പെണ്‍മയുടെ പ്രതിരോധമാണ് പര്‍ദ

ഭൂമിയില്‍ ലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളുണ്ട്. ഈ ലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളില്‍ വ്യതിരിക്തമായ അസ്തിത്വമുള്ളവനാണ് മനുഷ്യന്‍. ഈ വ്യത്യാസങ്ങളില്‍ സുപ്രധാനമായ ഒന്ന്, ഇതരജീവജാലങ്ങളൊന്നും തന്നെ അവയുടെ നാണം മറക്കുന്നതിനുവേണ്ടി വസ്ത്രം ഉപയോഗിക്കുന്നതായി നമ്മളാരും കണ്ടിട്ടില്ല എന്നതുതന്നെയാണ്. തിന്നുകയും കുടിക്കുകയും രമിക്കുകയും ഉറങ്ങുകയുമെല്ലാം ചെയ്യുന്ന നിത്യജീവിതത്തില്‍ ഒരുവേള പോലും ഈ ജീവജാലങ്ങള്‍  തങ്ങളുടെ നഗ്നത മറക്കുവാന്‍ വേണ്ടി വസ്ത്രം ഉപയോഗിച്ചതായി നമുക്കാര്‍ക്കും അറിയില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. തിന്നുകയും കുടിക്കുകയും പാര്‍പ്പിടമൊരുക്കുകയും ചെയ്യുന്ന പോലെ പ്രാഥമികമായ ഒരാവശ്യം തന്നെയാണ് മനുഷ്യന് വസ്ത്രവും വസ്ത്രധാരണവും. അവന്‍ അവന്റെ നഗ്നത മറക്കുവാന്‍ വേണ്ടി വസ്ത്രം ഉപയോഗിക്കുന്നു. ആദമും ഹവ്വയും പടച്ചതമ്പുരാന്റെ സൃഷ്ടികളായിക്കൊണ്ട് സ്വര്‍ഗത്തിലെ ഒരു തോട്ടത്തില്‍ നിയോഗിക്കപ്പെടുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്വുര്‍ആനിലെ ഏഴാമത്തെ അധ്യായം സൂറത്തുല്‍ അഅ്‌റാഫിലെ പത്തൊമ്പതു മുതല്‍ ഇരുപത്തിനാല് വരെയുള്ള വചനങ്ങളിലൂടെ കണ്ണോടിച്ച് നോക്കുകയാണെങ്കില്‍ നമുക്ക് വളരെ വ്യക്തമായിട്ട് വായിക്കുവാന്‍ സാധിക്കും. സ്വര്‍ഗത്തില്‍ നിയോഗിച്ച ശേഷം പടച്ചതമ്പുരാന്‍ അവരോട് ഒരു പ്രത്യേക വൃക്ഷത്തെ സമീപിച്ചുകളയരുത് എന്ന് പറയുകയാണ്. എന്നാല്‍ അവിടേക്ക് പിശാച് കടന്നുവരികയും അവര്‍ക്കിടയില്‍ ദുര്‍ബോധനം നടത്തുകയും ചെയ്യുന്നതായിട്ടാണ് നമുക്ക് വായിക്കാന്‍ സാധിക്കുക. നിങ്ങള്‍ ആ വൃക്ഷത്തെ സമീപിച്ചുകൊള്ളുക, ആ വൃക്ഷത്തെ സമീപിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ മലക്കുകളാകാം അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ നിത്യവാസികളാകാം എന്ന പിശാചിന്റെ വ്യാജവാഗ്ദാനത്തില്‍ വഞ്ചിതരായിക്കൊണ്ട് ആദമും ഹവ്വയും ആ വൃക്ഷത്തെ സമീപിക്കുന്നു. ആ വൃക്ഷത്തെ സമീപിച്ചതിന് ശേഷം അവര്‍ക്ക് അവരുടെ നഗ്നത വെളിവാകുന്നു. ഗോപ്യമായ ഭാഗങ്ങള്‍ വെളിവാകുമ്പോള്‍ ഇലകള്‍ പറിച്ചുകൊണ്ട് അവരിരുവരും നഗ്നത മറക്കുന്ന രംഗമാണ് ക്വുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നത്. ഇവിടെ നമുക്ക് മനസ്സിലാകുന്ന വസ്തുത, നഗ്നത മറക്കുക എന്നുള്ള കാര്യം, ആദിമ മനുഷ്യനില്‍ നിന്ന് തന്നെ തുടങ്ങുന്നുണ്ട് എന്നതാണ്. ആദ്യമായി പടച്ചതമ്പുരാന്‍ സൃഷ്ടിച്ച മനുഷ്യരായ ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുംതന്നെ തന്റെ നഗ്നത മറക്കപ്പെടേണ്ടതാണ് എന്ന  മനുഷ്യബോധം ആരംഭിച്ചിട്ടുണ്ട് എന്നതാണ് സത്യം.

 

 

എന്തിന് വേണ്ടിയാണ് നഗ്നത മറക്കുന്നത്? ലൈംഗികജീവിതത്തിന്റെ സംരക്ഷണമാണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. ഇത് പറയുമ്പോള്‍ സ്ത്രീനഗ്നതയെക്കുറിച്ച് സവിശേഷമായിത്തന്നെ പ്രതിപാദിക്കേണ്ടതുണ്ട്. നമുക്കറിയാം ഒരു ആണിന് ഒരു പെണ്ണിന്റെ ശരീരം കാണുമ്പോള്‍ തന്നെ അതിലേക്ക് ആകര്‍ഷണമുണ്ടാകും. അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയെ ആണ് കാണുമ്പോള്‍ സ്വാഭാവികമായും അട്രാക്ഷനുണ്ടാകുന്നു. മറ്റു ജീവജാലങ്ങളില്‍ പലപ്പോഴും ഇതല്ല അവസ്ഥ. ഉദാഹരണമായി കിളികളില്‍നിന്ന് നമുക്ക് മയിലിനെയെടുക്കാം. ആണ്‍മയിലിനെ കാണാനാണോ പെണ്‍മയിലിനെ കാണാനാണോ കൂടുതല്‍ ഭംഗി? സംശയമില്ല, ആണ്‍മയിലിനു തന്നെയാണ് ഭംഗി.  ഒരുപാട് പീലിയുള്ള, അവ വിടര്‍ത്തി അതിമനോഹരമായി നൃത്തം ചെയ്യാനറിയുന്ന ആണിനോളം സുന്ദരിയല്ല പെണ്‍മയില്‍. അതുപോലെത്തന്നെ, നാം നിത്യജീവിതത്തില്‍ കാണുന്ന കോഴി. പൂവന്‍ കോഴിയാണ് പിടക്കോഴിയെക്കാളും സുന്ദരനായിട്ടുള്ളത്. സടയൊക്കെയുള്ള ആണ്‍സിംഹത്തിനാണ് ഭംഗി. പെണ്‍സിംഹത്തിനെ കാണാന്‍ അത്ര ഭംഗിയില്ല. ഈ ജീവിവര്‍ഗ്ഗങ്ങളിലെല്ലാം തന്നെ ആണാണ് സൗന്ദര്യവാന്‍. പെണ്ണ് ആ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ആണിന്റെ അടുത്തേക്ക് പോകുന്നതായിട്ടാണ് നമുക്ക് കാണാന്‍ സാധിക്കുക. പക്ഷെ, മനുഷ്യരുടെ കാര്യത്തില്‍ ഇങ്ങനെയല്ല. മനുഷ്യരില്‍ പെണ്ണാണ് സുന്ദരി. പെണ്ണാണ് സൗന്ദര്യത്തിന്റെ രൂപകം. ഈ സൗന്ദര്യത്തിലേക്ക് പുരുഷന്‍  ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയുടെ രസതന്ത്രം എന്താണെന്നുവെച്ചാല്‍,  സ്ത്രീനഗ്നത കാണുമ്പോള്‍ ആണിന്റെ ശരീരത്തില്‍ ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ആ ഹോര്‍മോണിന്റെ പേരാണ് ടെസ്റ്റോസ്റ്റിറോണ്‍. ടെസ്റ്റോസ്റ്റിറോണ്‍ എന്ന് പറയുന്ന ഈ ഹോര്‍മോണ്‍ അവന്റെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അല്ലാതെ ഒരു പെണ്ണിനെ കാണുമ്പോള്‍ തന്റെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാകണം എന്ന് പുരുഷന്‍ വിചാരിക്കുന്നതുകൊണ്ടല്ല ആ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. പടച്ചതമ്പുരാന്‍ സൃഷ്ടിപ്പിന്റെ ഭാഗമായിത്തന്നെ പുരുഷന്റെ ജൈവിക പ്രകൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് അത്. ഈ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ മനുഷ്യനെ, ആ ആണിനെ ഇത് കൊണ്ടെത്തിക്കുന്നത് ലിബിഡോ എന്നൊരവസ്ഥയിലേക്കാണ്. എന്താണ് ലിബിഡോ? പെണ്ണുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ അദമ്യമായ പ്രേരണയുള്ള മാനസികവും ശാരീരികവുമായ ഒരവസ്ഥയാണ് ലിബിഡോ. ടെസ്റ്റോസ്റ്റിറോണ്‍ ഒരു പുരുഷന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ അടുത്ത ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അത് ലിബിഡോയുടെ  അവസ്ഥയിലേക്ക് അവനെ എത്തിക്കുകയാണ്.

 

നമ്മളാലോചിച്ചുനോക്കുക, നഗ്നയായ അല്ലെങ്കില്‍ അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എങ്കില്‍ ഇന്നത്തെ ഒരു പുരുഷന്റെ ശരീരം നിരന്തരമായി ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയാകില്ലേ? ഇന്ന്  ഒരു മനുഷ്യന്‍ പുറത്തിറങ്ങുമ്പോള്‍ നടന്നുനീങ്ങുന്ന വഴികളിലെല്ലാം ഒരുപാടൊരുപാട് പോസ്റ്ററുകള്‍ കാണേണ്ടിവരും; ഒരുപാട് ഫഌക്‌സുകള്‍ കാണേണ്ടിവരും. അവയിലൊക്കെ സ്ത്രീനഗ്നതയാണ് കാര്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. നഗ്നവും അര്‍ദ്ധനഗ്നവുമായിട്ടുള്ള എണ്ണമറ്റ സ്ത്രീചിത്രങ്ങള്‍ കണ്ടുകൊണ്ട് നടന്നുനീങ്ങുന്ന പുരുഷശരീരങ്ങളെക്കുറിച്ചാലോചിച്ചു നോക്കൂ. ഈ ഫഌക്‌സുകളുടെയൊക്കെ പ്രത്യേകത, ഒരുപാട് വലുതായിരിക്കും അവ എന്നതു തന്നെയാണ്. ഒറ്റ നോട്ടത്തില്‍ തന്നെ വളരെ ക്ലിയറായിട്ടുള്ള ഇമേജ് തരുന്നതാണ് ഫഌക്‌സ്. നടന്നുപോകുമ്പോഴും വാഹനത്തില്‍ പോകുമ്പോഴുമെല്ലാം എളുപ്പത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലാണ് അതെല്ലാം നാട്ടിവെച്ചിരിക്കുന്നത്. ഏറ്റവും ഉയരത്തിലാണ് അവയെല്ലാം വെച്ചിട്ടുള്ളത്. അപ്പോള്‍ പോസ്റ്ററുകളിലാകട്ടെ, ഫഌക്‌സുകളിലാകട്ടെ, അവര്‍ നടന്നുപോകുന്ന സ്ഥലങ്ങളിലാകട്ടെ, കയറുന്ന ബസ്സിലാകട്ടെ,  ചെന്നുചേരുന്ന ഓഫീസിലാകട്ടെ, വിദ്യാലയത്തിലേക്കാണ് പോകുന്നതെങ്കില്‍ അവിടെയാകട്ടെ, കോളജിേലക്കാണെങ്കില്‍ അവിടെയാകട്ടെ,  മാര്‍ക്കറ്റിലാകട്ടെ, എവിടെയാകട്ടെ, അവിടെയെല്ലാം നഗ്നരായ, അല്‍പവസ്ത്രധാരികളായ സ്ത്രീകളെയാണ് പുരുഷന്മാര്‍ കാണുന്നത്. ഈ സമയങ്ങളിലെല്ലാംതന്നെ, നിങ്ങളാലോചിച്ചുനോക്കുക,  നോട്ടത്തില്‍ തന്നെ പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുന്നു. നോക്കുന്ന സമയത്ത് പുരുഷന്റെ ശരീരം ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും. സ്വന്തം ഇണയുടേതല്ലാത്ത സ്ത്രീനഗ്നതയിലേക്ക് നോക്കുന്നതില്‍നിന്ന് ഇസ്‌ലാം പുരുഷനെ കര്‍ശനമായി വിലക്കുന്നത് നമുക്കറിയാം. വര്‍ധിച്ച തോതിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം പുരുഷനെ ലിബിഡോ അല്ലാത്ത വേറൊരു അവസ്ഥയിലേക്കുകൂടി കൊണ്ടെത്തിക്കുന്നുണ്ട്. അതാണ് ക്രിമിനലൈസേഷന്‍. ടെസ്റ്റോസ്റ്റിറോണിന്റെ ലിബിഡോ അല്ലാത്ത മറ്റൊരു ഫംഗ്ഷനാണത്. എന്നുവെച്ചാല്‍, കുറ്റകൃത്യം ചെയ്യുവാനുള്ള ത്വര. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവസ്ഥ പരിശോധിക്കുക; പെണ്ണുങ്ങളേക്കാള്‍ ആണുങ്ങളാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച പഠനഫലങ്ങള്‍ തെളിയിക്കുന്നത് പുരുഷന്റെ ശരീരത്തില്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് അവനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് കൊണ്ടെത്തിക്കുന്നത് എന്നാണ്.

 

പെണ്‍നഗ്നതയുടെ ദൃശ്യങ്ങള്‍ പുരുഷശരീരത്തിലുണ്ടാക്കുന്ന പ്രകോപനങ്ങളും പ്രകമ്പനങ്ങളും തീര്‍ത്തും സവിശേഷമാണ്. പെണ്‍ശരീരത്തിന്റെ ലൈംഗിക രസതന്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക പ്രകൃതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ പരിഗണിക്കാന്‍ മടിക്കുന്നു എന്നതാണ് ഫെമിനിസ്റ്റുകളുടെ ഏറ്റവും വലിയ പരിമിതി. ലൈംഗിക ബന്ധം സമ്മാനിക്കുന്ന അനുഭവങ്ങളുടെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്.  ലൈംഗിക ബന്ധം നടന്നുകഴിഞ്ഞാല്‍ അവിടെ ഏറ്റവും കൂടുതല്‍ ബാധ്യത ആര്‍ക്കാണുള്ളത്? പുരുഷന് ജൈവികമായി യാതൊരുവിധ ബാധ്യതയുമുണ്ടാകുന്നില്ല. പക്ഷെ, സ്ത്രീയോ? അവള്‍ ഗര്‍ഭിണിയാകും. അവള്‍ക്ക് ആ ഗര്‍ഭം ഒമ്പത് മാസക്കാലത്തോളം കൊണ്ടുനടക്കേണ്ടിവരും. അതിനുശേഷം അവള്‍ക്ക് പ്രസവിക്കേണ്ടിവരും. പ്രസവിച്ച കുട്ടിക്ക് മുലയൂട്ടേണ്ടിവരും. മുലയൂട്ടുമ്പോഴും അല്ലാതെയും അവള്‍ക്ക് ആ കുട്ടിയെ തന്റെ മാറോട് ചേര്‍ത്ത് വളര്‍ത്തേണ്ടിവരും. ഈ സമയത്ത് തനിക്ക് താങ്ങായും തനിക്ക് തണലായും തന്റെ കൂടെ താന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ഉണ്ടാവുക എന്നതാണ് വിവാഹം വഴി പെണ്ണിന് ഇസ്‌ലാം ഉറപ്പുവരുത്തുന്നത്.  വിവാഹബാഹ്യരതി തീര്‍ത്തും പുരുഷാധിപത്യപരവും പെണ്‍ വിരുദ്ധവുമാണെന്ന് ലൈംഗികതയുടെ ജീവശാസ്ത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാം വ്യഭിചാരത്തെ പഴുതടച്ചു നിരോധിക്കുന്നതിന്റെ പ്രകൃതിപരത ഇതാണ്. നമുക്കറിയാം അമേരിക്കയില്‍ 96 ശതമാനവും വിവാഹപൂര്‍വ രതിയിലേര്‍പ്പെടുന്ന ആളുകളാണ് ഉള്ളത്. അതില്‍ 60 ശതമാനത്തോളം 13 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇത് ഒരു ഞെട്ടലോടുകൂടി കേള്‍ക്കേണ്ട വാര്‍ത്തയാണ്. നിങ്ങളാലോചിച്ചുനോക്കുക. 13 വയസ്സിന് താഴെയുള്ള കുട്ടികളാണ് 60 ശതമാനവും വൈവാഹിക ജീവിതത്തിന് മുമ്പേ ലൈംഗിക ജീവിതത്തില്‍ ഏര്‍പ്പെടുന്നത്.  സ്വാഭാവികമായിട്ടും പെണ്ണ് ഗര്‍ഭം ധരിക്കും, കുട്ടികളുണ്ടാകും. ഇങ്ങനെയുള്ള കുട്ടികള്‍ വര്‍ധിച്ചതോതില്‍ അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ കുട്ടികളാണ് ഇന്ന് അവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം പിതാവാരാണെന്നറിയാത്ത ഒരുപാട് മക്കളെ ഇന്ന് അമേരിക്ക പേറുന്നുണ്ട്. ഇത് വലിയ ഒരു പ്രശ്‌നമായിട്ട് അവിടുത്തെ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ അവതരിപ്പിക്കുന്നു. ഞങ്ങളുടെ സമൂഹത്തിന്റെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാകുന്നത് പിതാവാരെന്ന് അറിയാതെ വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളാണ് എന്നവര്‍ പറയുന്നു.

 

അമേരിക്കയില്‍ യഥാര്‍ഥത്തില്‍ നടന്നത് സെക്‌സിന്റെ വിപണിവല്‍കരണമാണ.് വാണിജ്യസെക്‌സില്‍ എപ്പോഴും ചരക്കുവല്‍കരിക്കപ്പെടുന്നത് പെണ്ണാണ്. വിവാഹബാഹ്യരതിയില്‍ സ്ത്രീ വസ്തുവും പുരുഷന്‍ ഉപഭോക്താവുമായി മാറുകയാണ് ചെയ്യുന്നത്.  നേരത്തെ സൂചിപ്പിച്ചതുപോലെ, പുരുഷനെ സംബന്ധിച്ചേടത്തോളം പെണ്‍നഗ്നതയുടെ കാഴ്ച തന്നെ വളരെ പ്രധാനപ്പെട്ടൊരു രതിയനുഭവമാണ്. രതി കമ്പോളവല്‍കരിക്കപ്പെടുന്ന സാമഹ്യക്രമങ്ങളില്‍ പെണ്‍നഗ്നത പ്രദര്‍ശനച്ചരക്കായി മാറുകയാണ് ഒന്നാമതായി സംഭവിക്കുക. ഇതാണ് ഇന്നത്തെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാമാര്‍ത്തമായ പുരുഷനേത്രങ്ങള്‍ക്കുവേണ്ടി പെണ്‍മേനികള്‍ തുണിയുരിഞ്ഞുനില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ! ഇതു മനസ്സിലാകാന്‍ പരസ്യങ്ങളെ മാത്രം അപഗ്രഥിച്ചാല്‍ മതി.  കമ്പനികള്‍ തമ്മിലുള്ള കിടമത്സരത്തില്‍ പരസ്യചിത്രങ്ങള്‍ക്ക് രുചി പകരുന്ന മസാലക്കൂട്ടായി പെണ്‍ശരീരം നിര്‍വചിക്കപ്പെടുകയാണ്. ഒരു എക്‌സാമ്പ്ള്‍ പറയുകയാണെങ്കില്‍,  സോപ്പ.് പിയേഴ്‌സ് സോപ്പ് മാത്രമേ നമ്മുടെ വിപണിയില്‍ കിട്ടാനുള്ളൂ എന്ന് വിചാരിക്കുക. സ്വാഭാവികമായിട്ടും അതിനെക്കുറിച്ചുള്ള ഒരു പരസ്യം വരുമ്പോള്‍ ആ പരസ്യത്തില്‍ എന്തായിരിക്കും പറയുക? ഇത് നല്ല സോപ്പാണ്. ഇത് തേച്ച് കുളിച്ചാല്‍ നല്ല വെണ്‍മയുണ്ടാകും. അതോടുകൂടി അത് ക്ലോസ് ചെയ്യാം. കാരണം ആകെ നമുക്ക് കിട്ടാനുള്ള സോപ്പ് പിയേഴ്‌സ് മാത്രമാണ്. പക്ഷെ, പിയേഴ്‌സിന്റെ കൂടെ വേറൊരു സോപ്പുകൂടി കടന്നുവരികയാണ് വിപണിയിലേക്ക് എന്ന് വിചാരിക്കുക. ലക്‌സോ മറ്റോ. ഇനി ആദ്യത്തെ പരസ്യം കൊണ്ടുമാത്രം പിയേഴ്‌സ് എല്ലാവരും വാങ്ങണമെന്നില്ല.  കാരണം മത്സരിക്കാന്‍ വേറൊരു സോപ്പുകൂടി വന്നിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായിട്ടും മുതലാളിത്തത്തിന്റെ കച്ചവടതന്ത്രങ്ങളിലൊന്നായി പെണ്ണിന്റെ നഗ്നത ഈ പരസ്യങ്ങളിലേക്ക് കടന്നുവരുന്നു. മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന, മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്ന  നഗ്നത കടന്നുവന്നപ്പോള്‍ സ്വാഭാവികമായിട്ടും  വസ്തു വാങ്ങാനുള്ള ത്വര മനുഷ്യനുണ്ടായി.

 

ഈ കച്ചവടത്തിന്റെ ഏറ്റവും ഭീകരമായ മുഖം എന്നുപറഞ്ഞാല്‍ അത് ബ്രാന്‍ഡിംഗാണ്. ബ്രാന്‍ഡ് ചെയ്യുക, മുദ്രീകരണം നടത്തുക. നമുക്കൊക്കെ അറിയാം, പല പല ബ്രാന്‍ഡുകള്‍ നമ്മുടെ ഓര്‍മ്മയില്‍ വരുന്നുണ്ടായിരിക്കും. അവയോട് നമുക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടായിരിക്കും. ആ ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ ഭംഗിയില്ലാത്തതാണെങ്കിലും നമുക്ക് ഇഷ്ടമില്ലാത്ത കളറാണെങ്കിലും ബ്രാന്‍ഡിനോടുള്ള ഇഷ്ടംകൊണ്ട് ആ വസ്തുവിനെ നമ്മള്‍ സ്‌നേഹിക്കുന്നു, അല്ലേ? ഇതാണ് മുതലാളിത്തത്തിന്റെ വലിയൊരു തന്ത്രമെന്ന് പറയുന്നത്. നമ്മളുടെ തലച്ചോറിനെക്കുറിച്ച്  എഫ്.എം.ആര്‍.ഐ സ്‌കാനിംഗ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്നു. അങ്ങനെ പഠിച്ചിട്ട് പെണ്ണ് ആഗ്രഹിക്കുന്നത് എന്താണ് എന്നും  ആണ്  ആഗ്രഹിക്കുന്നത് ഏത് വസ്തു വാങ്ങാനാണ് എന്നും മനസ്സിലാക്കി എങ്ങനെയാണ്  ഒരു അഡ്വര്‍ടൈസ്‌മെന്റ് ഉണ്ടാക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടുകയാണ്. ഈയൊരു ശാസ്ത്രശാഖയെ ന്യൂറോമാര്‍ക്കറ്റിംഗ് എന്നാണ് പറയുന്നത്. നമ്മളാലോചിച്ചു നോക്കുക. ഉദാഹരണം പറയുകയാണെങ്കില്‍, ഒരു ബീച്ചില്‍ രണ്ട് മൂന്ന് ആണുങ്ങള്‍ വളരെ അലക്ഷ്യമായിട്ട് ഇരിക്കുകയാണ്. ആ സമയത്ത് രണ്ട് മൂന്ന് സ്ത്രീകള്‍ അവരുടെ അടുത്തുകൂടെ നടക്കുകയാണ്. സ്വാഭാവികമായും അവിടെയുള്ള ആണുങ്ങള്‍ വിസിലടിച്ചു, കമന്റടിച്ചു. ആ പെണ്ണുങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അലക്ഷ്യമായിട്ട് അവര്‍ നടന്നുപോയി. ആ സമയത്താണ് ഈ ആണുങ്ങള്‍ ഒരു ബിയര്‍ കുപ്പി പൊട്ടിച്ചിട്ട് കുടിക്കാന്‍ ശ്രമിക്കുന്നത്. ഇത് കുടിക്കുന്ന അവസരത്തില്‍ ഈ സ്ത്രീകള്‍ തിരിഞ്ഞു നോക്കുകയും ആ സ്ത്രീകള്‍  ബിയര്‍ കുടിക്കുന്ന ആണുങ്ങളുടെ കൂടെ ചെന്ന് അവരുടെ കൂടെ കളിക്കുകയും ബിയര്‍ കുടിക്കുകയും പങ്കുചേരുകയും ചെയ്യുന്നു. ഈയൊരു പരസ്യം, പെണ്ണുങ്ങള്‍ക്കിഷ്ടമായോ? ഇഷ്ടമായില്ല, സ്വാഭാവികമായും നമുക്ക് ഇഷ്ടമാകില്ല. ഇത് ഉണ്ടാക്കിയിട്ടുള്ളത് ആണിന്റെ തലച്ചോറിന് വേണ്ടിയാണ്. ഇത് കാണുമ്പോള്‍ സ്വാഭാവികമായിട്ടും ആണിന്റെ മസ്തിഷ്‌കം വര്‍ക്ക് ചെയ്യും. താന്‍ ബിയര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ തന്നിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ പെണ്ണുങ്ങളുണ്ട് എന്നുള്ളൊരു മിഥ്യാബോധം അവന്റെ മസ്തിഷ്‌കത്തിലേക്ക് അടിച്ചുകയറ്റുകയാണ് ഈയൊരു പരസ്യം. വേറൊരു ഉദാഹരണം പറയാം. വളരെ ഇരുണ്ട,  സ്വകാര്യമായ ഒരു അന്തരീക്ഷം. ആരും ശല്യപ്പെടുത്താനില്ല. അവിടെ ഒരു മെഴുകുതിരിയുടെ വെളിച്ചം മാത്രമേയുള്ളൂ. അവിടെ സുന്ദരിയായ ഒരു സ്ത്രീ. അവളെ പോറ്റാന്‍ കഴിയുന്ന, തന്റേടമുള്ള ഒരു പുരുഷന്‍. അവര്‍ രണ്ട് പേരും വളരെ സ്വകാര്യമായ ആ സ്ഥലത്ത് ഇരിക്കുന്നു. ആ സമയത്ത് അതിന്റെ ഒരു സൈഡില്‍ വെട്ടിത്തിളങ്ങുന്ന ഒരു ഡയമണ്ടിന്റെ മോതിരവും കാണിക്കുന്നു.  ഡയമണ്ട് പെണ്ണിന്റെ വിരലിലേക്ക് പുരുഷന്‍ ഇട്ടുകൊടുക്കുന്നു. ഈ പരസ്യം പെണ്ണുങ്ങള്‍ക്ക് സ്വാഭാവികമായും ഇഷ്ടമാകും. ഇത് അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ പരസ്യമാണ്. പെണ്ണിന്റെ മസ്തിഷ്‌കത്തെക്കുറിച്ച് പഠിച്ചുമനസ്സിലാക്കി പെണ്ണിന് വേണ്ടി നിര്‍മ്മിച്ച ഒരു പരസ്യം. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. കച്ചവടം എന്ന കുതന്ത്രത്തിന്റെ ഏറ്റവും ഭീകരമായ മുഖം ഇതാണ്. നമുക്കൊരിക്കലും അതിന്റെ ഉള്ളറകള്‍ ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ സാധിക്കില്ല.ഇവിടെ നിന്നും വരുന്ന വലിയൊരു അസുഖമുണ്ട്. ഒരു രോഗമുണ്ട്. ഈ രോഗത്തിന്റെ പേരാണ് ഉപഭോഗജ്വരം. ജ്വരം എന്നാല്‍ എന്താണ്? പനി, അല്ലേ? ഉപഭോഗജ്വരം എന്നുപറഞ്ഞാല്‍ സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടുവാനുള്ള  രോഗാതുരമായ, ഭ്രാന്തമായ, ഒരു വല്ലാത്ത ത്വര. നമുക്കറിയാം ഇന്നലെ വരെയുള്ള മലയാളിയുടെ അവസ്ഥയെന്താണ് എന്ന്. കിട്ടുന്ന വേതനം കൊണ്ട് മനസ്സമാധാനത്തോടുകൂടി കഞ്ഞികുടിച്ച് ജീവിച്ചിരുന്ന 

ഒരു മലയാളിയായിരുന്നു നമുക്ക് ഇന്നലെവരെയുണ്ടായിരുന്നത്. അതിലവന്‍ സംതൃപ്തനായിരുന്നു, അതിലവന്‍ സന്തോഷവാനായിരുന്നു. കിട്ടുന്ന വേതനം കൊണ്ട് സുഖസുന്ദരമായി ജീവിക്കുവാനുള്ള ത്രാണി അവനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥയെന്താണ്? ശമ്പളം കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ മാസാവസാനം ആകുമ്പോഴേക്കും കീശ കാലിയാകുന്ന അവസ്ഥയാണിന്നുള്ളത്. സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. സ്വാഭാവികമായും മാസത്തിന്റെ അവസാനമായിക്കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകും. വീണ്ടുമൊരു ലിസ്റ്റ് റെഡിയാകുകയും ചെയ്യും.  കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളില്‍ ഒരുപാടൊരുപാട് സെക്‌സ് റാക്കറ്റുകള്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സെക്‌സ് റാക്കറ്റുകളില്‍ നമ്മളുടെ പെണ്‍കുട്ടികള്‍ എങ്ങനെ പെടുന്നു എന്ന് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാഞ്ഞിട്ടാണോ നമ്മളുടെ കുട്ടികള്‍ ശരീരം വിറ്റിട്ടുള്ളത്? അല്ല. അവര്‍ അവരുടെ ശരീരം വിറ്റിട്ടുള്ളത്, ഒരു നേരത്തെ കഞ്ഞി എന്റെ കുടുംബത്തിന് വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചിട്ടല്ല. അവരില്‍ നല്ലൊരു ശതമാനം തന്റെ വാനിറ്റി ബാഗിലേക്ക് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനുള്ള പണം എങ്ങനെയുണ്ടാക്കണം; തനിക്ക് ‘ലാവിഷായി’ ജീവിക്കുവാന്‍, റോഡിലൂടെ ‘ചെത്താന്‍’ എന്തൊക്കെ സാധനങ്ങള്‍ വാങ്ങണം എന്നൊക്കെ ചിന്തിച്ചിട്ടാണ്.  ‘അടിച്ചുപൊളി’ക്കാനുള്ള പോക്കറ്റ് മണി കണ്ടെത്താന്‍ വേണ്ടി ശരീരത്തെ ഒരുനേരമെങ്കിലും  വില്‍ക്കാം എന്ന് തീരുമാനിക്കുന്ന തലമുറയാണ് വളര്‍ന്നുവരുന്നത്. 1990 മുതല്‍ 2000 വരെയുള്ള കാലഘട്ടം ഇന്‍ഡ്യയുടെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ്. ഈ കാലഘട്ടത്തില്‍ ഇന്‍ഡ്യയെ ഒരു ഉപഭോകൃത രാഷ്ട്രമാക്കി മാറ്റാന്‍ സാധിച്ചു. എന്താണ് ഉപഭോകൃത രാഷ്ട്രം? എന്താണ് കാര്യം? ഇന്‍ഡ്യക്കാര്‍ ഞാന്‍ നേരത്തെ പറഞ്ഞ ജ്വരത്തിലേക്കുപോയി എന്നുതന്നെ. ഈയൊരു സമയത്ത് ഇന്‍ഡ്യയില്‍ വേറൊരു നവസാമൂഹിക പ്രതിഭാസം കൂടിയുണ്ടായിട്ടുണ്ട്. ഇവിടെ നിന്നും സൗന്ദര്യ പട്ടങ്ങള്‍, സൗന്ദര്യ റാണിമാര്‍ ഉയര്‍ത്തേഴുന്നേല്‍ക്കാന്‍ തുടങ്ങി. യൂറോപ്യന്‍ പാശ്ചാത്യരുടെ തുടിപ്പും വെളുപ്പും സൗന്ദര്യമാണ് എന്ന് വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷെ, ഇന്ന് സൗന്ദര്യത്തിന്റെ പ്രതീകമാരാണ് എന്ന് ചോദിച്ചാല്‍ ഐശ്വര്യാ റായും സുസ്മിതാ സെന്നുമൊക്കെയായി മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ഇന്‍ഡ്യയില്‍ ഉപഭോഗജ്വരം വളര്‍ത്താനുള്ള പരിശ്രമങ്ങള്‍, സെക്‌സിനെ ഉപഭോഗവസ്തുവാക്കി വിപണിയില്‍ വെക്കാനുള്ള പദ്ധതി; ഇവയുടെയെല്ലാം പശ്ചാതലത്തിലാണ് നമ്മളിതിനെ വായിക്കേണ്ടത്. ഇന്‍ഡ്യന്‍ പെണ്‍കുട്ടികളെ വിപണിക്കനുകൂലമായി മസ്തിഷ്‌കപ്രക്ഷാളനം ചെയ്‌തെടുക്കുകയായിരുന്ന സൗന്ദര്യമത്സരങ്ങള്‍. ഈ ‘സൗന്ദര്യറാണി’മാരെല്ലാം തന്നെ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. അതെന്താണെന്നുവെച്ചാല്‍, ടീനേജ്. ശരീരം വളര്‍ന്നുകൊണ്ടിരിക്കുന്ന  പ്രായം. ആ പ്രായത്തില്‍ തന്നെ പെണ്‍കട്ടികളേ, നിങ്ങള്‍ നിങ്ങളുടെ ശരീരം ‘സമൂഹത്തിന് വേണ്ടി’ തുറന്നിട്ടുകൊടുക്കുക. നിങ്ങള്‍ നിങ്ങളുടെ ശരീരം തുറന്നിട്ടുകൊടുത്താല്‍ അതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം എന്നാണ് പഠിപ്പിക്കുന്നത്. മാക്‌സിമം മിസ് യൂണിവേഴ്‌സ് ആണ്. അല്ലെങ്കില്‍ ഒരു സിനിമയിലോ ഒരു നാടകത്തിലോ ഒരു ടെലിഫിലിമിലോ മുഖം കാണിക്കലാണ് നിങ്ങളുടെ ഏറ്റവും വലിയ, എത്തിപ്പിടിക്കാന്‍ കഴിയുന്നതിലെ ഏറ്റവും വലിയ സ്ഥാനം എന്ന് പഠിപ്പിക്കുന്നു.

ഇന്‍ഡ്യയില്‍ നിന്ന് ഒരു മുസ്‌ലിം കളിക്കാരി ഉയര്‍ന്നുവന്നിട്ടുണ്ടായിരുന്നു. അവരുടെ പേര് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം, സാനിയ മിര്‍സ. അവര്‍ എന്താണ് കളിച്ചിരുന്നത്? ടെന്നീസ്. ടെന്നീസ്, സത്യം പറഞ്ഞാല്‍, ഇന്‍ഡ്യയിലെ ഒരു സാധാരണ മുസ്‌ലിമിന് അറിയുക പോലും ചെയ്യില്ല.  അന്നത്തെ നമ്മളുടെ ജ്വരമെന്നുപറഞ്ഞാല്‍ ക്രിക്കറ്റും ഫുട്‌ബോളുമാണ്. എങ്കില്‍ ആ ഒരു സ്ഥാനത്തേക്ക് ഇന്ന് ടെന്നീസ് വന്നിരിക്കുന്നു. അതിന്റെ കാരണമെന്താണ്? അതിന്റെ കളിക്കാരിയായിരുന്നു അതിന് കാരണം. മുസ്‌ലിം വനിതയോട് പറയുകയാണ്, നീ സാനിയ മിര്‍സയെപ്പോലെയായിക്കോ. എന്താണ് കാരണം? സാനിയ മിര്‍സ പത്രത്തിന്റെ മുന്‍പേജില്‍ തന്റെ ഇരുകൈകളും മുകളിലേക്ക് നീട്ടിക്കൊണ്ട് മുന്‍കൈകളും മുഖവും ഒഴികെയുള്ള മറ്റെല്ലാ ശരീരഭാഗങ്ങളും മറച്ചുകൊണ്ട് ഹജ്ജിന് പോകാന്‍ റെഡിയായി നില്‍ക്കുകയാണ്. സാനിയ മിര്‍സ ഈ വേഷത്തിലോ? മുസ്‌ലിം പെണ്ണുങ്ങള്‍ ചിന്തിക്കുകയാണ്. അങ്ങനെ ഓരോ താളുകളും മറിച്ച് മറിച്ച് അവസാനം സ്‌പോര്‍ട്‌സ് പേജായി. സ്‌പോര്‍ട്‌സ് പേജായപ്പോള്‍ സാനിയ മിര്‍സയതാ അര്‍ധനഗ്നമായ ഒരു വേഷത്തില്‍ ശരീരത്തിന്റെ  മുക്കാല്‍ ഭാഗവും പുറത്തുകാണിച്ചുകൊണ്ടുള്ള വസ്ത്രം ധരിച്ച് കളിക്കുന്നു. ഇവിടെ നമ്മളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്: പെണ്ണേ നിനക്ക് സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കിട്ടണമെങ്കില്‍ നിന്റെ മാനേജ്‌മെന്റ് തീരുമാനിക്കുന്ന, നിന്നോട് ആണുങ്ങള്‍ പറയുന്ന, ആണുങ്ങള്‍ കാണേണ്ട ശരീരഭാഗങ്ങള്‍ പുറത്തുകാണിച്ചുകൊണ്ടുള്ള വസ്ത്രം ധരിച്ച് നീ കളിക്കുക, പണിയെടുക്കുക എന്ന്. അല്ലാത്ത ഒരു സമയത്ത് നീ നിന്റെ പടച്ചതമ്പുരാന്റെ അടുത്തേക്ക് മടങ്ങിക്കോ, അവിടെ ആരാധനാ കര്‍മ്മങ്ങള്‍ നടത്തിക്കോ, ഒരു കുഴപ്പവുമില്ല! ഈ മുതലാളിത്ത ചതിയോട് മുഖം തിരിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, നിങ്ങള്‍ സാമ്രാജ്യത്വത്തിനെതിരില്‍ അലറിവിളിക്കുന്നതില്‍ യാതൊരര്‍ഥവുമില്ല. ഇപ്പോള്‍ ചില മുസ്‌ലിം സ്ത്രീകള്‍, ഇസ്‌ലാമികമായ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഹിജാബ് ധരിച്ചുകൊണ്ട് പോകുന്നു. ‘പൊതുസ്വഭാവമുള്ള’ ഫംഗ്ഷനുക ളില്‍ നിര്‍ലജ്ജം അര്‍ധനഗ്നകളാവുകയും ചെയ്യുന്നു!

പെണ്‍ശരീരത്തിന്റെ നഗ്നതയെ പുരുഷനേത്രങ്ങള്‍ക്ക് വിറ്റ് പണം സമ്പാദിക്കാനുള്ള ഇത്തരത്തിലുള്ള എല്ലാ മുതലാളിത്ത കുതന്ത്രങ്ങളെയും സുന്ദരമായി തകര്‍ക്കുന്നു എന്നതാണ് പര്‍ദയുടെ ഏറ്റവും വലിയ സമകാലിക പ്രസക്തി. പെണ്ണിന്റെ ആഭിജാത്യത്തിന് കാവലാവുകയാണ് പര്‍ദ. പെണ്മയുടെ പ്രതിരോധമാണത്; മുതലാളിത്തത്തിന്റെ റാഞ്ചലുകള്‍ക്കുമുന്നില്‍ പെണ്ണിന്റെ ഉരുക്കുചിറയായി മാറുന്ന അഭിമാനമതില്‍. 1980കളിലാണ് പര്‍ദ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. അടിമത്തത്തിന്റെ വസ്ത്രമാണ് പര്‍ദയെന്നും  പര്‍ദ ധരിച്ചുകൊണ്ട് പുതുകാലത്ത് യാതൊന്നും ചെയ്യാനാകില്ലെന്നും ഇത് പാരതന്ത്ര്യത്തിന്റെ ജയിലറയാണെന്നും വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മീഡിയ ഒരുപാട് പരിശ്രമങ്ങള്‍ നടത്തി. ഈ കാലഘട്ടത്തിന് വേറൊരു പ്രത്യകത കൂടിയുണ്ട്. അതുകൂടി കൂട്ടി വായിക്കുമ്പോഴാണ് എന്തുകൊണ്ടാണ് പര്‍ദ ഇങ്ങനെ ചിത്രീകരിക്കപ്പെടാനാരംഭിച്ചത് എന്ന് മനസ്സിലാവുക. ഈ ഒരു കാലഘട്ടത്തോടെയാണ് മുതലാളിത്തം കച്ചവടത്തിന് വേണ്ടി പെണ്ണിന്റെ ശരീരപ്രദര്‍ശനത്തെ ആഗോള വ്യാപകമായി ഉപയോഗിക്കാനാരംഭിക്കുന്നത്. ഇത് ഒരു നിസ്സാര കാര്യമല്ല. നമ്മളാലോചിച്ചുനോക്കുക. കന്യാസ്ത്രീയും ഏകദേശം ഈ ഡ്രസ്സല്ലേ ധരിക്കുന്നത്? പക്ഷെ എന്തുകൊണ്ട് കന്യാസ്ത്രീയുടെ വസ്ത്രം അടിമത്തത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നില്ല? കന്യാസ്ത്രീ പച്ചയായി ജീവിക്കുന്നവളല്ല, ലൈംഗിക ജീവിതത്തോട് പാടെ വിടപറഞ്ഞ് കര്‍ത്താവിന്റെ മണവാട്ടിയായി ജീവിതം തള്ളിനീക്കുന്നവളാണ്. അവള്‍ക്ക് ഈ ലോകത്ത് ഒന്നും വേണ്ട. പക്ഷെ, മുസ്‌ലിം സ്ത്രീ അതല്ല. മുസ്‌ലിം സ്ത്രീ  ലൗകിക സുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ ഇവിടെ മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവളാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം സ്ത്രീയുടെ തൊലി മുതലാളിത്തത്തിന് ആവശ്യമുണ്ട്.

ഇസ്‌ലാം പഠിപ്പിക്കുന്ന സ്ത്രീ ആരാണ്? ഇസ്‌ലാം പെണ്ണിനെക്കുറിച്ച് പറയുന്നത് അവള്‍ മാന്യയാണ്, കുലീനയാണ് എന്നാണ്. നമുക്കറിയാം പ്രവാചകനിയോഗത്തിനുമുമ്പുള്ള അറേബ്യന്‍ സമൂഹത്തിലെ പെണ്ണവസ്ഥയെന്തായിരുന്നുവെന്ന്. പെണ്ണിന് ജീവിക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല ജാഹിലിയ്യാ കാലഘട്ടത്തില്‍. ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുരുന്നുകളുടെ രോദനം കേട്ട് മനസ്സുകല്ലിച്ച മക്കാ മണലാരണ്യത്തിലേക്കാണ് കാരണ്യത്തിന്റെ തിരുദൂതരായി മുഹമ്മദ് നബി നിയോഗിക്കപ്പെടുന്നത്. അവിടെ പെണ്ണിന് ജീവിക്കുവാനുള്ള, ജനിക്കുവാനുള്ള അവകാശമാണ് ക്വുര്‍ആന്‍ ആദ്യം കൊടുക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന അറേബ്യന്‍ പൈശാചികതയെ ക്വുര്‍ആന്‍ കര്‍ശനമായി നിരോധിച്ചു. പെണ്‍കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്കുള്ള സന്തോഷവാര്‍ത്തയാണെന്നും അതുകേട്ട് മുഖമിരുളുന്നവര്‍ ദൈവധിക്കാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്വുര്‍ആന്‍ വ്യക്തമാക്കി. പെണ്ണിനെ ജനിച്ച ഉടനെ തന്നെ പടച്ചതമ്പുരാന്‍ പരിഗണിക്കുകയാണ്. ഒരു പിതാവിന് ഒരു പുത്രിയുണ്ടാവുകയും ആ പുത്രിയെ മാന്യമായി നോക്കി വളര്‍ത്തി നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ല രീതിയില്‍ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്താല്‍ ആ പിതാവിനെന്തുണ്ട് എന്നാണ് പുണ്യപ്രവാചകന്‍ അരുളിയത്? സ്വര്‍ഗമുണ്ട് എന്ന്, അല്ലേ? നമ്മള്‍ പുത്രികളായിരിക്കുമ്പോള്‍ ഉപ്പയുടെ സ്വര്‍ഗം തീരുമാനിക്കുന്നത് നമ്മളാണ്. ഇനി വിവാഹിതയായാലോ? ഭാര്യയോട് നല്ല രീതിയില്‍ പെരുമാറുന്നവനാണ് ഉത്തമനായ പുരുഷന്‍ എന്ന് റസൂല്‍  പഠിപ്പിക്കുന്നു. മൂന്നാമതായി അവള്‍ മാതാവാകുന്നു. മാതാവാകുമ്പോഴോ? മകന്‍ അല്ലെങ്കില്‍ മകള്‍ നിലയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ് എന്ന് ഒരാള്‍ ചോദിക്കുന്ന അവസരത്തില്‍ റസൂല്‍ പഠിപ്പിക്കുന്നത് ‘നിന്റെ മാതാവിനോട്’ എന്നാണ്. രണ്ടാമത് ചോദിക്കുമ്പോള്‍ പിന്നെയും പറയുന്നത് നിന്റെ മാതാവിനോട് എന്നാണ്. മൂന്നാമത് വീണ്ടും ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ പിന്നെയും പറയുന്നത് നിന്റെ മാതാവിനോട് എന്നാണ്. പിന്നീടാണ് പിതാവിനെ പറയുന്നത്. ഒരു മകന് അല്ലെങ്കില്‍ ഒരു മകള്‍ക്ക് സ്വര്‍ഗം തീരുമാനിക്കപ്പെടുന്നത് ഉമ്മയോടുള്ള പെരുമാറ്റത്തില്‍ നിന്നാണ്. നമ്മള്‍ പഠിക്കുന്ന ബാലപാഠം തന്നെ ഉമ്മയുടെ കാലടിപ്പാടിലാണ് സ്വര്‍ഗമെന്നാണ്. ഒരു പെണ്ണ് പുത്രിയാണെങ്കിലും ഭാര്യയാണെങ്കിലും ഉമ്മയാണെങ്കിലും എല്ലാം തന്നെ അവള്‍ ആണ് പുരുഷന്റെ സ്വര്‍ഗം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നത്.

ക്വുര്‍ആനിലെ നാലാമത്തെ അധ്യായം സൂറത്തുന്നിസാഇലെ ഒന്നാമത്തെ വചനം പറയുന്നത്, ഒരൊറ്റ ആത്മാവില്‍ നിന്നാണ് ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ജാഹിലിയ്യയുടെ എല്ലാ ഇരുണ്ട അറകളേയും ഭേദിക്കുന്ന ഒരു ശബ്ദമായിരുന്നു സത്യത്തില്‍ ഒരൊറ്റ ആത്മാവില്‍ നിന്നാണ് പെണ്ണിനെയും ആണിനെയും സൃഷ്ടിച്ചിട്ടുള്ളത് എന്ന ക്വുര്‍ആന്‍ വചനം. സ്ത്രീപുരുഷസമത്വവാദികള്‍ ഒരുപാടുണ്ടായിട്ടില്ലേ ഈ മണ്ണില്‍? അവര്‍ക്ക് ഒരിക്കലും തന്നെ വാദിക്കാനോ പറയാനോ സാധിക്കാത്തതാണ് ഒരൊറ്റ ആത്മാവില്‍ നിന്നാണ് പെണ്ണിനെയും ആണിനെയും സൃഷ്ടിച്ചിട്ടുള്ളത് എന്ന യാഥാര്‍ഥ്യം. അവരെല്ലാവരും പറഞ്ഞിട്ടുള്ളത് സമത്വമാണ്.  സമത്വമെന്നു പറയുമ്പോള്‍ ആണും പെണ്ണും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തെറ്റുധാരണയാണ് അവരെ നയിക്കുന്നത്. വ്യത്യസ്തവും എന്നാല്‍ പരസ്പരപൂരകവുമായ വ്യക്തിത്വങ്ങളുള്ളതുകൊണ്ടാണ് ഇണകള്‍ എന്ന നിലയിലുള്ള സ്ത്രീയുടെയും പുരുഷന്റെയും സഹവര്‍തിത്വം സാര്‍ഥകമാകുന്നത് എന്ന പ്രാഥമിക ധാരണ പോലും അവര്‍ക്കില്ല. ആണ് ചെയ്യുന്നതെല്ലാം പെണ്ണിന് ചെയ്യണം എന്നായിരുന്നു പറഞ്ഞത്. ക്വുര്‍ആന്‍ പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധവുമായ ഈ സങ്കല്‍പത്തോട് വിയോജിക്കുന്നു. പെണ്ണിനോട് അവളുടെ പ്രകൃതിപരമായ വ്യക്തിത്വം ഉടച്ചുകളഞ്ഞ് പുരുഷനാകാന്‍ കല്‍പിക്കുന്നതിനേക്കാള്‍ വലിയ സ്ത്രീവിരുദ്ധത മറ്റെന്താണള്ളത്? ക്വുര്‍ആന്‍ ചെയ്യുന്നത്, പെണ്ണിന്റെ വ്യക്തിത്വം പരിഗണിക്കുകയും അതിനെ സംരക്ഷിക്കകയുമാണ്. ഹിജാബ് ക്വുര്‍ആനിന്റെ പ്രമേയമാകുന്നത് ഈയൊരു നിലപാടുതറയിലാണ്. ”നബിയേ, നിന്റെ ഭാര്യമാര്‍, പുത്രിമാര്‍, സത്യവിശ്വാസികളുടെ സ്ത്രീകള്‍; ഇവരുടെയെല്ലാം തന്നെ  മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടാന്‍ പറയുക” എന്ന് പെണ്‍ വസ്ത്രത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് ക്വുര്‍ആനില്‍ കാണാം.എന്തിനാണ് മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടുന്നത്? വളരെ ക്ലിയറായിട്ട് ക്വുര്‍ആന്‍ പറയുന്നത്, ”നിങ്ങള്‍ തിരിച്ചറിയപ്പെടാനും നിങ്ങള്‍ അക്രമിക്കപ്പെടാതിരിക്കാനും” എന്നാണ് (33: 59). അപ്പോള്‍ എന്തിനാണ് ഹിജാബ് എന്ന ചോദ്യത്തിനുള്ള മുസ്‌ലിം സ്ത്രീയുടെ ഉത്തരം വളരെ വ്യക്തമാണ്: ‘എന്നെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടാണ് പടച്ചതമ്പുരാന്‍ എനിക്ക് ഈ വസ്ത്രം തീരുമാനിച്ചുതന്നിട്ടുള്ളത്. അതുകൊണ്ട്  ഞാന്‍ ഇതെന്റെ ജീവിതവസ്ത്രമായി സ്വീകരിച്ചിരിക്കുന്നു.’

ഈയടുത്ത് ന്യൂയോര്‍ക്കിലുള്ള ഒരു ചാനല്‍ പുറത്തിറക്കിയ ഒരു ഷോട്ട് ഫിലിമുണ്ടായിരുന്നു. ആര്‍ വി ഫെയ്മസ് നൗ എന്ന് പറഞ്ഞിട്ട് ഹിജാബിനെക്കുറിച്ച് ചെറിയൊരു വീഡിയോ. അതില്‍ ഒരു പെണ്ണ് ന്യൂയോര്‍ക്ക് സിറ്റിയിലെ  തെരുവുകളിലൂടെ പത്ത് മണിക്കൂര്‍ നടക്കുകയാണ്. അതില്‍ അഞ്ച് മണിക്കൂര്‍ പട്ടാപകല്‍ ജീന്‍സും ടോപ്പുമൊക്കെയിട്ട് നടക്കുകയാണ്. ബാക്കി അഞ്ച് മണിക്കൂര്‍ രാത്രിയില്‍ ഹിജാബിലാണ് അവള്‍ നടക്കുന്നത്. കടത്തിക്കൂട്ടലുമൊന്നുമില്ല, റെക്കോര്‍ഡിംഗില്‍. പകലായിട്ടു പോലും ജീന്‍സ്-ടോപ്പ് യാത്രയില്‍ ഓരോ ആളുകളില്‍ നിന്നും വൃത്തികെട്ട കമന്റുകളും വിസിലടിയും പലതും ആ സ്ത്രീക്ക് കേള്‍ക്കേണ്ടിവരികയാണ്. പലരും തോണ്ടുന്നുണ്ട്, തൊടുന്നുണ്ട്,  അശ്ലീല വാക്കുകള്‍ പറയുന്നുണ്ട്. ചിലയാളുകള്‍ പിന്നാലെ കൂടി സംസാരിക്കുകയാണ്.  അതെല്ലാം സഹിച്ചുകൊണ്ട് അവര്‍ അഞ്ച് മണിക്കൂര്‍ നടക്കുകയാണ്. അതിനുശേഷം ഒരു അഞ്ച് മണിക്കൂര്‍ ഹിജാബ് ധരിച്ച്, പര്‍ദയിട്ട് മുഖമക്കനയണിഞ്ഞ,് അതേ റൂട്ടിലൂടെ അവര്‍ വീണ്ടും നടക്കുകയാണ്. രാത്രിയാണ് സംഭവം. ആരും ഒരു നോക്കുപോലും അവരെ നോക്കുന്നില്ല. ഇങ്ങനെ ഒരാള്‍ അതിലൂടെ നടന്നുപോകുന്നുണ്ട് എന്നത് ആരും ഗൗനിക്കുന്നില്ല. മുന്നിലൂടെ കടന്നുവരുന്ന ആളുകള്‍ സൈഡ് കൊടുത്തിട്ട് അവര്‍ക്ക് പോകാനുള്ള വഴിയുണ്ടാക്കിക്കൊടുക്കുകയാണ്. ഇതിനുനേര്‍ക്ക് മീഡിയക്ക് കണ്‍ചിമ്മാം. വളരെ വിദഗ്ധമായി മീഡിയ അതിനുമുമ്പില്‍ കണ്‍ചിമ്മിയിട്ടുണ്ട്. മീഡിയ, ഈ വീഡിയോ ചര്‍ച്ച ചെയ്തിട്ടേയില്ല!

പെണ്ണിന്റെ ഉടല്‍ കച്ചവടം ചെയ്യുന്ന മുതലാളിത്ത അരങ്ങുകളുടെ ഭീകരത വിവരണങ്ങള്‍ക്കതീതമാണ്. വെബ്‌സൈറ്റുകളില്‍ പന്ത്രണ്ട് ശതമാനവും  ഇന്ന് പോണ്‍ ആണ്. ഞെട്ടിക്കുന്ന വാര്‍ത്ത അതല്ല. ഇവ കാണുന്നവരിലധികവും (എണ്‍പത് ശതമാനത്തോളം) പതിനഞ്ച് വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള കുട്ടികളാണ്.  പതിനൊന്നാമത്തെ വയസ്സില്‍ തന്നെ ഈ ശീലമാരംഭിക്കുന്ന ആണ്‍കുട്ടികളുണ്ട്. നിരന്തരമായി പോണ്‍ വീക്ഷിക്കുക! നിങ്ങള്‍ ആലോചിച്ചുനോക്കുക,  നിരന്തരമായി മണിക്കൂറുകളോളം ഇത്തരം അശ്ലീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു മനസ്സിന്റെ അവസ്ഥയെന്തായിരിക്കും? പെണ്ണ്  സെക്‌സിനുവേണ്ടി മാത്രമുള്ള വസ്തുവായി പരിഗണിക്കപ്പെടുന്നു. പതിമൂന്ന് ബില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് നമ്മളെപ്പോലെയുള്ള സഹോദരിമാരുടെ മജ്ജയും മാംസവും വെബ്‌സൈറ്റുകളില്‍ വില്‍പനക്ക് വെച്ച് കോര്‍പറേറ്റുകള്‍സമ്പാദിക്കുന്നത് . ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ പര്‍ദ ഒരു പ്രതിരോധമായി കടന്നുവരുന്നത്. വസ്ത്രങ്ങളില്‍ നിന്നുള്ള മോചനമാണ് വിമോചനമെന്ന മുതലാളിത്ത സമവാക്യത്തിന്റെ സാമ്പത്തികശാസ്ത്രമാണ് ഈ കണക്കുകള്‍ വഴി ചുരുളഴിയുന്നത്. പര്‍ദക്കെതിരായ മീഡിയാ കാമ്പയ്ന്‍ മുതലാളിത്തത്തിന്റെ വാണിജ്യതാല്‍പര്യമാകുന്നത് ഇവിടെ വെച്ചാണ്. പെണ്‍ശരീരം പൊതുനിരത്തില്‍ തുറന്നിടപ്പെടുന്നത് ആര്‍ത്തിമൂത്ത പുരുഷനേത്രങ്ങളെ മാത്രമാണ് സംതൃപ്തമാക്കുക എന്നിരിക്കെ, അതാണ് പെണ്‍വിമോചനത്തിന്റെ വഴി എന്നുദ്‌ഘോഷിക്കുന്നതിലെ കാപട്യം സുതരാം വ്യക്തമല്ലേ? നമ്മുടെ കോഴിക്കോട് ബീച്ചില്‍ ഏതാനും പെണ്‍കുട്ടികള്‍ ‘ഇരുട്ടുനുണയാനിറങ്ങി’യത് നിങ്ങളറിഞ്ഞിട്ടുണ്ടാകും. നട്ടപ്പാതിരക്ക് ഈ പെണ്‍കുട്ടികള്‍ അവിടെ ഇരുന്നുകൊണ്ട് ബാനറുകള്‍ ഉണ്ടാക്കുകയാണ്, പോസ്റ്ററുകള്‍ ഉണ്ടാക്കുകയാണ്, എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്; എന്നിട്ട് ആ കുത്തിക്കുറിച്ച പോസ്റ്ററുകള്‍ അവരുടെ ശരീരത്തില്‍ തന്നെ പിന്‍ ചെയ്ത്  നടക്കുകയാണ്. പക്ഷെ, ആ സമയത്ത് പോലും നൂറുക്കണക്കിന് പുരുഷന്മാര്‍ കാഴ്ചക്കാരായി അവിടെ തടിച്ചുകൂടി. അവിടെയപ്പോള്‍ അവരുടെ വെറും കണ്ണകള്‍ക്ക് പുറമെ കാമറകളുണ്ടായിരിക്കും, ഫോട്ടോകളുണ്ടായിരിക്കും, ഫഌഷുകളുണ്ടായിരിക്കും, ഇല്ലേ? അങ്ങനെയുള്ള ഒരു പ്രത്യേക സിറ്റുവേഷന്‍ തന്നെ അവിടെ ക്രിയേറ്റ് ചെയ്യപ്പെട്ടു. ഈ സമയത്ത് ഈ പെണ്‍കുട്ടികള്‍ വളരെ നിസാരമായി ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തില്‍ തങ്ങളുടെ മേല്‍ ഒരുപാട് വാചകങ്ങള്‍ കുത്തിവെച്ചുകൊണ്ട്  ബീച്ചിന്റെ ഓരോ ഭാഗങ്ങളിലൂടെ വളരെ സുന്ദരമായിട്ട് കൂളായിട്ട് നടന്നുപോകുകയാണ്. ഇവിടെ ആരാണ് വിജയിക്കുന്നത്? ആരാണ് തോല്‍ക്കുന്നത്? വിജയം എന്ന ബാനര്‍ പിടിച്ചുകൊണ്ടുള്ള തോല്‍വികളാണ് ഫെമിനിസം പെണ്ണിന് സമ്മാനിച്ചുകൊണ്ടേയിരിക്കുന്നത്. അത്തരം വ്യാജ വിജയറാലികളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ധൈര്യമാണ് പര്‍ദ മുസ്‌ലിം സ്ത്രീക്ക് നല്‍കുന്നത്.

ഇവിട പെണ്‍മയുടെ പ്രതിരോധമാണ് പര്‍ദ എന്ന് പറയുമ്പോള്‍ പര്‍ദയെ ജീവിതത്തിന്റെ ഭാഗമാക്കി ആത്മാവില്‍ ആശ്ലേഷിച്ചവരാണ് മുസ്‌ലിം വനിതകള്‍. നമ്മള്‍ ചെയ്യേണ്ടത് മുതലാളിത്തം ഉണ്ടാക്കിയിട്ടുള്ള വഞ്ചനയുടെ കറുത്ത കൈകളെ  തിരിച്ചറിയുകയാണ്. പടച്ചതമ്പുരാന്‍ നമുക്ക് നിശ്ചയിച്ചുതന്നിട്ടുള്ള ഈ രക്ഷാകവചത്തെ നെഞ്ചോട് ചേര്‍ത്ത് ഇതാണ് എന്റെ വസ്ത്രം എന്ന് പ്രഖ്യാപിക്കാനുള്ള കരുത്തും ആര്‍ജവവും ഊര്‍ജ്ജവും നമുക്കുണ്ടാവുക എന്നുള്ളതാണ് പ്രധാനം. പടച്ചതമ്പുരാന്‍ നല്‍കിയിട്ടുള്ള ഈ രക്ഷാകവചത്തെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് മുതലാളിത്തത്തിന് പണമുണ്ടാക്കുവാനുള്ള വെറും ഒരു മാംസക്കഷ്ണമായി മാറാന്‍  മുസ്‌ലിം സ്ത്രീയെ കിട്ടില്ല എന്നുള്ളത് ഇവിടെ ഞങ്ങള്‍ നടത്തുന്ന ഒരു വലിയ പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം, ഇന്നല്ലെങ്കില്‍ നാളെ കേരളം തിരിച്ചറിയുക തന്നെ ചെയ്യും!

(കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹോളില്‍ ‘വിളക്കുമാടം’ 2014 ഡിസംബര്‍ 14ന് സംഘടിപ്പിച്ച ‘ഹിജാബിനുവേണ്ടി ഒരു പെണ്‍കൂട്ടം’ എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)