നബിജീവിതത്തെ അറിയുക; അറിയിക്കുക

എം.എം അക്ബര്‍

``ദി ട്രൂത്ത്‌ എബൗട്ട്‌ മുഹമ്മദ്‌ - ഫൗണ്ടര്‍ ഓഫ്‌ ദി വേള്‍ഡ്‌സ്‌ മോസ്റ്റ്‌ ഇന്‍ടോളറന്റ്‌ റിലിജ്യന്‍''- 2006 ഒക്‌ടോബര്‍ 29ന്‌ പുറത്തിറങ്ങിയ `ദി ന്യൂയോര്‍ക്ക്‌ ടൈംസി' ലുള്ള ബെസ്റ്റ്‌ സെല്ലേഴ്‌സിന്റെ പട്ടികയില്‍ 31ാം നമ്പറായി രേഖപ്പെടുത്തിയ പുസ്‌തകത്തിന്റെ തലക്കെട്ടാണിത്‌. ഇസ്‌ലാമോഫോബിയ സൃഷ്‌ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജിഹാദ്‌ വാച്ച്‌, ദിമ്മി വാച്ച്‌ എന്നീ ബ്ലോഗുകളിലൂടെ പ്രസിദ്ധനായ റോബര്‍ട്ട്‌ സ്‌പെന്‍സര്‍ രചിച്ച പ്രസ്‌തുത പുസ്‌തകത്തിലൂടെ അന്തിമപ്രവാചക eനെ നിന്ദിക്കുകയും ഭത്സിക്കുകയും ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ പഠിപ്പിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ചെയ്യുന്നത്‌. ത്വബ്‌രി, ഇബ്‌നു ഇസ്‌ഹാഖ്‌, ഇബ്‌നു സഅദ്‌ തുടങ്ങിയവരുടെ നബിചരിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റി അവതരിപ്പിച്ചുകൊണ്ട്‌ നബിജീവിതത്തെ തമസ്‌കരിക്കുവാനാണ്‌ അദേഹത്തിന്റെ പരിശ്രമം. ഏഴാം നൂറ്റാണ്ടിലെ അറേബ്യയേയോ അവിടുത്തെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെയോ പരിഗണിക്കാതെ, ജനാധിപത്യത്തിന്റെ മൂശയില്‍ വളര്‍ത്തപ്പെട്ട തലച്ചോറുമായി ഒരു ഗോത്രാധിപത്യ സമൂഹത്തെയും അതിലുണ്ടായ വിപ്ലവത്തെയും അപഗ്രഥിക്കാന്‍ ശ്രമിച്ചതാണ്‌ സ്‌പെന്‍സര്‍ക്ക്‌ പറ്റിയ തെറ്റെന്ന്‌ ഗ്രന്ഥകാരിയും 2008ലെ ടെഡ്‌ പ്രൈസ്‌ ജേതാവും മതതാരതമ്യപഠന രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വവുമായ കരന്‍ ആംസ്‌ട്രോങ്ങ്‌ നിരീക്ഷിച്ചിട്ടുണ്ട്‌. സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റി അവതരിപ്പിച്ചാല്‍ ആരുടെ ജീവിതത്തെയാണ്‌ തമസ്‌കരിക്കാനാവാത്തത്‌ എന്നാണ്‌ കരന്‍ ആംസ്‌ട്രോങ്ങ്‌ ചോദിക്കുന്നത്‌.

നബിജീവിതത്തെ വികൃതവത്‌കരിച്ച്‌കൊണ്ട്‌ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇക്കാലത്ത്‌ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്‌തകമായിത്തീരുന്നതിന്റെ സാമൂഹിക മനഃശാസ്‌ത്രം വിശദമായി അപഗ്രഥിക്കപ്പെടേണ്ടതാണ്‌. അമേരിക്കന്‍ വായനാ സംസ്‌കാരത്തിന്റെ അക്കാദമിക നിലവാരവും ഇത്തരമൊരു പുസ്‌തകത്തിന്റെ ബെസ്റ്റ്‌ സെല്ലേഴ്‌സ്‌ ലിസ്റ്റിലേക്കുള്ള പ്രവേശനവും താരതമ്യത്തിന്‌ വിധേയമാക്കുമ്പോള്‍ മനസ്സിലാകുന്ന വസ്‌തുതകള്‍ കൃത്യമായി പഠിക്കേണ്ടതുണ്ട്‌. റഫറന്‍സുകളുടെ ആധിക്യത്താല്‍ ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്നതാണെന്ന്‌ വരുത്തിത്തീര്‍ത്തതിനുശേഷം, ചരിത്രപഠനത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന നൈതികതയെ പരിഗണിക്കാതെ പുസ്‌തകമെഴുതിയാലും അത്‌ മുഹമ്മദ്‌ നബി eയെ കുറിച്ചുള്ളതാണെങ്കില്‍ നിലവാരമുള്ളതായി പരിഗണിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന വസ്‌തുത സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയ എന്തുമാത്രം മാരകമാണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. തന്റെ ബ്ലോഗുകളിലൂടെ, ഇന്റര്‍നെറ്റില്‍ പരതുന്ന പുതുതലമുറയുടെ തലയില്‍ ഇസ്‌ലാം ഭീതി വളര്‍ത്താന്‍ മൂന്നുവര്‍ഷങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര പരിശ്രമങ്ങളുടെ പരിണതിയായിട്ടാണ്‌ പുസ്‌തകത്തിന്‌ ലഭിച്ച അംഗീകാരമെന്ന വസ്‌തുത സ്‌പെന്‍സര്‍ നിഷേധിച്ചിട്ടുണ്ട്‌. ആദ്യം ഇസ്‌ലാം ഭീതി വളര്‍ത്തുക, പിന്നെ ലോകത്ത്‌ നടക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം കാരണം മുഹമ്മദ്‌ നബി eയും ഖുര്‍ആനുമാണെന്ന്‌ വരുത്തിത്തീര്‍ക്കുക, അവസാനം നബി eയെ ക്രൂരനും അധാര്‍മികനും പ്രാകൃതനുമായി ചിത്രീകരിക്കുക. ഇതാണ്‌ ഇസ്‌ലാമോഫോബിക്കുകളുടെ പതിവുശൈലി. പ്രസ്‌തുത ശൈലിയുടെ നേര്‍ക്കുനേരെയുള്ള ഉദാഹരണമാണ്‌ സ്‌പെന്‍സറുടെ ബ്ലോഗുകളും പുസ്‌തകങ്ങളും ഇന്റര്‍വ്യൂകളുമെല്ലാം എന്നതാണ്‌ വസ്‌തുത.

അമേരിക്കയില്‍ ഇന്നലെ നടന്നത്‌ ഇന്ന്‌ കേരളത്തില്‍ നടക്കുന്നുവെന്ന്‌ പറയാറുണ്ട്‌. നബിനിന്ദയുടെയും നബിവിമര്‍ശനത്തിന്റെയുമെല്ലാം കാര്യത്തിലും സംഭവിക്കുന്നത്‌ മറിച്ചല്ലെന്ന വസ്‌തുതയാണ്‌ മലയാളം ആനുകാലികങ്ങളും വെബ്‌സൈറ്റുകളും സൂക്ഷ്‌മനിരീക്ഷണത്തിന്‌ വിധേയമാക്കിയാല്‍ നമുക്ക്‌ ബോധ്യപ്പെടുക. വായിക്കാനറിയുന്നവരുടെ മസ്‌തിഷ്‌കങ്ങളിലേക്ക്‌ `ഇസ്‌ലാമാണ്‌ അപകടം' എന്ന സന്ദേശം സമര്‍ഥമായി സന്നിവേശിപ്പിക്കാനാണ്‌ മലയാളമാധ്യങ്ങളും ആനുകാലികങ്ങളുമെല്ലാം ഇപ്പോള്‍ പരിശ്ര മിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിം പിന്നാക്കാവസ്ഥയെ അനുഭാവപൂര്‍വം പരിഗണിക്കുകയും മറ്റുസമൂഹങ്ങള്‍ക്കൊപ്പം മുസ്‌ലിംകളും വളര്‍ന്നെത്തണമെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന സെക്ക്യുലര്‍ ബുദ്ധിജീവികള്‍ക്കിടയില്‍ പോലും മുസ്‌ലിംകളല്ല ഇസ്‌ലാമാണ്‌ അപകടമെന്ന ചിന്തവളര്‍ത്തുന്നതില്‍ ഇവര്‍ വിജയിച്ചിരിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നബിനിന്ദാചോദ്യക്കടലാസും കൈവെട്ട്‌ നാടകവുമെല്ലാം നടന്നപ്പോഴുള്ള അവരില്‍ പലരുടെയും പ്രതികരണങ്ങള്‍. മുഹമ്മദ്‌ നബി eയെയും വിശുദ്ധ ഖുര്‍ആനിനെയും തുറന്നെതിര്‍ക്കുകയും വിമര്‍ശിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിനാവശ്യമായ സാസ്‌കാരികഭൂമിക സൃഷ്‌ടിച്ചെടുക്കുന്നതില്‍ കേരളത്തിലെ ഇസ്‌ലാമോഫോബിക്കുകള്‍ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്‌ ഇവ വ്യക്തമാക്കുന്നത്‌.

നബിജീവിതത്തിലെ സംഭവങ്ങളെ സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തവതരിപ്പിച്ചുകൊണ്ട്‌ ആ വിശുദ്ധ ജീവിതത്തെ തമസ്‌കരിക്കുകയും വികൃതവത്‌കരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ബുദ്ധിപരമായി നേരിടുകയാണ്‌ മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌. അതിന്നവര്‍ നബിജീവിതത്തെക്കുറിച്ച്‌ സമഗ്രമായി പഠിക്കേണ്ടതുണ്ട്‌. ലോകങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ്‌ നബി eയുടെ ജീവിതതത്തില്‍ ക്രൂരതയെന്ന്‌ സ്ഥാപിക്കുവാന്‍ സാധിക്കുന്ന സംഭവങ്ങളൊന്നുമുണ്ടാവില്ലെന്നുറപ്പാണ്‌. വിട്ടുവീഴ്‌ചയില്ലാത്ത നീതിനിര്‍വഹണം എങ്ങനെയാണെന്ന്‌ ലോകത്തെ പഠിപ്പിച്ച നബിജീവിതത്തിലെ സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റിക്കൊണ്ടാണ്‌ ആ വിശുദ്ധജീവിതത്തില്‍ ക്രൂരത ആരോപിക്കുവാന്‍ ഇസ്‌ലാം ഭീതിയുടെ പ്രസാരകര്‍ പരിശ്രമിക്കുന്നത്‌. അവസാനനാളു വരെയുള്ളവര്‍ക്കെല്ലാം മാതൃകയാവുന്ന ധവളിമയാര്‍ന്ന ജീവിതത്തിന്റെ ഉടമയില്‍ അധാര്‍മികതകള്‍ ആരോപിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്‌. അതുകൊണ്ടുതന്നെ, നബിജീവിതത്തെ പച്ചയായി പരിചയപ്പെടുത്തിക്കൊണ്ടാണ്‌ മുസ്‌ ലിംകള്‍ അവരുടെ ദൗത്യം നിര്‍വഹിക്കേ ണ്ടത്‌. അതിനാണ്‌ ഇസ്‌ലാമികപ്രബോധകര്‍ സന്നദ്ധമാവേണ്ടത്‌.

``വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ച്‌ വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന്‌ ഒരു പ്രകാശവും വ്യക്‌തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത്‌ മുഖേന സമാധാനത്തിന്റെ വഴികളിലേക്ക്‌ നയിക്കുന്നു. തന്റെ ഉത്തരവ്‌ മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന്‌ അവന്‍ പ്രകാശത്തിലേക്ക്‌ കൊണ്ടുവരുകയും, നേരായ പാതയിലേക്ക്‌ അവരെ നയിക്കുകയും ചെയ്യുന്നു.'' (5:15,16)