വയസ്സാണ്. 2050 ആകുമ്പോഴേക്ക് ഇത് 53.4 വയസ്സായിത്തീരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ശരാശരി ചൈനക്കാരന് വയസ്സ് കൂടിക്കൊണ്ടിരിക്കുന്നുവെന്നതിനര്‍ഥം അധ്വാനിക്കാനാവുന്ന യുവാക്കളുടെ എണ്ണം കുറയന്നുവെന്നും വൃദ്ധന്‍മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ്. 1980ലെ കണക്കുകള്‍ പ്രകാരം 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചൈനീസ് ജനസംഖ്യയുടെ 5.2 ശതമാനമായിരുന്നെങ്കില്‍ 2000ല്‍ ഏഴു ശതമാനവും 2011ല്‍ 9.1 ശതമാനവുമായിത്തീര്‍ന്നിട്ടുണ്ട്. അതേസമയം 1980ല്‍ ചൈനീസ് ജനസംഖ്യയുടെ 35.5 ശതമാനം പതിനാല് വയസ്സിന് താഴെയുള്ളവരായിരുന്നുവെങ്കില്‍ 2000ല്‍ ഇത് 22.9 ശതമാനമായും 2011ല്‍  16.5 ശതമാനമായും കുറയുകയാണ് ചെയ്തിട്ടുള്ളത്. ചൈനീസ് ജനസംഖ്യയുടെ 17.4 ശതമാനം 2030ലും 29.3 ശതമാനം 2050ലും വൃദ്ധന്‍മാരായിരിക്കുമെന്നും എന്നാല്‍ 2030ല്‍ 10.8 ശതമാനം മാത്രവും 2050ല്‍ 9.1 ശതമാനം മാത്രവുമായിരിക്കും കുട്ടികളുടെ എണ്ണമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ ചൈനീസ് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് നിമിത്തമായിയെന്നാണ് പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയില്‍ ചൈനയിലെ അധ്വാനിക്കുന്നവരുടെ ശതമാനത്തിലുണ്ടായ കുറവ് ഞെട്ടിപ്പിക്കുന്നതാണ്. 15 വയസ്സിനും 64 വയസ്സിനുമിടയിലുള്ളവരെ അധ്വാനിക്കുന്നവരായി കണ്ടുകൊണ്ടുള്ള ചൈനീസ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 1982ല്‍ നിന്ന് 2011ലെത്തുമ്പോള്‍ ഈ വിഭാഗം 62.6 ശതമാനത്തില്‍നിന്ന് 34.4 ശതമാനമായി താഴുകയാണ് ചെയ്തിരിക്കുന്നത്. അധ്വാനിക്കുന്നവരെ ആശ്രയിച്ചുനില്‍ക്കുന്ന വൃദ്ധന്‍മാരുടെ അനുപാതം 1980ല്‍ 8.7ഉം 2010ല്‍ 11.3ഉം ആണെങ്കില്‍ 2030 ല്‍ അത് 39.2 ശതമാനവും 2050ല്‍ അത് 47.6 ശതമാനവുമായിത്തീരുമെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒമ്പത് ജോലിക്കാര്‍ ഒരു ഉദ്യോഗമൊഴിഞ്ഞയാളെ സംരക്ഷിക്കുന്ന രീതിയിലുള്ള ഇന്നത്തെ ചൈനീസ് പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് ഒരാള്‍ ഒരാളെ സംരക്ഷിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് മാറാന്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ മതിയെന്ന സ്ഥിതി എന്തുമാത്രം ഭീഷണമല്ല! ഒരു നാട്ടിലെ പകുതിയിലധികം പേരും അറുപത്തിയഞ്ച് കഴിഞ്ഞ വൃദ്ധന്‍മാരായിത്തീരുന്ന സ്ഥിതിയാണ് ഒറ്റ കുഞ്ഞ് നയം വഴി ചൈനയിലുണ്ടാകാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ് പരിഹാരമന്വേഷിക്കുന്ന ചൈനീസ് ഭരണാധികാരികളുടെ നെട്ടോട്ടത്തില്‍ നിന്ന് പാഠമുള്‍െകാള്ളുവാന്‍ പാശ്ചാത്യന്‍ പഠനങ്ങളില്‍നിന്ന് ഊര്‍ജമുള്‍െകാണ്ട് ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന് പാടിപ്പഠിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരെ പരിശീലിപ്പിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ സന്നദ്ധമാകേണ്ടതാണ്.

  വൃദ്ധന്‍മാരുടെ നാടായിത്തീരുന്ന ചൈനയുടെ സാമ്പത്തികരംഗവും സാമൂഹ്യരംഗവുമെല്ലാം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഓരോ ചൈനീസ് പൗരനും തന്നെ ആശ്രയിക്കുന്ന ആറ് വൃദ്ധന്‍മാരുണ്ടാകുന്ന സ്ഥിതിയാണ് ഒറ്റ കുഞ്ഞ് നയം മൂലം സംജാതമായിരിക്കുന്നത്. തന്റെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും ഒരാളുടെ സംരക്ഷണത്തില്‍വരുന്ന സ്ഥിതിവിശേഷം എന്തുമാത്രം പ്രയാസകരമായിരിക്കും. ശരാശരി ചൈനീസ് ഗൃഹത്തില്‍ പന്ത്രണ്ട് വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരേയൊരു കുഞ്ഞുമുണ്ടാകുന്ന സ്ഥിതി! മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമെല്ലാം മരണപ്പെട്ടവരാണെങ്കില്‍പോലും ഒരു വീട്ടില്‍ നാലു വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരേയൊരു കുഞ്ഞുമാണുണ്ടാവുക. വൃദ്ധന്‍മാര്‍ക്ക് വേണ്ട പരിചരണവും കാരുണ്യവും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം സംജാതമാകുന്നത്. വൃദ്ധന്‍മാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന ഔദ്യോഗിക വിശദീകരണം പൂര്‍ണമായും സത്യസന്ധമാണെങ്കില്‍ പോലും അവര്‍ക്ക് മക്കളും പേരമക്കളും നല്‍കേണ്ട കാരുണ്യവും പരിഗണനയും നല്‍കാന്‍ പെന്‍ഷന്‍ പദ്ധതികളെകൊണ്ട് കഴിയുകയില്ലെന്നുറപ്പാണ്. വൃദ്ധന്‍മാര്‍ വര്‍ധിക്കുകയും അവരെ വേണ്ടരീതിയില്‍ പരിചരിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ എന്ത് പ്രതിസന്ധിയാണ് ഒരു രാജ്യത്തിന് നേരിടാനുള്ളത്!

  ഒറ്റ കുഞ്ഞ് നയം മൂലം ചൈന നേരിടുന്ന ധാര്‍മിക പ്രതിസന്ധികളില്‍ പ്രയാസപ്പെട്ടതാണ് കുറഞ്ഞുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം. ഒരേ ഒരു കുട്ടിയേ പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞ് ആണ്‍കുട്ടി തന്നെയായിരിക്കണമെന്ന് ഭൂരിപക്ഷം ചൈനീസ് ദമ്പതികളും തീരുമാനിക്കുകയും പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭാശയത്തില്‍വെച്ച് തന്നെ നശിപ്പിക്കുകയും ആണ്‍ ഭ്രൂണമുണ്ടാകുന്നതുവരെ ഈ നശിപ്പിക്കല്‍ പ്രവണത തുടരുകയും ചെയ്യുന്നതിനാല്‍ പുരുഷ-സ്ത്രീ അനുപാതത്തില്‍ വലിയ അന്തരമാണ് അവിടെ നിലനില്‍ക്കുന്നത്. ചൈനയില്‍ ആയിരം പെണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ 1120 ആണ്‍കുട്ടികള്‍ പിറക്കുന്നുണ്ടെന്നാണ് സി. ഐ. എയുടെ ദി വേള്‍ഡ് ഫാക്ട് ബുക്ക് പറയുന്നത്.(11) 2020 ആവുമ്പോഴേക്ക് വിവാഹപ്രായമെത്തിയ പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാള്‍ മൂന്നുകോടിയിലധികമായിരിക്കുമെന്നാണ് കണക്ക്.(12) എല്ലാ പുരുഷന്‍മാര്‍ക്കും ഇണകളെ കിട്ടാനാവാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാവുകയെന്നും അത് സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാനാവുമെന്ന് ചൈനീസ് അധികാരികള്‍ക്ക് യാതൊരു എത്തും പിടിയുമില്ലെന്നും സി. എന്‍. എന്‍ ലേഖകനായ റോബ് ബ്യൂക്‌സ് വെളിപ്പെടുത്തുന്നുണ്ട്.(13)

  ജനസംഖ്യാ വര്‍ധനവാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് വരുത്തിതീര്‍ത്തുകൊണ്ട് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരി എഴുതിയ ‘ജനസംഖ്യയുടെ തത്ത്വത്തെക്കുറിച്ച ഒരു ഉപന്യാസം’(14) എന്ന കൃതി പുറത്തിറങ്ങിയതുമുതലാണ് ജനസംഖ്യാ സ്‌ഫോടനത്തെക്കുറിച്ച അടിസ്ഥാനരഹിതമായ ഭീതി പരക്കുവാന്‍ തുടങ്ങിയത്. ജനപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍ പട്ടിണിയും ദാരിദ്ര്യവും ക്ഷാമവും രോഗങ്ങളും അകാലമരണവുമെല്ലാം സംഭവിക്കുമെന്ന്  സ്ഥാപിച്ചുകൊണ്ട് എഴുതപ്പെട്ട പ്രസ്തുത കൃതിയിലെ വാദമുഖങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നതിന് അതിനുശേഷമുള്ള മനുഷ്യചരിത്രം തന്നെ സാക്ഷിയാണ്. മാല്‍ത്തൂസ് പുസ്തകമെഴുതിയപ്പോഴുള്ള ജനസംഖ്യയായ തൊണ്ണൂറുകോടിയില്‍നിന്ന് ഇന്നത്തെ ജനസംഖ്യയായ എഴുനൂറ് കോടിയിലേക്ക് മാനവരാശി നടന്നുപോയ രണ്ടു നൂറ്റാണ്ടുകളില്‍ ഭൂമിയില്‍ ക്ഷേമമാണോ അതല്ല ക്ഷാമമാണോ ഉണ്ടായതെന്ന ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം ക്ഷേമമാണെന്നു തന്നെയാണെന്ന വസ്തുത നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മാല്‍ത്തൂസിയന്‍ വാദങ്ങളെ പുനരുദ്ധരിച്ചുകൊണ്ട് 1968ല്‍ പോള്‍ എര്‍ലിച്ച് എഴുതിയ ജനസംഖ്യാ ബോംബ് എന്ന കൃതിയില്‍ ജനസംഖ്യാ സ്‌ഫോടനത്താല്‍ 1985  ആവുമ്പോഴേക്കും ലോകത്താകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യ നാടുകളില്‍ പലതും മരുഭൂമിയായിത്തീരുമെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 42 വയസ്സായി കുറയുമെന്നുമെല്ലാം പ്രവചിച്ചുവെങ്കിലും(15) അതൊന്നുംതന്നെ സംഭവിച്ചില്ല. മാല്‍ത്തൂസ് എഴുതുന്ന കാലത്തെ ജനസംഖ്യയുടെ ഏഴിരട്ടിയും എല്‍റിച്ചിന്റെ കൃതി പുറത്തിറങ്ങുന്ന കാലത്തെ ജനസംഖ്യയുടെ രണ്ട് ഇരട്ടിയുമാണ് ഇന്നത്തെ ജനസംഖ്യ. ആളുകളുടെ എണ്ണം കൂടിയതിനാല്‍ ഏതു തരത്തിലുള്ള ക്ഷാമവും പ്രശ്‌നങ്ങളുമാണ് മാനവരാശി നേരിടുന്നതെന്ന് ഇക്കാലങ്ങളിലെ മനുഷ്യക്ഷേമാവസ്ഥകളെ താരതമ്യം ചെയ്തുകൊണ്ട് സമര്‍ഥിക്കുവാന്‍ ജനപ്പെരുപ്പ ഭീതിയുടെ ഇന്നത്തെ വക്താക്കള്‍ സന്നദ്ധമാകുമോ?

  എണ്ണവര്‍ധനവിനോടൊപ്പം കുറേ ഉപഭോക്താക്കള്‍ മാത്രമല്ല സൃഷ്ടിക്കപ്പെടുന്നതെന്നും മനുഷ്യന്‍ സൃഷ്ടിക്കുന്ന വൈജ്ഞാനിക മുന്നേറ്റങ്ങളും സാങ്കേതിക വിപ്ലവങ്ങളുമെല്ലാം ഭൂമിയെ കൂടുതല്‍ ഉല്‍പാദനക്ഷമവും ക്ഷേമപ്രദവുമാക്കിത്തീര്‍ക്കുന്നുണ്ടെന്നുമുള്ള വസ്തുതകള്‍ വിസ്മരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്തുകൊണ്ടാണ് ജനസംഖ്യാഭീതിയുടെ വക്താക്കള്‍ കണക്കുകള്‍ നിരത്താറുള്ളത്. ജനസംഖ്യാ വര്‍ധനവിന്റെ ഗ്രാഫിന് സമാന്തരമായിട്ടല്ല പ്രത്യുത വര്‍ധമാനയായിട്ടാണ് ഭൂമിയിലെ ഉല്‍പാദനത്തിന്റെയും ക്ഷേമപദ്ധതികളുടെയും ഗ്രാഫ് മുന്നോട്ടുപോകുന്നതെന്ന വസ്തുത അവര്‍ കാണാന്‍ കൂട്ടാക്കാറില്ല. 1950ല്‍ ലോകത്തെ ജനസംഖ്യ 252 കോടിയായിരുന്നപ്പോള്‍ ഭൂമിയിലെ മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെങ്കില്‍ 1990ല്‍ 520 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പാദനം 180 കോടിയായിത്തീരുകയാണുണ്ടായതെന്ന് ഐക്യരാഷ്ട്രസഭയുടെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.(16) നാല്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്നര്‍ഥം. ആളോഹരി ഭക്ഷ്യധാന്യ ഉല്‍പാദനം ഒന്നര ഇരട്ടിയാവുകയാണ് ജനസംഖ്യ ഇരട്ടിയായപ്പോള്‍ സംഭവിച്ചതെന്ന വസ്തുത ജനസംഖ്യാ വിസ്‌ഫോടനത്തിലൂടെ ഉണ്ടാവുമെന്ന് ഭയപ്പെടുത്തുന്ന ക്ഷാമം ഒരു കെട്ടുകഥ മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്.

  ജനസംഖ്യാഭീതി സൃഷ്ടിക്കുന്നവരുടെ, ആള്‍പെരുപ്പം പൗരന്‍മാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന  വാദവും അടിസ്ഥാനരഹിതമാണെന്ന വസ്തുത ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 1901ല്‍ ഇന്ത്യയിലെ ജനസംഖ്യ 23.8 കോടിയായിരുന്ന സമയത്ത് ഇന്ത്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 24 വയസ്സായിരുന്നുവെങ്കില്‍ 2004ല്‍ ജനസംഖ്യ 102 കോടിയായപ്പോള്‍ ഇത് 62 വയസ്സായിത്തീര്‍ന്നുവെന്ന കണക്കുകള്‍ ജനസംഖ്യാ വര്‍ധനവ് അനാരോഗ്യമല്ല, ആരോഗ്യമാണ് പ്രദാനം ചെയ്യുന്നതെന്ന് തെര്യപ്പെടുത്തുന്നു.(17) ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരം കൂടുകയും ആരോഗ്യം വര്‍ധിക്കുകയും യുവാക്കളുടെയും കുട്ടികളുടെയും മരണനിരക്ക് കുറയുകയും ചെയ്തുവെന്ന വസ്തുത ആള്‍പെരുപ്പം നാശമല്ല, അനുഗ്രഹമാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

  ജനസംഖ്യാ വര്‍ധനവുമൂലം ജനസാന്ദ്രത വര്‍ധിക്കുകയും ഓരോരുത്തരുടെയും പ്രതിശീര്‍ഷവരുമാനം കുറയുന്നതിന് അത് നിമിത്തമാവുകയും അതുമൂലം ക്ഷാമവും വറുതിയുമുണ്ടാവുകയും ചെയ്യുമെന്നുമുള്ള വാദങ്ങളും കഴമ്പില്ലാത്തതാണെന്നു തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2002ലെ ശരാശരി പ്രതിശീര്‍ഷ വരുമാനം 7140 ഡോളറായിരുന്നുവെന്നാണ് കണക്ക്. ജനസാന്ദ്രത ഒമ്പത് മാത്രമുള്ള നാടുകളായ കോംഗോയില്‍ 570 ഡോളറും മാലിയില്‍ 780 ഡോളറും നൈജറില്‍ 740 ഡോളറുമാണ് പ്രതിശീര്‍ഷ വരുമാനം. എന്നാല്‍ ജനസാന്ദ്രത 6815 ആയ സിംഗപ്പൂരില്‍ പ്രതിശീര്‍ഷ വരുമാനം 24910 ഡോളറാണുതാനും.(18) ജനപ്പെരുപ്പം ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് നിമിത്തമാവുകയുമാണ് ചെയ്യുകയെന്ന വസ്തുത പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യതയ്ക്കനുസരിച്ച് വരുമാനം എത്രത്തോളം വ്യത്യാസപ്പെടുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാവും. 2002 ലെ കണക്കുകള്‍ പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 25806 പേര്‍ ജീവിക്കുന്ന മകാഉവില്‍ ഒരാള്‍ക്ക് ശരാശരി ഒരുസെന്റ് ഭൂമി മാത്രം ലഭിക്കുമ്പോള്‍ അവിടുത്തെ ചതുരശ്ര കിലോമീറ്ററില്‍നിന്നുള്ള ശരാശരി വരുമാനം നാല്‍പത്തിയേഴ് കോടിയോളം ഡോളറാണ്. ജനസാന്ദ്രത 319 ആയ ഇന്ത്യയില്‍ ഇത് എണ്‍പത്തിനാലായിരത്തോളം ഡോളറും ജനസാന്ദ്രത എട്ട് ആയ റഷ്യയില്‍ ഇത് അറുപത്തിയേഴായിരിത്തോളം ഡോളറും ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഇത് രണ്ടായിരത്തി എഴുന്നൂറോളം ഡോളറുമാണെന്ന(19) വസ്തുത ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ജനപ്പെരുപ്പം എന്തുമാത്രം ഉല്‍പാദനക്ഷമമാണെന്ന് മനസ്സിലാവുക.

  ഭൂമിയെയും മനുഷ്യനെയും സൃഷ്ടിക്കുകയും മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ അസ്തിത്വം നല്‍കി മനുഷ്യരെ അനുഗ്രഹിക്കുകയും ചെയ്ത അല്ലാഹു ജീവജാലങ്ങളുടെയെല്ലാം ഉപജീവനത്തിന്റെ ബാധ്യത സ്വയം ഏറ്റെടുക്കുകയും അത് ക്വുര്‍ആനിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്: ”ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല.

അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു

രേഖയിലുണ്ട്.”(ക്വുര്‍ആന്‍ 11: 6). പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്നെ അവന്റെ സൃഷ്ടികളുടെ ഉപജീവനത്തിന്റെ ബാധ്യത ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ദാരിദ്ര്യത്തെ ഭയപ്പെട്ടുകൊണ്ട് നീചവൃത്തികള്‍ ചെയ്യാന്‍ മനുഷ്യരൊന്നും ധൃഷ്ടരാവരുതെന്നും അങ്ങനെ ചെയ്യുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് അവരുടെ ശത്രുവായ പിശാചാണെന്നും ക്വുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു: ”പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം )അറിയുന്നവനുമാകുന്നു.”(2: 268). ദാരിദ്ര്യഭയത്താല്‍ മക്കളെ കൊന്നുകളയുന്നത് മഹാപാതകമാണെന്ന് പഠിപ്പിക്കുമ്പോള്‍ തന്നെ അല്ലാഹുവാണ് എല്ലാവര്‍ക്കും ഉപജീവനം നല്‍കുന്നതെന്ന വസ്തുത ഊന്നിപ്പറയുകയും അവനില്‍ പ്രതീക്ഷയര്‍പ്പുക്കാവന്‍ മനുഷ്യരെ പ്രചോദിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട് ക്വുര്‍ആന്‍: ”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.”(17:31).

  സ്രഷ്ടാവിന്റെ വാഗ്ദാനം പൊള്ളയാണെന്ന് കരുതുകയും തങ്ങളുടെ കണക്കുകളാണ് ശരിയെന്ന് ശഠിക്കുകയും ചെയ്തവരുടെ വെപ്രാളമാണ് ബീജിംഗില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ ലോകം കണ്ടത്. ഇന്നലെകളില്‍ ഗണിച്ചുണ്ടാക്കിയ സ്വന്തം കണക്കുകളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ട ഭൗതികപ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പുതിയ കണക്കുകള്‍ സൃഷ്ടിക്കുവാനുള്ള തത്രപ്പാടിലാണ്. മാനവവിഭവശേഷിയാണ് യഥാര്‍ഥത്തില്‍ രാഷ്ട്രസമ്പത്ത് എന്ന് തിരിച്ചറിയുകയും പ്രസ്തുത സമ്പത്തിനെ ആസൂത്രിതമായി ഉപയോഗിക്കുവാന്‍ കഴിയുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഏതൊരു രാഷ്ട്രസംവിധാനത്തിനാണെങ്കിലും അവയുടെ പൗരന്‍മാര്‍ക്ക് സംതൃപ്തമായ ജീവിതം പ്രദാനം ചെയ്യാന്‍ കഴിയുക. നാടിന്റെ നന്മക്കായി ജനസംഖ്യ കുറയ്ക്കുവാന്‍ നിയമങ്ങളുണ്ടാക്കിയവര്‍ എത്ര വലിയ ദുരിതങ്ങളാണ് ചൈനീത് ജനതക്ക് സമ്മാനിച്ചതെന്ന് ചൈനീസ് എഴുത്തുകാരനായ മാ ജിയാനിന്റെ ഇരുണ്ട പാത എന്ന നോവല്‍(20) വരച്ചുകാണിക്കുന്നുണ്ട്. ഔദ്യോഗികമായ അനുമതി ലഭിക്കാതെ രണ്ടാമതും  ഗര്‍ഭിണിയായ മീലിയെന്ന ചൈനീസ് യുവതിക്കും  ഭര്‍ത്താവായ കോംഗ്‌സിക്കും സര്‍ക്കാരില്‍നിന്നും അധികാരികളില്‍നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെയും ദുരിതങ്ങളുടെയും ചിത്രീകരണമാണ് നോവലിലുള്ളത്. ഇത്തരം പീഡനങ്ങളിലൂടെ ചൈനാ രാജ്യം സ്വര്‍ഗതുല്യമാകുമെന്ന് കരുതിയവരാണ് തങ്ങളുടെ പാത തെറ്റായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുകയും കുമ്പസരിക്കുകയും ചെയ്യുന്നതെന്ന വസ്തുത എല്ലാവരെയും ചിന്തിപ്പിക്കേണ്ടതാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി തങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ സ്വന്തം നാടിന്റെ നാശത്തിനാണ് നിമിത്തമായിരിക്കുന്നതെന്ന് തിരിച്ചറിയുകയും സംസ്‌കരണ നടപടികള്‍ ആരംഭിക്കുകയും ചെയ്യുമ്പോഴും അധികാരികളുടെ ക്രൂരതകളുടെ ബലിയാടുകള്‍ നേരിട്ട പീഡനങ്ങള്‍ക്ക് എന്ത് പരിഹാരമെന്ന ചോദ്യം അവശേഷിക്കുകയാണ്. ദൈവിക വെളിപാടിന്റെ വെളിച്ചത്തിലല്ലാതെ നന്മതിന്മകള്‍ നിശ്ചയിച്ചാല്‍ അവ ആത്യന്തികമായി ദുരിതങ്ങള്‍ മാത്രമേ സംഭാവന ചെയ്യൂവെന്ന വസ്തുതയ്ക്കുള്ള നിരവധി ഉദാഹരണങ്ങളിലൊന്നായി ഒറ്റ കുഞ്ഞ് നയം നടപ്പാക്കാനായി ചൈന സ്വീകരിച്ച നടപടികള്‍ ചരിത്രത്തില്‍ ഇടം നേടും. നന്മയാണെന്ന് വ്യക്തിയോ സമൂഹമോ കരുതുന്ന കാര്യങ്ങള്‍ക്ക് ദൈവിക വെളിപാടിന്റെ പിന്‍ബലമില്ലെങ്കില്‍ അത് ആത്യന്തികമായി തിന്മയായിത്തീരുമെന്നതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലെ പ്രസ്തുത നയത്തെക്കുറിച്ച വിശകലനങ്ങളും തെളിവായിത്തീരും, തീര്‍ച്ച.

  മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാനപ്പെട്ട സമ്പത്ത് മാനവവിഭവശേഷിയാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ജനസംഖ്യാ നിയന്ത്രണത്തിന് ആ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന തന്ത്രങ്ങള്‍ക്ക് സാമ്രാജ്യത്വം രൂപകല്‍പന ചെയ്യുന്നതെന്ന വസ്തുത ചൈനീസ് നേതൃത്വത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. മാനവവിഭവശേഷിയുടെ കാര്യത്തില്‍ ചൈനയുടെ തൊട്ടുപിന്നിലായി ഇന്ത്യയുണ്ട് എന്നതുകൊണ്ടുതന്നെയാവണം ഇന്‍ഡ്യയില്‍ ശക്തമായ ജനസംഖ്യാഭീതി സൃഷ്ടിക്കുവാന്‍ സാമ്രാജ്യത്വ മെഗാഫോണുകളായി മാധ്യമങ്ങളും മുതലാളിത്തത്തിന്റെ ഫണ്ടുകൊണ്ടുജീവിക്കുന്ന എന്‍. ജി. ഒകളും കിണഞ്ഞുശ്രമിക്കുന്നത്. ചൈന പഠിച്ചുകൊണ്ടിരിക്കുന്ന പാഠം ഇന്‍ഡ്യക്കാര്‍ പഠിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാകണം മാധ്യമങ്ങളൊന്നും തന്നെ അക്കാര്യം ചര്‍ച്ചയ്ക്കുപോലും എടുക്കാതിരിക്കുന്നത്. മാനവവിഭവശേഷിയുടെ വളര്‍ച്ചയ്ക്ക് തടയിടുന്ന തരത്തിലുള്ള ജനപ്പെരുപ്പഭീതിയുടെ പ്രചരണം അവസാനിപ്പിക്കുകയും മാനവവിഭവശേഷിയെ ക്രിയാത്മകവും സൃഷ്ടിപരവുമായി ആസൂത്രണം ചെയ്യാന്‍ വൈദഗ്ധ്യം ഉപയോഗിക്കുകയും ചെയ്യാന്‍ ഇന്‍ഡ്യയുടെ രാഷ്ട്രീയനേതൃത്വം സന്നദ്ധമായാല്‍ ലോകസാമ്പത്തിക ഭൂപടത്തിന്റെ നെറുകയിലെവിടെയെങ്കിലും ത്രിവര്‍ണപതാക ഉയര്‍ന്നുപാറുന്നത് കാണാന്‍ ഭാരതീയര്‍ക്കെല്ലാം ഭാഗ്യമുണ്ടാകും. അതല്ല, ‘നാം രണ്ട് നമുക്കൊന്ന്’ പ്രചരണവും കുടുംബാസൂത്രണമെന്ന പേരിലുള്ള വന്ധ്യംകരണ നടപടികളുമായി മുന്നോട്ടുപോയി സാമ്രാജ്യത്വത്തെ സംപ്രീതമാക്കുവാന്‍ തന്നെയാണ് നമ്മുടെ പുറപ്പാടെങ്കില്‍ അനതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ ഇന്ത്യയും പെണ്ണുങ്ങളെ കിട്ടാനില്ലാത്ത, കുട്ടികളെ കാണാന്‍ കൊതിക്കുന്ന വൃദ്ധന്‍മാരാല്‍ പൊറുതിമുട്ടുന്ന, ഒരു നാടായിരിക്കും. നമ്മുടെ നാട് വാര്‍ധക്യത്തിലേക്കല്ല, യുവത്വത്തിലേക്കാണ് വളരേണ്ടതെന്ന് തീരുമാനിക്കുവാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം സന്നദ്ധമാവുമെങ്കില്‍ ലോക സാമ്പത്തിക ഭൂപടത്തിന്റെ നെറുകയിലേക്ക് ഇന്ത്യ കുതിക്കുക തന്നെ ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍).

1. ‘China’s one child policy, The policy that changed the world’, (Editorial), British Medical Journal, 2006 August 19.

2. Total Population, CBR, CDR, NIR and TFR of China (1949-2000), China Daily, 20.08. 2010.

3. Central Intelligence Agency: The World Fact Book, China, www.cia.gov/library/publications/the-world-factbook/geos/ch.html#People.

4. ‘Xinhua Insight: One-child changes key to balanced population’, 17.11.2013, http://www.china.org.cn/china/Off_the_Wire/2013-11/17/content_30626512.htm.

5. Ansley J. Coale: Population Trends, ‘Population Policy and Population Studies in China’, Population and Development Review, Vol 7, Number 1, March 1981.

6. ‘Heavy Fine for Violators of One-Child Policy’, http://www.china.org.cn/english/government/224913.htm.

7. Daniel Greenfield: ‘China’s One Child Policy Has Aborted 1,500 Babies Every Hour’, Front Page Mag, March 26, 2013.

8. ’400 million births prevented by one-child policy’, People’s Daily, October 28, 2011.

9. Frank Langfitt: ‘After A Forced Abortion, A Roaring Debate In China’, July 05, 2012, http://www.npr.org/2012/07/05/156211106/after-a-forced-abortion-a-roaring-debate-in-china.

10.Tyler Durden: ‘China Is Ending Its ‘One-Child Policy’ – Here Are The Implications’, 08/04/2013, http://www.zerohedge.com/news/2013-08-04/china-ending-its-one-child-policy-here-are-implications.

11. Central Intelligence Agency: The World Fact Book, China, https://www.cia.gov/library/publications/the-world-factbook/fields/2018.html.

12. Rob Brooks: ‘China’s biggest problem? Too many men’, CNN, March 5, 2013, http://edition.cnn.com/2012/11/14/opinion/china-challenges-one-child-brooks.

13. Ibid.

14. T. Robert Malthus: ‘An Essay on the Principle of Population’, 1798.

15. Paul Ehrlich: The Population Bomb(1968).

16. UNDP Human Development Reports (www.undp.org).

17. Institute of applied manpower research, Human Resources Profile, India, New Delhi, and www.iamrindia.org/manpro.htm.

18. Population Resource Bureau, 2002 World Population Datasheet, World Panorama Section 2001, www.prb.org/pdf02/02 Word Data sheet.pdf.

19. Ibid.

20. Ma Jian: The Dark Road, Chatto&Windus, London, 2013.