പ്രവാചകന്‍ ഒരു സമ്പൂര്‍ണ മാതൃക

പ്രവാചകന്റെ കുടുംബം, നിയോഗം
പേര്‌: മുഹമ്മദ്‌
പിതാവ്‌: അബ്‌ദുല്ലാഹ്‌
മാതാവ്‌: ആമിന
പിതാമഹന്മാര്‍: അബ്‌ദുല്‍ മുത്തലിബ്‌, ഹാശിം, അബ്‌ദുമനാഫ്‌, ക്വുസ്വയ്യ്‌, കിലാബ്‌, മുര്‍റത്ത്‌, നിസാര്‍, മഅദ്‌, അദ്‌നാന്‍
ഗോത്രം: അറബികളിലെ ഖുറൈശ്‌. മഹാനായ ഇബ്‌റാഹീം നബിയുടെ പുത്രന്‍ ഇസ്‌മാഈല്‍ നബിuയുടെ സന്താന സമൂഹമാണ്‌ അറബികള്‍.
ജനനം: മക്കയില്‍ നടന്ന ആനക്കലഹവര്‍ഷം, റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്‌ച ദിവസം. ക്രിസ്‌താബ്‌ദം 571ല്‍.
മരണം: മദീനയില്‍. തന്റെ 63ാമത്തെ വയസ്സില്‍. നാല്‍പതു വര്‍ഷം പ്രവാചകത്വത്തിന്‌ മുമ്പും 23 വര്‍ഷം പ്രവാചകനായും ആ ധന്യജീവിതം ചെലവഴിച്ചു.
ഇഖ്‌റഅ്‌ കൊണ്ട്‌ നബിയായി നിയോഗിതനായ അദ്ദേഹം മുദ്ദസ്സിര്‍ കൊണ്ട്‌ റസൂലായി നിശ്ചയിക്കപ്പെട്ടു.
മക്കത്ത്‌ ജനിച്ച പ്രവാചകശ്രേഷ്‌ഠന്‍ മദീനയിലേക്ക്‌ പലായനം ചെയ്‌തെത്തി. പിന്നീട്‌ നീണ്ട പത്തു വര്‍ഷക്കാലം മദീനാ മണ്ണിലായിരുന്നു അവിടുത്തെ പുഷ്‌കല ജീവിതം.
ലോകജനതക്ക്‌ ശിര്‍ക്കിനെ സംബന്ധിച്ച്‌ താക്കീതു നല്‍കുക, വിശുദ്ധ തൗഹീദിലേക്ക്‌ അവരെ ക്ഷണിക്കുക എന്ന മഹത്തായ ദൗത്യമായിരുന്നു തിരുമേനിയുടേത്‌. അല്ലാഹുവിന്റെ ഏകത്വത്തിലേക്ക്‌ പ്രബോധനം ചെയ്‌തുകൊണ്ടിരിക്കവേ, പത്താം വര്‍ഷം അദ്ദേഹം ആകാശാരോഹണം നടത്തി. അവിടെ വെച്ചാണ്‌ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്‌. ഹിജ്‌റയുടെ മൂന്ന്‌ വര്‍ഷം മുമ്പ്‌ മുതല്‍, മക്കയില്‍ വെച്ചു തന്നെ, അഞ്ചു നമസ്‌കാരങ്ങളും അദ്ദേഹം നിര്‍വഹിച്ചു തുടങ്ങി.
അല്ലാഹുവിന്റെ കല്‍പനാനുസൃതം മദീനയിലേക്ക്‌ ഹിജ്‌റ ചെയ്‌തെത്തിയ തിരുമേനിr, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌, ജിഹാദ്‌, ബാങ്ക്‌, നന്മ കല്‍പിക്കുക തിന്മ വിരോധിക്കുക തുടങ്ങിയ ആരാധനകള്‍ വിശ്വാസികള്‍ക്ക്‌ പഠിപ്പിച്ചു കൊടുത്തു.
പത്തു വര്‍ഷക്കാലം അല്ലാഹുവിന്റെ വഹ്‌യിനെ മുന്നില്‍ വെച്ചു കൊണ്ട്‌ മഹാനായ പ്രവാചകന്‍r ഇസ്‌ലാമിക പാഠങ്ങള്‍ മുഴുവനും തന്റെ ഉമ്മത്തിന്‌ വിശദീകരിച്ചു നല്‍കി. അറുപത്തിമൂന്നാമത്തെ വയസ്സില്‍ ഈ ദുനിയാവിനോട്‌ വിടപറയുമ്പോള്‍ തിരുമേനിയുടെ ദൗത്യനിര്‍വഹണം പരിപൂര്‍ണമായിരുന്നു. എല്ലാ നിലക്കും സമ്പൂര്‍ണമായ ദൈവികമതം: ഇസ്‌ലാം. ലോകത്ത്‌ അത്‌ ഇന്നും അവശേഷിക്കുന്നു; ഏവരുടേയും കണ്‍മുന്നില്‍.
പ്രവാചകതിരുമേനിr തന്റെ ഉമ്മത്തിന്‌ ഒരൊറ്റ നന്മയും പഠിപ്പിക്കാതെ പോയിട്ടില്ല. ഒരൊറ്റ തിന്മയെപറ്റിയും അവരെ താക്കീതു ചെയ്യാതിരുന്നിട്ടുമില്ല. പ്രവാചകന്മാരിലെ അന്തിമനാണ്‌ അവിടുന്ന്‌. അദ്ദേഹത്തിന്‌ ശേഷം ഇനിയൊരു പ്രവാചകന്‍ നിയോഗിതനാവുകയില്ല. ലോകര്‍ക്കാകമാനമായിട്ടാണ്‌ തിരുമേനി നിയോഗിതനായത്‌. ജിന്നാകട്ടെ മനുഷ്യനാകട്ടെ സകലരും അദ്ദേഹത്തെ അനുസരിച്ചേ പറ്റൂ; അല്ലാഹുവിന്റെ നിയമമാണത്‌. നബിrയെ അനുസരിച്ച്‌ ജീവിച്ചവന്‍ സ്വര്‍ഗപ്രാപ്‌തനാണ്‌. അദ്ദേഹത്തോട്‌ അനുസരണക്കേട്‌ കാണിക്കുന്നവന്‍ നരകാവകാശിയുമാണ്‌.
നബിr അതീവ ശ്രേഷ്‌ഠനാണ്‌. ജനങ്ങളിലെ മഹാന്‍. കുലമഹിമയുള്ള ഉല്‍കൃഷ്‌ടന്‍. ധിഷണകൊണ്ടും, സ്ഥാനമാനങ്ങള്‍ കൊണ്ടും, പെരുമ കൊണ്ടും മികച്ചു നില്‍ക്കുന്ന പൂര്‍ണ പുരുഷന്‍. അന്ത്യനാളില്‍ പ്രവാചകശ്രേഷ്‌ഠന്റെ അനുയായികളായിരിക്കും ഇതര പ്രവാചകാനുയായികളേക്കാള്‍ കൂടുതല്‍.
പ്രവാചകതിരുമേനിയെ ദുനിയാവിലെ മറ്റാരേക്കാളും, എന്തിനേക്കാളും കൂടുതല്‍ സ്‌നേഹിക്കണമെന്നത്‌ മതനിയമമാണ്‌. ആ മഹാനുഭാവന്റെ ജീവിതം പിന്‍പറ്റിക്കൊണ്ടും, പ്രവൃത്തിപഥത്തില്‍ നടപ്പിലാക്കിക്കൊണ്ടുമാകണം വിശ്വാസികള്‍ നബിrയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കേണ്ടത്‌.
എന്നാല്‍ ചിലരെങ്കിലുമുണ്ട്‌; പ്രവാചകസ്‌നേഹത്തെ വൈകാരിക പ്രകടനങ്ങളിലും, മതം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ആചാരാഘോഷങ്ങളിലും തളച്ചിടുന്നവര്‍. നബിrയുടെ ജന്മദിനം ആഘോഷിക്കുന്ന സമ്പ്രദായം അവയില്‍ ഒന്നാണ്‌. ഓരോ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനും നബിrയുടെ ജന്മദിനം ആഘോഷിക്കുക എന്ന രീതി മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി കാണുന്നുണ്ട്‌. തീര്‍ത്തും വെറുക്കപ്പെട്ട പുത്തനാചാരമാണത്‌. നബിr തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും അത്തരമൊരാഘോഷം ആചരിച്ചിട്ടില്ല എന്നതാണ്‌ വാസ്‌തവം. പ്രവാചക വിയോഗാനന്തരം അവിടുത്തെ അനുചരന്മാരും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്‌ നബിജന്മദിനാഘോഷം നടപ്പിലാക്കിയിട്ടില്ല. ഉല്‍കൃഷ്‌ട തലമുറ എന്ന്‌ പ്രവാചകനാല്‍ വിശേഷിപ്പിക്കപ്പെട്ട മൂന്നു നൂറ്റാണ്ടിലും ഈ സമ്പ്രദായം നിലനിന്നിരുന്നില്ല.
നബിr യുടെ ജന്മം റബീഉല്‍ അവ്വലിലാണ്‌ എന്നത്‌ വിഖ്യാതമാണ്‌. എന്നാല്‍ അത്‌ ഏത്‌ തിയ്യതിയിലായിരുന്നു എന്നത്‌ ക്ലിപ്‌തമായിട്ടില്ല. അക്കാര്യത്തില്‍ ചരിത്രപരമായ അഭിപ്രായാന്തരങ്ങള്‍ നിലവിലുണ്ട്‌. ഇനി, ഇന്ന തിയ്യതിയിലാണ്‌ പ്രവാചകന്റെ ജന്മം നടന്നത്‌ എന്ന കൃത്യമായ അറിവുണ്ട്‌ എങ്കില്‍പോലും, നബി തിരുമേനിrയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ പ്രത്യേകമൊരാഘോഷം നടപ്പില്‍ വരുത്തുന്നത്‌, മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച്‌ അനുവദനീയമല്ല. തികഞ്ഞ പുത്തനാചാരമാണത്‌. നമ്മുടെ ഈ ദീന്‍ കാര്യത്തിലില്ലാത്ത ഒന്ന്‌ ദീനില്‍ ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത്‌ അസാധുവാണ്‌.(1) നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ആരെങ്കിലും അനുഷ്‌ഠിച്ചാല്‍ അത്‌ അസ്വീകാര്യമാണ്‌.(2) എന്നീ പ്രവാചകമൊഴികള്‍ ദീനില്‍ ബിദ്‌അത്തുകള്‍, അഥവാ പുതിയ ആചാരങ്ങള്‍ പടച്ചുണ്ടാക്കി ആചരിക്കുന്നവര്‍ക്കുള്ള താക്കീതുകളാണ്‌.
നബിrയുടെ നിയോഗലക്ഷ്യം സമൂഹത്തെ തൗഹീദിലേക്ക്‌ ക്ഷണിക്കുക എന്നതായിരുന്നു. ശിര്‍ക്കിന്റെ അന്ധകാരത്തില്‍ നിന്ന്‌ ഏകദൈവാരാധനയുടെ വെളിച്ചത്തിലേക്ക്‌ അവരെ കൈപിടിച്ചു നയിക്കുക എന്ന ദൗത്യം അദ്ദേഹം കൃത്യനിഷ്‌ഠയോടെ നിര്‍വഹിക്കുകയുണ്ടായി. പാപകര്‍മങ്ങളും താന്തോന്നിത്തങ്ങളും കൊണ്ട്‌ ഇരുള്‍മുറ്റിയ ജീവിത വീഥിയെ സല്‍കര്‍മങ്ങളുടേയും, സദാചാരങ്ങളുടേയും പൊന്‍പ്രഭ കൊണ്ട്‌ പ്രകാശമാനമാക്കി അവിടുന്ന്‌. മനുഷ്യഹൃദയങ്ങളിലടിഞ്ഞു കൂടിയ അജ്ഞത നീക്കം ചെയ്‌ത്‌ അവയെ വിജ്ഞാനം കൊണ്ട്‌ അലംകൃതമാക്കിയതും പ്രവാചകശ്രേഷ്‌ഠന്‍ തന്നെ. സമൂഹത്തിനാവശ്യമായ ഒരു നന്മയും അദ്ദേഹം പഠിപ്പിക്കാതെ വിട്ടില്ല. മനുഷ്യജീവിതത്തെ സാരമായി ബാധിക്കാവുന്ന ഒരു തിന്മയെപ്പറ്റിയും ഉദ്‌ബോധിപ്പിക്കാതെ നബിr മാറ്റിവെച്ചതുമില്ല.
പ്രവാചകന്റെ ത്യാഗപരിശ്രമങ്ങളും സ്വഭാവ വൈശിഷ്‌ഠ്യവും
മുഹമ്മദ്‌ നബിr മാനവതക്കനുഗുണമായ അനന്യമാതൃകയാണ്‌. ലോകജനതക്ക്‌ അനുധാവനം ചെയ്യാവുന്ന ഉല്‍കൃഷ്‌ട സ്വഭാവങ്ങള്‍ നിറഞ്ഞ നേതാവാണദ്ദേഹം. വിശുദ്ധ ഖുര്‍ആനിലൂടെ അക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌:
``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്‌തുവരുന്നവര്‍ക്ക്‌.'' (അഹ്‌സാബ്‌: 21)
നബിrയുടെ നമസ്‌കാരം
അല്ലാഹുവിന്റെ ആജ്ഞകള്‍ ഉപദേശിക്കുക മാത്രമല്ല, അവ സ്വന്തം ജീവിതത്തില്‍ കൃത്യതയോടെ പാലിക്കുകയും ചെയ്‌തൂ തിരുമേനിr. അഞ്ചുനേരത്തെ നിര്‍ബന്ധനമസ്‌കാരം പ്രവാചകന്‍ പഠിപ്പിച്ചതാണ്‌. വിശ്വാസികള്‍ അവ അനുഷ്‌ഠിച്ചേ പറ്റൂ. പടച്ചവന്റെ കര്‍ക്കശമായ നിര്‍ദേശമുണ്ടതിന്ന്‌. വിചാരണനാളില്‍ അടിമകളോട്‌ ആദ്യം ചോദിക്കുന്നത്‌ നമസ്‌കാരത്തെ സംബന്ധിച്ചായിരിക്കുമെന്ന്‌ പ്രവാചകനരുളിയിട്ടുണ്ട്‌. അല്ലാഹുവും അടിമയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന അനര്‍ഘവേളയാണ്‌ നമസ്‌കാരം. പടച്ചതമ്പുരാനുമായുള്ള സംഭാഷണമാണത്‌. അനിര്‍വചനീയമായ അനുഭൂതിയേകുന്ന നമസ്‌കാരമെന്ന ആരാധന പ്രവാചകന്റെ കണ്‍കുളിര്‍മയായിരുന്നു. വിശ്വാസികളുടെ മുഴുവന്‍ കണ്‍കുളിര്‍മയാകണം നമസ്‌കാരം.
നമസ്‌കാര വിഷയത്തില്‍ പ്രവാചകന്റെ താത്‌പര്യം അതീവമായിരുന്നു. അനുയായികള്‍ക്ക്‌ ആചരിക്കാന്‍ സാധനകളും ആരാധനകളും പഠിപ്പിച്ച്‌ തനിക്കവയൊന്നും ബാധകമല്ല എന്ന രീതിയല്ലായിരുന്നു പ്രാവാചകന്റേത്‌. അര്‍ധരാവില്‍ കിടപ്പറ വിട്ടുണര്‍ന്ന്‌, കാലില്‍ നീരു വരുവോളം നമസ്‌കാരത്തില്‍ മുഴുകാറുള്ള വിനീത ദാസനായിരുന്നു പ്രവാചകന്‍. എന്തിനാണങ്ങ്‌ ഇത്രമേല്‍ പ്രയാസപ്പെട്ട്‌ ആരാധനയില്‍ മുഴുകുന്നത്‌? വന്നതും വരാനിരിക്കുന്നതുമായ സകല അപാകതകളും അല്ലാഹു താങ്കള്‍ക്കു പൊറുത്തു തന്നിരിക്കെ, എന്തിനാണ്‌ ഇത്രയധികം ത്യാഗവും അധ്വാനവും? എന്ന ചോദ്യത്തിന്‌, ഞാന്‍ നന്ദിയുള്ള ഒരു അടിമയാകേണ്ടതില്ലേ(3) എന്നതായിരുന്നു അവിടുത്തെ ഉത്തരം!
നബിr രാത്രിയില്‍ ചിലപ്പോള്‍ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കും, ചിലപ്പോള്‍ പതിമൂന്നും.(4) ഫര്‍ദ്‌ നമസ്‌കാരാനന്തരം പന്ത്രണ്ട്‌ റക്‌അത്ത്‌ റവാതിബു നമസ്‌കാരങ്ങള്‍(5) നിര്‍വഹിച്ചിരുന്ന തിരുമേനി, ചിലസമയങ്ങളില്‍ അത്‌ പത്ത്‌ റക്‌അത്തായിട്ടും (6) നിര്‍വഹിച്ചിട്ടുണ്ട്‌. നാലു റക്‌അത്തോ അതില്‍ കൂടുതലോ ളുഹാ നമസ്‌കാരം(7) നിര്‍വഹിക്കുക എന്നതും പ്രവാചകന്റെ ദിനചര്യയായിരുന്നു. സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടുള്ളതായിരുന്നു തിരുമേനിയുടെ രാത്രിനമസ്‌കാരം. ഒരു റക്‌അത്തില്‍ തന്നെ ഏകദേശം അഞ്ച്‌ ജുസ്‌ഓളം പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന്‌ ഹദീഥില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌.(8) ചുരുക്കത്തില്‍, ഫര്‍ദ്‌ നമസ്‌കാരങ്ങളിലെ 17 റകഅത്തു സഹിതം, രാപകലുകളിലായി 40 റക്‌അത്തുകള്‍ നബി തിരുമേനിr നമസ്‌കരിക്കാറുണ്ടായിരുന്നു.(9) തന്റെ നാഥന്റെ മുമ്പില്‍ നിന്നുകൊണ്ടുള്ള ആത്മാര്‍ഥമായ ആരാധനകളിലെ ആനന്ദം തിരുനബിr അവാച്യമാംവിധം അനുഭവിച്ചിരുന്നു എന്നര്‍ഥം.
നമസ്‌കാര സമയമായിക്കഴിഞ്ഞാല്‍ ബിലാലിtനോടായി അവിടുന്ന്‌ പറയാറുണ്ടായിരുന്നു: ബിലാല്‍! നമസ്‌കാരം കൊണ്ട്‌ ഞങ്ങള്‍ക്കു നീ ആശ്വാസം പകര്‍ന്നാലും.(10) മറ്റൊരിക്കല്‍ തിരുമേനി അരുളിയത്‌ ഇങ്ങിനെയാണ്‌: എന്റെ നയനാനന്ദം എന്റെ നമസ്‌കാരത്തിലാണ്‌.(11)
നബിrയുടെ നോമ്പ്‌
വ്രതാനുഷ്‌ഠാനത്തിന്റെ കാര്യത്തില്‍ പ്രവാചകന്റെ ശ്രദ്ധയും ശ്രമവും അനിതരസാധാരണമായിരുന്നു. വിശുദ്ധ റമദാനിലെ ഒരു മാസക്കല നോമ്പിനു പുറമെ എല്ലാ മാസവും മൂന്നു ദിവസങ്ങള്‍ നബിr വ്രതമനുഷ്‌ഠിക്കാറുണ്ടായിരുന്നു.(12) കൂടാതെ എല്ലാ തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും നോമ്പെടുക്കുന്നതിലും തിരുമേനിr കണിശത കാട്ടിയിരുന്നു.(13) ശഅബാന്‍ മാസം -മുഴുവനുമെന്നു തന്നെ പറയാം- നബിr നോമ്പുകാരനായിരുന്നു.(14) ഒരു മാസക്കാലം നീണ്ടു നിന്ന റമാദാന്‍ വ്രതാനന്തരം ശവ്വാലില്‍ ആറു നോമ്പുകൂടി അനുഷ്‌ഠിക്കാന്‍ അവിടുന്ന്‌ ശ്രദ്ധകാണിച്ചിരുന്നു.(15) അതിന്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. മുഹര്‍റം പത്തിലെ നോമ്പ്‌ പ്രവാചകന്‍ അനുഷ്‌ഠിച്ചിരുന്നു.(16) ഒമ്പതാം ദിനത്തിലെ നോമ്പിനെ സംബന്ധിച്ചും പ്രവാചക ഹദീഥുകളില്‍ വന്നിട്ടുണ്ട്‌.(17) ചില സന്ദര്‍ഭങ്ങളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ തുടര്‍ച്ചയായി നോമ്പുമുറിക്കാതെ അദ്ദേഹം വ്രതമെടുക്കാറുണ്ടായിരുന്നു. എന്നാല്‍ അത്തരം നോമ്പനുഷ്‌ഠിക്കുന്നതില്‍ നിന്ന്‌ തന്റെ ഉമ്മത്തിനെ തിരുമേനിr വിലക്കിയിട്ടുണ്ട്‌. പ്രവാചകന്‍r പ്രത്യേക ഗുണങ്ങളുടെ ഉടമയാണ്‌. മറ്റു സാധാരണ വിശ്വാസികളെപ്പോലെയല്ല തിരുനബിr. തുടര്‍ച്ചയായി മുറിക്കാതെയുള്ള തന്റെ നോമ്പിനെ സംബന്ധിച്ച്‌ അവിടുന്ന്‌ പറഞ്ഞത്‌, താന്‍ അല്ലാഹുവിങ്കല്‍ നിന്ന്‌ ഭക്ഷിപ്പിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്‌ എന്നാണ്‌!(18)
നബിrയുടെ ദാനധര്‍മം
അതീവ ധര്‍മിഷ്‌ടനായിരുന്നു പ്രവാചക തിരുമേനിr. റമദാനില്‍ ജീബ്‌രീuലിനെ കണ്ടുമുട്ടുന്ന വേളയില്‍, അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ വേഗതയില്‍ ആളുകള്‍ക്ക്‌ ധര്‍മം നല്‍കാന്‍ അവിടുന്ന്‌ ശ്രദ്ധിച്ചിരുന്നുവെന്ന്‌(19) ഹദീഥുകളില്‍ വന്നിട്ടുണ്ട്‌. കയ്യിലുള്ളതെന്തും ദാനമായി നല്‍കുന്നതില്‍ പ്രവാചകന്ന്‌ മടിയേതുമില്ലായിരുന്നു. അക്കാര്യത്തില്‍ ദാരിദ്ര്യത്തെ ഭയക്കുന്ന ആളായിരുന്നില്ല തിരുമേനിr. തന്നെ സമീപിച്ച അയല്‍പ്രദേശത്തുകാരനായ ദരിദ്രന്ന്‌, തന്റെ കൈവശമുണ്ടായിരുന്ന രണ്ട്‌ സംഘം ആട്ടിന്‍പറ്റത്തെ ധര്‍മം നല്‍കിയ സംഭവം ഹദീഥു കൃതികളില്‍ വിശ്രുതമാണ്‌. ആടുകളേയും തെളിച്ചെത്തിയ അയാള്‍ തന്റെ പ്രദേശത്തുകാരോട്‌ ഇങ്ങനെ പറഞ്ഞു: ``ആളുകളേ, നിങ്ങള്‍ ഇസ്‌ലാമാശ്ലേഷിച്ചോളൂ, ദാരിദ്ര്യം മറന്ന്‌ ധര്‍മം ചെയ്യുന്നവനാണ്‌ മുഹമ്മദ്‌.''(20)
തികഞ്ഞ ഔദാര്യവാനായിരുന്നു പ്രവാചകന്‍r. ചരിത്രലിഖിതങ്ങള്‍ അതിന്ന്‌ സാക്ഷിയാണ്‌. അശരണരേയും, അഗതികളേയും, വിധവകളേയുമൊക്കെ കയ്യഴിഞ്ഞ്‌ സഹായിക്കുന്നതില്‍ മുന്നിലായിരുന്നു അദ്ദേഹമെപ്പോഴും. തന്റെ സ്വഹാബാക്കളില്‍ ഔദാര്യമനഃസ്ഥിതി ഉണ്ടാക്കുക മാത്രമല്ല, അക്കാര്യത്തില്‍ സ്വന്തത്തെ തന്നെ അവര്‍ക്കുള്ള മാതൃകയായി പ്രതിഷ്‌ഠിക്കുകയായിരുന്നു അവിടുന്ന്‌. കനിവാര്‍ന്ന ഹൃദയം, വിനയം, നിറഞ്ഞ നീതി, അനന്യമായ ക്ഷമ, ഔദാര്യമനസ്ഥിതി, വിട്ടുവീഴ്‌ച, സഹനം, ലജ്ജ, സത്യത്തോടുള്ള പ്രതിബദ്ധത, സല്‍കാര്യങ്ങളിലെ സ്ഥിരത തുടങ്ങിയ ഒട്ടേറെ സല്‍ഗുണങ്ങളാല്‍ സമ്പന്നമായിരുന്ന പ്രവാചകശ്രേഷ്‌ഠന്‍, ലോകത്തിനിണങ്ങിയ മാതൃകയാണ്‌ എന്ന കാര്യത്തില്‍ സന്ദേഹത്തിന്‌ വഴിയില്ല.
പ്രവാചകന്റെ ത്യാഗപരിശ്രമങ്ങള്‍
അധ്വാനനിരതരായിരുന്നു റസൂല്‍ r. തന്നിലേല്‍പ്പിക്കപ്പെട്ട ഇസ്‌ലാമിക പ്രബോധനമെന്ന ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കണിശത വെച്ചു പുലര്‍ത്തിയ ത്യാഗസമ്പന്നന്‍. അല്ലാഹുവില്‍ നിന്ന്‌ ലഭിക്കുന്ന ഇസ്‌ലാമിക പാഠങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നതിലും, തന്റെ അനുയായികള്‍ക്ക്‌ പഠിപ്പിച്ചുകൊടുക്കുന്നതിലും തിരുമേനിr അതീവ ശ്രദ്ധകാട്ടി. ഇസ്‌ലാമിന്റെ ആദര്‍ശത്തിലേക്ക്‌ മനുഷ്യകുലത്തെ ക്ഷണിച്ചത്‌ ജ്ഞാനത്തിന്റേയും ഉള്‍ക്കാഴ്‌ചയുടേയും വെളിച്ചത്തിലായിരുന്നു. പ്രവാചകന്റെ പ്രബോധനവഴി അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, അല്ലാഹുവിന്റെ നിയോഗം സാര്‍ഥകമായിത്തീരാന്‍ ആ വഴിയില്‍ ഏറെ സഹനവും ക്ഷമയും കാണിച്ചായിരുന്നു അവിടുന്ന്‌ നടന്നുനീങ്ങിയത്‌. ദഅ്‌വത്തിന്റെ മാര്‍ഗത്തിലുണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രവാചകനേല്‍ക്കേണ്ടി വന്ന പ്രയാസങ്ങള്‍ നിരവധിയാണ്‌. പിശാച്‌ സമൂഹത്തിലുണ്ടാക്കുന്ന സന്ദേഹങ്ങളേയും ആശയക്കുഴപ്പങ്ങളേയും സന്ധിയില്ലാതെ നേരിട്ട പ്രവാചകന്‍r, അവന്റെ കുതന്ത്രങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകളും അവയില്‍ നിന്ന്‌ രക്ഷപ്രാപിക്കാനുള്ള മാര്‍ഗങ്ങളും തന്റെ ഉമ്മത്തിന്‌ പഠിപ്പിച്ചു കൊടുക്കുകയുണ്ടായി.
താന്‍ കൊണ്ടു നല്‍കിയ തെളിമയാര്‍ന്ന സത്യത്തെ നിഷേധിച്ചു തള്ളിയ ഒരു വിഭാഗം ആളുകള്‍ പ്രവാചകന്റെ പ്രബോധനമാര്‍ഗത്തില്‍ പ്രശ്‌നങ്ങളുമായി നിലകൊണ്ടിരുന്നു. അവരെ വിവേകപൂര്‍വം നേരിടേണ്ടത്‌ അവിടുത്തെ ബാധ്യതയായി. ശ്രമകരമായ ജോലിയായിരുന്നു അത്‌. തങ്ങളുടെ ആത്യന്തിക വിജയസ്രോതസ്സായ ഇസ്‌ലാമിനെ കലവറയില്ലാതെ, സുതാര്യമായി അവതരിപ്പിച്ചു നല്‍കുമ്പോഴും, അഹങ്കാരം കൊണ്ട്‌ ശാഠ്യം കാണിക്കുന്ന സത്യനിഷേധികളെ വിവിധ നിലകളില്‍ പ്രവാചകന്ന്‌ നേരിടേണ്ടതുണ്ടായിരുന്നു. ഹൃദയം കൊണ്ടും, നാവു കൊണ്ടും ധനം കൊണ്ടും, കൈകൊണ്ടുമൊക്കെയുള്ള ജിഹാദ്‌ പ്രവാചകജീവിതത്തില്‍ നമുക്ക്‌ കാണാനാകുന്നത്‌ അതുകൊണ്ടാണ്‌. ജിഹാദിന്റെ സകല ഘട്ടങ്ങളും സമ്പൂര്‍ണമായും വിജയകരമായും പൂര്‍ത്തിയാക്കുന്നതില്‍ തിരുമേനി അനുഭവിച്ച ത്യാഗങ്ങള്‍ അക്ഷരങ്ങള്‍ക്കു വഴങ്ങില്ല.
വെറും യുദ്ധത്തിന്റെ പാഠമല്ല ജിഹാദ്‌. നരകാഗ്നിയിലേക്ക്‌ നടന്നു ചെല്ലുന്ന തന്റെ ഉമ്മത്തിനോട്‌, അവരുടെ അവിവേകങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള അധ്യാപനമായിരുന്നു നബിrയുടേത്‌. കരണത്തടിച്ചു ശിക്ഷിക്കുക എന്നതിനേക്കാള്‍ കൈപിടിച്ചു രക്ഷിക്കുക എന്ന ദയാപൂര്‍വമായ നിലപാടാണ്‌ പ്രവാചകശൈലിയെ വ്യതിരിക്തമാക്കിയിരുന്നത്‌. പ്രവാചകന്‍ ഇസ്‌ലാമിന്റെ ശത്രുസംഘങ്ങളോട്‌ ഏറ്റുമുട്ടലുകളും യുദ്ധങ്ങളും നടത്തിയിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. ഇരുപത്തിയേഴ്‌ യുദ്ധങ്ങളില്‍ നബിr നേരിട്ട്‌ നായകത്വം വഹിച്ചിട്ടുണ്ട്‌. അതിലെ ഏഴ്‌ യുദ്ധങ്ങളില്‍ സധീരം പോരാടിയിട്ടുമുണ്ട്‌. നേരിട്ട്‌ നായകത്വം വഹിക്കാത്ത, അമ്പത്തിയാറ്‌ യുദ്ധ സംഘങ്ങളെ സ്വഹാബത്തിന്റെ നേതൃത്വത്തില്‍ യുദ്ധമുഖത്തേക്ക്‌ തിരുമേനി പറഞ്ഞയച്ചിട്ടുണ്ട്‌. ഇതൊന്നും പക്ഷെ, പ്രവാചകന്റേയും സ്വഹാബത്തിന്റേയും ഭാഗത്തു നിന്നുണ്ടായ ഏകപക്ഷീയമായ നീക്കങ്ങളായിരുന്നില്ല. ആദര്‍ശ പ്രബോധനത്തിനും, ആദര്‍മനുസരിച്ചുള്ള ജീവിതത്തിനും സൈ്വര്യം നല്‍കാതെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളെ പിന്തുടര്‍ന്നപ്പോള്‍ സാന്ദര്‍ഭികമായി സംഭവിച്ച അനിവാര്യതകളായിരുന്നു. ഈ രംഗത്തെ പ്രവാചകന്റെ ത്യാഗങ്ങളും അധ്വാനങ്ങളും അനന്യവും മാതൃകാപരവുമായിരുന്നു എന്നത്‌ ചരിത്രമാണ്‌.
സമൂഹത്തില്‍ കുറേ ശത്രുസംഘങ്ങളെ സൃഷ്‌ടിച്ച്‌, അവരോടേറ്റുമുട്ടി പച്ചമനുഷ്യരെ കൊന്നൊടുക്കുക എന്ന ദൗത്യവുമായി നിയോഗിതരായവരായിരുന്നില്ല പ്രവാചകശ്രേഷ്‌ഠന്‍. നാല്‍പതു വയസ്സുവരെ സമൂഹത്തില്‍ മാന്യനായി, ആദരണീയനായി, പരിഗണനീയനായി, സാധുമനസ്‌കനായി, വിശ്വസ്‌തനായി ജീവിച്ചു പോന്ന നബിrയുടെ ഹൃദയത്തിലേക്ക്‌ നാല്‍പതാമത്തെ വയസ്സില്‍ ചോരക്കൊതി കയറിവരില്ലെന്നത്‌ തീര്‍ച്ച. പ്രവാചകതിരുമേനിയുടെ ജീവിതത്തിന്റെ ഏതു വശം പരിശോധിച്ചാലും ചോരയുടെ മണം പിടിച്ചെടുക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
പ്രവാചകന്റെ പെരുമാറ്റവും സമീപനങ്ങളും
സഹജീവികളുമായുള്ള പ്രവാചകന്റെ സഹവാസവും അവരോടുള്ള പെരുമാറ്റവും അനിതരവും മാതൃകായോഗ്യവുമായിരുന്നു. ഉല്‍കൃഷ്‌ടമായ സ്വഭാവങ്ങളുടെ പ്രഭവസ്ഥാനമായിരുന്നു അവിടുന്ന്‌. പ്രവാചകന്റെ സൗന്ദര്യം തന്നെ സല്‍സ്വഭാവമായിരുന്നു! അല്ലാഹു തന്റെ ദൂതന്നു നല്‍കിയ സാക്ഷ്യപത്രം കാണുക: ``തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തില്‍ തന്നെയാകുന്നു.''
വ്യക്തികളോടുള്ള പ്രവാചകന്റെ മാന്യമായ സമീപനത്തിനുള്ള ഒരു സംഭവം കാണുക. നബിr ഒരു ജൂതനില്‍ നിന്നും അല്‌പം കടം വാങ്ങിയിരുന്നു. സന്ദര്‍ഭവശാല്‍ അതു വീട്ടാന്‍ പ്രവാചകന്നായില്ല. കടം നല്‍കിയ വ്യക്തി പ്രവാചകനെ സമീപിച്ചു കൊണ്ട്‌ കടം വീട്ടാത്തതിന്റെ പേരില്‍ തിരുമേനിയെ ശകാരിക്കാന്‍ തുടങ്ങി. ഇത്‌ സ്വഹാബികള്‍ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. അവര്‍ ആ മനുഷ്യനെ മര്‍ദിക്കാനായി അടുത്തേക്ക്‌ നീങ്ങി. അതു കണ്ട പ്രവാചകന്‍ സ്വഹാബത്തിനോടായി പറഞ്ഞു: കിട്ടാനുള്ളവന്ന്‌ കൊടുക്കാനുള്ളവനോട്‌ എന്തു പറയാനും അവകാശമുണ്ട്‌. നിങ്ങളവനെ വെറുതെ വിടുക. കഴിയുമെങ്കില്‍ ഒരു ഒട്ടകം വാങ്ങി അവന്ന്‌ നിങ്ങള്‍ നല്‍കുക. സ്വഹാബികള്‍ പറഞ്ഞു: റസൂലേ, ഇതാ ഞങ്ങളുടെ കയ്യിലൊരൊട്ടകമുണ്ട്‌. പക്ഷെ, അയാളുടെ കയ്യില്‍ നിന്നും അങ്ങ്‌ കടം വാങ്ങിയതിനേക്കാള്‍ നല്ലതും വിലകൂടിയതുമാണത്‌. നബിr പറഞ്ഞു: ആയ്‌ക്കൊള്ളട്ടെ, നിങ്ങളതവന്ന്‌ നല്‍കുക. സ്വഹാബികള്‍ ഒട്ടകത്തെ അയാള്‍ക്കു കൊടുത്തു. അതിന്റെ മൂക്കുകയറും പിടിച്ചു നടന്നു നീങ്ങവേ, ആ ജൂതന്‍ പറഞ്ഞു: താങ്കളെനിക്ക്‌ മനംനിറയെ നല്‍കി അല്ലാഹു താങ്കള്‍ക്കും മതിയായത്ര നല്‍കട്ടെ. തിരുമേനി പറഞ്ഞു: മനുഷ്യരില്‍ ആദരണീയന്‍ കടബാധ്യത വീട്ടുന്നതില്‍ മാന്യത കാട്ടുന്നവനാണ്‌. (21)
ഒരിക്കല്‍(22) നബിrയോടൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്നു ജാബിര്‍ ബ്‌ന്‍ അബ്‌ദില്ലt. അദ്ദേഹത്തിന്റെ ഒട്ടകം എത്ര തെളിച്ചിട്ടും നടക്കുന്നില്ല. നബിതിരുമേനി അതു കണ്ടു. അദ്ദേഹം ജാബിറിന്നടുത്തേക്ക്‌ ചെന്നു. ഒട്ടകത്തിന്റെ പിന്നില്‍ തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ടൊന്ന്‌ കുത്തി. അത്‌ എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങി. തുടര്‍യാത്രയില്‍ ജാബിറിന്റെ ജീവിതാവസ്ഥയെപ്പറ്റി ചോദിച്ചറിയുകയായിരുന്നു തിരുമേനിr. അവിടുന്ന്‌ ചോദിച്ചു: ജാബിര്‍, നീ വിവാഹിതനായി അല്ലെ. അദ്ദേഹം പറഞ്ഞു: അതെ റസൂലേ. നബി: വധു കന്യകയാണൊ അതൊ വിധവയോ? ജാബിര്‍: വിധവയാണ്‌. നബി: നിനക്കൊരു കന്യകയെ വിവാഹം കഴിക്കാമായിരുന്നു. പരസ്‌പരം സ്‌നേഹപ്രകടനങ്ങള്‍ക്ക്‌ അതായിരുന്നില്ലെ നല്ലത്‌. ജാബിര്‍: ആകാമായിരുന്നു, പക്ഷെ, ഉഹദ്‌ യുദ്ധത്തില്‍ എന്റെ പിതാവ്‌ വധിക്കപ്പെടുമ്പോള്‍ ഏഴ്‌ സഹോദരികളെ വീട്ടില്‍ ബാക്കിയാക്കിയാണ്‌ അവിടുന്ന്‌ വിടപറഞ്ഞത്‌. അവരെല്ലാം എന്റെ സംരക്ഷണച്ചുമലിലാണ്‌ റസൂലേ. അവരുടെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്ന പക്വതയുള്ള ഒരു പെണ്ണായിരിക്കണം എന്റെ ഭാര്യ എന്ന്‌ കരുതിയാണ്‌ ഞാനൊരു വിധവയെ വിവാഹം ചെയ്‌തത്‌. ബാധ്യതകളേറെയുള്ള ഒരാളാണ്‌ ജാബിറെന്ന്‌ പ്രവാചകനറിയാമായിരുന്നു. എഴുന്നേറ്റു നടക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു ഒട്ടകമല്ലാതെ ജാബിറിന്റെ കയ്യില്‍ അധികമൊന്നുമില്ല. നബി ചോദിച്ചു: നിന്റെ ഒട്ടകത്തെ എനിക്ക്‌ വില്‍ക്കുന്നോ? ജാബിര്‍ പറഞ്ഞു: അതെ റസൂലേ. വില്‍ക്കാനൊരുക്കമാണ്‌. അങ്ങനെ ഒരു ഊഖിയ സ്വര്‍ണത്തിന്‌ അദ്ദേഹമത്‌ റസൂലിന്‌ നല്‍കി. വിലയും വാങ്ങി, ഒട്ടകത്തെ പ്രവാചക ഭവനത്തിനരികെ നിര്‍ത്തി ജാബിര്‍ നടന്നു പോകവേ, തിരുമേനിr അദ്ദേഹത്തെ തിരിച്ചുവിളിച്ചു കൊണ്ടു പറഞ്ഞു: ജാബിര്‍ ഇതാ ഈ ഒട്ടകവും നിനക്കുള്ളതാണ്‌! (23)
ഇതാണ്‌ പ്രവാചകന്‍! കാരുണ്യം നിറഞ്ഞ മനസ്സിന്റെ ഉടമ! അന്യന്റെ ദാരിദ്ര്യത്തെ മുതലെടുക്കുകയല്ല, അവന്റെ നിസ്സഹായാവസ്ഥകള്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കുകയാണ്‌ അവിടുത്തെ സമീപന മഹിമ!!
അതിമഹത്തായ സ്വഭാവത്തിന്റെ ആള്‍രൂപമായിരുന്നു പ്രവാചകശ്രേഷ്‌ഠന്‍ എന്നത്‌ വെറും ഭംഗിവാക്കല്ല. മാനവരാശിയെ മഹിതദര്‍ശനങ്ങള്‍ പഠിപ്പിക്കാന്‍ സ്രഷ്‌ടാവ്‌ നല്‍കിയ വിശുദ്ധ ഖുര്‍ആനിന്റെ തനിപ്പകര്‍പ്പായിരുന്നു അവിടുന്ന്‌. തന്റെ പ്രിയ പത്‌നി ആയിശt അതിന്ന്‌ സാക്ഷ്യം നില്‍ക്കുന്നുണ്ട്‌. എന്തായിരുന്നു നബിയുടെ സ്വഭാവ മഹിമകള്‍? എന്നന്വേഷിച്ച വ്യക്തിക്ക്‌ അവര്‍ നല്‍കിയ മറുപടി; തിരുമേനിയുടെ സ്വഭാവം ഖുര്‍ആനാണ്‌(24) എന്നായിരുന്നു! ആദരണീയമായ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌(25) എന്ന്‌, നബിr തന്നെയും തന്റെ നിയോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി ലോകത്തെ അറിയിച്ചിട്ടുണ്ട്‌.
പ്രവാചകന്റെ ഐഹിക വിരക്തി
ഐഹികജീവിതത്തിന്റെ സുഖവും സുഭഗതയും അധിക നേതാക്കള്‍ക്കും ദൗര്‍ബല്യമാണ്‌. അശരണന്റെ കൈപിടിക്കാനെന്നവണ്ണം സിദ്ധാന്തങ്ങളാവിഷ്‌കരിച്ച്‌, കര്‍മമണ്ഡലത്തിലിറങ്ങി ജീവിക്കുന്ന ഒരുപാട്‌ സാധുജനസ്‌നേഹികളെ നാം നിത്യവും കണ്ടു പരിചയമുണ്ട്‌. സ്വന്തം ജീവിതത്തിന്‌ നേട്ടവും സുഭിക്ഷതയുമുണ്ടാക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ലെന്നതാണ്‌ വാസ്‌തവം. ത്യാഗങ്ങള്‍ നിറഞ്ഞ സേവനങ്ങള്‍ ഭൂരിഭാഗം നേതാക്കളിലും അന്യമാണ്‌. ആത്മീയരംഗത്ത്‌ മതസന്ദേശങ്ങള്‍ പകര്‍ന്ന്‌ നിലകൊള്ളുന്നവര്‍ പോലും തങ്ങളുടെ ഭൗതികമായ സുഖഭോഗങ്ങള്‍ ഒഴിവാക്കി ജീവിക്കാന്‍ തയ്യാറല്ല. ബാബമാരും, അമ്മമാരും, തങ്ങന്മാരുമൊക്കെ സംസാരസൗഖ്യങ്ങളുടെ പിന്നില്‍ത്തന്നെയാണ്‌. രമ്യഹര്‍മ്യങ്ങളിലാണ്‌ താമസം. ആഡംബര വാഹനങ്ങളിലാണ്‌ യാത്ര. വിഭവസമൃദ്ധമാണ്‌ ഭക്ഷണം. ജലദോഷമായാലും മലബന്ധമായാലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളിലാണ്‌ ചികിത്സ. ഭൗതിക നേതാവിന്റെയും ആത്മീയ നേതാവിന്റേയും ജീവിതം ഒരേ ശൈലിയിലാണ്‌. ആരും ആരില്‍ നിന്നും വ്യത്യസ്‌തരല്ല!
ലോകത്തിന്റെ ഗുരു വ്യത്യസ്‌തനാകുന്നത്‌ ഇവിടെയാണ്‌. മുഹമ്മദ്‌ നബിr സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു. ഭൗതിക ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെട്ട വിനയാന്വിതനായ പ്രവാചകന്‍. അദ്ദേഹം ലോകത്തിന്റെ പിന്നിലായിരുന്നില്ല; ലോകം അദ്ദേഹത്തിന്റെ പിന്നിലായിരുന്നു. ദൈവനിയോഗിതനാണു താനെന്ന അഹങ്കാരമോ, ദുനിയാവു മുഴുവന്‍ അനുഭവിക്കാന്‍ താന്‍ അര്‍ഹനാണ്‌ എന്ന അത്യാഗ്രഹമോ, അനുയായികളഖിലം തന്നെ സേവിക്കാന്‍ സന്നദ്ധരാകണം എന്ന അതിമോഹമോ അവിടുത്തേക്കില്ലായിരുന്നു. താലപ്പൊലിയേന്തിയ സ്വീകരണമോ, വെഞ്ചാമരം വീശുന്ന സിംഹാസനമോ പ്രവാചകന്‍ കൊതിച്ചിരുന്നില്ല. അവ ലഭിക്കായ്‌ക കൊണ്ടായിരുന്നില്ല. ദുനിയാവിലെ സുഗഭോഗങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിനുള്ള വിലപോലുമില്ല എന്ന തിരിച്ചറിവുള്ളതു കൊണ്ട്‌ മാത്രമായിരുന്നു അത്‌.
എളിമയാര്‍ന്ന ജീവിതമാണ്‌ തിരുമേനിയുടേത്‌. പിന്നിട്ട വഴികളെ എന്നും അനുസ്‌മരിക്കാറുള്ള പ്രവാചകന്‍, കഅ്‌ബാലയം ത്വവാഫു ചെയ്യുന്നതിനിടെ തന്നെ കണ്ടു ഭയന്ന ഒരാളോട്‌ ഇങ്ങനെ പറയുകയുണ്ടായി: ഭയക്കല്ലേ, മക്കയില്‍ ഉണക്ക റൊട്ടിയും തിന്നു ജീവിച്ച ഒരു സാധുപ്പെണ്ണിന്റെ മകനാണു ഞാന്‍! അനര്‍ഹമായ ഒരു പുകഴ്‌ത്തല്‍ പോലും അനുയായികളില്‍ നിന്ന്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല മുഹമ്മദ്‌ നബിr. അവിടുന്ന്‌ പറയാറുണ്ടായിരുന്നു: മര്‍യtമിന്റെ പുത്രന്‍ ഈസuയെ ക്രിസ്‌ത്യാനികള്‍ അതിരുവിട്ട്‌ പുകഴ്‌ത്തിയതുപോലെ നിങ്ങളെന്നെ പുകഴ്‌ത്തരുത്‌. ഞാനൊരു ദാസന്‍ മാത്രമാണ്‌. അല്ലാഹുവിന്റെ ദാസന്‍, അവന്റെ ദൂതന്‍ എന്നേ എന്നെപ്പറ്റി നിങ്ങളും പറയാവൂ. (26)
ഉമര്‍ ബ്‌നുല്‍ ഖത്താബ്‌t ഒരിക്കല്‍ നബിrയെ സന്ദര്‍ശിച്ചപ്പോള്‍ അവിടുന്ന്‌ ഉറക്കില്‍ നിന്ന്‌ എഴുന്നേറ്റ സമയമായിരുന്നു. ഈന്തയോലകൊണ്ട്‌ മെടഞ്ഞ പായും, ഈന്തയോലകള്‍ നിറച്ച തലയണയും ആ മൃദുല ശരീരത്തില്‍ തുടുത്ത പാടുകള്‍ വീഴ്‌ത്തിയിരുന്നു! ഉമറിtന്റെ കണ്ണുകള്‍ നിറഞ്ഞു. കിസ്‌റയും ഖൈസറും ദുനിയാവിന്റെ മുഴുവന്‍ ആസ്വാദ്യതകളും അനുഭവിച്ചു കഴിയുമ്പോഴും, തന്റെ പ്രവാചകനു തലചായ്‌ച്ചുറങ്ങാന്‍ പഞ്ഞി നിറച്ച ഒരു കിടക്കപോലുമില്ലല്ലോ എന്ന ദുഃഖം കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ചാലുകളൊഴുക്കി. അദ്ദേഹം ചോദിച്ചു: പ്രവാചകരേ, ഒരല്‍പം നല്ല മെത്ത അങ്ങേക്കായി ഞാന്‍ കൊണ്ടുവന്നോട്ടെ? തിരുമേനി മന്ദഹസിച്ചു കൊണ്ടു പറഞ്ഞു: ഉമര്‍! എനിക്കും ഈ ദുനിയാവിനും തമ്മിലെന്തു ബന്ധമാണുള്ളത്‌? ഈ ദുനിയാവില്‍ ഞാനൊരു യാത്രക്കാരനായി വന്നു എന്നതല്ലാതെ? ചൂടുള്ളൊരു ദിവസം തണലിനടിയില്‍ അല്‌പം വിശ്രമിക്കുന്ന ഒരു യാത്രികനാണു ഞാന്‍. പകലിന്റെ ചൂടകന്നാല്‍ വീണ്ടും യാത്ര തുടരേണ്ടവന്‍.(27)
മറ്റൊരിക്കല്‍ തിരുമേനിr പറഞ്ഞു: എന്റെ കൈവശം ഉഹ്‌ദു മലയോളം പോന്ന സ്വര്‍ണമുണ്ടാകുന്നുവെങ്കില്‍ മൂന്ന്‌ ദിവസമാകുമ്പോഴേക്കും അതില്‍ നിന്ന്‌ അല്‌പമെങ്കിലും അവശേഷിക്കുന്നത്‌ എന്നില്‍ സന്തോഷമുണ്ടാക്കുകയില്ല. എന്റെ കടം വീട്ടാനായി ഞാന്‍ കാത്തുവെക്കുന്ന കുറച്ചു വിഹിതമല്ലാതെ! (28)
മൂന്നു ദിവസം തുടര്‍ച്ചയായി വയറു നിറച്ചുണ്ട അനുഭവം മരണം വരെ പ്രവാചകനില്ലായിരുന്നു. അരുമ ശിഷ്യന്‍ അബൂ ഹുറയ്‌റt ഒരിക്കലത്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. മുഹമ്മദിrന്റെ കുടുംബം തുടരെ മൂന്നു ദിനങ്ങള്‍ വയറുനിറയെ ഭക്ഷിച്ചിട്ടില്ല; തിരുമേനിയുടെ മരണം വരെ.(29)
വെച്ചു കഴിക്കാന്‍ വിഭവമില്ലാത്തതു കൊണ്ടു മാത്രമല്ലായിരുന്നു ഈ അനുഭവം. വിശക്കുന്ന മറ്റു വയറുകളെ കാണുമ്പോള്‍ പ്രവാചക കുടുംബത്തിന്‌ വയറുനിറച്ചുണ്ണാന്‍ കഴിയുമായിരുന്നില്ല. കയ്യിലുള്ളതെന്തും അപരനു നല്‍കി അവരുടെ പശിയകറ്റാന്‍ ശ്രദ്ധിക്കുകയായിരുന്നു തിരുമേനിയും കുടുംബവും!(30) പ്രവാചക തിരുമേനിയുടെ ഐഹിക വിരക്തിയെപ്പറ്റി മഹതി ആയിശt ഏറെപ്പറഞ്ഞിട്ടുണ്ട്‌. പരുക്കന്‍ ഗോതമ്പിന്റെ റൊട്ടിയെങ്കിലും വയറു നിറയെ ഭക്ഷിച്ച നിലയിലല്ല പ്രവാചകന്‍ ഇഹലോകത്തു നിന്ന്‌ യാത്രപോയത്‌.(31) ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണമല്ലാതെ, അതും ഒരു നേരം വെറും കാരക്ക മാത്രം, മുഹമ്മദിന്റെ കുടുംബത്തിന്‌ തിന്നാനില്ലായിരുന്നു.(32) മൂന്നു മാസങ്ങള്‍ പ്രവാചകപത്‌നിമാരുടെ വീടുകളില്‍ അന്നമുണ്ടാക്കാന്‍ അടുപ്പില്‍ തീ പുകയാറില്ലാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. അന്നാളുകളില്‍ പശിയടക്കാന്‍ പച്ച വെള്ളവും കാരക്കച്ചീന്തും മാത്രമായിരുന്നു തിരുമേനിയുടേയും കുടുംബത്തിന്റേയും ഭക്ഷണം!(33) എന്നിട്ടും അവിടുന്ന്‌ പ്രാര്‍ഥിക്കുമായിരുന്നു: അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ വിഭവം പശിയടക്കാന്‍ മാത്രമുള്ള ഭക്ഷണമാക്കേണമേ.(34)
അന്യായമായതോ അനര്‍ഹമായതോ ആയ ഒന്നും പ്രവാചകതിരുമേനിയുടെ വയറിലെത്തിയിട്ടേയില്ല. തികഞ്ഞ സൂക്ഷ്‌മതയും ഭയവും അക്കാര്യത്തില്‍ പ്രവാചകനുണ്ടായിരുന്നു. നബി തിരുമേനിയുടെ വാക്കുകള്‍ കേള്‍ക്കൂ: ഞാനെന്റെ പത്‌നിമാരുടെ വീടുകളില്‍ ചെല്ലാറുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ ഒന്നോ രണ്ടോ കാരക്കകള്‍ എന്റെ വിരിപ്പില്‍ വീണു കിടക്കുന്നതു ഞാന്‍ കാണും. അതെടുത്തു തിന്നാനായി ഞാനെന്റെ വായിലേക്കുയര്‍ത്തുമ്പോഴായിരിക്കും എനിക്കോര്‍മ വരിക; ഇതെങ്ങാനും സ്വദഖയുടെ വിഹിതമായിരിക്കുമോ? ഭയപ്പാടോടെ, ഞാനതു തിന്നാതെ മാറ്റിവെക്കും! വിശപ്പിന്റെ വിളിയെയല്ല, പടച്ചവന്റെ വിചാരണയെയായിരുന്നു അവിടുന്ന്‌ പരിഗണിച്ചതും ഭയപ്പെട്ടതും.
Ref:
1. ബുഖാരി 2697, മുസ്‌ലിം 1718
2. രിസാലത്തു തഹ്‌ദീര്‍ മിനല്‍ ബിദ്‌ഇ ലിസമാഹതു ശൈഖുല്‍ അല്ലാമാ അബ്‌ദുല്‍ അസീസിബ്‌നു അബ്‌ദുല്ല ഇബ്‌നു ബാസ്‌
3. ബുഖാരി 1130, മുസ്‌ലിം 2819
4. ബുഖാരി 1147, മുസ്‌ലിം 737
5. മുസ്‌ലിം 728
6. ബുഖാരി 1172, മുസ്‌ലിം 729
7. മുസ്‌ലിം 719
8. മുസ്‌ലിം 772
9. കിതാബു സ്വലാത്ത്‌ ലി ഇബ്‌നു ഖയ്യിം
10. അഹ്‌മദ്‌ 5/393, അബുദാവൂദ്‌ 8549
11. അഹ്‌മദ്‌ 3/128, സ്വഹീഹു നസാഇ 3/827
12. മുസ്‌ലിം 1160
13. തിര്‍മിദി 745, നസാഇ 4/202
14. ബുഖാരി 1969,1970, മുസ്‌ലിം 1156,1157
15. മുസ്‌ലിം 1164
16. ബുഖാരി 2000-2007, മുസ്‌ലിം 1125
17. അഹ്‌മദ്‌ 6/288, സ്വഹീഹു നസാഇ 2236
18. ബുഖാരി 1961-1964 മുസ്‌ലിം 1102,1103
19. ബുഖാരി 6 മുസ്‌ലിം 2308
20. ബുഖാരി (ഫത്‌ഹുല്‍ ബാരി 10/455) മുസ്‌ലിം 4/1804
21. ബുഖാരി 2305 മുസ്‌ലിം 1600
22. ദാതുര്‍റുഖാഅ്‌ യുദ്ധം കഴിഞ്ഞു മടങ്ങുന്ന വേളയിലാണ്‌ ഈ സംഭാഷണമെന്ന്‌ പറയപ്പെട്ടിട്ടുണ്ട്‌.(ബുഖാരി 2097 ഹദീഥിന്റെ വ്യാഖ്യാനത്തില്‍, ഫത്‌ഹുല്‍ ബാരി, വാള്യം 4)
23. ബുഖാരി 2097
24. മുസ്‌ലിം 1/513
25. അഹ്‌മദ്‌ 2/381, അസ്വഹീഹത്തു ലില്‍ അല്‍ബാനി 45
26. ബുഖാരി
27. സ്വഹീഹു തിര്‍മിദി 2/280, അസ്വഹീഹത്തു ലില്‍ അല്‍ബാനി 439
28. ബുഖാരി 2389 മുസ്‌ലിം 991
29. ഫത്‌ഹുല്‍ ബാരി 9/517,549
30. ഫത്‌ഹുല്‍ ബാരി 9/517,549, ബുഖാരി 5416
31. ഫത്‌ഹുല്‍ ബാരി 9/549
32. ഫത്‌ഹുല്‍ ബാരി 11/283
33. ഫത്‌ഹുല്‍ ബാരി 11/283
34. ബുഖാരി 6460 മുസ്‌ലിം 1055 

34. ബുഖാരി 6460 മുസ്‌ലിം 1055