ചരിത്രത്തിന്‌ അപരിചിതന്‍, കാപട്യത്തിന്റെ കാവലാള്‍.

ശെരീഫ്‌ മേലേതില്‍
ഇസ്ലാമിന്റെ സംസ്‌കാര ഭൂമികളിലൂടെ ഒരു മകന്റെ യാത്ര’ എന്ന മുഖക്കുറിപ്പ് നല്‍കിക്കൊണ്ടാണ് ചരിത്രത്തിന് അപരിചിതന്‍ എന്ന ആതിഷ് തസീറിന്റെ യാത്രാവിവരണ പുസ്തകം (വിവ: എം. കെ. ഗംഗാധരന്‍, ഡി. സി. ബുക്‌സ്, 2010) ആരംഭിക്കുന്നത്. ഇസ്താംബൂളില്‍നിന്നും തുടങ്ങി ഡമസ്‌കസും മക്കയും ടഹ്‌റാനും കടന്ന് കറാച്ചിയിലെത്തുന്ന തസീറിന്റെ യാത്ര ആഗോളതലത്തില്‍ ഇസ്്‌ലാമിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി പഠിക്കുകയും ഉത്തരം തേടുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എഴുപതുകളില്‍ ഇന്ത്യയിലെത്തിയ പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ സല്‍മാന്‍ തസീറിന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകയില്‍ ജനിച്ച കുട്ടിയാണ് ആതിഷ് തസീര്‍. ഒരു നോവല്‍ പോലെ വായിച്ച് പോകാവുന്നത് എന്ന് വിവര്‍ത്തകന്‍ വിശേഷിപ്പിക്കുന്ന ഈ പുസ്തകം ആഖ്യാനശൈലിയില്‍ മാത്രമല്ല, അതീവ പ്രാധാന്യമുള്ള പല വിഷയങ്ങളെയും സമീപിക്കുന്നതിലും ഒരു നോവലിസ്റ്റിന്റെ അവധാനത മാത്രമെ പ്രകടിപ്പിച്ചിട്ടുള്ളൂ എന്നതാണ് പുസ്തകത്തിന്റെ പല പോരായ്മകളില്‍ പ്രധാനപ്പെട്ടത്. യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ‘കഥാപാത്രങ്ങളുടെ’ കാഴ്ചപ്പാടുകളെയാണ് ഗ്രന്ഥകര്‍ത്താവ് സ്വന്തം അടിക്കുറിപ്പുകളിലൂടെ പല വിഷയങ്ങളിലും തീര്‍ത്തും തെറ്റായ തീര്‍പ്പുകളിലെത്തുന്നതിന് ആശ്രയിച്ചിരിക്കുന്നത്. മറ്റേതൊരു ഇസ്്‌ലാം വിമര്‍ശകന്‍മാരെയും പോലെ ആഴത്തിലുള്ള അജ്ഞതകളും മൂക്കറ്റം മുന്‍ധാരണകളുമുള്ള ഒരു ഇസ്‌ലാം വിമര്‍ശനഗ്രന്ഥമെന്ന വിലയിരുത്തലാണ് തസീറിന്റെ പുസ്തകത്തിന്റെ ഉള്ളടക്കങ്ങളോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത്.
  ഇസ്‌ലാമികമായ ചിഹ്നങ്ങള്‍ക്കും അടയാളങ്ങള്‍ക്കും സംശയത്തിന്റെയും ഭീതിയുടെയും ചായം തേക്കാവുന്ന കളര്‍ പെന്‍സിലുകളാണുപയോഗിച്ചുകൊണ്ടാണ് ആതിഷ് തന്റെ പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്. തുടക്കംമുതല്‍ തന്നെ ആതിഷിന്റെ അക്ഷരങ്ങള്‍ക്ക് ഇസ്്‌ലാമിന്റെ ‘അപകട’ത്തെക്കുറിച്ചുള്ള ഒരുതരം അടക്കംപറച്ചിലുകളുണ്ട്. മുസ്്‌ലിം രാജ്യങ്ങളിലൂടെയുള്ള യാത്രക്ക് മുമ്പായി അവിടങ്ങളില്‍ താന്‍ കാണാന്‍ പോകുന്ന കാഴ്ചകള്‍ക്കുള്ള മുഖവുരയെന്നോണം ഇംഗ്ലണ്ടിലെ ഒരു തീവണ്ടി യാത്രയെപ്പറ്റി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. ലീഡ്‌സില്‍നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ബീസ്റ്റണിലേക്കായിരുന്നു ആ യാത്ര. പാകിസ്ഥാനില്‍നിന്നും അവിടെ കുടിയേറി പാര്‍ക്കുന്ന മുസ്‌ലിംകളില്‍ രണ്ട് തരക്കാരെയാണ് അദ്ദേഹം കാണുന്നത്. ഒന്ന്, വേഷത്തിലും രൂപത്തിലും പഴയപടി തുടരുന്ന, ഒരു ‘സമുതുലിതാവസ്ഥ’ നിലനിര്‍ത്തുന്ന, തീവ്രവാദികളില്‍നിന്ന് അകല്‍ച്ച പാലിക്കുന്ന പഴമക്കാരുടെ ഒരു  വിഭാഗം. രണ്ട്, ഈ പിതാക്കള്‍ക്ക് തന്നെ മനസ്സിലാകാത്ത, താടിയും മീശയും ഇസ്‌ലാമിക രീതികള്‍ക്കനുസരിച്ച് വെട്ടുകയും വളര്‍ത്തുകയും ചെയ്യുന്ന, നീണ്ട അറബിക്കുപ്പായം ധരിക്കുന്ന, സ്വന്തം രക്ഷിതാക്കളുടെ തുറസ്സായ സമീപനങ്ങളും ഫലിതം കലര്‍ന്ന സംഭാഷണങ്ങളും പരിചയമില്ലാത്ത ഒരു പുതിയ തലമുറ. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ മൗലവിമാരുടെ ഒരു തലമുറ.
  ലണ്ടനിലെ ബസ്സുകളിലും തീവണ്ടികളിലും ബോംബ് വെച്ച തീവ്രവാദികളെ തേടി ബീസ്റ്റണിലെത്തിയിട്ടാണ് ഈ കാഴ്ചകള്‍ അയാള്‍ കാണുന്നത്. സ്വന്തം പിതാക്കള്‍ക്കുപോലും അപരിചിതത്വമുള്ളവരും അകല്‍ച്ചയുള്ളവരുമായ ‘മതതീവ്രവാദികളുടെ’ വേഷങ്ങളും രൂപങ്ങളും തൊട്ടെണ്ണി പറഞ്ഞ് മതത്തിന്റെ അടയാളങ്ങളെ മതതീവ്രവാദത്തിന്റെതാക്കി മാറ്റി പണിയാന്‍ ശ്രമിക്കുന്നവന്റെ വിയര്‍പ്പിന്റെ നനവും നാറ്റവും ആതിഷിന്റെ വാക്കുകള്‍ക്കിവിടെ ഉണ്ട്. ബീസ്റ്റണില്‍ ഒരു വര്‍ഷത്തിനിടെ കണ്ടുമുട്ടിയവരില്‍ അദ്ദേഹം പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നത് അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യാന്‍ ആളെ ചേര്‍ക്കുന്ന അല്‍ മുഹാജിറൂന്‍ ഗ്രൂപ്പിന്റെ വക്താവ് എന്ന വിശേഷണത്തോടെ ഒരു ഹസന്‍ ഭട്ടിനെ മാത്രമാണ്. 14 നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുസ്്‌ലിംകള്‍ക്കുണ്ടായിരുന്നത് മദീന എന്ന ചെറിയ നഗരം മാത്രമാണെന്നും പ്രവാചക കാലത്തുതന്നെ ഈജിപ്തിലേക്കും പേര്‍ഷ്യയിലേക്കും പടര്‍ന്ന ഇസ്്‌ലാമിന്റെ കുടക്കീഴില്‍ വൈറ്റ്ഹൗസും 10 ഡൗണിങ്ങ് സ്ട്രീറ്റുമൊന്നും ഇനിയും വരാത്തതെന്തുകൊണ്ടാണെന്നുമുള്ള ഒരു മുറിഞ്ഞ ലോകത്തിന്റെ ഉല്‍കണ്ഠ പങ്കുവെക്കുന്ന ഹസന്‍ ഭട്ടിനെ തന്റെ പുസ്തകത്തില്‍ നാല് സ്ഥലത്ത് പേര് പറഞ്ഞ് ഉദ്ധരിക്കുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് തിരികെ കിട്ടിയാല്‍ മുറിഞ്ഞ ലോകത്തിന്റെ ആശങ്കയോടൊപ്പം അത് മുറികൂട്ടണമെന്ന ആശയും ഹസന്‍ ഭട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടത്രെ. ബീസ്റ്റണിലെ അനുഭവങ്ങളും ഹസന്‍ ഭട്ടിനോടുള്ള അഭിമുഖവും ചേര്‍ത്ത്് ഒരു ബ്രിട്ടീഷ് പൊളിറ്റിക്കല്‍ മാസികയില്‍ എഴുതിയ ലേഖനമാണ് താന്‍ എഴുതിയ ആദ്യ കവര്‍‌സ്റ്റോറി എന്നാണ് ആതിഷ് പറയുന്നത്. ഹസന്‍ ഭട്ടിനെപ്പറ്റി താന്‍ എഴുതിയതെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
  അച്ഛന്‍ സല്‍മാന്‍ തസീറിന് അയച്ചുകൊടുത്ത ആതിഷിന്റെ ആദ്യ ലേഖനത്തിനുള്ള മറുപടിയായി അച്ഛനെഴുതിയ കത്തിലെ വരികള്‍ ഈ പുസ്തകത്തെ തന്നെ വിലയിരുത്തുന്നതില്‍ വളരെ പ്രസക്തമാണ്. ഇസ്‌ലാമിക തീവ്രവാദം വിഷമാണ്. ഐ. ആര്‍. എ പോലെയും ആര്‍. എസ്. എസ് പോലെയും.  അത് പെരുകാന്‍ കാരണം ഫലസ്തീനും ഇറാഖുമാകുന്നു. ഹിന്ദുക്കളെ ബോംബിട്ടാല്‍, പീഡിപ്പിച്ചാല്‍, ഇതേ പ്രതികരണം ഉണ്ടായെന്നിരിക്കും. ‘ഇന്ത്യന്‍ പാക്കിസ്ഥാനി’  എന്ന് സ്വയം വിശേഷിപ്പിക്കുന്നതിനാല്‍ ഈ ദുഷ്പ്രചാരണത്തിന് വിശ്വാസം ഉളവാക്കാന്‍ നിനക്ക് കഴിയുന്നു, എല്ലാം അറിയുന്നവനെപ്പോലെ” എന്ന അച്ഛന്റെ കത്തില്‍ നിന്ന് ആതിഷ് തന്നെ ഉദ്ധരിക്കുന്ന രോഷപ്രകടനം ആതിഷിന്റെ ലക്ഷ്യത്തെത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
  തുര്‍ക്കിയില്‍നിന്നും തുടങ്ങി മക്കയടക്കമുള്ള വിശുദ്ധ നാടുകള്‍ ചുറ്റി ഏഴുമാസക്കാലം സമയമെടുത്ത് കറാച്ചിയിലെത്തിയ ഗ്രന്ഥകാരന്‍ ഈ യാത്രയിലെവിടെയും ശരിയായ വിധം ഇസ്്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഒരാളെയും കാണുകയോ പരിചയപ്പെടുകയോ ചെയ്തില്ല എന്നത് അത്ഭുതത്തേക്കാളേറെ പുസ്തകരചനയെത്തന്നെ സംശയിക്കും വിധം അറപ്പുളവാക്കുന്നതാണ്. ഇസ്്‌ലാമിക പ്രമാണങ്ങളോട് നേര്‍ വിപരീതങ്ങളായ വീക്ഷണങ്ങളുള്ള, വികലമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന, സ്വപ്‌നലോകത്ത് വിഹരിക്കുന്ന, കുറെ വിചിത്രജീവികളാണ് എല്ലാ നാട്ടിലും അദ്ദേഹം പരിചയപ്പെട്ട മുസ്‌ലിംകള്‍! ഹസന്‍ ഭട്ട് തന്നെ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങള്‍ ഇതിന് തെളിവാണ്:
  ”എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- മാഞ്ചസ്റ്ററിലെ കറി ഹൗസിലിരുന്ന് ഹസന്‍ ഭട്ട് പറഞ്ഞു. ആ സമയം വരുമ്പോള്‍ ഞാന്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും. അയാള്‍ അതില്‍ ഊന്നല്‍ കൊടുത്തതുകൊണ്ട് ഞാന്‍ ചോദിച്ചു, അത് രക്തസാക്ഷിത്വമാണ് അല്ലേ? തീര്‍ച്ചയായും, അയാള്‍ പറഞ്ഞു. അതാണ് തന്നെ ഇവിടെ നിരാശനാക്കുന്നത്. ഇവിടെ ഈ രാജ്യത്ത് ഒന്നും ചെയ്യാനില്ലെന്ന് എനിക്കറിയാം. ഞാന്‍ ഉറക്കത്തില്‍ മരിച്ചാല്‍ എന്നില്‍ അല്ലാഹുവിന്റെ കാരുണ്യമില്ലെന്ന് ഞാന്‍ മനസ്സിലാക്കും. ഞാന്‍ അത്രക്ക് ചീത്തയാണെന്നും. ഒരു രക്തസാക്ഷിത്വത്തിലൂടെയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാനാവില്ല……..എനിക്കറിയാനുള്ളതിന്റെയെല്ലാം താക്കോലിരിക്കുന്നത് അറബി ഭാഷയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍, അറബി പഠിച്ചുകഴിഞ്ഞാല്‍ ഇന്‍ശാ അല്ലാ, ഞാന്‍ പട്ടാള പരിശീലനത്തിന് പോകും…”
  ഇതാണ് സാര്‍വദേശിയ ഇസ്്‌ലാമിന്റെ ലക്ഷ്യമെന്നും ഇത് താന്‍ ഹസന്‍ ഭട്ടില്‍നിന്നാണ് മനസ്സിലാക്കിയതെന്നും വിശദീകരിക്കാനാണ് ഭട്ടിന്റെ ഈ വാക്കുകള്‍ പുസ്തകത്തില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
ഇസ്്‌ലാമിനെതിരായി വര്‍ത്തമാനലോകത്ത് നിലനില്‍ക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കണ്ടെത്താനായി പെട്ടിയും പ്രമാണവുമെടുത്ത് ഒരുങ്ങിപുറപ്പെട്ടവനെയാണ് ആതിഷിന്റെ പുസ്തകത്തില്‍ നമുക്ക് കാണാനാവുക. ഇസ്്‌ലാമിനെകുറിച്ച് ഒന്നും അറിയാത്ത ഒരാള്‍ ആഗോള ഇസ്്‌ലാമിക പ്രശ്‌നങ്ങള്‍ പഠിക്കാനായി ഇസ്്‌ലാമിനെപ്പറ്റി ഒന്നും അറിയാത്ത വേറെ കുറെ ആളുകളെ കാണുകയും  അനുഭവിക്കുകയും അവരില്‍നിന്ന് മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ കളിക്കൂട്ടുകാരുടെ ഒരു പരിഹാസത്തില്‍നിന്നാണ് ആതിഷ് തന്റെ മുസ്്‌ലിം ഐഡന്റിറ്റി ആത്യന്തികമായി തിരിച്ചറിയുന്നത്. മൂത്രമൊഴിക്കുന്ന സമയത്ത് ലിംഗാഗ്രം ഛേദിക്കപ്പെട്ടതുകണ്ട കൂട്ടുകാരന്‍ ‘ആതിശ് കാ സുസു നംഗാ ഹേ’ എന്ന് വിളിച്ചുപറഞ്ഞതില്‍നിന്നുണ്ടായ മുസ്്‌ലിം ബോധം പിന്നീടൊരുപാടൊന്നും വളര്‍ന്നിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ യാത്രക്കിടയിലെ പെരുമാറ്റങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
  സിറിയയില്‍ വെച്ച് പരിചയപ്പെട്ട താരിഖ് വെള്ളിയാഴ്ച സംസാരിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ ആതിഷ് ഭയപ്പെടുന്നത് തനിക്ക് നമസ്‌കരിക്കാനറിയില്ല എന്നാണ്: ”അയാള്‍ എന്നോട് നമസ്‌കരിക്കാന്‍ പറയുകയും എനിക്കത് അറിയാതെ വരികയും ചെയ്താല്‍? താരീഖ്, എനിക്ക് നമസ്‌കാരം പഠിക്കണം. വിഷമിക്കണ്ട സഹോദരാ, ഞങ്ങള്‍ എങ്ങനെയാണ് നമസ്‌കരിക്കുന്നതെന്ന് താങ്കള്‍ക്ക് പഠിപ്പിച്ചുതരാം.” അങ്ങനെ, വുദൂഅ് എടുക്കാനറിയാതെ കൂടെയുണ്ടായിരുന്നയാള്‍ ചെയ്യുന്നതെല്ലാം നോക്കി അതുപോലെ കൈകളും മുഖവും കഴുകിയ ആതിഷ് സിറിയയില്‍ വെച്ചാണ് ജീവിതത്തില്‍ ആദ്യമായി ജുമുഅ നമസ്‌കരിക്കുന്നതും ഖുതുബ കേള്‍ക്കുന്നും. ഇസ്്‌ലാമിന്റെ പ്രാഥമികമായ കാര്യങ്ങളെ കുറിച്ചുപോലും സാഭിമാനം അയാള്‍ സ്വയം വെളിപ്പെടുത്തുന്ന അജ്ഞതകള്‍ പുസ്തകത്തില്‍ ഇതുപോലെ ധാരാളമുണ്ട്. അജ്ഞതയുടെ ഈ സ്വന്തം മൂലധനവും വഴിയാത്രയില്‍ അതിസാഹസികമായി കണ്ടുപിടിക്കുന്ന അപരിചിതരുടെ അറിവില്ലായ്മയുടെ നിക്ഷേപവും ഒരുമിച്ചുചേര്‍ത്താണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ഒരായിരം തവണ ഇസ്്‌ലാമിക പ്രബോധകന്‍മാര്‍ വിശദീകരിക്കുകയും മറുപടി നല്‍കുകയും ചെയ്ത ആരോപണങ്ങള്‍ തന്നെ യാത്രാവിവരണമെന്ന പേരില്‍ വീണ്ടുമിവിടെ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
‘അക്ഷര ഇസ്്‌ലാം’ അഥവാ ലിറ്റററിസം
   ക്വുര്‍ആനിലുള്ളതുപോലെ മതത്തെ സ്വീകരിക്കുന്നത് വള്ളിപുള്ളി തെറ്റാതെ മതത്തെ അനുഷ്ഠിക്കുന്ന ലിറ്റററിസമാണെന്നും അത് പഴഞ്ചനാണെന്നുമാണ് ആതിഷ് പറഞ്ഞുവരുന്നത്. ക്വുര്‍ആനിനെതിരായി മുസ്്‌ലിം വിശ്വാസ, അനുഷ്ഠാന, ആചാര, ആരാധനാ കാര്യങ്ങളിലേക്ക് കാലപ്പഴക്കത്തിന്റെ പഴുതുകളില്‍ കടന്നുകൂടി മാറ്റങ്ങള്‍ വന്നത് ഗ്രന്ഥകാരന് ‘സാംസ്‌കാരിക ഇസ്്‌ലാമു’മാണ്. ഈ ലിറ്റററല്‍/സാംസ്‌കാരിക ദ്വന്ദ്വങ്ങളെ വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് വഹ്ഹാബികളും സ്വൂഫികളുമാണെന്നാണ് ആതിഷിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ വഹ്ഹാബികള്‍ ആക്ഷേപാര്‍ഹരും സ്വൂഫികള്‍ വാഴ്ത്തപ്പെടേണ്ടവരുമാണെന്ന് വരികള്‍ക്കിടയില്‍ വരക്കാതെ വരഞ്ഞുവെക്കുന്നുണ്ടദ്ദേഹം.
  വഹ്ഹാബികള്‍ക്ക് സ്വൂഫികളെ വെറുപ്പാണെന്ന് പേജ് 17ലും 98ലുമായി രണ്ടു തവണ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. ഒരു സന്ദര്‍ഭം യാത്രയുടെ ആറാം മാസം മക്കയിലെ ഹറമിലെത്തിയപ്പോഴാണ്. അദ്ദേഹം തന്നെ വിശദീകരിക്കുന്നു. ”ഉംറ കര്‍മത്തിനിടെ സഫാ മര്‍വാ ഓട്ടത്തിനിടയില്‍ ഒരു തീര്‍ത്ഥാടകന്‍ ഞങ്ങളെ സമീപിച്ചു. അയാള്‍ അറബിയില്‍ എന്തോ പറഞ്ഞെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ ഉടനെ എന്റെ കൂടെയുണ്ടായിരുന്ന ഹനിയുടെയും കരീമിന്റെയും നേരെ തിരിഞ്ഞ് അവരോട് സംസാരിച്ചു. അവര്‍ തല കുലുക്കി. അയാള്‍ എന്താ പറഞ്ഞത്? ഞാന്‍ ചോദിച്ചു. ഹനി പറഞ്ഞു. ഇത് ദൈവത്തിന്റെ ഗൃഹമാണ്. അത് അഴിച്ചുമാറ്റിയാല്‍ നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹമുണ്ടാകും. ഹനി എന്റെ കഴുത്തിലും കയ്യിലും കെട്ടിയിരുന്ന ചരടുകള്‍ ചൂണ്ടിക്കാട്ടി. അവ എവിടെനിന്നും കിട്ടി എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ചിലത് അമ്പലങ്ങളില്‍നിന്നും ചിലത് പള്ളികളില്‍നിന്നും. അവ സൂഫി മന്ദിരത്തില്‍നിന്നാണെന്ന് പറയൂ. ഞാന്‍ പറഞ്ഞു. അങ്ങിനെ പറയരുത്, ഹനി താക്കീത് ചെയ്തു. അത് കൂടുതല്‍ കുഴപ്പമുണ്ടാക്കും. വഹാബികള്‍ സൂഫികളെ വെറുക്കുന്നുവരാണ്.”
  ഇസ്്‌ലാമില്‍ പരസ്പരം വെറുപ്പുള്ള രണ്ടറ്റങ്ങളുണ്ടെന്നും അതിലൊന്ന് പുസ്തക ഇസ്്‌ലാമിന്റെ വഹ്ഹാബീ ധാരയിലുള്ള ‘അടഞ്ഞ’ ഇസ്്‌ലാമാണെന്നും രണ്ടാമത്തേത് ഏത് മാറ്റങ്ങളെയും കാലത്തിനും ദേശത്തിനുമനുസരിച്ച് മാറ്റി ഉള്‍കൊള്ളാനുള്ള വിശാലതയുള്ള സ്വൂഫീ പാരമ്പര്യത്തിലധിഷ്ഠിതമായ ‘തുറന്ന’ സാംസ്‌കാരിക ഇസ്്‌ലാമാണെന്നുമാണിവിടെ സ്ഥാപിച്ചെടുക്കുന്നത്. ആതിഷിന്റെ കയ്യില്‍ കെട്ടിയിട്ടുള്ള ചരട് ‘സാംസ്‌കാരിക’ ഇസ്്‌ലാമിന്റെ സംഭാവനയാണ്. അദ്ദേഹം പറയുന്നു. ”അദ്ധ്യാത്മികതയും സഹിഷ്ണുതയും പാട്ടും കവിതയും പ്രാദേശിക പുണ്യവാളന്‍മാരോട് (മുസ്്‌ലിം, ഹിന്ദു) ആദരവുമുള്ള ആ ഇസ്്‌ലാമാണ് എന്റെ കണംകയ്യില്‍ കെട്ടിയിരിക്കുന്ന എന്റെ ചരട്് എനിക്ക് തന്നത്. പക്ഷെ സൗദി അറേബ്യയില്‍ ഈ രീതിയിലുള്ള ആരാധന അവരുടെ പുസ്തകത്തില്‍ (ക്വുര്‍ആന്‍) നിന്നകന്ന  ഒരു മതമായാണ് കണക്കാക്കപ്പെടുന്നത്” (പുറം 98). കലര്‍പ്പില്ലാത്ത വിശുദ്ധി നിലനിര്‍ത്തുന്ന മതത്തിന്റെ മൗലികഭാവത്തോട് മാത്രമാണ് ഇവിടെ വിരോധം പ്രകടിപ്പിക്കുന്നത്. ആത്മീയതയും സഹിഷ്ണുതയും പാട്ട്, കവിത പോലുള്ള സര്‍ഗചോദനകളും അന്യമായ ഒരു വരണ്ട തീരമാണ് അതെന്നാണ് വരുത്തിത്തീര്‍ക്കുന്നതും.
  കണംകയ്യിലെ കറുത്ത ചരട്  കാവലായിക്കൊള്ളുമെന്ന അതിബുദ്ധിമാനായ മനുഷ്യന്റെ അല്‍പത്തമാണ് ഇവിടെ കാണാതെ പോകുന്നത്. ശാസ്ത്രത്തിന്റെ, മതത്തിന്റെ, യുക്തിയുടെ നാളിതുവരെ നാം നേടിയ ആര്‍ജിത വിജ്ഞാനത്തിന്റെ ഏത് അളവുകോല് വെച്ച് നോക്കിയാലും തീര്‍ത്തും അന്ധവിശ്വാസമെന്ന് മാത്രം പറയാവുന്ന ചരട് കെട്ടലും ആള്‍ദൈവ പൂജയുമാണിവിടെ കുറേ നല്ല പദങ്ങളെക്കൊണ്ട് പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്ധ്യാത്മികതയായി ലോകത്ത് ഇന്ന് ആഘോഷിക്കപ്പെടുന്ന പലതും ശരാശരി ബൗദ്ധികനിലവാരം പോലും ഇല്ലാത്ത പലരുടെയും തീര്‍ത്തും ഭൗതികമായ സ്വാര്‍ത്ഥതകളില്‍നിന്ന് മാത്രം ജന്മംകൊണ്ട ആത്മീയ വൈകൃതങ്ങളാണ്. അത്തരം അസംബന്ധങ്ങളോട് കൂടിക്കലരാന്‍ കൂട്ടാക്കാതെ വെള്ളപ്പാത്രത്തിലെ തേന്‍തുള്ളിയെ പോലെ വേറിട്ട അസ്തിത്വം നിലനിര്‍ത്തുന്ന ഇസ്്‌ലാമിനെ വിമര്‍ശിക്കുന്നതില്‍ വിവരമുള്ളവര്‍ക്ക് വിലമതിക്കാനാവുന്ന എന്തെങ്കിലുമൊരു കാരണം ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.
  തുര്‍ക്കിയില്‍വെച്ച് പരിചയപ്പെട്ട അബ്ദുല്ല ആതിഷിനോട് ഇങ്ങനെ പറയുന്നുണ്ട്. ”ഇസ്‌ലാമിന്  സ്വന്തമായ ഒരു ശക്തിയുണ്ട്. എന്നാല്‍ മറ്റ് സിസ്റ്റങ്ങള്‍ക്ക്, ടാവോയിസത്തിനും ബുദ്ധിസത്തിനും മറ്റും അങ്ങനെയൊരു ശക്തിയില്ല. ലോക വ്യവസ്ഥക്ക് അവരെ ശൂന്യപ്പെട്ടികളാക്കാന്‍ കഴിയും. എന്നാല്‍ ഇസ്്‌ലാമിന് അതിനെ (ലോകവ്യവസ്ഥയെ) അതിജീവിക്കാനുള്ള കഴിവുണ്ട്്” (പുറം 47). ഈ മാറ്റാന്‍ കഴിയാത്ത ഇസ്്‌ലാമാണ് ആതിഷിന്റെ പ്രശ്‌നം. അതിനെന്തെല്ലാം മേന്‍മകളുണ്ടെങ്കിലും കൂടിക്കലര്‍ന്നുടലെടുക്കുന്ന സങ്കര സംസ്‌കാരങ്ങള്‍ക്ക് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ‘പുസ്തക ഇസ്്‌ലാം’ നവോത്ഥാനത്തിനുതകില്ല എന്നാണദ്ദേഹം അന്ധമായി നിരീക്ഷിക്കുന്നത്. ”അന്ന് ബീസ്റ്റണില്‍ നിന്ന് ട്രെയിനില്‍ തിരികെ വരുമ്പോള്‍ ഇസ്്‌ലാമിനെ കുറിച്ചുള്ള അറിവ് പോരെന്ന തോന്നലായിരുന്നു എനിക്ക്്; യാത്രയുടെ മധ്യത്തിലെത്തിയപ്പോള്‍ അറിവ് കുറവാണെന്ന തോന്നലുണ്ടാകുന്നില്ല. മതം ഒരാളുടെ വേഷം, ഭക്ഷണം, ആരാധന, കുടുംബ-സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയെയെല്ലാം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് എനിക്കിപ്പോള്‍ അറിയാം. മതപരമായ അറിവ്, പ്രത്യേകിച്ചും അതിന്റെ പുസ്തകത്തിലുള്ളത്, ഒരു നവോത്ഥാനത്തിന് ഉതകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മക്ക വിശ്വാസത്തിന്റെതാണ്. വിശ്വാസത്തിന്റെ അടഞ്ഞ വൃത്തത്തിന് പുറത്തേക്ക് നോക്കണമെങ്കില്‍ എനിക്ക് ഇറാനിലൂടെയും പാക്കിസ്ഥാനിലൂടെയും പോകേണ്ടതുണ്ട്. വിശ്വാസത്തേക്കാള്‍ ആഴത്തില്‍ വ്യക്തികളിലും സമുദായങ്ങളിലും ഇസ്്‌ലാം എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം. എന്റെ അച്ഛനെപ്പോലെയുള്ള വ്യക്തികള്‍, ഇസ്്‌ലാമിക വിപ്ലവം പുനര്‍നിര്‍മ്മിച്ച ഇറാനെ പോലെയുള്ള രാജ്യങ്ങള്‍.” അതെ, ആതിഷിന് ഇസ്്‌ലാമിനെയല്ല അറിയേണ്ടത്. ശരിയായ ഇസ്്‌ലാമിനെ അറിഞ്ഞും പറഞ്ഞും മാത്രം പുസ്തകമെഴുതിയാല്‍ വായനക്കാര്‍ കാത്തിരിക്കുന്നത് നല്‍കാനാവില്ല. അതിന് ഇസ്്‌ലാമിന്റെ പേരില്‍ ലോകത്ത് പ്രത്യക്ഷപ്പെട്ട ഇസ്്‌ലാം വിരുദ്ധ തലച്ചോറുകളുടെ ചുരുളുകള്‍ക്കിടയില്‍ അടയിരുന്ന് വിരിഞ്ഞിറങ്ങിയ അംഗവൈകല്യങ്ങളുള്ള ആദര്‍ശങ്ങളെത്തന്നെ കിട്ടേണ്ടതുണ്ട്. ഇസ്്‌ലാം മതത്തെ പൂര്‍ത്തീകരിച്ച, സ്വജീവിതംകൊണ്ട് മതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ അംശങ്ങളെയും പ്രയോഗവല്‍കരിച്ച, സ്വന്തം ജീവിതം കൊണ്ടതിനെ സാക്ഷ്യപ്പെടുത്തിയ മുഹമ്മദ് നബിയും ആയിരക്കണക്കിന് അനുചരന്‍മാരും ജീവിച്ച വിശുദ്ധ മക്കയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത; ഇസ്്‌ലാം ശാത്രവത്തിന്റെ ജൂത മൂശയില്‍ ജന്മംകൊണ്ട ശീഈ ദര്‍ശനങ്ങള്‍ക്ക് അടിപ്പടവ് പണിത ഇറാനിന്റെ മണ്ണില്‍ ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ഒരുവന്‍, യാത്ര കഴിഞ്ഞ് വണ്ടിയിറങ്ങുമ്പോള്‍ അവന്റെ സഞ്ചിയിലെന്തെല്ലാമുണ്ടാകുമെന്ന് ഇസ്്‌ലാമിക സമൂഹത്തിന് സങ്കല്‍പിക്കാവുന്നതേയുള്ളൂ!
ഇസ്്‌ലാമിന്റെ ‘പ്രായോഗിക പരാജയം’
  ഇസ്്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരില്‍ തന്നെ അനുഷ്ഠാനങ്ങള്‍ വഴി മതം വിഭാവനം ചെയ്യുന്ന ധാര്‍മികവും സാംസ്‌കാരികവുമായ  വളര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്ന് വാദിക്കാന്‍ ആതിഷ് പങ്കുവെക്കുന്ന അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ഏട്ടിലുള്ള മതം നാട്ടില്‍ പരാജയപ്പെടുന്നുവെന്നാണ് അദ്ദേഹത്തിന് തെളിയിക്കേണ്ടത്. ഏത് രാജ്യങ്ങളിലും ഇസ്്‌ലാം അറിഞ്ഞ് അനുധാവനം ചെയ്യുന്നവരും നാമമാത്ര ബന്ധം മാത്രം പുലര്‍ത്തുന്നുവരുമുണ്ട്. ഇതില്‍ ആറേഴ് മാസക്കാലം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അഞ്ച് രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ട് ഇസ്്‌ലാമിനെ അതിന്റെ തനിമയിലും വിശുദ്ധിയിലും ഉള്‍കൊള്ളുന്ന ആരെയും ആതിഷ് കണ്ടുമുട്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കണമെങ്കില്‍ മതവിരോധം മാത്രം പോരാ, ആവശ്യത്തിന് ബുദ്ധിമാന്ദ്യവും വേണം!
  സൗദിയില്‍ അദ്ദേഹത്തിന് ഉംറക്ക് കൂട്ടുപോകുന്നത് ഹനി എന്ന് പേരുള്ള ഒരു സൗദി യുവാവാണ്. അയാള്‍ സമയാസമയം നമസ്‌കരിക്കുന്നത് കണ്ടിട്ട് ആതിഷ് പറയുന്നു. ”സമയത്തുള്ള കൃത്യമായ പ്രാര്‍ത്ഥന എന്നെ വിസ്മയിപ്പിച്ചു. അയാളെ കണ്ടാല്‍ അങ്ങനെയുള്ള ആളാണെന്ന് തോന്നുമായിരുന്നില്ല. അല്‍പ്പം മുമ്പായിരുന്നു അയാള്‍ കീശയില്‍നിന്ന് രണ്ട് ജോയിന്റുകള്‍ (മയക്കുമരുന്ന്) എടുത്ത് കാണിച്ചത്.” മയക്കുമരുന്നുപയോഗിക്കുന്ന മുസ്്‌ലിം നാമധാരികള്‍ ഇല്ലെന്ന് പറയുന്നത് സത്യമല്ലല്ലോ. എന്നാല്‍ ഇസ്്‌ലാമിനെ അറിയാനും പഠിക്കാനും അന്വേഷിച്ചിറങ്ങിയ ഒരാള്‍ കണ്ടുമുട്ടേണ്ടത് അത്തരക്കാരെയായിരുന്നില്ല. ഇറാനില്‍നിന്നും പരിചയപ്പെട്ട മുഹമ്മദ് റഹീമിനെപ്പറ്റി ആതിഷ് പറയുന്നു. ”മുഹമ്മദിന്റെ കഥ കേള്‍ക്കുമ്പോള്‍ ചിലതൊക്കെ ബാലിശമായി തോന്നും. രാത്രി മുഴുവന്‍ കുടിച്ച് കൂത്താടിയിട്ട് രാവിലെ ക്വുര്‍ആന്‍ വായിക്കുന്ന മുഹമ്മദിന്റെ സഹ വിപ്ലവകാരികളുടെ പ്രവൃത്തികള്‍ എനിക്കത്ര ഭയങ്കരമായി തോന്നിയില്ല. നിഷ്‌കളങ്കനായതിനാല്‍ മുഹമ്മദ് മറ്റെന്തോ പ്രതീക്ഷിച്ചു. മതം ഒരു പുതിയ ലോകത്തിന് വഴികാട്ടുമെന്ന് പ്രതീക്ഷിച്ചു. ഏതെങ്കിലും ഇസ്്‌ലാമിക ഉട്ടോപ്യ ശുദ്ധമായിട്ടുണ്ടോ?”(പുറം 111)
  ഇസ്്‌ലാമിക ചരിത്രത്തെ നിഷ്പക്ഷമായി നിരീക്ഷിച്ചവരെല്ലാം ഏകോപിച്ച് പറഞ്ഞ ഒരു കാര്യം അതിന്റെ പ്രായോഗികതയാണ്. അതീവ സുന്ദരങ്ങളായ ദാര്‍ശനിക പദ്ധതികള്‍ പലതും അത് പറഞ്ഞവതരിപ്പിച്ചവര്‍ക്ക് പോലും പ്രാവര്‍ത്തികമാക്കാനായില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണിത്. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാവര്‍ത്തികമായിട്ടില്ലാത്ത യുട്ടോപ്യയാണിസ്്‌ലാം എന്ന പ്രഖ്യാപിക്കാന്‍ കഴിയണമെങ്കില്‍ പടിഞ്ഞാറ് നിന്ന് കിട്ടിയ കണ്ണട വെച്ച് തന്നെ കാര്യങ്ങളെ നോക്കിക്കാണേണ്ടിവരും.
തീവ്രവാദം, ഭീകരവാദം
  കളഞ്ഞുപോയതെന്തെങ്കിലും തെരഞ്ഞ് നടക്കുന്നവനെപ്പോലെ ചപ്പും കാടും പൊന്തയും ചികഞ്ഞും വകഞ്ഞും വഴിയാത്രയിലുടനീളം തീവ്രവാദത്തെ തേടി നടക്കുന്നുണ്ട് ആതിഷ് ഓരോ നാട്ടിലും. ബീസ്റ്റണിലെ പഞ്ചാബി കടയില്‍ പിതാവിനോടൊപ്പം കണ്ട യുവാവ് കറുത്ത താടിയും നരച്ച കുപ്പായവും ചെറിയ വെള്ളത്തൊപ്പിയും ധരിച്ചിരുന്നു. ഫാന്‍സി ഡ്രസ്സില്‍ പങ്കെടുക്കാന്‍ പോകുന്നവനെപ്പോലെ എന്ന് ആതിഷ് പരിഹസിക്കുന്ന ഈ യുവാവിനോട് എന്തിനാണിങ്ങനെ വേഷം ധരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ”ഇതെന്റെ പാരമ്പര്യ വേഷമാണ്, ഇത് ഇസ്്‌ലാമിക വേഷമാണ്” എന്നാണ് അവന്‍ മറുപടി പറയുന്നത്. ഈ വേഷക്കാരെയാണ് ആതിഷ് പുസ്തകത്തിന്റെ അവസാനം വരെ ഇടക്കിടെ ‘ബീസ്റ്റണിലെ മുസ്്‌ലിം തീവ്രവാദികള്‍’ എന്ന് ആവര്‍ത്തിക്കുന്നത്! മുസ്്‌ലിംകളല്ലാത്തവരുടെ എത്ര മാരകമായ അതിക്രമങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നിടത്തും തീവ്രവാദം, ഭീകരവാദം പോലുള്ള പദങ്ങള്‍ വരാതിരിക്കാന്‍ ആതിഷ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഹൈന്ദവ തീവ്രവാദികളുടെ അതിക്രൂരമായ ഒരു പ്രവര്‍ത്തനത്തെ അദ്ദേഹം വിശദീകരിക്കുന്നത് കാണുക:
  ”കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ ഹിന്ദു മുസ്്‌ലിം ലഹളയുണ്ടായപ്പോള്‍ ഹിന്ദു ദേശീയവാദി ഗ്രൂപ്പുകള്‍ ചെയ്ത ഒരു കാര്യം ഞാനോര്‍ക്കുന്നു. അവര്‍ പുരുഷന്‍മാരുടെ ട്രൗസര്‍ താഴ്ത്തി സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് നോക്കിയത്.” (പുറം 26). അഗ്രം ഛേദിച്ച ലിംഗം കാണാനുള്ള കൊതി കൊണ്ടല്ലല്ലോ ട്രൗസര്‍ താഴ്ത്തി നോക്കുന്നത്, അത്തരക്കാരാണെങ്കില്‍ അവരെ ക്രൂരമായി കൊലപ്പെടുത്താനാണ്. ഇന്ത്യയില്‍ നടന്ന പല വര്‍ഗീയ ലഹളകളില്‍നിന്നും പറഞ്ഞുകേട്ട ഈ പൈശാചികത പരാമര്‍ശിക്കുന്നിടത്ത് തീവ്രവാദം എന്ന് പറയാതെ ഭീകരവാദം എന്നെഴുതാതെ ആതിഷ് അതിലളിതമായി കടന്നുപോയത് ശ്രദ്ധേയമാണ്.
  ഇസ്താംബൂളില്‍ ആതിഷിന്റെ സഹായി ഇയുപ് എന്ന യുവ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥിയാണ്. ഫറ്റിഹ് കര്‍സാംബ എന്ന പ്രദേശത്തേക്ക് പുറപ്പെടുമ്പോള്‍ തീവ്ര മതവിശ്വാസികളുടെ ഒരു സ്ഥലം എന്നാണ് ഇയുപ്  പരിചയപ്പെടുത്തുന്നത്. ”അവിടെ എത്താറായപ്പോള്‍ ഞങ്ങള്‍ ടാക്‌സി മടക്കി അയച്ചിട്ട് നടക്കാന്‍ തുടങ്ങി. കാഴ്ചകള്‍ മാറിക്കൊണ്ടിരുന്നു. ജീന്‍സും വിന്റര്‍ ജാക്കറ്റും ധരിച്ച ഞാനും ഇയുപും ആ ചുറ്റുപാടില്‍ അപരിചിതരായി മാറുകയായിരുന്നു. ഒരു കൗമാരക്കാരനായി അവിടെ പോയപ്പോള്‍ ഫറ്റിഹ് കര്‍സാംബ ഇയുപിനെ അസ്വസ്ഥനാക്കിയതെന്തുകൊണ്ടാണെന്ന് കാണാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഒരു വളവും ഒരു കയറ്റവും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു ചുറ്റുപാടില്‍ മറ്റൊരു നിയമത്തില്‍ എത്തിയതുപോലെ തോന്നി. അവിടെ സ്ത്രീകളെല്ലാം കറുത്ത പര്‍ദ്ദ ധരിച്ചവരായിരുന്നു. കണ്ണുകള്‍ക്കും മൂക്കിനും മാത്രമുണ്ട് ഒരു ത്രികോണവിടവ്. പുരുഷന്‍മാര്‍ പാദങ്ങളോളമെത്തുന്ന നീണ്ട കുപ്പായങ്ങള്‍ ധരിച്ചിരുന്നു. മേല്‍ചുണ്ട് ക്ഷൗരം ചെയ്ത് മിനുക്കുകയും കീഴ്ത്താടി നീട്ടി വളര്‍ത്തുകയുമാണ് അവര്‍ ചെയ്തിരുന്നത്. അവിടെ ദഅ്‌വാ എന്നും മറ്റും പേരുള്ള പുസ്തക കടകള്‍ ഉണ്ടായിരുന്നു. മറ്റിടങ്ങളില്‍ ഉള്ളതില്‍ കൂടുതലായിരുന്നു ബുക് ഷോപ്പുകള്‍. എല്ലായിടത്തും കണ്ടത് പച്ചയും ചുവപ്പുമായ തോല്‍ ബയന്റുള്ള മതഗ്രന്ഥങ്ങളാണ്. ക്വുര്‍ആന്‍ പല ആകൃതിയിലുള്ളത് അവിടെ കണ്ടു. കൂടാതെ മതപ്രചാരണത്തിനുള്ള ചെറുഗ്രന്ഥങ്ങള്‍. ജീസസും ഇസ്്‌ലാമും, ആധുനിക ശാസ്ത്രവും ഇസ്്‌ലാമും സ്ത്രീകളുടെ പദവിയും ഇസ്്‌ലാമും; ജനങ്ങള്‍ ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ കണ്ട് അതിന് മറുപടി എഴുതിയിരിക്കുകയാണ്. ക്വുര്‍ആന്‍ സി.ഡികള്‍, നീണ്ട കുപ്പായങ്ങള്‍, പര്‍ദ്ദകള്‍, പര്‍ദ്ദക്കടിയില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍, വെള്ള തൊപ്പികള്‍ -എല്ലാം അറബികള്‍ ധരിക്കുന്ന രീതിയിലുള്ളത്. അതൊരു ആധുനിക തെരുവിന്റെ ഇസ്്‌ലാം പതിപ്പായിരുന്നു.”
  ഒട്ടും സുന്ദരമല്ലാത്ത ഒളിലോകം, തീവ്ര ഇസ്്‌ലാമിന്റെ കുന്നുമ്പുറം എന്നെല്ലാം പലയിടത്തായി വിശേഷിപ്പിക്കപ്പെടുന്ന ഫറ്റിഹ് കാര്‍സാബ അങ്ങിനെ വിശേഷിപ്പിക്കപ്പെടാനുള്ള കാരണങ്ങളാണ് മുകളില്‍ എണ്ണിപ്പറഞ്ഞത്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന കറുത്ത പര്‍ദ്ദകളും മീശയൊതുക്കി താടി നീട്ടുന്ന പുരുഷന്‍മാരും നീണ്ട ആണ്‍കുപ്പായങ്ങളും വെളുത്ത തൊപ്പികളും മതഗ്രന്ഥങ്ങള്‍ വില്‍ക്കുന്ന പുസ്തകക്കടകളും! ഹാവൂ, തീവ്രവാദമെന്ന് വിളിച്ചുകുവാന്‍ ഇനിയും മറ്റെന്ത് ലക്ഷണമാണ് കാത്തുനില്‍ക്കേണ്ടത്?! ഭയപ്പെടത്തക്ക രീതിയിലുള്ള യാതൊന്നും ഫറ്റിഹ് കാര്‍സാംബയില്‍ വെച്ച് നടന്നതായി അദ്ദേഹം പറയുന്നില്ല. എന്നാല്‍ അവിടെ എത്തിയതുമുതല്‍ ഒരു തരം ഭീതി അഭിനയിക്കുന്നുണ്ടദ്ദേഹവും സഹായിയും. ”ചായക്കടയില്‍ കയറുമ്പോള്‍ ഇയുപ് പറഞ്ഞു; സൂക്ഷിക്കണം, വല്ലതും സംഭവിച്ചേക്കാം” (പുറം 36). ഞെട്ടാന്‍ നേര്‍ച്ചയാക്കി യാത്ര തിരിക്കുന്നവര്‍ക്ക് ഞെട്ടാന്‍ തക്ക യാതൊന്നും കണ്ടുകിട്ടിയില്ലെങ്കില്‍ പിന്നെ കണ്ടതുവെച്ച് ഞെട്ടുകയല്ലേ നിവൃത്തിയുണ്ടാകൂ!
  ലോകത്തൊരുപാട് വിശ്വാസ, സംസ്‌കാര, വസ്ത്ര, ഭക്ഷണ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനേകം ലോക സഞ്ചാരികള്‍ അവയിലേക്ക് ആര്‍ത്തിയോടെ ഊളിയിടുകയും മനോഹരമായ വാക്കുകളില്‍ അവയെ പകര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ, ലോക ജനസംഖ്യയുടെ സുപ്രധാനമായ ഒരു പരിഛേദമായ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക അടയാളങ്ങള്‍ കണ്ട് ചില ലോകസഞ്ചാരികള്‍ കിടുങ്ങുന്നു! പൊട്ടിത്തെറിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് താടിയും പര്‍ദയുമെന്ന് വരുത്തിത്തീര്‍ക്കാന്‍ യാത്രാവിവരണങ്ങളെഴുതുന്നവരേ, സാമ്രാജ്യത്വവും ഫാഷിസ്റ്റുകളും നിങ്ങളെ ഗാഢമായി ആശ്ലേഷിക്കുന്നത് നിങ്ങളറിയുന്നുണ്ടോ?