പ്രമാണങ്ങളെ പിന്‍പറ്റേണ്ടത്

എം.എം.അക്ബര്‍

ബുദ്ധിയുടെ മതമാണ് ഇസ്‌ലാം. മനുഷ്യബുദ്ധിക്ക് വഴങ്ങുന്നവയാണ് അതിന്റെ അടിസ്ഥാനാശയങ്ങള്‍. സ്രഷ്ടാവും സംരക്ഷകനുമായവനാണ് ആരാധിക്കപ്പെടേണ്ടതെന്നും നന്‍മ തിന്‍മകള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു മരണാനന്തരജീവിതമുണ്ടെന്നും ദൈവിക വിധിവിലക്കുകള്‍ പ്രകാരമുള്ള ജീവിതം വഴിയാണ് ഇഹലോകത്ത് ശാന്തിയും മരണാനന്തരം രക്ഷയുമുണ്ടാവുകയെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെല്ലാം ഏതൊരാള്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന സരളമായ സിദ്ധാന്തങ്ങളാണ്. അത്‌കൊണ്ട് തന്നെ, ബുദ്ധിയുപയോഗിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ സത്യത ബോധ്യപ്പെടുമെന്ന ക്വുര്‍ആന്‍ അടിക്കടി വ്യക്തമാക്കുന്നുണ്ട്. 

'താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളു.' (2:269)

'തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.' (3:190)

'നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.' (38:29).

'തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്.  അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത, അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാ കാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു  അത്.' (12:111)

'ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മത്തിന്റെ ഫലമായി ആകാശത്തു നിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേശിപ്പിച്ചിട്ടുണ്ട്.' (29:34-35).

'അല്ലാഹു രാവും പകലും മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്.'(24:44)

ഇന്ദ്രിയിങ്ങളുപയോഗിച്ച് അറിയേണ്ടത് അറിയാതിരിക്കുകയും ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പാരമ്പര്യങ്ങളില്‍ അള്ളിപ്പിടിച്ചു ജീവിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അത്തരക്കാര്‍ക്ക് വന്നു ഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്, ക്വര്‍ആന്‍.

'അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കും എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി ്കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?) സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.'  (2:170,171)

 

'ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.' (7:179)

ഇന്ദ്രിയിങ്ങളുപയോഗിച്ച് അറിയേണ്ടത് അറിയാതിരിക്കുകയും ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പാരമ്പര്യങ്ങളില്‍ അള്ളിപ്പിടിച്ചു ജീവിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അത്തരക്കാര്‍ക്ക് വന്നു ഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്, ക്വര്‍ആന്‍.

'അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കും എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി ്കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?) സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.'  (2:170,171)

 

'ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.' (7:179)

 

'തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.' (8:22)

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.' (67:10)

 

ഇന്ദ്രിയങ്ങളുപയോഗിച്ച് ഇന്ദ്രിയാതീതമായ അറിവിന്റെ അനിവാര്യത മനസ്സിലാക്കുകയും പ്രസ്തുത അറിവിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. പ്രത്യക്ഷ ജ്ഞാനത്തിന്റെ സാധ്യതയെക്കുറിച്ച് ഇന്ദ്രിയങ്ങളുപയോഗിച്ച് എപ്പോഴും പരിശോധിക്കുവാന്‍ കഴിയും. ആധ്യാത്മികജ്ഞാനം ഇന്ദ്രിയാതീതമായതിനാല്‍ അതിന്റെ സ്രോതസ്സ് ദൈവികം തന്നെയാണോയെന്ന്  പരിശോധിച്ച് ഉറപ്പ് വരുത്താതിരുന്നാല്‍ മാര്‍ഗഭ്രംശത്തിന്റെ പടുകുഴിയിലേക്കാണ് സത്യാന്വേഷി വീണുപോവുക. അതുകൊണ്ടുതന്നെ, ആധ്യാത്മിക വിജ്ഞാനത്തിന്റെ സ്രോതസുകളായി ഇസ്‌ലാം അവതരിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും ദൈവികമാണോയെന്ന് പരിശോധിക്കുവാന്‍ ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുകയും അങ്ങനെ പരിശോധിച്ച് ബോധ്യപ്പെടുന്നവരുടെ ബാധ്യതയാണ് അവയെ മാര്‍ഗദര്‍ശകങ്ങളായി സ്വീകരിക്കേണ്ടതെന്ന് തെര്യപ്പെടുത്തുകയും ചെയ്യുന്നത്. ദൈവവചനങ്ങളായ ക്വുര്‍ആന്‍ പടച്ചവന്റെ പക്കല്‍ നിന്നുള്ളതു തന്നെയാണോയെന്നും മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട പ്രധാന അമാനുഷികദൃഷ്ടാന്തമായ അതിനെക്കുറിച്ച് പരിശോധനയിലൂടെ അദ്ദേഹം ദൈവദൂതനാണോയെന്നും, അദ്ദേഹത്തില്‍ നിന്നുള്ളതെന്ന അടിക്കുറിപ്പോടെ പ്രചാരത്തിലിരിക്കുന്ന വര്‍ത്തമാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്നുമെല്ലാം പരിശോധിക്കുവാന്‍ മനുഷ്യബുദ്ധിയുപയോഗിക്കണമെന്നാണ് ക്വുര്‍ആനിന്റെ പക്ഷം. അന്തിമപ്രവാചകന് നല്‍കപ്പെട്ട അമാനുഷികദൃഷ്ടാന്തത്തെ പഠനവിധേയമാക്കുവാനാവശ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ സംശയത്തിനവകാശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ ഇവ്വിഷയകമായ ബൗദ്ധികാപഗ്രഥനത്തിനാണ് ആഹ്വാനം ചെയ്യുന്നത്. 

 

'അവര്‍ ക്വുര്‍ആനിനെപ്പറ്റി  ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാം വൈരുധ്യം കണ്ടെത്തുമായിരുന്നു.' (4:82)

'(നബിയേ) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ച് ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. തീര്‍ച്ചയായും ഈ ക്വുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.' (17:88,89)

'അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ക്വുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്.' (10:37)

'തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.' (17:9)

'തീര്‍ച്ചയായും യുക്തിമാനും സര്‍വജ്ഞനുമായിട്ടുള്ളവന്റെ പക്കല്‍ നിന്നാകുന്നു നിനക്ക് ക്വുര്‍ആന്‍ നല്‍കപ്പെടുന്നത്.' (27:6)

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.' (53:2-4)

'നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും, താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.' (34:28)

'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.' (33:21)

 

ക്വുര്‍ആന്‍ ദൈവവചനവും അന്തിമപ്രവാചകന്റെ അമാനുഷികദൃഷ്ടാന്തവുമാണെന്ന് മനസ്സിലാക്കുന്നവര്‍ ഇന്ദ്രിയങ്ങളുപയോഗിച്ചുള്ള അന്വേഷണങ്ങള്‍ക്കോ ബൗദ്ധികമായ അപഗ്രഥനത്തിനോ ഉത്തരം നല്‍കാനാവാത്ത പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടുന്നത് ക്വുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളില്‍ നിന്നാണ്. യുക്തിയുടെയും ബുദ്ധിയുടെയും മേഖലയ്ക്കു പുറത്തുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രധാനമായും പ്രമാണങ്ങള്‍ നല്‍കുന്നത്. അല്ലാഹുവിന്റെ വചനങ്ങളായ ക്വുര്‍ആനും ദൈവികപ്രബോധനപ്രകാരമുള്ള പ്രവാചകജീവിതത്തിന്റെയും മൊഴികളുടെയും അനുവാദങ്ങളുടെയും ആലേഖനമായ സ്വഹീഹായ ഹദീഥുകളുമാണ് ആധ്യത്മിക ജ്ഞാനത്തിന്റെ സ്രോതസുകളെന്ന് മനസ്സിലാക്കുന്നവനാണ് മുസ്‌ലിം. പ്രത്യക്ഷജ്ഞാന് അവസാനിക്കുന്നിടത്തു നിന്നാണ് ആധ്യാത്മികജ്ഞാനം ആരംഭിക്കുന്നത്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവും അതിന്റെ അടിസ്ഥാനത്തിലുള്ള ബൗദ്ധികാപഗ്രഥനവും അനുഭവങ്ങളുമാകുന്ന പ്രത്യക്ഷജ്ഞാനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ആധ്യാത്മിക ജ്ഞാനത്തിന്റെ സ്വീകാര്യത നിര്‍ണ്ണയിക്കാനാവില്ല. പ്രത്യക്ഷജ്ഞാനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസുകളെ അപഗ്രഥിക്കുകയും അവ ആധ്യാത്മികജ്ഞാനം പ്രദാനം ചെയ്യുന്നവ തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ പ്രസ്തുത സ്രോതസുകള്‍ നല്‍കുന്ന അറിവുകള്‍ എന്തെല്ലാമാണോ അവ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് വിശ്വാസി ചെയ്യുക. ഓരോരുത്തരും അവരവരുടെ വിവരവും വിവരക്കേടും വെച്ച് അപഗ്രഥിച്ച് സ്വീകാര്യമാണെന്ന് ബോധ്യപ്പെടുന്നവ മാത്രം അംഗീകരിക്കുകയും അതല്ലാത്തവ തിരസ്‌കരിക്കുകയും ചെയ്യേണ്ടവയാണ് പ്രമാണങ്ങളെന്ന് കരുതുന്നവര്‍ അവയെ ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസുകളായി അംഗീകരിക്കാന്‍ സന്നദ്ധരല്ലാത്തവരാണ്. സ്വന്തം വിവരവും യുക്തിയുമാണ് ദൈവികമെന്ന് ഉറപ്പുള്ള പ്രമാണങ്ങള്‍ക്കകത്തെ പരാമര്‍ശങ്ങളുടെ സ്വീകാര്യത നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളെന്ന് കരുതുന്നവര്‍ സ്വന്തം ബുദ്ധിയെക്കുറിച്ച് അഹങ്കരിക്കുന്നവരും ദൈവിക പ്രമാണങ്ങള്‍ പ്രകാരം ജീവിതം നയിക്കുവാന്‍ വിസമ്മതിക്കുന്നവരുമായിരിക്കും. അതുകൊണ്ടാണ് അത്തരക്കാരെ 'മതത്തിനകത്തെ മതനിഷേധികള്‍' എന്ന് പണ്ഡിതന്‍മാര്‍ വിളിച്ചത്. 

പ്രമാണങ്ങളെ അന്ധമായി അനുധാവനം ചെയ്യുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഇസ്‌ലാമിക നിര്‍ദേശം മനുഷ്യബുദ്ധിയെ പരിഗണിക്കാത്ത പ്രാകൃതത്വവും പുരോഗതിയെ തടസ്സപ്പെടുത്തുന്ന ജഢത്വവുമാണെന്ന വിമര്‍ശനം ഇവ്വിഷയകമായ ഇസ്‌ലാമിക നിര്‍ദേശമെന്താണെന്ന് മനസ്സിലാക്കാത്തത്‌കൊണ്ടുണ്ടാവുന്നതാണ്. ശുദ്ധശാസ്ത്രത്തിന്റെ വക്താക്കള്‍ക്കുപോലും നിഷേധിക്കാനാവാത്ത വിധം സുദൃഢമാണ് ഈ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശമെന്നതാണ് വാസ്തവം. നാം പഠിച്ചുകൊണ്ടിരിക്കുന്ന പ്രാപഞ്ചികനിയമങ്ങളെല്ലാം സ്ഥല-കാല നൈരന്തര്യത്തിന്റേതായ, ഇന്നു നിലനില്‍ക്കുന്ന പ്രാപഞ്ചിക വസ്തുക്കള്‍ അനുധാവനം ചെയ്യുന്നതെന്ന് നിരന്തരമായ പഠന-ഗവേഷണങ്ങളിലൂടെ നാം മനസ്സിലാക്കിയെടുത്ത ഗണിത നിയമങ്ങളാണ്. സ്ഥലകാലത്തിന്റെ വക്രത നമുക്കു ഗണിക്കാനാവുന്ന പരിധിയിലാകുമ്പോള്‍ മാത്രമെ ഈ നിയമങ്ങള്‍ നിലനില്‍ക്കൂ;അത് നമുക്ക് ഗണിക്കാനാവുന്ന പരിധിക്കപ്പുറം കടന്നാല്‍ പിന്നെ ഈ നിയമങ്ങള്‍  അപ്രസക്തമാവുകയും അവിടേക്കുള്ള പുതിയ നിയമങ്ങളുണ്ടാവുകയും ചെയ്യും. ഖഗോളവിജ്ഞാനീയ പ്രകാരം നമ്മുടെ പ്രപഞ്ചം തുടങ്ങുന്നതിനു മുമ്പത്തെ അവസ്ഥ ഉദാഹരണം. ആദിമപിണ്ഡം എന്ന് ഗോളശാസ്ത്രജ്ഞന്‍മാര്‍ വിളിക്കുന്ന മഹാവിസ്‌ഫോടനത്തിനു മുമ്പത്തെ പ്രപഞ്ചഘടനയില്‍ സ്ഥല-കാലത്തിന്റെ വക്രത അനന്തമായിരിക്കുമെന്നതിനാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും അപഗ്രഥിക്കാനാവാത്തതുമായ എന്തോ നിയമങ്ങളായിരിക്കും നിലനിന്നിരുന്നത് എന്നതിനാല്‍ തന്നെ ആ നിയമങ്ങള്‍ കണ്ടുപിടിക്കുക ഗോളശാസ്ത്രജ്ഞന്‍മാരുടെ ദൗത്യമായി ആരും മനസ്സിലാക്കുന്നില്ല. മഹാവിസ്‌ഫോടനം നടന്ന് ഒരു സെക്കന്റിന്‍െ ഒരു ലക്ഷം അംശത്തിലൊന്ന് കാലയളവില്‍ എന്തു സംഭവിച്ചുവെന്ന് മനസ്സിലാക്കുവാന്‍  ഗോളശാസ്ത്രജ്ഞന് കഴിഞ്ഞേക്കുമെന്നും മഹാവിസ്‌ഫോടനത്തിന്റെ മുമ്പത്തെ അവസ്ഥയെന്തെന്നറിയാന്‍ കഴിയില്ലെന്നും ഗോളശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് അത്‌കൊണ്ടാണ്. നാം ജീവിക്കുന്ന പ്രപഞ്ചത്തിലെ നിയമങ്ങള്‍ പഠിക്കുന്നതിന് നാം ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ പ്രപഞ്ചാരംഭത്തിന് മുമ്പത്തെ അവസ്ഥയെ അപഗ്രഥിക്കുവാന്‍ പോലും അപര്യാപ്തമാണെങ്കില്‍ പ്രസ്തുത സങ്കേതങ്ങളുപയോഗിച്ചു കൊണ്ട് പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളും ബോധനങ്ങളും അപഗ്രഥിക്കുവാന്‍ കഴിയുന്നതെങ്ങിനെ? മനുഷ്യബുദ്ധിക്ക് പോകാവുന്നിടത്തൊക്കെ പോകാനനുവദിക്കുന്ന ഇസ്‌ലാം, പക്ഷെ അതിന്ന് പോകാന്‍ കഴിയാത്ത മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് വിലക്കുകയും ആ മേഖലയില്‍ ദൈവികപ്രമാണങ്ങള്‍ പറയുന്നതെന്തോ അത് കണ്ണടച്ച് അനുസരിക്കണമെന്ന് പറയുകയും ചെയ്യുന്നത് തികച്ചും ന്യായമാണെന്നര്‍ത്ഥം. 

മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കാത്തവരാണ് പലപ്പോഴും പ്രമാണങ്ങള്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ ബുദ്ധിക്ക് സ്വീകാര്യമാണെങ്കില്‍ മാത്രമെ സ്വീകാര്യമാകൂവെന്ന് വാദിക്കുന്നത്. പ്രാപഞ്ചികപഠനമെന്ന ബുദ്ധിയ്ക്ക് വേണ്ടി നീക്കിവെക്കപ്പെട്ട മേഖലയെക്കുറിച്ചു പോലും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന വസ്തുത ഭൗതികശാസ്ത്ര നിയമങ്ങളായിത്തീര്‍ന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്ഥല-കാല നൈരന്തര്യത്തിന്റെ പ്രപഞ്ചത്തെക്കുറിച്ച് കേവലമായി അറിയുവാന്‍ പ്രപഞ്ചത്തിന്റെ പുറത്ത്‌പോകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഐന്‍സ്റ്റയിന്റെ ആപേക്ഷികതാ സിദ്ധാന്തവും ആറ്റത്തിനകത്തെ സൂക്ഷമലോകത്തെ പൂര്‍ണ്ണമായി അറിയാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന് സമര്‍ത്ഥിക്കുന്ന ഹീസിന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും പ്രപഞ്ചപഠന രംഗത്തുപോലും മനുഷ്യര്‍ക്ക് പൂര്‍ണ്ണരാകാനാവില്ലെന്ന് വസ്തുത വെളിപ്പെടുത്തുന്നവയാണ്. പദാര്‍ത്ഥാതീതമായ അസ്തിത്വമുള്ളതും പ്രപഞ്ചപഠനത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് അപഗ്രഥിക്കാനാകാത്തതുമായ നന്‍മ-തിന്‍മകളെക്കുറിച്ച് പടച്ചവന്‍ പഠിപ്പിച്ച കാര്യങ്ങള്‍ തന്റെ ബുദ്ധിക്ക് സ്വീകാര്യവും യുക്തിക്ക് ഉള്‍ക്കൊള്ളാനാവുന്നതും അനുഭവത്തെ സ്ഥിരീകരിക്കുന്നതുമാണെങ്കില്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് കരുതുന്നത് അജ്ഞതയുടെ ആഴത്തില്‍നിന്ന് മുളപൊട്ടുന്ന അഹങ്കാരം കൊണ്ടാണ്. അഹങ്കാരത്താല്‍ തല തോളിലുറയ്ക്കാത്തവര്‍ക്ക് സത്യം കാണുവാനോ മനസ്സിലാക്കുവാനോ കഴിയില്ല. 

'എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകവാസികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.'(7:36)

പരിശുദ്ധക്വുര്ആനും സ്വഹീഹായ ഹദീഥുകളുമാണ് ആധ്യാത്മികജ്ഞാനത്തിന്റെ തെറ്റു പറ്റാത്ത സ്രോതസ്സുകളെന്നന് മനസ്സിലാക്കുന്ന മുസ്‌ലിം, അവയെ കണ്ണടച്ച് അനുധാവനം ചെയ്യുകയും പ്രത്യക്ഷജ്ഞാനത്തിന്റെ സങ്കേതങ്ങളെ അതുമായി കൂട്ടിക്കുഴക്കാതിരിക്കുയുമാണ് ചെയ്യുക. പ്രമാണങ്ങളില്‍ പറഞ്ഞതെല്ലാം പിന്‍പറ്റുകയെന്നാല്‍ ആയത്തുകള്‍ അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭങ്ങളും സ്വഹീഹായ ഹദീഥുകള്‍ വിവരിക്കുന്ന സംഭവങ്ങളുണ്ടായ സാഹചര്യങ്ങളും കൂടി പരിഗണിച്ച്ുകൊണ്ട് അവയുടെ അര്‍ത്ഥവും പ്രയോഗവും മനസ്സിലാക്കുകയെന്നാണര്‍ത്ഥം. ആയത്തുകളും ഹദീഥുകളും അവയുടെ പ്രാഥമിക അഭിസംബോധിതരായ പ്രവാചകാനുചരന്മാരും ആദിമതലമുറകളിലുള്ളവരും മനസ്സിലാക്കിയതുപോലെ മനസ്സിലാക്കാന്‍ സന്നദ്ധമായാല്‍ ഇവ്വിഷയകമായ മാര്‍ഗഭ്രംശങ്ങളില്‍ പെടാതെ സുരക്ഷിതരായി മുന്നോട്ടുപോകുവാന്‍ വിശ്വാസികള്‍ക്ക് കഴിയും. പ്രത്യക്ഷജ്ഞാനത്തിന്റെ സങ്കേതങ്ങളായ ബുദ്ധിപരമായ അപഗ്രഥനം, യുക്തിപൂരവ്വകമായ വേര്‍തിരിക്കല്‍, അനുഭവങ്ങളുടെ സാക്ഷീകരണം എന്നിവയെ ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസ്സുകളുമായി കൂട്ടിക്കുഴക്കുന്നത് വ്യാപകമായ ആശയക്കുഴപ്പത്തിന് മാത്രമെ നിമിത്തമാകൂ. പ്രമാണങ്ങളില്‍  പറഞ്ഞ കാര്യങ്ങളുടെ സത്യത നിര്‍ണയിക്കുന്നതിന് ബുദ്ധിയും യുക്തിയും പര്യാപ്തമാവാത്തതുപോലെ അനുഭവങ്ങളും പര്യാപ്തമാവുകയില്ല. അനുഭവങ്ങളില്‍ നിന്നു മാത്രമായി ശരിയും തെറ്റും വേര്‍തിരിക്കാനാവുകയില്ലെന്നും ഏതു വിഷയത്തിലും പ്രമാണങ്ങള്‍ പറയുന്നതെന്തോ അതാണ് ആത്യന്തികമായി ശരിയെന്നും ഉള്‍കൊള്ളുമ്പോള്‍ മാത്രമെ പ്രമാണങ്ങളെ യഥാവിധം പിന്‍പറ്റുന്നവരായിത്തീരാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാഹുവെയും ദൂതനെയും അനുസരിക്കാതെ പിന്തിരിഞ്ഞു കളയുന്നവര്‍ സത്യനിഷേധികളായിത്തീരുമെന്ന ക്വുര്‍ആനിന്റെ പ്രസ്താവന ഇവ്വിഷയകമായി അന്ധതയുള്ളവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്. 

'(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും  ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തിര്‍ച്ച.' (3:31,32)