സമാന്തര സുവിശേഷ പ്രശ്‌നം

കെ.എം.സൈദ
ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ എഴുതിയതാണ്. നാലാമത്തേത് യോഹന്നാനും. ആദ്യത്തെ മൂന്നിന്റേയും ഉള്ളടക്കവും രൂപവും കുറേയേറെ സമാനമായതിനാല്‍ ‘സിനോപ്റ്റിക്’ ഗോസ്പലുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ‘സിനോപ്‌സിസ്’ എന്ന വാക്കിന് സംഗ്രഹം, സാരം, സംക്ഷേപം എന്നൊക്കെയാണല്ലോ അര്‍ത്ഥം.(1) ഉദാഹരണമായി യേശു പിശാചുബാധിതരെ സുഖപ്പെടുത്തുന്ന പല സംഭവങ്ങളും ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലും വിവരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു സംഭവംപോലും യോഹന്നാന്റെ സുവിശേഷത്തിലില്ല. ദൈവരാജ്യത്തെപ്പറ്റി ഒട്ടേറെ ഉപമകള്‍ ആദ്യത്തെ മൂന്ന് പുസ്തകങ്ങളിലുണ്ട്. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അത്തരം പരാമര്‍ശങ്ങളില്ല. ഇങ്ങനെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങളിലെ വിവരണങ്ങളുടെ സംഗ്രഹം ഒട്ടേറെ വിഷയങ്ങളില്‍ സാദൃശ്യത്തോടെ നല്‍കാനാകും. എന്നാല്‍ യോഹന്നാന്റെ സുവിശേഷം വ്യത്യസ്തമാണ്. ഇക്കാര്യം ക്രൈസ്തവപണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഫാ: ജോസ് മാണിപറമ്പില്‍ എഴുതുന്നു:
  ”ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ മത്തായി, മാര്‍ക്കോസ്, ലൂക്കാ എന്നിവ തമ്മില്‍ വളരെയധികം സാമ്യങ്ങള്‍ ഉണ്ട്. ഈ സുവിശേഷങ്ങളിലെ വസ്തുതകള്‍ തതുല്യമായ കോളങ്ങളില്‍ ക്രമപ്പെടുത്താനാകും. ഇതിനെ ‘സിനോപ്‌സിസ്’ (Synopsis) എന്നു പറയുന്നു. ഈ മൂന്ന് സുവിശേഷങ്ങള്‍ തമ്മില്‍ വ്യാപകമായ പൊരുത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇവയെ സമാന്തര അഥവാ സമവീക്ഷണ സുവിശേഷങ്ങള്‍ എന്നു പറയുന്നു. ഉള്ളടക്കം, ക്രമം, ഭാഷാശൈലി ഇവയിലാണ് മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുള്ളത്. ഇതിന്റെ ഗ്രന്ഥകര്‍ത്താക്കളെ സമാന്തര സുവിശേഷകന്മാര്‍ എന്നു വിളിക്കുന്നു.”(2)
  ബൈബിള്‍ സമ്പൂര്‍ണമായും ദൈവിക ഗ്രന്ഥമാണെങ്കില്‍ മത്തായിയും ലൂക്കോസുമൊക്കെ രചയിതാക്കളായി വന്നതെങ്ങനെ എന്ന സാമാന്യസംശയം പ്രസക്തമാണല്ലോ. ദൈവത്തില്‍ നിന്നുള്ള പ്രചോദനത്താല്‍ (inspiration) മനുഷ്യരെഴുതിയതാണ് പുതിയ നിയമം എന്ന വിശദീകരണമാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ നല്‍കിയത്. മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്റെ വാചകങ്ങള്‍ കാണുക: ”സുവിശേഷം ഒന്നു മാത്രമേയുള്ളൂ. അതിന്റെ ഉള്ളടക്കം മിശിഹയാണ്. ക്രിസ്തുസംഭവമാണ് അതില്‍ പ്രതിപാദിച്ചിരിക്കുക. ഈ ഏക സുവിശേഷം ലിഖിതരൂപം പ്രാപിച്ചു നാലു പതിപ്പുകളായി. ഇതു നാലു സുവിശേഷങ്ങളല്ല, ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്. ഒരു സദ്‌വാര്‍ത്ത ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു.”
  ദൈവിക പ്രചോദനത്താല്‍ മനുഷ്യരെഴുതിയത് എന്ന സങ്കല്‍പനത്തില്‍ സുവിശേഷത്തിന്റെ സ്രോതസ്സ് മനുഷ്യനല്ല, ദൈവം തന്നെയാണ്. എന്നാല്‍ ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാ”വുമ്പോള്‍ സ്രോതസ്സിന്റെ സ്ഥാനം ദൈവത്തിന്റെ അരികില്‍നിന്നും മനുഷ്യന്റെ അടുത്തേക്ക് നീങ്ങുന്നു. ”ഓരോരുത്തരും അവരവരുടെ ദൈവശാസ്ത്ര വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു” എന്നാവുമ്പോള്‍ വലിയൊരു പരിധിവരെ സ്രോതസ്സിന്റെ സ്ഥാനം വ്യാഖ്യാതാക്കളുടെ വീക്ഷാകോണിലേക്ക് മാറുകയാണ്. സുവിശേഷങ്ങള്‍ ആശയപരമായും ശൈലീപരമായും ആഴത്തില്‍ പഠിച്ച ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ ഓരോ സുവിശേഷവും ഓരോരുത്തരുടെയും വ്യാഖ്യാനങ്ങളാണ് എന്ന് സ്പഷ്ടമായും പ്രസ്താവിക്കുമ്പോള്‍ സ്രോതസ്സ് മനുഷ്യരിലേക്ക് ഒന്നുകൂടി അടുക്കുകയാണ്.
  ”ഒരേ സുവിശേഷത്തിന്റെ നാലു വ്യാഖ്യാനങ്ങളാണ്” എങ്കില്‍ മൂന്നു സുവിശേഷങ്ങള്‍ തമ്മില്‍ സാമ്യമുണ്ടാകുന്നതും നാലാമത്തേത് വ്യത്യസ്തമാകുന്നതും എന്തുകൊണ്ട് എന്ന് ന്യായമായും ചിന്തിക്കാവുന്നതാണ്. മൂന്നു സുവിശേഷങ്ങളിലെ സാമ്യത ആശയപരമായി മാത്രമുള്ളതല്ലെന്നും അപ്പടി പകര്‍ത്തിയതെന്ന് തോന്നുമാറുള്ള സാദൃശ്യമാണുള്ളതെന്നതും പരിഗണിക്കുമ്പോള്‍ ഈ സംശയത്തിന്റെ പ്രസക്തിയേറുന്നു. ഒരുദാഹരണം ശ്രദ്ധിക്കുക.
  മത്തായി 3:12 -”വീശുമുറം അവന്റെ കയ്യില്‍ ഉണ്ട്. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.”
  ലൂക്കോസ് 3:17  ”അവനു വീശുമുറം കയ്യില്‍ ഉണ്ടു. അവന്‍ കളത്തെ മുറ്റം വെടിപ്പാക്കി ഗോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും”
  ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ബാംഗ്ലൂര്‍) 1976ല്‍ പ്രസിദ്ധീകരിച്ച പുതിയനിയമം മലയാള പരിഭാഷയില്‍നിന്നും എടുത്തിട്ടുള്ളതാണിത്.(3) ശൈലി, വാക്കുകള്‍, വാചകഘടന എന്നിത്യാദികളെല്ലാം ഒന്നുതന്നെ. ഈ വാക്കുകള്‍ നോക്കൂ:
മത്തായി 3:11 – ”ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്‌നാനം ഏല്‍പ്പിക്കുന്നതേയുള്ളൂ. എന്റെ പിന്നാലേ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു. അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്‍പ്പിക്കും.”
  ലൂക്കോസ് 3:16  ”ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിക്കുന്നു. എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീ കൊണ്ടും സ്‌നാനം കഴിപ്പിക്കും”
  മറ്റൊരുദാഹരണം: ”ആ കാലത്ത് യേശു ശബ്ദത്തില്‍ വിളഭൂമിയില്‍ കൂടി കടന്നുപോയി. അവന്റെ ശിഷ്യന്‍മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചുതിന്നുതുടങ്ങി. പരീശര്‍ അതു കണ്ടിട്ടു: ഇതാ, ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്‍മാര്‍ക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടല്ലയോ?”(മത്തായി 12:15)
  ”ഒരു ശബ്ദത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരില്‍ ചിലര്‍ ശബ്ദത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു പുരോഹിതന്‍മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കുകയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.”(ലൂക്കോസ് 6:1-5).ഉദാഹരണമായി ചിലത് സൂചിപ്പിച്ചതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ സുവിശേഷങ്ങള്‍ താരതമ്യം ചെയ്താല്‍ ലഭിക്കും.
  മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ കാണുന്ന ഈ പകര്‍പ്പുകള്‍ എങ്ങനെയുണ്ടായി?(4) ഈ പ്രശ്‌നത്തെ വിശദീകരിക്കാന്‍ വേണ്ടി മുമ്പോട്ടുവെക്കപ്പെട്ടവയില്‍ ആദ്യത്തേതെന്നു പറയാവുന്ന സിദ്ധാന്തം അഗസ്റ്റിന്റേതാണ് (CE 354-430). ഇതുപ്രകാരം മത്തായിയാണ് ആദ്യം സുവിശേഷം രചിച്ചത്. മത്തായി എഴുതിയത് ഉപയോഗപ്പെടുത്തി മാര്‍ക്കോസ് മറ്റൊന്നെഴുതി. ലൂക്കോസാകട്ടെ, മാര്‍ക്കോസിന്റേത് അവലംബിച്ചാണ് സുവിശേഷം രചിച്ചത്. ഈയൊരു കാഴ്ചപ്പാടിനെപ്പറ്റി ഫാദര്‍ ജോസ് മാണിപറമ്പില്‍ എഴുതിയത് കാണുക: ”വി. അഗസ്തീനോസ് ഈ പ്രശ്‌നത്തെപ്പറ്റി ബോധവനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി. മത്തായിയുടേയും മാര്‍ക്കോസിന്റേയും സുവിശേഷം നോക്കി ലൂക്കാ എഴുതി. വളരെ അടുത്തകാലം വരെ സമാന്തരസുവിശേഷ പ്രശ്‌നത്തിനുള്ള സര്‍വസമ്മതമായ പരിഹാരമാര്‍ഗ്ഗമായി ഇതിനെ കണക്കാക്കിയിരുന്നു.”(5)
  ”ആദ്യം സുവിശേഷം എഴുതിയത് മത്തായി ആണ്. അത് നോക്കി മാര്‍ക്കോസ് എഴുതി” എന്നിങ്ങനെയാണ് സുവിശേഷങ്ങള്‍ രൂപപ്പെട്ടതെങ്കില്‍ ദൈവപ്രചോദനത്താല്‍ എഴുതപ്പെട്ടു എന്ന് സിദ്ധാന്തിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരു സുവിശേഷം ‘നോക്കി’  അല്‍പവ്യത്യാസങ്ങളോടെ മറ്റൊന്ന് എഴുതിയുണ്ടാക്കാനും ”ദൈവപ്രചോദനം” അത്യാവശ്യമാണെന്ന് കരുതാമോ? ബൈബിള്‍ പുതിയനിയമത്തിലെ വാചകങ്ങള്‍ ദൈവപ്രചോദിതമാണ് എന്ന സിദ്ധാന്തത്തെയാണ് യഥാര്‍ഥത്തില്‍ അഗസ്റ്റിന്റെ വിശദീകരണം തകര്‍ക്കുന്നത്. ഇത് ബൈബിളിന്റെ തന്നെ ദൈവികതയെക്കുറിച്ച ചോദ്യങ്ങളാണ് ആത്യന്തികമായി ഉയര്‍ത്തുന്നത്. സിനോപ്റ്റിക് പ്രശ്‌നം വിശദീകരിക്കാന്‍വേണ്ടി പില്‍കാലത്ത് അവതരിപ്പിക്കപ്പെട്ട ദ്വിസ്രോതസ്സ് സിദ്ധാന്തവും ചതുര്‍സ്രോതസ്സ് സിദ്ധാന്തവും ഇതേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസിന്റെ സുവിശേഷത്തിനുപുറമെ മറ്റു ചില ലിഖിത സ്രോതസ്സുകള്‍ കൂടി മത്തായിയും ലൂക്കോസും ഉപയോഗിച്ചു എന്ന നിഗമനമാണല്ലോ, അവ മുന്നോട്ടുവെക്കുന്നത്. ദൈവനിവേശിതമായ വിശുദ്ധ എഴുത്തല്ല, മനുഷ്യരചനകളെ ആശ്രയിച്ചുള്ള പകര്‍ത്തിയെഴുത്തുകളാണ് ഈ ഗ്രന്ഥകാരന്മാര്‍ നടത്തിയത് എന്ന് ആ സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നു.
  സുവിശേഷങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്ന മൗലികപ്രശ്‌നത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാണ് സിനോപ്റ്റിക് സുവിശേഷങ്ങളിലെ സാധര്‍മ്യങ്ങളെ സംബന്ധിച്ച ഈ ചര്‍ച്ച എന്ന് ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ഫാദര്‍ മാണിപറമ്പില്‍  ചെയ്യുന്നത് ഇതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള വിഫലശ്രമം നടത്തുകയാണ്. അദ്ദേഹം എഴുതുന്നു: ”ആ മൂന്നു സുവിശേഷങ്ങള്‍ തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. അതാണ് സമാന്തരസുവിശേഷപ്രശ്‌നം. ഇതു ചരിത്രപരമായ പ്രശ്‌നമല്ല, സാഹിത്യ സംബന്ധമായ പ്രശ്‌നമാണ്. കാരണം, സുവിശേഷരൂപവല്‍കരണത്തിലെ സങ്കീര്‍ണപ്രക്രിയ കണ്ടെത്തുക മാത്രമാണ് ഈ പ്രശ്‌നം ലക്ഷ്യം വെക്കുന്നത്.”(6) ”സുവിശേഷരൂപവല്‍ക്കരണത്തിലെ സങ്കീര്‍ണപ്രക്രിയ” എന്നത് സാഹിത്യസംബന്ധമായ പ്രശ്‌നം മാത്രമല്ലെന്ന് ആര്‍ക്കും ഗ്രഹിക്കാനാവും. സാഹിത്യസംബന്ധവും ചരിത്രപരവും ദൈവശാസ്ത്രപരവുമൊക്കെയായ നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതല്ലേ യാഥാര്‍ഥ്യം? ഇക്കാര്യം വ്യക്തമാവാന്‍ ഒരു വസ്തുത സൂചിപ്പിക്കാം.
  മത്തായിയുടെ സുവിശേഷത്തില്‍ 18293 വാക്കുകളാണുള്ളത്. മാര്‍ക്കോസിന്റേതില്‍ 11025ഉം ലൂക്കോസിന്റേതില്‍ 19,376ഉം. മാര്‍ക്കോസ് ഉപയോഗിച്ച വാക്കുകളില്‍ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടാത്തത് 132 വാക്കുകള്‍ മാത്രമാണ്. ശതമാനക്കണക്കിലാണെങ്കില്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിലെ 97 ശതമാനം മത്തായിയുടെ സുവിശേഷത്തിലും 88 ശതമാനം ലൂക്കോസിന്റെ സുവിശേഷത്തിലും കാണാം. ആശയപരമായ സാദൃശ്യങ്ങള്‍ക്കപ്പുറം പകര്‍ത്തിയെഴുതിയ പോലെയുള്ള സാദൃശ്യം ദൈവപ്രചോദനത്താല്‍ സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്ന പരമ്പരാഗത ധാരണയെ കടപുഴക്കുന്നു എന്നത് സ്പഷ്ടമാണ്.
കുറിപ്പുകള്‍:
1. Sunoptikov എന്ന ഗ്രീക്ക് വിശേഷണപദത്തില്‍ നിന്നാണ് Synoptic എന്ന പദപ്രയോഗം ഉണ്ടായത്. ഇതാകട്ടെ Sun, oyeivw എന്നീ ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നതാണ്.  oyeivw യുടെ അര്‍ത്ഥം ‘ഒന്നായി കാണുക’യെന്നും.
2. ഡോ: ജോസ് മാണിപ്പറമ്പില്‍, സമാന്തരസുവിശേഷപ്രശ്‌നം (ബിബ്ലിയ പബ്ലിക്കേഷന്‍സ്, 1998), പേജ് 5.
3. പുതിയനിയമം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍, 1976.
4. സിനോപ്റ്റിക് പ്രശ്‌നത്തെക്കുറിച്ചുള്ള ലഘുവിവരണത്തിന് The Anchor Bible Dictionary (Doubleday:NY) 1992, പേജുകള്‍ 263-70 ലെ Tuckett ന്റെ ‘Synoptic Problem’ എന്ന ലേഖനം കാണുക. വിശദമായ പ്രതിപാദത്തിന് Mark Goodcareന്റെ The Synoptic Problem: A way Through the Maze (Sheffield press: London,2001) നോക്കുന്നത് പ്രയോജനപ്പെടും.
5. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 41.
6. സമാന്തരസുവിശേഷപ്രശ്‌നം, പേജ് 7.