ചുംബനസമരം: ആര്‍ക്കാണെതിര്‍പ്പ്? എന്തിനാണെതിര്‍പ്പ്?

മതേതരവാദിയുടെ ചെരുപ്പഴിച്ച് വെച്ച് സദാചാരത്തിന്റെ നഗ്നമായ പാദങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയ മലയാളിയെയാണ് ചുംബനസമരത്തിന്റെ എതിര്‍പ്പുകളില്‍ നാം കണ്ടത്.”

-അരുന്ധതി. ബി, ‘ചുംബിക്കാനറിയാത്തവരുടെ ദുരാചാരങ്ങള്‍’, മാതൃഭൂമി ആഴ്ചപതിപ്പ്, 2014 നവംബര്‍ 23 

ഫാഷിസത്തിനെതിരായ സമരങ്ങള്‍ക്ക് ഇന്‍ഡ്യയിലിന്നുള്ള പ്രാധാന്യം ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. രാജധാനിയിലേക്കുള്ള വഴിവെട്ടുന്നതില്‍ വിജയിച്ച സംഘ്പരിവാരം അധികാരം ഭദ്രമാക്കാനുള്ള സൃഗാല പദ്ധതികള്‍ അനാദൃശമായ ആസൂത്രണപാടവത്തോടെ ചടുലവേഗതയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ ചരിത്രസന്ധിയാണ് നമ്മെയിപ്പോള്‍ തുറിച്ചു നോക്കുന്നത്. സാംസ്‌കാരിക ഷോവിനിസമാണ് ഫാഷിസത്തിന്റെ അടയാള ജീനുകളിലൊന്ന് എന്നറിയുന്നവര്‍ക്ക്, തീവ്ര ഹിന്ദുവലതുപക്ഷത്തിന്റെ ‘സംസ്‌കാര’ പരികല്‍പ്പനയോട് കലഹിക്കാതെ ഇന്‍ഡ്യയില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം സംഘടിപ്പിക്കാനാകില്ലെന്നും എളുപ്പത്തില്‍ തിരിച്ചറിയാനാകും. സ്വാതന്ത്ര്യ സമരകാലത്ത് അനിവാര്യമായ ഒരാശയമെന്ന നിലയ്ക്ക് രൂപപ്പെട്ടുവന്ന ഇന്‍ഡ്യന്‍ ദേശീയത എന്ന സങ്കല്‍പ്പത്തെ ‘ഭാരതീയ സംസ്‌കാര’ത്തിന്റെ കുപ്പായമിടീച്ചുകൊണ്ടാണല്ലോ ഹിന്ദുവര്‍ഗീയതയുടെ രാഷ്ട്രീയം നമ്മുടെ നാട്ടില്‍ മിഴിതുറന്നത്. ഇന്‍ഡ്യ എന്ന ദേശരാഷ്ട്രത്തിനുവേണ്ടിയാണ് ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സമരം നടക്കുന്നതെങ്കില്‍ ആ രാജ്യത്തെ പൗരന്‍മാരെ നിര്‍വചിക്കേണ്ടത് ഏതെങ്കിലും ഭൂമിശാസ്ത്ര അതിരുകള്‍ക്കുള്ളില്‍ ജനിച്ചവര്‍ എന്ന നിലയില്ല, മറിച്ച് ‘ഭാരതീയ സംസ്‌കാരം’ ഉള്‍ക്കൊണ്ടവര്‍ എന്ന നിലയ്ക്കാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സവര്‍ണ്ണ ഫാഷിസം അതിന്റെ സൈദ്ധാന്തിക യുദ്ധങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ തുടക്കം കുറിക്കുന്നത്. വര്‍ണ്ണാശ്രമ ധര്‍മ്മത്തിലധിഷ്ഠിതമായ ബ്രാഹ്മണിക മൂല്യക്രമത്തിന്റെ ഏകാശിലാത്മകതയാണ് ‘ഭാരതീയ സംസ്‌കാരം’ എന്ന അവ്യക്തമായ പ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, പ്രസ്തുത മൂല്യക്രമം പിന്തുടരാന്‍ സന്നദ്ധമല്ലാത്ത ദലിതുകളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഇന്‍ഡ്യന്‍ പൗരത്വത്തിനര്‍ഹതയില്ലാത്തവരും അതിനാല്‍തന്നെ ‘നേരെയാക്കപ്പെടേണ്ടവരോ’ നശിപ്പിക്കപ്പെടേണ്ടവരോ ആണെന്നുമുള്ള ‘ദേശീയ വീക്ഷണ’മാണ് ഭൂരിപക്ഷവര്‍ഗീയതയുടെ ദര്‍ശനവല്‍കരണം നടത്തിയ ഹിന്ദു ഷോവിനിസ്റ്റുകള്‍ ഇന്‍ഡ്യയില്‍ പ്രചരിപ്പിച്ചത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും കേവലമായ ‘പ്രാദേശിക ദേശീയത’യ്ക്ക് (ഇന്‍ഡ്യ എന്ന ഭൂപ്രദേശത്തുള്ള എല്ലാവരുടേതുമാണ് ഈ ദേശം എന്ന വീക്ഷണം/ territorial nationalism) ‘സുശക്തമായ’ ഒരാധുനിക രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള പല്ലുറപ്പില്ലെന്നും തങ്ങളുടെ ‘സാംസ്‌കാരിക ദേശീയത’യ്ക്ക് (cultural nationalism) മാത്രമേ അതിനുകഴിയൂ എന്നുമുള്ള ഫാഷിസ്റ്റ്  അവകാശവാദത്തിന്റെ സാധൂകരണമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിഛായാ നിര്‍മ്മാണ പരിപാടികള്‍ ലക്ഷ്യം വെക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു വളര്‍ത്തിയെടുത്ത മതേതര ദേശീയതയിലധിഷ്ഠിതമായ ധൈഷണിക പൈതൃകത്തിന്റെ എല്ലാ ചിഹ്നങ്ങളെയും ഇന്‍ഡ്യന്‍ ബൗദ്ധിക മണ്ഡലത്തില്‍ നിന്ന് തുടച്ചുകളയാനുള്ള പുതിയ പരിശ്രമങ്ങള്‍, ഇന്‍ഡ്യന്‍ ദേശീയതയെ ‘സംസ്‌കാര’ത്തിന്റെ പൂണൂലില്‍ ബന്ധിക്കാനുള്ള ഹിന്ദുത്വപരിശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ച ആദ്യ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയോടുള്ള വെറുപ്പ് അധികാരം ലഭിച്ചപ്പോഴേക്കും ഹിന്ദുത്വവാദികളുടെ വിഷദ്രംഷ്ടകളില്‍ സടകുടഞ്ഞെഴുന്നേറ്റതിന്റെ ദൃഷ്ടാന്തം തന്നെയാണ്.

ഭാരതീയ സവര്‍ണ്ണപാരമ്പര്യത്തെ അത്യുല്‍കൃഷ്ടവും അന്യൂനവുമായി പ്രതിഷ്ഠിക്കുകയും അതിനുപറ്റുന്ന എല്ലാ പരുക്കുകളും ഇന്‍ഡ്യയുടെ ‘സാംസ്‌കാരിക മലിനീകരണ’ത്തിനും അതുവഴി രാഷ്ട്രഗാത്രത്തിന്റെ ദുര്‍ബലപ്പെടലിനുമാണ് നിമിത്തമാവുക എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുകൊണ്ടാണ് ‘സാംസ്‌കാരിക വിശുദ്ധി’ മുദ്രാവാക്യമായി സ്വീകരിച്ച ആര്‍. എസ്. എസ് എന്ന ഫാഷിസ്റ്റ് സംഘടനയ്ക്ക് ഇന്‍ഡ്യയിലെ ഹിന്ദുവര്‍ഗ്ഗീയ ബുദ്ധിജീവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ അസ്തിവാരമിട്ടത്. 1925ലെ വിജയദശമി ദിനത്തില്‍ ഡോ. കെ. ബി ഹെഡ്ഗവാറിന്റെ നേതൃത്വത്തില്‍ ബോംബെയിലാണ് ആര്‍. എസ്. എസ് രൂപംകൊണ്ടത്. ഹിന്ദുസമാജത്തെ ഭാരതീയ സംസ്‌കാരത്തില്‍ അടിയുറപ്പിച്ചു നിര്‍ത്തുകയും ഇന്‍ഡ്യന്‍ പൊതുബോധത്തിലേക്ക് ഇസ്‌ലാമിക സംസ്‌കാരത്തിന്റെയോ പാശ്ചാത്യ സംസ്‌കാരത്തിന്റെയോ ലോകവീക്ഷണങ്ങള്‍ ‘അധിനിവേശം’ നടത്താതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യുകയാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അടിസ്ഥാന ദൗത്യമായി നിര്‍വചിക്കപ്പെട്ടത്. ഇന്‍ഡ്യന്‍ ഫാഷിസം വളര്‍ത്തിയെടുത്ത ഏറ്റവും വലിയ കേഡര്‍ സംഘടനയുടെ ജന്മലക്ഷ്യങ്ങള്‍  സംസ്‌കാരകേന്ദ്രീകൃതമായ പദാവലിയുപയോഗിച്ചാണ് വിശദീകരിക്കപ്പെടുന്നത് എന്നതില്‍നിന്നുതന്നെ, സാംസ്‌കാരിക ഷോവിനിസമാണ് ആധുനിക ഹിന്ദുവര്‍ഗീയതയുടെ ഉപ്പും ചോറുമെന്ന് വ്യക്തമാകുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഉന്മൂലനം എന്ന ആര്‍. എസ്. എസ് ആശയത്തിന്റെ സൈദ്ധാന്തിക ന്യായീകരണങ്ങള്‍ അതിന്റെ ‘സംസ്‌കാര വിചാര’ങ്ങളില്‍ നിന്നുതന്നെയാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത്. ആര്‍.എസ്.എസ് ഒരു ‘സാംസ്‌കാരിക’ സംഘടന മാത്രമാണെന്ന് മാധ്യമങ്ങളോടു പറയുന്ന ‘സര്‍സംഘ് ചാലകുമാര്‍’ ഒരര്‍ത്ഥത്തില്‍ ഈ വസ്തുതയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആര്‍. എസ്. എസിന്റെ സംസ്‌കാരശാഠ്യങ്ങള്‍ തന്നെയാണ് അതിനെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും മതരാഷ്ട്രലക്ഷ്യത്തിന്റെയും ആലയങ്ങളില്‍ ആണിയടിച്ചുറപ്പിച്ചുനിര്‍ത്തുന്നത് എന്ന വസ്തുത പക്ഷേ, അവര്‍ മറച്ചുവെക്കുമെന്നു മാത്രം.  ഭാരതത്തിന്റെ ‘സാംസ്‌കാരിക വിശുദ്ധിക്ക് ‘ കാവല്‍നില്‍ക്കാന്‍ സന്നദ്ധതയുള്ള ഹിന്ദു കൗമാരത്തെയും യൗവനത്തെയും കണിശമായ അച്ചടക്കമുള്ള സ്വയംസേവകരായി രാജ്യത്തുടനീളം വളര്‍ത്തിയെടുക്കാനാണ് ആര്‍. എസ്. എസ് ആയിരക്കണക്കിന് ശാഖകള്‍ സ്ഥാപിച്ചത്. നേതൃത്വത്തിന്റെ ആജ്ഞകള്‍ അന്ധമായി നടപ്പിലാക്കിയ അവരുടെ കയ്യൂക്ക്, ‘സംസ്‌കാരിക സംരക്ഷണ’ത്തിന്റെ പേരില്‍ മുസ്‌ലിം വംശഹത്യശ്രമങ്ങളായി വര്‍ഗ്ഗീയ കലാപങ്ങളില്‍ തകര്‍ത്താടുന്നത് ഇന്‍ഡ്യക്കാര്‍ക്ക് പലവുരു കാണേണ്ടി വന്നു. സംഘടനാപരമായി ശാഖകളിലൊതുങ്ങുകയും ആവശ്യം വരുമ്പോള്‍ പ്രവര്‍ത്തകരെ അനൗപചാരികമായി കലാപസ്ഥലങ്ങളില്‍ കെട്ടഴിച്ചുവിടുകയും ചെയ്യുകയെന്ന തന്ത്രമാണ് ‘അച്ചടക്കമുള്ള പ്രവര്‍ത്തകരെ’ച്ചൊല്ലി നിരന്തരം അഭിമാനിക്കുന്ന ആര്‍. എസ്. എസ് അതിന്റെ ചരിത്രത്തില്‍ മുഴുവന്‍ പിന്തുടര്‍ന്നത്.

കലാപങ്ങള്‍ക്ക് ഭൂമികയൊരുക്കുകയും രഹസ്യസ്വഭാവം നഷ്ടപ്പെടാതെ കലാപസ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറി സംഘത്തിന്റെ വംശഹത്യാ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതില്‍ സംഘടനാനേതൃത്വത്തോടു കാണിക്കുന്ന അര്‍പ്പണബോധത്തെയാണ് ആര്‍. എസ്. എസ് നേതൃത്വം ‘അച്ചടക്കം’ എന്ന് വിളിക്കുന്നത്. ആര്‍. എസ്. എസ് ശാഖകളില്‍ നിന്ന് ലഭിക്കുന്ന സാംസ്‌കാരിക പാഠങ്ങള്‍, ‘മുസ്‌ലിം ശത്രുവിനെ’തിരായ ‘ഏകാഗ്രത’ സ്വയംസേവകനില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം. ആര്‍. എസ്. എസിന്റെ ബൈബിള്‍ എന്ന വിശേഷിപ്പിക്കാവുന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു (We or Our Nationhood Defined) എന്ന പുസ്തകം രാഷ്ട്രത്തിന്റെ ആത്മാവെന്ന് സംഘം വിശ്വസിക്കുന്ന ഹിന്ദുസംസ്‌കാരത്തില്‍ ലയിച്ചുചേരാന്‍ സന്നദ്ധമാകാത്ത ഇന്‍ഡ്യന്‍ മുസ്‌ലിംകളോട് ആര്‍. എസ്. എസുകാരുടെ സമീപനം ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് സ്വീകരിച്ച സമീപനം തന്നെയായിരിക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക: ”ജര്‍മന്‍ ദേശീയാഭിമാനം ഇന്നത്തെ മുഖ്യവിഷയമായിത്തീര്‍ന്നിട്ടുണ്ട്. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി രാഷ്ട്രത്തില്‍ നിന്ന് സെമിറ്റിക് വംശങ്ങളെ- ജൂതന്‍മാരെ- പൂര്‍ണ്ണമായി പറിച്ചെറിഞ്ഞ് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചു. ദേശാഭിമാനം അതിന്റെ ഏറ്റവും ഉച്ചാവസ്ഥയിലാണ് അവിടെ പ്രകടമായത്. അടിവേരോളം ചെല്ലുന്ന പരസ്പര വ്യത്യാസങ്ങളുള്ള വിഭിന്ന വംശങ്ങളും സംസ്‌കാരങ്ങളും ഒരു സമ്പൂര്‍ണ്ണ ഏകീകൃതശക്തിയായി മാറുക എന്തുമാത്രം ദുസാധ്യമാണെന്നും ജര്‍മ്മനി കാണിച്ചുതന്നിട്ടുണ്ട്; ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനും ഉപയോഗപ്പെടുത്താനുമുള്ള നല്ലൊരു പാഠമാണിത്.”(1) ഇന്‍ഡ്യന്‍ ഹിന്ദുക്കളെ ജര്‍മന്‍ നാസികളുടെ മാതൃകയില്‍ ‘സംസ്‌കാരാഭിമാനികളും ദേശാഭിമാനികളുമാക്കി’ മാറ്റാനുള്ള ഗോള്‍വാള്‍ക്കര്‍ അജണ്ടയുടെ പ്രായോഗിക പരിശീലനക്കളരിയാണ് രാജ്യത്തെ ഓരോ ആര്‍. എസ്. എസ് ശാഖയും. ഫാഷിസത്തിനെതിരായ സമരം, ഇന്‍ഡ്യയില്‍ അനിവാര്യമായും ആര്‍. എസ്. എസിന്റെ സാംസ്‌കാരിക അസഹിഷ്ണുതകള്‍ക്കെതിരിലുള്ള ചിന്താകലാപമായിരിക്കണമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സാംസ്്കാരിക വിചാരധാര, ഹിന്ദുക്കളില്‍നിന്ന് കണിശമായ അംഗത്വനിബന്ധനകളോടെ ചിലരെ മാത്രം തെരഞ്ഞെടുത്ത് വിഷലിപ്തമായ മനസ്സിന്റെ കാര്യത്തില്‍ അത്ഭുതാവഹമായ ഏകശിലാത്മകതയുള്ള ഒരു കേഡര്‍ സംവിധാനത്തെ വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. സംഘത്തിന് പുറത്തുള്ള ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത രഹസ്യ ഗൂഢാലോചനാ കേന്ദ്രമാണത്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് വേഗം കൂട്ടാനുള്ള പദ്ധതികള്‍ ചുട്ടെടുക്കപ്പെടുന്നത് തീരെ സുതാര്യമല്ലാത്ത ആര്‍. എസ്. എസ് അടുക്കളയിലാണെന്നു പറയാം. സംഘത്തെ ജനകീയസ്വഭാവമുള്ള ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ അതിന്റെ സ്ഥാപകര്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഫാഷിസ്റ്റ് ധൈഷണിക മേല്‍തട്ടില്‍ ആസൂത്രണം ചെയ്യപ്പെടുന്ന കാല്‍വെപ്പുകള്‍ക്ക് അച്ചടക്കത്തോടെ പരിസരമൊരുക്കുന്ന കേഡര്‍ സംവിധാനമായിട്ടുതന്നെയാണ് അവര്‍ ആര്‍. എസ്. എസിനെ വിഭാവനം ചെയ്തിട്ടുള്ളതും വളര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതും. എന്നാല്‍ സംഘത്തിന്റെ കേഡര്‍ വൃത്തത്തിന് പുറത്തുള്ള ബഹുഭൂരിപക്ഷം വരുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തിക മാനങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത, സാധാരണ ഹിന്ദുക്കളെ ആര്‍. എസ്. എസ് ബുദ്ധിജീവികള്‍ അവഗണിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല. ഹിന്ദുക്കളെ അടിസ്ഥാനതലത്തില്‍ വര്‍ഗീയവല്‍കരിക്കുകയും മുസ്്‌ലിം വിരുദ്ധമായ ഒരാള്‍ക്കൂട്ട മനശാസ്ത്രം അവരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍, അയഞ്ഞ സംഘടനാഘടനയും ബഹുജന സ്വഭാവവുമുള്ള വിശ്വഹിന്ദുപരിഷത്തിന് ജന്മം നല്‍കിയത്. എല്ലാ ഹിന്ദുക്കളുടെയും പൊതുവേദിയാക്കി വി. എച്ച്. പിയെ മാറ്റി അതുവഴി ആര്‍. എസ്. എസിന്റെ ഉപകരണമായി മാറുന്ന ഒരു ഹിന്ദു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുകയാണ് ആര്‍. എസ്. എസ് നേതാക്കള്‍ ലക്ഷ്യമാക്കിയത്. ഹിന്ദു സന്യാസിമാരെയും പണ്ഡിതന്‍മാരെയും നേതൃസ്ഥാനത്തിരുത്തി, മതഭക്തിയുള്ള ഹിന്ദുക്കളുടെ മുഴുവന്‍ സ്വാഭാവിക കൂട്ടായ്മയാണ് വി. എച്ച്. പി എന്ന് വരുത്തിത്തീര്‍ക്കുയയാണ് സംഘം ചെയ്തത്. ആര്‍. എസ്. എസിന്റെ ചരടുവലികള്‍ക്കനുസരിച്ച് ഹിന്ദു ആള്‍ക്കൂട്ടത്തിനുമുന്നില്‍ മതഭക്തിയുടെ മുഖംമൂടിയണിഞ്ഞു തുള്ളിയ പാവകളായിരുന്നു എല്ലാ കാലത്തും വി. എച്ച്. പി നേതാക്കള്‍. 1964ല്‍ ആര്‍. എസ്. എസ് പ്രതിനിധി എന്ന നിലയില്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ സൈദ്ധാന്തികാചാര്യന്‍ എം. എസ്. ഗോള്‍വാള്‍ക്കര്‍ ബോംബെയിലെ ഒരു കൂട്ടം സന്യാസിമാരുമായും ഹിന്ദു പ്രാദേശിക സംഘടനാ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയാണ് വി. എച്ച്. പിയുടെ ജന്മത്തിന് നിമിത്തമായത്.(2) ആര്‍. എസ്. എസിന്് ഇഷ്ടമുള്ളപ്പോള്‍ ഇളക്കിവിടാന്‍ കഴിയുന്ന, എന്നാല്‍ ആര്‍. എസ്. എസ് അംഗങ്ങളല്ലാത്ത, സാധാരണ ഹിന്ദുക്കളുടെ എണ്ണം ഇന്‍ഡ്യയില്‍ വര്‍ദ്ധിച്ചു എന്നതായിരുന്നു വി. എച്ച്. പി രൂപീകരണം സാംസ്‌കാരിക ഷോവിനിസ്റ്റുകള്‍ക്കുണ്ടാക്കികൊടുത്ത രാഷ്ട്രീയ നേട്ടം. ബാബരി മസ്ജിദ് ധ്വംസനത്തില്‍ കലാശിച്ച രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി സംഭാവന ചെയ്തത് വി. എച്ച്. പി ആയിരുന്നുവെന്ന വസ്തുതയില്‍നിന്നുതന്നെ, സംഘടന കൃത്യമായ ഒരു ഫാഷിസ്റ്റ് അജണ്ടയാണെന്ന് വ്യക്തമാകുന്നുണ്ട്.

ഭാരതീയ സംസ്‌കാരത്തിന്റെ ദ്വാരപാലകരായാണ് ആര്‍. എസ്. എസുകാര്‍ ഇന്‍ഡ്യന്‍ ജനതയ്ക്കുമുന്നില്‍ നിലയുറപ്പിക്കുന്നത്. വി. എച്ച്. പിയാകട്ടെ, ആവശ്യം വരുമ്പോള്‍ ദ്വാരപാലകരുടെ ഉത്തരവുകള്‍ നടപ്പാക്കുന്ന ആള്‍കൂട്ടമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ കലാപങ്ങളിലും മറ്റും ഒളിഞ്ഞുപങ്കെടുക്കുകയാണ് ആര്‍. എസ്. എസ് ചെയ്യുന്നതെങ്കില്‍, അവരുടെ നിര്‍ദേശപ്രകാരം പരസ്യമായി തെരുവില്‍ അഴിഞ്ഞാടുകയാണ് വി. എച്ച്. പിക്കാരുടെ ദൗത്യം. സംഘടനാ ബാഡ്ജ് ഊരിമാറ്റാതെ തന്നെയുള്ള ഈ അഴിഞ്ഞാട്ടം ഇന്‍ഡ്യന്‍ ഫാഷിസം വികസിപ്പിച്ചെടുത്ത പുതിയൊരു സ്ട്രാറ്റജിയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഭദ്രതയില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്ന് സംഘികള്‍ വിശ്വസിക്കുന്ന പ്രവണതകളുണ്ടാകുമ്പോള്‍ അവിടെച്ചെന്ന് കായികമായി ഇടപെട്ട് സംസ്‌കാര സംരക്ഷകരെന്ന ‘സല്‍പേര്’ ഹിന്ദുക്കള്‍ക്കിടയില്‍ സമ്പാദിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കുള്ള വോട്ടായി മാറുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന് ഭീഷണിയാണ് മുസ്്‌ലിംകളെന്നും അവരെ നിഷ്‌കാസനം ചെയ്യാത്ത ഭരണകര്‍ത്താക്കള്‍ ഇന്‍ഡ്യക്കപമാനമാണെന്നും ഭരണകര്‍ത്താക്കളുടെ അപഹാസ്യമായ നിഷ്‌ക്രിയതയുടെ മുഖത്തേക്ക് നീട്ടിത്തുപ്പുകയാണ് വര്‍ഗീയകലാപങ്ങള്‍ സംഘടിപ്പിക്കുന്നതുവഴി ദേശാഭിമാനികളായ തങ്ങള്‍ ചെയ്യുന്നതെന്നും വി. എച്ച്. പിക്കാര്‍ സ്ഥാപിച്ചെടുക്കുമ്പോള്‍ ഗുണ്ടായിസത്തിന് വീരപരിവേഷം ലഭിക്കുന്നു. ‘സംസ്‌കാര സംരക്ഷണ’ തെരുവു ഗുണ്ടായിസത്തിന് ഹിന്ദു ആണ്‍കുട്ടികളെ കായികമായി പരിശീലിപ്പിക്കുന്നതിനാണ് വി. എച്ച്. പി ബജ്‌റംഗ് ദള്‍ എന്ന ഉപവിഭാഗം രൂപീകരിച്ചത്. ബംഗാളില്‍ പുരുഷന്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ വാഹിനിയും യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗാ വാഹിനിയും  ബജ്‌റംഗ് ദളിന്റെ പേരുമാറ്റങ്ങള്‍ മാത്രമാണ്്്. അയോധ്യയില്‍ പൊലീസും പട്ടാളവും കോടതിയും ഗവണ്‍മെന്റുമുള്ള ഒരു ജനാധിപത്യരാജ്യത്ത് നിയമം പച്ചയ്ക്ക് കയ്യിലെടുത്ത് 1992 ഡിസംബര്‍ ആറിന്  ബബരി മസ്ജിദ് തല്ലിപ്പൊളിച്ച ‘കര്‍സേവകര്‍’ പ്രധാനമായും  ബജ്‌റംഗ് ദളിന്റെ ‘പടയാളികള്‍’ തന്നെയായിരുന്നു.(3) നിയമം കയ്യിലെടുത്തുള്ള ഫാഷിസ്റ്റ് പൊലീസിംഗിന്റെ ഇന്‍ഡ്യാ ചരിത്രത്തിലെ ഏറ്റവും പ്രകടമായ ഒരു സന്ദര്‍ഭമായി ബാബരി ധ്വംസനം അടയാളപ്പെടും. അതുവഴി ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്ന് ഷോവിനിസ്റ്റുകള്‍ വിശ്വസിക്കുന്ന ജനപിന്തുണ പിന്നീടുള്ള ബജ്‌റംഗ് ദള്‍ ആക്റ്റിവിസത്തിന്റെ ദിശയും സ്വഭാവവും ആഴത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്.

നിയമവാഴചയാണ് ഏതു രാജ്യത്തിന്റെയും ശാന്തിക്കും പുരോഗതിക്കും അടിയാധാരമാകേണ്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ല. സംസ്‌കാരഭ്രാന്ത് ബാധിച്ച് നിയമം കയ്യിലെടുത്ത് മുടിയഴിച്ച് തുള്ളുന്ന സംഘികള്‍, അതുകൊണ്ടുതന്നെ, ജനാധിപത്യ ഇന്‍ഡ്യ നേരിടുന്ന ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലൊന്നാണ്. സമാന്തര ഭരണകൂടങ്ങളെപ്പോലെ ഓരോ പ്രദേശത്തും കള്‍ച്ചറല്‍ പൊലീസിംഗിന്റെ വികൃതരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍.എസ്.എസ്-വി.എച്ച്.പി-ബജ്‌റംഗ് ദള്‍ കൂട്ടുകെട്ടാണ് പിന്നീട് എല്ലാ ഹിന്ദുവര്‍ഗീയ കൂട്ടായ്മകള്‍ക്കും പ്രവര്‍ത്തനമാതൃകയായിത്തീര്‍ന്നത്. ദാദായിസവും ക്രിമിനല്‍ അധോലോകവും സ്വാസ്ഥ്യം കെടുത്തിയിരുന്ന ബോംബെ മഹാനഗരത്തിന്റെ മണ്ണിലേക്ക് വര്‍ഗീയ, പ്രാദേശികവാദ ഗുണ്ടായിസത്തെ ആക്ഷന്‍ പ്ലാനാക്കി സ്വീകരിച്ചുകൊണ്ടാണ് 1966ല്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍(4) ശിവസേന കടന്നുവന്നത്. ബോംബെയില്‍ ഹിന്ദു-മറാത്തി സംസ്‌കാരത്തിന് അനഭിമിതമായ ഒന്നും സംഭവിക്കുകയില്ലെന്ന് കായികമായി ഉറപ്പുവരുത്തുകയാണ് ശിവസേനയുടെ ലക്ഷ്യമെന്ന് അതിന്റെ നേതാക്കള്‍ പരസ്യമായി തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. തൊള്ളായിരത്തി എണ്‍പതുകളുടെ പകുതിയോടെ, ‘സാംസ്‌കാരിക ഭിന്നത’യുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണം ശിവസേന ഊര്‍ജിതമാക്കി.  ‘ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹായ്’(5) (‘നാം ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുക’) എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ താക്കറെയുടെ അനുയായികള്‍ ‘അഭിമാനം’ ‘ധീരത’യ്ക്കും ‘പോരാട്ട’ത്തിനും പ്രചോദനമാകണമെന്ന് ബോംബെ ഹിന്ദുക്കളെ പേര്‍ത്തും പേര്‍ത്തും പഠിപ്പിച്ചു. ശിവസേനാ പൊതുയോഗങ്ങളില്‍ താക്കറെ നടത്തിയ വിക്ഷുബ്ധവും വിഷലിപ്തവുമായ പ്രഭാഷണങ്ങള്‍, നിയമം കയ്യിലെടുക്കാനുള്ള പച്ചയായ ആഹ്വാനങ്ങളുള്‍കൊള്ളുന്നവയായിരുന്നു. 1984 ഏപ്രില്‍ മാസം പ്രസിദ്ധമായ ഛൗപാത്തി ബീച്ചില്‍ വെച്ചുനടത്തിയ പ്രസംഗത്തില്‍ മുസ്‌ലിംകള്‍ ഈ ‘രാജ്യത്തെ ബാധിച്ചിരിക്കുന്ന കേന്‍സര്‍’ ആണെന്ന് പ്രസ്താവിച്ച അദ്ദേഹം, ‘ഓ ഹിന്ദുക്കളേ, നിങ്ങളുടെ കയ്യില്‍ ആയുധമെടുക്കുക; ഈ കേന്‍സറിനെ അതിന്റെ അടിവേരുകളോടെ തന്നെ നീക്കം ചെയ്യുക’ എന്ന ആഹ്വാനം മുഴക്കി.(6) എണ്‍പതുകളിലും തൊണ്ണൂറുകളിലും താക്കറെ നിരന്തരമായി ആവര്‍ത്തിച്ച മുസ്‌ലിം വിരുദ്ധ വിഷവാക്കുകളുടെ ഒരു സാംപിള്‍ മാത്രമാണ് ചൗപ്പാത്തി ബീച്ചില്‍ നിന്നു കേട്ട പരാമൃഷ്ട പരാമര്‍ശങ്ങള്‍. നിയമലംഘനത്തെ ഹിന്ദുആത്മാഭിമാനത്തിന്റെ പ്രകാശനമായി പ്രസംഗങ്ങളില്‍ അവതരിപ്പിച്ച താക്കറെ, ബാബരി ധ്വംസനത്തെ നിയമം കയ്യിലെടുക്കാനും ആയുധമെടുക്കാനുമുള്ള തീരുമാനത്തിന്റെ ഗംഭീര വിജയമായി വിളംബരം ചെയ്യുകയും പ്രസ്തുത വിജയത്തെ ആഘോഷിക്കാന്‍ ശിവസേനാ പ്രവര്‍ത്തകരോടാവശ്യപ്പെടുകയും ചെയ്തു. 1992 ഡിസംബര്‍ മാസത്തിലും 1993 ജനുവരി മാസത്തിലും ബോംബെയുടെ വിവിധ ഭാഗങ്ങളില്‍ ബാബരിപ്പള്ളിയുടെ തകര്‍ച്ച ആഘോഷിക്കാന്‍ ശിവസേന സംഘടിപ്പിച്ച ‘മഹാ ആരതി’ എന്ന പേരിലുള്ള കൂട്ടുപ്രാര്‍ഥനകള്‍, ഭരണകൂടത്തെ മറികടന്ന് ആയുധപ്രയോഗങ്ങള്‍ നടത്താനുള്ള ശേഷിയുടെയും ശക്തിയുടെയും പ്രതീകാത്മക പ്രഖ്യാപനങ്ങളായിരുന്നു.(7) 1993 ജനുവരി രണ്ടാം വാരത്തില്‍ ബോംബെയുടെ ബഹുസ്വര മതേതര മനസ്സാക്ഷിയെ മരവിപ്പിച്ച് തകര്‍ത്താടിയ ബീഭത്സമായ മുസ്‌ലിം വിരുദ്ധ വംശീയ കലാപത്തിന്റെ കൊടിയും പടയും മഹാ ആരതികള്‍ കഴിഞ്ഞ് പുറത്തുവന്ന ശിവസൈനികര്‍ തന്നെയായിരുന്നു.(8) പൊലീസിംഗിനെ പരസ്യമായി സിദ്ധാന്തവല്‍കരിക്കുകയും ആദര്‍ശവല്‍കരിക്കുകയും ചെയ്ത് ബോംബെയ്ക്ക് തീ കൊടുത്ത താക്കറെ, ഇന്‍ഡ്യന്‍ ഫാഷിസം അടയിരുന്ന് വിരിയിച്ച സാംസ്‌കാരിക റൗഡിയിസത്തിന്റെ ഒരു കാലഘട്ടത്തിലെ ഇതിഹാസ നായകനായിരുന്നുവെന്ന് നിസ്സംശയം പറയാം.

ഇന്ന്, ഫാഷിസത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ കേന്ദ്രസ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്ന മോറല്‍ പൊലീസിംഗ് എന്ന പ്രതിഭാസം തളിര്‍ത്തുവന്നത്, വര്‍ഗീയ ഹിന്ദുത്വത്തിന്റെ മുകളില്‍ വിശദീകരിച്ച ചരിത്രത്തിന്റെ ഒരു ശിഖിരമായിക്കൊണ്ട് തന്നെയാണ്. ഇസ്‌ലാമിന്റെ സാംസ്‌കാരിക ‘ഭീഷണി’യില്‍ നിന്നെന്നപോലെ പടിഞ്ഞാറിന്റെ സാംസ്‌കാരികാധിനിവേശത്തില്‍ നിന്നും ‘ഭാരതീയനെ’സംരക്ഷിക്കേണ്ടത് കര്‍ത്തവ്യമായി തങ്ങള്‍ കരുതുന്നുവെന്നാണ് ഫാഷിസ്റ്റുകള്‍ പൊതുസമൂഹത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിസങ്കുചിതമായ പ്രാദേശിക സംസ്‌കാരിക വാദത്തിന്റെ നോട്ടപ്പാടിലൂടെ സാമൂഹിക പ്രവണതകളെ വിശകലനം ചെയ്യുന്ന ഫാഷിസ്റ്റ് നയവൈകല്യമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ആഗോളവല്‍കരണം ശക്തിപ്പെട്ടതിനുശേഷമുള്ള പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ വ്യാപനത്തിനെതിരെ, വിശേഷിച്ചും സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ അത് നടത്തിക്കൊണ്ടിരിക്കുന്ന അഴിച്ചുപണികള്‍ക്കെതിരില്‍, ഷോവിനിസ്റ്റുകള്‍ സദാചാര വാളോങ്ങുന്നത് ഇപ്പോള്‍ പതിവായിത്തീര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍, ഇത് സൂക്ഷ്മ വിശകലനമര്‍ഹിക്കുന്ന ഒരു പ്രശ്‌നമാണ്. പടിഞ്ഞാറിന്റേതെന്ന് പറയുന്ന സ്ത്രീസൗന്ദര്യപ്രദര്‍ശനത്തിന് തുറന്ന അനുവാദം നല്‍കുന്ന ലൈംഗിക വീക്ഷണത്തോട് ദാര്‍ശനികമായി വിയോജിപ്പുള്ളവരാണ് സംഘ് പരിവാരം എന്ന് കരുതാന്‍ അവരുടെ ചരിത്രം നമ്മെ അനുവദിക്കുന്നില്ല. പെണ്‍ശരീരപ്രദര്‍ശനത്തിന്റെ സാധ്യതകള്‍ മുതലാളിത്ത മാതൃകയില്‍ ആവോളം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്‍ഡ്യയില്‍ ഫാഷിസം അതിന്റെ ജനകീയാടിത്തറകള്‍ വികസിപ്പിച്ചതുതന്നെ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വീഡിയോ കാസറ്റുകള്‍ വഴിയാണ് വി.എച്ച്.പി രാമജന്മഭൂമി പ്രസ്ഥാനത്തിലേക്ക് ഹിന്ദുബഹുജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിച്ചത്. ഹിന്ദി സിനിമാഗാനങ്ങളുടെ പാരഡികള്‍ നിര്‍മിച്ച് ശ്രീരാമജീവിതം സംഗീത-നൃത്തമയമാക്കിയ ഇത്തരം ചലച്ചിത്രങ്ങളില്‍, സീതയുടെ വേഷമിട്ട കഥാപാത്രങ്ങള്‍ ബോളിവുഡിനെ വെല്ലുന്നതരം മദാലസച്ചുവടുകള്‍ വെക്കുന്ന രംഗങ്ങള്‍ പോലുമുണ്ടായിരുന്നു.(9) ആധുനിക കമ്പോളമുതലാളിത്തത്തിന്റെ ലൈംഗിക കാഴ്ചപ്പാടിനെ ആശയപരമായി പ്രശ്‌നവല്‍കരിക്കുകയല്ല, മറിച്ച് ഭാരതീയ സംസ്‌കാരത്തിന്റെ സംരക്ഷകരെന്ന പ്രതിഛായ നേടിയെടുക്കുകയും പ്രസ്തുത പ്രതിഛായ ഹിന്ദുസമൂഹത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നുവരാന്‍ വേണ്ടി ഉപയോഗിക്കുകയും സാസ്‌കാരിക ഷോവിനിസത്തിന്റെ പാഠങ്ങള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്കും പകര്‍ന്നുനല്‍കി അവരെ മുസ്‌ലിം വിരുദ്ധരാക്കിത്തീര്‍ക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തുകയുമാണ് ഇവ്വിഷയകമായ സംഘ് പദ്ധതിയെന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ആധുനിക ഇന്‍ഡ്യയില്‍ ഏത് രക്ഷിതാവിനുമുള്ള ഭാവിതലമുറയുടെ ലൈംഗിക വിശുദ്ധിയെ സംബന്ധിച്ച ഭീതി ചൂഷണം ചെയ്ത് സദാചാര പോലീസ് ചമയുന്ന പരിവാര്‍ സംഘടനകള്‍, അവര്‍ക്കിടയിലേക്ക് പടിഞ്ഞാറന്‍ വിരുദ്ധതയുടെ പാലംകെട്ടി അതിലൂടെ സാസ്‌കാരിക വിശുദ്ധിയുടെ ഗോള്‍വാള്‍ക്കര്‍ ആശയങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും അന്തിമമായി അവരെ മുസ്‌ലിം വിരുദ്ധര്‍ കൂടി ആക്കിത്തീര്‍ക്കുകയുമാണ് ചെയ്യുകയെന്ന കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. വര്‍ഗീയതയുടെ വിഷബീജങ്ങളെ നേരിട്ടേറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ബഹുപരിപക്ഷം വരുന്ന നല്ലവരായ ഹിന്ദുക്കളെ വളഞ്ഞ വഴിയില്‍ വല വീശിപ്പിടിക്കാനുള്ള തന്ത്രമാണിത്. ഹിന്ദു സദാചാരപോലീസിംഗിന്റെ ആദ്യത്തെ മൂര്‍ത്തരൂപങ്ങള്‍ പ്രകടിപ്പിച്ച ശിവസേനയുടെ ചരിത്രം തന്നെ ഉദാഹരണമായെടുക്കുക. അത്, മുതലാളിത്ത ലൈംഗിക വീക്ഷണങ്ങള്‍ ഇന്‍ഡ്യയില്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ബോളിവുഡിന്റെ അണിയറ രഹസ്യങ്ങളുമായി അങ്ങേയറ്റം കെട്ടുപിണഞ്ഞാണ് കിടക്കുന്നത് എന്ന വസ്തുത ആര്‍ക്കാണറിയാത്തത്? 1998ല്‍ ദീപാ മേത്ത നിര്‍മിച്ച ‘ഫയര്‍’ എന്ന ചലച്ചിത്രം സദാചാര വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചുകൊണ്ടാണ്, ശിവസേന ഒരുപക്ഷെ ധാര്‍മികതയുടെ വടി ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ കയ്യിലെടുത്തത്. ബോളിവുഡ് ഉല്‍പാദിപ്പിച്ച അനേകം മസാലപ്പടങ്ങള്‍ കണ്ടാസ്വദിച്ച് കയ്യടിച്ച സൈനികുമാര്‍ തന്നെ, ഫയറിനെതിരെ ധാര്‍മികരോഷം പൂണ്ടു. ശിവസേനയുടെ വനിതാവിഭാഗമായ ‘മഹിളാ അഗാധി’ സിനിമ പ്രദര്‍ശിപ്പിച്ച സിനിമാശാലകള്‍ തച്ചുതകര്‍ത്ത് ഭാരതീയ സംസ്‌കാരത്തിന്റെ ‘ഭാവശുദ്ധി’ കാക്കുന്ന ‘ആര്‍ഷ വനിതാ രത്‌നങ്ങള്‍’ ആയി മാറി. സംഘ് പരിവാരം സദാചാരത്തിന്റെ ഉടുപ്പണിയുന്നത് എന്തിനാണ് എന്ന് കൃത്യമായി വെളിപ്പെടുത്തുന്നുവെന്നതാണ് ഫയര്‍ വിവാദത്തിന്റെ ഏറ്റവും വലിയ സാമൂഹ്യശാസ്ത്രപ്രസക്തി എന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകന്‍. സദാചാരവിരുദ്ധതക്കെതിരായ സംസാരങ്ങളുടെ മറവില്‍ മുസ്‌ലിം വിരുദ്ധ പൊതുബോധം നിര്‍മ്മിച്ചെടുക്കുവാനുള്ള അവസരം, നായിക മുസ്‌ലിം പേരുള്ള ശബാനാ ആസ്മി ആയിരുന്നതുകൊണ്ടുതന്നെ, സിനിമ താക്കറെക്കു വെച്ചുനീട്ടിയിരുന്നു എന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരഭിനേത്രിയിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ധാര്‍മിക വിരുദ്ധമായ ആശയങ്ങള്‍, മുസ്‌ലിംകള്‍ ഭാരതീയ സംസ്‌കാരത്തിനു ഭീഷണിയാണെന്ന ശിവസേനാ പ്രചരണത്തിനുള്ള സാധൂകരണമായി ഉപയോഗിക്കുകയായിരുന്നു താക്കറെ. 1998 ഡിസംബര്‍ 21ന് ഇന്‍ഡ്യാ റ്റുഡെക്ക് അനുവദിച്ച അഭിമുഖത്തില്‍ സിനിമക്കെതിരായ തങ്ങളുടെ നിലപാട് വിശദീകരിച്ചുകൊണ്ട് താക്കറെ പറഞ്ഞത്, ”ഈ സിനിമ ഓടാന്‍ അവര്‍ അനുവദിക്കുകയാണെങ്കില്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും ഞാന്‍ ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവരും; പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളെയും. ബംഗ്ലാദേശ് സര്‍ക്കാറിനോട് കൂടുതല്‍ കൂടുതല്‍ മുസ്‌ലിംകളെ ഇങ്ങോട്ടയക്കാന്‍ ഞാന്‍ പറയും” എന്നായിരുന്നു.(10) പടിഞ്ഞാറിന്റെ സാംസ്‌കാരികാധിനിവേശത്തിനെതിരെയെന്ന പേരില്‍ ഉയര്‍ത്തപ്പെടുന്ന സാസ്‌കാരിക വിശുദ്ധിയുടെ ഫാഷിസ്റ്റ് പ്ലക്കാര്‍ഡ് എത്ര ലളിതമായാണ് മുസ്‌ലിം വിരോധത്തിന്റെ വര്‍ഗീയാക്ഷരങ്ങള്‍ക്ക് ഇടം കൊടുക്കുക എന്ന് താക്കറെയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഫാഷിസ്റ്റുകളുടെ സദാചാരരോഷത്തിന്റെ കയ്യൂക്ക്  മിക്കപ്പോഴും മുസ്‌ലിം സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും മേല്‍ മാത്രം പതിക്കുന്നത്, അവര്‍ക്കുള്ളില്‍ പതയുന്നത് പടിഞ്ഞാറുവിരുദ്ധതയ്ക്ക് പകരം മുസ്‌ലിം വിരുദ്ധതയാണെന്നതുകൊണ്ടാണ്.

ലൈംഗികാരാജകത്വം ഭാരതീയ ഹിന്ദു സംസ്‌കാരത്തിനന്യമാണെന്ന സംഘ് പരിവാര്‍ അവകാശവാദം യഥാര്‍ഥത്തില്‍ പാടേ ദുര്‍ബലമാണ്. വഴിവിട്ട കാമലീലകള്‍ക്ക് ഇടം ലഭിക്കുന്ന എമ്പാടും തണലുകള്‍ ഭാരതീയ ദാര്‍ശനികതയുടെ ഉള്‍പിരിവുകളിലുണ്ട്. വികൃതവും ആഭാസകരവുമായ ലൈംഗികാതിപ്രസരം പ്രചരിപ്പിച്ച് ജനങ്ങളെ അപമാനവീകരണത്തിലേക്ക് നയിക്കുന്ന ഹിന്ദുദര്‍ശനങ്ങളും ആചാരങ്ങളും ഗ്രന്ഥങ്ങളും വിരളമല്ല. ലൈംഗികാനന്ദമൂര്‍ച്ഛയെ ബ്രഹ്മസാക്ഷാല്‍ക്കാരമായി തെറ്റുധരിച്ച താന്ത്രികപാരമ്പര്യം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. CE ഒന്നാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ താന്ത്രിക ഹിന്ദുമതത്തിന്റെ ബീജാവാപം നടക്കുന്നതെന്നാണ് ചരിത്രപണ്ഡിതന്‍മാരുടെ അഭിപ്രായം. അനേകം പരിണാമദശകങ്ങളും വികാസഘട്ടങ്ങളും പിന്നിട്ട് ഏഴ്-എട്ട് നൂറ്റാണ്ടുകളായപ്പോഴേക്കും താന്ത്രിക ആത്മീയധാര മൂര്‍ത്തരൂപം പ്രാപിക്കുന്നുണ്ട്. സന്യാസത്തിന്റെ പൊതുവായ മുഖമുദ്രയായിരുന്ന പരിത്യാഗത്തെ പരിഹസിക്കുകയും ത്യാഗമല്ല, ഭോഗമാണ് ദൈവസാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗമെന്ന് സിദ്ധാന്തിക്കുകയും ചെയ്ത താന്ത്രിക മഹര്‍ഷിമാര്‍ ലഹരി ഉപഭോഗവും രതിവൈകൃതങ്ങളും മതപരമായ വിശുദ്ധകര്‍മ്മങ്ങളെന്ന നിലയില്‍ തന്നെ അനുഷ്ഠിച്ചുപോന്നു. ഇവയെല്ലാം അവരുടെ വീക്ഷണത്തില്‍ സ്വയം ദൈവമായി മാറാനുള്ള മാര്‍ഗങ്ങളായിരുന്നു. സംസ്‌കൃതത്തില്‍ ‘മ’കാരം കൊണ്ടുതുടങ്ങുന്ന അഞ്ച് പദങ്ങളാണ് താന്ത്രിക ഹിന്ദുമതത്തിന്റെ അനിവാര്യഘടകങ്ങളെന്നാണ് താന്ത്രിക ഗ്രന്ഥങ്ങളും പുരാണങ്ങളും വ്യക്തമാക്കുന്നത്; മദ്യ, മാംസ, മത്സ്യ, മുദ്ര, മൈഥുന എന്നിവയാണവ. മദ്യവും മൈഥുനവും താന്ത്രിക അനുഷ്ഠാനമുറകളുടെ ആധാരങ്ങളാണെന്നര്‍ത്ഥം.(11)താന്ത്രിക സന്യാസിമാര്‍ അനുഷ്ഠിച്ചുവരുന്ന മതകര്‍മങ്ങളുടെ ആകെത്തുകയും അന്തര്‍ധാരയും ‘സംഘരതി’ ആണ്. നഗ്നരും അര്‍ധനഗ്നരുമായ സ്ത്രീപുരുഷന്മാര്‍ കൂട്ടമായി നടത്തുന്ന ലൈംഗികബന്ധമാണ് സംഘരതി കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. താന്ത്രിക സന്യാസിമാരുടെ വീക്ഷണത്തില്‍ ദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട രൂപമാണ് സംഘരതി. താന്ത്രികമതക്കാരുടെ ആരാധനാരീതികളുടെ വിശദാംശങ്ങള്‍ മഹര്‍ഷി ദയാനന്ദസരസ്വതി രേഖപ്പെടുത്തിയിട്ടുണ്ട്. പരിപൂര്‍ണ നഗ്നയാക്കി നിര്‍ത്തിയ ഒരു സ്ത്രീയുടെയോ പുരുഷന്റെയോ ജനനേന്ദ്രിയത്തില്‍ മറ്റുള്ളവര്‍ ‘നമസ്‌കരിക്കുകയും മദ്യം ഒഴിക്കുകയും’ ശേഷം മദ്യലഹരിയില്‍ ഏല്ലാവരും കൂടി ‘ബന്ധങ്ങളുടെ പരിശുദ്ധിയൊന്നും നോക്കാതെ വെറും കാമത്തിന്റെയടിസ്ഥാനത്തില്‍’ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് വഴിയാണ് ‘ആരാധന’ പുരോഗമിക്കുന്നത് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.(12) മറ്റുചില താന്ത്രികാചാര്യന്മാര്‍, ”കുടിച്ചുലക്കുകെട്ട ശേഷം (അവിടെയുള്ള സ്ത്രീകളുടെ) മുലക്കച്ചകള്‍ ഒരു മണ്‍കുടത്തിലിട്ട് ഇളക്കിമറിക്കും. എന്നിട്ട് ഓരോ പുരുഷനും കയ്യിട്ട് ഓരോ മുലക്കച്ചയെടുക്കും. അയാള്‍ എടുക്കുന്ന മുലക്കച്ച ആരുടേതാണോ-അവള്‍ അമ്മയോ, സഹോദരിയോ, മകളോ, പുത്രഭാര്യയോ ആരായിരുന്നാലും-അവളുമായി ബന്ധപ്പെടുന്നു.”(13)

താന്ത്രികമതം മാത്രമല്ല, വിശുദ്ധമെന്ന് വ്യവഹരിക്കപ്പെടുന്ന ‘മുഖ്യധാരാ’ ഹൈന്ദവതയുടെ ഉള്ളടക്കവും അനിയന്ത്രിതമായ ലൈംഗികതയെ ദര്‍ശനവല്‍ക്കരിക്കുന്നുണ്ട്. സവര്‍ണമേലാളന്മാരുടെ ലൈംഗികാവശ്യങ്ങള്‍ മുടക്കം കൂടാതെ നിര്‍വഹിച്ചുകൊടുക്കുന്നതിന് വേണ്ടി ഭാരതത്തിലെ ഹിന്ദുക്ഷേത്രങ്ങളിലേക്ക് ദേവദാസികള്‍ എന്ന പേരില്‍ അസംഖ്യം ശൂദ്ര സ്ത്രീകള്‍ നേര്‍ച്ചയാക്കിപ്പെട്ടിരുന്നുവെന്ന വസ്തുത അതാണല്ലോ വ്യക്തമാക്കുന്നത്. മഹാഭാരത/രാമായണ കഥകളിലും പുരാണങ്ങളിലുമെല്ലാം പുരുഷ’കേസരി’കള്‍ക്കും നിയമാനുസൃത ഭാര്യമാര്‍ക്കുമൊപ്പം യൗവ്വനം നിറഞ്ഞുചിന്തുന്ന ദേവദാസി സ്ത്രീകള്‍കൂടി സജീവ സാന്നിധ്യമായി കടന്നുവരുന്നുണ്ട്. നമ്മുടെ കേരളവും മധ്യകാലഘട്ടത്തില്‍ ദേവദാസീ സമ്പ്രദായത്തിന്റെ ഭീകരതക്ക് വളരെ വലിയ അളവില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമ്മുടെ മണിപ്രവാള സാഹിത്യത്തിന്റെ ഏറിയ കൂറും ദേവദാസീ വര്‍ണനകള്‍ കൊണ്ടാണ് നിറഞ്ഞുനില്‍ക്കുന്നത്. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടി ചരിതം തുടങ്ങിയ മണിപ്രവാള കൃതികള്‍ മികച്ച ഉദാഹരണങ്ങളാണ്.(14) ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന പല ക്ഷേത്രങ്ങളുടെയും ചുവര്‍ചിത്രങ്ങളില്‍ സംഭോഗാവസ്ഥകള്‍ പോലും പച്ചയായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കൊണാര്‍ക്ക, ഖജുരാഹോ ക്ഷേത്രങ്ങളിലും തിരുവന്തപുരത്തെ ശ്രീ പദ്മാനാഭസ്വാമി ക്ഷേത്രത്തിലുമൊക്കെ ഉള്ള ലൈംഗിക ശില്‍പങ്ങള്‍ പ്രതിനിധീകരിക്കുന്ന ധാര്‍മികതയെ മൂല്യബോധമുള്ളവര്‍ക്കൊന്നും അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടുവരെ കേരളത്തിലെ നായന്മാര്‍ക്കിടയില്‍ പുലര്‍ന്നുപോന്നിരുന്ന സംബന്ധ വ്യവസ്ഥിതിയും താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന മേല്‍ജാതിക്കാരുടെ മുന്നില്‍ മാറിടം പ്രദര്‍ശിപ്പിക്കണമെന്ന നിയമവുമെല്ലാം ഇന്ത്യയുടെ ലൈംഗിക സദാചാരം പലപ്പോഴും കുത്തഴിഞ്ഞതായിരുന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

സംതൃപ്തമായ ലൈംഗികജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ‘വഴികാട്ടി’ എന്ന നിലയില്‍ പ്രാചീന ഭാരതത്തില്‍ രചിക്കപ്പെട്ട ലൈംഗിക പ്രബന്ധമാണ് ‘കാമസൂത്രം’ എന്ന പേരില്‍ പിന്നീട് ലോകപ്രശസ്തമായിത്തീര്‍ന്നത്. മല്ലനാഗവാത്സ്യായന മഹര്‍ഷിയാണ് കാമസൂത്രത്തിന്റെ കര്‍ത്താവ് എന്ന് കരുതപ്പെടുന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത് ശ്ലോകങ്ങളിലായിട്ടാണ് ഇതിലെ ‘രതിമാര്‍ഗനിര്‍ദേശങ്ങള്‍’ സംക്ഷേപിക്കപ്പെട്ടിട്ടുള്ളത്. കാമശാസ്ത്ര രചനക്കാവശ്യമായ അറിവ് വാത്സ്യായന മഹര്‍ഷി എങ്ങനെയാണ് സമാഹരിച്ചത് എന്ന ചോദ്യത്തിന് നല്‍കപ്പെടുന്ന ഉത്തരം ഇതത്രെ: ”നന്ദികേശ്വരന്‍ കാമപ്രകരണത്തിന്റെ വെളിച്ചത്തില്‍ കാമശാസ്ത്രം രചിച്ചു. പാര്‍വതീ പരമേശ്വരന്മാര്‍ ആയിരം സംവത്സരത്തോളം നിരന്തരമായി കൈലാസത്തില്‍ കാമകേളി നടത്തുമ്പോള്‍ ദ്വാരപാലകനായിരുന്ന നന്ദികേശ്വരന്‍ എല്ലാ തരത്തിലും കാമസൂത്ര രചനക്ക് പ്രത്യേകം യോഗ്യത നേടിയിരുന്നു… അതു വായിച്ചു മനസ്സിലാക്കിയ ദത്തകാചാര്യന്‍ അറിവ് പൂര്‍ണമാക്കുന്നതിന് വേണ്ടി നിരവധി വേശ്യകളെ പ്രാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പരിഭംരണത്തില്‍ പുളകം കൊണ്ട വീരസേന എന്ന വാനരനാരി ദത്തകാചാര്യനോട് പറഞ്ഞു: ‘പ്രഭോ, അങ്ങ് ഈ കലയില്‍ സമര്‍ഥന്‍ തന്നെ. വെയിലേറ്റ ഹിമകണം പോലെ ഞാന്‍ അലിഞ്ഞുപോകുന്നു. ഒന്നു ചോദിക്കട്ടെ, പുരുഷന്മാരെ അവര്‍ക്കിഷ്ടം തോന്നുന്ന തരത്തില്‍ രമിപ്പിക്കുന്നതിനുള്ള വിദ്യ എനിക്കൊന്നു പറഞ്ഞുതരുമോ?’ ദത്തകാചാര്യന്‍ ചിരിച്ചുകൊണ്ട് സമ്മതം നല്‍കി. അദ്ദേഹം വീരസേനക്ക് പറഞ്ഞുകൊടുത്തതാണ് ദത്തകന്റെ കാമശാസ്ത്രം. ചാരായണന്‍ മറ്റൊരു പുസ്തകം രചിച്ചു. കുചുമാരന്‍, സുവര്‍ണനാഭന്‍, യശോധരന്‍ തുടങ്ങിയവരും കാമകലകളെ കുറിച്ച് ഗ്രന്ഥങ്ങളെഴുതി. ഇത്തരം പുസ്തകങ്ങളെല്ലാം വായിച്ച ശേഷം സാധാരണക്കാര്‍ക്കുവേണ്ടി വാത്സ്യായന മഹര്‍ഷി വിരചിച്ചതാണ് ഇന്നറിയപ്പെടുന്ന കാമസൂത്രം.”(15)

ഇതില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ദത്തകാചാര്യന്റെ ജീവിതത്തില്‍ നിന്നുതന്നെ അദ്ദേഹമടക്കമുള്ള പല ഹൈന്ദവ പണ്ഡിതന്മാരും വേശ്യകളെ സമീപിച്ച് ‘ലൈംഗികാനന്ദം’ അനുഭവിക്കുന്നത് പാപമായി ഗണിച്ചിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്.വിവാഹപൂര്‍വ/വിവാഹബാഹ്യ ലൈംഗികതയെ അനുവദിക്കുകയും സന്മാര്‍ഗനിഷ്ഠമായ രതിജീവിതം കെട്ടിപ്പടുക്കാനാവശ്യമായ നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ പരാജയപ്പെടുകയുമാണ് കാമസൂത്രം ചെയ്തിരിക്കുന്നത് എന്ന് പുസ്തകത്തിലൂടെ ഒരാവര്‍ത്തി കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാവും. ഏതാനും പരാമര്‍ശങ്ങള്‍ നോക്കുക: ”കാമുകിയോ ഭാര്യയോ അഭിസാരികയോ ആരായാലും ക്രീഡാഗൃഹത്തില്‍ കടന്നുവന്നാല്‍ അവളെ ഉപചാരപൂര്‍വ്വം സ്വീകരിക്കണം. അവളുടെ സുഖത്തിലാണ് തനിക്ക് സന്തോഷമെന്ന് പുരുഷന്‍ തുറന്നു പറയുകയും വേണം.”(16) ”വിദ്യ, ബുദ്ധി, ധനം ശീലം, വയസ്സ് എന്നീ കാര്യങ്ങളില്‍ തുല്യരായ പുരുഷന്മാര്‍ ഇഷ്ടപ്പെട്ട വേശ്യകളെ വിളിച്ചുവരുത്തി ഗീതാ-നര്‍ത്തനാദി കലാപരിപാടികളില്‍ പങ്കെടുത്ത് രസിക്കുന്നതും സ്വീകാര്യമാണ്. മനസ്സില്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ ഇത് ഉപകരിക്കും.”(17) ”ഉദ്യാനത്തിലെത്തുന്ന വേശ്യകള്‍ സര്‍വാലങ്കാര വിഭൂഷകളായിരിക്കണം. ഉദ്യാനത്തില്‍ വെച്ച് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഒരു അഭിസാരികക്ക് സവാരി ചെയ്യാവുന്നതാണ്.”(18) ഇതിനെല്ലാം പുറമെ ‘വേശ്യാവൃത്തി’ എന്ന ഒരു പ്രത്യേക അധ്യായം തന്നെ കാമസൂത്രത്തിലുണ്ട്. അതില്‍ അഭിസാരികകള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ കാണുക: ”വേശ്യ ആടയാഭരണങ്ങളണിഞ്ഞ് പരപുരുഷ ദര്‍ശനത്തില്‍ ഉത്സുകയായി, എന്നാല്‍ ആ ഉത്സാഹം അധികം പ്രകടിപ്പിക്കാതെ പെരുമാറണം. പരപുരുഷന്മാര്‍ക്ക് അപ്രീതി വരുത്താത്ത സഹായകന്മാരെ വേശ്യ കൂട്ടിന് നിര്‍ത്തേണ്ടതാണ്… സുലഭയായവളെ തിരസ്‌കരിക്കുകയും ദുര്‍ലഭയെ കാമിക്കുകയും ചെയ്യുക പുരുഷസ്വഭാവമാകയാല്‍ വേശ്യ പുരുഷന്റെ അന്തര്‍ഗതം മനസ്സിലാക്കി അവനെ ആകര്‍ഷിക്കാന്‍ എപ്പോഴും യത്‌നിക്കേണ്ടതാണ്. ധനം കയ്യിലെത്താത്ത പുരുഷനെ നയോപായം ഉപയോഗിച്ച് അകറ്റുന്നതിനും വേശ്യക്ക് കഴിയണം… ഏകചാരിണിയായ വേശ്യ അറുപത്തിനാല് കാമലീലകളിലും തല്‍പരയായിരിക്കുകയും എങ്ങനെ ചെയ്താല്‍ പുരുഷന് ഇഷ്ടമാകുമോ അങ്ങനെ ചെയ്യാന്‍ സന്നദ്ധയുമായിരിക്കണം.”(19)

പ്രാകൃതമായ ലൈംഗികസങ്കല്‍പങ്ങളുടെ ആശയപരിസരത്തുനിന്ന് ഉയിരെടുത്ത ‘ലിംഗപൂജ’ പോലുള്ള ലൈംഗിക ദുരാചാരങ്ങള്‍ മതത്തിന്റെ ആശീര്‍വാദത്തോടു കൂടി ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നു. ശിവലിംഗത്തിന്റ മഹത്വത്തെയും അസാമാന്യമായ ആകാരത്തെയും കുറിച്ചുള്ള നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ടല്ലോ. ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന അത്യാചാരങ്ങള്‍ക്ക് ‘അശ്വമേധയാഗം’ തന്നെയാണ് ഒന്നാന്തരം ദൃഷ്ടാന്തം. ചത്തകുതിരയുമായി രാജാവിന്റെ പ്രധാനഭാര്യ(പട്ടമഹിഷി) സംയോഗത്തിലേര്‍പ്പെട്ടാല്‍ രാജാവ് നടത്തിയിട്ടുള്ള ‘ബ്രഹ്മഹത്യ’യടക്കമുള്ള മഹാപാപങ്ങള്‍ പൊറുക്കപ്പെടുമെന്ന വികൃതസങ്കല്‍പമായിരുന്നു പ്രസ്തുത ആചാരത്തിന്റെ അടിത്തറ.(20)

സംഘ്പരിവാറിന്റെ സദാചാരശാഠ്യങ്ങളടെ പ്രത്യയശാസ്ത്ര അടിത്തറ അപ്പാടെ വിണ്ടുകീറിയതാണെന്ന് ഈ വസ്തുതകളെല്ലാം സ്പഷ്ടമാക്കുന്നുണ്ട്. സാംസ്‌കാരിക ഷോവിനിസ്റ്റുകളുടെ സദാചാര കര്‍സേവകള്‍ അര്‍ഥശൂന്യവും കപടവും അതിലുപരി അപകടകരമായ ലക്ഷ്യങ്ങളോടെയുമുള്ളതാണ് എന്ന യാഥാര്‍ഥ്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തീവ്രയത്‌നങ്ങള്‍ക്ക് രൂപം നല്‍കാന്‍ മതേതരത്വം മരിക്കരുതെന്നാഗ്രഹിക്കുന്ന മുഴുവന്‍ ഇന്‍ഡ്യക്കാര്‍ക്കും പുതിയ കാലത്ത് ബാധ്യതയുണ്ട്. കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ യുവമോര്‍ച്ച നടത്തിയ അക്രമത്തെ ഫാഷിസ്റ്റ് സദാചാര പൊലീസിംഗിന്റെ ഒരു സന്ദര്‍ഭമായെടുത്തുകൊണ്ട് അതിന്നെതിരില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രബുദ്ധതയാണ്. എങ്കില്‍ പിന്നെ എന്തിനാണ് ചുംബന സമരത്തെ ഫാഷിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാത്ത ഇസ്‌ലാമിക പ്രബോധകര്‍ എതിര്‍ക്കുന്നത്? ഫാഷിസത്തിനെതിരായ സമരത്തിന്റെ വ്യാജ മേല്‍വിലാസത്തില്‍ കൃത്യമായ ഒരു സാമ്രാജ്യത്വ പദ്ധതിയുടെ ഉപകരണങ്ങളായി രംഗത്തുവന്നവരാണ് ചുംബനസമരക്കാര്‍ എന്നതാണ് അതിന്റെ കാരണം. ഇതല്‍പം വിശദീകരിക്കപ്പെടേണ്ടതുണ്ട്.

ചുംബന സമരം ആകാശത്തുനിന്ന് പൊട്ടിവീണ ഒരു സമരമല്ല. കേരളത്തിലെ മീഡിയ സമര്‍ഥമായി സജീവചര്‍ച്ചകളില്‍നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ച ഒരു കാര്യം, ചുംബനസമരം എന്ന ആശയത്തിന്റെ ഉറവിടമാണ്. ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ ഊന്നുവടിയായ ഇസ്‌ലാമോഫോബിയയുടെ കൂട്ടിക്കൊടുപ്പുകാരായ ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് ചുംബനസമരം എന്ന നിര്‍ദേശം കേരളത്തിനുമുന്നില്‍ സമര്‍പ്പിക്കപ്പെടുന്നത്. ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിരുദ്ധ മനോഭാവം പങ്കിടുകയും അതുവഴി സംഘ് പരിവാറിന് ‘വൈജ്ഞാനിക ന്യായീകരണങ്ങള്‍’ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയിട്ടുള്ള ഈ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ സംഘാടകര്‍ക്ക് ഫാഷിസത്തെയോര്‍ത്ത് രക്തം തിളക്കാനുള്ള സാധ്യത വളരെ വിരളമാണ്. പിന്നെയെന്താണ് ഇത്തരം ഒരു സമരപദ്ധതിയുമായി ഇവര്‍ രംഗത്തുവരാന്‍ കാരണം? അതു മനസ്സിലാകണമെങ്കില്‍ ഇവരുടെ ദാര്‍ശനിക പശ്ചാതലമറിയണം. ‘ഫ്രീ തിങ്കേഴ്‌സ്’, കേരളീയ യുക്തിവാദികളുടെ ഒരു സംരംഭമാണ്. അതില്‍ ചുംബനസമരം എന്ന ആശയവുമായി പ്രത്യക്ഷപ്പെട്ടതാകട്ടെ, അറിയപ്പെടുന്നൊരു യുക്തിവാദി പ്രഭാഷകനുമാണ്. യുക്തിവാദികള്‍ക്ക് ലൈംഗിക്തയുമായി ബന്ധപ്പെട്ട് ഒരു വീക്ഷണമുണ്ട്. ആ വീക്ഷണം കേരളത്തില്‍ വിപണനം ചെയ്യുകയായിരുന്നു ചുംബനസമരത്തിന്റെ ലക്ഷ്യം. ഫാഷിസത്തിനെതിരായ മുദ്രാവാക്യങ്ങള്‍, ആളെപ്പറ്റിക്കാന്‍ വേണ്ടി മാത്രമാണ് അതിന്റെ തിരുനെറ്റിയിലെഴുതിപ്പിടിപ്പിച്ചത്. ഭൗതികവാദത്തിന്റെ ലൈംഗിക ദര്‍ശനമെന്താണെന്ന് നീട്ടി വിശദീകരിക്കാതെ തന്നെ എല്ലാവര്‍ക്കുമറിയാം. ഡെസ്മണ്ട് മോറിസിനെപ്പോലുള്ളവര്‍ പാടുപെട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന, മനുഷ്യന്റെ ലൈംഗിക പ്രകൃതം മൃഗതുല്യമാണെന്ന സങ്കല്‍പമാണ് അതിന്റെ കാതല്‍. മൃഗങ്ങള്‍, വിവാഹം കഴിക്കുകയോ ലൈംഗികതക്ക് സ്വകാര്യത നിഷ്‌കര്‍ഷിക്കുകയോ ചെയ്യാറില്ല. അപ്പോള്‍ മനഷ്യനും ഇതിന്റെയൊന്നും ആവശ്യമില്ല എന്ന സങ്കല്‍ പമാണ് ഭൗതികവാദികള്‍ക്കുള്ളത്. ഇത് അവരുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്നുതന്നെ ജന്മമെടുക്കുന്ന ഒരു നിലപാടാണ്. സ്ത്രീശരീരത്തിന്റെ സൗന്ദര്യം പുരുഷനമുന്നില്‍ തുറന്നുവെക്കപ്പെടുന്നതും അന്യ സ്ത്രീയും പുരുഷനും ബോധപര്‍വം സ്പര്‍ശിക്കുന്നതും പരസ്പരം ചുംബിക്കുന്നതുമെല്ലാം ലൈംഗികമാണെന്ന് കാപട്യങ്ങള്‍ മാറ്റിവെച്ചാലോചിച്ചാല്‍ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വരും. ഇവയൊന്നും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രം നടക്കേണ്ടതല്ലെന്നും, കുടുംബം എന്ന സ്ഥാപനം, കാലഹരണപ്പെട്ടതാണെന്നുമാണ് ഫ്രീ തിങ്കേഴ്‌സ് പ്രതീകാത്മകമായി പറയാന്‍ ശ്രമിച്ചത്. ചുംബനം മാത്രമല്ല, ലൈംഗിക ബന്ധവും ആര്‍ തമ്മിലും എവിടെവെച്ചും എപ്പോഴും എങ്ങനെയും ആകാം എന്നാണ് ഫ്രീ തിങ്കേഴ്‌സിന്റെ വീക്ഷണം. ചുംബന സമരം കേരളത്തെ മുഴുവന്‍ അത്തരമൊരു വീക്ഷണത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്‌തെടുക്കാനുള്ള പരിശ്രമങ്ങളുടെ നാന്ദിയായിരുന്നു.

സ്വതന്ത്ര ലൈംഗികതയുടെ സിദ്ധാന്തവല്‍കരണത്തില്‍ താല്‍പര്യമുള്ളവരെയൊക്കെ സാമ്രാജ്യത്വം ഇപ്പോള്‍ കേരളത്തില്‍ വാടകക്കെടുക്കും. ലൈംഗികാരാജകത്വത്തിനനുഗുണമായ ആദര്‍ശനിലം കേരളത്തില്‍ ഒരുക്കിവെച്ചശേഷം യൂറോപ്യന്‍-അമേരിക്കന്‍ ലൈംഗിക മനോരോഗികളെ കേരളത്തിലേക്ക് വിനോദസഞ്ചാരികളായി കൊണ്ടുവന്ന് ‘രോഗശമന’ത്തിനുള്ള  ഉപഭോഗവസ്തുക്കളായി മലയാളിപ്പെണ്‍കൊടികളെ അവര്‍ക്കെറിഞ്ഞുകൊടുക്കാനാണ് മുതലാളിത്തം കരുക്കള്‍ നീക്കുന്നത്. സെക്‌സ് ടൂറിസം എന്ന ഓമനപ്പേരില്‍ ഇവിടെ നടക്കാനിരിക്കുന്നത് അതാണ്. കേരളം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുമ്പോഴേക്ക് വിവാഹബാഹ്യ ലൈംഗികാസ്വാദനങ്ങള്‍ തെറ്റാണെന്ന നിലപാടിന്റെ കഴുത്തറുക്കുകയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. വിദേശികളെ തൃപ്തിപ്പെടുത്താനായി തുണിയുരിയാനും നൃത്തം വെക്കാനും കിടപ്പറ പങ്കിടാനും മാതാപിതാക്കളുടെ സമ്മതത്തോടുകൂടി മലയാളിപ്പെണ്‍കുട്ടികളെ കിട്ടാന്‍ പിന്നീട് വിഷമമുണ്ടാകില്ല. സെക്‌സ് മാത്രം ലക്ഷ്യം വെച്ച് കേരളത്തില്‍ വിമാനമിറങ്ങുന്ന വിദേശികള്‍ക്ക് പിന്നെ കയ്യുകണക്കുമുണ്ടാകില്ല; അവരില്‍ നിന്നെല്ലാം ലൈംഗികാസ്വാദനത്തിനും യാത്രാ ചെലവുകള്‍ക്കുമായി കുത്തകകള്‍ വന്‍തുക ഈടാക്കുകയും ചെയ്യും. അത്തമൊരു അവസ്ഥയിലേക്ക് കേരളത്തെ നയിക്കണോ എന്നാണ് എല്ലാവരും കൂടി ആലോചിക്കേണ്ടത്. സെക്‌സ് ടൂറിസത്തിന്റെ രംഗപ്രവേശനം ചെറിയരീതിയില്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉണ്ടായിട്ടും വലിയ പ്രതിഷേധങ്ങളൊന്നും അതിനെതിരെ ഉയരാത്തത് ഭീതിയോടുകൂടിമാത്രമേ വീക്ഷിക്കാന്‍ കഴിയൂ.

സെക്‌സ് ടൂറിസം കേവലമായൊരു ഒരു പേടിസ്വപ്‌നമല്ല. സെക്‌സ് ടൂറിസത്തിന്റെ നിലവിലുള്ള പറുദീസകളിലൊന്നായ തായ്‌ലാന്‍ഡില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവുള്ളവര്‍ക്ക് കേരളത്തില്‍ എന്തൊക്കെയാണ് നടക്കുകയെന്ന് പ്രവചിക്കുക പ്രയാസകരമാവില്ല. ബാങ്കോംഗിനടുത്തുള്ള പാറ്റ്‌പോംഗിലെ തെരുവുകളില്‍ ‘രാത്രിയാസ്വദിക്കാന്‍’ വേണ്ടി അനേകായിരം വിദേശികളാണ് ഓരോ ദിവസവും തായ്‌ലാന്‍ഡിലെത്തുന്നത്. ഇത് നേടിത്തരുന്ന വിദേശവരുമാനമാണ് തായ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആധാരം തന്നെ! ലോകഭൂപടത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള അമേരിക്കയില്‍ നിന്ന് കിഴക്കേ അറ്റത്തുള്ള തായ്‌ലാന്‍ഡിലേക്ക് കണ്ണിനും ശരീരത്തിനും  സെക്‌സ് ലഭിക്കാന്‍ വേണ്ടി വെള്ളക്കാരന്‍ ലക്ഷങ്ങള്‍ ചെലവാക്കി കടന്നുവരുന്നുവെന്ന് പറയുമ്പോള്‍ അയാളുടെ ആസക്തിയും ലൈംഗികഭാവനകളും എത്ര വന്യമായിരിക്കും എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പെണ്‍ശരീരദൃശ്യങ്ങള്‍ സുലഭമായ യൂറോപ്പിലും അമേരിക്കയിലും ലഭ്യമല്ലാത്ത തരം ‘കാഴ്ചകള്‍’ ടൂറിസ്റ്റിന് സമ്മാനിക്കാന്‍ വേണ്ടി പാറ്റ്‌പോംഗില്‍ ഒരുക്കിവെച്ചിരിക്കുന്നത് അനേകം നിശാനൃത്തശാലകളാണ്. അവിടങ്ങളില്‍ തായ്‌പെണ്‍കുട്ടികള്‍ കുടുംബം പോറ്റാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ പറയുന്നതരത്തിലെല്ലാം ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുന്നു. ഒടുവില്‍ പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളിലടക്കം അവരുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നു. ടൂറിസ്റ്റ് നല്‍കുന്ന ‘കൈമടക്കു’മായി പുലര്‍ച്ചെ വീടുകളിലേക്ക് മടങ്ങുന്നു. വേശ്യകളുടെ നാട്! വേശ്യകള്‍ പോറ്റുന്ന നാട്! മിക്കവാറും എല്ലാ വീട്ടിലും വേശ്യകളുള്ള നാട്! ‘Pornocoacy’(വേശ്യാധിപത്യം)യാണ് പാറ്റ്‌പോംഗില്‍ നിലനില്‍ക്കുന്ന തെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പറയാനുള്ള കാരണമിതാണ്. തായ്‌ലാന്‍ഡിലെ എയ്ഡ്‌സ് പ്രഭവകേന്ദ്രം കൂടിയാണ് അതിനാല്‍ തന്നെ പാറ്റ്‌പോംഗ്. ഭൂഗോളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള HIV വൈറസുകള്‍ ടൂറിസ്റ്റുകള്‍ വഴി പാറ്റ്‌പോംഗിലെത്തുന്നു. അവിടെനിന്ന് ടൂറിസ്റ്റുകള്‍ എയ്ഡ്‌സിനെ വിവിധ ലോകരാഷ്ട്രങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.(21)പണത്തിനുവേണ്ടി മാനവും ആരോഗ്യവും വെള്ളക്കാരന് വിറ്റ ജനത! കേരളത്തെ ഇങ്ങനെയാക്കിത്തീര്‍ക്കാനാണ് നമ്മുടെയെല്ലാം മൗനം കൂട്ടുനില്‍ക്കുന്നതെന്ന് നമ്മളോര്‍ക്കുന്നുണ്ടോ?

മറൈന്‍ ഡ്രൈവില്‍ നടന്നത് അനൗപചാരികമായ ഒരു ലൈംഗിക വിദ്യാഭ്യാസ പരിപാടിയാണ്. ആ വാക്കാണ് അതിനുപിന്നിലുള്ള ലക്ഷ്യങ്ങളെ വെളിപ്പെടുത്താന്‍ ഏറ്റവും സഹായകം എന്നതുകൊണ്ടാണ് അതുതന്നെ ഞാന്‍ തിരഞ്ഞെടുക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന വാക്ക് കൃത്യമായ ഒരു ചരിത്രവും രാഷ്ട്രീയവും പേറുന്നതാണ്. അറുപതുകളിലുണ്ടായ ലൈംഗികവിപ്ലവാനന്തരം യൂറോപ്പിലെ സ്‌കൂളുകളില്‍ കരിക്കുലത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ട ലൈംഗികപാഠങ്ങളാണ് ഇതുപോലുള്ള സംരംഭങ്ങളിലൂടെ കേരളത്തിന്റെ മണ്ണിലേക്കും മനസ്സിലേക്കും ഇറക്കുമതി ചെയ്യാന്‍ മുതലാളിത്തം ശ്രമിക്കുന്നത്. കുടുംബം തകര്‍ക്കുകയും ഉദാരലൈംഗികത സാക്ഷാത്കരിക്കുകയും ചെയ്യുന്ന പരുവത്തിലേക്ക് യുറോപ്പിനെ കൊണ്ടുചെന്നെത്തിച്ച, സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ധൈഷണികനേതൃത്വത്തിലുണ്ടായ, സാമൂഹിക മാറ്റങ്ങളാണല്ലോ ലൈംഗിക വിപ്ലവം എന്ന പേരിലറിയപ്പെടുന്നത്. ലൈംഗികവിപ്ലവത്തെത്തുടര്‍ന്ന് യൂറോപ്പില്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ പാപമല്ലെന്നു പഠിച്ച ഒരു കൗമാരം വളര്‍ന്നുവന്നു. ഉദാരലൈംഗികതയുടെ ഒന്നാം തലമുറ! ആ തലമുറയും അവരുടെ രക്ഷിതാക്കളും തമ്മില്‍ സ്വാഭാവികമായും ആശയസംഘര്‍ഷങ്ങളുണ്ടായി. തുറന്ന ലൈംഗികതക്കുവേണ്ടി നിലയുറപ്പിച്ച പുതുതലമുറ ‘erotophilics’ (ലൈംഗികാസക്തര്‍) എന്നും ഭാര്യയില്‍ ‘ഒതുങ്ങിക്കൂടണം’ എന്ന ‘യാഥാസ്ഥിതിക’ നിലപാട് ഉയര്‍ത്തിപ്പിടിച്ചപഴയതലമുറയിലെ പുരുഷന്മാര്‍  ‘erotophobics’ (ലൈംഗികഭീതിയുള്ളവര്‍) എന്നും വിളിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. യൂറോപ്പില്‍ അവിഹിത കൗമാര ഗര്‍ഭങ്ങള്‍ വ്യാപകമാകുന്നത് ഈ കാലഘട്ടത്തിലാണ്. സ്വാഭാവികമായും കൗമാരഗര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കള്‍ മക്കളെ വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരമൊരു പശ്ചാതലത്തിലാണ് യഥാര്‍ഥത്തില്‍ ലൈംഗികവിദ്യാഭ്യാസം യൂറോപ്യന്‍ ഹൈസ്‌കൂളുകളിലേക്ക് കടന്നുവന്നത്. ലൈംഗിക വിദ്യാഭ്യാസം ചെയ്തത്, കൗമാരഗര്‍ഭം ഭയന്ന് പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ബന്ധങ്ങള്‍ വിസമ്മതിക്കുന്ന അവസ്ഥയെ നേരിടുകയാണ്. ഗര്‍ഭനിരോധന മരുന്നുകളും ഉറകളും ഉപയോഗിച്ചാല്‍ ഗര്‍ഭം തടയാന്‍ കഴിയുമെന്നും ഗര്‍ഭധാരണം ഭയന്ന് കൗമാരപ്രായത്തില്‍ ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതില്ലെന്നും വിവാഹപൂര്‍വ/വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അധാര്‍മികമാണെന്ന പഴയതലമുറയുടെ നിലപാട് അശാസ്ത്രീയമായ ഒരു ഗൃഹാതുരത മാത്രമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ലൈംഗിക വിദ്യാഭ്യാസം യൂറോപ്പില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തപ്പെട്ടത്. സെക്‌സ് എഡ്യൂക്കേഷന്‍ പിരിയേഡുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം തൊടീച്ചും ആലിംഗനം ചെയ്യിപ്പിച്ചും ചുംബനങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുമെല്ലാം സ്ത്രീ-പുരുഷ സ്പര്‍ശനം നിരുപദ്രവകാരിയാണെന്ന് വിദ്യാര്‍ഥികളെ പ്രായോഗികമായി പഠിപ്പിക്കുവാന്‍ അധ്യാപകര്‍ ‘പ്രയത്‌നിച്ചു’. യൂറോപ്പിന്റെയും അമേരിക്കയുടെയും ധാര്‍മിക നിലവാരം ഇന്നത്തെ രീതിയില്‍ അധ:പതിച്ചതില്‍ ലൈംഗിക വിദ്യാഭാസത്തിന് സാരമായ പങ്കുണ്ട്.(22) കേരളത്തില്‍ ചുംബനമേളകള്‍ക്ക് അരങ്ങൊരക്കിയവരുടെയും ലക്ഷ്യം അതുതന്നെയാണ് – പുതുതലമുറയുടെ ധാര്‍മികത ചോര്‍ത്തിക്കളഞ്ഞ് അവരെ സെക്‌സ് ടൂറിസത്തിന് ചുവന്ന പരവതാനി വിരിക്കുന്നവരാക്കിത്തീര്‍ക്കുക. ആ ലക്ഷ്യത്തിനാണ് നമ്മുടെ ബുദ്ധിജീവികള്‍ വളരെ ‘നിഷ്‌കളങ്കമായി’ കുടപിടിച്ചുകൊടുക്കുന്നത്. ബുദ്ധിജീവികളെന്ന് പറയുന്നവര്‍, ഇത്രയും വലിയ വിഡ്ഢികളായിപ്പോകുന്നതെന്തുകൊണ്ടാണ്?!

ചുംബനസമരം കേരലളത്തിലുല്‍പാദിപ്പിച്ച ചര്‍ച്ചകളുടെ ഏറ്റവും വലിയ അപഹാസ്യത, അവ ഒരിക്കലും സംഘാടകരടെ ലൈംഗികാശയങ്ങളെ വസ്തുനിഷ്ഠമായ സംവാദത്തിന് വിധേയമാക്കിയില്ലെന്നതാണ്. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, അത് ഭൗതികവാദത്തിന്റെ ലൈംഗിക വീക്ഷണത്തോട് കലഹിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സാംസ്‌കാരിക ഭ്രാന്തിന്റെയടിസ്ഥാനത്തിലല്ല. അത്തരത്തിലുള്ള എല്ലാ സങ്കചിതത്വങ്ങള്‍ക്കും എതിരാണ് ഇസ്‌ലാം. ഏതു കാര്യവും എവിടെ നിന്ന് വന്നു എന്നതല്ല, ദൈവിക മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ അത് നന്മയോ തിന്മയോ എന്നതാണ് മുസ്‌ലിംകള്‍ പരിശോധിക്കന്നത്. തിന്മ എന്ന് ഇസ്‌ലാം ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങളൊക്കെയും മാനവരാശിക്ക് അപകടകരമായിരിക്കും എന്നത് മുസ്‌ലിമിന്റെ ബോധ്യമാണ്. ഇതിനെ മതമൗലികവാദമായി കാണാനാളുണ്ടാകാം. എന്നാല്‍ തന്റെ ബോധ്യങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പരസ്യസംവാദത്തിന് വെക്കാന്‍ മുസ്‌ലിം തയ്യാറാണെങ്കിലോ? ഉദാര ലൈംഗികത മാനവികവിരുദ്ധമാണ് എന്ന ഇസ്‌ലാമിക നിലപാടിനെതിരെയുള്ള ഏത് വിമര്‍ശനത്തെയുംകേള്‍ക്കാനും അവക്ക് മറുപടി പറയാനും ഇസ്‌ലാമിക പ്രബോധകര്‍ സന്നദ്ധമാണ്. പക്ഷേ, അത്തരമൊരു ചര്‍ച്ചയില്‍ നിന്നുതന്നെ ഒളിച്ചോടുകയാണ് നിര്‍ഭാഗ്യവശാല്‍ പരസ്യ ചുംബനവാദികള്‍ ചെയ്യുന്നത്! ചുംബനവാദികള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഉദാര ലൈംഗികാശയങ്ങളെ മുസ്‌ലിംകള്‍ എതിര്‍ക്കന്നു. എന്തുകൊണ്ടെന്നാല്‍:

1. സ്ത്രീസൗന്ദര്യത്തിന്റെ ദര്‍ശനമാണ് പുരുഷന്റെ ലൈംഗിക വികാരങ്ങളുടെ അടിത്തറ. സ്ത്രീ ശരീരഭാഗങ്ങളുടെ പരസ്യപ്പെടല്‍ പുരുഷന്മാരെ ഭീകരമായ ലൈംഗിക മരവിപ്പിലേക്കും അക്രമാസ്‌ക്തിയിലേക്കും നയിക്കും.

2. പെണ്ണിന്റെ വസ്തുവല്‍കരണമാണ് ഉദാരലൈംഗികതയുടെ സാമൂഹ്യസംഭാവന. ലോകത്തിന് കണ്ടാസ്വദിക്കുവാനള്ള ഒരു കളിപ്പാട്ടമായി അവള്‍ തരം താഴ്ത്തപ്പെടും.

3. വിവാഹബാഹ്യമായ എല്ലാ ലൈംഗിക ചേഷ്ടകളും ബന്ധങ്ങളും സ്ത്രീവിരുദ്ധമാണ്. കുടുംബം നിലനില്‍ക്കല്‍ സ്ത്രീ സുരക്ഷക്ക് അനിവാര്യമാണ്.

4. ലൈംഗികത കടുംബത്തിന്റെ സ്വകാര്യതയില്‍ ഒതുങ്ങേണ്ടത്, സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക സംതപ്തിക്കും ആരോഗ്യത്തിനും സമൂഹ ഭദ്രതക്കും സൈ്വരജീവിതമുള്ള ഒരു ഭാവി തലമുറക്കും അത്യാവശ്യമാണ്.

ഈ വാദങ്ങളോരോന്നും, എന്തുകൊണ്ടങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സന്നദ്ധമായിക്കൊണ്ടാണ് ഇസ്‌ലാമിക പ്രബോധകര്‍ മുന്നോട്ടുവെക്കുന്നത്. ഇതില്‍ ജനാധിപത്യവിരുദ്ധമായി എന്താണുള്ളത്? സംവാദം എന്നുമുതലാണ് ജനാധിപത്യവിരുദ്ധമായത്? ലേഖനാരംഭത്തിലുദ്ധരിച്ച  അരുന്ധതിയുടെ വാചകങ്ങളിലേക്ക് മടങ്ങിപ്പോകാം. ചുംബനസമരത്തിന് ഹൈദരാബാദില്‍ നേതൃത്വം നല്‍കിയ അരുന്ധതി മാത്രമല്ല, ഇവ്വിഷയകമായി പേനയെടുത്ത നമ്മുടെ പുരോഗമന ബുദ്ധിജീവികളെല്ലാം അവതരിപ്പിച്ച ഒരു നിരീക്ഷണമാണത്. ചുംബനസമരത്തെ എതിര്‍ത്ത് ലൈംഗിക സദാചാരത്തിനുവേണ്ടി സംസാരിച്ചവരെല്ലാം മതേതരത്വത്തിനെതിരാണ്: എന്നപറഞ്ഞാല്‍, വര്‍ഗീയ ഫാഷിസത്തിന്റെ കള്ളിയിലാണെന്ന്! മുസ്‌ലിംകള്‍ക്ക് വേണ്ടി ഫാഷിസ്റ്റുകള്‍ക്കെതിരില്‍ സംസാരിക്കുന്നവരാണ് തങ്ങളെന്ന് വരികള്‍ക്കിടയില്‍ ഇവരെല്ലാം പല തവണ ആവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ മതവും സംസ്‌കാരവും ഉപേക്ഷിച്ച് ‘കുളിച്ചുവന്നാല്‍’ നിങ്ങള്‍ക്ക് ഞങ്ങള്‍ കാവല്‍ നില്‍ക്കാം എന്നാണോ ആ പറച്ചിലുകളുടെയര്‍ഥം? ‘ഭാരതീയ’ സംസ്‌കാരം സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ സന്നദ്ധമാകാത്തതില്‍ കുപിതരായി കുറുവടിയുമായി നില്‍ക്കുകയാണ് ആര്‍. എസ്. എസുകാര്‍. ഇപ്പോഴിതാ, നമ്മുടെ ബുദ്ധിജീവികള്‍ ഭൗതികവാദത്തിന്റെ ലൈംഗിക സംസ്‌കാരം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങളെ വര്‍ഗീയവാദിയായി പ്രഖ്യാപിച്ച് കല്ലെറിഞ്ഞുകൊല്ലുമെന്ന് പ്രഖ്യാപിക്കുന്നു. ചോദിക്കട്ടെ, ഫാഷിസത്തിന്റെ കറുപ്പും ഭൗതികവാദത്തിന്റെ വെളുപ്പുമല്ലാതെ, ഈ വിഷയത്തില്‍ മനുഷ്യര്‍ക്ക് കയറിനില്ക്കാവുന്ന വേറെ നിറങ്ങളൊന്നുമില്ലേ? ഗോള്‍വാള്‍ക്കര്‍ക്ക് പകരം ഹണ്ടിംഗ്ടണെ കേരളത്തിന്റെ തെരുവുകളുടെ കാവലേല്‍പിക്കുകയാണോ നിങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ അന്തസത്ത? എങ്കില്‍ ദയവുചെയ്ത് മനസ്സിലാക്കുക, അവര്‍ രണ്ടുപേരും എന്നേ ചങ്ങാതിമാരാണ്!

കുറിപ്പുകള്‍:

 

1. M.S. Golwalker, We or Our Nationhood Defined (Nagpur:1938), p. 27.

2. Neeladri Bhattacharya (ed.), Khaki Shorts and Saffron Flags: A Critique of the Hindu Right (New Delhi: Orient Longman, 1993), p. 64.

3. See Ibid, p. 68

4. Thomas Blom Hansen, Violence in Urban India: Identitiy Politics, Mumbai, and the Post Colonial City (Delhi: Permanent Black, 2001), p. 46.

5. Ibid, p. 74.

6. Ibid, p. 76.

7. Ibid, p. 121.

8. See Ibid, pp. 122-6.

9. See Neeladri Bhattacharya (ed.), op. cit, p. 98.

10. Thomas Blom Hansen, op. cit, pp. 214-5.

11. താന്ത്രിക മതത്തിന്റെ ചരിത്രപരമായ അപഗ്രഥനത്തിന് കാണുക: Wendy Doniger, The Hindus An Alternative History (Newyork. The Penguin press, 2009), pp.348-78.

12. ജോസഫ് ഇടമറുക്, താന്ത്രികമതം (ന്യൂ ഡല്‍ഹി: ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സ്, 2005), ഭാഗം 1, പുറങ്ങള്‍ 11-2.

13. Ibid, പുറം 13.

14. എ. ശ്രീധരമേനോന്‍, കേരള ചരിത്രശില്‍പികള്‍ (കോട്ടയം: ഡി. സി. ബുക്‌സ്, 2013), പുറങ്ങള്‍ 83-9.    15. പി. ജവഹരക്കുറുപ്പ് (പുനരാഖ്യാനം), കാമസൂത്രം (കോട്ടയം: ഡി. സി ബുക്‌സ്, 2006), പുറം 9.

16. Ibid, പുറം 16.

17. Ibid, പുറം 16.

18. Ibid, പുറം 17.

19. Ibid, പുറങ്ങള്‍ 79, 80.

20. സ്‌നേഹജാന്‍, ആര്‍ഷഭാരതം: സങ്കല്‍പവും യാഥാര്‍ഥ്യവും (കോഴിക്കോട്: 2006, പുറങ്ങള്‍ 53-56); ടി മുഹമ്മദ്, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ (കോഴിക്കോട്: 2001, പുറങ്ങള്‍ 305-308) എന്നിവ കാണുക.

21. For Details,  see Lenore Manderson, ‘Public Sex performances in Patpong and Exploration of the Edge of Imagination’, The Journal of Sex Research, Vol.29, No. 4 (Nov. 1992), pp. 451-474.

22. For details, see Lawrense. L Shornack ad Ellen McRoberts Shornack, ‘TheNew Sexual Education and Sexual Revolution: A Critical Review’, Family Relations, Vol.31, No. 4, (Oct, 1982), pp.531-544.