എന്താണ്‌ ഖുർആൻ?

എം.എം.അക്ബർ

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽ നിന്ന്‌ മാനവരാശിക്ക്‌ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ്‌ ഖുർആൻ. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ്‌ അത്‌ ലോകം ശ്രവിച്ചതു. അവസാ നത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാ ണത്‌. 'ഖുർആൻ' എന്ന പദത്തിന്‌ 'വായന' എന്നും 'വായിക്കപ്പെടേണ്ടത്‌' എന്നും 'വായിക്കപ്പെടുന്നത്‌' എന്നും അർഥമുണ്ട്‌. 'വായിക്കപ്പെടുന്ന രേഖ' എന്ന അർഥത്തിൽ ഖുർആനിൽതന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. (13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ നിയമസംഹിതയോ (തൗറാത്ത്‌) സങ്കീർത്തനങ്ങളോ (സബൂർ), സുവിശേഷ വർത്തമാനങ്ങളോ (ഇൻജീൽ) മാത്രമല്ല ഖുർആൻ. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന്‌ സത്യവിശ്വാസികളാൽ ആവർത്തിച്ച്‌ വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളിൽ കൊത്തിവെച്ച്‌ സ്വജീവിതം അതനു സരിച്ച്‌ വാർക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുർആൻ എന്ന്‌ നാമകരണം ചെയ്യപ്പെട്ടത്‌. യഥാർഥ കാരണം അത്‌ അവതരിപ്പിച്ച നാഥന്‌ മാത്രമേ അറിയൂ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യവിവേചന ത്തിനുള്ള മാനദണ്ഡമാണ്‌ ഖുർആൻ. അതിൽ കൽപിച്ചതെല്ലാം നന്മയും അതിൽ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന്‌ അവൻ മനസ്സിലാ ക്കുന്നു. ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത്‌ 'ഫുർഖാൻ' എന്നാണ്‌ (2:53, 2:185, 3:4, 25:1) 'സത്യാസത്യവിവേചകം' എന്നർഥം. കിതാബ്‌ (ഗ്രന്ഥം), ദികൃ (ഉദ്ബോധനം), നൂർ (പ്രകാശം), ഹുദാ (സന്മാർഗം), ബുർഹാൻ (തെളിവ്‌), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്‌), മുഹൈമിൻ(പൂർവവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷി ക്കുന്നത്‌) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്‌. ഇവയിലൂടെ ഖുർആനിന്റെ ധർമത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്‌.