മനുഷ്യന്‍ കളിമണ്ണില്‍ നിന്ന്; കുരങ്ങില്‍ നിന്നല്ല

എം.എം അക്ബര്‍
1912 ഡിസംബര്‍ 18 ബുധന്‍. ലണ്ടനില്‍ ഹൈഡ്പാര്‍ക്ക് കോര്‍ണറില്‍ നിന്ന് പിക്കാഡല്ലി സര്‍ക്കസ് ജംഗ്ഷനിലേക്കുള്ള പിക്കാഡല്ലി റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബര്‍ലിംഗ്ടണ്‍ ഹൗസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ അഞ്ചു സംഘടനകളിലൊന്നായ ജിയോളജി സൊസൈറ്റി ഓഫ് ലണ്ടനിന്റെ പ്രധാനപ്പെട്ട ഒരു യോഗം നടക്കുകയാണ്.  പ്രസിദ്ധ ബ്രിട്ടീഷ് പുരാവസ്തു വിദഗ്ധനും ഫോസില്‍ പഠന വൈദഗ്ധ്യത്താല്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പും സൊസൈറ്റി ഓഫ് ആന്റിക്വറീസ് ഓഫ് ലണ്ടനില്‍ മെമ്പര്‍ഷിപ്പും നല്‍കി ആദരിക്കപ്പെട്ട വ്യക്തിത്വവുമായ ചാള്‍സ് ഡൗസന്റെ സവിശേഷമായ ഒരു കണ്ടെത്തലിനെക്കുറിച്ച് വിശദീകരിക്കുവാനാണ് ബര്‍ലിംഗ്ടണ്‍ ഹൗസിന്റെ കിഴക്കേ പാര്‍ശ്വത്തിലുള്ള ജി. എസ്. എല്‍ കേന്ദ്രത്തില്‍ പ്രഗത്ഭരായ പരിണാമവാദികള്‍ ഒരുമിച്ചു കൂടിയിരിക്കുന്നത്.(1) 1859 നവംബര്‍ 24ന് ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പിഷീസ് ബൈ മീന്‍സ് ഓഫ് നാചറല്‍ സെലക്ഷന്‍ എന്ന ചാള്‍സ് ഡാര്‍വിന്റെ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട്(2) ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ അന്നു ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭരായ പരിണാമവാദികള്‍ തങ്ങള്‍ താലോലിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തെളിവ് ലഭിച്ചത് ആഘോഷിക്കുവാനാണ് അവിടെ ഒത്തുചേര്‍ന്നത് എന്നു പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. പരിണാമം നടന്നിട്ടുണ്ടെങ്കില്‍ ഇന്നു നിലനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ജീവവര്‍ഗങ്ങള്‍ക്കിടയില്‍ അവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ണികള്‍ ജീവിച്ചിരുന്നിരിക്കുമെന്നും സൂക്ഷ്മമായ ഉല്‍ഖനന ഗവേഷണങ്ങള്‍ വഴി അത്തരം നഷ്ടപ്പെട്ട കണ്ണികളുടെ ഫോസിലുകള്‍ കണ്ടെത്താനാകുമെന്നും പറഞ്ഞ ഡാര്‍വിനില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന പര്യവേക്ഷണങ്ങളിലൊന്നും തന്നെ വ്യത്യസ്ത ജീവവര്‍ഗങ്ങളുടെ ഇടക്കണ്ണികളെന്ന് സംശയലേശമന്യേ പറയാനാകുന്ന ഒരൊറ്റ ജീവിയുടെയും ഫോസിലുകള്‍ കണ്ടുപിടിക്കാന്‍ കഴിയാതെ  പ്രയാസപ്പെടുന്ന പരിണാമവാദികള്‍ക്ക് തങ്ങളുടെ നിരാശയ്ക്ക് നടുവില്‍ കുരങ്ങുകള്‍ക്കും മനുഷ്യര്‍ക്കുമിടയിലെ ഇടക്കണ്ണിയായ പില്‍ട്ഡൗണ്‍ മനുഷ്യന്റെ ഫോസിലുകള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്ന ചാള്‍സ് ഡൗസന്റെ പ്രഖ്യാപനം നല്‍കിയ കോരിത്തരിപ്പും ആവേശവും അനിര്‍വചനീയമായിരുന്നു. അന്നുമുതല്‍ അര നൂറ്റാണ്ടോളം കാലം പില്‍ട്ഡൗണ്‍ മനുഷ്യന്റെ ശാസ്ത്രനാമമായ ‘ഇയോന്ത്രോപസ് ഡൗസോണി’  (Eoanthrop-us dowsoni)യെന്ന അതു കണ്ടെത്തിയ ചാള്‍സ് ഡൗസനെ ആദരിച്ചുകൊണ്ട് നല്‍കിയ പേര് ശാസ്ത്രഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്ന പരിണാമവൃക്ഷത്തില്‍ കട്ടിയക്ഷരങ്ങളില്‍ തന്നെ രേഖീകരിക്കപ്പെട്ടു.(3) ലഭിച്ച ഫോസിലുകളെ കൂട്ടിയിണക്കി പില്‍ട്ഡൗണ്‍ മനുഷ്യന്റെ തലയോട്ടി ഉണ്ടാക്കുകയും അതിന്റെയടിസ്ഥാനത്തില്‍ അയാളുടെ രൂപം ഡിസൈന്‍ ചെയ്യുകയും അങ്ങനെ പില്‍ട്ഡൗണ്‍ മനുഷ്യന്റെ പ്രതിമകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. ആള്‍കുരങ്ങിന്റെയും മനുഷ്യന്റെയുമിടയിലെ നഷ്ടപ്പെട്ട കണ്ണി തന്നെയാണിതെന്ന് തോന്നിപ്പിക്കുന്ന രൂപത്തിലുള്ളതായിരുന്നു പ്രസ്തുത പ്രതിമകള്‍.(4) നാലു പതിറ്റാണ്ടുകാലം പരിണാമവാദികള്‍ പില്‍ട്ഡൗണ്‍ മനുഷ്യന്റെ ഫോസിലുമായി ആഘോഷിക്കുകയായിരുന്നു; മണ്ണില്‍ നിന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന മതവിശ്വാസികളുടെ നേരെ പില്‍ട്ഡൗണ്‍ മനുഷ്യനെകൊണ്ട് അവര്‍ കൊഞ്ഞനം കാണിച്ച് ചിരിപ്പിച്ചു. ഇന്ന് അതേ പില്‍ട്ഡൗണ്‍ മനുഷ്യന്‍ പരിണാമവാദികളുടെ മുഖത്തുനോക്കി കൊഞ്ഞനം കാണിച്ച് ഇളിച്ചുകൊണ്ടിരിക്കുകയാണ്; ‘ഞാന്‍ നിങ്ങളെയെല്ലാം പറ്റിച്ചേ’യെന്നു പറഞ്ഞുകൊണ്ട്!
തനിക്ക് ലഭിച്ച മനുഷ്യരെയും കുരങ്ങുകളെയും ബന്ധിപ്പിക്കുന്ന ഇടക്കണ്ണി ഫോസിലിനെപ്പറ്റി അത് പ്രദര്‍ശിപ്പിച്ച ചാള്‍ഡ് ഡൗസണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍ട്ഡൗണിലെ ചരല്‍കല്‍ കുഴിയില്‍ നിന്ന് കിട്ടിയ തലയോടിന്റെ ഭാഗം എനിക്കു നല്‍കിയത് ഒരു തൊഴിലാളിയാണ്. തനിക്ക് ലഭിച്ചത് തേങ്ങയുടെ ഫോസിലാണെന്ന് കരുതിയ തൊഴിലാളി ഞാന്‍ അവിടെയത്തുന്നതിന് മുമ്പുതന്നെ അത് തകര്‍ത്തുകളഞ്ഞിരുന്നു. പില്‍ട്ഡൗണിലെ പ്രസ്തുത സ്ഥലത്ത് ഞാന്‍ നിരവധി തവണ ഉല്‍ഖനനങ്ങള്‍ നടത്തിയതിന്റെ ഫലമായി എനിക്ക് നിരവധി എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചു. പ്രസ്തുത തലയോട്ടി ശകലങ്ങളുമായി പ്രസിദ്ധ ഇംഗ്ലീഷ് പാലിയന്റോളജിസ്റ്റും ബ്രിട്ടീഷ് മ്യൂസിയത്തിലെ ജിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് സൂക്ഷിപ്പുകാരനുമായ സര്‍ ആര്‍തര്‍ സ്മിത്ത് വുഡ്‌വാര്‍ഡിനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതില്‍ താല്‍പര്യം തോന്നുകയും എന്നോടൊപ്പം സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു. 1912 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാലു മാസങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പരിശ്രമിച്ചതിനാല്‍ ലഭിച്ച ഫോസിലുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.’‘(5)
ചാള്‍സ് ഡൗസന്റെ ‘മഹത്തായ’  കണ്ടുപിടുത്തത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം ഈ പ്രയത്‌നത്തില്‍ പങ്കാളിയായിരുന്ന സര്‍ ആര്‍തര്‍ സ്മിത്ത് വുഡ്‌വാര്‍ഡ് ഇങ്ങനെ പറഞ്ഞു: ”പില്‍ട്ഡൗണില്‍ നിന്നും ലഭിച്ച ഫോസിലുകളെ യോജിപ്പിച്ചുകൊണ്ട് നിര്‍മിച്ച തലയോട്ടി വ്യക്തമാക്കുന്നത് നട്ടെല്ലും തലയോട്ടിയും യോജിപ്പിക്കുന്ന പിരടി ഭാഗമൊഴിച്ച് മറ്റെല്ലാ ഭാഗങ്ങളും ആധുനിക മനുഷ്യന്റേതിന് സമാനമായിരുന്നു പില്‍ട്ഡൗണ്‍ മനുഷ്യന്റേത് എന്നാണ്. അവന്റെ മസ്തിഷ്‌ക വലുപ്പം ആധുനിക മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ മൂന്നില്‍ രണ്ടായിരുന്നു. മനുഷ്യന്റേതിന് സമാനമായ രണ്ടു അണപ്പല്ലുണ്ടെന്നതൊഴിച്ചാല്‍ ബാക്കി കാര്യങ്ങളിലെല്ലാം അവരുടെ താടിയെല്ല് ഒരു യുവ ആള്‍കുരങ്ങിന്റേതിനു സമാനമാണ്. മനുഷ്യന്റേതിനു സമാനമായ കാപാലവും കുരങ്ങിന്റേതിനു സമാനമായ താടിയെല്ലുകളുമുള്ള ഒരു ജീവവര്‍ഗം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കുരങ്ങില്‍ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തിന്റെ ദിശയില്‍ മസ്തിഷ്‌ക വളര്‍ച്ചയുടെ സ്ഥാനം വ്യക്തമാക്കുന്ന ഒരു ഇടക്കണ്ണിയാണ് പില്‍ട്ഡൗണ്‍ മനുഷ്യന്‍.”(6)
ജീവപരിണാമത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തെളിവു ലഭിച്ചതില്‍ സന്തോഷിച്ചു തുള്ളിച്ചാടിയ ഭൗതികവാദികള്‍ കളിമണ്ണില്‍ നിന്നും പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്ന മതവിശ്വാസികളുടെ വാദത്തെ ഈ കണ്ടുപിടിത്തം തകര്‍ത്തുകളഞ്ഞതായി ഉല്‍ഘോഷിച്ചു. അന്നു ജീവിച്ചിരുന്ന പരിണാമവാദികളില്‍ പ്രമുഖനും സ്‌കോട്ടിഷ് അനാട്ടമിസ്റ്റും ആന്ത്രോപോളജിസ്റ്റും നിരവധി പരിണാമസമര്‍ത്ഥന ഗ്രന്ഥങ്ങളുടെ കര്‍ത്തവുമായ സര്‍ ആര്‍തര്‍ കെയ്ത്ത് പില്‍ട്ഡൗണ്‍ ഫോസിലുകളെക്കുറിച്ച് വിശദമായി പഠിക്കുകയും ചാള്‍സ് ഡൗസണ്‍ സങ്കല്‍പിച്ചതിനേക്കാള്‍ ആധുനികരാണ് പില്‍ട്ഡൗണ്‍ മനുഷ്യരെന്ന് പ്രഖ്യാപിക്കുകയും അതിന് ഹോമോ പില്‍ട്ഡൗണെന്‍സിസ് എന്ന് പുനര്‍നാമകരണം നടത്തുകയും ചെയ്തതോടെ ജീവനശാസ്ത്രലോകത്ത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അസ്തിത്വമായിത്തീര്‍ന്നു പില്‍ട്ഡൗണ്‍ മനുഷ്യര്‍.(7) അതിനെ പൊക്കിപ്പിടിച്ച് പരിണാമവാദത്തിന്റെ വിജയം ആഘോഷിക്കപ്പെട്ടു. പില്‍ട്ഡൗണില്‍ നിന്ന് ലഭിച്ച ഫോസിലുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധ ബ്രിട്ടീഷ് വന്യമൃഗ ചിത്രകാരനായ മോറിസ് ചാള്‍സ് ജോണ്‍സ് വില്‍സണ്‍ 1950ല്‍ നിര്‍മ്മിച്ച പില്‍ട്ഡൗണ്‍ മനുഷ്യശിരസ്സിന്റെ പ്രതിമ കണ്ടാല്‍ തന്നെ അത് സത്യസന്ധമാണെന്ന വിശ്വാസം എത്രത്തോളം ജീവസ്സുറ്റതായിരുന്നുവെന്ന് മനസിലാവും.(8) ”പരിണാമം തെളിയിക്കപ്പെട്ടിട്ടില്ല; അതിനെ തെളിയിക്കുവാന്‍ കഴിയുകയുമില്ല; ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നതിന് കാരണം, അതിനുപകരം വെക്കാനുള്ളത് പ്രത്യേകമായ സൃഷ്ടിയെന്ന ആശയത്തെ മാത്രമാണ്. അത് വിശ്വസിക്കുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്”(9) എന്ന് ഒരിക്കല്‍ പറഞ്ഞ സര്‍ ആര്‍തര്‍ കെയ്ത്ത് തന്റെ ജീവിതത്തിലുടനീളം പില്‍ട്ഡൗണ്‍ മനുഷ്യനെക്കുറിച്ച ഗവേഷണങ്ങളും പഠനങ്ങളുമായി നടന്ന് ജീവപരിണാമത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചയാളാണ്. അദ്ദേഹത്തെപ്പോലെയുള്ള നിരവധി ശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ അറിവും കഴിവുമെല്ലാം പില്‍ട്ഡൗണ്‍ മനുഷ്യന്റെ അടിസ്ഥാനത്തിലുള്ള പരിണാമവൃക്ഷത്തെ നിര്‍മിക്കുവാനായി ഹോമിച്ച് ചരിത്രത്തില്‍ മാഞ്ഞുപോയിട്ടുണ്ട്. പില്‍ട്ഡൗണ്‍ മനുഷ്യന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് സ്ഥാപിച്ച ചാള്‍സ് ഡൗസണ്‍ സ്മാരകം  തുറന്നുകൊണ്ട്, 1983 ജൂലൈ 23ന് സര്‍ ആര്‍തര്‍ കെയ്ത്ത് നടത്തിയ പ്രസംഗം പ്രസ്തുത കണ്ടുപിടിത്തം പരിണാമവാദികളില്‍ സൃഷ്ടിച്ച ആത്മവിശ്വാസം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു: So long as man is interested in his long past history, in the vicissitudes which our early forerunners passed through, and the varying fare which overtook them, the name of Charles Dawson is certain of remembrance. We do well to link his name to this picturesque corner of Sussex—the scene of his discovery. I have now the honour of unveiling this monolith dedicated to his memory.(10)
മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടവരല്ലെന്ന് സ്ഥാപിക്കുന്നതിനുവേണ്ടി നടന്ന പില്‍ട്ഡൗണ്‍ മനുഷ്യനെ ഉപയോഗിച്ചുകൊണ്ടുള്ള കളിക്ക് പക്ഷെ അരനൂറ്റാണ്ട് പോലും ആയുസ്സുണ്ടായില്ല. പരിണാമത്തെ സ്ഥാപിക്കാനായി ലഭിച്ച ഒരേ ഒരു തെളിവ് പോലും നിര്‍മിതമായിരുന്നുവെന്ന് നാലു പതിറ്റാണ്ടുകള്‍ക്കകം തന്നെ ലോകത്തിന് മനസ്സിലായി. 1953 നവംബര്‍ മാസത്തെ ടൈം മാഗസിന്‍ പുറത്തിറങ്ങിയത് പില്‍ട്ഡൗണ്‍ മനുഷ്യനെ നിര്‍മിച്ച പരിണാമവാദികളുടെ വഞ്ചനയെ അനാവരണം ചെയ്തുകൊണ്ടായിരുന്നു. ഇംഗ്ലീഷ് ഫിസിക്കല്‍ ആന്ത്രോപോളജിസ്റ്റും പാലിയന്റോളജിസ്റ്റും ജിയോളജിസ്റ്റുമായിരുന്ന കെന്നത്ത് പേജ് ഓക്‌ലേ, ബ്രിട്ടീഷ് അനാട്ടമിസ്റ്റ് സര്‍ജനും പ്രൈമറ്റോളജിസ്റ്റും പാലിയോ ആന്ത്രോപോളജിസ്റ്റുമായിരുന്ന സര്‍ വില്‍ഫ്രിഡ് ലി ഗ്വോസ് ക്ലാര്‍ക്ക്, സൗത്ത് ആഫ്രിക്കന്‍ ആന്ത്രോപോളജിസ്റ്റായ ജോസഫ് എസ് വീനര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങള്‍ പില്‍ട്ഡൗണ്‍ മനുഷ്യന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഫോസിലുകള്‍ വ്യാജമായി നിര്‍മിക്കപ്പെട്ടവയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായി സൂചിപ്പിച്ചുകൊണ്ടുള്ള ടൈം മാഗസിന്‍ ലേഖനത്തിന് നല്‍കിയ തലക്കെട്ട് ‘ശാസ്ത്രം ഒരു മനുഷ്യനെപ്പോലെ അവസാനിക്കുന്നു’ (Science: End As a Man) എന്നായിരുന്നു.(11)പ്രസ്തുത ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘For more than a generation, a shambling creature with a human skull and an ape-like jaw was known to schoolchildren, Sunday-supplement readers and serious anthropologists as the first Englishman.” He was “Piltdown man,” and he was supposed to have lived anywhere from 750,000 to 950,000 years ago. Last week three British scientists, armed with modern chemistry, demolished Piltdown man.”(12)
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ച പരിണാമവാദികളില്‍ പ്രമുഖനായ സ്റ്റീഫന്‍ ജെ ഗോള്‍ഡ് പോലും തള്ളിപ്പറയുന്ന മഹാമണ്ടത്തരത്തെയാണ്(13) അതേ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മധ്യകാലം വരെ ജീവിച്ച പരിണാമ ജീവശാസ്ത്രജ്ഞരും ഭൗതികവാദികളുമെല്ലാം മഹത്തായ കണ്ടുപിടുത്തമായി വാഴ്ത്തിയതെന്ന് നാം മനസ്സിലാക്കണം. മനുഷ്യന്റെയും കുരങ്ങിന്റെയും ഇടയ്ക്കുള്ള കണ്ണിയായി പില്‍ട്ഡൗണിനെ അവതരിപ്പിച്ച അബദ്ധയോഗത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ശാസ്ത്രലോകത്തെ കബളിപ്പിച്ച ഫോസിലുകളുടെയും ചിത്രങ്ങളുടെയും രേഖളുടെയുമെല്ലാം ഒരു പ്രദര്‍ശനവും തദ്‌വിഷയകമായ ഒരു സെമിനാറും നടന്നിരുന്നു. 2012 ഡിസംബര്‍ 18ന് ബര്‍ലിംഗ്ടണ്‍ ഹൗസിലെ ജിയോളജി സൊസൈറ്റി ഹാളില്‍ വെച്ചുതന്നെ നടന്ന സെമിനാറിന്റെ രേഖകളുടെ ശേഖരത്തിന്റെ ആമുഖത്തില്‍ പറയുന്നത് ‘ചരിത്രത്തില്‍ നടന്ന ഏറ്റവും വൃത്തിക്കെട്ട ശാസ്ത്രീയ വ്യാജരേഖ ചമയ്ക്കലാണ്’ (One of the most notorious scientific forgeries) ഒരു നൂറ്റാണ്ട് മുമ്പ് നടന്നതെന്നാണ്.(14) സംഭവം നടന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ജീവശാസ്ത്രലോകത്തിന് എന്തിനാണ് ഈ കള്ളത്തരം നടന്നത് എന്നുമാത്രം അറിയില്ലയെന്ന് ഈ രേഖ ആണയിടുന്നു. എങ്ങനെ അറിയാനാണ്? പുതിയ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചാള്‍സ് ഡൗസണ്‍മാരും ആര്‍തര്‍ കീത്തുമാരും തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത വ്യാജരേഖ ചമയ്ക്കലുകളെക്കുറിച്ച് അന്വേഷിക്കുന്ന വൈചിത്ര്യത്തിന്റെ പരിണാമവാദലോകത്തിന് സ്വന്തം അന്ധതയെ അളയ്ക്കാനുള്ള ശേഷിയുണ്ടാവുന്നതെങ്ങനെ? പരിണാമവാദത്തെ സമര്‍ത്ഥിച്ചുകൊണ്ട് സൃഷ്ടി സിദ്ധാന്തത്തെ തകര്‍ക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നു കരുതിയ തങ്ങളുടെ മുന്‍ഗാമികളുടെ ‘സേവനപ്രവര്‍ത്തന’മായിരുന്നു ഇത്തരം വ്യാജ തെളിവുകളുടെ നിര്‍മാണങ്ങള്‍ എന്ന വസ്തുത പരിണാമവാദികള്‍ക്ക് മനസ്സിലാവണമെങ്കില്‍ ഭൗതികവാദത്തിന്റെ തിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കണം. ഡാര്‍വിന്‍ പ്രവചിച്ച ഫോസില്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ മനുഷ്യകാപാലവും ഒറാങ്ങ് ഒട്ടാങ്ങിന്റെ താടിയെല്ലും സമര്‍ത്ഥമായി കൂട്ടിച്ചേര്‍ത്ത് ‘കുരങ്ങുമനുഷ്യനെ’യുണ്ടാക്കി ശാസ്ത്രലോകത്തെയും മനുഷ്യകുലത്തെയും കുരങ്ങുകളിപ്പിച്ചവരുടെ പിന്‍ഗാമികള്‍ ചെയ്യുന്നത് ഇല്ലാത്ത ജനിതക തെളിവുകള്‍ ഉണ്ടാക്കി അതിന്നനുസൃതമായ ക്രോമസോം സമവാക്യങ്ങള്‍ നിര്‍ധാരണം ചെയ്ത് പരിണാമത്തെ സമര്‍ത്ഥിക്കുകയാണല്ലോ!
പില്‍ട്ഡൗണ്‍ മനുഷ്യന്റേതെന്ന പേരില്‍ നിര്‍മിക്കപ്പെട്ട ഫോസിലുകളും ചിത്രങ്ങളും പ്രതിമകളുമെല്ലാം ബ്രിട്ടീഷ് ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നത് പരിണാമത്തിനുള്ള തെളിവുകളായിട്ടായിരുന്നു. ഇന്ന് അവ പരിണാമം സ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കുള്ള തെളിവുകളായി ബ്രിട്ടീഷ് മ്യൂസിയത്തില്‍ തന്നെയുണ്ട്. പരിണാമം തെളിയിക്കുന്നതിനായുള്ള പരിശ്രമങ്ങളുടെയെല്ലാം ഭാവി,  ജീവശാസ്ത്രചരിത്രത്തിന്റെ മ്യൂസിയത്തില്‍ ജൈവലോകചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരിണാമത്തെ തെളിയിക്കുവാനായി നടത്തിയ പാഴ്ശ്രമങ്ങളായി സ്ഥലം പിടിക്കുക തന്നെയായിരിക്കും. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് സമര്‍ത്ഥിക്കാനായി ഭൗതികവാദികളായ മാനവികതാ നിഷേധികള്‍ നടത്തിയ കൈക്രിയകളാല്‍ സമൃദ്ധമായ രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേവലമായ ഒരു സങ്കല്‍പ സിദ്ധാന്തത്തിന്റെ നിലവാരത്തില്‍ നിന്ന് അല്‍പം പോലും ഉയരുവാന്‍ പരിണാമവാദത്തിന് കഴിഞ്ഞിട്ടില്ല. ജീവശാസ്ത്രചരിത്രത്തിന്റെ പുരാവസ്തുശാലയിലെ കൗതുകക്കാഴ്ചകളിലൊന്ന് മാത്രമായി പ്രസ്തുത സിദ്ധാന്തം മാറുന്നകാലം അനതിവിദൂരമല്ല. മനുഷ്യന്റെ മുന്‍ഗാമിയുടേതാണെന്ന് കരുതി തങ്ങള്‍ ഇത്രയും കാലം സൂക്ഷിച്ചിരുന്ന ഫോസിലുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യകാപാലവും ഒറാങ്ങ് ഒട്ടാങ്ങിന്റെ താടിയെല്ലും കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ വ്യാജ വസ്തുവാണെന്ന് 1953 നവംബര്‍ 21 ശനിയാഴ്ച ബ്രിട്ടീഷ് മ്യൂസിയം ഔദ്യോഗികമായി വെളിപ്പെടുത്തിയതുപോലെ,(15) തങ്ങള്‍ കരുതിയ രീതിയില്‍ പരിണാമം സംഭവിച്ചിട്ടില്ലെന്നും അതിന്നായി തങ്ങള്‍ നിരത്തിയ തെളിവുകളെല്ലാം വ്യാജനിര്‍മിതിയായിരുന്നുവെന്നും ജീവശാസ്ത്രലോകം തുറന്നു പറയുന്ന കാലം കടന്നുവരാനിരിക്കുന്നുവെന്നു തന്നെയാണ് ആ രംഗത്തെ പുതിയ  1പഠനങ്ങള്‍ നല്‍കുന്ന സൂചന; നാം കാത്തിരുന്നു കാണുക!
ഏകകോശ ജീവികള്‍ മുതല്‍ ഭീമന്‍മാര്‍ വരെയുള്ള ജൈവലോകത്തെ വൈവിധ്യത്തെ വിശദീകരിക്കുവാനുള്ള സര്‍ഗാത്മകവും സുന്ദരവുമായ ഒരു പരിശ്രമമെന്നതിലുപരിയായി ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ രീതിയോ രൂപമോ നല്‍കാനാവുന്ന തത്ത്വമല്ല ജീവപരിണാമമെന്ന വസ്തുത ശക്തരായ പരിണാമവാദികള്‍ക്കുപോലും ബോധ്യമുള്ളതാണ്. പരിണാമവാദം ഒരു കേവല സാങ്കല്‍പിക തത്ത്വം മാത്രമാണെന്നും ഊഹങ്ങളല്ലാതെ ഒരു ശാസ്ത്രസിദ്ധാന്തത്തിനുണ്ടാവേണ്ട വസ്തുനിഷ്ഠ തെളിവുകളുടെ പിന്‍ബലം അതിനില്ലെന്നും പറയുന്നത് ഇവ്വിഷയകമായി ഇതഃപര്യന്തം നടന്ന ഗവേഷണങ്ങളെയൊന്നും അവഗണിച്ചുകൊണ്ടല്ല; പ്രത്യുത, പ്രസ്തുത ഗവേഷണങ്ങളൊന്നും തന്നെ ഉദ്ദേശിച്ച  ഫലം നല്‍കിയിട്ടില്ലെന്ന അതിന്റെ വക്താക്കളുടെ തന്നെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണ്. പരിണാമവാദത്തിനെതിരെ ശാസ്ത്രലോകത്തുനിന്ന് ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ താഴെ പറയുന്നവയാണ്:
1. നാം ജീവിക്കുന്നത് ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങള്‍ക്കിടയിലാണ്. ഇവയിലൊന്നും തന്നെ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കുന്നത് നാം കാണുന്നില്ല. രേഖപ്പെട്ടിടത്തോളമുള്ള ചരിത്രത്തിലെവിടെയും ആരെങ്കിലും അത്തരമൊരു പരിണാമം നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
2. ലഘുജീവികളില്‍ നിന്ന് സങ്കീര്‍ണമായവ പരിണമിച്ചുണ്ടായിയെന്ന തന്റെ വാദത്തെ സത്യപ്പെടുത്തുന്ന തെളിവുകള്‍ പുരാവസ്തുപഠനങ്ങള്‍ നല്‍കുമെന്ന ചാള്‍സ് ഡാര്‍വിന്റെ പ്രതീക്ഷയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി ഒന്നരനൂറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല. ഭൂമിയില്‍ നിലനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്ന 87 ലക്ഷം ജീവിവര്‍ഗങ്ങളില്‍(16) ഏതെങ്കിലും രണ്ട് ജീവി വര്‍ഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന മുറിഞ്ഞ കണ്ണിയെ കണ്ടെത്തുവാന്‍ ഫോസില്‍ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
3. ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വ്യത്യസ്ത ജീവവര്‍ഗങ്ങള്‍ക്കിടയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും പ്രസ്തുത വ്യത്യാസം എന്നെന്നും നിലനിന്നിരുന്നുവെന്നും തന്നെയാണ്. ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണതത്ത്വവും നിയോഡാര്‍വിനിസ്റ്റുകളുടെ ഉല്‍പരിവര്‍ത്തന സിദ്ധാന്തവുമുപയോഗിച്ച് ജീവവര്‍ഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിടവ് വിശദീകരിക്കാനാവാത്തതുകൊണ്ടാണ് ‘വിരാമമിടുന്ന സന്തുലിതാവസ്ഥ’ (ജൗിരൗേമലേറ ലൂൗശഹശയൃശൗാ) എന്ന, ഓരോ ജീവിവര്‍ഗവും മറ്റേ ജീവിവര്‍ഗത്തില്‍ നിന്ന് പെട്ടെന്ന് പരിണമിക്കുകയായിരുന്നുവെന്ന സിദ്ധാന്തത്തില്‍ ഇക്കാലത്തെ പരിണാമവാദികള്‍ക്ക് അഭയം തേടേണ്ടിവരുന്നത്.(17) ഓരോ ജീവവര്‍ഗവും പ്രത്യേകമായി സൃഷ്ടിക്കപ്പെടുകയാണുണ്ടായത് എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
4. ജീവന്റെ ഉല്‍പത്തിയെക്കുറിച്ച് വിശദീകരിക്കുകയെന്ന, ജൈവലോകത്ത് നടന്നുവെന്ന് സങ്കല്‍പിക്കപ്പെട്ട പരിണാമത്തെക്കുറിച്ച് പറയുന്ന ഒരു സിദ്ധാന്തത്തിന്റെ ബാധ്യത നിര്‍വഹിക്കുവാന്‍ പരിണാമവാദത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ നിലനിന്ന ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ജീവന്‍ യാദൃച്ഛികമായി ഉണ്ടാകുവാന്‍ യാതൊരു സാധ്യതയുമില്ലെന്ന വസ്തുത പരിണാമവാദികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.(18) നക്ഷത്രാന്തരപടലത്തിലെവിടെയോ നിലനിന്നിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടെ രൂപം കൊള്ളുകയും പിന്നീട് ഭൂമിയോട് അടുത്തു വന്ന ഏതോ ധൂമകേതു വഴി ഭൂമിയിലെത്തുകയും ചെയ്ത പ്രതിഭാസമാണ് ജീവനെന്ന വിശദീകരണത്തില്‍ അഭയം തേടുകയാണ് പരിണാമവാദികള്‍ ഇപ്പോള്‍ ചെയ്യുന്നത്.(19)
5. പരിണാമത്തിന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടിരുന്ന തെളിവുകളൊന്നും തന്നെ ജീവപരിണാമത്തെ സാധൂകരിക്കുന്നില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് പിന്നീടുള്ള ഗവേഷണങ്ങള്‍ ചെയതത്. സസ്തനികളുടെ ഭ്രൂണഘട്ടങ്ങളിലെ സാദൃശ്യം കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് ഈ രംഗത്തെ ആദ്യകാല പരിശ്രമങ്ങളിലൊന്നായ ഏണസ്റ്റ് ഹെയ്ക്കലിന്റെ ഭ്രൂണപരിണാമഘട്ടങ്ങളുടെ താരതമ്യചിത്രത്തെ പഠനവിധേയമാക്കിയ പരിണാമവാദികള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.(20) വ്യത്യസ്ത ജീവികളുടെ ജനിതകഘടനയുടെ താരതമ്യം വഴിയുള്ള പരിണാമവൃക്ഷത്തിന്റെ നിര്‍മാണമെന്ന ആശയവും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളാല്‍ വഴിമുട്ടി നില്‍ക്കുകയാണ്. മനുഷ്യനും ആള്‍കുരങ്ങും തമ്മിലുള്ള ജനിതകസാദൃശ്യം 96 ശതമാനത്തോളം വരുമെന്നും അതിനാല്‍ ആള്‍ക്കുരങ്ങില്‍ നിന്നാണ് മനുഷ്യനുണ്ടായതെന്നും വാദിക്കുകയാണെങ്കില്‍ പശുവിനോട് കുതിരയെക്കാള്‍ ബന്ധം ഡോള്‍ഫിനാണെന്നുകൂടി വാദിക്കേണ്ടിവരുമെന്നും ഇതേപോലെയുള്ള കാരണങ്ങളാല്‍ ജനിതകവസ്തുവിന്റെ സാദൃശ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമായി പരിണാമത്തെ സമര്‍ത്ഥിക്കാനാവില്ലെന്നും വാദിക്കുന്ന വലിയൊരു വിഭാഗം ജീവശാത്രജ്ഞന്മാരുണ്ട്.(21) ജനിതകരേഖകള്‍ക്കിടയില്‍ കാണപ്പെടുന്ന, ധര്‍മങ്ങളൊന്നും ഇല്ലാത്തതായി  കരുതിയിരുന്ന ചവറ് ഡി.എന്‍.എകള്‍ (ഖൗിസ ഉചഅ)െ പരിണാമത്തിനുള്ള തെളിവുകളായി കരുതിയത് തെറ്റാണെന്ന് അവ ചവറുകളല്ലെന്നും അവയ്ക്ക് ധര്‍മങ്ങളുണ്ടെന്നും മനസ്സിലായതോടെ ജീവശാസ്ത്രലോകത്തിന് ബോധ്യപ്പെട്ടു.(22) പരിണാമത്തിന് അനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന തെളിവുകള്‍ യഥാര്‍ത്ഥ തെളിവുകളല്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പരിണാമവാദത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നതില്‍ സംശയമില്ല.
6. ജീവപരിണാമമെന്ന ആശയം പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ അശാസ്ത്രീയമാണ്. ‘ഒരു വ്യവസ്ഥയുടെ എന്‍ട്രോപ്പി ഒരിക്കലും കുറയുകയില്ല, അത്തരം വ്യവസ്ഥകള്‍ പരമാവധി എന്‍ട്രോപ്പിയിലെത്തി താപഗതിക സന്തുലിതത്വം പാലിക്കുവാനാണ് സദാ ശ്രമിച്ചുകൊണ്ടിരിക്കുകയെന്ന രണ്ടാം താപഗതിക നിയമത്തിന് എതിരാണ് ജീവപരിണാമം എന്ന ആശയം. ഒറ്റപ്പെട്ട ഒരു വ്യവസ്ഥയില്‍ സ്വാഭാവികമായും സങ്കീര്‍ണവസ്തുകള്‍ വിഘടിച്ച് ലഘുവായിത്തീരുകയാണ് ചെയ്യുകയെന്നാണ് പരമാവധി എന്‍ട്രോപ്പിയിലെത്താനാണ് വ്യവസ്ഥ പരിശ്രമിക്കുകയെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം. ജീവപരിണാമം എന്ന ആശയം തന്നെ ലഘു ജീവവസ്തുകളില്‍ നിന്ന് സങ്കീര്‍ണ ജീവജാലങ്ങളിലേക്കുള്ള സ്വാഭാവികപരിവര്‍ത്തനത്തെയാണല്ലോ കുറിക്കുന്നത്. അങ്ങനെ സംഭവിക്കുവാന്‍ ഒരു ബാഹ്യ ഇടപെടലില്ലാതെ   യാതൊരു സാധ്യതയുമില്ലെന്നാണ് രണ്ടാം താപഗതിക നിയമം അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നത്. സൂക്ഷ്മജീവികളില്‍ നിന്ന് സങ്കീര്‍ണജീവികളുണ്ടാവുകയെന്ന പരിണാമം സംഭവിച്ചുവെന്നതിന് സമൃദ്ധമായ മറ്റു തെളിവുകളുണ്ടെങ്കില്‍ പോലും അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരു ബാഹ്യശക്തിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അത് സമ്മതിക്കുന്നതോടെ എന്തിനു വേണ്ടിയാണോ പരിണാമവാദം നിര്‍മ്മിച്ചുണ്ടാക്കിയത് അത് അപ്രസക്തമായിത്തീരും; തീര്‍ച്ച.
ജന്തുകളില്‍ നിന്ന് പരിണമിച്ചല്ല മനുഷ്യനുണ്ടായതെങ്കില്‍ പിന്നെയുള്ള ഒരേയൊരു സാധ്യത അവന്‍ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവനായിത്തീരുവാനാണ്. ശാസ്ത്രീയമായി നോക്കുമ്പോള്‍ പരിണാമത്തെപ്പോലെ തന്നെ സൃഷ്ടിയും ഒരു സാധ്യത മാത്രമാണ്. പരിണാമത്തെ തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലാത്തതുപോലെ സൃഷ്ടിയെ സാധൂകരിക്കുന്നതിനും ശാസ്ത്രീയമെന്ന് നൂറു ശതമാനം ഖണ്ഡിതമായി തീര്‍പ്പുകല്‍പിക്കുവാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലെന്നും ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. എന്നാല്‍ ഇവ തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പിനെ വിശദീകരിക്കുവാന്‍ പ്രകൃത്യാതീതമായ യാതൊന്നിനെയും പരിഗണിക്കേണ്ടതില്ലെന്ന് ഉച്ഛഭാഷിണി മുഴക്കിക്കൊണ്ടാണ് പരിണാമവാദം കടന്നുവന്നത്. അതുകൊണ്ടുതന്നെ അത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ തെളിയിക്കുവാന്‍ കഴിയുന്നില്ല എന്നതുതന്നെ ഒരു പ്രകൃത്യാതീത ഇടപെടല്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണ്. നമ്മുടെ മാപനങ്ങള്‍ക്കകത്ത് ഉള്‍കൊള്ളാനാവുന്നതല്ലാത്ത എന്തോ ഒന്ന് ജീവജാലങ്ങളുടെ ആവിര്‍ഭാവത്തിനുപിന്നില്‍ ഉള്ളതായി പരോക്ഷമായെങ്കിലും സമ്മതിക്കുന്നവരാണ് പല പരിണാമവാദികളായ ശാസ്ത്രജ്ഞരുമെന്നതാണ് വസ്തുത. സൃഷ്ടിയെന്നാല്‍ പ്രകൃതിയിന്മേലുള്ള പ്രകൃത്യാതീതമായ ഒരു ഇടപെടലാണ്. അങ്ങനെ നടന്നിട്ടുണ്ട് എന്ന് ജൈവലോകത്തെ സരളവും സങ്കീര്‍ണവുമായ വ്യവസ്ഥകളെല്ലാം വിളിച്ചുപറയുന്നുണ്ട്. പ്രസ്തുത ഇടപെടല്‍ പ്രകൃത്യാതീതമായതുകൊണ്ടുതന്നെ പ്രകൃതിപ്രതിഭാസങ്ങളെ വിശദീകരിക്കാനുപയോഗിക്കുന്ന സങ്കേതങ്ങളുപയോഗിച്ച് അത് വിശദീകരിക്കുവാന്‍ കഴിയില്ല. ആരാണോ പ്രസ്തുത ഇടപെടല്‍ നടത്തിയത്, അവന്‍ തന്നെ പറഞ്ഞുതരിക മാത്രമാണ് അതിനെ കുറിച്ചറിയാന്‍ നമുക്കുമുമ്പിലുള്ള ഒരേയൊരു മാര്‍ഗം. സൃഷ്ടിക്രമത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ സ്രഷ്ടാവില്‍ നിന്നുള്ള വെളിപാടുകളെ ആശ്രയിക്കുക മാത്രമെ നിവൃത്തിയുള്ളൂവെന്ന് പറയുന്നത് അതുകൊണ്ടാണ്.
മനുഷ്യനെ അവന്റെ സ്രഷ്ടാവ് മണ്ണുകൊണ്ടാണ് സൃഷ്ടിച്ചതെന്ന് മതഗ്രന്ഥങ്ങള്‍ പറയുമ്പോള്‍ അത് ശാസ്ത്രീയമായി തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് തന്നെ മൗഢ്യമാണ്. മണ്ണുകൊണ്ടുള്ള പടച്ചവന്റെ സൃഷ്ടി നമ്മുടെ അന്വേഷണങ്ങള്‍ക്ക് അതീതമാണ്. അങ്ങനെ പറയുമ്പോള്‍ അത് അന്ധവിശ്വാസമാണെന്നല്ല അര്‍ത്ഥം. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് കടന്നുചെല്ലാനാവാത്ത ഒരു മേഖലയെക്കുറിച്ച് ഇന്ദ്രീയാതീതമായ അറിവിന് സ്വീകരിക്കാന്‍ കഴിയുന്ന നൂറുശതമാനം സത്യസന്ധമായ സ്രോതസ്സുകള്‍ നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്ങനെയാണ് അന്ധവിശ്വാസമായിത്തീരുക? മണ്ണുകൊണ്ടാണ് പടച്ചവന്‍ സൃഷ്ടി നിര്‍വ്വഹിച്ചതെന്നത് ഒരു വിശ്വാസമാണ്; ദൈവികമെന്ന് ഉറപ്പുള്ള സ്രോതസ്സുകളാല്‍ സ്ഥാപിക്കപ്പട്ട വിശ്വാസം. ജീവികളില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്നതും ഒരു വിശ്വാസമാണ്; യാതൊരു തെളിവുമില്ലാത്ത ഒരു വിശ്വാസം. ഇതിലേതാണ് അന്ധവിശ്വാസമെന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളത്?
വ്യത്യസ്തദേശങ്ങളില്‍ നിലനിന്നിരുന്ന സൃഷ്ടിപുരാണങ്ങളിലധികവും പറയുന്നത് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മണ്ണില്‍ നിന്നാണെന്നാണ്. മാതൃദേവിയായ അറൂറു കളിമണ്ണിനെ രക്തത്തില്‍ കുഴച്ച് മനുഷ്യനെ നിര്‍മിച്ചതായാണ് ബാബിലോണിയന്‍ പുരാണങ്ങള്‍ പറയുന്നത്.(23) മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന് തന്നെയായിരുന്നു കാനോന്‍കാരുടെയും വിശ്വാസം.(24) നന്മയും തിന്‍മയും കൂടി മറ്റു ദേവന്മാരുടെ സഹായത്തോടെ കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയെന്നായിരുന്നു സുമേറിയക്കാര്‍ കരുതിയിരുന്നത്.(25) ആട്ടിന്‍ തലയുള്ള ഖ്‌നൂം ദേവനാണ് അവന്റെ ചക്രത്തില്‍ മനുഷ്യനെ കളിമണ്ണില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തതെന്നാണ് ഈജിപ്ഷ്യന്‍ പുരാണങ്ങള്‍ പഠിപ്പിക്കുന്നത്.(26) ജുവോക്ക് ദൈവം യൂറോപ്യന്‍മാരെ വെളുത്ത കളിമണ്ണില്‍ നിന്നും അറബികളെ ചുവപ്പു കലര്‍ന്ന തവിട്ടു നിറമുള്ള കളിമണ്ണില്‍ നിന്നും ആഫ്രിക്കക്കാരെ കറുത്ത മണ്ണില്‍ നിന്നും സൃഷ്ടിച്ചുവെന്ന്് ആഫ്രിക്കന്‍ പുരാണങ്ങളും പറയുന്നുണ്ട്.(27) പ്രോമിത്യൂസ് ദേവന്‍ മനുഷ്യനെ ചെളിയില്‍ നിന്ന് രൂപപ്പെടുത്തുകയും അഥീന ദേവി അതില്‍ ജീവന്‍ ഊതുകയും ചെയ്തുവെന്നായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം.(28) സ്രഷ്ടാവായ പുണ്‍ജേല്‍ തന്റെ കഠാരകൊണ്ട് മുറിച്ചെടുത്ത നൗകയില്‍വെച്ച്  മണ്ണ് പാകപ്പെടുത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നാണ് ആസ്‌ത്രേലിയന്‍ ആദിവാസികളിലൊരു വിഭാഗത്തിന്റെ സൃഷ്ടിപുരാണം.(29) കളിമണ്ണ് പാകപ്പെടുത്തി മനുഷ്യശരീരമുണ്ടാക്കി അത് ഉണങ്ങിയ ശേഷം അതിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോയി ജീവന്‍ നല്‍കുകയാണ് സ്രഷ്ടാവ് ചെയ്തത് എന്നാണ് റഷ്യയിലെ ചെറാമിസ് വര്‍ഗക്കാര്‍ കരുതുന്നത്. അമേരിക്കയിലെ അലാസ്‌കയില്‍ ജീവിക്കുന്ന എക്‌സിമോകളാകട്ടെ, ദൈവാത്മാവ് കളിമണ്‍പ്രതിമ നിര്‍മിച്ചുണക്കിയ ശേഷം ജീവനിടുകയാണ് ചെയ്തതെന്നാണ് വിശ്വസിക്കുന്നത്.(31) ബൈബിള്‍ പുസ്തകങ്ങളും ഖുര്‍ആനുമെല്ലാം ലോകം കാണുന്നതിനു മുമ്പുതന്നെ കളിമണ്ണില്‍ നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന വിശ്വാസം വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നാണ് ഇവ വ്യക്തമാക്കുന്നത്.
ബൈബിള്‍ പഴയ നിയമത്തില്‍ ആറു ദിവസങ്ങള്‍കൊണ്ടുള്ള പ്രപഞ്ചസൃഷ്ടിയെകുറിച്ച് വിവരിക്കുന്നതിനിടയിലാണ് മനുഷ്യരെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചതായുള്ള പരാമര്‍ശം കടന്നുവരുന്നത്. ”കര്‍ത്താവായ ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി. അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യന് ജീവനുണ്ടായി”(32)യെന്നാണ് ഉല്‍പത്തിപുസ്തകം പറയുന്നത്. മനുഷ്യസൃഷ്ടിയെപ്പറ്റിയുള്ള ദൈവികവെളിപാടായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ‘പൊടിയില്‍ നിന്ന്’ എന്നാണെങ്കിലും പ്രവാചക പ്രതിപാദ്യങ്ങളില്‍ ‘കളിമണ്ണില്‍ നിന്ന്’ എന്ന് പറയുന്നതായി കാണാം. യെശയ്യാ പ്രവാചകന്‍ പറയുന്നു: ”കര്‍ത്താവെ, നീയാകുന്നു ഞങ്ങളുടെ പിതാവ്- ഞങ്ങള്‍ കളിമണ്ണ്; നീ ഞങ്ങളുടെ കുശവന്‍.”(33) ഇയ്യോബിന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: ”നിന്റെ കരങ്ങളല്ലേ, എനിക്ക് രൂപം നല്‍കി എന്നെ സൃഷ്ടിച്ചത്. ഇപ്പോള്‍ നീ തന്നെ തിരഞ്ഞ് എന്നെ നശിപ്പിക്കുന്നു. കളിമണ്ണ് കൊണ്ടാണ് നീ എന്നെ ഉണ്ടാക്കിയത് എന്ന് ഓര്‍മിക്കൂ. നീ വീണ്ടും എന്നെ പൊടിയാക്കി മാറ്റുമോ?”(34)
മനുഷ്യന്‍ അല്ലാഹുവിന്റെ സവിശേഷമായ സൃഷ്ടിയാണെന്നും അവന്‍ പടയ്ക്കപ്പെട്ടത് കളിമണ്ണില്‍ നിന്നാണെന്നും വ്യക്തമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. മനുഷ്യസൃഷ്ടിയെക്കുറിച്ച് മലക്കുകളെ അറിയിച്ചപ്പോള്‍ തന്നെ അത് നിര്‍വഹിക്കുന്നത് കളിമണ്ണില്‍ നിന്നാണെന്ന് അല്ലാഹു വെളിപ്പെടുത്തിയിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. ”നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും അവനില്‍ എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.”(35)
ഈ വചനങ്ങള്‍ അല്ലാഹു മലക്കുകളോട് പറഞ്ഞതായി പരാമര്‍ശിക്കുന്നത് ‘ ഞാന്‍ കളിമണ്ണില്‍ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുവാന്‍ പോവുകയാണ്’ എന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. ആദിമനുഷ്യന്റെ സൃഷ്ടിയാണ് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ വചനം സുതരാം വ്യക്തമാക്കുന്നുണ്ട്. കേവലമായ അലങ്കാരപ്രയോഗങ്ങളല്ല, പ്രത്യുത കൃത്യമായ സൃഷ്ടിക്രമമാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. കളിമണ്ണില്‍ നിന്ന് മനുഷ്യശരീരത്തിന്റെ സൃഷ്ടി നിര്‍വഹിച്ച ശേഷം അല്ലാഹുവിന്റെ ദാനമായ ആത്മാവില്‍ നിന്ന് ഊതുന്നതോടുകൂടിയാണ് മനുഷ്യാസ്തിത്വം പൂര്‍ണമാകുന്നതെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ പ്രത്യേകമായ ദൈവസൃഷ്ടിയാണ് മനുഷ്യനെന്ന വസ്തുതയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. കളിമണ്ണില്‍ നിന്നുള്ള മനുഷ്യസൃഷ്ടിയെക്കുറിച്ച് മലക്കുകളോട് അറിയിച്ചതോടൊപ്പമുള്ള ‘ആത്മാവില്‍ നിന്ന് ഊതപ്പെട്ടാല്‍ നിങ്ങള്‍ അവന് സുജൂദ്’ ചെയ്യണമെന്ന അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിച്ച ഇബ്‌ലീസിന്റെ ചോദ്യം ‘നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന് ഞാന്‍ പ്രണമിക്കുകയോ?’(36) എന്നായിരുന്നുവെന്നുകൂടി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. കളിമണ്ണില്‍ നിന്ന് നേര്‍ക്കുനേരെ അല്ലാഹു സൃഷ്ടിച്ചതാണ് മനുഷ്യനെയെന്ന് ഈ വചനങ്ങളിലൂടെ സംശയമൊന്നുമില്ലാതെ പഠിപ്പിക്കുന്ന ക്വുര്‍ആന്‍ ജീവപരിണാമത്തിന് കടന്നുവരാന്‍ യാതൊരു പഴുതും നല്‍കുന്നില്ലെന്ന് വ്യക്തമാണ്.
നടേ പറഞ്ഞ രണ്ടു ക്വുര്‍ആന്‍ സൂക്തങ്ങളിലും കളിമണ്ണ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ത്വീന്‍’ എന്ന അറബിപദത്തെയാണ്. ത്വീനില്‍ നിന്നാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്ന വേറെയും ക്വുര്‍ആന്‍ സൂക്തങ്ങളുണ്ട്. അവയുടെ പരിഭാഷ കാണുക: ”അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുന്നു.”(37) ”താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു.”(38)
ത്വീനില്‍ നിന്നാണ് മനുഷ്യസൃഷ്ടിയെന്ന പറയുന്നതോടൊപ്പം തന്നെ എങ്ങനെയുള്ള ത്വീനില്‍ നിന്നാണെന്നുകൂടി ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ”തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാകുന്നു.”(39) ‘ത്വീനുന്‍ ലാസിബി’ല്‍ നിന്നാണ് മനുഷ്യസൃഷ്ടിയെന്നാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ആവശ്യമായ അളവില്‍ ജലമുള്ളതും എവിടെയെങ്കിലും തേച്ചുപിടിപ്പിച്ചാല്‍ അടര്‍ന്നുപോരാത്തതുമായ കളിമണ്ണാണ് ‘ത്വീനുന്‍ ലാസിബ്.’ സാധാരണ കളിമണ്ണ് അതേപോലെയെടുത്തല്ല മനുഷ്യസൃഷ്ടി നടത്തിയതെന്നും കളിമണ്ണിന്റെ സത്തില്‍ നിന്നാണ് അത് ചെയ്തതെന്നും കൂടി പറയുന്നതോടെ മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ധാതുവെന്താണെന്ന വിഷയത്തില്‍ ഏകദേശം സമ്പൂര്‍ണമായ വിവരമാണ് ക്വുര്‍ആന്‍ നല്‍കുന്നത്: ”തീര്‍ച്ചയായും നാം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.”(40) ‘സുലാലതുന്‍ മിന്‍ ത്വീന്‍’ (കളിമണ്ണില്‍ നിന്നുള്ള സത്ത്) എന്നാണ്  ക്വുര്‍ആനിന്റെ പ്രയോഗം. ഒരു വസ്തുവിന്റെ സത്തെടുക്കുകയെന്നാല്‍ ആ വസ്തുവില്‍ നിന്ന് ആവശ്യമായവമാത്രം വേര്‍തിരിച്ചെടുത്ത് അനാവശ്യമായവ ഒഴിവാക്കി അതിനെ സംസ്‌കരിക്കുകയെന്നാണര്‍ത്ഥം. മണ്ണില്‍ നിന്ന് മനുഷ്യശരീരത്തിന് ആവശ്യമായ വസ്തുക്കളെ മാത്രം വേര്‍തിരിച്ചെടുത്ത് അത് നിര്‍മിക്കുകയാണ് സര്‍വശക്തനായ സ്രഷ്ടാവ് ചെയ്തതെന്ന് ഈ വചനം വ്യക്തമാക്കുന്നുണ്ട്.
മനുഷ്യസൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ത്വീന്‍ എന്ന പദം മാത്രമല്ല ക്വുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. സൂറതു ആലുഇംറാനിലും(41) സൂറതുല്‍ ഹജ്ജിലും(42) പറയുന്നത് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മണ്ണില്‍ (തുറാബ്) നിന്നാണെന്നാണ്. സൂറതുല്‍ ഹിജ്‌റിലെ 28-ാം വചനത്തില്‍ ‘കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ശബ്ദമുണ്ടാകുന്ന കളിമണ്ണില്‍ നിന്ന്’ (സ്വല്‍സ്വാലിന്‍ മിന്‍ ഹമഇന്‍ മസ്‌നൂന്‍)(43) മനുഷ്യനെ സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍ സൂറതുര്‍റഹ്മാനിലെ 14-ാം വചനത്തില്‍ ‘കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാക്കുന്ന മണ്ണില്‍’ നിന്നാണ് (സ്വല്‍സ്വാലിന്‍ കല്‍ ഫഖ്ഖാര്‍)(44) അത് ചെയ്തതെന്നാണ് പരമാര്‍ശിക്കുന്നത്. മനുഷ്യസൃഷ്ടി നടത്തിയ ധാതുവിന്റെ വ്യത്യസ്ത സ്വഭാവങ്ങളെ ദ്യോതിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമാണിവ. ഈ പരാമര്‍ശങ്ങളുടെയെല്ലാം ആകെത്തുകയാണ് കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന വചനത്തിലുള്ളത്. മണ്ണിലുള്ള ഏതെല്ലാം ധാതുലവണങ്ങള്‍ മനുഷ്യശരീരത്തിന് ആവശ്യമുണ്ടോ പ്രസ്തുത ലവണങ്ങളെയെല്ലാം ആവശ്യമായ അനുപാതത്തില്‍ വേര്‍തിരിച്ചെടുത്ത് അതുകൊണ്ടാണ് മനുഷ്യസൃഷ്ടി നടത്തിയതെന്നാണ് ‘സുലാലത്തുന്‍ മിന്‍ത്വീനി’ല്‍(45) നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ മനസ്സിലാക്കിത്തരുന്നത്.
മനുഷ്യരെ സൃഷ്ടിച്ചത് കളിമണ്ണിന്റെ സത്തില്‍ നിന്നാണെന്ന ക്വുര്‍ആനിക പരാമര്‍ശം ദൈവികമാണെന്ന് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിന്റെ പിന്നിലെ ശാസ്ത്രീയത അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന ആശയം സത്യസന്ധമാണെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. പ്രസ്തുത പരാമര്‍ശം അശാസ്ത്രീയമാണെന്ന വാദമുയരുമ്പോള്‍ ആ വാദം എത്രത്തോളം അര്‍ത്ഥവത്താണെന്ന പരിശോധനയ്ക്കുവേണ്ടിയാണ് അവര്‍ ശാസ്ത്രീയമായ പഠനങ്ങളെ ആശ്രയിക്കുന്നത്. അത്തരം പഠനങ്ങളെല്ലാം ക്വുര്‍ആനിന്റെ അപ്രമാദിത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് ചരിത്രം.
എന്താണ് കളിമണ്ണ്? ഭൗമോപരിതലത്തില്‍ ലഭ്യമായ വ്യത്യസ്ത തരം മൂലകങ്ങളുടെ സമ്മിശ്രമാണ് കളിമണ്ണ് എന്നു പറയാം. സാധാരണ മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും 25 ശതമാനം ജലവും 25 ശതമാനം വായുവും 5 ശതമാനം ജൈവാവശിഷ്ടങ്ങളുമാണുണ്ടാവുക. വ്യത്യസ്ത തരം കളിമണ്ണുകളിലുള്ള ലവണങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും. മനുഷ്യശരീരത്തിലുള്ള മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്. 65 ശതമാനം ഓക്‌സിജനും 18. 5 ശതമാനം കാര്‍ബണും 9. 5 ശതമാനം ഹൈഡ്രജനും 3 .2 ശതമാനം നൈട്രജനും 1. 5 ശതമാനം കാല്‍സ്യവും 1 ശതമാനം ഫോസ്ഫറസും 0. 4 ശതമാനം പൊട്ടാസ്യവും 0. 3 ശതമാനം സള്‍ഫറും 0. 2 ശതമാനം സോഡിയവും 0. 2 ശതമാനം ക്ലോറിനും 0. 1 ശതമാനം മഗ്നീഷ്യവുമാണ് മനുഷ്യശരീരത്തിലുള്ള പ്രധാനപ്പെട്ട മൂലകങ്ങള്‍. ബോറോണ്‍, ക്രോമിയം, കോബാള്‍ട്ട്, കോപ്പര്‍, ഫ്‌ളൂറിന്‍, അയഡിന്‍, അയേണ്‍, മാംഗനീസ്, സിലിക്കോണ്‍, മോളിബ്ഡനം, സെലിനിയം, ടിന്‍, വനേഡിയം, സിങ്ക് എന്നീ മൂലകങ്ങളും ചെറിയൊരു അളവാണെങ്കിലും മനുഷ്യശരീരത്തിലുണ്ട്. ഈ മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്. മനുഷ്യശരീരത്തിലേക്ക് നടേ പറഞ്ഞ മൂലകങ്ങളെല്ലാം എത്ര വീതം വേണമോ അത്രവീതം കളിമണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന ക്വുര്‍ആന്‍ പരാമര്‍ശത്തെ ശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് വിമര്‍ശിക്കുവാനാകില്ല. ഭൗമോപരിതലത്തില്‍ 46. 67 ശതമാനം ഓക്‌സിജനും 0. 03 ശതമാനം കാര്‍ബണും 0. 14 ശതമാനം ഹൈഡ്രജനും 0. 005 ശതമാനം നൈട്രജനും 3. 6 ശതമാനം കാത്സ്യവും 0. 13 ശതമാനം ഫോസ്ഫറസും 2. 6 ശതമാനം പൊട്ടാസ്യവും 0. 03 ശതമാനം സള്‍ഫറും 2. 8 ശതമാനം സോഡിയവും 0. 005 ശതമാനം ക്ലോറിനും 2.1 ശതമാനം മഗ്നീഷ്യവും 27. 7 ശതമാനം സിലിക്കണും 5 ശതമാനം അയേണും 0.08 ശതമാനം ഫ്‌ളൂറിനും 0. 01 ശതമാനം കോപ്പറും 8.1 ശതമാനം അലൂമിനിയവും 0.1 ശതമാനം മാംഗനീസും 0.01 ശതമാനം കോബാള്‍ട്ടുമാണുള്ളതെന്ന പഠനങ്ങളുടെ വെളിച്ചത്തിലെങ്ങനെയാണ് കളിമണ്ണിന്റെ സത്തയില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ക്വുര്‍ആന്‍ പരാമര്‍ശത്തെ വിമര്‍ശിക്കുവാന്‍ കഴിയുക!
മനുഷ്യകോശത്തിന്റെ അടിസ്ഥാന വസ്തുക്കളായ ജനിതക വസ്തുക്കളും കോശസ്തരങ്ങളും രൂപപ്പെടുന്നതിനു പിന്നില്‍ കളിമണ്ണിനുള്ള പങ്കിനെപ്പറ്റിയുള്ള പുതിയ പഠനങ്ങളുടെ വെളിപ്പെടുത്തല്‍ കളിമണ്ണിന്റെ സത്തില്‍ നിന്നാണ് സൃഷ്ടി നടന്നതെന്ന ക്വുര്‍ആന്‍ പരാമര്‍ശങ്ങളെ സാധൂകരിക്കുന്നതാണ്. ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഗവേഷകരായ മാര്‍ട്ടിന്‍ ഹാന്‍സിങ്ക്, ഷെല്ലി ഫുജിക്കാവ, ജാക്ക് സോട്‌സാങ് എന്നിവരുടെ ഗവേഷണവാര്‍ത്ത 2003 ഒക്‌ടോബര്‍ 23 ന് പുറത്തിറങ്ങിയ ന്യൂ സയന്റിസ്റ്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ കാണുക: Two of the crucial components for the origin of life – genetic material and cell membranes – could have been introduced to one another by a lump of clay, new experiments have shown.The study of montmorillonite clay, by Martin Hanczyc, Shelly Fujikawa and Jack Szostak at the Massachusetts General Hospital in Boston, revealed it can sharply accelerate the formation of membranous fluid-filled sacs.”
These vesicles also grow and undergo a simple form of division, giving them the properties of primitive cells. Previous work has shown that the same simple mineral can help assemble the genetic material RNA from simpler chemicals. “Interestingly, the clay also gets internalized in the vesicles,” says Leslie Orgel, an origin of life expert at the Salk Institute for Biological Sciences in San Diego, California. “So this work is quite nice in that it finds a connection between the mechanism that creates RNA and encloses it in a membrane.”……
“Szostak wondered whether montmorillonite (clay) could also help the assembly of vesicles from simple fatty acid precursors. He remembers the day his colleagues Hanczyc and Fujikawa ran into his office to show him their first results: the clay caused a 100-fold acceleration of vesicle formation.”
“It was pretty amazing,” he says. Once formed, the vesicles often incorporated bit of clay and were able to grow by absorbing more fatty acid subunits.”
“His team also showed the clay could hold RNA and form vesicles at the same time.Fluorescently-labelled RNA attached to the clay ended up assembled into vesicles after the reaction. And the researchers were able to get these “protocells” to divide by forcing them through small holes. This caused them to split into smaller vesicles, with minimal loss of their contents. (46)
കോശങ്ങളുടെ രൂപീകരണത്തിലെവിടെയോ കളിമണ്ണിന്റെ അനിവാര്യതയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നടേ സൂചിപ്പിച്ച പരീക്ഷണ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കളിമണ്ണു കൊണ്ടാണ് മനുഷ്യസൃഷ്ടി നടത്തിയിട്ടുള്ളതെന്ന ക്വുര്‍ആന്‍ പ്രസ്താവനക്ക് ശാസ്ത്രീയമായ അടിത്തറയായിയെന്നു വാദിക്കുകയല്ല വിശ്വാസികള്‍ ചെയ്യുന്നത്. പ്രത്യുത, കളിമണ്‍ സത്തില്‍ നിന്നുള്ള മനുഷ്യസൃഷ്ടിയെന്ന ആശയം അശാസ്ത്രീയമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുക മാത്രമാണ് ഇവിടെ ഉദ്ദേശ്യം. ജീവപരിണാമം പരിണാമവാദികളുടെ വിശ്വാസമായതു പോലെ കളിമണ്‍സത്തില്‍ നിന്നുള്ള മനുഷ്യസൃഷ്ടി മുസ്‌ലിംകളുടെ വിശ്വാസമാണ്. ഒന്നാമത്തേത് ശാസ്ത്രീയവും രണ്ടാമത്തേത് അന്ധവിശ്വാസവുമാണെന്ന ഭൗതികവാദികളുടെ മുഷ്‌ക്കിന്റെ മൂക്കത്ത് ലഭിക്കുന്ന പ്രഹരങ്ങളാണ് ഇത്തരം ഗവേഷണ ഫലങ്ങള്‍. കളിമണ്ണിലുള്ള മൂലകങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിനാവശ്യമായ മൂലകങ്ങള്‍ ആവശ്യമായ അളവിലെടുത്ത് തയാറാക്കിയ സത്തില്‍ നിന്നാണ് മനുഷ്യസൃഷ്ടി നടത്തിയതെന്ന ക്വുര്‍ആനിന്റെ പ്രസ്താവനയില്‍ ഏതെങ്കിലും തരത്തിലുള്ള അശാസ്ത്രീയതയുണ്ടെന്ന് തെളിയിക്കുവാന്‍ ഭൗതികവാദികള്‍ക്കോ ക്വുര്‍ആന്‍ വിമര്‍ശകര്‍ക്കോ കഴിയുകയില്ല; അവര്‍ എത്രതന്നെ പാടുപെട്ട് പരിശ്രമിച്ചാലും ശരി!
കുറിപ്പുകള്‍:
1) A. Smith Woodward, LL.D., F.R.S., Keeper, Geological Department,British Museum (Natural History): Note on the Piltdown Man (EoanthropusDawsoni),  The Geological Magazine October, 1913
2) Charles Darwin, M.A.: On the Origin of Species by means of Natural Selection, John Murray, London, 1859
3) Frank Spencer: Piltdown: A Scientific Forgery, Natural History Museum Publlications, Oxford University, 1990 Pages 19-34
4) Natural History Museum, London – Natural History Museum Picture Library: Images 040468, – 002909-1A etc.
5) Reconstructed  from the narrations Miles Russell: Piltdown Man: The Secret Life of Charles Dawson, Tempus, 2003, Pages 157–71
6) Ibid
7) John E. Walsh: Unraveling Piltdown: The Science Fraud of the Century and its Solution, New York, 1996
8) Natural History Museum, London – Natural History Museum Picture Library: Image 040468
9) Quoted by  Bert Thompson, Ph.D: Why Do People Believe in Evolution? http://www.apologeticspress.org
10) The Piltdown Man Discovery: Unveiling of a Monolith Memorial; Nature July 30, 1938
11) “End as a Man”- Time Magazine, Monday , Nov 30, 1953
12) Ibid,http://content.time.com/time/magazine/article/0,9171,823171,00.html
13) Stephen Jay Gould: Piltdown Revisited, Natural History Magazine, March 1979
14) Christopher Stringer (Introduction): ‘Piltdown: 100 years on’ A History Of Geology Group meeting to mark the centenary of the reading of the Piltdown Man paper at the GSL on the 18th December 1912. Geological Society, Burlington House, Piccadilly, London, 18 DECEMBER 2012,Convenor: Professor Richard T. J. Moody (Brochure)
15) R. H. Vine: BORN 300,000 YEARS TOO LATE!, These Times Magazine, April 1954
16) How Many Species on Earth? 8.7 Million, Says New Study, UNEP   News   Centre, Wed, Aug 24, 2011, http://www.unep.org/
17) Stephen Jay Gould & Niles Eldredge: ‘Punctuated equilibria: an alternative to phyletic gradualism’ in ‘Models in Paleobiology’, edited by TJM Freeman Schopf, San Francisco, 1972, Pages 82-115
18) Fred Hoyle : The Intelligent Universe: A New View of Creation and Evolution, Minneapolis, 1988, Pages 32-45
19) Sir Fred Hoyle& Chandra Wickramasinghe: Evolution from Space, New York, 1984
20) Michael K. Richardson& Gerhard Keuck: Haeckel’s ABC of evolution and development, ýBiological Reviews, 2002, No: 77, Pages 495–528
21) Michael Denton:  Evolution: Theory in Crisis, London, 1985. Pages 233-249
22) Alice Park: Junk DNA — Not So Useless After All, Time Magazine, Sept. 06, 2012
23)Christopher B. Siren: The Older (genealogical) Gods (gods and the heroes of the Babylonians)  http://www.webcitation.org
24) ibid
25) ibid
26) Richard Cavendish(Edit): Mythology: An Illustrated Encyclopedia, Silverdale, 1987, page 57
27) ibid Page 141
28) M. Hunt: The Creation of Man by Prometheus, http://www.webcitation.org
29) Sir James George Frazer: Folk-Lore in the Old Testament:
Studies in Comparative Religion, Legend & Law, 1918, http://www.webcitation.org
30) ibid
31) ibid
32)ഉല്‍പത്തി2:7
33) യെശയ്യാവ് 64:8
34) ഇയ്യോബ് 10:8,9
35) വിശുദ്ധ ക്വുര്‍ആന്‍38:71,72
36) വിശുദ്ധ ക്വുര്‍ആന്‍17:61
37) വിശുദ്ധ ക്വുര്‍ആന്‍6:2
38) വിശുദ്ധ ക്വുര്‍ആന്‍32:7
39) വിശുദ്ധ ക്വുര്‍ആന്‍37:11
40) വിശുദ്ധ ക്വുര്‍ആന്‍23:12
41) വിശുദ്ധ ക്വുര്‍ആന്‍3:59
42) വിശുദ്ധ ക്വുര്‍ആന്‍22:5
43) വിശുദ്ധ ക്വുര്‍ആന്‍15:28
44) വിശുദ്ധ ക്വുര്‍ആന്‍55:14
45) വിശുദ്ധ ക്വുര്‍ആന്‍23:12
46) Philip Cohen : Clay’s matchmaking could have sparked life, New Scientist 23 October 2003