സന്യാസത്തിന്റെ പരാജയം: സഭ പാഠം പഠിക്കുമോ?

എം.എം അക്ബര്‍

കത്തോലിക്ക സഭയ്ക്കു കീഴില്‍ ലോകത്തെങ്ങും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന ബാലപീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനായി സഭ കാര്യമാത്ര പ്രസക്തമായി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും അടിയന്തിരമായി സഭാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തി ബാലപീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 2014 ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ ‘ബാലാവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി’ (Committee on the Rights of the child) പുറത്തിറക്കിയ നിശിതമായ കുറ്റാരോപണ രേഖയെക്കുറിച്ച വാര്‍ത്ത ലോകമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ജനുവരി 31-ന് ചേര്‍ന്ന കമ്മിറ്റിയുടെ 1875-ാമത് യോഗം അംഗീകരിച്ച Concluding observations on the second periodic report of the Holy see എന്ന പതിനാറ് പുറങ്ങളുള്ള വിമര്‍ശനരേഖയിലാണ് ബാലപീഡനങ്ങള്‍ക്കെതിരെ സഭ വേണ്ട രൂപത്തില്‍ പ്രതികരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെങ്ങുമുള്ള കത്തോലിക്ക സ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിന് ബാലികമാരും ബാലന്‍മാരും ലൈംഗികപീഡനങ്ങള്‍ക്കിരയായിട്ടും കുറ്റവാളികളായ പുരോഹിതന്‍മാരെ സ്ഥലംമാറ്റിക്കൊമ്ട അവര്‍ക്ക് പുതിയ ഇരകളെ നേടിക്കൊടുക്കുകയെന്ന അര്‍ത്ഥശൂന്യമായ നടപടിയല്ലാതെ മറ്റൊന്നും സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന രേഖ കാര്യമാത്ര പ്രസക്തങ്ങളായ നടപടികളിലൂടെ കുറ്റവാളികളായ പുരോഹിതന്‍മാരെ ശിക്ഷിക്കുകയും പീഡനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭക്ക് ഇടപെടേണ്ടി വരുമെന്ന് സൂചന നല്‍കുന്നുണ്ട്. (1) ആസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ സിഡ്‌നിക്കടുത്തുള്ള ബത്തൂര്‍സ്റ്റ് കത്തോലിക്ക് സ്‌കൂളില്‍ 1970 കളിലും 1980 കളിലും നടന്ന ബാലപീഡനങ്ങളുടെ അയ്യായിരത്തിലധികം വരുന്ന ഇരകള്‍ക്കും കാനഡയിലെ സെന്റ് ജോണ്‍സിലുള്ള ദി മൗണ്ട് കാര്‍ഫേജ് അനാഥാലയത്തിലെ അധികാരികള്‍ നിരവധി വര്‍ഷങ്ങളായി അവിടുത്തെ അന്തേവാസികളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് മനസ്സിലാക്കി 1990 ല്‍ അടച്ചുപൂട്ടിയെങ്കിലും പ്രസ്തു പീഡനങ്ങള്‍ക്കിരയായ പതിനായിരത്തോളം പേര്‍ക്കുമൊന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും അക്കാര്യത്തില്‍ സഭ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്്. (2) അമേരിക്കയില്‍ 2004 ല്‍ നടന്ന ഒരു കുറ്റാന്വേഷണത്തില്‍ 1950 നും 2002 നുമിടക്ക് പുരോഹിതന്‍മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന 11000 ത്തിലധികം കുട്ടികളുണ്ടെന്ന് മനസ്സിലാക്കുകയും അവരെ ഉപയോഗിച്ച 4400 ഓളം പാതിരിമാരുണ്ടെന്ന് വെളിപ്പെടുകയും ചെയ്തിരുന്നുവെന്നും ലോസ് ആഞ്ചലസിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന റോജര്‍ മഹോനി പുരോഹിത പീഡനങ്ങള്‍ക്കിരയായ 550 കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി 66 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നുവെന്നും ഇവ്വിഷയകമായ അപഗ്രഥനങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. (3) യൂറോപ്പിലെ ശക്തമായ കത്തോലിക്ക രാജ്യങ്ങളിലൊന്നായ അയര്‍ലന്റിലെ ഒരു പുരോഹിതന്‍ താന്‍ നൂറിലധികം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ മറ്റൊരു പുരോഹിതന്‍ പറഞ്ഞത് താന്‍ താന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി സ്ഥിരമായി കുട്ടികളെ തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ്. (4) ജര്‍മനിയില്‍നിന്നും ബെല്‍ജിയത്തു നിന്നും നെതര്‍ലന്റ്‌സില്‍നിന്നും ഓസ്ട്രിയയില്‍നിന്നുമെല്ലാം ആയിരക്കണക്കിന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും (5) അവ ഇല്ലാതെയാക്കുവാനാവശ്യമായ കാര്യമായ നടപടികളൊന്നും സഭാ നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ രേഖ കുറ്റപ്പെടുത്തുന്നത്.

ലോകത്തെ ധാര്‍മികതയിലൂടെ നടത്തുവാന്‍ ശ്രമിക്കുന്ന കത്തോലിക്ക സഭയെ താറടിക്കുകയും ഐക്യരാഷ്ട്രസഭയുടെ മുന്നില്‍ മുട്ടുകുത്തിക്കുവാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നതിനായി ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയതാണ് ‘ബാലാവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി’യുടെ റിപ്പോര്‍ട്ട് എന്ന വിമര്‍ശിക്കുന്ന ‘ദി കാത്തലിക് വേള്‍ഡ് റിപ്പോര്‍ട്ട്’ പക്ഷെ, റിപ്പോര്‍ട്ടില്‍ നിരത്തിയിരിക്കുന്ന വസ്തുതകള്‍ക്കു നേരെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. (6) ഐക്യരാഷ്ട്രസഭയുടെ കൊടിക്കീഴില്‍ നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ യാതൊന്നും ഉരിയാടാത്തവര്‍ കത്തോലിക്ക സഭയെ ഉപദേശിക്കുന്നതിന് പിന്നില്‍ ഗൂഢോദ്ദേശങ്ങളുണ്ട് എന്ന കത്തോലിക്ക പക്ഷപാതിയായ ക്ലോഡിയ റോസറ്റിന്റെ വാദം ശരിയാണെങ്കില്‍ പോലും അവയൊന്നും തന്നെ പുരോഹിതന്‍മാരുടെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കാനുള്ളതല്ല. (7) ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ സേന കടന്നുചെന്നിടത്തെല്ലാം ലൈംഗികാതിക്രമങ്ങളുണ്ടായിട്ടുണ്ടെന്നും അവയിലധികവും ബാലികമാര്‍ക്കു നേരെയുള്ളവയുമായിരുന്നുവെന്നും അതിനെതിരെ നടപടിയെടുക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്താത്തവര്‍ മറ്റ് കത്തോലിക്ക സഭയെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള അവരുടെ വാദം യഥാര്‍ത്ഥത്തില്‍ കത്തോലിക്ക സഭയുടെ ധാര്‍മികോപദേശങ്ങള്‍ക്കുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. സമാധാന സേനയുടെ തിന്‍മകള്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് സഭയെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പുരോഹിതരുടെ തിന്‍മകള്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് ലോകത്തെ ഉപദേശിക്കാനും അര്‍ഹതയുണ്ടാവുകയില്ലല്ലോ.

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു നിശ്ചയിക്കാത്ത ജീവിതക്രമങ്ങള്‍ക്ക് അവയെതന്നെ വിശുദ്ധവല്‍ക്കരിച്ച് അവതരിപ്പിച്ചാലും മനുഷ്യര്‍ക്ക് ശാന്തിയോ സമാധാനമോ നല്‍കാനാവില്ലെന്ന വസ്തുതയാണ് കത്തോലിക്ക സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ രേഖ, യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്. വൈവാഹിക ജീവിതത്തില്‍നിന്ന് അകന്ന് നില്‍ക്കണമെന്ന് ക്രിസ്തു പഠിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പുതിയ നിയമത്തിലോ അപ്പോക്രിഫ ഗ്രനഥങ്ങളിലോ ഉദ്ധരിക്കപ്പെട്ട ക്രിസ്തു വചനങ്ങളിലൊന്നും തന്നെ ക്രിസ്ത്യന്‍ സന്യാസം കാണാന്‍ കഴിയില്ലെന്നര്‍ത്ഥം. ക്രിസ്തു പഠിപ്പിച്ച ആശയങ്ങളുടെ ബലിഷ്ടമായ തൂണുകളാല്‍ സ്ഥാപിക്കപ്പെട്ട ആലയത്തില്‍നിന്ന് അഴിച്ച് റോമന്‍ തത്വശാസ്ത്രത്തിന്റെ തുരുമ്പെടുത്ത തൂണുകളാല്‍ താങ്ങിനിര്‍ത്തപ്പെടുന്ന തൊഴുത്തിലേക്ക് ക്രിസ്തുമതത്തെ അഴിച്ചുകെട്ടിയ വിശുദ്ധ പൗലോസിന്റെ രചനകളില്‍നിന്നാണ് സന്യാസത്തിന്റെ വേരുകള്‍ പൊട്ടിയിരിക്കുന്നത്. കൊരിന്തോസുകാര്‍ക്ക് പൗലോസ് എഴുതിയ ഒന്നാം ലേഖനത്തിന്റെ ഏഴാം അധ്യായം ആരംഭിക്കുന്നത് തന്നെ ”സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത്” എന്ന് ഉപദേശിച്ചുകൊണ്ടാണല്ലോ. (8) സ്ത്രീവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ക്രൈസ്തവ സന്യാസത്തിന്റെ സ്വാഭാവികമായ ഉപോല്‍പന്നമാണ് സഭയില്‍ നടക്കുന്ന ബാലപീഡനങ്ങളെന്ന വസ്തുത തിരിച്ചറിയപ്പെടുമ്പോഴാണ് അല്ലാഹു നിശ്ചയിച്ച ജീവിതക്രമത്തെ മാറ്റിമറിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ എത്രത്തോളം മാരകമാണെന്ന് ബോധ്യപ്പെടുക.

മറ്റ് മതസമൂഹങ്ങളില്‍ ഇത്തരം തിന്‍മകളില്ലെന്നോ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്നോ ഒന്നുമല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. തിന്‍മകള്‍ എല്ലാ മതസമൂഹങ്ങളിലുമുണ്ട്. പല സമൂഹങ്ങളിലുമുള്ള പുരോഹിതന്‍മാര്‍ ലൈംഗിക ദുരാചാരങ്ങളുടെ പ്രതിപ്പട്ടികയിലുണ്ട് താനും. പൈശാചിക പ്രലോഭനങ്ങള്‍ക്ക് മതവും ജാതിയുമൊന്നുമില്ല. പ്രസ്തുത പ്രലോഭനങ്ങളില്‍നിന്ന് രക്ഷപെടണമെങ്കില്‍ ശക്തമായ ദൈവവിശ്വാസവും പരലോക ചിന്തയുമുണ്ടാകണം. അവ സൃഷ്ടിച്ചുകൊണ്ടാണ് ഇസ് ലാം മനുഷ്യനെ പൈശാചിക പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുകയും ജീവിതത്തെ വിമലീകരിക്കുകയും ചെയ്യുന്നത്. ക്രൈസ്തവ പൗരോഹിത്യത്തിന്റെ സ്ഥിതി ഇതില്‍നിന്ന് അല്‍പം വ്യത്യസ്തമാണ്. ജീവിത വിശുദ്ധിക്കും ആത്മീയ ഔന്ന്യത്യത്തിനും വിഘാതമാണ് ലൈംഗിക ജീവിതമെന്ന പൗലോസിന്റെ തത്വശാസ്ത്രത്തില്‍നിന്ന് മുളപൊട്ടിയ പൗരോഹിത്യം വിമലീകരണത്തിന്റെ ഉന്നതമാര്‍ഗമായാണ് ലൈംഗികവിരക്തിയെന്നാണ് പഠിപ്പിക്കുന്നത്. പ്രസ്തുത വിരക്തിയെ സ്വയം തെരഞ്ഞെടുക്കുകയും ആ മാര്‍ക്ഷത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനം നേടുകയും ചെയ്തവര്‍ക്കുപോലും ലൈംഗിക തൃഷ്ണയെ തടഞ്ഞുനിര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാവുമ്പോള്‍ ആ മാര്‍ക്ഷം അപ്രായോഗികമാണെന്നു തന്നെയാണ് വ്യക്തമാവുന്നത്. അല്ലാഹു നിശ്ചയിച്ചതല്ലാത്ത സന്യാസത്തെ ആത്മീയോന്നതിക്കായി തെരഞ്ഞെടുത്തവര്‍ക്ക് പ്രസ്തുത മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാനായില്ലെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (57:27) (9) നിയമാനുസൃതമുള്ള ഇണകളിലൂടെ നേടിയെടുക്കുന്ന ലൈംഗിക സമ്പൂര്‍ത്തീകരണം പ്രതിഫലാര്‍ഹമായ സദ്പ്രവൃത്തിയാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ) യിലൂടെ (10) പൂര്‍ത്തീകരിക്കപ്പെട്ട ഇസ് ലാം തന്നെയാണ് പ്രായോഗികവും പ്രകൃതിക്ക് അനുയോജ്യവുമായ ജീവിതക്രമത്തെ മനുഷ്യര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന വസ്തു വ്യക്തമാക്കുന്നതാണ് ക്രൈസ്തവ സന്യാസത്തിന്റെ പരാജയം. ഈ വസ്തുത സമൂഹത്തോട് തുറന്നു സംവദിക്കുവാന്‍ ഇസ് ലാമിക പ്രബോധകര്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

1) United Nations Convention on the Rights of the Child  CRC/C/VAT/CO/2, 31 January 2014 Committee on the Rights of the Child;  Concluding observations on the second periodic report of the Holy See, Page 1-16

2) “UN condemns Vatican over child sex abuse” The Sydney Morning Herald, February 5, 2014

3) “Child abuse scandals at the heart of the Catholic Church” globalpost America’s World News Site, February 5, 2014,http://www.globalpost.com/

4) “Vatican abuse report” The Fiji Times Online, Friday, February 07, 2014 http://www.fijitimes.com/

5) “U.N. panel blasts Vatican handling of clergy sex abuse, church teachings on gays, abortion” Washington Post, February 5, 2014

6) Carl E. Olson: “The Convenient Hypocrisy of the United Nations, It’s a classic case of ‘Do as we say, not as we do’ The Catholic World Report, February 10, 2014

7)Claudia Rosett:  “The U.N. Assault on the Catholic Church: A high-profile sex-abuse report is an attempt to bully the church into bowing before the altar of Turtle Bay.” The Wall Street Journal, Feb. 9, 2014

8) I Corinthians 7:1

9) Quran 57:27

10) Swaheehu Muslim