മഹത്വത്തെ മാനവവല്‍ക്കരിച്ച നബി

നേതൃപാടവ വിദഗ്‌ധരില്‍ അഗ്രഗണ്യനായ സ്റ്റീഫന്‍ ആര്‍ കോവെയുടെ ഒന്നരകോടിയോളം പ്രതികള്‍ വിറ്റഴിഞ്ഞതും മുപ്പത്തിയെട്ട്‌ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടതുമായ `ദി സെവന്‍ ഹാബിറ്റ്‌സ്‌ ഓഫ്‌ ഹൈലി ഇഫക്‌റ്റീവ്‌ പീപ്‌ള്‍' എന്ന പ്രസിദ്ധഗ്രന്ഥത്തിന്‌ അനുബന്ധമായി അദ്ദേഹമെഴുതിയ `ദി എയ്‌ത്ത്‌ ഹാബിറ്റ്‌്‌ ഫ്രം ഇഫക്‌റ്റീവ്‌നെസ്‌ റ്റു ഗ്രൈറ്റ്‌നെസ്‌' എന്ന പുസ്‌തകത്തില്‍ നിങ്ങളുടെ സ്വരം സ്വയം കണ്ടെത്തുകയും അവരവരുടെ സ്വരങ്ങള്‍ കണ്ടെത്താന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ്‌ കാര്യക്ഷമതയില്‍നിന്ന്‌ മഹത്വത്തിലേക്ക്‌ പോകുവാനുള്ള മാര്‍ഗമെന്നാണ്‌ സമര്‍ഥിക്കുന്നത്‌. തന്റെ കഴിവുകളെയും തനിക്ക്‌ ചെയ്‌തുതീര്‍ക്കുവാനുള്ള ദൗത്യത്തെയും തിരിച്ചറിയുകയും പ്രസ്‌തുത കഴിവുകള്‍ പരമാവധി പ്രയോഗവത്‌കരിക്കുവാനും അതുവഴി തനിക്കും താനല്ലാത്തവര്‍ക്കും പ്രയോജനീഭവിക്കുവാനും നിമിത്തമാവുകയാണ്‌ നിങ്ങളുടെ സ്വരം സ്വയം കണ്ടെത്തുകയെന്ന്‌ പറയുമ്പോള്‍ അര്‍ഥമാക്കുന്നത്‌. താന്‍ തന്നെ സ്വയം തിരിച്ചറിയുകയെന്നു സാരം. അങ്ങിനെ തിരിച്ചറിയുന്നതുമൂലം തന്റെ കഴിവുകളെ കാര്യക്ഷമമായി ഉപയോഗിക്കാനാവും. പക്ഷെ, അത്‌ ഒരാളെ മഹത്വത്തിലേക്ക്‌ നയിക്കുന്നില്ല. മറ്റുള്ളവരെ അവരവരുടെ സ്വരങ്ങള്‍ കണ്ടെത്തുവാന്‍ പ്രചോദിപ്പിക്കുക കൂടിചേയ്യുമ്പോഴാണ്‌ മഹത്വത്തിന്റെ പടികയറാന്‍ കഴിയൂവെന്നാണ്‌ കോവെ സമര്‍ഥിക്കുന്നത്‌. തനിക്ക്‌ ചുറ്റുമുള്ളവരെ അവരുടെ കഴിവുകള്‍ കണ്ടെത്തുവാനും ആ കഴിവുകള്‍ സമൂഹത്തിന്‌ പ്രയോജനീഭവിക്കുന്ന രീതിയില്‍ ഉപയോഗിക്കുവാനും പ്രചോദിപ്പിക്കുകയാണ്‌ മഹത്വം. തന്നെ ആരാധിക്കുകയും തന്റെ അപദാനങ്ങള്‍ വാഴ്‌ത്തുകയും ചെയ്യുന്നവരെ സൃഷ്‌ടിക്കുന്നതിനു പകരം താന്‍ നല്‍കിയ പ്രചോദനം വഴി സ്വയം ആദ്യം കാര്യക്ഷമതയുടെയും പിന്നെ മഹത്വത്തിന്റയും പടവുകള്‍ ചവിട്ടികയറുന്നവരെ സൃഷ്‌ടിക്കുകയാവും അത്തരം മഹാന്‍മാര്‍ ചെയ്യുക.
നേതൃപരിശീലനരംഗത്ത്‌ ജീവിച്ചിരിക്കുന്ന അവസാനത്തെ വാക്കായി വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീഫന്‍ കോവെയുടെ മാനദണ്ഡം വെച്ച്‌ പരിശോധിച്ചാല്‍ മഹാന്‍മാരില്‍ മഹാനായി പരിഗണിക്കാവുന്ന വ്യക്തിത്വമാണ്‌ മുഹമ്മദ്‌ നബിrയുടെതെന്ന്‌ നിസംശയം പറയാനാവും. താന്‍ എന്താണോ അതായിമാത്രം നിലനില്‍ക്കുകയും അതില്‍ നിന്ന്‌ അല്‍പ്പം താഴ്‌ത്തുവാനോ ഉയര്‍ത്തുവാനോ മറ്റുള്ളവരെ അനുവദിക്കാതിരിക്കുകയും ചെയ്‌തുകൊണ്ട്‌ താന്‍ നിയോഗിക്കപ്പെട്ട ദൗത്യം പരമാവധി കാര്യക്ഷമമായി നിര്‍വഹിച്ചയാളാണ്‌ മുഹമ്മദ്‌ നബിr. അദ്ദേഹം കല്‍പ്പിച്ചതായി ഉമറിtല്‍ നിന്ന്‌ സഹീഹുല്‍ ബുഖാരി നിവേദനം ചെയ്യുന്നു: ``ക്രിസ്‌ത്യാനികള്‍ മറിയമിന്റെ പുത്രനെ പുകഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി ആദരിക്കരുത്‌. ഞാന്‍ ഒരു ദാസന്‍ മാത്രമാണ്‌. അതിനാല്‍ എന്നെ നിങ്ങള്‍ അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന്‌ വിളിച്ച്‌ കൊള്ളുക.'' അല്ലാഹുവിന്റെ അവസാനത്തെ ദൂതനായി നിയോഗിക്കപ്പെട്ടയാളാണെന്ന പൂര്‍ണബോധ്യത്തോടെ, തന്റെ ദൗത്യനിര്‍വഹണത്തില്‍ പരമാവധി പരിശ്രമിച്ചുകെണ്ട്‌ അല്ലാഹുവിന്റെ കൃതാര്‍ഥനും വിനീതനുമായ ഒരു ദാസനായിത്തീരുവാനാണ്‌ മുഹമ്മദ്‌ നബിr പരിശ്രമിച്ചത്‌. തന്നെ താന്‍ എന്താണോ അതിനേകാളധികം പുകഴ്‌ത്തരുതെന്ന്‌ പഠിപ്പിക്കുമ്പോള്‍ തന്റെ ദൗത്യനിര്‍വഹണരംഗത്തെ പരമാവധി കാര്യക്ഷമമാക്കുക കൂടിയാണ്‌ നബിr ചെയ്‌തത്‌. പ്രസ്‌തുത കാര്യക്ഷമത മൂലമാണല്ലോ സാംസ്‌കാരികമായി പൂജ്യം ഡിഗ്രിയില്‍ നിന്നിരുന്ന ഒരു വിഭാഗത്തെ വെറും ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലം കൊണ്ട്‌ ലോകോത്തരവും മനുഷര്‍ക്കെല്ലാം ധാര്‍മികതയുടെ സന്ദേശമെത്തിക്കുന്നതുമായ ഉത്തമ സമുദായമാക്കിത്തീര്‍ക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. താന്‍ കടന്നുവന്നപ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ ആദരിച്ചവരോട്‌ അനറബികള്‍ ചെയ്യുന്നത്‌ പോലെ എഴുന്നേറ്റ്‌ നിന്ന്‌ തന്നെ ആദരിക്കേണ്ടതില്ലെന്ന്‌ വിലക്കിയ സംഭവത്തിലും (സുനനു അബൂദാവൂദില്‍ അബൂഉമാമയില്‍ നിന്ന്‌ നിവേദനം ചെയ്‌തത്‌) തന്നെ സ്വയംതിരിച്ചറിയുവാനും അതായിമാത്രം മറ്റുള്ളവരുടെ മനസ്സുകളില്‍ ഇടം നേടിയെടുക്കുവാനുമുള്ള ത്വരയുടെ ബഹിര്‍സ്‌ഫുരണമാണ്‌ കാണാനാവുക.
തന്റെ അപദാനങ്ങള്‍ വാഴ്‌ത്തുകയും തന്നെ വിഗ്രഹവത്‌കരിച്ച്‌ ആരാധിക്കുകയും ചെയ്യുന്ന ഒരു ആള്‍കൂട്ടത്തെയല്ല, പ്രത്യുത തന്റെ സന്ദേശങ്ങളും ജീവിതവുമുള്‍ക്കൊണ്ട്‌ ദൈവികസരണിയിലൂടെ ജീവിക്കുന്ന ചിട്ടയുള്ള ഒരു സമൂഹത്തെയാണ്‌ മുഹമ്മദ്‌ നബിr വളര്‍ത്തിയെടുത്തത്‌. ലോലഹൃദയനായ അബൂബക്കറുംt കഠിനപ്രകൃതനായ ഉമറുംt പണക്കാരനായ ഉഥ്‌മാനുംt പണിക്കാരനായ ഉമൈറുംt കച്ചവടക്കാരനായ അബ്‌ദുറഹ്‌മാനുംt അടിമയായ ബിലാലുംt പ്രഭാഷകനായ സുഹൈലുംt തന്ത്രജ്ഞനായ അബൂസുഫ്‌യാനുംt ധൈര്യശാലിയായ അലിയുംt പടയാളിയായ ഖാലിദുംt കവിയായിരുന്ന കഅബുt മെല്ലാം അടങ്ങുന്ന അനുയായിവൃന്ദത്തെ ഒരേ ആദര്‍ശത്തില്‍ കോര്‍ത്തിണക്കുകയും അവരവരുടെ വ്യക്തിത്വത്തിലെ സദ്‌ഗുണങ്ങളെ വളര്‍ത്തിയെടുത്ത്‌ സമൂഹത്തിന്‌ പ്രയോജനപ്പെടുത്തുകയുമാണ്‌ മുഹമ്മദ്‌ നബിr ചെയ്‌തത്‌. അവരുടെ അടിസ്ഥാന വ്യക്തിത്വത്തെ വളയ്‌ക്കുകയോ വിളക്കുകയോ ചെയ്യാതെ, അവരില്‍ സദ്‌ഗുണങ്ങള്‍ വളര്‍ത്തുകയും ദുര്‍ഗുണങ്ങളെ ഇല്ലാതാക്കുകയും ചെയ്‌തുകൊണ്ട്‌ അവരെയെല്ലാം സമൂഹത്തിന്‌ ഉപയുക്തമാകുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കുകയെന്ന മഹാദൗത്യം നിര്‍വഹിക്കുക വഴി മഹത്വത്തിന്റെ മുകളിലത്തെ പടവുകള്‍ കയറുകയായിരുന്നു അദ്ദേഹം. 
വിമര്‍ശിക്കുക, പരാതിപറയുക, താരതമ്യം ചെയ്യുക, മത്സരിക്കുക, തര്‍ക്കിക്കുക തുടങ്ങിയവ മഹത്വത്തിന്റെ പടവുകളിലേക്കുള്ള കയറ്റത്തെ പിന്നിലേക്ക്‌ പിടിച്ച്‌ വലിക്കുന്ന അര്‍ബുദങ്ങളാണെന്നാണ്‌ സ്റ്റീഫണ്‍ കോവെയുടെ പക്ഷം. തന്നോടൊപ്പമുള്ളവരെ വെറുതെ വിമര്‍ശിക്കുകയും അവരെ കുറിച്ച്‌ നിരന്തരം പരാതി പറയുകയും അവരുടെ ചെയ്‌തികളെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്‌ത്‌ ഇകഴ്‌ത്തുകയും അവരോട്‌ മത്സരിക്കുകയും തര്‍ക്കിച്ചുജയിക്കാന്‍ ശ്രമിക്കുന്നതുമല്ലാം അവരുടെ വ്യക്തിത്വത്തെ ഹനിക്കുകയും സ്വന്തം സ്വരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുമെന്നാണ്‌ അദ്ദേഹം സമര്‍ഥിക്കുന്നത്‌.
നബിജീവിതം പരിശോധിക്കുക. അദ്ദേഹത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകളില്‍ എത്രയെത്ര സ്വഭാവക്കാരും പെരുമാറ്റക്കാരുമാണുള്ളത്‌. അവരെ തിരുത്തുകയും നന്നാക്കുകയും ചെയ്‌തിട്ടുണ്ട്‌, അദ്ദേഹം. അതൊന്നും തന്നെ അവരുടെ വ്യക്തിത്വത്തെ ഹനിക്കുകയോ അഭിമാനത്തെ പിച്ചിചീന്തുകയോ ചെയ്‌തുകൊണ്ടായിരുന്നില്ല. പ്രത്യുത അവരുടെ ഹൃദയവുമായി സംവദിച്ചുകൊണ്ടായിരുന്നു. പള്ളിയില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചറിയാതെ അവിടെ വന്ന്‌ മൂത്രമൊഴിച്ച ഗ്രാമീണനെ തടയാന്‍ ശ്രമിച്ച അനുചരന്‍മാരെ തടയുകയും അദ്ദേഹത്തെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും അതിന്‌ ശേഷം മാത്രം പള്ളിയില്‍ പാലിക്കേണ്ട മര്യാദകളെപറ്റി ഉപദേശിച്ച്‌ തിരുത്തുകയും ചെയ്‌ത സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്‌. വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ച്‌ നബിസദസ്സിലെത്തിയ യുവാവിനെ ശകാരിച്ചുകൊണ്ട്‌ അകറ്റാന്‍ ശ്രമിച്ച അനുചരന്‍മാരെ വിലക്കുകയും നബി r അയാളോടൊപ്പമിരുന്ന്‌ വ്യഭിചാരത്തിന്റെ തിന്മകള്‍ ബോധ്യപ്പെടുത്തുകയും അതില്‍ നിന്ന്‌ അയാളെ സംരക്ഷിക്കുവാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌ത സംഭവം മുസ്‌നദ്‌ അഹ്‌മദ്‌ സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്‌. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! പ്രവാചകന്‍r അനുചരന്‍മാരെ വിമര്‍ശിക്കുകയും അവരോട്‌ തര്‍ക്കിക്കുകയുമല്ല മറിച്ച്‌ അവരോടൊപ്പം ജീവിച്ച്‌ അവരെ തിരുത്തുകയാണ്‌ ചെയ്‌തത്‌. തെറ്റായ ആദര്‍ശങ്ങളെ വിമര്‍ശിക്കുകയും ശരിയല്ലാത്ത കര്‍മങ്ങളെ തിരുത്തുകയും ചെയ്യുമ്പോഴും അനുയായികള്‍ക്ക്‌ അത്‌ അരോചകമായി അനുഭവപ്പെടാറുമുണ്ടായിരുന്നില്ല. അദ്ദേഹത്തെകുറിച്ച്‌ ക്വുര്‍ആന്‍ തന്നെ പറഞ്ഞത്‌ ``തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 68:4)വെന്നായിരുന്നുവല്ലോ. 
മഹത്വത്തിന്റെ പടവുകള്‍ കയറി അതിന്റെ ഔന്നത്യത്തിലായിരിക്കുമ്പോഴും തന്റെ മഹത്വത്തെ സ്വന്തം സുഖജീവിതത്തിന്‌ പ്രയോജനപ്പെടുത്തുകയല്ല മുഹമ്മദ്‌ നബിr ചെയ്‌തത്‌. മഹത്വമവകാശപ്പെടുന്ന ആള്‍ദൈവങ്ങളുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്ന കിലോക്കണക്കിനുള്ള സ്വര്‍ണാഭരണങ്ങളുടെയും ശതക്കണക്കിനുള്ള അമൂല്യരത്‌നങ്ങളുടെയും എണ്ണിത്തീര്‍ക്കാന്‍ പ്രയാസപ്പെടുന്ന കറന്‍സികളെയും കുറിച്ച്‌ വര്‍ണനകള്‍ വായിക്കുന്നതിനിടയില്‍ നാം കേള്‍ക്കേണ്ട വേറിട്ട സ്വരമാണ്‌ മുഹമ്മദ്‌ നബിr യുടേത്‌. താന്‍ കിടന്നുറങ്ങിയ പരുപരുത്ത ഈത്തപനയോലപ്പായയുടെ അടയാളങ്ങള്‍ തന്റെ ശരീരത്തിലുള്ളത്‌ കണ്ട്‌ കരഞ്ഞ്‌കൊണ്ട്‌ ``കിസ്‌റയും കൈസറും ഭൗതികസുഖത്തില്‍ വിരാജിക്കുമ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍!'' എന്ന്‌ പറഞ്ഞ ഉമറിt നോട്‌ ``അവര്‍ക്ക്‌ ഇഹലോകവും നമുക്ക്‌ മരണാനന്തരജീവിതവുമാണുള്ളതെന്നതില്‍ താങ്കള്‍ തൃപ്‌തനല്ലേ'' (സ്വഹീഹുല്‍ ബുഖാരി)യെന്ന്‌ ചോദിച്ച പ്രവാചകനെപ്പോലെ മഹത്വത്തെ മാനവീകരിച്ച മറ്റാരാണുള്ളത്‌!
നബിജീവിതത്തെ പരിചയപ്പെടുത്തുകയെന്ന ദൗത്യം മനുഷ്യര്‍ക്ക്‌ ചെയ്യുന്ന വലിയൊരു സേവനമാണ്‌. മനുഷ്യജീവിതത്തിന്റെ എല്ലാരംഗത്തെയും മാനവവല്‍ക്കരിക്കുന്നതെങ്ങനെയെന്ന്‌ നമ്മെ പ്രായോഗികമായി പഠിപ്പിച്ച ജീവിതമാണത്‌. അത്‌ യഥാരൂപത്തില്‍ ഉള്‍ക്കൊള്ളുവാനും മറ്റുള്ളവര്‍ക്ക്‌ എത്തിച്ചുകൊടുക്കുവാനും പ്രബോധകര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌; അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)