ഇന്‍ഡ്യന്‍ ഫാഷിസം : വേരും വ്യാപ്തിയും

സീനിയര്‍(1) മുസോളിനി: ”അവരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?”

ഡോ. മൂഞ്ചേ: ”എന്നെ സംബന്ധിച്ചേടത്തോളം ഇത് അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണ്. പുരോഗതി കാംക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന ഏതൊരു രാഷ്ട്രത്തിനും അത്തരം സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇന്‍ഡ്യക്ക് തീര്‍ച്ചയായും അതിന്റെ സൈനിക പുനരുജ്ജീവനത്തിന് അത് അത്യാവശ്യമാണ്. കഴിഞ്ഞ ഒന്നര ശതാബ്ദകാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനുകീഴില്‍ ഇന്‍ഡ്യന്‍ ജനത സൈനിക ഉദ്യോഗങ്ങളില്‍ നിന്നും ഒരുപാട് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തനതായ ഒരു പ്രതിരോധ സംവിധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനായുള്ള തയ്യാറെടുപ്പിന് ഇന്‍ഡ്യ അതിയായി ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, ഞാന്‍ അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തുവരുന്നു. ഞാന്‍ ഇതിനകം തന്നെ എന്റേതായ ഒരു സംഘടനക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സമാനലക്ഷ്യങ്ങളോടുകൂടി സ്വതന്ത്രമായി രൂപം നല്‍കിയ ഒന്ന്. നിങ്ങളുടെ ‘ബലില്ല’ (Balilla) ഫാഷിസ്റ്റ് സംഘടനകളെ പ്രശംസിച്ചുകൊണ്ട് ഇന്‍ഡ്യയിലേയോ ഇംഗ്ലണ്ടിന്റെയോ പൊതുമണ്ഡലങ്ങളില്‍ എന്റെ സ്വരമുയര്‍ത്തുന്നതില്‍ എനിക്ക് യാതൊരു ശങ്കയുമില്ല. അവര്‍ക്കെന്റെ എല്ലാ വിജയാശംസകളും നേരുന്നു.”

സീനിയര്‍ മുസ്സോളിനി (അദ്ദേഹം വളരെ സന്തുഷ്ടനായി കാണപ്പെട്ടു) പറഞ്ഞു : ”വളരെ നന്ദി. പക്ഷേ നിങ്ങളുടേത് ഒരു ദുഷ്‌ക്കരമായ പ്രവൃത്തിയാണ്. എന്നിരുന്നാലും ഞാന്‍ വിജയാശംസകള്‍ തിരിച്ചുനേരുന്നു.”

(ഡോ. ബി.എസ് മുഞ്ചേയുടെ ഡയറിക്കുറിപ്പില്‍ നിന്ന്)(2)

ഇന്‍ഡ്യയിലെ വലതുപക്ഷ സവര്‍ണ ഫാഷിസ്റ്റുകളായ സംഘപരിവാര്‍ സംഘടനകളുടെ സൈദ്ധാന്തികവും സാംസ്‌കാരികവും വൈകാരികവുമായ പശ്ചാതലം പരിശോധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തണലില്‍ ഇവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ടകള്‍ എന്തെല്ലാമാണെന്ന് കൃത്യമായും വ്യക്തമായും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഫാഷിസത്തിന് ജന്മം നല്‍കിയ യൂറോപ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്വേഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇറ്റാലിയന്‍ ഫാഷിസം

1914 ഓഗസ്റ്റില്‍ ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിക്കുമ്പോള്‍ ഇറ്റലിയുടെ രാജാവ് വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമനും പ്രധാനമന്ത്രി അന്റോണിയോ സലന്ദ്രയുമാണ്. ജര്‍മ്മനി, ഓസ്ട്രിയ എന്നിവയുമായി ഇറ്റലിക്കുള്ള സഖ്യത്തിലെ കരാറുപ്രകാരം മൂന്നില്‍ ഏതൊരു രാജ്യം യുദ്ധത്തില്‍ പങ്കാളിയാകേണ്ടി വന്നാലും പരസ്പരം സഹായിക്കണമെന്നും അല്ലാത്ത പക്ഷം നിഷ്പക്ഷത പാലിക്കണമെന്നുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഓസ്ട്രിയ സെര്‍ബിയക്കുമേല്‍ യുദ്ധം പ്രഖ്യാപിക്കുന്നത്. ഇറ്റലിയിലെ പൊതുജനത്തിന്റെ മാനസികാവസ്ഥ യുദ്ധത്തോട് വിമുഖത കാണിക്കുന്നതാകയാല്‍ പ്രധാനമന്ത്രി അന്റോണിയോ സലന്ദ്ര നിഷ്പക്ഷമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു, അത് അദ്ദേഹത്തിനുതന്നെ തൃപ്തികരമായിരുന്നില്ലെങ്കിലും. യുദ്ധത്തിന് പുറത്തുനിന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ചില നഷ്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ അസംതൃപ്തിക്ക് കാരണം. യുദ്ധം എത്രയും പെട്ടന്ന് തന്നെ അവസാനിക്കുമെന്ന വിദഗ്ദാഭിപ്രായത്തിന്റെയും വിലയിരുത്തലിന്റെയും രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമായും രണ്ട് വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഒന്ന്, യുദ്ധത്തില്‍ പങ്കാളിയാകാതിരുന്നാല്‍ നഷ്ടപ്പെടുന്ന യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍. രണ്ട്, യുദ്ധാനന്തരം ആല്‍പ്‌സ് പര്‍വതനിരകളിലേക്കും പ്രമുഖ തുറമുഖമായ ട്രീസ്റ്റിലേക്കും രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി വിസ്തൃതമാക്കുന്നതിനുള്ള അവസരം. ഈ രണ്ട് നേട്ടങ്ങളില്‍ കണ്ണ് പതിപ്പിച്ചുകൊണ്ട് രാജ്യത്തെ പൊതുവികാരത്തെ അവഗണിച്ച് ഒടുവില്‍ ഇറ്റലി യുദ്ധത്തില്‍ പങ്കാളിയായി. ലോകമഹായുദ്ധത്തിന്റെ അന്ത്യദിനങ്ങളില്‍ ഇറ്റലി വിജയികളുടെ പക്ഷത്തായിരുന്നെങ്കില്‍പോലും ഉദ്ദേശിച്ചപോലുള്ള യുദ്ധാനന്തര നേട്ടങ്ങള്‍ ഒന്നുമുണ്ടായില്ല. ലണ്ടനില്‍വെച്ചുണ്ടാക്കിയ യുദ്ധാനന്തര കരാറുപ്രകാരം ലഭിക്കേണ്ടിയിരുന്ന യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ വേണ്ടത്ര ലഭിച്ചില്ലെന്ന് മാത്രമല്ല, ഉദ്ദേശിച്ചിരുന്ന അഡ്രിയാടിക് തീരവും, ദ്വീപുകളും പുതുതായി രൂപീകരിക്കപ്പെട്ട യുഗോസ്ലാവിയക്ക് നല്‍കേണ്ടിയും വന്നു.(3) ഇതിനെല്ലാം പുറമെ ഇതരരാഷ്ട്രങ്ങളോട് കനത്ത സാമ്പത്തിക ബാധ്യതയുമുണ്ടായി. ഈ നഷ്ടങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ ഭരണാധികാരികളാണെന്ന ധാരണക്ക് ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ നല്ല പ്രചാരം ലഭിച്ചു. ഇറ്റലിയില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റുകള്‍ ഒരു വിപ്ലവത്തിന് ശ്രമം തുടങ്ങി. രാജ്യത്ത് അച്ചടക്കവും ക്രമസമാധാനവും നിലനിര്‍ത്തുന്നതില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു.(4)

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലി നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു ഫ്യൂമ സംസ്ഥാനത്തിനുവേണ്ടിയുള്ള അധികാരവടംവലി. സെര്‍ബിയക്കും യുഗോസ്ലാവിയക്കും ഇറ്റലിക്കും ഇടയില്‍ നടന്ന ഈ രാഷ്ട്രീയ സംഘടനത്തില്‍ മദ്ധ്യസ്ഥനായി ഇടപെട്ടുകൊണ്ട് അന്നത്തെ യു.എസ് പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ ഫ്യൂമയെ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള അഭിപ്രായം മുന്നോട്ടുവെച്ചു. ഇത് താമസിയാതെ അരാജകത്വത്തിലേക്ക് വഴിവെക്കുകയും, ബ്രിട്ടീഷ്-ഫ്രഞ്ച് പട്ടാളങ്ങളെ ഫ്യൂമ ഏറ്റെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.(5) ഈ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഇറ്റാലിയന്‍ കവിയും, എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, നാടകകൃത്തും, ഒന്നാം ലോകമഹായുദ്ധത്തിലെ പട്ടാളക്കാരനും, സര്‍വോപരി ഇറ്റാലിയന്‍ ഫാഷിസത്തിന്റെ സ്‌നാപക യോഹന്നാന്‍ എന്നറിയപ്പെടുന്നയാളുമായ ഗബ്രീലി ഡാനന്‍ട്‌സോ (Gabriele D’Annunzio) കാര്യമായ സൈനിക പരിശീലനംപോലും സിദ്ധിച്ചിട്ടില്ലാത്ത ഇറ്റാലിയന്‍ ദേശീയവാദികളെയും കൊണ്ട് ഫ്യൂമ പിടിച്ചടക്കുകയും, അമേരിക്കന്‍-ബ്രിട്ടീഷ്-ഫ്രഞ്ച് പട്ടാളക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും, തന്നെ സ്വയം ഫ്യൂമയുടെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തത്. 1919 സെപ്റ്റംബര്‍ പത്തൊന്‍പതിനായിരുന്നു ഇത്. അന്നേദിവസം തന്നെ ഈ സ്ഥലം ഇറ്റലിയോട് കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിറക്കുകയും ചെയ്യുകയുണ്ടായി.(6) ഗബ്രീലിയുടെ കാലത്ത് ഫ്യൂമ ‘റിപ്പബ്ലിക് ഓഫ് കര്‍നാരോ’ എന്ന പേരില്‍ അറിയപ്പെട്ടു. ഈ വിജയം അധികനാള്‍ നീണ്ടുനിന്നില്ല. എന്നാല്‍ കുറഞ്ഞ ആള്‍ബലവും തികഞ്ഞ വൈഭവവുമായി ഗബ്രീലി ഒരു നാട് പിടിച്ചടക്കിയത് ഒരു യുവാവ് മനസ്സില്‍ കുറിച്ചിട്ടു; അദ്ദേഹമായിരുന്നു ബെനിറ്റോ മുസ്സോളിനി!(7)

ഇറ്റലിയിലെ ചെറുഗ്രാമമായ വെരാനോ ഡി കോസ്റ്റയില്‍ കൊല്ലപ്പണിക്കാരനായ അലസ്സാന്‍ഡ്രോ മുസ്സോളിനിയുടേയും, കത്തോലിക്കാ വിശ്വാസിനിയും സ്‌ക്കൂള്‍ അധ്യാപികയുമായ റോസ്സ മുസ്സോളിനിയുടേയും മകനായി ബെനിറ്റോ മുസ്സോളിനി ജനിക്കുന്നത് 1889 ജൂലൈ 29നാണ്.(8)   തികഞ്ഞ സോഷ്യലിസ്റ്റായ പിതാവില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ മുസ്സോളിനി അഭ്യസിക്കുന്നത്.(9) വിദ്യാഭ്യാസ വ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിന് ഒരു അദ്ധ്യാപകനാകുന്നതിനും, അതിനേക്കാളേറെ തനിക്ക് തീക്ഷ്ണമായ താല്‍പര്യമുണ്ടായിരുന്ന ആള്‍ക്കൂട്ട മനശാസ്ത്രം പഠിക്കുന്നതിനും മുസ്സോളിനി അതിയായി ആഗ്രഹിച്ചു.(10) പഠനം കഴിഞ്ഞ് അധ്യാപകബിരുദം നേടിയ മുസ്സോളിനി വീട്ടിലേക്ക് പോകാന്‍ താല്‍പര്യം കാണിച്ചില്ല. ജോലി ലഭിക്കാനുള്ള പ്രയാസവും മറ്റും അദ്ദേഹത്തെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിച്ചു. അവിടെവെച്ച് പ്രത്യേക താല്‍പര്യപ്രകാരം സാമൂഹ്യശാസ്ത്രം പഠിക്കാനാഗ്രഹിച്ചു. ഓരോ പാഠഭാഗങ്ങള്‍ പഠിച്ചുകഴിയുംതോറും രാഷ്ട്രീയ സദസ്സുകളിലെ നിത്യസാന്നിദ്ധ്യമായി മുസ്സോളിനി മാറിത്തുടങ്ങി. മാത്രമല്ല, വേദികളില്‍ പ്രഭാഷണം നടത്താനും ആരംഭിച്ചു. വാക്കുകളിലെ അമിതത്വം പലപ്പോഴും സ്വിസ് അധികാരികള്‍ക്ക് അനഭിമതമായപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു.(11) തിരിച്ചുവന്ന് പട്ടാളത്തില്‍ ചേര്‍ന്ന മുസ്സോളിനി 1912ല്‍ ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് ദിനപത്രമായ ‘അവന്തി’(Avanti)യുടെ ഡയറക്ടറായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇറ്റലിയുടെ ഇടപെടലുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കത്തിനിടയില്‍ അവന്തിയില്‍ നിന്നും പുറത്താക്കപ്പെട്ടു. 1914ല്‍ സാഹസികരായ ഒരുകൂട്ടം യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ‘ഫാഷിസ്റ്റ്’ (Fascist)എന്ന കൂട്ടായ്മക്ക് രൂപം നല്‍കി. 1914 നവംബര്‍ 15ന് Pop d’Italia’(The people of Italy) അഥവാ ‘ഇറ്റലിയുടെ പ്രജകള്‍’ എന്ന ദിനപത്രത്തിന് തുടക്കം കുറിച്ചു.(12) ഒന്നാം ലോകമഹായുദ്ധത്തില്‍ ഇറ്റാലിയന്‍ ആക്രമണ സേനയായ ‘അര്‍ദീതി’(Ardity)യില്‍ അംഗമായി.

ദേശീയതയെ തിരസ്‌കരിക്കുന്നു എന്ന കാരണത്താല്‍ സോഷ്യലിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഫാഷിസം ഔദ്യോഗികമായി ജന്മമെടുക്കുന്നത് 1919 മാര്‍ച്ച് 23 ഞായറാഴ്ചയാണ്. യുദ്ധവിദഗ്ദന്‍മാരും, പത്രപ്രവര്‍ത്തകരും, യുദ്ധത്തെ അനുകൂലിക്കുന്ന വിപ്ലവകാരികളും ബുദ്ധിജീവികളുമടങ്ങുന്ന നൂറില്‍പരം ആളുകളുമായി Piazza San Sepolcroയില്‍ മിലാന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ അലയന്‍സിന്റെ ഹാളില്‍ ചേര്‍ന്ന മീറ്റിംഗിലായിരുന്നു ഇത്. പ്രസ്തുത പ്രസ്ഥാനത്തിന് മുസ്സോളിനി നല്‍കിയ പേര് ‘fasci di combattimento അഥവാ ‘പൊരുതുന്ന ഫാഷിസ്റ്റുകള്‍’ എന്നായിരുന്നു.(13) ഏതാനും സൈനികരുമായി ഫ്യൂമ പിടിച്ചടക്കാന്‍ പുറപ്പെട്ട Gabriele D’ Annunzio ദിവസങ്ങള്‍ക്കു മുന്‍പേ  തന്നെ കത്ത് മുഖേന പ്രസ്തുത വിവരം മുസ്സോളിനിയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ”പനിയോടുകൂടിയാണ് ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റത്. എന്നാല്‍ ഇനിയും വൈകിക്കുക എന്നത് അസാധ്യമാണ്. ആവേശം ഒരിക്കല്‍കൂടി ശരീരത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഇറ്റലിയുടെ ദൈവം നമ്മെ തുണക്കട്ടെ!”(14) ഇതില്‍ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചോദനമുള്‍ക്കൊണ്ടാകണം അതേ മാതൃകയില്‍ 1922 ഒക്‌ടോബറില്‍ മുസ്സോളിനിയുടെ ഫാഷിസ്റ്റ് പട റോമിലേക്ക് നടത്തിയ സൈനിക പടയോട്ടം. ഇതിനോടകം തന്നെ രൂപപ്പെട്ടിരുന്ന Squadristi’ (Blackshirts) അഥവാ ‘കറുത്തവസ്ത്രധാരികളായ പടയാളികള്‍’ രാജ്യത്തുടനീളമുള്ള സോഷ്യലിസ്റ്റ് കേന്ദ്രങ്ങള്‍ കൊള്ളചെയ്യുകയും, തീവെച്ച് നശിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ഈ ചെയ്തികള്‍ സൃഷ്ടിച്ചിരുന്ന ഭീകരാന്തരീക്ഷം ജനങ്ങളെ മാത്രമല്ല, ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്ത ഗവണ്‍മെന്റിനെയും പരിഭ്രായിലാക്കി. എണ്ണായിരത്തോളം വരുന്ന ബ്ലാക്ക് ഷര്‍ട്ട് സൈനികരുമായി ഇറ്റലി പിടിച്ചടക്കിയ മുസ്സോളിനിക്കെതിരെ പ്രധാനമന്ത്രി ലൂഗി ഫാക്റ്റ കൊണ്ടുവന്ന പട്ടാളനിയമം ഒപ്പുവെക്കാന്‍ വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ രാജാവ് തയ്യാറായില്ല. ഒരു വലിയ ആഭ്യന്തരയുദ്ധം അദ്ദേഹം വല്ലാതെ ഭയന്നിരുന്നു. അതിനു പരിഹാരമായി അദ്ദേഹം കണ്ടത് പ്രധാനമന്ത്രി ലൂഗി ഫാക്റ്റയെ പുറത്താക്കി പകരം ബെനിറ്റോ മുസ്സോളിനിയെ അവരോധിക്കുക എന്ന ഫാഷിസ്റ്റ് ആവശ്യത്തെ അംഗീകരിക്കുക എന്നത് മാത്രമായിരുന്നു. അങ്ങനെ ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ ഏകാധിപതിയായി.(15)

1922 മുതല്‍ 1942 വരെ നാഷണല്‍ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ അധിപനായിക്കൊണ്ട് നീണ്ട 21 വര്‍ഷക്കാലം മുസ്സോളിനി ഇറ്റലി അടക്കിഭരിച്ചു. രാഷ്ട്രത്തിന്റെ സര്‍വനിയന്ത്രണവും ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കുന്നതിനും മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിനും, മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാഷിസം കോര്‍പ്പറേറ്റീവ് രാഷ്ട്രസിദ്ധാന്തത്തിന് രൂപം നല്‍കി. കോര്‍പ്പറേറ്റീവ് രാഷ്ട്രസിദ്ധാന്തപ്രകാരം സാമ്പത്തികമായി ഉല്‍പ്പാദനത്തിന് ഓരോ വിഭാഗത്തിനും ഓരോ കോര്‍പ്പറേഷനുകള്‍ സ്ഥാപിക്കുകയും, ഓരോ കോര്‍പ്പറേഷനിലും ബന്ധപ്പെട്ട ഉല്‍പാദനമേഖലയിലെ തൊഴില്‍ ദായകരുടെയും തൊഴിലാളികളുടെയും സിന്‍ഡിക്കേറ്റ് സ്ഥാപിക്കുകയും ചെയ്തു. സ്വകാര്യസ്വത്തിനെ പൂര്‍ണ്ണമായും നിഷ്‌ക്കാസനം ചെയ്യുന്നതിന് പകരമായി, കോര്‍പ്പറേഷനുകള്‍ ചെയ്യുന്നത് സ്വകാര്യസ്വത്തിന്റെ പ്രവര്‍ത്തനവും, വ്യവസായത്തിന്റെ നടത്തിപ്പും രാഷ്ട്രത്തിന്റെ നിയന്ത്രണത്തില്‍ ക്രമീകരിക്കുക എന്നതാണ്. ഇതുമൂലം രാഷ്ട്രത്തിന്റെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന് ഫാഷിസത്തിന് സാധിച്ചു.1936ല്‍ മുസ്സോളിനി ഇറ്റലിയിലെ ജനപ്രതിനിധിസഭ പിരിച്ചുവിട്ടു. ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രൂപത്തില്‍ അടിമുടി മാറ്റംവരുത്തി. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള സമ്മതിദായകാവകാശം കോര്‍പ്പറേഷനുകളില്‍ മാത്രം പരിമിതമാക്കി. തൊഴിലാളി യൂണിയനുകളും, തൊഴില്‍ദായകരുടെ സംഘങ്ങളും, തൊഴില്‍ നിയമങ്ങളുമെല്ലാം സമ്പൂര്‍ണമായി ഫാഷിസ്റ്റ് കക്ഷിയുടെ നിയന്ത്രണത്തിലായി. ഈ കോര്‍പ്പറേഷനുകളാകട്ടെ, അധികാരശക്തിക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു. തൊഴില്‍ശാലകള്‍ പൂട്ടിയിടുന്നതും, പണിമുടക്കും നിയമവിരുദ്ധമാക്കപ്പെട്ടു. തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനായി പ്രത്യേക തൊഴില്‍ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഫാഷിസത്തിനുകീഴില്‍ പണിമുടക്കുന്ന തൊഴിലാളിക്ക് വിധിക്കപ്പെട്ടിരുന്ന ഏറ്റവും ചെറിയ ശിക്ഷ ഏഴ് വര്‍ഷത്തെ ജയില്‍വാസമായിരുന്നു.(16)

യുദ്ധവും അക്രമവും തൊഴിലാക്കിക്കൊണ്ട്, വേണ്ടുവോളം കൈക്കരുത്തുമായി അധികാരയന്ത്രത്തിന്റെ ഉന്മാദലഹരിയില്‍ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിത്തിരിച്ച ഇറ്റാലിയന്‍ സ്വേച്ഛാധിപതിക്ക് ഒരു രാഷ്ട്രത്തിന് മുന്നില്‍വെക്കാന്‍ പ്രത്യേകിച്ച് കര്‍മ്മപരിപാടികളോ, പദ്ധതികളോ ഉണ്ടായിരുന്നില്ല. കാലക്രമേണ ജനത്തിന് അസന്തുഷ്ടിയും അസഹിഷ്ണുതയും തോന്നിത്തുടങ്ങി. മുസ്സോളിനിയുടെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ പ്രധാന ബോഡിയായ Grand Council of Fascism (Gran Consiglio del Fascismo) 1943 ജൂലൈ 24ന് വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ മുസ്സോളിനിക്കെതിരെയുള്ള വികാരം പ്രത്യക്ഷത്തില്‍ പ്രകടമായി. ഡിനോ ഗ്രാന്‍ഡിയുടെ ‘ഓര്‍ഡര്‍ ഓഫ് ദി ഡേ’ എന്ന പ്രമേയം എട്ടിനെതിരെ 19 വോട്ടുകള്‍ക്ക് പാസായി. നീണ്ട രണ്ട് പതിറ്റാണ്ടുകാലം അധികാരത്തിന്റെ രൗദ്രഭാവങ്ങള്‍കൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ വിറകൊള്ളിച്ച ആ ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 1945 ഏപ്രില്‍ 27ന് സ്‌പെയിനിലേക്ക് രക്ഷപെടുംവഴി പിടിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം കൊല ചെയ്യപ്പെട്ടതായി കരുതുന്നു. ഏപ്രില്‍ 29ന് മിലാനിലെ പൊതുസ്ഥലത്ത് മറ്റ് ഫാഷിസ്റ്റുകളോടൊപ്പം തലകീഴായി കെട്ടിത്തൂക്കിയ നിലയില്‍ പൊതുജനമധ്യത്തില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കപ്പെട്ടു.(17) അധികാരം ധിക്കാരത്താല്‍ കൈക്കലാക്കി ആധിപത്യം സ്ഥാപിച്ച് നിഷ്ഠൂരവാഴ്ചയിലൂടെ ആത്മനിര്‍വൃതിയടഞ്ഞ ആദ്യ ഫാഷിസ്റ്റ് ഭരണാധികാരിയുടെ ദാരുണമായ അന്ത്യം!

ജര്‍മന്‍ ഫാഷിസം

ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, അമേരിക്ക തുടങ്ങിയ ഒന്നാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികള്‍ക്കെതിരെയുള്ള കേന്ദ്രശക്തികളുടെ (central powers) തലവനായിരുന്നു ജര്‍മനി. യുദ്ധത്തില്‍ ജര്‍മ്മനി കനത്ത പരാജയമേറ്റുവാങ്ങി. യുദ്ധമവസാനിപ്പിച്ചുകൊണ്ടുള്ള Treaty of peace with Germany എന്ന  Treaty of Versailles ഒപ്പുവെക്കുന്നതിന് ജര്‍മനി നിര്‍ബന്ധിതരായി. യൂറോപ്പിലെ ഒന്നാംകിട രാഷ്ട്രമായിരുന്ന ജര്‍മ്മനിയെ സംബന്ധിച്ചേടത്തോളം അത്തരമൊരു ഉടമ്പടിയില്‍ ഒപ്പുവെക്കുക എന്നത് ആത്മാഭിമാനത്തിനേറ്റ കനത്ത ആഘാതമായിരുന്നു. ജര്‍മനി പൂര്‍ണമായും നിരായുധരാകുകയും ജര്‍മന്‍ ജനത മാനസികമായി തളരുകയും ചെയ്തു. ഉടമ്പടിപ്രകാരം അടുത്ത കുറേ വര്‍ഷത്തേക്ക് ജര്‍മനിക്ക് ഒരു വ്യോമസേന ഉണ്ടായിരിക്കരുത് എന്ന വിലക്ക് പ്രാബല്യത്തില്‍ വന്നു.(18) ജര്‍മനിയുടെ വകയായുണ്ടായിരുന്ന കോളനികളെല്ലാം തന്നെ സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുന്നതിനും ഉത്തരവായി.(19) ഇതിനെല്ലാം പുറമെ ജര്‍മനിയെ തോല്‍പ്പിക്കാനായി നടത്തിയ യുദ്ധത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച ഭീമമായ ചെലവിന് നഷ്ടപരിഹാരതുക നല്‍കണമെന്നും സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു.(20) വ്യവസായസ്തംഭനവും നാണയപ്പെരുപ്പവും ജര്‍മന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പിടിച്ചുലച്ചു. കോളനികള്‍ സഖ്യകക്ഷികള്‍ പങ്കിട്ടെടുത്തതുമൂലം അതില്‍നിന്നുണ്ടായിരുന്ന വരുമാനവും നിലച്ചു. മനസ്സില്‍ നിരാശയും ശരീരത്തില്‍ പട്ടിണിയുംപേറി ദാരിദ്ര്യഭാരത്താല്‍ ജീവിക്കുന്ന ജര്‍മന്‍ ജനതയിലാണ് ‘വെയ്മര്‍ ഭരണഘടന’ (Weimar Constitution) നടപ്പിലാക്കുന്നത്. ജനായത്തഭരണം ലക്ഷ്യമാക്കികൊണ്ട് നടപ്പിലാക്കിയ വെയ്മര്‍ ഭരണഘടന പക്ഷേ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് രാജ്യത്തെ നയിച്ചത്. 1919നും 1933നും ഇടയിലായി ജര്‍മനിയില്‍ 21 മന്ത്രിസഭകള്‍ മാറിമാറി ഭരിച്ചു. ഒരു ശക്തമായ ഗവണ്‍മെന്റ് തങ്ങള്‍ക്കുണ്ടാകുന്നത് തടയപ്പെടല്‍ സഖ്യകക്ഷികളുടെ താല്‍പര്യമാണെന്ന ചിന്ത ന്യായമായും ജര്‍മന്‍ ജനതക്കുണ്ടായിരുന്നു.(21) ഇത്തരമൊരു സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് 1919 ജനുവരി അഞ്ചിന് ആന്റണ്‍ ഡ്രെക്‌സ്‌ലര്‍ ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. ആറ് എക്‌സിക്യൂട്ടീവുകളുണ്ടായിരുന്ന ഈ പാര്‍ട്ടിയിലെ ആകെ അംഗങ്ങളുടെ എണ്ണം 28 ആയിരുന്നു. യുദ്ധത്തില്‍ ധീരസേവനം നടത്തിയതിന് കീര്‍ത്തിമുദ്ര ലഭിച്ച അത്രയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത മുപ്പതുകാരനായ ഒരു യുവാവ് 55-ാമത്തെ അംഗമായി ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹമായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍.

ഓസ്ട്രിയയിലെ ബ്രൂണൗ എന്ന പ്രദേശത്ത് അലോയിസ്-ക്ലാര ദമ്പതികളുടെ മകനായി ഹിറ്റ്‌ലര്‍ ജനിക്കുന്നത് 1889 ഏപ്രില്‍ 20നാണ്. പഠനത്തില്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയിരുന്ന ഹിറ്റ്‌ലര്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു ആര്‍ട്ടിസ്റ്റ് ആകണമെന്ന മോഹവുമായി വിയന്നയിലേക്ക് പുറപ്പെട്ടു. അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ട്‌സിലേക്കുള്ള പ്രവേശനശ്രമത്തില്‍ രണ്ട് തവണ പരാജയപ്പെട്ട ഹിറ്റ്‌ലര്‍ രണ്ട് തവണ ഏകാന്തവാസം നയിച്ചു. ചെറിയ പെയിന്റിംഗ് വര്‍ക്കുകളും പരസ്യകലകളും ചെയ്തുകൊടുക്കലായിരുന്നു വരുമാനമാര്‍ഗം. 1913ല്‍ ഹിറ്റ്‌ലര്‍ മ്യൂണിക്കിലേക്ക് തിരിച്ചു. ഓസ്ട്രിയന്‍ മിലിട്ടറി സര്‍വ്വീസിലേക്കുള്ള തെരെഞ്ഞടുപ്പില്‍ പങ്കെടുത്ത ഹിറ്റ്‌ലര്‍ അപര്യാപ്തമായ ശാരീരികഘടന എന്ന കാരണത്താല്‍ തിരിച്ചയക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിച്ച ഉടന്‍തന്നെ ജര്‍മന്‍ പട്ടാളത്തില്‍ ചേര്‍ന്നു. യുദ്ധത്തിലുടനീളം ഹിറ്റ്‌ലര്‍ തന്റെ സേവനം കാഴ്ചവെച്ചു. പ്രവര്‍ത്തനത്തിലെ ധീരത കണക്കിലെടുത്തുകൊണ്ട് 1914 ഡിസംബറില്‍ Iron Cross 2nd Class,’ 1918 ഓഗസ്റ്റില്‍ ‘Iron Cross 1st Class’ എന്നീ സൈനിക ബഹുമതികള്‍ ലഭിക്കുകയുണ്ടായി. 1919ല്‍ ആന്റണ്‍ ഡ്രെക്‌സ്‌ലറുടെ ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ 55-ാമത്തെ അംഗമായപ്പോള്‍ ഹിറ്റ്‌ലര്‍ക്ക് കിട്ടിയ അംഗത്വനമ്പര്‍ 555 ആയിരുന്നു. പാര്‍ട്ടിയുടെ ആള്‍ബലം കൂട്ടിക്കാണിക്കുന്നതിനുവേണ്ടി എപ്പോഴും 500 കൂട്ടിയാണ് അംഗങ്ങള്‍ക്ക് നമ്പര്‍ കൊടുക്കാറുണ്ടായിരുന്നത്. ഹിറ്റ്‌ലര്‍ താമസിയാതെ തന്നെ പാര്‍ട്ടി പ്രചരണത്തിന്റെ മുഖ്യവക്താവായി നിയമിക്കപ്പെട്ടു. 1920 ഫെബ്രുവരി 24ന് 2000 പേരടങ്ങുന്ന ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. അവിടെവെച്ച് പാര്‍ട്ടിയുടെ പ്രസിദ്ധമായ 25 പോയിന്റടങ്ങുന്ന മാനിഫെസ്റ്റോ അവതരിപ്പിക്കപ്പെട്ടു. ജര്‍മനിയുടെ വികസനം, വിപുലീകരണം, ജൂത നിഷ്‌കാസനം, വെയ്‌സാലിസ് ഉടമ്പടി റദ്ദാക്കല്‍ എന്നിവയായിരുന്നു മുഖ്യപ്രതിപാദ്യ വിഷയം.(23) അന്നേദിവസം തന്നെ പാര്‍ട്ടിയുടെ പേര് നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്ന് പുനര്‍നാമകരണം ചെയ്തു. ഹിറ്റ്‌ലറുടെ മാസ്മരികമായ സംസാരശൈലി യുവാക്കളേയും വിദ്യാര്‍ത്ഥികളെയും വല്ലാതെ ആകര്‍ഷിച്ചു. 1923ല്‍ ഗവണ്‍മെന്റിന് എതിരായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നെന്ന കാരണത്താല്‍  ഹിറ്റ്‌ലര്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. എന്നാല്‍ എട്ട് മാസത്തെ ജയില്‍ ശിക്ഷക്കുശേഷം അദ്ദേഹം മോചിതനായി. ആ സമയത്താണ് നാസികളുടെ ബൈബിളായി പിന്നീട് വിളിക്കപ്പെട്ട Main Kamph (എന്റെ സമരം) രചിക്കപ്പെടുന്നത്.

നാസികള്‍ ക്രമാതീതമായി വളര്‍ച്ച പ്രാപിച്ചുതുടങ്ങി. പ്രത്യേക യൂണിഫോമില്‍ സ്വസ്തിക് മുദ്ര പതിച്ച ആയിരക്കണക്കിന് യുവാക്കള്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ സൈനിക പരിശീലനം നേടിപ്പോന്നു. ഇവര്‍ ജൂതന്‍മാരോടും, കമ്മ്യൂണിസ്റ്റുകളോടും, ജര്‍മന്‍ പൊലീസിനോടും തെരുവില്‍ സംഘടനം നടത്തുക സാധാരണമായി. സഖ്യകക്ഷികളോടേറ്റ പരാജയത്തിന് പ്രതികാരം ചെയ്യണമെങ്കില്‍ നാസി പാര്‍ട്ടിയില്‍ അംഗമാവണമെന്ന ധാരണ പൊതുജനത്തിനുമുന്നില്‍ സൃഷ്ടിക്കാന്‍ നാസി പ്രചാരവേലക്ക് സാധിച്ചു. ഹിറ്റ്‌ലര്‍ ജര്‍മന്‍ പുനരുത്ഥാനത്തിന്റെ പ്രതീകമായി രാജ്യം മുഴുവന്‍ അംഗീകരിക്കപ്പെട്ടു. 1922ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1933ല്‍ പ്രസിഡന്റിന്റെ താല്‍പര്യപ്രകാരം ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സലറായി. മൂന്ന് മാസങ്ങള്‍ക്കകം ജര്‍മന്‍ പ്രതിനിധി സഭയായ റൈഷാഗ് പിരിച്ചുവിട്ടു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 52 ശതമാനം സീറ്റുകളുമായി നാസി കക്ഷി ഒറ്റക്ക് ജര്‍മനിയുടെ ഭരണം ഏറ്റെടുത്തു. സര്‍ക്കാര്‍ ഓഫീസുകളിലും നീതിന്യായ വകുപ്പുകളിലും മറ്റും ജോലി ചെയ്തിരുന്ന ആര്യന്‍മാരല്ലാത്ത എല്ലാവരെയും പിരിച്ചുവിടുക, ‘ജനദ്രോഹികളെയും രാജ്യദ്രോഹികളെയും’ ശിക്ഷിക്കുന്നതിനായി ജനകീയ കോടതികള്‍ സ്ഥാപിക്കുക, നാസി പാര്‍ട്ടി ഒഴികെയുള്ള പാര്‍ട്ടികളെയെല്ലാം പിരിച്ചുവിടുക, വാര്‍ത്താവിനിമയ-പ്രസിദ്ധീകരണ മാധ്യമങ്ങളെല്ലാം നാസി പ്രചരണത്തിന് ഉപയോഗിക്കുക, തൊഴിലാളി സംഘടനകള്‍ നിരോധിക്കുക തുടങ്ങിയ നാസി അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കപ്പെട്ടു. ഇതോടുകൂടി രാജ്യത്തെ എല്ലാ പ്രദേശങ്ങളും ഹിറ്റ്‌ലറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ജനാധിപത്യത്തിന്റെ കണികപോലും ബാക്കിവെക്കാതെ ഏകാധിപത്യം പൂര്‍ണമായും നടപ്പില്‍വരുത്തി.(24) ജൂതന്‍മാരെ തിരഞ്ഞുപിടിച്ച് കൊലയ്ക്ക് വിധേയമാക്കി. ജോലിസ്ഥലത്തും അല്ലാതെയും അവരെ കൂട്ടത്തോടെ കോണ്‍സെന്റ്രേഷന്‍ ക്യാമ്പുകളില്‍ കൊണ്ടുവന്ന് കൊല്ലുന്നത് പതിവായി. കൊല്ലാന്‍കഴിയാത്തവരെ കൂട്ട വന്ധ്യംകരണത്തിന് വിധേയരാക്കി. ജൂതജനതയുടെ സര്‍വനാശമായിരുന്നു നാസികളുടെ ലക്ഷ്യങ്ങളിലൊന്ന്.

പോളണ്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘട്ടനങ്ങള്‍ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് വഴിവെച്ചു. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ സഖ്യകക്ഷികള്‍ക്കെതിരെ ജര്‍മനി, ഇറ്റലി, ജപ്പാന്‍, ഹംഗറി, റുമേനിയ തുടങ്ങിയ ആക്‌സിസ് പവേഴ്‌സ് അണിനിരന്നു. യുദ്ധം കൊടുമ്പിരികൊണ്ടു. ജര്‍മനി പരാജയത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്നു. ഹിറ്റ്‌ലര്‍ ബെര്‍ലിനില്‍ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറി. രണ്ട് ദിവസം മുന്‍പുമാത്രം വിവാഹം കഴിച്ച ഇവ ബ്രൗണുമൊത്ത് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. തന്റെ സര്‍വീസ് തോക്കുകൊണ്ട് സ്വയം നിറയൊഴിച്ചാണ് അദ്ദേഹം മരണപ്പെട്ടത്; ഒരുപാടു പേരുടെ ജീവനെടുത്ത ഉരുക്കുമുഷ്ടിയാല്‍തന്നെ തന്റെയും ജീവനെടുക്കാന്‍ നിര്‍ബന്ധിതനായ ഹതഭാഗ്യന്‍!

ഇറ്റാലിയന്‍, ജര്‍മന്‍ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ടുകൊണ്ട് നിരവധി ഫാഷിസ്റ്റ് സംഘങ്ങള്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. യൂറോപ്പിന് പുറത്ത് ജപ്പാനിലും, സൗത്ത് ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും, സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റ് ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.(25) എന്നാല്‍ ഇവയില്‍ അധികാരത്തിലേറിയവര്‍ വളരെ വിരളമായിരുന്നു. അധികാരത്തിലേറിയവര്‍ക്കുതന്നെ ഹിറ്റ്‌ലര്‍-മുസ്സോളിനി എന്നിവരുടെയത്ര  വലിയ അധികാരപ്രതിഷ്ഠയായി സ്വയം മാറാന്‍ സാധിച്ചതുമില്ല.

ഫാഷിസം: അര്‍ത്ഥവും വ്യാഖ്യാനവും

ഫാഷിസം; അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ എതിര്‍ക്കുന്നവര്‍ ഉപയോഗിക്കുന്ന പദം! രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ലോകം അനുഭവിച്ചറിഞ്ഞ നിഷ്ഠൂരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അപരാഭിധാനം! രാഷ്ട്രീയമായ ആക്രമണം, മൃഗീയത, അടിച്ചമര്‍ത്തല്‍, സ്വേച്ഛാധിപത്യം എന്നിവയെ കുറിക്കുന്നതിന്  ഫാഷിസം എന്ന പദം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.(26) Fasces എന്ന ലാറ്റിന്‍ പദധാതുവില്‍ നിന്നാണ് ഇറ്റാലിയന്‍ പദമായ ‘Fascioയുടെ ഉല്‍ഭവം. Fascism’പദപരമായി ഉരുത്തിരിയുന്നത് Fascioയില്‍ നിന്നാണ്. ഒരു കെട്ട് ഇരുമ്പുദണ്ഡുകള്‍ക്കിടയില്‍വെച്ച ഒരു മഴു; അതാണ് Fasces. പുരാതന റോമില്‍ ശക്തിയും അധികാരവും സൂചിപ്പിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത് Fasces ആയിരുന്നു. ജഡ്ജിയുടെ നീതിപീഠത്തിലും Fasces’ഒരു നിത്യസാന്നിധ്യമായിരുന്നു. 1914ന് മുന്‍പ് Fasces രാഷ്ട്രീയ പരിചയപ്പെടുത്തലായി സാധാരണയായി ഉപയോഗിച്ചിരുന്നത് ഇടതുപക്ഷക്കാരായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സിസിലിയിലെ കര്‍ഷകര്‍ ജര്‍മനിക്കെതിരെ നടത്തിയ സമരങ്ങളില്‍ അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് Fasci Sivitai’എന്നായിരുന്നു. 1914 അവസാനത്തില്‍ ഒരുകൂട്ടം ഇടതുപക്ഷ ദേശീയവാദികള്‍ മുസ്സോളിനിയോട് ചേരുകയും അവരുടെ ഐക്യത്തിനായുള്ള പ്രചാരണത്തിന് ‘Fascio revolucionarios d’Azione interventionist’എന്ന നാമം തെരഞ്ഞെടുക്കകയുമുണ്ടായി. 1919ല്‍ മിലാനില്‍വച്ച് Fasci di Combattimento’ എന്ന പേര് സ്വീകരിക്കുന്നതിലൂടെയാണ് ഫാഷിസം മുസ്സോളിനിയുടെ ‘കുത്തക’യായിത്തീരുന്നത്.(27)

സാമൂഹ്യജീവിയായ മനുഷ്യന് ഒറ്റപ്പെട്ട് ജീവിക്കാന്‍ സാധ്യമല്ല. വൈകാരിക തലത്തിലായാലും, ശാരീരിക തലത്തിലായാലും, സാമ്പത്തിക തലത്തിലായാലും അവന് സഹജീവികളുമായി ഇടപഴകേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ ഇടപടേണ്ട അവനെ സംബന്ധിച്ചേടത്തോളം ഏതൊരു നല്ല സമൂഹത്തിന്റെയും അടിത്തറയെ ശക്തിപ്പെടുത്തുന്ന സ്ഥാപനമായ കുടുംബത്തിന്റെ ഭാഗമാകലും അനിവാര്യമാണ്. നന്മ ചെയ്യാനും തിന്മ ചെയ്യാനും ഒരുപോലെ സ്വാതന്ത്ര്യമുള്ള മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ഇടപെടലുകളിലും ക്രയവിക്രയങ്ങളിലും സംഘട്ടനങ്ങളില്ലാതിരിക്കാനും, സ്വരചേര്‍ച്ചയോടുകൂടി മുന്നോട്ടുപോകുവാനും ചില നിയമങ്ങള്‍ അത്യാവശ്യമാണ്. മാത്രമല്ല, അവന്റെ ജീവിതനിലവാരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനും ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായുണ്ട്. ഇവിടെയാണ് ഭരണാധികാരികളുടെയും ഭരണക്രമത്തിന്റെയും പ്രസക്തി. ഭരണാധികാരികളും മനുഷ്യരായതുകൊണ്ടുതന്നെ ജനങ്ങള്‍ക്കും ഭരണക്രമത്തിനുമിടയില്‍ പൊരുത്തവും പാരസ്പര്യവും ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണമാണ് നടക്കേണ്ടത്. ഭരണക്രമം രാജാധിപത്യമോ ജനാധിപത്യമോ ആകട്ടെ, ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നത് ഭരണാധികാരികളുടെ കടമയാകുമ്പോള്‍; ഭരണക്രമത്തോട് അനുസരണ കാണിക്കലും, നിയമങ്ങളെ ബഹുമാനിക്കലും ജനങ്ങളുടെ കടമയില്‍പ്പെട്ടതാണ്. ഒരു ഭരണക്രമം എന്ന നിലക്ക് ഭരണാധികാരിക്കും ജനത്തിനുമിടയില്‍ ഈ സ്വരച്ചേര്‍ച്ച ഉണ്ടാക്കുന്നതില്‍ പൂര്‍ണ പരാജയമാണ് ഫാഷിസം. ഒരു സിദ്ധാന്തം എന്ന നിലയില്‍ ആശയങ്ങളെക്കാള്‍ കൂടുതല്‍ പ്രയോഗിക ലക്ഷ്യപൂര്‍ത്തിക്കാണ് ഫാഷിസം മുന്‍തൂക്കം കൊടുക്കുന്നത്. വിവേകത്തേക്കാളേറെ അത് പ്രാമുഖ്യം കൊടുത്തിരുന്നത് വികാരത്തിനായിരുന്നു. സര്‍വാധിപത്യത്തിലും ജനാധിപത്യവിരുദ്ധതയിലുമാണ് അത് വിശ്വസിച്ചിരുന്നത്. ജനാധിപത്യത്തിന്റെ അടിത്തറകളായ സമ്മിതിദായകരെയും ജനപ്രതിനിധികളെയും അത് നിരുപാധികം തട്ടിനിരപ്പാക്കി. കാതറിന്‍ മേക്കലിന്റെ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ് : ”ഫാഷിസം പറയുന്നു, ജനകീയ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ തര്‍ക്കവിധേയമാണ്.  കാരണം ആള്‍ക്കൂട്ടത്തിന് ഇഷ്ടപ്പെട്ട പ്രതിനിധിയെ ആള്‍ക്കൂട്ടം തിരഞ്ഞെടുക്കുന്നു. എന്നാല്‍ തിരഞ്ഞെടുത്ത പ്രതിനിധിക്ക് ദേശത്തോട് എന്ത് താല്‍പര്യമാണുള്ളത് എന്നതില്‍ ഇത് യാതൊരു ഉറപ്പും നല്‍കുന്നില്ല. ഇത് നാടിനെയും രാഷ്ട്രത്തെയും നശിപ്പിക്കും. ഫാഷിസം പറയുന്നു, ജനപ്രതനിധി-ആലോചനാ സഭകള്‍ തര്‍ക്കവിധേയമാണ്. കാരണം അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നയരൂപീകരണത്തിനല്ല മറിച്ച്, വാദിക്കാനും തര്‍ക്കിക്കാനുമാണ്. ഹിറ്റ്‌ലര്‍ പാര്‍ലമെന്റിനെ വിശേഷിപ്പിച്ചത് തന്നെ നിരര്‍ത്ഥക ജല്‍പ്പനത്തിന്റെ സ്ഥാപനം എന്നാണ്. ഫാഷിസം പറയുന്നു, താനല്ലാത്ത ഇതരപാര്‍ട്ടികളെല്ലാം തര്‍ക്കവിധേയമാണ്. കാരണം ഫാഷിസവുമായി മത്സരിക്കുമ്പോള്‍ അവര്‍ തന്റെ തീക്ഷ്ണമായ ദേശീയതയെ എതിര്‍ക്കുന്നു.”(28)

രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത സാമാന്യ ജനങ്ങള്‍ക്ക് മാന്യമായ ജീവിതസൗകര്യങ്ങളും കൊള്ളാവുന്ന ഒരു നേതാവും ലഭ്യമാക്കണമെങ്കില്‍ അതിനുവേണ്ടത് കര്‍ക്കശമായ അച്ചടക്കം, ജോലി ചെയ്യാനുള്ള സന്നദ്ധത, നേതൃത്വത്തോടുള്ള കലവറയില്ലാത്ത അനുസരണം എന്നിവയാണ് എന്ന് ഫാഷിസം അനുശാസിക്കുന്നു. വ്യക്തിയുടെ ഇച്ഛ രാഷ്ട്രത്തിന്റെ ഇച്ഛയുമായി ഒത്തിണങ്ങുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ഫാഷിസം വ്യക്തിയുടെ ഇച്ഛയെ അംഗീകരിക്കുന്നുള്ളൂ. കാരണം സ്വാതന്ത്ര്യം ഒരു അവകാശമല്ല, മറിച്ച് കടമയാണ്. അത് ദാനമായി ലഭിക്കേണ്ടതല്ല, മറിച്ച് പിടിച്ചടക്കേണ്ടതാണ്.(29) ചുരുക്കിപ്പറഞ്ഞാല്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതിനുപകരം കര്‍ത്തവ്യം, അച്ചടക്കം, ത്യാഗം എന്നിവയായിരിക്കണം ഫാഷിസത്തിനു കീഴില്‍ ജനങ്ങളുടെ ലക്ഷ്യം. ഫാഷിസം രാഷ്ട്രത്തിന്റെ അധീശത്വത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഷ്ട്രത്തിലെ ഏതൊരംഗത്തേക്കാളും പ്രധാനമായിട്ടുള്ളത് രാഷ്ട്രമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രയോഗവല്‍ക്കരിക്കാനും ബുദ്ധിമതികളായ ഒരു ചെറുന്യൂനപക്ഷത്തിനേ സാധ്യമാകൂ എന്നും, അതിനാല്‍ രാഷ്ട്രീയാധികാരം എപ്പോഴും കുലീനപരമായിരിക്കണമെന്നും ഫാഷിസം വാശിപിടിക്കുന്നു. ആത്യന്തികമായി പറഞ്ഞാല്‍ പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രത്തിലാണ്, ജനങ്ങളിലല്ല. ഈ പരമാധികാരം പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തികളില്‍ അധിഷ്ഠിതമായിരിക്കും. അതുകൊണ്ട് സാമാന്യജനങ്ങള്‍ പ്രാപ്തരായ അധികാരികളുടെ നേതൃത്വം ചോദ്യം ചെയ്യാതെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വസ്തുവകകള്‍ നശിപ്പിക്കുകയോ, വ്യക്തികളെ സംഹരിക്കുകയോ ചെയ്യുന്നതില്‍ ധാര്‍മ്മികമായോ, പ്രായോഗികമായോ യാതൊരു തെറ്റും ഫാഷിസം കാണുന്നില്ല. 1922 ഓഗസ്റ്റ് ഒന്നാം തീയതി ഇറ്റലിയില്‍ നടത്തിയ അക്രമാസക്തമായ പൊതുപണിമുടക്കില്‍ ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് ദിനപത്രമായ അവന്തിയുടെ കെട്ടിടങ്ങള്‍ തീവെച്ച് നശിപ്പിച്ചശേഷം മുസ്സോളിനി അവകാശപ്പെട്ടത് ഇങ്ങനെയാണ്: ”48 വര്‍ഷത്തെ സാരോപദേശം കൊണ്ടോ പ്രചാരണം കൊണ്ടോ സാധിക്കാത്തത്, 48 മണിക്കൂര്‍ കൊണ്ടുള്ള യുദ്ധസമാനമായ ആക്രമണം കൊണ്ട് നേടിയിരിക്കുന്നു.”(30)  യുദ്ധം ജനതയുടെ അച്ചടക്കബോധവും ത്യാഗസന്നദ്ധതയും വളര്‍ത്തുമെന്നും അത് രാഷ്ട്രത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുമെന്നും ഫാഷിസം അനുയായികളെ പഠിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തികഭദ്രതയും കാര്യക്ഷമതയും കൈവരിക്കുന്നതിനും, ഗവണ്‍മെന്റിന്റെ അഭിമാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഏതുപരിധി വരെയും ബലപ്രയോഗമാകാമെന്നതാണ് ഫാഷിസത്തിന്റെ പക്ഷം. സാമ്രാജ്യത്വം ജീവിതത്തിന്റെ അനന്തവും അലംഘനീയവുമായ നിയമമാണെന്ന് പ്രഖ്യാപിക്കുന്ന ഫാഷിസം, അന്തര്‍ദേശീയ സമാധാനം എന്നത് ഒരു ഭീരുവിന്റെ സ്വപ്‌നമാണെന്നുകൂടി അതിനോട് കൂട്ടിവായിക്കുന്നു. ഫാഷിസത്തിനുകീഴില്‍ സ്വകാര്യസ്വത്ത് അനുവദിക്കപ്പെട്ടിരുന്നു. രാഷ്ട്രത്തിന്റെ ദേശീയവ്യാപ്തി നിലനിര്‍ത്തുന്നതിനും വീറുറ്റ പൗരന്‍മാരെ സൃഷ്ടിച്ചെടുക്കുന്നതിനുംവേണ്ടി രാഷ്ട്രത്തിന്റെ ഉല്‍പ്പാദനക്ഷമത എപ്പോഴും ഉച്ചകോടിയിലായിരിക്കണം. എന്നാല്‍, സമ്പത്തിന്റെയും ഉല്‍പാദനത്തിന്റെയും മേഖലകളില്‍ പൗരന്‍മാര്‍ ദേശീയതാല്‍പര്യത്തിന് വിഘാതമായി ഭവിച്ചാല്‍ ഏതവസരത്തിലും ഏതുരീതിയില്‍ വേണമെങ്കിലും ഗവണ്‍മെന്റിന് ഇടപെടാവുന്നതാണെന്നതാണ് ഫാഷിസത്തിന്റെ സാമ്പത്തികദര്‍ശനം.(31)

രാഷ്ട്രീയമായ സിദ്ധാന്തങ്ങളെയും, കക്ഷികളെയും, കാഴ്ചപ്പാടുകളെയും പൊതുവില്‍ ‘ഇടത്’, ‘വലത്’ എന്നിങ്ങനെ തിരിക്കാറുണ്ട്. അടിസ്ഥാനപരമായി ഇടതുപക്ഷക്കാര്‍ വ്യക്തിയുടെ സാമൂഹിക സമത്വത്തിനുവേണ്ടി വാദിക്കുമ്പോള്‍ വലതുപക്ഷ സിദ്ധാന്തപ്രകാരം വ്യക്തിയുടെ വ്യത്യസ്ത തലത്തിലുള്ള സാമൂഹ്യവേര്‍തിരിവുകള്‍ സാമൂഹ്യഘടനയുടെ നിലനില്‍പ്പിന് അനിവാര്യമാണ്, ഇത് പ്രകൃതിപരവുമാണ് ്. ഇതില്‍തന്നെ പലപ്പോഴും തീവ്ര ഇടതുപക്ഷവും തീവ്ര വലതുപക്ഷവും കടന്നുവരും. തീവ്രഇടതുപക്ഷ സാമൂഹ്യഘടനയില്‍ ഉയര്‍ന്നുനില്‍ക്കുന്നവരെ ആക്രമിച്ചിട്ടാണെങ്കിലും സമത്വം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, തീവ്രവലതുപക്ഷം സാമൂഹ്യഘടനയില്‍ താഴെ നില്‍ക്കുന്നവരെ എന്നന്നേക്കുമായി അവിടെതന്നെ തളച്ചിടാന്‍ പരിശ്രമിക്കുന്നു. യൂറോപ്പിലെ തീവ്രവലതുപക്ഷം ഫാഷിസത്തിന്റെ തത്ത്വങ്ങള്‍ പങ്കിട്ടെടുക്കുന്നത് കൊണ്ടുതന്നെ അവര്‍ നിയോ ഫാഷിസ്റ്റുകള്‍ (Neo-Fascists) എന്ന് അറിയപ്പെടുന്നു. ഫാഷിസത്തെപ്പോലെ തന്നെ തീവ്രവലതുപക്ഷവും ദേശാന്തരാധിവാസികളെ പുറന്തള്ളാന്‍ ആഗ്രഹിക്കുന്നവരാണ്. കുടിയേറ്റക്കാര്‍ രാഷ്ട്രത്തെ നശിപ്പിക്കുമെന്നും, അവര്‍ കാരണം തൊഴിലില്ലായ്മ വര്‍ധിക്കുമെന്നും ഇവര്‍ വാദിക്കുന്നു. ഫ്രാന്‍സിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ നേതാവ് ജീന്‍ മാരി ലെ പെന്‍ പറയുന്നത് ”ദശലക്ഷം അന്യരാജ്യ കുടിയേറ്റക്കാര്‍ എന്നാല്‍ ദശലക്ഷം തൊഴിലില്ലായ്മ” എന്നാണ്! വൈദേശീയരോടുള്ള രാഷ്ട്രത്തിന്റെ സമീപനങ്ങളെ മുതലെടുത്തുകൊണ്ട് പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കാന്‍ തീവ്രവലതുപക്ഷം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കും. ഇത് നിലവിലുള്ള ഭരണാധികാരികളെ വെറുക്കുന്നതിലേക്ക് ജനങ്ങളെ നയിക്കുന്നു. ദുര്‍ബലമായ ജനാധിപത്യസംവിധാനം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  ഫാഷിസം ജന്മമെടുക്കുന്നു. ജനാധിപത്യത്തിന്റെ സ്വത്വം തന്നെ ഫാഷിസത്തെ എതിര്‍ക്കുന്നതാണ്. ഫാഷിസം പൂര്‍ണമായി നടപ്പിലാക്കണമെങ്കില്‍ അതിന്റെ വ്യക്താക്കള്‍ ജനാധിപത്യവിരുദ്ധരാകേണ്ടത് അത്യാവശ്യമാണ്.(32)

ഫാഷിസത്തിന് അടിസ്ഥാനപരമായി ഒരേയൊരു ലക്ഷ്യമേയുള്ളു. അത് രാഷ്ട്രത്തെ അടക്കിഭരിക്കുക എന്നതാണ്. ഈ ലക്ഷ്യപ്രാപ്തിയില്‍ ഫാഷിസം കാണിക്കുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. ഏത് നാടിന്റെ ഫാഷിസത്തിലും ഇതില്‍ ചിലത് പ്രകടമായിരിക്കും. അതുകൊണ്ടുതന്നെ ഫാഷിസത്തെ തിരിച്ചറിയുക പ്രയാസകരമല്ല. വര്‍ഗ്ഗമേന്മയിലുള്ള ദൃഢവിശ്വാസം, തീവ്രദേശീയതാവാദം, തെറ്റ് പറ്റാത്ത നേതാവ് എന്ന സങ്കല്‍പം, ആദര്‍ശവല്‍കൃതമായ അധികാരം;(33) ഇവയാണ് ഈ പൊതുസ്വഭാവങ്ങള്‍.

ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ വേരുകള്‍

ഇന്‍ഡ്യയിലെ ഹിന്ദു പുനരുത്ഥാനവാദത്തിന്റെ ചരിത്രപരമായ വേരുകള്‍ ഇന്‍ഡ്യയുടെ കൊളോണിയല്‍ അനുഭവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് കാലഘത്തില്‍ വികസിച്ചുവന്ന സവര്‍ണ ഷോവിനിസം ഇരുപതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നിന്നും ജര്‍മനിയില്‍ നിന്നും ആവേശമുള്‍കൊള്ളുകയും ശുദ്ധ ഫാഷിസമായി രൂപാന്തരപ്പെടുകയുമാണ് ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ക്കുതന്നെ ഇന്‍ഡ്യയിലെ ‘ബ്രിട്ടീഷ് ധൈഷണികത’യുടെ കേന്ദ്രം കൊല്‍ക്കത്തയായിരുന്നു. ബംഗാളിലെ അന്നത്തെ തദ്ദേശീയ ഹിന്ദു ഉപരിവര്‍ഗം ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കം വഴി പാശ്ചാത്യതത്ത്വചിന്തയോട് ആഭിമുഖ്യമുണ്ടായിത്തീര്‍ന്നവരും പഴയ യാഥാസ്ഥിതിക ഹിന്ദുപാരമ്പര്യത്തില്‍ നിന്ന് കുതറിമാറാന്‍ വഴിതേടിക്കൊണ്ടിരുന്നവരുമായിരുന്നു. തങ്ങളുടെ മതത്തെയും സംസ്‌കാരത്തെയും പുതിയൊരു കാഴ്ചപ്പാടില്‍ ആകര്‍ഷകമായി വിശ്ലേഷിച്ചു പഠിച്ച ഇംഗ്ലീഷ് പണ്ഡിതന്‍മാരോട് അവരില്‍ പലര്‍ക്കും ആദരവുണ്ടാവുകയും തങ്ങളുടെ പുതിയ തലമുറയെ ആ ‘തുറസ്സിലേക്ക്’ നയിക്കണമെന്ന് അവര്‍ അദമ്യമായി ആഗ്രഹിക്കുകയും ചെയ്തു. പാരമ്പര്യ ഹിന്ദുക്കള്‍ക്കുപകരം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരും പാശ്ചാത്യാരാധനയില്‍ ഊട്ടപ്പെട്ടവരും ഉല്‍പതിഷ്ണുക്കളുമായ ‘പരിഷ്‌കരണവാദി’ ഹിന്ദുക്കളുടെ വലിയൊരു നിര ബംഗാളില്‍ രൂപപ്പെട്ടുവന്നത് അങ്ങനെയാണ്. കൊല്‍കത്തയില്‍ 1817ല്‍ സ്ഥാപിക്കപ്പെട്ട ഹിന്ദു കോളജും (പില്‍ക്കാലത്ത് പ്രസിഡന്‍സി കോളജ്) 1830ല്‍ സ്ഥാപിക്കപ്പെട്ട സ്‌കോട്ടിഷ് ചര്‍ച്ച് കോളജും ഇത്തരമൊരു തലമുറയെ വാര്‍ത്തെടുത്തതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.  1828ല്‍ രാജാറാം മോഹന്‍ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം പോലുള്ള മതപരിഷ്‌കരണ കൂട്ടായ്മകള്‍ ബംഗാളില്‍ വന്‍ സ്വീകാര്യത നേടിയതിന്റെ ചരിത്ര പശ്ചാതലം ഇതായിരുന്നു.

എന്നാല്‍ വര്‍ധിച്ചുവരുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിന് പകരം പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന ചിന്തയുടെയും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന്റെയും ബീജങ്ങള്‍ ബംഗാള്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വിതച്ചു. 1858ല്‍ പ്രസിഡന്‍സി കോളജില്‍നിന്ന് ബിരുദം കഴിഞ്ഞിറങ്ങിയ കേശബ് ചന്ദ്രസെന്നും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും, സ്‌കോട്ടിഷ്് കോളജില്‍നിന്ന് അതേവര്‍ഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കേദര്‍നാഥ് ദത്തും തങ്ങളുടെ ശിഷ്ട ജീവിതം ചെലവഴിച്ചത് പരിഷ്‌കരണത്തില്‍ നിന്ന് പുനരുത്ഥാനത്തിലേക്കുള്ള ഈ പിന്‍മടക്കത്തെ സിദ്ധാന്തവല്‍കരിക്കുവാനാണ്. ഇവരില്‍ ഏറ്റവും പ്രശസ്തന്‍ വന്ദേമാതര ഗീതം ഉള്‍കൊള്ളുന്ന ആനന്ദമഠം എന്ന നോവലിന്റെ കര്‍ത്താവായ ബങ്കിംചന്ദ്രയാണ്. നിലനില്‍ക്കുന്ന ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും ന്യായീകരിക്കുക എന്ന ലളിതമായ പദ്ധതിയായിരുന്നു ബങ്കിം ചന്ദ്രയുടേത്. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒരാള്‍ എന്ന നിലയില്‍ കൊളോണിയല്‍ യുഗത്തില്‍ അതിന് പരമ്പരാഗത ആയുധങ്ങള്‍ മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പാരമ്പര്യത്തിന് ആധുനിക യുക്തിയെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള സംരക്ഷണമൊരുക്കാന്‍ കെല്‍പുള്ള ഭാരതീയ ഗ്രന്ഥങ്ങള്‍ തേടിയുള്ള അന്വേഷണം അദ്ദേഹത്തെ ഗീതയിലാണ് കൊണ്ടുചെന്നെത്തിച്ചത്. ഗീത നല്‍കിയ അനന്തമായ വ്യാഖ്യാന സാധ്യതകള്‍ ബങ്കിംചന്ദ്രക്ക് വലിയൊരു അനുഗ്രഹമായി മാറി. 1882ല്‍ ബംഗാളിലെ ഒരു ഹിന്ദു കുടുംബം ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ ശ്രാദ്ധം നടത്തിയതിനെ അന്ധവിശ്വാസമെന്നും അനാചാരമെന്നും പറഞ്ഞ് വിമര്‍ശിച്ചുകൊണ്ട് ഒരു ക്രിസ്തുമത പ്രബോധകന്‍ പത്രങ്ങളിലെഴുതിയ കത്തുകള്‍ക്ക് ഗീതാവെളിച്ചത്തില്‍ ‘മറുപടി’യെഴുതിക്കൊണ്ടാണ് ബങ്കിം തന്റെ ‘ഗീതാ പൊതുജീവിതം’ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ഗീതാടിസ്ഥാനത്തിലുള്ള ഹിന്ദു പുനരുത്ഥാനമെന്ന ആശയത്തിന്റെ അതിശക്തനായ വക്താവായി അദ്ദേഹം മാറി. ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനമാണ് ഹിന്ദുവിന്റെ ദൗത്യമെന്നും നഷ്ടങ്ങള്‍ പരിഗണിക്കാതെ അതിനുവേണ്ടി പോരാടാനുള്ള ദൈവാഹ്വാനമാണ് ഗീതയെന്നും വാദിച്ച ബങ്കിംചന്ദ്രയുടെ ആശയങ്ങളാണ് പില്‍കാല ഹൈന്ദവ ഷോവിനിസത്തിന്റെ അടിത്തറ നിര്‍മിച്ചത്.(34)

ബ്രിട്ടീഷ് കാലഘത്തില്‍ ഹിന്ദു പുനരത്ഥാനത്തിന്റെ ആശയാടിത്തറകള്‍ ബങ്കിം നെയ്തത് മുസ്‌ലിം വിരുദ്ധതയുടെ നൂലുകള്‍ കൂടി ഉപയോഗിച്ചാണ്. ബ്രിട്ടീഷ് വിരുദ്ധതയുടെ തീവ്രപ്രതിനിധാനമായി സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച അദ്ദേഹം, ഇസ്‌ലാമിനോടുള്ള വിരോധം വളര്‍ത്താനുപയോഗിച്ചത് കുരിശുയുദ്ധ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടന്നിട്ടില്ലാത്ത ബ്രിട്ടീഷ് എഴുത്തുകാരുടെ ഇസ്‌ലാം വിരുദ്ധ ഗവേഷണങ്ങളായിരുന്നു എന്നത് ഒരു വിരോധാഭാസമായി തോന്നാം. എന്നാല്‍, അദ്ദേഹത്തെ പിന്തുടര്‍ന്ന് ഹിന്ദുവര്‍ഗീയതയുടെ കൊടി പിടിച്ചവരെല്ലാം ആ മാതൃക തന്നെയാണ് പിന്തുടര്‍ന്നത് എന്ന് കാണാന്‍ കഴിയും. ആധുനിക യുഗത്തിലെ ഹിന്ദുമത നവോത്ഥാന നായകരായി വ്യവഹരിക്കപ്പെടുന്ന അവരില്‍ പലരും ചരിത്രപരമായ ഒരു ദശാസന്ധിയില്‍ ഭാരതീയരുടെ സാമൂഹ്യപരിഷ്‌കരണത്തിന് ശക്തമായ സംഭാവനകളര്‍പ്പിച്ചവരും വൈദേശിക ഭരണത്തിന് നേരെയുള്ള പ്രതിരോധത്തിന് ഇന്ധനമായിത്തീര്‍ന്ന ആശയങ്ങളെ സംവഹിച്ചവരുമായിരുന്നുവെന്ന കാര്യത്തില്‍ അഭിപ്രായാന്തരങ്ങളില്ല. പക്ഷേ ബോധപൂര്‍വമോ അല്ലാതെയോ ആര്‍ഷസംസ്‌കാരത്തിന്റെ മഹത്വത്തിലൂന്നി നിന്നുകൊണ്ട് മഹര്‍ഷി ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും അരവിന്ദഘോഷും സൃഷ്ടിച്ചെടുത്ത ആശയപ്രപഞ്ചം പരിവാര്‍ ബുദ്ധിജീവികള്‍ക്കുള്ള താത്ത്വികാടിത്തറയായി വര്‍ത്തിക്കുന്നു എന്നത് സൂക്ഷ്മപരിശോധനയില്‍ ബോധ്യമാകുന്നുണ്ട്. സവര്‍ക്കറാകട്ടെ, മറയേതുമില്ലാതെ ഹിന്ദുത്വപ്രചാരകനും വര്‍ഗീയതയുടെ അപ്പോസ്തലനും പ്രവാചകനും ആയിരുന്നു.

ഇസ്‌ലാമിലെ ഏകദൈവവിശ്വാസമാണ് മാതൃകാപരമെന്നുദ്‌ഘോഷിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കിടയിലെ ബഹുദൈവാരാധനക്കും അത്യാചാരങ്ങള്‍ക്കുമെതിരെ പോരാടിയ രാജാറാം മോഹന്‍ റോയിയുടെ ബ്രഹ്മസമാജില്‍ (ബംഗാള്‍, 1828)(35) നിന്നും, ബാലഗംഗാതരതിലകനെപ്പോലുള്ള ഹിന്ദുയാഥാസ്ഥിതികരോട് ആശയപരമായി കൊമ്പുകോര്‍ത്ത് സമഗ്രമായ സാമൂഹ്യപരിഷ്‌കരണത്തിനുവേണ്ടി യത്‌നിച്ച മഹാദേവ് ഗോവിന്ദ റാനഡെയുടെ പ്രാര്‍ഥനാ സമാജില്‍ (മഹാരാഷ്ട്ര, 1867)(36) നിന്നും, ജാതിവിവേചനത്തിനും സവര്‍ണമേല്‍കോയ്മക്കുമെതിരെ ദലിത് വിമോചനത്തിനുവേണ്ടി പടനയിച്ച മഹാത്മാ ജ്യോതിഭ ഫൂലെയുടെ സത്യശോധക് സമാജില്‍ (മഹാരാഷ്ട്ര, 1873)(37) നിന്നും, ദര്‍ശനത്തിലും പ്രയോഗത്തിലും വ്യത്യസ്തമായിരുന്നു ദയാനന്ദന്റെ ആര്യസമാജം (ബോംബെ, 1875). നടേ പറഞ്ഞവ ഹൈന്ദവ പരിഷ്‌കരണ പ്രസ്ഥാനങ്ങളായിരുന്നുവെങ്കില്‍ ദയാനന്ദന്റേത് ഹൈന്ദവ പുനരുത്ഥാന പ്രസ്ഥാനമായിരുന്നു. തീവ്രമായ ഹിന്ദുവര്‍ഗീയത തന്റെ പ്രസ്ഥാനത്തിന്റെ സ്വഭാവസവിശേഷതായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.(38) ദയാനന്ദനും ആര്യസമാജവും ഉയര്‍ത്തിപ്പിടിച്ച ‘ഉര്‍ദുവിന് പകരം ഹിന്ദി’, ‘ഗോവധ നിരോധനം’, ‘ഹിന്ദു ഐക്യം’ എന്നീ ആശയങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഹിന്ദുവര്‍ഗീയതയുടെ മിഴിതുറക്കലിന് വഴിവെക്കുകയും പില്‍കാലത്ത് പഞ്ചാബിലും ഉത്തര്‍പ്രദേശിലുമുണ്ടായ ഹിന്ദുത്വ സംഘടനകളുടെ വളര്‍ച്ചക്ക് ഭൂമികയൊരുക്കുകയും ചെയ്തു.(39) സ്വാമി ശ്രദ്ധാനന്ദന്റെ നേതൃത്വത്തില്‍ ആര്യസമാജം ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ സജീവമാക്കിയ ‘ശുദ്ധി’ മുന്നേറ്റത്തിന്റെയും പ്രയാണം ഈ ദിശയില്‍ തന്നെയായിരുന്നു.(40)

ചതുര്‍വേദങ്ങളുടെ പ്രാമാണികതയെ സര്‍വോന്നതമായി പ്രതിഷ്ഠിച്ച ദയാനന്ദ സരസ്വതി വേദവിരുദ്ധമായ വിശ്വാസങ്ങളെ മുഴുവന്‍ നിരാകരിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയടക്കമുള്ള അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരെ ദാക്ഷിണ്യമില്ലാതെ പടയോട്ടം നടത്തിയ മഹര്‍ഷിയുടെ ഗ്രന്ഥങ്ങള്‍ പരിഗണനീയമായ ദാര്‍ശനിക മൂല്യമുള്ളവയാണ്. ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ച ആശയാടിത്തകളാണ് നമുക്ക് പക്ഷേ അലോസരമുണ്ടാക്കുന്നത്. ഹിന്ദുത്വത്തിന്റെ ആത്മാവായ ആര്യമേധാവിത്വ മോഹങ്ങളാണ്  ദയാനന്ദന്റെ രചനകളിലും നാം കണ്ടുമുട്ടുന്നത്. അതുതന്നെയായിരുന്നു ജര്‍മന്‍ ഫാഷിസത്തിന്റെയും ആത്മാവ് എന്നത് എന്തുമാത്രം ഭീതിജനകമല്ല! ആര്യന്‍മാര്‍ക്കുണ്ടായിരുന്ന സുവര്‍ണഭൂതകാലത്തെ തിരിച്ചുപിടിക്കാന്‍ ദയാനന്ദന്‍ ആഹ്വാനം ചെയ്തു. സത്യാര്‍ത്ഥ പ്രകാശത്തില്‍ ഇങ്ങനെ വായിക്കാം: ”ഇക്ഷ്വാകുവിന്റെ കാലം മുതല്‍ കൗരവ-പാണ്ഡവാദികളുടെ കാലം വരെയും ആര്യന്‍മാരായിരുന്നു ഭൂമിയുടെ പരമാധികാരികള്‍.”(41) ദയാനന്ദസരസ്വതിയുടെ നിരൂപണശൈലി ഇതരമതങ്ങളുടെ ചാരത്തെത്തുമ്പോള്‍ വൈകാരികവും അസഹിഷ്ണുതാപരവും വസ്തുതാവിരുദ്ധവുമായി മാറുന്നു. ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചകജീവിതത്തെയും വിമര്‍ശിക്കാന്‍വേണ്ടി ദയാനന്ദസരസ്വതി എഴുതിയ വരികള്‍ മിക്കതും ദുര്‍വ്യാഖ്യാനത്തിന്റെയോ സ്ഖലിതപൂര്‍ണ്ണമായ ഉദ്ധരണികളുടെയോ, നന്നെ ചുരുങ്ങിയത് അജ്ഞതയുടയോ ദുര്‍ഗന്ധം വമിക്കുന്നവയാണെന്ന് കാണാനാകും. സത്യാര്‍ഥപ്രകാശത്തിലെ പതിനൊന്നാം അധ്യായത്തില്‍- ‘ആര്യാവര്‍ത്തത്തില്‍ നിലവിലുള്ള വിവധ മതങ്ങളുടെ പരിശോധന’-മുഹമ്മദ് നബി(സ)ക്കെതിരെ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നത് കാണാം.  മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ഉദ്ദേശ്യശുദ്ധിയെ വിശകലനം ചെയ്യുകയല്ല; പ്രത്യുത അദ്ദേഹത്തിന്റെ വിചാരമണ്ഡലത്തില്‍ നിന്നുള്ള അടരുകള്‍ ഫാഷിസ്റ്റ് ദര്‍ശനത്തിന്റെ ന്യൂക്ലിയസ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.

പാഞ്ചാത്യ ദര്‍ശനങ്ങളില്‍ പ്രാവിണ്യമുണ്ടായിരുന്ന അരവിന്ദന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഒരു വിപ്ലവകാരിയില്‍ നിന്ന് ഋഷിയിലേക്കുണ്ടായ പരിവര്‍ത്തനം അരവിന്ദന്റെ ചിന്തകളെ അടിമുടി മാറ്റിത്തീര്‍ത്തു. ഭഗവത് ഗീതയെ ഉപജീവിച്ചുകൊണ്ടാണ് അരവിന്ദ ഘോഷ് തന്റെ സിദ്ധാന്തങ്ങളെ മുഴുവന്‍ നിര്‍ധാരണം ചെയ്തത്. എന്നാല്‍ ഗാന്ധിജിയുടെ ഗീതാ വായനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഹിംസാത്മകമായ പ്രതിരോധത്തിന്റെ ആശയങ്ങളെയാണ് Essays on Gita എന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ ഘോഷ് സ്വരൂപിച്ചെടുക്കുന്നത്. ഭാരതത്തിന്റെ പ്രാചീനതയെ നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ക്ഷത്രിയരോട് കരുത്താര്‍ജിക്കാനാവശ്യപ്പെടുകയും കരുണ, ദയ തുടങ്ങിയ മൃദുലവികാരങ്ങളുപേക്ഷിച്ച് ആക്രമണോത്സുകമായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടണമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു. പുരുഷത്വം വീണ്ടെടുത്ത് ക്ഷത്രിയ ധര്‍മ്മം നിറവേറ്റാനുള്ള വിളംബരങ്ങള്‍ക്ക് മറ്റൊരു തലം കൂടിയുണ്ടായിരുന്നു. ന്യനപക്ഷങ്ങളോടുള്ള അന്ധമായ വിദ്വേഷത്തില്‍ നിന്നും വിഷയസംബന്ധിയായ മുന്‍ധാരണകളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ഭൂരിപക്ഷ വര്‍ഗീയതയെ അരവിന്ദഘോഷ് സമര്‍ത്ഥമായി പ്രചരിപ്പിച്ചു. ‘ഹിന്ദുസ്ഥാനെ’യും ഹിന്ദുമതത്തെയും ഭാരതീയതയിലുള്‍ച്ചേരാത്ത ഇന്‍ഡ്യക്കാരില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താനുള്ള വെമ്പല്‍ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാനാകുന്നുണ്ട്. ഓണ്‍ നാഷണലിസം എന്ന പുസ്തകത്തില്‍ ഇങ്ങനെയാണുള്ളത്: ”പൊതുവായ ജന്മവും രക്തവും ഒക്കെയിരിക്കെ തന്നെ വലിയ മുഹമ്മദീയ രാഷ്ട്രങ്ങളോടാണ് മുഹമ്മദീയര്‍ക്ക് നമ്മോടെന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പം തോന്നുന്നത്.” ഇന്‍ഡ്യാസ് റീബര്‍ത്ത് അല്‍പംകൂടി തീവ്രമായാണ് കാര്യങ്ങളവതരിപ്പിക്കുന്നത്: ”വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. എന്നെങ്കിലും ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളോട് പോരാടേണ്ടി വരും. അവരതിന് തയ്യാറാകണം. ഹിന്ദു-മുസ്‌ലിം ഐക്യമെന്നാല്‍ ഹിന്ദുക്കളുടെ അടിമത്തമെന്ന് അര്‍ത്ഥമാകരുത്. എല്ലായ്‌പ്പോഴും ഹിന്ദുക്കളുടെ ശാന്തപ്രകൃതം വഴിമാറിക്കൊടുത്തിട്ടേ ഉള്ളൂ. ഹിന്ദുക്കളെ സ്വയം സംഘടിക്കാന്‍ അനുവദിക്കുക. ഹിന്ദു-മുസ്‌ലിം ഐക്യം അതിന്റെ പാട്ടിന് ശരിയായിക്കൊള്ളും.” സ്വതന്ത്ര ഇന്‍ഡ്യയെക്കുറിച്ചുള്ള അരവിന്ദദര്‍ശനം കൂടി രേഖപ്പെടുത്തിയാല്‍ വിശകലനം പൂര്‍ണ്ണമാവും: ”ആത്മീയത മാത്രമാണ് ഇന്‍ഡ്യയുടെ രാഷ്ട്രീയം. സനാതനധര്‍മ്മം മാത്രമാണെന്ന് അതിന്റെ സ്വരാജ്.”(ഇന്‍ഡ്യാസ് റീബര്‍ത്ത്).(42)

മൃദുഹിന്ദുത്വത്തിന്റെ വാര്‍പ്പുമാതൃകയായി അവതരിപ്പിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ രചനകള്‍ അദ്ദേഹത്തിന് വ്യക്തമായൊരു നിലപാടുതറ കല്‍പ്പിച്ചു കൊടുക്കാന്‍ സാധ്യമാകാത്തവിധം ആശയക്കുഴപ്പങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്. സന്യാസത്തിന്റെ പാരമ്പര്യസങ്കേതങ്ങളെ നിഷേധിച്ച് മതപ്രചാരകന്റെയും സാമൂഹ്യസേവകന്റെയും കുപ്പായമണിഞ്ഞ വിവേകാനന്ദന്റെ രചനകളിലും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ആളുകള്‍ക്ക് പ്രചോദനമാകാവുന്ന സൂചനകള്‍ മിന്നി മറയുന്നുണ്ട്. വര്‍ണാശ്രമധര്‍മ്മം ഉല്‍ഘോഷിക്കുന്ന സവര്‍ണ അധീശത്വമാണ് ഹിന്ദുത്വത്തിന്റെ സാമൂഹ്യലക്ഷ്യം എന്നിരിക്കെ, പ്രസ്തുത ലക്ഷ്യത്തിന്റെ സിദ്ധാന്തവല്‍കരണത്തിനു മുതിര്‍ന്ന വിവേകാനന്ദനെ ഒഴിവാക്കി ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ ധൈഷണിക പൈതൃകം പൂര്‍ണമാക്കാനാവില്ല. ‘ജാതിവ്യവസ്ഥ പ്രഭു മനുഷ്യന് നല്‍കിയ ഏറ്റവും മഹത്തായ സാമൂഹ്യസ്ഥാപനങ്ങളില്‍ ഒന്നായിരുന്നു’ (ദ കംപ്ലീറ്റ് വര്‍ക്‌സ് ഓഫ് സ്വാമി വിവേകാനന്ദ) എന്നും ‘അത് (ജാതിവ്യവസ്ഥ) സൈദ്ധാന്തികമായെങ്കിലും ഇന്‍ഡ്യയെ മുഴുവന്‍ സമ്പത്തിന്റെയോ വാളിന്റെയോ അല്ല, ബുദ്ധിയുടെ -ആത്മീയതയില്‍ വിശുദ്ധീകരിക്കപ്പെട്ട, നിയന്ത്രിക്കപ്പെട്ട ബുദ്ധിയുടെ- മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍ കൊണ്ടുവന്നു. ഇന്‍ഡ്യയിലെ ജാതികളില്‍ നേതൃസ്ഥാനം ആര്യന്‍മാരില്‍ ഏറ്റവും ഉയര്‍ന്നവര്‍ക്കുതന്നെ- ബ്രാഹ്മണര്‍ക്ക്” എന്നും അദ്ദേഹം സിദ്ധാന്തിച്ചു. വീണ്ടും അദ്ദേഹം പ്രഖ്യാപിച്ചു: ”ഇന്‍ഡ്യ മുഴുവന്‍ ആര്യമാണ്, മറ്റൊന്നുമല്ല” (Ibid). ഹിന്ദുമതത്തെ വിശാലമായി അവതരിപ്പിക്കാന്‍ വിവേകാനന്ദന്‍ പ്രേരിതനായതിന് പിന്നില്‍പോലും ഭാരതീയത അങ്ങേയറ്റം സഹിഷ്ണുതാപരവും ഇതരദര്‍ശനങ്ങളൊക്കെ ആക്രമണോത്സുകവുമാണെന്ന മൗലികവാദമാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയെ പരിഹസിക്കുകയും ഇസ്‌ലാമിനെ അക്രമവാസനയുള്ള മതമായി ചിത്രീകരിക്കുകയും ചെയ്യുന്ന നിരവധി പ്രസ്താവനകള്‍ പരന്നുകിടക്കുന്ന വിവേകാനന്ദ സാഹിത്യത്തിലുണ്ട്. ഉപനിഷത്തുകളിലാണ് സ്വാമിജി കാര്യമായും ശ്രദ്ധയൂന്നിയത്. ബുദ്ധന്റെ ഹിംസയെ നിന്ദിച്ച അദ്ദേഹം ഭാരതീയര്‍ക്ക് മാര്‍ഗ്ഗമുപദേശിച്ചു കൊടുക്കുന്നതിങ്ങനെ. ”ഒരുവന് ഒരടി കിട്ടിയാല്‍ അവനത് ഇരട്ടി ക്രോധത്തോടെ പൂര്‍ണ്ണമായി തിരിച്ചുകൊടുക്കണം. എങ്കിലേ അവനൊരു പുരുഷനാകൂ… ഭീരു സഹതാപാര്‍ദ്രമായ ഒരു വസ്തുവാണ്.” (ദ കംപ്ലീറ്റ് വര്‍ക്‌സ് ഓഫ് സ്വാമി വിവേകാനന്ദ). മാംസം ഭക്ഷിച്ച് ശക്തരാകാനും പൗരുഷം കൈവരിക്കാനുമുള്ള സ്വാമികളുടെ ഉപദേശം സുവിദിതമാണല്ലോ.(43)

ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിക്കൊടുത്ത് വിവാദച്ചുഴിയില്‍പ്പെട്ട വീര്‍ ദാമോദര്‍ സവര്‍ക്കര്‍ മതപണ്ഡിതനോ ദാര്‍ശനികനോ ആയിരുന്നില്ല. വൈകാരികത മുറ്റി നില്‍ക്കുന്ന പ്രസംഗങ്ങള്‍ നിര്‍വഹിക്കുകയും പ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്ത സവര്‍ക്കര്‍ക്ക് കൈമുതലായുണ്ടായിരുന്നത് കളങ്കമില്ലാത്ത ഹിന്ദു വര്‍ഗീയത മാത്രമാണ്. മുസ്‌ലിം പള്ളിക്ക് കല്ലെറിഞ്ഞ് വിജയശ്രീലാളിതനായി മടങ്ങിയതാണ് സവര്‍ക്കറുടെ ബാല്യകാല ജീവിതത്തിലെ ‘തിളക്കമുള്ള ഏട്’ (ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയത്). ശിവജിയെ ആദര്‍ശപുരുഷനായി സ്വീകരിക്കുകയും മസീനി ഇറ്റലിയില്‍ നടപ്പിലാക്കിയ ഇരുമ്പുമുറകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുകയും ചെയ്ത സവര്‍ക്കര്‍ എന്ന രാഷ്ട്രീയക്കാരന്‍ ഹിന്ദുമഹാസഭയുടെ വേദികളില്‍ തീവ്രഹിന്ദുത്വവും മുസ്‌ലിം വിദ്വേഷവും വിളമ്പി കലിതുള്ളി. മുസ്‌ലിംകളെക്കുറിച്ച് സവര്‍ക്കര്‍ എഴുതുന്നത് കാണുക: ”അവര്‍ കാടത്തം നിറഞ്ഞ മതപരതയും അസഹിഷ്ണുത നിറഞ്ഞ ക്രൂരതയും തങ്ങളുടെ മതം ഉണ്ടായ കാലം മുതലേ പരിശീലിച്ചുവരുന്നവരാണ്.” (ദി റൈസ്, ഫോള്‍ ആന്‍ഡ്് ഡിസ്ട്രക്ഷന്‍ ഓഫ് മുസ്‌ലിം തിയോക്രസി). അഹിംസയെ ‘ഒഴിയാബാധയായ തത്ത്വം’ എന്ന് വിശേഷിപ്പിച്ച സവര്‍ക്കര്‍ (ഹിന്ദുരാഷ്ട്ര ദര്‍ശന്‍) ഹിന്ദുക്കളോട് മുസ്‌ലിംകള്‍ക്കെതിരെ സംഘടിക്കാനാവശ്യപ്പെട്ടു. ഹിന്ദുരാഷ്ട്രം എന്ന ആശയം പച്ചയായി മുന്നോട്ടുവെച്ച ഈ സ്വാതന്ത്യസമര സേനാനി അക്രമാസക്തിയില്‍ വിശ്വസിച്ചു. ബ്രിട്ടീഷുകാരുടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരില്‍ ക്രൂരമായ നടപടികളുണ്ടായപ്പോള്‍ സവര്‍ക്കര്‍ സന്തോഷിക്കുകയായിരുന്നു. ‘പ്രതിരോധ്’ ആണ് സവര്‍ക്കറുടെ വിചാരധാരയുടെ മുഖമുദ്ര. ആധുനിക രാഷ്ട്രീയ സാഹചര്യത്തിനൊപ്പിച്ച് ഹിന്ദുത്വത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതും സവര്‍ക്കര്‍ തന്നെ. സപ്തസിന്ധുവിന്റെ പ്രാദേശികാര്‍ത്തികളും സാംസ്‌കാരിക ദേശീയതയും വിശദീകരിച്ച് സവര്‍ക്കര്‍ കീഴ്ജാതികളെയടക്കം ഹിന്ദുത്വത്തിന്റെ ഭാഗമാക്കുകയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ‘അവര്‍’ എന്ന സംജ്ഞയുടെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തു.  ഹിന്ദുത്വ’എന്ന വിഖ്യാതമായ ഗ്രന്ഥത്തിലാണ് സവര്‍ക്കര്‍ തന്റെ കപടനാടകങ്ങള്‍ മുഴുവന്‍ ആടിത്തീര്‍ത്തത്.(44) സവര്‍ക്കര്‍, ഹിന്ദുവര്‍ഗീയത നേരത്തെ പരാമര്‍ശിച്ച പണ്ഡിതന്മാര്‍ ഒരുക്കിവെച്ച മണ്ണില്‍ മൂര്‍ത്തമായ രാഷ്ട്രീയരൂപം കൈകൊണ്ടതിനുശേഷം അതിന്റെകൂടെ നടക്കാനവസരമുണ്ടായയാളാണ്. ഹിന്ദു മഹാസഭയുടെയും തുടര്‍ന്ന് ആര്‍. എസ്. എസിന്റെയും അതുവഴി ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെയും സംഘടനാവല്‍കരണം സംഭവിക്കുന്ന ഈ കാലം വിശദമായ വിശകലനമര്‍ഹിക്കുന്നുണ്ട്.                                      (തുടരും)

കുറിപ്പുകള്‍:


1. ഇറ്റലിയില്‍ സാധാരണയായി പേരിനുമുമ്പില്‍ ആദരപൂര്‍വം ചേര്‍ക്കുന്ന പദം.

2. Marzia-Casolari, Hindutva’s Foreign Tie-up in the 1930s: Archival Evidence, Economical and Political Weekly Jan. 22, 2000, Page 220.

3.www.historyworld.net/wrldhis/PlainTextHistoriesRespansive.aspgroupid=2706& Histiryid=9652>reek=pthe.

4. പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍, ഡോ. ജി.ജയദേവദാസ്:  രാഷ്ട്രതന്ത്രം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, അഞ്ചാം പതിപ്പ്, പേജ് 182.

5. wikipedia.org/wiki/Free_State_of_Fiume

6. George C. Scott, Sawdust Caesar: The Untold Story of Mussolini and Fascism. Page 72. harpers and brothers publishers, Newyork And London, 1935

7. Robert O. Paxton, The Anatomy of Fascism, Page 59-60, Newyork, Alhed A kept 2004

8. Benito Mussolini; My Autobiography Page 1, Charles Scribner’s Sons Newyork, 1928

9. www.biography.com/people/benito-mussolini-9419443#emly-life

10. Benito Mussolini op cif Page 11

11. Ibid Page 14

12. Idid Page 39

13. Robert O. Paxton, The Anatomy of Fascism, Page 5, Newyork, Alhed A kept 2004

14. Benito Mussolini op cif Page 79

15. Robert O. Paxton, op cif Page 87-91

16. പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍, ഡോ. ജി.ജയദേവദാസ് op cit Page 187-189

17. https://iconicphotos.wordpress.com/2011/07/23/mussolinis-demise

18. Treaty of peace with germany (Treaty of Versailles, 28 June 1919), Multilateral Agreements 1918-1930, Section II Naval cloves. Article 183, Page 124

19. Idid Part I – Covenant of the League of Nations, Article 22 Page, Page 55-56

20. പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍, ഡോ. ജി.ജയദേവദാസ് op cit Page 192

21.  Idid Page 192

22. Adolf Hitler Mein Kampf, translated by Games Murphy, e book. Page 309

23. www.jewishvirtuallibrary.org/jsource/Holocaust/naziprog.html

24. പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ op. cit, Page 195

25. Stanley G. Payne, A History of Fascism, 1914–1945 University of Wisconsin Press, 1995. Page 328.

26. Ibid Page 3

27. Robert O. Paxton, op cif Page 4-5

28. Katharine A. Mackel, Fascism: A Political Ideology of the Past

29. Benito Mussolini, The Doctrine of Fascism, 1932.

30. Mark F. Gilbert & Robert K. Nilsson. A 2 to of Modern Italy, Scarecrow Press. Page 261.

31. പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ op cit Page 187

32. Katharine A. Mackel, op cit

33. എം.ഐ തങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയം : ദര്‍ശനവും ദൗത്യവും, ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍, കോഴിക്കോട്. Page 24.

34. Thomas J. Hopkins, ‘The Rediscovery of the Bhagavat Gita in Modern India’, Journal of South Asian Literature, Vol. 22, No. 2, Bhagavat Gita: On the Bicentennial of Its First Translation into English (Summer, Fall 1988), p. 58.

35. എം.ഐ തങ്ങള്‍, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രിയത്തിന്റെ കഥ (തിരൂര്‍: ഗ്രീന്‍ചാനല്‍ പബ്ലിക്കേഷന്‍സ്, 2002), പുറങ്ങള്‍ 333 -4.

36. Ibid, പുറങ്ങള്‍ 334-5.

37. Ibid, പുറം 335.

38. Ibid, പുറം 335.

39. Neeladri Bhattacharya (Ed.), Khaki Shirts and Saffron Flags A Critique of the Hindu Right (Hyderabad: Orient Longman, 1993), p. 8.

40. Ibid, p. 10.

41. ജ്യോതിര്‍മയ ശര്‍മ, ഹിന്ദുത്വം (വിവ: പികെ ശിവദാസ്, കോട്ടയം: ഡി.സി ബുക്‌സ്, 2004).

42. Ibid.

43. Ibid.