വെറുക്കാനാവാത്ത വ്യക്തിത്വം

`അല്ലാഹുവാണ്‌ സത്യം! മുഹമ്മദേ (സ), ഭൂമുഖത്ത്‌ താങ്കളുടെ മുഖത്തേക്കാള്‍ എനിക്ക്‌ വെറുപ്പുള്ള മറ്റൊരു മുഖവുമുണ്ടായിരുന്നില്ല; ഇന്ന്‌ മറ്റെല്ലാ മുഖങ്ങളെക്കാളും അങ്ങയുടെ വദനം എനിക്ക്‌ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹുവാണേ, താങ്കളുടെ മതത്തേക്കാള്‍ ഭൂമിയില്‍ എനിക്ക്‌ വെറുപ്പുണ്ടായിരുന്ന വേറൊരു മതവുമുണ്ടായിരുന്നില്ല. ഇന്ന്‌ മറ്റെല്ലാ മതങ്ങളെക്കാളും താങ്കളുടെ മതം എനിക്കിഷ്‌ടമുള്ളതായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹുവാണേ, താങ്കളുടെ പട്ടണത്തെക്കാള്‍ ഭൂമിയില്‍ എനിക്ക്‌ വെറുപ്പുണ്ടായിരുന്ന മറ്റൊരു പട്ടണവും ഉണ്ടായിരുന്നില്ല. ഇന്ന്‌ മറ്റെല്ലാ പട്ടണത്തെക്കാളും താങ്കളുടെ പട്ടണം എനിക്ക്‌ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു.'
ഇത്‌ യമാമയിലെ ഭരണാധികാരിയായിരുന്ന ഥുമാമത്തു ബ്‌നു ഉഥാലിന്റെ വാക്കുകള്‍. അദ്ദേഹത്തിന്‌ പ്രവാചകനെയും ഇസ്‌ലാമിനെയും നബി(സ)ജീവിക്കുന്ന ദേശത്തെയുമെല്ലാം വെറുപ്പായിരുന്നു. ഹിജ്‌റ ആറാം വര്‍ഷം ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌്‌ പ്രവാചകന്‍(സ) കത്തെഴുതിയ അറേബ്യന്‍ ഉപദ്വീപിലെ എട്ടു ഭരണാധികാരികളില്‍ ഒരാളായിരുന്നു ഥുമാമ. പ്രസ്‌തുത കത്ത്‌ ഇസ്‌ലാമിനോടും നബി(സ)യോടുമുള്ള വിദ്വേഷം വര്‍ധിക്കാനാണ്‌ നിമിത്തമായത്‌. മുഹമ്മദ്‌ നബി(സ)ക്കെതിരെ പട നയിക്കുവാന്‍ തക്കം പാര്‍ത്തിരുന്ന അദ്ദേഹം പ്രസ്‌തുത ശ്രമത്തിനിടയില്‍ ഏതാനും പ്രവാചകാനുചരന്മാരെ വധിക്കുകയും ചെയ്‌തിരുന്നു. മക്കയിലേക്ക്‌ ഉംറക്ക്‌ പുറപ്പെട്ടിരുന്ന ഥുമാമയെ തങ്ങള്‍ക്ക്‌ അദ്ദേഹം അപരിചിതനായിരുന്നതിനാല്‍ മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ റോന്തുചുറ്റുകയായിരുന്ന ഒരു പറ്റം മുസ്‌ലിംകള്‍ പിടിച്ചു ബന്ധിച്ചു. മദീനയിലെ പള്ളിയിലെ തൂണില്‍ കെട്ടിയിടപ്പെട്ട അദ്ദേഹത്തിന്‌ ഭക്ഷണവും വെള്ളവും നല്‍കാന്‍ തന്റെ കുടുംബത്തോട്‌ നബി(സ) കല്‍പിച്ചു. തന്റെ ഒട്ടകത്തിന്റെ പാല്‍ കറന്നു നല്‍കിയതിനുശേഷം നബി(സ)അദ്ദേഹത്തോട്‌ കുശലാന്വേഷണം നടത്തി. അദ്ദേഹത്തെ പ്രവാചകന്‍ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുവെങ്കിലും അത്‌ സ്വീകരിക്കുവാന്‍ അദ്ദേഹം സന്നദ്ധമായില്ല. പ്രവാചകന്‍(സ) തന്റെ ക്ഷണം തുടര്‍ന്നുകൊണ്ടിരുന്നു. മൂന്നാം ദിവസത്തെ ക്ഷണവും നിരസിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുവാനും പറഞ്ഞയക്കുവാനും പ്രവാചകന്‍(സ)നിര്‍ദേശിച്ചു. സ്വതന്ത്രനായ ഥുമാമ മദീനയിലൂടെ മുന്നോട്ട്‌ പോയി. അല്‍ബവീഇലുള്ള ഈന്തപ്പനത്തോട്ടത്തിലെത്തിയപ്പോള്‍ അദ്ദേഹം തിരിഞ്ഞുനടന്നു. അനുചരന്മാര്‍ക്കിടയിലുള്ള പ്രവാചകന്റെ മുന്നിലെത്തി ഥുമാമ പ്രഖ്യാപിച്ചു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്‌(സ)അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.(സ്വഹീഹുല്‍ ബുഖാരി)
തന്റെ സാക്ഷ്യപ്രഖ്യാപനത്തിന്‌ ശേഷം ഥുമാമത്ത്‌ ബ്‌നു ഉഥാല്‍ മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞ വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചരിക്കുന്നത്‌. 
അതാണ്‌ മുഹമ്മദ്‌ നബി(സ). അടുത്തറിഞ്ഞവര്‍ക്കൊന്നും അദ്ദേഹത്തെ വെറുക്കാനാവില്ല. നിര്‍മലമായ സ്വഭാവംകൊണ്ടും നിഷ്‌കപടമായ പെരുമാറ്റംകൊണ്ടും നബി(സ) അവരുടെ മനസ്സ്‌ കവരും. മനസ്സു നിറയെ വെറുപ്പുമായി മുഹമ്മദ്‌ നബി(സ)യെ കാണാനെത്തിയവരില്‍ പലരും ആ ജീവിതത്തിന്റെ നൈര്‍മല്യം നേരിട്ട്‌ അനുഭവിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളായിത്തീരുകയാണുണ്ടായത്‌. 
യഹൂദ പുരോഹിതനായിരുന്ന സൈദ്‌ ബ്‌നു സഅ്‌ന പ്രവാചകനോട്‌ പെരുമാറിയിരുന്നത്‌ പരുഷമായിട്ടായിരുന്നു. അദ്ദേഹത്തിന്‌ കുറച്ച്‌ പണം ആവശ്യമായിരുന്നു. അത്യാവശ്യം സൃഷ്‌ടിച്ച ദേഷ്യത്തോടെ അദ്ദേഹം മുഹമ്മദ്‌ നബി(സ)യോട്‌ ചോദിച്ചു. `മുഹമ്മദ്‌! നീ എന്റെ അവകാശം എനിക്ക്‌ നല്‍കുക. നിങ്ങള്‍ അബ്‌ദുല്‍ മുത്തലിബിന്റെ മക്കള്‍ വലിയ ഔദാര്യവാന്മാരാണല്ലോ'. 
നബി(സ)യുടെ വസ്‌ത്രവും മേല്‍തട്ടവും കൂട്ടിപ്പിടിച്ച്‌ തന്റെ അടുത്തേക്ക്‌ വലിച്ചുകൊണ്ടുള്ള പരുഷമായ സംസാരം ഉമറിyന്‌ തീരെ പിടിച്ചില്ല. അദ്ദേഹം കണ്ണുരുട്ടിക്കൊണ്ട്‌ പറഞ്ഞു. `അല്ലാഹുവിന്റെ ശത്രു! അല്ലാഹുവിന്റെ ദൂതനോടാണോ ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുന്നതും, വൃത്തികേടുകള്‍ കാട്ടിക്കൂട്ടുന്നതും? അദ്ദേഹത്തെ സത്യവുമായി നിയോഗിച്ചവനാണ്‌ സത്യം! നബി(സ)യുടെ ആക്ഷേപം ഭയന്നിട്ടില്ലായിരുന്നുവെങ്കില്‍ ഈ വാള്‍ നിന്റെ തല അറുക്കുമായിരുന്നു'. 
ശാന്തനായി ഉമറിനെ നോക്കിക്കൊണ്ട്‌ മുഹമ്മദ്‌ നബി(സ)പറഞ്ഞു. ഉമര്‍ സൈദിനോടൊപ്പം പോയി അയാളുടെ അവകാശം നല്‍കുക. അതോടൊപ്പം ഇരുപത്‌ സാഅ്‌ ഈത്തപ്പഴം കൂടി അദ്ദേഹത്തിന്‌ കൂടുതലായി നല്‍കുക. (ഇബ്‌നുകസീര്‍, അല്‍ബിദായ വന്നിഹായ)
താന്‍ പരുഷമായി പെരുമാറിയ മുഹമ്മദ്‌(സ) തന്നോട്‌ ലോലമായി സംസാരിക്കുന്നതും തന്നെ സഹായിക്കുന്നതും കണ്ട സൈദിന്റെ മനസ്സുമാറി. പീഡിപ്പിച്ചവനോട്‌ പോലും ഉദാരത കാണിക്കുന്നയാള്‍ ദൈവദൂതനല്ലാതിരിക്കുവാന്‍ തരമില്ലെന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലായി. തോറയില്‍ നിന്ന്‌ വരാനിരിക്കുന്ന പ്രവാചകന്റെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കിയിരുന്ന സൈദ്‌, തന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ തന്നെയാണ്‌ ആ പ്രവാചകന്‍ എന്ന്‌ തിരിച്ചറിഞ്ഞു. 
`അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്‌(സ)അല്ലാഹുന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'. (ഇബ്‌നുഹജര്‍, അല്‍ഇസ്വാബ) 
തന്റെ പത്താമത്തെ വയസ്സുമുതല്‍ പത്ത്‌ വര്‍ഷക്കാലം മുഹമ്മദ്‌ നബി(സ)യെ സേവിച്ച അനസ്‌ ബ്‌നു മാലിക്‌ പറയുന്നു. ഞാന്‍ അല്ലാഹുവിന്റെ ദൂതനെ പത്ത്‌ വര്‍ഷക്കാലം സേവിച്ചിട്ടുണ്ട്‌. ഒരിക്കലും അദ്ദേഹം എന്നോട്‌ ഛെ എന്ന്‌ പറഞ്ഞിട്ടില്ല. എന്തെങ്കിലും കഠിനമായ ശകാരപദങ്ങള്‍ അദ്ദേഹം എന്നോട്‌ ഉപയോഗിച്ചിട്ടില്ല. ഞാന്‍ ചെയ്‌ത എന്തെങ്കിലും കാര്യത്തിന്‌ നീ എന്തിന്‌ ഇങ്ങനെ ചെയ്‌തുവെന്ന്‌ അദ്ദേഹം ചോദിച്ചിട്ടില്ല. ഞാന്‍ ചെയ്യാത്ത എന്തെങ്കിലും കാര്യത്തെക്കുറിച്ച്‌ നീ എന്തുകൊണ്ട്‌ അത്‌ ചെയ്‌തില്ലയെന്നും നബി(സ) എന്നോട്‌ ചോദിച്ചിട്ടില്ല. 
നബി(സ)യുടെ സേവകന്റെ സാക്ഷ്യം!; ആ മഹത്‌ജീവിതത്തിന്റെ വിനയവും നൈര്‍മല്യവും വ്യക്തമാക്കുന്നത്‌ തന്റെ സേവകന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു പദംപോലും ആ അധരങ്ങളില്‍ നിന്ന്‌ പുറത്തുവന്നിട്ടില്ല. എത്ര വിനീതമായ ജീവിതം. ആ മഹത്‌സ്വഭാവത്തെപ്പറ്റി അല്ലാഹു തന്നെ എടുത്തുപറഞ്ഞതാണല്ലോ. ``തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു''.(68:4)
ഉത്തമസ്വഭാവത്തിന്റെ ഉടമയാവുക മാത്രമല്ല; സല്‍സ്വഭാവികളാകുവാന്‍ സമുദായത്തെ പ്രചോദിപ്പിക്കുക കൂടി ചെയ്‌തു മുഹമ്മദ്‌ നബി(സ). ചില നബിമൊഴികള്‍ കാണുക. 
`നിങ്ങളില്‍ ഏറ്റവും നല്ലവര്‍ നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരാണ്‌'. (ബുഖാരി) 
`നന്മയെന്നാല്‍ സല്‍സ്വഭാവമാകുന്നു'.(ബുഖാരി, മുസ്‌ലിം) 
`ഈമാന്‍ പൂര്‍ണമായിട്ടുള്ളത്‌ ഏറ്റവും നല്ല സ്വഭാവക്കാരിലാണ്‌'.(മുസ്‌ലിം) 
`നിങ്ങളില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടമുള്ളവനും അന്ത്യനാളില്‍ ഏറ്റവും അടുത്തവനും നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരിക്കും'.(തിര്‍മുദി) 
`അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല'. (തിര്‍മുദി, അബൂദാവൂദ്‌) 
ക്വുര്‍ആനിന്റെ പ്രയോഗവല്‍ക്കരണമായിരുന്നു നബിജീവിതം. വിട്ടുവീഴ്‌ച ചെയ്യുവാനും സദാചാരം കല്‍പിക്കുവാനുമാണ്‌ നബി(സ)യോട്‌ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്‌. ``നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും സദാചാരം കല്‍പ്പിക്കുകയും അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക.'' (ക്വുര്‍ആന്‍ 7:119) എന്നായിരുന്നു നബി(സ)യോടുള്ള ദൈവികനിര്‍ദേശം. നന്മകൊണ്ട്‌ തിന്മയെ പ്രതിരോധിക്കുവാനാണ്‌ ക്വുര്‍ആനിന്റെ അനുശാസന. (23:96)
ക്വുര്‍ആന്‍ പഠിപ്പിച്ച സല്‍സ്വഭാവങ്ങളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുന്നതായിരുന്നു പ്രവാചകജീവിതം. ആയിശt പറഞ്ഞത്‌ അതാണല്ലോ. `നബി(സ)യുടെ സ്വഭാവം ക്വുര്‍ആനായിരുന്നു'. 
പ്രവാചകന്റെ പ്രാര്‍ഥനകളിലൊന്ന്‌ ഇങ്ങനെയായിരുന്നു: `അല്ലാഹുവേ..., ഏറ്റവും ഉത്തമമായ സ്വഭാവത്തിലേക്ക്‌ നീ എന്നെ നയിക്കേണമേ, ഉത്തമ സ്വഭാവത്തിലേക്ക്‌ നീയല്ലാതെ ആരും നയിക്കുകയില്ല'.(മുസ്‌ലിം) 
നബി(സ) പറഞ്ഞു: `സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന്‌ വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌'. (സില്‍സിലത്തു അഹാദീസു സ്വഹീഹ). 
ഏറ്റവും നല്ല പിതാവായിരുന്നു അദ്ദേഹം. തന്റെ മക്കളോടും പൗത്രന്മാരോടും കാരുണ്യത്തോടും സ്‌നേഹത്തോടും പെരുമാറിയിരുന്ന മാതൃകായോഗ്യനായ പിതാവ്‌. നബി(സ)യുടെ പുത്രസ്‌നേഹത്തെക്കുറിച്ച്‌ പരാമര്‍ശിക്കവെ നബിസേവകനായിരുന്ന അനസ്‌ ബ്‌നു മാലിഖ്‌ പറഞ്ഞു: `അല്ലാഹുവിന്റെ ദൂതനെക്കാള്‍ കുടുംബത്തോട്‌ ദയയും സ്‌നേഹവമുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല'.
തന്റെ ഇണകളെ ഏറെ സ്‌നേഹിച്ചിരുന്ന, അവരുടെ സ്‌നേഹം നേടിയെടുത്തിരുന്ന ഏറ്റവും നല്ല ഭര്‍ത്താവായിരുന്നു മുഹമ്മദ്‌ നബി(സ). ഒരേ സമയത്ത്‌ ഒമ്പത്‌ ഇണകളോടൊപ്പം ജീവിച്ചിട്ടും അവര്‍ക്കാര്‍ക്കും മുഹമ്മദ്‌ നബി(സ) എന്ന ഭര്‍ത്താവിനെക്കുറിച്ച്‌ ഒരു പരാതിയും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം പഠിപ്പിച്ചത്‌ ഇങ്ങനെയായിരുന്നുവല്ലോ. `നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ കുടുംബത്തോട്‌ ഏറ്റവും ഉദാത്തമായി പെരുമാറുന്നവനാണ്‌. എന്റെ കുടുംബത്തോട്‌ ഏറ്റവും നന്നായി പെരുമാറുന്നവനാണ്‌ ഞാന്‍'. (സുനനുത്തുര്‍മുദി) 
അയല്‍ക്കാരോട്‌ സ്‌നേഹത്തോടെയും വിട്ടുവീഴ്‌ചയോടെയും പെരുമാറിയിരുന്ന ഉത്തമനായ അയല്‍വാസിയായിരുന്നു മുഹമ്മദ്‌ നബി(സ). അയല്‍വാസികള്‍ തമ്മില്‍ അവകാശങ്ങളുണ്ടെന്നായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്‌. അദ്ദേഹം പറഞ്ഞു: `അയല്‍വാസിയോട്‌ കാരുണ്യത്തോടുകൂടി പെരുമാറുവാന്‍ ജിബ്‌രീല്‍ എന്നോട്‌ കല്‍പിച്ചുകൊണ്ടിരുന്നു; അവര്‍ക്ക്‌ അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന്‌ പറയുമെന്ന്‌ ഞാന്‍ വിചാരിക്കുവോളം.(ബുഖാരി, മുസ്‌ലിം)
ദൈവികമാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക വഴി എങ്ങനെ ഉദാത്തനായിത്തീരാമെന്നാണ്‌ സ്വന്തം ജീവിതത്തിലൂടെ മുഹമ്മദ്‌ നബി(സ) പ്രായോഗികമായി പഠിപ്പിച്ചത്‌. അതുകൊണ്ട്‌ തന്നെ മാനവികതയുടെ ഉദാത്തീകരണം സാധിച്ച്‌ ദൈവപ്രീതിക്ക്‌ പ്രാപ്‌തമാവുകയും അങ്ങനെ മരണാനന്തരം സ്വര്‍ഗപ്രാപ്‌തി ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആ ജീവിതത്തെ അനുധാവനം ചെയ്യുകയാണ്‌ വേണ്ടത്‌. (33:21)
സത്യസന്ധനും സന്മാര്‍ഗനിഷ്‌ഠനുമാണ്‌ മുഹമ്മദ്‌ നബി(സ) എന്ന്‌ സമകാലികരായ ശത്രുക്കള്‍പോലും സമ്മതിച്ചിട്ടുള്ളതാണ്‌. മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കാന്‍പോന്ന ധാര്‍മികജീവിതം നയിച്ച അദ്ദേഹത്തില്‍ എന്തെങ്കിലും രൂപത്തിലുള്ള സ്വാര്‍ഥത ആരോപിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. അറേബ്യയുടെ സര്‍വാധികാരിയായിരിക്കുബോഴും പനയോലപ്പായയില്‍ കിടന്നുറങ്ങുന്ന പ്രവാചകന്‍; പട്ടിണികിടന്ന്‌ പ്രയാസപ്പെട്ടും ആദര്‍ശപ്രബോധനത്തിന്‌ പടനയിക്കുന്ന ദൈവദൂതന്‍; സ്വന്തം മകള്‍ക്ക്‌ സഹായിയായി ഒരു ഭൃത്യനെ നല്‍കാന്‍പോലും കൂട്ടാക്കാത്ത ഭരണാധിപന്‍; മരണപ്പെടുമ്പോള്‍ വലിയൊരു ഭൗതികസാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും അനന്തരാവകാശികള്‍ക്കായി സമ്പാദ്യമൊന്നും കരുതിവെക്കാതിരുന്ന നീതിമാന്‍; അത്തരമൊരാള്‍ സ്വാര്‍ഥിയാണെന്ന്‌ പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നിസ്വാര്‍ഥനും സത്യസന്ധനുമായ മുഹമ്മദ്‌ നബി(സ)ജീവിതത്തിലൊരിക്കലും ഒരാളെയും വഞ്ചിച്ചിട്ടില്ല. ആ നാവില്‍ നിന്ന്‌ ഒരു കള്ളം ഒരാളും കേട്ടിട്ടില്ല. 
മുഹമ്മദ്‌ നബി(സ) യുടെ ജീവിതം തന്നെയാണ്‌ അദ്ദേഹം പഠിപ്പിച്ച സന്ദേശങ്ങള്‍ സത്യമാണെന്നതിന്‌ തെളിവ്‌. ഏകനും അദ്വിതീയനുമായ സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂയെന്നും അവന്റെ വിധിവിലക്കുകള്‍ അനുസരിച്ച്‌ മനുഷ്യരെല്ലാം ജീവിക്കണമെന്നും അങ്ങനെ ജീവിക്കുന്നവര്‍ക്ക്‌ പരമകാരുണികന്‍ അവന്റെ സമ്മാനമായ സ്വര്‍ഗലോകം ഒരുക്കിവെച്ചിരിക്കുന്നുവെന്നും അതല്ലാത്തവര്‍ ദൈവകാരുണ്യത്തില്‍ നിന്നകന്ന്‌ നരകത്തിലേക്കാണ്‌ എറിയപ്പെടുകയെന്നും തനിക്ക്‌ ദൈവികബോധനം ലഭിച്ചിട്ടുണ്ടെന്നുമാണ്‌ മുഹമ്മദ്‌ നബി(സ) അവകാശപ്പെട്ടത്‌. അദ്ദേഹം പഠിപ്പിച്ച സന്ദേശങ്ങള്‍ തനിക്കുമുമ്പ്‌ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്‌തത്‌ തന്നെയാണ്‌. ആ ജീവിതം അദ്ദേഹം സത്യസന്ധനാണെന്നതിനുള്ള സാക്ഷ്യവുമാണ്‌. സ്വര്‍ഗപ്രവേശനം കാംക്ഷിക്കുകയും നരകവിമുക്തി ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തെ അനുധാവനം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നമ്മെയെല്ലാം ദൈവകാരുണ്യത്തിന്റെ ഭവനത്തിലേക്ക്‌ നയിക്കുവാന്‍ നിയോഗിക്കപ്പെട്ട അന്തിമപ്രവാചകനാണല്ലോ അദ്ദേഹം. 

യുടെ ജീവിതത്തെ അനുധാവനം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നമ്മെയെല്ലാം ദൈവകാരുണ്യത്തിന്റെ ഭവനത്തിലേക്ക്‌ നയിക്കുവാന്‍ നിയോഗിക്കപ്പെട്ട അന്തിമപ്രവാചകനാണല്ലോ അദ്ദേഹം.