‘എടി’കള്‍ നുണയുന്നത്, അടിമത്തത്തിന്റെ ഇരുട്ടാണ്!

"എന്റെ ജനനേന്ദ്രിയം അസാമാന്യ വലിപ്പമുള്ള ഒരു കുഞ്ഞിന് മോചനം നല്‍കുന്നതിന് സഹായിച്ചു. അതിനേക്കാള്‍ വലുത് ചെയ്യുമെന്ന് അത് വിചാരിക്കുന്നു. അതുണ്ടാവില്ല. ഇപ്പോള്‍ അതിന് യാത്ര ചെയ്യണം, ഒരുപാട് കൂട്ടുകെട്ടുകള്‍ വേണം. അതിന് വായിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ അറിയുകയും വേണം. അതിന് രതി വേണം. അത് രതിയെ ഇഷ്ടപ്പെടുന്നു. അതിന് ആഴങ്ങളിലേക്ക് പോകണം. അത് ഗാഢതക്കുവേണ്ടി ദാഹിക്കുന്നു. അതിന് ദയ വേണം. അതിന് പരിവര്‍ത്തനം വേണം. അതിന് നിശബ്ദതയും സ്വാതന്ത്ര്യവും മൃദുചുംബനവും ചുടുദ്രാവകവും അഗാധമായ സ്പര്‍ശനവും വേണം. അതിന് ചോക്കലേറ്റ് വേണം. അതിന് ആക്രോശിക്കണം. അതിന് രോഷത്തെ തടഞ്ഞുനിര്‍ത്തണം. അതിന് ആയിത്തീരണം. അതിന് വേണ്ടതെല്ലാം വേണം. എന്റെ ജനനേന്ദ്രിയം, എന്റെ ജനനേന്ദ്രിയം; അതെ- അതിന് സകലതും വേണം.”

(ഇവ്  എന്‍സലറുടെ പെണ്‍ജനനേന്ദ്രിയത്തിന്റെ ആത്മഗതത്തിലെ ‘ദേഷ്യമുള്ള പെണ്‍ജനനേന്ദ്രിയം’ (Angry Vagina) എന്ന  അവസാനഭാഗത്തില്‍നിന്നുള്ള വരികള്‍)

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും, ബലാല്‍സംഗങ്ങളും, വിവാഹബന്ധം നിഷിദ്ധമായവര്‍ക്കിടയില്‍ നടക്കുന്ന നിര്‍ബന്ധിത വ്യഭിചാരങ്ങളുമെല്ലാം പെണ്‍ജനനേന്ദ്രിയവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത്തരം അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന് സ്ത്രീയെ ശാക്തീകരിക്കേണ്ടത് അവളുടെ ജനനേന്ദ്രിയത്തെ ശാക്തീകരിച്ചുകൊണ്ടാണെന്ന് വാദിക്കുകയാണ് ഇവ് എന്‍സലറുടെ പെണ്‍ജനനേന്ദ്രിയത്തിന്റെ ആത്മഗതങ്ങള്‍ (Vagina Monologues) എന്ന പേരിലുള്ള നാടകങ്ങള്‍. ‘അവളുടെ’ വിമോചനം യോനിയുടെ വിമോചനത്തിലൂടെയാണ് നേടിയെടുക്കേണ്ടത്, അവളുടെ സ്വാതന്ത്ര്യം അവളുടെ ജനനേന്ദ്രിയത്തിന്റെ സ്വാതന്ത്ര്യമാണ് എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ‘ജനനേന്ദ്രിയ സ്വാതന്ത്ര്യ’ത്തിനായി അവളെ ഉത്തേജിപ്പിക്കുകയാണ് ഈ നാടകങ്ങള്‍ ചെയ്യുന്നത്. നാടകകൃത്തും, അഭിനേത്രിയും, ഫെമിധനിസ്റ്റുമായ ഇവ് എന്‍സലര്‍, 1953ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തില്‍ ജൂത-ക്രൈസ്തവ മിശ്രദമ്പതികളുടെ മകളായി ജനിച്ചു. തന്റെ ബാല്യത്തില്‍ തന്നെ പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ലൈംഗികമായ പീഡനം ഇവിനെ മാനസികമായി തളര്‍ത്തി. പേടിച്ചിട്ടാണെങ്കിലും, ഇതെല്ലാമറിഞ്ഞിട്ടും അമ്മ മൗനം പാലിച്ചത് അവളെ കൂടുതല്‍ വിഷാദത്തിലാഴ്ത്തി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേക്കും അവള്‍ മദ്യത്തിനടിമപ്പെട്ടു. കോളജില്‍ അവള്‍ സമര്‍പ്പിച്ച പ്രൊജക്റ്റ് റിപ്പോര്‍ട്ട് ‘സമകാലിക കാവ്യസാഹിത്യങ്ങളിലെ ആത്മഹത്യ’ എന്നതായിരുന്നു എന്നുള്ളത് അവള്‍ എത്രമാത്രം മാനസികമായ ഏകാന്തത അനുഭവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. യെയ്ല്‍ ഡ്രാമ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം ലഭിച്ചെങ്കിലും ചേരാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇവ് രാജ്യത്തുടനീളം അലഞ്ഞുതിരിയാന്‍ തുടങ്ങി. നിശാബാറുകുളിലെ അടിപിടികളില്‍ അവളൊരു നിത്യസാന്നിധ്യമായി മാറി. ഇരുപത്തി നാലാം വയസ്സില്‍ മദ്യപാനം നിര്‍ത്തി അവള്‍ നാടകങ്ങള്‍ക്ക് തിരക്കഥ എഴുതാനാരംഭിച്ചു. 1978ല്‍ റിച്ചാര്‍ഡ് മക്‌ഡെര്‍മോട്ട് എന്നയാളുമായി വിവാഹിതയായ ഇവ്, അമ്മ മരിച്ച അഞ്ച് വയസ്സുള്ള ഒരു കുഞ്ഞിനെ ദത്തെടുത്തു. ഭര്‍ത്താവിന് പ്രായം പത്തൊന്‍പതും, അവര്‍ക്ക് ഇരുപത്തിയഞ്ചും ആയിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം അവര്‍ വിവാഹമോചിതരായി. പിന്നീട് ഒരിക്കല്‍ തന്റെ സുഹൃത്തുമായി ആര്‍ത്തവവിരാമത്തെ കുറിച്ചു സംസാരിച്ചിരിക്കവെ, യോനിയെ കുറിച്ച് പറയുമ്പോള്‍ വല്ലാതെ വെറുപ്പു പ്രകടിപ്പിച്ചത് ഇവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് സ്ത്രീ ജനനേന്ദ്രയിത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഒട്ടുമിക്ക മേഖലയിലുള്ളവരുമായും അവര്‍ അഭിമുഖ സംഭാഷണങ്ങള്‍ നടത്തി. അങ്ങനെ ആദ്യത്തെ പെണ്‍ജനനേന്ദ്രിയ ആത്മഗതം 1996ല്‍ പുറത്തിറങ്ങി. ഓരോ ‘ആത്മഗത’ങ്ങളും, ലൈംഗികത, സ്‌നേഹം, ബലാല്‍സംഗം, ആര്‍ത്തവം, സ്വയംഭോഗം, ജനനം, രതിമൂര്‍ച്ഛ, സ്ത്രീ ചേലാകര്‍മ്മം എന്നിങ്ങനെ ജനനേന്ദ്രിയത്തെ സംബന്ധിച്ച സ്ത്രീ അനുഭവങ്ങളെ സ്പര്‍ശിച്ചുപോകുന്നവയാണ്. ഇവ് എന്‍സലറിന്റെ ആത്മഗതങ്ങള്‍ താമസിയാതെ ജനപ്രീതിയാര്‍ജ്ജിച്ചു. 600ല്‍ പരം വരുന്ന അമേരിക്കയിലെ കോളേജ് കാമ്പസുകളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഇവ പ്രദര്‍ശിപ്പിക്കപ്പെടുന്നു. 1998 ല്‍ ഇവ് എന്‍സലര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു ആഗോള പ്രസ്ഥാനത്തിന് എന്‍സലര്‍ തുടക്കം കുറിച്ചു. വിക്റ്ററി, വാലന്റൈന്‍, വജൈന (Victory, Valentine, Vagina) എന്നര്‍ത്ഥം വരുന്ന രീതിയില്‍ V-Day എന്ന നാമത്തിലാണ് അത് അവതരിപ്പിച്ചത്. V-Day രണ്ട് രൂപത്തില്‍ നടത്തപ്പെടുന്നു. ഒന്ന് കോളേജ് കാംപസുകള്‍ കേന്ദ്രീകരിച്ച്. മറ്റൊന്ന് പൊതുപ്രചരണാര്‍ത്ഥം. ടിക്കറ്റ് വെച്ച് വജൈന മോണോലോഗുകളും മറ്റു പരിപാടികളും നടത്തി സ്വരൂപിക്കുന്ന പണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വിനിയോഗിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്ത്രീ ലൈംഗികമായി ഇരയാകുന്നിടത്തെല്ലാം V-Day പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് അവരെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികള്‍ ഇവര്‍ നടത്തിവരുന്നു. 2010 വരെയുള്ള കണക്കനുസരിച്ച് അമേരിക്കയിലും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുമായി 1500 ല്‍ പരം സ്ഥലങ്ങളില്‍ 5400 ഓളം V-Day പ്രോഗ്രാമുകള്‍ സംഘടിപ്പിക്കപ്പെട്ടു. സമൂഹം സ്ത്രീക്ക് കല്‍പ്പിച്ച ഭ്രഷ്ടുകളെ കഥോപകഥനങ്ങളിലൂടെ ഉടച്ചുവാര്‍ക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭൂമിയിലെ മൂന്നില്‍ ഒരു സ്ത്രീ ശാരീരികമായോ, ലൈംഗികമായോ ഉപദ്രവിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്ന യുനൈറ്റഡ് നാഷന്‍സിന്റെ കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഫെബ്രുവരി 14നും V-Day ആചരിക്കുവാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നു. V-Dayയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മറ്റൊരു ആശയം കൂടി ഇവ് എന്‍സലര്‍ മുന്നോട്ടു വെച്ചു. അതിക്രമങ്ങള്‍ക്കെതിരെയും ലിംഗസമത്വത്തിനും വേണ്ടി നൂറുകോടി ജനങ്ങളെ ഉണര്‍ത്തുക എന്ന ലക്ഷ്യവുമായി ഉരുത്തിരിഞ്ഞ ‘വണ്‍ ബില്യണ്‍ റൈസിംഗ്’(One billion rising)ന് 2012 ലാണ് തുടക്കം. 2012 സെപ്റ്റംബര്‍ 20ന് 160 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കാളികളായിക്കൊണ്ട് ഒപ്പുവെച്ചു. 2013 ഫെബ്രുവരി 14ന് 190 രാജ്യങ്ങളില്‍ ‘വണ്‍ ബില്യണ്‍ റൈസിംഗ്’ റാലികള്‍ സംഘടിപ്പിച്ചു. 2015 ഫെബ്രുവരി 14ന് ലോകത്താകമാനം അതിവിപുലമായ രീതിയില്‍ ഇത് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇവിന്റെ സമരങ്ങള്‍ ഫെമിനിസ്റ്റ് സാമൂഹ്യമുന്നേറ്റങ്ങളുടെ ഭാഗമാണ്. ഫെമിനിസത്തെക്കുറിച്ച് സാമാന്യമായ ധാരണയെങ്കിലുമില്ലാതെ അവരുടെ വാദങ്ങള്‍ അപഗ്രഥിക്കുന്നത് അര്‍ഥശൂന്യമായിരിക്കും. ആണിനും പെണ്ണിനും അവരുടേതായ ജീവിത ധര്‍മ്മങ്ങളുണ്ട്. ആണ് ആണിന്റെയും പെണ്ണ് പെണ്ണിന്റേയും പ്രകൃതിപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച് പാരസ്പര്യത്തോടു കൂടി മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുക. ഈ ധര്‍മ്മങ്ങള്‍ പരസ്പരംവെച്ചുമാറുന്നതിനുവേണ്ടി സമരം ചെയ്യുകയാണ് ഫെമിനിസ്റ്റുകള്‍ പലപ്പോഴും ചെയ്യുന്നത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ ലിംഗസമത്വമാണ് ഫെമിനിസം നേര്‍ക്കുനേരെ മുന്നോട്ടുവെക്കുന്ന ആശയം. പാശ്ചാത്യചരിത്രത്തിലുടനീളം സ്ത്രീക്ക് പൊതുജീവിതം നിഷേധിക്കപ്പെടുകയും അവള്‍ വീടിനുള്ളില്‍ ഒതുക്കപ്പെടുകയും ചെയ്തതായി കാണാം. മദ്ധ്യകാല യൂറോപ്പില്‍ സ്ത്രീ സ്വത്തു സമ്പാദിക്കുന്നതും പഠനം നടത്തുന്നതും പൊതുജീവിതത്തില്‍ ഇടപഴകുന്നതും തീര്‍ത്തും തടയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അവള്‍ക്ക് വോട്ടവകാശം നല്‍കപ്പെട്ടിരുന്നില്ല. പിതാവോ, സഹോദരനോ, ഭര്‍ത്താവോ, മകനോ കൂടാതെ കച്ചവടം ചെയ്യുന്നതില്‍ നിന്നും അവള്‍ തടയപ്പെട്ടു. ഇങ്ങനെ പെണ്ണിന് പ്രകൃതിപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടതില്‍ നിന്നാണ് പല ഫെമിനിസ്റ്റ്  പ്രസ്ഥാനങ്ങളുടേയും തുടക്കം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇതുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി സ്ത്രീക്ക് വോട്ടുചെയ്യാനുള്ള അവകാശത്തിനായി രൂപം കൊടുത്ത പ്രക്ഷോഭങ്ങളാണ് ഫെമിനിസത്തിന്റെ ആദ്യ തരംഗങ്ങളായി (First wave feminism) അറിയപ്പെടുന്നത്. 1960കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ ആരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ച് 1980കള്‍ വരെ നിലനിന്നതാണ് ഫെമിനിസത്തിന്റെ രണ്ടാം തരംഗം (Second wave feminism). ആദ്യ തരംഗത്തില്‍ വോട്ടവകാശവും സ്വത്തവകാശവുമായിരുന്നു വിഷയമെങ്കില്‍, രണ്ടാം തരംഗത്തില്‍ ലൈംഗികത, കുടുംബം, പ്രത്യുല്‍പാദന അവകാശങ്ങള്‍, മറ്റു നിയമപരമായ അസമത്വങ്ങള്‍ എന്നിവയായിരുന്നു പ്രശ്‌നങ്ങള്‍. ഫെമിനിസത്തിന്റെ മൂന്നാം തരംഗം (Third wave feminism) ആരംഭിക്കുന്നത് 1990കളുടെ തുടക്കം മുതല്‍ക്കാണ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിന്റെ ഇടപെടലുകള്‍ ഈ തരംഗത്തിന്റെ ഭാഗമാണ്.

മൂന്നാം തരംഗം കുറച്ചുകൂടി വിശാലമായ ആശയങ്ങളെയാണ് മുന്നോട്ടുവെച്ചത്. അതിലൊന്ന് ലിംഗപരമായ അതിക്രമങ്ങളാണ് (Gender violence). ലിംഗപരമായ അതിക്രമങ്ങളെ ചെറുക്കുന്നതിന് ‘വജൈന മോണോലോഗുകളും’ V-Dayയും വ്യാപകമാക്കുക എന്നതാണ് മൂന്നാം തരംഗ ഫെമിനിസ്റ്റുകളുടെ പരിഹാരരീതി. മറ്റൊന്ന് പ്രത്യുല്‍പാദന അവകാശങ്ങളാണ്. ഗര്‍ഭനിരോധനത്തിനുള്ള അവകാശം, ഗര്‍ഭമലസിപ്പിക്കുന്നതിനുള്ള അവകാശം തുടങ്ങിയവയെയാണ് ഇവര്‍ ഈ വകുപ്പില്‍ ഉള്‍പെടുത്തുന്നത്.  വംശ/ജാതി വിവേചനം, നപുംസകാവകാശങ്ങള്‍, സൈബര്‍ ഫെമിനിസം, എക്കോ ഫെമിനിസം തുടങ്ങിയവവയെല്ലാം ഇവരുടെ ചര്‍ച്ചാ വിഷയങ്ങളാണ്. ഇതിലെല്ലാമുപരി ഇവരുടെ പ്രധാന പ്രതിപാദ്യ വിഷയം ‘ലൈംഗിക വിമോചന’മാണ് (Sexual Liberation). ഇതുകൊണ്ടുതന്നെയാണ് മൂന്നാം തരംഗ ഫെമിനിസത്തിന്റെ മിക്ക പ്രവര്‍ത്തനങ്ങളും സെക്‌സ് പൊസിറ്റീവ് ഫെമിനിസം (Sex Positive Feminism) എന്നും പല ഫെമിനിസ്റ്റുകളും സെക്‌സ് പൊസിറ്റീവ് ഫെമിനിസ്റ്റുകള്‍ (Sex Positive Feminist) എന്നും അറിയപ്പെടുന്നത്.

സെക്‌സ് പൊസിറ്റീവ് ഫെമിനിസത്തിന്റെ ഉല്‍പാദന ഫലങ്ങളിലൊന്നാണ് നാം ചര്‍ച്ച ചെയ്ത ‘വജൈന മോണോലോഗുകള്‍.’ രണ്ടാം തരംഗത്തിന്റെ അവസാനത്തില്‍ ഉയര്‍ന്നുവന്ന ആന്റി പോണോഗ്രഫി ഫെമിനിസത്തെ (Anti Ponography Feminism) എതിര്‍ത്തുകൊണ്ട് മൂന്നാം തരംഗത്തില്‍ ഉടലെടുത്തതാണ് സെക്‌സ് പൊസിറ്റീവ് ഫെമിനിസം. പോണോഗ്രഫി  സ്ത്രീജീവിതത്തിന് ദോഷം ചെയ്യുന്നതാണെന്നും സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണം മാത്രമായി മുദ്രകുത്തപ്പെടുകയാണ് അതില്‍ സംഭവിക്കുന്നതെന്നും ഉള്ള ഭയങ്ങളാണ് പോണോഗ്രഫിവിരുദ്ധ വികാരങ്ങള്‍ ഫെമിനിസ്റ്റുകളില്‍ ഉല്‍പാദിപ്പിച്ചത്. ഇതിനെതിരെയാണ് സെക്‌സ് പൊസിറ്റീവ് ഫെമിനിസ്റ്റുകള്‍ തിരുത്തല്‍ പ്രക്ഷോഭവുമായി ഇറങ്ങിത്തിരിച്ചത്. സ്ത്രീയുടെ പരിപൂര്‍ണ്ണമായ ലൈംഗിക സ്വാതന്ത്ര്യമാണ് സെക്‌സ് പോസിറ്റീവ് ഫെമിനിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ‘വജൈന മോണോലോഗുകളെ’ എതിര്‍ക്കുന്ന സെക്‌സ് പൊസിറ്റീവ് ഫെമിനിസ്റ്റുകളും ഉണ്ട്. ഇവര്‍ക്കിടയിലുള്ള ആശയസംവാദങ്ങള്‍ ആശ്ചര്യമുളവാക്കുന്നതാണ്. അമേരിക്കന്‍ സെക്‌സ് എഡ്യുക്കേറ്ററും എഴുത്തുകാരിയും കലാകാരിയുമായ പ്രശസ്ത സെക്‌സ് പൊസിറ്റീവ് ഫെമിനിസ്റ്റ് ബെറ്റി ഡോഡ്‌സണ്‍ (Betty Dodson) ഇവ് എന്‍സലറുടെ ‘വജൈന മോണോലോഗുകളെ’ എതിര്‍ക്കുന്ന ഫെമിനിസ്റ്റുകളില്‍ പ്രശസ്തയാണ്. എന്നാല്‍ ബെറ്റി ഡോഡ്‌സണ്‍ന്റെ പ്രവര്‍ത്തനങ്ങള്‍ ചിന്താധാര ഇവിന്റേതിനേക്കാള്‍ കൗതകകരമാണ്. 1929ല്‍ അമേരിക്കയില്‍ ജനിച്ച ബെറ്റി ഒരു ആര്‍ട്ടിസ്റ്റ് ആയിക്കൊണ്ടാണ് 1950ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കടന്നുവന്നത്. 1959ല്‍ വിവാഹിതയായ ഇവര്‍ 1965 ല്‍ വിവാഹമോചനം തേടി. 1968ല്‍ ന്യൂയോര്‍ക്കിലെ വിക്കര്‍ഷാം ഗാലറിയില്‍ ബെറ്റി ഒരു ലൈംഗിക കലാസൃഷ്ടി അവതരിപ്പിച്ചു. തന്റെ കലാവാസനകള്‍ ബെറ്റി ഉപയോഗിച്ചത് സ്ത്രീകളെ സ്വതന്ത്രലൈംഗികത പഠിപ്പിക്കാനായിരുന്നു. സ്വയംഭോഗ വര്‍ക്ക്‌ഷോപ്പുകളാണ് ബെറ്റിയുടെ പ്രധാന അജണ്ട! സ്വയംഭോഗത്തിലൂടെയാണ് യഥാര്‍ത്ഥ രതിമൂര്‍ച്ഛയുടെ പാരമ്യത്തിലെത്താന്‍ സാധിക്കുക എന്ന് ബെറ്റി വിശ്വസിക്കുന്നു. പെണ്ണിന്റെ ലൈംഗികസ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയവള്‍ എന്ന് ബെറ്റി പരക്കെ അറിയപ്പെടുന്നു. ബെറ്റി ഡോഡ്‌സണിന്റെ വെബ്‌സൈറ്റില്‍ അവരുടെ ചില അടിസ്ഥാന ആശയങ്ങള്‍ കുറിച്ചിട്ടുണ്ട്. അവ ഇങ്ങനെയാണ്:

1. മനുഷ്യന്റെ ലൈംഗിക പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം സ്വയംഭോഗമാണ്.

2. കുട്ടികളിലെ സ്വയംഭോഗ വാസനയെ തടയുന്നിടത്താണ് ലൈംഗിക അടിച്ചമര്‍ത്തലുകളുടെ തുടക്കം.

3. ഒരാളുടെ ലൈംഗിക പ്രതികരണങ്ങളെ മനസ്സിലാക്കുന്നതിനും ലൈംഗികമായി സ്വയം മതിപ്പുണ്ടാക്കുന്നതിനും സ്വയംഭോഗം സഹായിക്കുന്നു.

4. ലൈംഗികത അടിസ്ഥാന മനുഷ്യാവകാശമാണ്.

5. ഓരോ വ്യക്തിക്കും ഗര്‍ഭനിരോധനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. സോദ്ദേശ്യത്തോടു കൂടിയുള്ള മാതൃത്വം ആരോഗ്യത്തിനും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പുരുഷനും, ലോകത്തിനും നല്ലതാണ്.

6. മനുഷ്യ ശരീരത്തിന്റെ പവിത്രത നിലനിര്‍ത്തുന്നതിന് വേണ്ടി എല്ലാ തരത്തിലുള്ള ചേലാകര്‍മ്മത്തെയും  പ്രത്യേകിച്ചും സ്ത്രീചേലാകര്‍മ്മത്തെ, ഞങ്ങള്‍ എതിര്‍ക്കുന്നു.

7. എല്ലാ ലൈംഗികാവയവങ്ങളും ജനനത്തില്‍ തന്നെ സംരക്ഷിതമാണ്. ഒരു മതത്തിനും സര്‍ക്കാരിനും ഞങ്ങളുടെ ലൈംഗികാവയവങ്ങളെ നാണംകൊണ്ട് മറച്ചുവെക്കാനുള്ള അവകാശമില്ല. അവ അങ്ങേയറ്റം സൗന്ദര്യമുള്ളതും ആനന്ദം നല്‍കുന്നതുമാണ്.

8. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തില്‍ വ്യത്യസ്തമായ ലൈംഗികരീതികളിലൂടെയും സമ്പര്‍ക്കത്തിലൂടെയും എങ്ങനെ ലൈംഗിക ആനന്ദം കണ്ടെത്താമെന്നതും ഉള്‍പ്പെടുത്തണം.

9. ഒറ്റയായി ജീവിക്കുന്നതും ലിവിംഗ് ടുഗതര്‍ (വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുക), മോണോഗമസ് (ഒരിണ മാത്രം), ഓപ്പണ്‍ മാര്യേജ് (ഭാര്യക്കും ഭര്‍ത്താവിനും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യത്തോടു കൂടിയുള്ള വിവാഹം) എന്നീ ജീവിത രീതികള്‍ തെരഞ്ഞെടുക്കുന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടങ്ങളനുസരിച്ചായിരിക്കണം എന്നുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്.

സെക്‌സോളജിയില്‍ പി.എച്ച്ഡി എടുത്തിട്ടുള്ള ബെറ്റി അമേരിക്കയിലെ ലൈംഗിക വിദ്യാഭ്യാസ വിദഗ്ദ കൂടിയാണ്. ഇവര്‍ വജൈന മോണോലോഗിനെ എതിര്‍ക്കാന്‍ മുഖ്യ കാരണം, ‘വജൈന മോണോലോഗ്’ സെക്‌സും അതിക്രമങ്ങളുമാണ് (Sex & Violence) പ്രമേയമാക്കുന്നത് എന്നതാണ്. അതേസമയം ഡോഡ്‌സണിന്റെ സെക്‌സ് വര്‍ക്ക്‌ഷോപ്പുകള്‍ സെക്‌സും ആനന്ദവുമാണ് (Sex & Pleasure) വിഷയമായെടുക്കുന്നത്. വജൈന മോണോലോഗുകള്‍ സ്ത്രീയെ വെറുമൊരു അവയവത്തിലേക്ക് ചുരുക്കുകയാണെന്നും, ഒട്ടുമിക്ക മോണോലോഗുകളും ലൈംഗിക സംതൃപ്തി കണ്ടെത്തുന്നത് ലെസ്ബിയനിസത്തിലൂടെയായതിനാല്‍ അത് പുരുഷനെ തീര്‍ത്തും അവഗണിക്കുന്നതും പുരുഷവിരുദ്ധവുമാണെന്നും (Anti-Male), യോനിയിലൂടെ മാത്രം സ്ത്രീ ശാക്തീകരണം സാധ്യമാകില്ലെന്നും, അതിന് അവളെ ലൈംഗികമായ സ്വാതന്ത്ര്യത്തിലൂടെ ആനന്ദത്തിലെത്തിക്കുകയാണ് മാര്‍ഗമെന്നും ഇവിനെതിരെ ഇവര്‍ വാദിക്കുന്നു.

ഫെമിനിസ്റ്റുകള്‍ക്കിടയിലെ ഈ സംവാദങ്ങളെല്ലാം സ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. അവളുടെ ലൈംഗിക സ്വാതന്ത്ര്യമാണ് മൂന്നാം തരംഗ ഫെമിനിസത്തിന്റെ കാതലായ വശം. ലൈംഗികതക്ക് വിലക്കുകളില്ലാത്ത സമൂഹം എന്ന് പറയുമ്പോള്‍ പടിഞ്ഞാറന്‍ ഉദാരലൈംഗികതയുടെ പാരമ്യത്തെയാണ് ഈ സംവാദങ്ങളില്‍ വിവിധ നിലപാടുകള്‍ സ്വീകരിക്കുന്നവരെല്ലാം ആത്യന്തികമായി ദര്‍ശനവല്‍ കരിക്കുന്നത്. ഒരേ സമയം ഉദാരലൈംഗികതയുടെ സാമൂഹ്യസൃഷ്ടിക്ക് വേണ്ടി വാദിക്കുകയും  സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം മനസ്സിലാക്കാനാകുന്നില്ല എന്നതാണ് യഥാര്‍ഥത്തില്‍ ഇവരെ പരാജിതരും പരിഹാസ്യരുമാക്കിത്തീര്‍ക്കുന്നത്. ഉദാര ലൈംഗികതയുടെ ലോകത്ത് ലൈംഗികതക്ക് അതിരുകളില്ല,  വസ്ത്രധാരണത്തിന് നിയമങ്ങളില്ല, സ്ത്രീ-പുരുഷ ഇടപഴകലുകള്‍ക്കോ സമ്പര്‍ക്കങ്ങള്‍ക്കോ യാതൊരു വിലക്കുകളുമില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ ഒരു നിയമത്തിനും സാധിക്കില്ല.

മൈക്രോബയോളജി വിദ്യാര്‍ത്ഥിനിയായിരുന്ന സൂസന്‍ അലക്‌സാണ്ടര്‍ സ്പിത്ത് രാത്രി ഒറ്റക്ക് വീട്ടിലേക്ക് നടന്നുപോകുന്ന വഴി ദാരുണമായി ആക്രമിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സാഹചര്യത്തിലാണ് 1975 ഒക്‌ടോബര്‍ മാസത്തില്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുത്തുകൊണ്ട് ഒരു മാര്‍ച്ച് നടന്നത്. ഇതാണ് പിന്നീട് പ്രശസ്തമായ ‘റ്റെയ്ക്് ബാക് ദി നൈറ്റ്’ (Take Back The Night) എന്ന പ്രസ്ഥാനമായി രൂപപ്പെട്ടത്. മുപ്പതോളം രാജ്യങ്ങളിലായി നൂറില്‍പരം രാത്രിമാര്‍ച്ചുകള്‍ ഓരോ വര്‍ഷവും സംഘടിപ്പിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം എല്ലാ തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെയും എതിര്‍ക്കുക എന്നതാണ്. Take Back The Night അഥവാ ‘രാത്രി തിരിച്ചുപിടിക്കുക’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് രാത്രി പുരുഷന് എങ്ങനെ അവകാശപ്പെട്ടതാണോ അതുപോലെ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്നാണ്. അതിനായി അവര്‍ എല്ലാ വര്‍ഷവും രാത്രിമാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നു. Take Back The Night മറ്റു രാജ്യങ്ങളിലെ ഫെമിനിസ്റ്റുകള്‍ക്കും ആവേശം പകര്‍ന്നു. 1976ല്‍ 16000 ബലാല്‍സംഗങ്ങള്‍ നടന്നതിനെ തുടര്‍ന്ന് വെസ്റ്റ് ജര്‍മനിയില്‍ 1977 ഏപ്രില്‍ 30ന് ‘റീക്ലെയിം ദി നൈറ്റ്’ (Reclaim The Night/’രാത്രി തിരിച്ചുപിടിക്കുക’)  എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പിന്നീട് ഓസ്‌ട്രേലിയ, കാനഡ തുടങ്ങി പലയിടങ്ങളിലേക്കും ഇത് വ്യാപിച്ചു. 1978 മാര്‍ച്ച് മാസത്തില്‍ ഗര്‍ഭിണിയായ യുവതി കൂട്ടബലാല്‍സംഗത്തിനിരയായതു കാരണം മുംബൈയില്‍ Reclaim The Night നടന്നു. Take Back The Night വ്യാപകമായ തോതില്‍ സംഘടിപ്പിക്കുന്നത് വജൈന മോണോലോഗിന്റെയും V-Day  പരിപാടികളുടെയും അകമ്പടിയോടു കൂടിയാണ്.

സെക്‌സ് പൊസിറ്റീവ് ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രം അരങ്ങേറുന്നതല്ല. 2003 മാര്‍ച്ച് മുതല്‍ ‘കിസ്സ യോനി കാ’ എന്ന നാമത്തില്‍ വജൈന മോണോലോഗിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. മുംബൈ, ഡല്‍ഹി, ബംഗളുരു, കൊല്‍ക്കത്ത, ഹൈദരാബാദ്, പുനെ, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം ഇത് നടന്നു കഴിഞ്ഞു. 2009 മാര്‍ച്ചില്‍ ഇന്ത്യയിലെ ഇരുനൂറാമത് പ്രദര്‍ശനം ആഘോഷമാക്കിയത് ബോളിവുഡ് താരങ്ങളെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. 2012 ഡിസംബര്‍ 16ന്   ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗ സംഭവത്തെ തുടര്‍ന്ന് ‘വജൈന മോണോലോഗി’ന്റെ മാതാവായ ഇവ് എന്‍സലര്‍ ഒരു ഇന്ത്യാ സന്ദര്‍ശനം നടത്തി. ആ സന്ദര്‍ശനം തുടങ്ങിയത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നാണ്. 2013 ജനുവരി 2, 3 തിയ്യതികളില്‍ ഇവ് എന്‍സലര്‍ എന്ന ‘വജൈന വുമണ്‍’ കേരളത്തിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമായ നളിനി നായക്കിന്റെ കൂടെയായിരുന്നു. ഇവ് എന്‍സലറിന്റെ കൂടെയിരുന്നു കൊണ്ട് നളിനി നായക് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്: ”കേരളത്തിലെ സ്ത്രീകള്‍ക്ക് ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതിന് അവരുടേതായ വിലക്കുകളുണ്ട്. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥ ആഴത്തില്‍ വേരൂന്നിയിട്ടുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, അത് (തുറന്ന ലൈംഗികത) ചെയ്യാന്‍  നമ്മെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ഇവിടെ വന്നിട്ടുള്ളത്. എന്നിരുന്നാലും അത് അത്ര എളുപ്പത്തില്‍ നേടാന്‍ കഴിയുന്ന ഒന്നല്ല. മാറ്റത്തിന്റെ മങ്ങിയ വെളിച്ചം പലയിടത്തും കണ്ടുതുടങ്ങിയിട്ടുണ്ട്. ’22 ഫീമെല്‍, കോട്ടയം’ പോലുള്ള സിനിമകള്‍ ഉദാഹരണം. ഇവ പുതിയ മനോഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. കേരളത്തിലെ യുവാക്കള്‍ക്ക് പുരുഷകേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് പോകാന്‍ ഇവ് എന്‍സലറിന്റെ സന്ദര്‍ശനം ഹരംപകരുമെന്ന് തീര്‍ച്ചയായും നമുക്ക് ആശിക്കാം.” കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമായി ഇവ് എന്‍സലര്‍ നിര്‍ദേശിച്ചത് ഇതാണ്: ”ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ദീര്‍ഘകാല ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് വിദ്യാഭ്യാസവും, ഉത്തരവാദിത്തബോധവും മനസ്സുകളില്‍ പരിവര്‍ത്തനമുണ്ടാക്കുമെന്നാണ്.” എന്നിട്ട് അവര്‍ ഊന്നിപ്പറഞ്ഞത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ (Sex Education) ആവശ്യകതയെ കുറിച്ചാണ്. കേരളത്തിലെ പ്രധാന ഫെമിനിസ്റ്റുകളുമായി തിരുവനന്തപുരം വൈ. എം. സി. എ ഹാളിലും, ഹസ്സന്‍ മരക്കാന്‍ ഹാളിലും വെച്ച് അവര്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ വെച്ച് ‘വജൈന മോണോലോഗി’ന്റെ പ്രാധാന്യത്തെ വിശദീകരിച്ചുകൊണ്ട് പരിപാടികളും നടന്നു.

ഇതൊരു ചുവടുമാറ്റത്തിന്റെ സൂചനകളാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒന്നടങ്കമോ, അല്ലെങ്കില്‍ ന്യൂ ജനറേഷന്‍ ഫെമിനിസ്റ്റുകള്‍ മാത്രമോ, ലിബറല്‍ ഫെമിനിസത്തില്‍ (Liberal Feminism) നിന്ന് മൂന്നാം  തരംഗ ഫെമിനിസത്തിന്റെ മുഖ്യാകര്‍ഷണമായ റാഡിക്കല്‍ ഫെമിനിസത്തിലേക്കുള്ള (Radical Feminism) ചുവടുമാറ്റം നടത്തുകയാണെന്നാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ലിബറല്‍ ഫെമിനിസം അഥവാ ഇക്വിറ്റി ഫെമിനിസം (Equity Feminism) ജോലിസ്ഥലത്തും, പൊതുരംഗത്തുമുള്ള അവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു നിലനിന്നിരുന്നത് എങ്കില്‍ റാഡിക്കല്‍ ഫെമിനിസം അഥവാ സെക്‌സ് പൊസിറ്റീവ് ഫെമിനിസം സ്വതന്ത്ര ലൈംഗികതയുടെ സാമൂഹ്യസൃഷ്ടിക്കു വേണ്ടിയാണ്  പണിയെടുക്കുന്നത്. കേരളത്തിലെ സമകാലിക സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ഈ ചുവടുമാറ്റം എളുപ്പത്തില്‍ മനസ്സിലാക്കാം. രക്തബന്ധമില്ലാത്ത ആണും പെണ്ണും തമ്മിലുള്ള ചുംബനം ലൈംഗികതയുടെ ഭാഗമാണ്.  ഇങ്ങനെയുള്ള ചുംബനം  Kiss of Love, Kiss in the street, Kiss just തുടങ്ങിയ പേരുകളില്‍ കൊച്ചിയിലും കോഴിക്കോട്ടും ഒരു സമരായുധമായി പൊതുജനങ്ങള്‍ക്കു മുമ്പില്‍ വെച്ചതും ‘രാത്രി ഞങ്ങളുടേതുകൂടിയാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘ഇരുട്ടു നുണയാ’മെടി’കളെ’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ ഒന്നിന് രാത്രി കോഴിക്കോട് ബീച്ചില്‍  പാതിരാ പെണ്‍സമരം സംഘടിപ്പിച്ചതും മൂന്നാം തരംഗ ഫെമിനിസത്തിന്റെ അലയൊലികളാണെന്നുള്ളതില്‍ സംശയമില്ല. പാശ്ചാത്യനാടുകളിലെ Take Back The Night, Reclaim The Night എന്നിവയെ അനുസ്മരിപ്പിക്കുന്നതായിരുന്നു മലയാളി യുവതികളുടെ ‘ഇരുട്ടു നുണയാ’മെടി’കളെ’. കോഴിക്കോട് നടക്കാനിരുന്ന ചുംബനസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്ലക്കാര്‍ഡുകളുമായി അവര്‍ പാതിരാക്ക് ബീച്ചിലെത്തിയത്. നളിനി നായക് പറഞ്ഞതുപോലെ കേരളത്തിലെ യുവാക്കള്‍ക്ക്, പ്രത്യേകിച്ചും യുവ ഫെമിനിസ്റ്റുകള്‍ക്ക് ഇവ് എന്‍സലറിന്റെ വരവ് പ്രോത്സാഹനം നല്‍കിയിരിക്കുന്നു. പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, സെക്‌സ് പൊസിറ്റീവ്, റാഡിക്കല്‍ ഫെമിനിസത്തിന്റെ അനുരണനങ്ങളാണ് ചുംബനസമരങ്ങളും പാതിരാ പെണ്‍സമരങ്ങളും. ലൈംഗിക വിദ്യാഭ്യാസം സമര്‍ത്ഥമായി കേരളത്തില്‍ നടപ്പിലാക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്ന്് ഇവ് എന്‍സിലറിന്റെ സന്ദര്‍ശനത്തിലൂടെയും ചുംബനസമരങ്ങളിലൂടെയും പാതിരാ  പെണ്‍സമരങ്ങളിലൂടെയും ബോധ്യപ്പെടുന്നുണ്ട്. സെക്‌സ് പൊസിറ്റീവ് ഫെമിനിസത്തിന്റെ ഇത്തരം പ്രവര്‍ത്തന പദ്ധതികളിലൂടെ ഉദാര ലൈംഗികതയുടെ സാമൂഹിക സാഹചര്യം സൃഷ്ടിച്ച്, കേരളത്തെ സെക്‌സ് ടൂറിസത്തിനു വളക്കൂറുള്ള മണ്ണാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നതില്‍ യാതൊരു സംശയവുമില്ല.

മൂന്നാം തരംഗ ഫെമിനിസത്തിന്റെ ഭാഗമായി സ്ത്രീപുരുഷ ബന്ധങ്ങളെ അപഗ്രഥിക്കാനുപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ ഒരു വലിയ അട്ടിമറി നടന്നിരിക്കുന്നു. സെക്‌സ് (sex) എന്ന വാക്കിനെ സാധ്യമാകുന്നിടങ്ങളിലെല്ലാം ജെന്‍ഡര്‍ (Gender) എന്ന വാക്കിനാല്‍ ഇവര്‍ തിരുത്തിയെഴുതി. ‘സെക്‌സ്’,  ജൈവപരവും ശരീരശാസ്ത്രപരവുമായ സവിശേഷതകള്‍കൊണ്ട് ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചുമനസ്സിലാക്കാന്‍ ഉപയോഗിക്കുമ്പോള്‍; ജെന്‍ഡര്‍ സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട കര്‍ത്തവ്യങ്ങളെയും പെരുമാറ്റ രീതികളെയും പ്രവര്‍ത്തനങ്ങളെയും ലക്ഷണങ്ങളെയും അടിസ്ഥാനമാക്കി സമൂഹം പരിഗണിക്കുന്ന വേര്‍തിരിവുകളാണ്. ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത് സെക്‌സ്് വ്യത്യസ്തമാണെങ്കിലും, ജെന്‍ഡര്‍ ആണിനും പെണ്ണിനും ഒരു പോലെയായിരിക്കണമെന്നാണ്. ‘സെക്‌സ്’ എന്ന വാക്കുപയോഗിക്കേണ്ടിടത്തെല്ലാം ജെന്‍ഡര്‍ എന്ന് വ്യാപകമായി ഉപയോഗിക്കുന്നത് Gender Agendaയുടെ ഭാഗമാണ്. ജെന്‍ഡര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്ഥായിയായ ഒന്നല്ലെന്നും അത് സാഹചര്യങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കുമനുസരിച്ച് മാറിമറിയുമെന്നും ആയതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെയും പുരുഷനെയും വേര്‍തിരിക്കുന്നത്  അനുവദിക്കില്ലെന്നും റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു. ആണിനെയും പെണ്ണിനെയും പ്രകൃതിപരമായി മനസ്സിലാക്കുന്നിടത്ത് ഇവര്‍ പരിപൂര്‍ണ്ണ പരാജിതരാണെന്ന് ഈ വാദങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രശസ്ത ജേണലിസ്റ്റും കത്തോലിക്കാ വിശ്വാസിയുമായ ഡെയ്ല്‍ ഒ’ ലിയറി (Dale O’ Leary) തന്റെ Gender Agenda: Redefining Equality എന്ന പുസ്തകത്തില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. യുനൈറ്റഡ് നാഷന്‍സിന്റെ ചില വിവാഹ വിരുദ്ധവും, കുടുംബ വിരുദ്ധവുമായ രേഖകളെ സംബന്ധിച്ച് അവര്‍ പറയുന്നു. ”യു.എന്‍. ധരിച്ചു വെച്ചിരിക്കുന്നത് ലോകത്തിന് ആവശ്യം, കുറഞ്ഞ ജനസംഖ്യയും കൂടുതല്‍ ലൈംഗിക ക്ഷമതയും സ്ത്രീ-പുരുഷ വൈജാത്യങ്ങളെ നിഷ്‌കാസനം ചെയ്യലും മുഴുസമയ അമ്മമാരെ വേണ്ടെന്നുവെക്കലുമാണ് എന്നാണെന്ന് തോന്നുന്നു. ഇവരുടെ വീക്ഷണപ്രകാരം ലോകത്ത് വിമോചനം സാധ്യമാവുന്നത് സൗജന്യ ഗര്‍ഭനിരോധനവും നിയമപരമായ ഗര്‍ഭമലസിപ്പിക്കലും പ്രത്യുല്‍പാദനപരമല്ലാത്ത ആണ്‍-പെണ്‍ ലൈംഗികതയും അഭിവൃദ്ധിപ്പെടുത്തുക, ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുകയും അതിലൂടെ കുട്ടികള്‍ക്കിടയില്‍ പ്രായോഗിക രതി സാധ്യമാക്കുകയും അവരെ എങ്ങിനെ ഗര്‍ഭനിരോധനവും ഗര്‍ഭമലസിപ്പിക്കലും ചെയ്യാമെന്ന് പഠിപ്പിക്കുകയും സ്വവര്‍ഗ്ഗരതി സാധാരണമാണെന്നും ആണും പെണ്ണും ഒന്നാണെന്നും പഠിപ്പിക്കുകയും എല്ലാ സ്ത്രീകളെയും അദ്ധ്വാനിക്കുന്ന സമൂഹത്തിന്റെ ഭാഗമാക്കുകയും ഈ അജണ്ടകളെ എതിര്‍ക്കുന്ന മതങ്ങളെ തള്ളിക്കളയുക എന്നിവയിലൂടെയാണെന്ന് തോന്നിപ്പോകുന്നു!” ഓസ്‌ട്രേലിയയിലെ ഫാദര്‍ ഹുഡ് ഫൗണ്ടേഷന്റെ കീഴില്‍ ഇരുപത്തിയൊന്‍പതോളം പ്രഗത്ഭരടങ്ങിയ പാനല്‍ തയ്യാറാക്കിയ  ‘Why Gender Matters?’ എന്ന പ്രബന്ധം ഫെമിനിസ്റ്റ് അജണ്ടയുടെ അപകടങ്ങള്‍ തുറന്നുകാണിക്കുന്നതില്‍ ഏറെ സംഭാവനകളര്‍പ്പിച്ച ഒന്നാണ്. അതിലെ നിരീക്ഷണങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്.

1. ആണ്‍-പെണ്‍ ലിംഗഭേദങ്ങള്‍ അതുല്ല്യമാണ്. ഒരു ലിംഗത്തില്‍ പെട്ടവര്‍ ചെയ്യുന്നതിന് സമാനമായത് പരിപൂര്‍ണ്ണമായി ചെയ്യുക എന്നുള്ളത് മറുലിംഗത്തില്‍ പെട്ടവര്‍ക്ക് തീര്‍ത്തും അസാധ്യമാണ്. ആണ്‍-പെണ്‍ ലിംഗഭേദങ്ങള്‍ സമൂഹത്തിനും കുടുംബത്തിനും അവരിരുവര്‍ക്കുമിടയിലും സമാനതകളില്ലാത്ത സംഭാവനകളര്‍പ്പിക്കുന്നു.

2. ലിംഗഭേദ വ്യത്യാസങ്ങള്‍ വകവെച്ചുകാടുക്കുന്നത് കുട്ടികള്‍ ഫലപ്രദമായി പഠിക്കുന്നതിന് സഹായിക്കുന്നു. ആണ്‍കുട്ടികളുടെ പഠനകാര്യം എന്നും എവിടെയും ഒരു പ്രതിസന്ധിയാണ്. ഇതിന്റെ മൂലകാരണം നമ്മുടെ ക്ലാസ്മുറികള്‍ തയ്യാറാക്കിയിരിക്കുന്നത് പെണ്ണിനനുസരിച്ചായതുകൊണ്ടാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വ്യത്യസ്ത പഠനരീതികളും പഠനകഴിവുകളുമാണുള്ളത്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഭാഷാ വൈദഗ്ധ്യവും സംഭാഷണ ചാരുതയും ഉണ്ടാകുമ്പോള്‍ ആണ്‍കുട്ടികള്‍ പ്രായോഗിക രീതികളിലൂടെയുള്ള പഠനങ്ങളിലാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്.

3. ലിംഗഭേദത്തെ ആഘോഷിക്കുന്നതിലൂടെയാണ് ആണിനും പെണ്ണിനും കൂടുതല്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാന്‍ സാധിക്കുക. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ലിംഗഭേദവിരോധ വിഭ്രാന്തി കൊണ്ടുനടക്കുന്നവര്‍ വൈകാരികമായും മാനസികമായും ശാരീരികമായും പലപ്പോഴും അസ്വസ്ഥരായിരിക്കും. ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ആര്‍ക്കായാലും അംഗീകരിച്ചേ പറ്റൂ. സ്ത്രീ ഹോര്‍മോണുകള്‍ അധികവും കുഞ്ഞിനെ വളര്‍ത്താനും പരിലാളിക്കാനും ശരീരത്തെ പ്രചോദിപ്പിക്കുന്ന വിധത്തിലാണ്. ഗര്‍ഭകാലത്ത് അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് സഹായിക്കുന്നു. ഇത് മുലപ്പാലിലൂടെ കുഞ്ഞിലേക്ക് പകര്‍ന്നുനല്‍കുന്നത്, വിരസതയിലും ദിനചര്യകളിലും ക്ഷമ കൈക്കൊള്ളാന്‍ മാതൃത്വത്തിന് സഹായകമാകുകയും ചെയ്യുന്നു. ഒരു നവജാത ശിശു കുടുംബത്തിലേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍ പിതാവിന്റെ ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ലൈംഗികവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ അളവ് കുറയുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് പരിപൂര്‍ണ്ണ ശിശുപരിപാലനത്തിന് സഹായകമാകുകയും ചെയ്യുന്നു.

4. പുരുഷന്റെ ലിംഗഭേദ സവിശേഷതകള്‍ പിതൃത്വത്തിന്റെ അനിവാര്യ ഘടകമാണ്. ഒരു സമര്‍പ്പിത പിതാവിന്റെ ശിക്ഷണത്തില്‍ വളരുന്ന കുട്ടി കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു.

5. സ്‌ത്രൈണ ലിംഗഭേദ സവിശേഷതകള്‍ മാതൃത്വത്തിന്റെ അനിവാര്യ ഘടകമാണ്. ഒരു സമര്‍പ്പിത മാതാവിന്റെ ശിക്ഷണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച ജീവിതം നയിക്കാന്‍ സാധ്യമാകുന്നു.

6. ആണിനും പെണ്ണിനും ലിംഗഭേദ പാരസ്പര്യം ആസ്വദിക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ് വിവാഹത്തിലൂടെയുള്ള കുടുംബജീവിതം.

7. ലിംഗഭേദ പാരസ്പര്യത്തോടുകൂടിയ ദീര്‍ഘകാല വൈവാഹിക കുടുംബജീവിതം മാനവികതയുടെ സ്വാതന്ത്ര്യത്തിനും ആരോഗ്യകരമായ സമൂഹത്തിന്റെ സ്ഥായിയായ നിലനില്‍പിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായകമാകുന്നു.

8. കുട്ടികളുടെ ഉത്തമ സംരക്ഷണത്തിന് ആണും പെണ്ണും ഉള്‍പ്പെട്ട വൈവാഹിക കുടുംബ വ്യവസ്ഥ അനിവാര്യമാണ്.

9. ലിംഗഭേദവിരോധ വിഭ്രാന്തി (Gender Disorienton Pathology) ആണിനെയും പെണ്ണിനെയും മാനസിക-വൈകാരിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കുടുംബ ജീവിതത്തിന്റെ തകര്‍ച്ചക്ക് ഹേതുവാകുന്നു. ലിംഗഭേദവിരോധ വിഭ്രാന്തി, പ്രതിരോധിക്കാവുന്നതും ചികിത്സിച്ചു സുഖപ്പെടുത്താവുന്നതുമായ ഒരു വൈകല്യമാണ്.

സ്വന്തം ലിംഗഭേദത്തെ മനസ്സിലാക്കി ഉള്‍ക്കൊണ്ട്, അതിന്റെ ധര്‍മ്മം നിര്‍വഹിച്ച് മുന്നോട്ട് പോകുക എന്നതാണ് സ്ത്രീയും പുരുഷനും ചെയ്യേണ്ടത്. ആണിന്റെ കായികക്ഷമത അദ്ധ്വാനിച്ച് പണം സമ്പാദിക്കുവാനും കുടുംബത്തെ സംരക്ഷിക്കുന്നതിനും ഉതകുന്നതാണ്. അതിനെ ആണ്‍കോയ്മ എന്ന് വിളിക്കുന്നത്, മനുഷ്യസൃഷ്ടിപ്പിനെ പരിഹസിക്കുന്നതിന് തുല്യമാണ്. പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളുടെ ശരീരം മൃദുലമാണ്, പുരുഷന് ആകര്‍ഷണീയവുമാണ്. ഈ ആകര്‍ഷിക്കപ്പെടുക എന്ന പ്രക്രിയ പരസ്പരം ഇണചേരുന്നതിനും, അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. അത് സമൂഹം അംഗീകരിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ പുരുഷന്‍ അവളെ അവളുടെ രക്ഷിതാവില്‍ നിന്ന് ഏറ്റെടുത്തതിന് ശേഷം മാത്രമാണ് നിര്‍വഹിക്കപ്പെടേണ്ടത്. അതിനെ അവഗണിക്കുന്നത് മനുഷ്യ സൃഷ്ടിപ്പിനോട് കാണിക്കുന്ന വഞ്ചനയാണ്. അനേക ലക്ഷം വരുന്ന ജീവജാലങ്ങളില്‍ ഒന്നിലെയും പെണ്‍വര്‍ഗ്ഗങ്ങള്‍ ഫെമിനിസ്റ്റ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതായി അറിവില്ല. അവയൊന്നും തന്നെ ലിംഗഭേദ നിരാസത്തിനുവേണ്ടി കൊടി പിടിച്ചതായി കണ്ടെത്തിയിട്ടുമില്ല. അതിനര്‍ത്ഥം അവ ആണ്‍കോയ്മയുടെ അടിമകളായി കഴിയുന്നു എന്നല്ല. മറിച്ച്, അവയുടെ ജതിക ധര്‍മ്മം നിര്‍വഹിച്ച് മുന്നോട്ടുപോകുന്നു എന്നാണ്. ജൈവലോകത്ത് മനുഷ്യന് മാത്രം സവിശേഷമായി നല്‍കപ്പെട്ടിട്ടുള്ള അസ്തിത്വസ്വാതന്ത്ര്യം ദുരുപേയാഗം ചെയ്ത്, തന്റെ ലിംഗവ്യത്യാസത്തെ ആസ്വദിച്ചു മുന്നോട്ടുപോകുന്നതിനുപകരം  പുരുഷന്റെ ലിംഗഭേദജന്യ സവിശേഷതകളെ തന്റേതാക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുമ്പോഴാണ് ‘പൊതു’ ആയതെല്ലാം ‘അവന്’ മാത്രം അവകാശപ്പെട്ടതാണെന്ന് ‘ഫെമിനിസ്റ്റ് അവള്‍’ തെറ്റിദ്ധരിച്ചു പോകുന്നത്. അതുകൊണ്ടുതന്നെയാണ് പൊതു ഇടങ്ങള്‍ ആഭാസങ്ങള്‍ക്ക് വേദിയാകുന്നതും, സംഘര്‍ഷഭരിതമാകുന്നതും.

സ്ത്രീ ശാക്തീകരണത്തിനുള്ള ഉപകരണം വജൈനയല്ല; ഹിജാബാണ്

പെണ്‍ലിംഗഭേദത്തെ ആസ്വദിക്കാനും പെണ്‍ ശരീരപ്രകൃതിയില്‍ ആകൃഷ്ടനാകുവാനുമുതകുന്ന രീതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് പുരുഷന്റെ ജീവശാസ്ത്രപരമായ ഘടന. നേരെ തിരിച്ച്, സ്ത്രീശരീരം പടക്കപ്പെട്ടിരിക്കുന്നത് ആണില്‍ നിന്ന് ലൈംഗികത ആസ്വദിക്കാന്‍ പാകത്തിലാണ്. ഈ പ്രക്രിയ തന്നെയാണ് വിവാഹിതരും അല്ലാത്തവരുമായ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ നടക്കുന്നത്. പെണ്ണിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ തയ്യാറെടുക്കുന്ന പുരുഷനിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്  ഇതേ രീതിയിലുള്ള ജൈവികമായ രാസമാറ്റമാണ്. ഈ മൂലകാരണത്തെ അടിസ്ഥാനമാക്കിക്കൊണ്ടാവണം സ്ത്രീ പീഡനങ്ങള്‍ക്കുള്ള പരിഹാരമന്വേഷിക്കേണ്ടത്. ഈ പരിഹാര പ്രക്രിയയില്‍ നടപടികള്‍ കൈക്കൊള്ളാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ തയ്യാറെടുക്കുകയും വേണം. ഇതാണ് ധാര്‍മ്മികവും മാനവികവുമായ   പ്രതിവിധി. എന്നാല്‍ മുതലാളിത്തത്തിന്റെ ഒത്താശയോടു കൂടി ഫെമിനിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പരിഹാരങ്ങളെല്ലാം സാമൂഹ്യ സദാചാരത്തിന്റെ കഴുത്തറുക്കുന്നതാണ്. പുരുഷന്‍ സ്ത്രീയെ ആക്രമിക്കുന്നത് ഇല്ലാതാക്കാന്‍ സ്ത്രീയെ ‘ഇഷ്ടത്തോടു കൂടി’ പുരുഷനു വഴങ്ങിക്കൊടുക്കാന്‍ ‘പ്രാപ്തയാക്കുകയാണ്’ ഇവര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ചെയ്യുന്നത് എന്ന് പറയുവാന്‍ സാധിക്കും. അതിക്രമങ്ങളെ കുറയ്ക്കുകയല്ല, മുതലാളിത്തത്തിന്റെ ആഗ്രഹപ്രകാരം പെണ്ണിനെ  ലാഭം കൊയ്യാനുള്ള ഒരു ചരക്കാക്കി മാറ്റുന്നതിന് സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 2006 ജൂണ്‍ 19ന് വാഷിംഗ്ടണ്‍ പോസിറ്റില്‍ വന്ന ‘ബലാല്‍സംഗ സ്ഥിതി വിവരകണക്കുകള്‍ താഴോട്ട് പോകുന്നു’ എന്ന ലേഖനത്തില്‍ സാധ്യതയുള്ള ഒരുപാട് കാരണങ്ങള്‍ വിശദീകരിച്ച ശേഷം അവസാനം പറയുന്നത് ഇങ്ങനെയാണ്: ”ഏറെ പ്രത്യാശ നല്‍കുന്ന മറ്റൊരു വിശദീകരണം; അമേരിക്കക്കാര്‍ ലൈംഗിക അതിക്രമത്തോടുള്ള അവരുടെ സമീപനത്തില്‍ ഏറെ മാറ്റം വരുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനെ കുറിച്ച് സ്ത്രീകള്‍ പഠിച്ചിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തിന്റെ നിയമങ്ങള്‍ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ പരിശീലനം സിദ്ധിച്ചിട്ടുമുണ്ട്.” എന്നുവെച്ചാല്‍, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ എങ്ങനെ ‘സുരക്ഷിത’മാക്കാമെന്നും, ‘സമ്മതത്തിന്റെ നിയമങ്ങള്‍’ വെച്ച് എങ്ങനെ  പുരുഷതാല്‍പര്യങ്ങള്‍ക്ക് കുട പിടിക്കാമെന്നും അവര്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നര്‍ത്ഥം. ഇതിന്റെയെല്ലാം പരിണിതഫലമാണ് വര്‍ദ്ധിച്ചുവരുന്ന പിതാവില്ലാത്ത വീടുകള്‍. ലോകത്ത് പിതാവില്ലാത്ത കുടുംബങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 1960 ല്‍ പിതാവില്ലാത്ത വീടുകളില്‍ താമസിക്കുന്ന കുട്ടികളുടെ എണ്ണം 7 മില്ല്യണ്‍ ആയിരുന്നെങ്കില്‍ 1996 ല്‍ ഇത് 20 മില്ല്യണ്‍ ആണ്. 1960 ല്‍ വിവാഹിതരല്ലാത്ത അമ്മമാര്‍ 4 ശതമായിരുന്നത് 2000 ല്‍ 41 ശതമാനമായി മാറി. 2008 ലെ 41% പ്രസവങ്ങളും നടന്നത് വിവാഹിതരല്ലാത്ത അമ്മമാരിലൂടെയാണ്.

ബലാല്‍സംഗത്തിലൂടെയാണെങ്കിലും പരസ്പരസമ്മതത്തോടുകൂടിയ വ്യഭിചാരത്തിലാണെങ്കിലും രണ്ടിലും സംഭവിക്കുന്നത് സ്ത്രീ ചൂഷണം ചെയ്യപ്പെടുകയും പുരുഷന്‍ സ്വതന്ത്രനായി ആസ്വദിക്കുകയുമാണ്. ഇവിടെയാണ് പ്രകൃതിമതമായ ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. പെണ്ണിനെ അതിക്രമിച്ച് ആസ്വദിക്കുന്നതും,  വ്യഭിചാരത്തിലൂടെ ആസ്വദിക്കുന്നതും ഇസ്‌ലാം വിലക്കുന്നു. വിവാഹം വഴി മാത്രമാണ് മനുഷ്യര്‍ക്കിടയില്‍ ലൈംഗികാസ്വാദനങ്ങള്‍ നടക്കേണ്ടത് എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. ഒരു പുരുഷന് താന്‍ ഇച്ഛിക്കുന്ന ഏതൊരു സ്ത്രീയുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. പക്ഷെ, അവളുടെ സമ്മതപ്രകാരം അവളുടെ രക്ഷിതാവിന്റെ കയ്യില്‍ നിന്നും, രണ്ടു സാക്ഷികളെ മുന്‍നിര്‍ത്തി അവളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാകണമെന്ന് മാത്രം. പെണ്ണിനെ താന്‍ ലൈംഗികമായി ആസ്വദിക്കുന്നുണ്ടെങ്കില്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന അവളുടെ ശാരീരിക-െെവകാരിക മാറ്റങ്ങളെ കൂടി ഏറ്റെടുക്കുന്നതിനും, അതിന്റെ സാമ്പത്തിക ബാധ്യതകള്‍ വഹിക്കുന്നതിനും പുരുഷന്‍ തയ്യാറാകണമെന്നുള്ളതുകൊണ്ടാണ് ഇസ്‌ലാം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. അത് തന്നെയാണ് മാനവികവും.

വിവാഹേതരമായ എല്ലാ ലൈംഗികാസ്വാദനങ്ങളും അടിസ്ഥാനപരമായി പെണ്‍വിരുദ്ധമാണ്. ഫെമിനിസം പെണ്‍പക്ഷത്താണ് നിലകൊള്ളുന്നതെന്ന പൊതുബോധം അടിസ്ഥാനരഹിതമാണെന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്. വിവാഹേതരമായ പുരുഷ ലൈംഗിക താല്‍പര്യങ്ങളില്‍നിന്ന് സ്ത്രീയെ സംരക്ഷിച്ചുനിര്‍ത്തുകയാണ്് സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വഴി. അതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഹിജാബ്. ഹിജാബ് അഥവാ ‘മറ’ എന്നത് ശരീരത്തിന്റെ ആകാരവടിവുകള്‍ പുറത്തു കാണാത്ത, നേര്‍ത്തതല്ലാത്ത രീതിയിലുള്ള അയഞ്ഞ വസ്ത്രധാരണമാണ്. മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇതിനാല്‍ മറയ്ക്കപ്പെടും. വിവാഹത്തിലൂടെ തന്റേതല്ലാത്ത ഏതൊരു പുരുഷനു മുന്‍പിലും ‘ഞാന്‍ നിനക്കാസ്വദിക്കാനള്ളവളല്ലെ’ന്ന് ഊന്നിപ്പറയുന്ന വസ്ത്രധാരണമാണ് ഹിജാബ്. ഫെമിനിസ്റ്റുകള്‍ എന്നും ഹിജാബിനെതിരാണ്. കാരണം മുതലാളിത്തം അവരെയങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. ശിരസ്സടക്കം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രധാരണമെന്നാല്‍ അത് പുരുഷന് അടിമപ്പെടലാണ് എന്നും വസ്ത്രം പരമാവധി ഉരിയുന്നത് പെണ്ണിന്റെ സ്വാതന്ത്ര്യമാണ് എന്നും അവര്‍ പഠിപ്പിക്കുന്നു. മീഡിയ എന്ന ക്ലാസ് മുറികളിലിരുത്തിയാണ് മുതലാളിത്തം എന്ന അദ്ധ്യാപകന്‍ ഫെമിനിസ്റ്റുകള്‍ക്ക് ഇത്തരം പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നത്.

മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് തയ്യാറാക്കിയ ഇവ് എന്‍സലറിന്റെ പുതിയ മോണോലോഗാണ് ‘അണ്ടര്‍ ദി ബുര്‍ക്വ’ (Under The Burqa). ഹിജാബില്‍ നിന്ന് നഗ്നതയിലേക്ക് യാത്ര തിരിക്കാന്‍ ഇത് മുസ്‌ലിം സ്ത്രീയെപ്രേരിപ്പിക്കുന്നു. തന്റേതായ സ്വകാര്യതകളെല്ലാം സകല പുരുഷന്മാര്‍ക്കും  കാഴ്ച വെക്കലാണോ, അതോ താന്‍ വെറുമൊരു ലൈംഗികോപകരണമല്ലെന്നും തന്നെ ഏറ്റെടുക്കുന്ന പുരുഷനു മാത്രമേ തന്നെ ആസ്വദിക്കാനുള്ള അവകാശമുള്ളൂവെന്നും വസ്ത്രധാരണത്തിലൂടെ പ്രഖ്യാപിക്കുന്നതാണോ, ഏതാണ് യഥാര്‍ത്ഥത്തില്‍ പുരുഷനുള്ള അടിമപ്പെടല്‍? ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ  കേവല മതവസ്ത്രമല്ല. അത് പെണ്‍ലിംഗഭേദത്തിന്റെ ഏറ്റവും പ്രകൃതിപരമായ ഉടയാടയാണ്. അത് ചാരിത്ര്യത്തിന്റെ അടയാളമാണ്. അത് ചൂഷകര്‍ക്കെതിരെയുള്ള സംരക്ഷിത കവചമാണ്. അത് സംരക്ഷണത്തിന്റെ ആവരണമാണ്. ആ ഉടയാടകള്‍ പൊതു ഇടങ്ങളില്‍ ഇങ്ങനെ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കും: ”ഞാന്‍ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീയാണ്. എന്റെ ശരീരം എന്നെ ഏറ്റെടുക്കുന്ന പുരുഷനുമായി മാത്രമാണ് ഞാന്‍ പങ്കുവെക്കുക. നിങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വഴങ്ങുന്നവളാകാന്‍ എന്നെ കിട്ടില്ല.” വജൈനയിലൂടെയല്ല, ഹിജാബിലൂടെയാണ് സ്ത്രീ ശാക്തികരിക്കപ്പെടേണ്ടത്. വൈജനയുടെ സ്വാതന്ത്ര്യത്തിലൂടെയല്ല, ഹിജാബ് നല്‍കുന്ന സ്വാതന്ത്ര്യത്തിലൂടെയാണ് സ്ത്രീ വിമോചിതയാകേണ്ടത്.

ക്വുര്‍ആന്‍ ഇങ്ങനെ പറയുന്നു: ”നബിയേ, നിന്റെ പത്‌നിമാരോടും, പുത്രിമാരോടും, സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പാടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.” (33:59).

എടികളേ, നിങ്ങളുടെ ലിംഗഭേദത്തെ അറിയാനും, ആസ്വദിക്കാനും, ആഘോഷിക്കാനും നിങ്ങള്‍ തയ്യാറുണ്ടോ? പൗരുഷത്തെ പുരുഷന് വകവെച്ചുകൊടുക്കാനും സ്‌ത്രൈണതയെ സ്വയം ഉള്‍ക്കൊള്ളാന്‍ സന്നദ്ധരായിക്കൊണ്ട് പെണ്‍മയെ നുണയാനും നിങ്ങള്‍ ഒരുക്കമാണോ?