തുടകളില്‍ മുറുകുന്ന പിടിവാശി

ലക്ഷ്മീബായി തമ്പുരാട്ടി

മലയാളി പെണ്‍കുട്ടികളുടെ ആഭാസകരമായ വസ്ത്രധാരണത്തെ വിമര്‍ശിച്ചു കെ. ജെ. യേശുദാസ് നിര്‍വഹിച്ച ധീര പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഒരു പ്രമുഖ ദിനപ്പത്രത്തില്‍ ഞാനൊരു കുറിപ്പെഴുതി. പെണ്‍കുട്ടികളും സ്ത്രീകളും ജീന്‍സു ധരിക്കുന്നതിനെതിരെയുള്ള ഗാനഗന്ധര്‍വന്റെ പ്രസ്താവനയെ, അദ്ദേഹം ആലപിച്ച ഗാനങ്ങളില്‍ മധുരതരമായ ഒരു ഗാനം എന്നു വിശേഷിപ്പിക്കാന്‍ അതില്‍ ഞാന്‍ ആഗ്രഹിച്ചു. ലെഗിന്‍സിനെതിരെ ഞാന്‍ എഴുതിയ ആറു പേജുള്ള ദീര്‍ഘപഠനം ഇന്നും വ്യാപകമായ ചര്‍ച്ചകളില്‍ ഇരിക്കുന്ന സത്യം അപ്പോള്‍ ഞാന്‍ ഓര്‍ത്തു. മനശാസ്ത്രജ്ഞര്‍ മുതല്‍ പള്ളിവികാരികള്‍വരെ അതിലെ നിരീക്ഷണങ്ങളെ അനുകൂലിച്ചപ്പോള്‍ കേരളത്തിലെ ഒരു വിഭാഗം പെണ്‍കുട്ടികള്‍ പതിവുപോലെ എതിര്‍ത്തു. വാസ്തവത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രാഭാസം ഉചിതമായ നിയമത്തിലൂടെ നിരോധിക്കപ്പെടേണ്ടതാണ്. വലിഞ്ഞുമുറുകിയ ജീന്‍സുകളില്‍ നിറഞ്ഞുതുളുമ്പുന്ന പെണ്‍കുട്ടികള്‍ നിരത്തുകളിലും എന്തിനേറെ ആരാധനാലയങ്ങളിലും ഉള്ളിലുള്ളതു മുഴുവന്‍ എടുത്തുകാട്ടുന്ന വിധത്തില്‍ വിഹരിക്കുന്നു. നമുക്കു കിട്ടിയ വിലപ്പെട്ട സ്വാതന്ത്ര്യത്തെ വികലമായ വസ്ത്രധാരണത്തിലൂടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. രാജാവു നഗ്നനാണെന്നു വിളിച്ചുകൂവിയ കൊച്ചുകുട്ടിയുടെ ധൈര്യംപോലും ഈ വിഷയത്തില്‍ കേരളത്തിലെ സദാചാരവാദികള്‍ കാണിക്കുന്നില്ല. ഒരു പെണ്‍കുട്ടി എന്നനിലയില്‍ എന്റെ സോദരിമാര്‍ പൊതുവഴികളില്‍ നാണവും മാനവും മാന്യതയും മറന്നുപോകുന്നതു കാണുമ്പോള്‍ ഞാന്‍ അതിയായി ദുഖിക്കുന്നു. എന്നാല്‍ ഇതു വിലപ്പെട്ട കനി തന്നെയാണെന്നു ദൃഢമായി വിശ്വസിക്കുന്ന പെണ്‍കുട്ടികളും ഇവിടെയുണ്ട്. കൊച്ചി സര്‍വകലാശാലയിലെ അനഘ വനിതാ ഹോസ്റ്റലിലെ അന്തേവാസിനികള്‍, ഞാന്‍ എഴുതിയ ലെഗിന്‍സിനെതിരായ ലേഖനത്തെ അവരുടെ ഹോം മാഗസിനില്‍ പുനപ്രസിദ്ധീകരിച്ച സംഭവം ഇതിനുദാഹരണമാണ്. പുരുഷന്റെയുള്ളിലെ വിശന്ന മൃഗത്തെ തുറന്നുവിടുന്നതില്‍ കാമോദ്ദീപകമായ വസ്ത്രം ഒരു മുഖ്യകാരണമാകുന്നുണ്ട്. അതിന്റെ ഇരകളായി മാറുന്നതു പലപ്പോഴും കുരുന്നു ബാല്യങ്ങളാണ്. പച്ചപ്പരിഷ്‌കാരത്തിന്റെ പേരില്‍, മോഡേണിസത്തിന്റെ പേരില്‍ നാട്ടില്‍ നടമാടുന്ന ഈ നഗ്നതാ പരേഡിനെ മതനേതൃത്വവും കലാശാലകളും സര്‍വോപരി സര്‍ക്കാരും ഒരുമിച്ചുനിന്നു ചെറുക്കണം. മദ്യവിമുക്തമായ ഒരു സമൂഹം സ്വപ്‌നം കാണുന്നതുപോലെ ലൈംഗിക അരാജകത്വമില്ലാത്ത ഒരു സമൂഹത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ജുഗുപ്‌സാവഹവും ലൈംഗിക അതിപ്രസരമുളളതുമായ വസ്ത്രധാരണരീതീയില്‍ കര്‍ശനമായ നിയന്ത്രണവും അച്ചടക്കവും കൊണ്ടുവരണം. യേശുദാസിന്റെ വാക്കുകളെ, സാംസ്‌കാരികമൂല്യങ്ങള്‍ പരിപാലിക്കുന്നതിനുവേണ്ടി ജാഗരൂകനായ ഒരു കലാകാരന്റെ സഹജ പ്രതികരണമായി മാത്രമേ ഇത്തരത്തില്‍ സാക്ഷരകേരളം കരുതേണ്ടതുള്ളൂ. ദാസേട്ടന്റെ മരുമകള്‍ ജീന്‍സു ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു ലഘൂകരിക്കാന്‍ കഴിയുന്നതല്ല ഈ സങ്കീര്‍ണത. ജീന്‍സുവിവാദത്തില്‍ തുറന്നു പ്രതികരിച്ചശേഷം ലഭിച്ച പ്രതികരണണങ്ങളില്‍ ഏറെയും എന്റെ നിലപാടുകളോടു വിയോജിക്കുന്ന തരത്തിലൂള്ളതായിരുന്നു, നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍. ഞാന്‍ പഠിപ്പിക്കുന്ന വനിതാകോളേജിലെ പെണ്‍കുട്ടികള്‍ ഒന്നടങ്കം എന്നോടു ചോദിച്ചു, ഒരു ജീന്‍സിലെന്തിരിക്കുന്നു? ശരിയായ ലൈംഗിക സാക്ഷരതയുടെ അഭാവം അവരുടെ ചോദ്യങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. കാരണം പുരുഷശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനരീതികളെ സംബന്ധിച്ച ശാസ്ത്രീയജ്ഞാനം ഇനിയും പെണ്‍കുട്ടികള്‍ക്കു ലഭിച്ചിട്ടില്ല. അതിനുളള സംവിധാനങ്ങള്‍ നാട്ടില്‍ വേണ്ടത്രയില്ല. സിലബസും വിദ്യാഭ്യാസവിചക്ഷണന്മാരും ഈ വിപത്തു മനസിലാക്കുന്നില്ല. മറിച്ചായിരുന്നുവെങ്കില്‍ സ്വന്തം വസ്ത്രധാരണരീതിയുടെ പ്രതികൂലതകളെ തിരിച്ചറിയാന്‍, ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെ താത്കാലികമായെങ്കിലും ഒഴിവാക്കാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയുമായിരുന്നു. കുറഞ്ഞപക്ഷം ഒരു ജീന്‍സിലെന്തിരിക്കുന്നു എന്ന ചോദ്യമെങ്കിലും ഉയരുമായിരുന്നില്ല. കോടാനുകോടി ജീവികളില്‍ മനുഷ്യനു പ്രധാനമായൊരു സ്ഥാനമുണ്ട്. എങ്കിലും മറ്റേതൊരു ജീവിയെയും പോലെയാണ് അതിന്റെയും പിറവി, വാസനകളും. എത്ര സംസ്‌കരിക്കപ്പെടുമ്പോഴും കാമം പ്രാകൃതാവസ്ഥയില്‍ അവന്റെയുള്ളില്‍ കിടപ്പുണ്ടെന്നു നരവംശശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ വിസ്‌ഫോടനം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെ ഒരു ഇന്‍ഡ്യന്‍ പ്രതിഭാസമായി വനിതാവാദികള്‍ കരുതുന്നു. ലോകത്തു മറ്റെങ്ങും സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുന്നതായി അവര്‍ വിശ്വസിക്കുന്നുമില്ല!! ഈ വിഷയത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും വേണ്ടത്ര പഠനങ്ങളുടെ പിന്‍തുണയില്ലാതെ 1 (1)ഉദ്ധരിക്കുന്ന ഫെമിനിസ്റ്റുകളുടെ മൗഢ്യത്തില്‍ ഞാനും സഹതപിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ആഭാസകരമായി വസ്ത്രം ധരിച്ചു നീങ്ങുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ കാമാര്‍ത്തരാകുന്ന പുരുഷന്‍ ചങ്ങലത്തുടലില്‍ ബന്ധിക്കപ്പെട്ട ശുനകനു സമാനനാണ്. പലപ്പോഴും അവന്‍ ചങ്ങലക്കണ്ണികള്‍ പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ കണ്ണികളുടെ ദൃഢതയൊന്നുകൊണ്ടുമാത്രം പെണ്‍കുട്ടികള്‍ ഓരോ തവണയും രക്ഷപെടുന്നു. മതം, സംസ്‌കാരം, സാമൂഹിക അവബോധം, നീതിന്യായവ്യവസ്ഥകള്‍, കുടുംബം, സദാചാരപ്പോലീസ്, ജയില്‍, കഠിനതടവ്, അംഗഭംഗം, മാനഹാനി എന്നിവയാണ് ആ ചങ്ങലയിലെ ദൃഢമായ കണ്ണികള്‍. എന്നാല്‍ ഇവയിലൊന്നു ദുര്‍ബലമാകുമ്പോള്‍ ദുരന്തം പെണ്‍കുട്ടികള്‍ അനുഭവിക്കുന്നു. ഉത്സവപ്പറമ്പുകളില്‍ പാപ്പാനെ ചവിട്ടിമെതിച്ചു താണ്ഢവമാടുന്ന മദയാനകളെ ആരും തുറന്നുവിട്ടതല്ല. അവ ഉരുക്കുചങ്ങലകള്‍ തകര്‍ത്തുതന്നെയാണു കുതിച്ചുപായുന്നത്. എപ്പോഴും ചങ്ങലകള്‍ക്കു മദയാനകളെ പിടിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഒരിക്കലും പാപ്പാന്മാര്‍ കൊല്ലപ്പെടുകയില്ലായിരുന്നു. മദയാനയുടെ മുന്നില്‍, നിനക്കെന്തിനു മദമിളകി എന്ന ചോദ്യവുമായി നെഞ്ചുംവിരിച്ചു നില്‍ക്കുന്നവനെ ആല്‍മരക്കൊമ്പിലോ ഗോപുരമുകളിലോ രക്തംവാര്‍ന്നു കിടക്കുന്നതരത്തിലേ പിന്നെ കാണാന്‍ കഴിയൂ. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മതപ്രഭാഷണശകലത്തില്‍ ഒരു മുസ്ലിം പുരോഹിതന്‍ പുരുഷന്മാരുടെ സ്വയംഭോഗത്തെ മതവിരുദ്ധമാണെന്നും അതു നിയന്ത്രിക്കേണ്ടതുണ്ടെന്നും വിശദമായി സംസാരിക്കുന്നുണ്ട്. ആളുകള്‍ അതിനെ തമാശപോലെ കേട്ടു രസിക്കുന്നു, കൈമാറുന്നു. എന്നാല്‍ പുരുഷന്റെയുള്ളിലെ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ മതങ്ങള്‍ക്കും ആത്മീയപ്രസ്ഥാനങ്ങള്‍ക്കുമുള്ള ജാഗ്രത ഇതിലുണ്ട്. അതുകൊണ്ടും ഇസ്‌ലാം മതം വസ്ത്രധാരണത്തില്‍ കുടൂതല്‍ ശ്രദ്ധവയ്ക്കുന്നു. വസ്ത്രധാരണത്തിലൂടെ സ്ത്രീ ഒരു കാഴ്ചവസ്തുവും കാമോദ്ദീപന സാമഗ്രിയും ഉപഭോഗ ഉത്പന്നവുമായി മാറാന്‍പാടില്ലെന്നു നിഷ്‌കര്‍ഷിക്കുന്നു. അപ്പോഴും തല മറച്ചു തട്ടമിട്ട ചില കോളേജുകുമാരികള്‍ മുറുകിയ ജീന്‍സും ലെഗിന്‍സും ധരിക്കുന്നതിലൂടെ അവരുടെ വിശുദ്ധ മതചിഹ്നങ്ങളെ ഉപയോഗിച്ചുകൊണ്ടുതന്നെ മതവിരുദ്ധ സന്ദേശം നല്‍കുന്നതായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ദേഹത്തോടു ചേര്‍ന്നുകിടക്കുന്ന വസ്ത്രങ്ങളെ പ്രണയിക്കുന്നതില്‍ എന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് മുന്നില്‍. ഈ വിഷയത്തില്‍ കേവലം അനുകരണീയ നിലപാടുകളേ ഹിന്ദു പെണ്‍കുട്ടികള്‍ക്കുള്ളൂ. വസ്ത്രധാരണത്തിലെ അശ്ലീലതയെ ഓര്‍മിപ്പിക്കുമ്പോള്‍ കുപിതകളാകുന്ന പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്ന രണ്ടു ദുര്‍ബല ചോദ്യങ്ങളുണ്ട്. 1. വേണ്ടത്ര തുണിയുടുക്കാത്ത പെണ്ണുങ്ങള്‍ അധികമുള്ള വിദേശരാജ്യങ്ങളില്‍ ലൈംഗികപീഡനങ്ങളും ബലാല്‍സംഗങ്ങളും എന്തുകൊണ്ടുണ്ടാകുന്നില്ല? 2. ആണുങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് പ്രത്യേകമായ വികാരാവേശം തോന്നുന്നില്ല. പിന്നെന്തിനു ഞങ്ങളെ കാണുമ്പോള്‍ ആണുങ്ങള്‍ കയര്‍ പൊട്ടിക്കുന്നു? ഭൗതികവാദ സംസ്‌കാരത്തിലൂന്നുന്ന വിദേശരാജ്യങ്ങളില്‍ മനുഷ്യന്റെ പ്രകൃതിദത്തമായ ലൈംഗികതൃഷ്ണയെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ലിബറല്‍ ഭരണകൂടമാണുള്ളത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികഭാവനകളെ തൃപ്തിപ്പെടുത്താന്‍ അനവധി ലൈംഗിക സ്ഥാപനങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവ വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. അവിടെ പുരുഷവേശ്യകളെ തേടിപ്പോകുന്ന സ്ത്രീകളും കുറവല്ല. തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രധാന വരുമാനമാര്‍ഗവും സെക്‌സ് ടൂറിസമാണ്. കേരളീയരടങ്ങുന്ന വലിയൊരു വിഭാഗം പുരുഷന്മാര്‍ ആണ്ടുതോറും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു സന്തുഷ്ടരായി തിരിച്ചുവരുന്നു, ചിലപ്പോഴെങ്കിലും ഉഷ്ണരോഗികളായും. അവര്‍ക്കതു വെറും അന്‍പതുഡോളറിന്റെ കളിതമാശ മാത്രം. അടുത്തിടെ ഇന്തോനേഷ്യ സന്ദര്‍ശിച്ചുവന്ന ഒരു വ്യക്തി, താമരയിതളുകള്‍ക്കു നടുവില്‍ വീണയേന്തിയ സരസ്വതീവിഗ്രഹത്തിനുമുന്നില്‍ ധ്യാനനിരതനായി നില്‍ക്കുന്ന ചിത്രം എന്നെ കാണിച്ചു. ഹിന്ദു സംസ്‌കാരം വാഴുന്ന ബാലിയിലെ സരസ്വതീക്ഷേത്രത്തെക്കുറിച്ചു കൂടുതല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു വേശ്യാലയത്തിനുള്ളിലെ കല്‍മണ്ഡപമാണ്. ഇടതു ഭാഗത്തു മഹാലക്ഷ്മിയും വലതു ഭാഗത്തു വിഘ്‌നേശ്വരനും അനുഗ്രഹം ചൊരിഞ്ഞുകൊണ്ടു നില്‍ക്കുന്ന മസാജൂ പാര്‍ലറുകളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആ രാജ്യത്തെ ലൈംഗിക സ്വാതന്ത്ര്യത്തില്‍ അത്ഭുതം കൊണ്ടുപോയി. മുംബൈയിലെ ചുവന്ന തെരുവും കല്‍ക്കത്തയിലെ സോനാഗാച്ചിയും ഇവിടെ വിസ്മരിക്കുന്നില്ല. വിശ്വമഹാകവി കാളിദാസന്റെ മേഘസന്ദേശത്തില്‍ ഉജ്ജയിനിയിലെ കുപ്രസിദ്ധ വേശ്യാത്തെരുവായ മകരരഥ്യയെക്കുറിച്ചു വര്‍ണിക്കുന്നതും ഞാന്‍ വായിച്ചിട്ടുണ്ട്. ആത്മീയവും കലാപരവുമായ പരിവേഷം ലൈംഗികതയ്ക്കു നല്‍കുന്ന ഒരു പാരമ്പര്യവും ഭാരതത്തിനുണ്ടല്ലോ. അതിന്റെ തുടര്‍ച്ചയായി വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിക്കുകയും തൊഴില്‍ നിയമങ്ങള്‍ സെക്‌സ് വര്‍ക്കേഴ്‌സിനും ബാധകമാക്കണം എന്നു വാദിക്കുന്നവരുമുണ്ട്. ഒരു ദേശത്തിന്റെ ലൈംഗിക സംസ്‌കാരത്തെക്കുറിച്ചു പഠിക്കുമ്പോള്‍ അവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ആത്മീയതാബോധം, വിദ്യാഭ്യാസ വ്യവസ്ഥ, കായികക്ഷമത, നീതിന്യായവ്യവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. ലൈംഗികപീഡനങ്ങളെ ശാരീരികമായി ചെറുക്കാന്‍ പ്രാപ്തിയുള്ള ബലശാലിനികളായ മദാമ്മമാരുടെ നെഞ്ചൂക്കം കേരളത്തിലെ പെണ്ണുങ്ങള്‍ക്കുണ്ടോ? പണ്ടു ശ്രീരാമന്‍ അഹല്യയെ പാദസ്പര്‍ശനത്തിലൂടെ മോചിപ്പിച്ചതുപോലെ മര്‍മപ്രധാനഭാഗത്തായി ലക്ഷ്യം തെറ്റാതെ ഏല്‍പ്പിക്കുന്ന ചെറിയൊരു താഡനം മതി അവനില്‍നിന്നും മോക്ഷം നേടാന്‍. എന്നാല്‍ കാലുയര്‍ത്തി പ്രഹരിക്കാന്‍പോലും ആത്മബലമില്ലാത്ത കേരളത്തിലെ പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രധാരണംപോലുള്ള മറ്റു സുരക്ഷിതമാര്‍ഗങ്ങളില്‍ ശ്രദ്ധ വയ്ക്കണം. എന്തെന്നാല്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി പരിഗണിക്കുന്ന ഭാരതീയ നീതിവ്യവസ്ഥയുടെ പഴുതുകളിലൂടെ തെറ്റു ചെയ്യുന്ന പുരുഷന്മാര്‍ പലപ്പോഴും രക്ഷപെടുന്നുണ്ട്. വിദേശരാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകള്‍ ഈ വിഷയത്തില്‍ സ്ത്രീകള്‍ക്കനുകൂലമാണ്. ഇന്ത്യയില്‍ നീതി പരമാവധി വൈകിച്ചുകൊണ്ടു കുറ്റവാളികളായ പുരുഷന്മാരെ ദീര്‍ഘകാലം ജാമ്യത്തില്‍ കറങ്ങിനടക്കാന്‍ നീതിപീഠങ്ങള്‍ അവസരമുണ്ടാക്കുന്നു. ചിലര്‍ ആ കാലയളവില്‍തന്നെ സമാധിയാകുന്നു. വൈകിക്കിട്ടുന്ന നീതി പീഡനവിധേയരാകുന്ന സ്ത്രീകള്‍ക്ക് അല്‍പ്പവും ആശ്വാസമാകുന്നില്ല, പുരുഷനു താക്കീതും. സ്ഥിതി ഇങ്ങനെയെല്ലാമാണെങ്കിലും പുരുഷന്മാരെയെല്ലാം വന്ധ്യംകരിച്ചതിനുശേഷംമാത്രം പെണ്‍കുട്ടികള്‍ പൊതുവഴിയിലിറങ്ങി സഞ്ചരിക്കാമെന്നു കരുതുന്നത്, കുഴികളെല്ലാം മൂടി ടാറുചെയ്തു മനോഹരമാക്കിയശേഷം വണ്ടി റോഡിലിറക്കാം എന്നു കരുതുന്നതിനു തുല്യമായ അസംബന്ധമാണ്. കാമോദ്ദീപകമായ വസ്ത്രം എന്നതിലുപരി ജീന്‍സ് നിരവധി ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വിയര്‍പ്പും അഴുക്കും പുരണ്ട ഒരു വസ്ത്രം ശരീരത്തില്‍, പ്രത്യേകിച്ചു ജനിതക ഭാഗങ്ങളില്‍ മണിക്കുറുകളോളം ഇറുകിപ്പിടിച്ചു കിടക്കുമ്പോള്‍ പലതരത്തിലുള്ള ചര്‍മ രോഗങ്ങളും ഉണ്ടാകുന്നു. അസ്ഥാനത്തു പുകച്ചിലും ചൊറിച്ചിലും ഫംഗസുമായി ചെന്ന ജീന്‍സുകാരി പെണ്‍കുട്ടിയോട് ഇതിനു മരുന്നു വേണ്ട, വേഷമൊന്നു മാറ്റിയാല്‍ മതിയെന്നു നിര്‍ദേശിച്ച ഡോക്ടറെ ഇംഗ്ലീഷു തെറി പറഞ്ഞ ഒരു കൂട്ടുകാരിയുണ്ട്. ഇത്തിരി മാന്തിയാലും പുഴുത്താലും വേണ്ടില്ല, ജീന്‍സു വിടുന്ന പ്രശ്‌നമില്ലെന്നാണു പെണ്‍കുട്ടികളുടെ പ്രഖ്യാപിത നിലപാടും. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ പെണ്‍കുട്ടികളുടെ അര്‍ത്ഥമില്ലാത്ത പിടിവാശികളെപ്പറ്റി എനിക്കു നന്നായി അറിയാം. തീവ്രവാദപരമായ ഈ നിലപാടുകള്‍ അവര്‍ക്കു ദോഷകരംതന്നെ. നിരന്തരമായ സദുപദേശങ്ങളിലൂടെ, ആരോഗ്യ-സാമൂഹിക-ലൈംഗിക ബോധനങ്ങളിലൂടെ അവരില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിനായി, കേവലം രണ്ടു തുടകളുടെ പ്രശ്‌നം എന്നതിലുപരി സ്വന്തം സംസ്‌കാരത്തെ അമിതമായ പാശ്ചാത്യവല്‍ക്കരണത്തിനു മുന്നില്‍ അന്ധമായി അടിയറവുവയ്ക്കുന്ന ഈ വസ്ത്രവൈകൃതത്തിനെതിരെ ഫലപ്രദമായ പ്രതിരോധം ഉയര്‍ത്തുകയും വേണം. ഈ സന്ദര്‍ഭങ്ങളിലെങ്കിലും മലയാളി ഒരു മതേതരവാദിയാകേണ്ടതുണ്ട്.