നബിപഠനം അവസാനിക്കുന്നില്ല; പ്രചരണപ്രവര്‍ത്തനങ്ങളും

നമ്മെ സൃഷ്‌ടിച്ചു പരിപാലിക്കുന്ന നമ്മുടെ നാഥന്റെ സ്‌നേഹം നേടിയെടുക്കണമെന്ന്‌ ആഗ്രഹമില്ലാത്ത ആരാണുള്ളത്‌? പരമകാരുണികനും കരുണാനിധിയുമായ, നമ്മുടെ നന്മയിലും ഐശ്വര്യത്തിലുമെല്ലാം നമ്മേക്കാളധികം താല്‍പര്യമുള്ള നമ്മുടെ നാഥന്റെ സ്‌നേഹപാത്രമാവുകയെന്നതിനേക്കാള്‍ മഹത്തായ എന്ത്‌ ആനന്ദമാണുള്ളത്‌? ഇഹലോകത്തും മരണാനന്തരവും അവന്റെ സ്‌നേഹപാത്രമാകുന്നതിനേക്കാള്‍ വലിയ ഭാഗ്യമെന്താണ്‌? ദൈവസ്‌നേഹത്തിനായി ത്യാഗങ്ങളും പ്രയാസങ്ങളുമനുഭവിക്കുന്നവരും അത്‌ നേടിയെടുക്കാനായി ശരീരത്തെ പീഡിപ്പിക്കുകയും അശ്രദ്ധമായി വിടുകയും ചെയ്യുന്നവരും ജീവിതാസ്വാദനങ്ങളെല്ലാം വെടിഞ്ഞ്‌ ബ്രഹ്മചര്യമനുഷ്‌ഠിക്കുന്നവരുമെല്ലാം നമുക്കിടയിലുണ്ട്‌. മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ട പ്രകൃതിക്കനുസൃതമായി ജീവിച്ചുകൊണ്ടാണ്‌ ദൈവസ്‌നേഹം കരസ്ഥമാക്കേണ്ടതെന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ജീവിതനിഷേധത്തിലൂടെയല്ല, ദൈവികമാര്‍ഗ ദര്‍ശനപ്രകാരമനുസരിച്ച്‌ ജീവിതത്തെ ആസ്വദിക്കുന്നതിലൂടെയാണ്‌ അത്‌ നേടിയെടുക്കേണ്ടത്‌. ജീവിതാസ്വാദനമെന്നാല്‍ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള, നാശത്തിലേക്ക്‌ നയിക്കുന്ന ജീവിതശൈലിയല്ല; പ്രത്യുത പ്രകൃതിയെ നമുക്ക്‌ വേണ്ടി ഒരുക്കിത്തന്ന നാഥന്‍ നമുക്ക്‌ വേണ്ടി നിശ്ചയിച്ചിട്ടുള്ള പ്രകൃതിയുമായി പൊരുത്തപ്പെട്ടുകൊണ്ട്‌ നടത്തുന്ന തൃഷ്‌ണകളുടെ പൂര്‍ത്തീകരണമാണ്‌. പ്രകൃതിമതത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ ക്വുര്‍ആന്‍ പറഞ്ഞു: ``സത്യത്തില്‍ നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്‌ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (നിങ്ങള്‍) അവങ്കലേക്ക്‌ തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌.'' (30:30,31)

പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള മാനവജീവിതം എങ്ങിനെയെന്ന്‌ പഠിപ്പിക്കുകയായിരുന്നു പ്രപഞ്ചസ്രഷ്‌ടാവിനാല്‍ നിയോഗിക്കപ്പെട്ട ദൂതന്‍മാരുടെ ദൗത്യം. തന്നിഷ്‌ടക്കാരനായി ജീവിക്കുന്നവര്‍ ഭൂമിക്ക്‌ തന്നെ ഭാരമായിത്തീരുകയെന്നതിന്‌ ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്‌. പ്രവാചകന്‍മാരെ പിന്‍പറ്റുന്നത്‌ വഴി പ്രകൃതിക്കും സഹജീവികള്‍ക്കുമെല്ലാം നന്മ മാത്രമേയുണ്ടാവൂ. സ്രഷ്‌ടാവില്‍ നിന്നുള്ള ജീവിതദര്‍ശനത്തിന്റെ പ്രയോക്താക്കളായിരുന്നു പ്രവാചകന്‍മാര്‍ എന്നതിനാല്‍ തന്നെ അല്ലാഹുവിനെ സ്‌നേഹിക്കുകയും അവന്റെ സ്‌നേഹം ലഭിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം പ്രവാചകന്മാരെ പിന്‍പറ്റേണ്ടത്‌ അനിവാര്യമായിരുന്നു. ദൈവസ്‌നേഹത്തിന്‌ എങ്ങിനെ പാത്രമാകാമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ സഹജീവികള്‍ക്ക്‌ പറഞ്ഞുകൊടുക്കുകയായിരുന്നല്ലോ അവര്‍ ചെയ്‌തത്‌. അന്തിമപ്രവാചകനായ മുഹമ്മദ്‌ നബി eയോട്‌ അനുചരന്മാരെ അറിയിക്കാനായി അല്ലാഹു പറയുന്ന പദങ്ങള്‍ ശ്രദ്ധേയമാണ്‌. ``നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച.'' (3:31,32)

അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി eയുടെ ജീവിതത്തെ അനുധാവനം ചെയ്യണം. പ്രവാചകജീവിതത്തെ ആത്മാര്‍ഥമായി അനുധാവനം ചെയ്യാന്‍ കഴിയണമെങ്കില്‍ ഭൂമിയില്‍ മറ്റെന്തിനേക്കാളുമധികം നബി eയെ സ്‌നേഹിക്കുവാന്‍ കഴിയണം. സ്വന്തത്തേക്കാളധികം നബി eയെ സ്‌നേഹിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമെ ഒരാള്‍ വിശ്വാസിയാവുകയുള്ളൂവെന്ന നബി e പഠിപ്പിച്ചതായി ഉമര്‍ t നിവേദനം ചെയ്‌ത ഹദീഥ്‌ പ്രസിദ്ധമാണ്‌. നബി eയുടെ നിര്‍ദേശം ഒരു വശത്തും ഒരാളുടെ ഇച്ഛ മറുവശത്തും നില്‍ക്കുമ്പോള്‍ ഇച്ഛയെ തിരസ്‌ക്കരിച്ച്‌ നബിനിര്‍ദേശം സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ നബി eയെ സ്വന്തത്തേക്കാളധികം സ്‌നേഹിക്കുവാനാകണം. അല്ലാഹുവും പ്രവാചകന്‍ e ദൈവമാര്‍ഗത്തിലുള്ള പരിശ്രമങ്ങളുമാകണം ഭൗതിക വിഭവങ്ങളേക്കാളും ബന്ധുമിത്രാദികളേക്കാളും നാം സ്‌നേഹിക്കേണ്ടതെന്നും അങ്ങനെ അല്ലാതായാല്‍ അത്‌ നാശത്തിന്‌ നിമിത്തമായേക്കുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ``(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.'' (9:24)

നബിക്കെതിരെ വരുന്ന അമ്പുകളെ സ്വന്തം വിരിമാറുകൊണ്ട്‌ തടുത്തും വിമര്‍ശനങ്ങളെ സ്വന്തം നാവുകൊണ്ടും ചെയ്‌തികള്‍ കൊണ്ടും പ്രതിരോധിച്ചും നബിസ്‌നേഹത്തിന്റെ ഉദാത്തമാതൃകകളായിത്തീര്‍ന്ന സ്വഹാബിമാര്‍ തങ്ങളുടെ ജീവിതത്തിന്റെ സാധ്യമായ മേഖലകളിലെല്ലാം നബിമാതൃക പിന്‍പറ്റിക്കൊണ്ടാണ്‌ ആ സ്‌നേഹത്തെ യഥാരൂപത്തില്‍ പ്രകടിപ്പിച്ചത്‌. നബി e നിന്ദിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസ്‌തുത വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നതോടൊപ്പം ആ മഹത്‌ ജീവിതത്തെ മാതൃകയാക്കിക്കൊണ്ടാവണം വിശ്വാസികള്‍ പ്രതികരിക്കേണ്ടത്‌. ആരാലും തമസ്‌കരിക്കാന്‍ കഴിയുന്നതല്ല നബിജീവിതത്തിന്റെ മഹത്വമെന്ന്‌ ആ ജീവിതത്തെ അനുധാവനം ചെയ്യുന്ന ആയിരങ്ങളെ സൃഷ്‌ടിച്ചുകൊണ്ടാണ്‌ അനുചരന്മാര്‍ തെളിയിച്ചത്‌. നബിനിന്ദയുടെ അധീശത്വ മനഃശാസ്‌ത്രത്തെയും നബിവിമര്‍ശനത്തിന്റെ അടിസ്ഥാനരാഹിത്യത്തെയും ജനങ്ങളുടെ മുന്നില്‍ വെക്കുന്നവര്‍ ആ ജീവിതത്തെ അനുധാവനം ചെയ്യാന്‍ പരമാവധി പരിശ്രമിക്കുന്നവര്‍ കൂടിയാകണമെന്നര്‍ഥം. നന്മ കാംക്ഷിക്കുന്നവര്‍ സമഗ്രമായി അനുധാവനം ചെയ്യാന്‍ ആ ജീവിതമല്ലാതെ മറ്റൊന്നും ഇല്ലെന്ന ക്വുര്‍ആനിക പരാമര്‍ശത്തിന്റെ യാഥാര്‍ഥ്യം നമ്മുടെ ജീവിതത്തിലൂടെ ലോകമറിയട്ടെ. ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്‌തുവരുന്നവര്‍ക്ക്‌.'' (33:21)

നബിജീവിതത്തെ പരിചയപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും ചെയ്യുവാനാണ്‌ കഴിഞ്ഞ ഏഴു ലക്കങ്ങളിലായി സ്‌നേഹസംവാദം മാസിക�പരിശ്രമിച്ചത്‌. നമ്മുടെ പഠനം പൂര്‍ണമായിട്ടില്ലെന്ന്‌ ഈ പഠനയാത്രയില്‍ സ്‌നേഹസംവാദത്തോടൊപ്പം നടന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്‌. അതുകൊണ്ട്‌ തന്നെ മത്‌സരങ്ങള്‍ ഈ ലക്കത്തോടെ അവസാനിക്കുമെങ്കിലും ഇവ്വിഷയകമായ പഠന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുന്നില്ല. നബിജീവിതത്തെക്കുറിച്ച സമഗ്രമായ പഠനവും ആ ജീവിതത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളും തുടരുകയാണ്‌. പ്രവാചകനോടുള്ള പടച്ചവന്റെ നിര്‍ദേശം നമുക്കും പ്രചോദനമാകട്ടെ! ``നിനക്ക്‌ നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? നിന്നില്‍ നിന്ന്‌ നിന്റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്‌തു. നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞതായ (ഭാരം) നിനക്ക്‌ നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്‌തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിലേക്ക്‌ തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.'' (94:1-8)