കാരുണ്യവാനായ പടനായകന്‍

``ഇന്ന്‌ നിങ്ങളെന്താണ്‌ എന്നില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌?'' തന്റെ മുന്നില്‍ തല താഴ്‌ത്തി നില്‍ക്കുന്ന മക്കയിലെ ബഹുദൈവാരാധകരോടായി മുഹമ്മദ്‌നബി(സ) ചോദിച്ചു. സ്രഷ്ടാവും സംരക്ഷകനുമായ നാഥന്‍ മാത്രമെ ആരാധിക്കപ്പെടാവുയെന്ന്‌ പഠിപ്പിച്ചതിന്‌ പ്രവാചകത്വ ലബ്‌ധിക്കുശേഷമുള്ള നീണ്ട പതിമൂന്നു വര്‍ഷകാലം തന്നെ പീഡിപ്പിക്കുകയും നിന്ദിക്കുകയും ചെയ്‌തവര്‍! താന്‍ പറഞ്ഞത്‌ സത്യമാണെന്ന്‌ അംഗീകരിച്ചുവെന്ന കാരണത്താല്‍ മാത്രം തന്റെ അനുചരന്‍മാരില്‍ പലരെയും കൊന്നുകളഞ്ഞവര്‍! ആദര്‍ശമനുസരിച്ച്‌ ജീവിക്കുവാന്‍ സമ്മതിക്കാതെ, ഗത്യന്തരമില്ലാതെ ജനിച്ചു വളര്‍ന്ന നാട്ടില്‍നിന്ന്‌ പാലയനത്തിന്‌ നിര്‍ബന്ധിച്ചവര്‍! മദീനയില്‍ പ്രവാചകനെയും അനുയായികളെയും സ്വസ്ഥമായി ജീവിക്കുവാനനുവദിക്കാതെ യുദ്ധങ്ങള്‍ ചെയ്‌ത്‌ പ്രയാസപ്പെടുത്തിയവര്‍! പത്തു വര്‍ഷത്തേക്ക്‌ സായുധസംഘട്ടനങ്ങളൊന്നുമുണ്ടാവുകയില്ലെന്ന മുസ്‌ലിംകളുമായുണ്ടാക്കിയ സന്ധിലംഘിച്ചവര്‍! നമസ്‌കരിക്കുമ്പോള്‍ തന്റെ തലയില്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടല്‍മാല കൊണ്ടുവന്നിട്ടവരും രക്തസാക്ഷിയായ തന്റെ പിതൃവ്യന്റെ അവയവങ്ങള്‍ ഛേദിച്ച്‌ അതുകൊണ്ട്‌ മാലയുണ്ടാക്കി സ്വന്തം കഴുത്തിലണിഞ്ഞ്‌ ആനന്ദനൃത്തമാടിയവരും പിതൃവ്യന്റെ നെഞ്ച്‌പിളര്‍ന്ന്‌ കരള്‍പറിച്ചെടുത്ത്‌അത്‌ കടിച്ചു ചവച്ച്‌ തുപ്പി ഇസ്‌ലാമിനോട്‌ വെറുപ്പ്‌ പ്രകടിപ്പിച്ചവരും തന്റെ അനുയായികളില്‍ ചിലരുടെ നെഞ്ചില്‍ കല്ലുകയറ്റിവെച്ച്‌ ചുട്ടുപൊള്ളുന്ന മണലിലൂടെ വലിച്ചിഴച്ചവരും മറ്റുചിലരുടെ അംഗങ്ങള്‍ പറിച്ചെടുത്തവരുമെല്ലാമടങ്ങുന്ന ജനക്കൂട്ടം! അവരോടാണ്‌ നബി (സ) ചോദിക്കുന്നത്‌. ``ഇന്നു നിങ്ങളെന്താണ്‌ എന്നില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌?'' അവരുടെ കയ്യിലിപ്പോള്‍ ആയുധങ്ങളില്ല. സംഘടിച്ച്‌ ആക്രമിക്കാന്‍ കഴിയാത്തവിധം അവരുടെ ചുറ്റം സര്‍വായുധസജ്ജരായ പതിനായിരത്തോളം വരുന്ന മുസ്‌ലിം സൈന്യം നിലയുറിപ്പിച്ചിട്ടുണ്ട്‌. തങ്ങള്‍ പലായനം ചെയ്‌ത്‌ പുറത്തുപോയ തങ്ങളുടെ നാട്ടിലേക്ക്‌ വിജയികളായി തിരിച്ചുവന്നവരാണ്‌ അവരില്‍ പലരും. മുഹമ്മദ്‌ നബി (സ)യും അനുയായികളും തങ്ങള്‍ക്കെതിരെ എന്തു ശിക്ഷ വിധിച്ചാലും അത്‌ ശിരസാവഹിക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന്‌ മക്കാമുശ്‌രിക്കുകള്‍ക്ക്‌ അറിയാം. അവര്‍ ദയനീയമായി മുഹമ്മദ്‌ നബി (സ)ക്കു നേരെനോക്കി. അവരുടെ പ്രതിവിധി വിനീതമായി പറഞ്ഞു: ``ഞങ്ങള്‍ നന്‍മ പ്രതീക്ഷിക്കുന്നു. താങ്കള്‍ മാന്യനാണ്‌; മാന്യന്റെ മകനുമാണ്‌!!'' അവര്‍ക്കിപ്പോള്‍ അധികാരമില്ല. കയ്യില്‍ ഉയരാന്‍ വാളുകളോ മര്‍ദിക്കുവാന്‍ ചാട്ടവാറുകളോ ഇല്ല. മുഹമ്മദ്‌ നബി(സ) എന്തു പറഞ്ഞാലും അനുസരിക്കാന്‍ തയ്യാറുള്ള ആയിരക്കണക്കിനാളുകള്‍ അവര്‍ക്കു ചുറ്റും അണിനിരന്നിരിക്കുന്നു. പ്രവാചകന്‍(സ) കല്‍പിച്ചാല്‍ തങ്ങളുടെ തലകള്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ കിടന്നുരുളും. തങ്ങളുടെയെല്ലാം കരളുകള്‍ കടിച്ചുതുപ്പാന്‍ അവര്‍ തയ്യാറാവും. തങ്ങളുടെയെല്ലാം കഴുത്തില്‍ കൂടുതല്‍ മാലകള്‍ ചാര്‍ത്തപ്പെടും. എന്നാല്‍, കാരുണ്യത്തിന്റെയും ദയയുടെയും വിട്ടുവീഴ്‌ചയുടെയുമെല്ലാം ലോകം കണ്ട ഏറ്റവും വലിയ മാതൃകാപുരുഷന്റെ തീരുമാനം അവരെ നിരുപാധികം വിട്ടയക്കാനായിരുന്നു. അദ്ദേഹം മൊഴിഞ്ഞു: ``ഇന്നു നിങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമില്ല; അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തുതരട്ടെ'' അധികാരവും ശക്തിയും കാല്‍ക്കീഴിലുള്ളപ്പോള്‍ തന്നെ മുമ്പ്‌ ആക്രമിച്ചവര്‍ക്ക്‌ മാപ്പുകൊടുക്കുക-കാരുണ്യത്തിന്റെ തുല്യതയില്ലാത്ത ഈ മാതൃക അദ്ദേഹം പഠിച്ചത്‌ പരമകാരുണികന്റെ വചനങ്ങളില്‍ നിന്നായിരുന്നു. ``നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്‌) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച്‌ കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ്‌ ക്ഷമാശീലര്‍ക്ക്‌ കൂടുതല്‍ ഉത്തമം.'' (16:126) മുഹമ്മദ്‌ നബി(സ)ഉത്തമമായ മാതൃക തെരഞ്ഞെടുത്തു. തന്നോട്‌ ക്രൂരത കാണിച്ചവരോട്‌ വിട്ടുവീഴ്‌ച കാണിച്ചുകൊണ്ട്‌ ലോകകത്തിന്‌ മാതൃകയായി. ദൈവവചനത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ എന്നവണ്ണം അദ്ദേഹം പറഞ്ഞു: ``നാം അതില്‍ ക്ഷമ സ്വീകരിപ്പിരിക്കുന്നു; പ്രതികാരം ചെയ്യുകയല്ല.'' കാരുണ്യത്തിന്റെയും വിട്ടുവീഴ്‌ചയുടെയും മകുടോദാഹരണമായിരുന്നു നബിജീവിതം. അദ്ദേഹത്തെ കുറിച്ച്‌ അല്ലാഹു പറഞ്ഞത്‌ ഇങ്ങനെയായിരുന്നുവല്ലോ. ``നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?'' (21:107) തനിക്കെതിരെയുള്ള ക്രൂരതകള്‍ക്ക്‌ അദ്ദേഹം പ്രതികാരം ചെയ്‌തില്ല. തന്നെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്‌തവരോട്‌ ക്ഷമിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പ്രവാചകപത്‌നി ആയിശt പറയുന്നത്‌ കാണുക. ``നബി (സ) ാതൊന്നിനെയും -ഭാര്യമാരെയൊ, ഭൃത്യനെയൊ പോലും- തന്റെ കൈകൊണ്ട്‌ പ്രഹരിച്ചിട്ടേയില്ല; അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിലല്ലാതെ. മറ്റൊരാളില്‍ നിന്ന്‌ വല്ല ഉപദ്രവവും അദ്ദേഹത്തിന്‌ ഏല്‍ക്കുകയും എന്നിട്ട്‌ അതു കാരണത്താല്‍ അദ്ദേഹം പ്രതികാരം ചെയ്യുകയും ഉണ്ടായിട്ടേയില്ല. എന്നാല്‍ അല്ലാഹു പവിത്രമാക്കിയതില്‍ വല്ലതും പിച്ചിച്ചീന്തപ്പെട്ടാല്‍ അല്ലാഹുവിനു വേണ്ടി അദ്ദേഹം പ്രതികാരം ചെയ്യും'' (മുസ്‌ലിം 6195)'' ദൈവിക മാര്‍ഗദര്‍ശനമനുസരിച്ച്‌ ജീവിക്കുവാനും അതു പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം യുദ്ധം ചെയ്‌തിട്ടുണ്ട്‌. പീഡിതരുടെയും മോചനത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതായിരുന്നു അദ്ദേഹം ചെയ്‌ത യുദ്ധങ്ങള്‍. യുദ്ധത്തില്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഖുര്‍ആന്‍ വചനങ്ങളില്‍നിന്ന്‌ ഇക്കാര്യം സുതരാം ബോധ്യമാവും: ``യുദ്ധത്തിന്ന്‌ ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്‌തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്‌തനും പ്രതാപിയും തന്നെയാകുന്നു''. (22:39,40) ``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട്‌ യുദ്ധം ചെയ്‌തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന്‌ ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക്‌ നീ നിശ്‌ചയിച്ച്‌ തരികയും ചെയ്യേണമേ. എന്ന്‌ പ്രാര്‍ഥിച്ച്‌ കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട്‌ യുദ്ധം ചെയ്‌തു കൂടാ?)'' (4:75) ആദര്‍ശമനുസരിച്ച്‌ ജീവിക്കുവാനും അത്‌ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം! യുദ്ധം ചെയ്‌ത്‌ സ്വന്തം നാടിനെയും നാട്ടുകാരെയും നശിപ്പിക്കുവാന്‍ വരുന്നവരെ പ്രതിരോധിക്കുന്നതിനുള്ള സമയം! സത്യം സ്വീകരിച്ചതിനാല്‍ അക്രമവും പീഡനവും സഹിക്കേണ്ടിവരുന്ന മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം! ഇത്തരം സമരങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ ഇരുട്ടിന്റെ ഉപാസകന്‍മാര്‍ സത്യത്തെ കുഴിച്ചുമൂടി അതിനു മുകളില്‍ തിന്മയുടെ സാമ്രാജ്യം സ്ഥാപിക്കുമെന്നുറച്ച്‌ അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ നടത്തേണ്ടത്‌ മനുഷ്യരോട്‌ കാരുണ്യമുള്ളവരുടെ കടമയാണ്‌. പ്രസ്‌തുത കടമ നിര്‍വഹിക്കുകയാണ്‌ ലോകത്തിന്‌ കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ്‌ നബി (സ) ചെയ്‌തത്‌. യുദ്ധങ്ങള്‍ക്കു ശേഷം പിടിച്ചടക്കിയ പ്രദേശത്തുള്ള ശത്രുക്കളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്‌ നാം തുടക്കത്തില്‍ വായിച്ചത്‌. പരമകാരുണികനായ സ്രഷ്‌ടാവിനാല്‍ നിയോഗിക്കപ്പെട്ട കാരുണ്യത്തിന്റെ തിരുദൂതര്‍ക്കല്ലാതെ ആര്‍ക്കാണ്‌ ഇത്രയും മാന്യമായി പ്രതികാരം ചെയ്യാന്‍ കഴിയുക?! നബിജീവിതത്തില്‍നിന്ന്‌ മറ്റൊരു സംഭവം! ദാത്തുര്‍രിഖാബ്‌ യുദ്ധം കഴിഞ്ഞു വരികയാണ്‌ നബി (സ)യും അനുചരന്‍മാരും ഒരു തണല്‍ പ്രദേശത്തെത്തിയപ്പോള്‍ അവരവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. നല്ല തണലുള്ള ഒരു മരച്ചുവട്ടില്‍ മയക്കത്തിലായിരുന്ന നബി (സ)യുടെ വാള്‍ പ്രസ്‌തുത മരക്കൊമ്പില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. അവിടേയ്‌ക്ക്‌ വന്ന ഒരു ശത്രു അതുകണ്ടു. അയാള്‍ വാള്‍ കയ്യിലെടുത്തു. അത്‌ ഉറയില്‍ നിന്നൂരി അയാള്‍ നബിയോട്‌ ചോദിച്ചു: ``താങ്കള്‍ എന്നെ പേടിക്കുന്നില്ലേ?'' ``ഇല്ല'' നബി മറുപടി പറഞ്ഞു. ``എന്നില്‍നിന്ന്‌ താങ്കളെ ആര്‍ രക്ഷിക്കും?'' അയാള്‍ ചോദിച്ചു. ``അല്ലാഹു'' നിസ്സങ്കോചം നബി(സ)മറുപടി പറഞ്ഞു. ദൃഢചിത്തതയോടെയുള്ള മറുപടികേട്ട്‌ അയാള്‍ ഞെട്ടി. വാള്‍ കയ്യില്‍നിന്ന്‌ താഴെ വീണു. വാള്‍ നബി (സ)യുടെ കയ്യിലായി. അതു ചൂണ്ടിക്കൊണ്ട്‌ മുഹമ്മദ്‌ നബി(സ) ചോദിച്ചു. ``ഇപ്പോള്‍ എന്നില്‍ നിന്ന്‌ നിന്നെ ആര്‌ രക്ഷിക്കും'' ``താങ്കള്‍ നന്നായി ശിക്ഷിക്കുന്നവനാവുക'' അയാള്‍ പറഞ്ഞു. ``അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ യുദ്ധം ചെയ്യുകയില്ലെന്നും താങ്കളോട്‌ യുദ്ധം ചെയ്യുന്നവരോടൊപ്പം ചേരുകയില്ലെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'' അയാളുടെ മറുപടി. നബി(സ)അയാളെ വെറുതെവിട്ടു. തന്റെ കൂട്ടുകാര്‍ക്കടുത്ത്‌ ചെന്ന്‌ അയാള്‍ പറഞ്ഞു: ``ജനങ്ങളില്‍ വെച്ച്‌ ഏറ്റവും ഉത്തമനായ വ്യക്തിയുടെ അടുത്ത്‌ നിന്നാണ്‌ ഞാന്‍ വരുന്നത്‌.'' നബിയോട്‌ ഇടപഴകിയവരോടെല്ലാം അനുഭവിച്ചതാണ്‌ ആ ജീവിതത്തിന്റെ മഹത്വം. തന്നെ കൊല്ലാന്‍ വന്നവനെ വെറുതെ വിടാന്‍ കാരുണ്യമൂര്‍ത്തിയായ അന്തിമ പ്രവാചകനല്ലാതെ മറ്റാര്‍ക്കാണ്‌ കഴിയുക? ക്ഷമയും സഹനവുമായിരുന്നു അന്തിമപ്രവാചകന്റെ ആയുധം. തിന്‍മകളെ അദ്ദേഹം പ്രതിരോധിച്ചത്‌ നന്‍മകൊണ്ടാണ്‌. അതുകൊണ്ടാണ്‌ കൊടിയ ശത്രുക്കളെയടക്കം മിത്രങ്ങളാക്കിത്തീര്‍ക്കാന്‍ മുഹമ്മദ്‌ നബി (സ)ക്ക്‌ കഴിഞ്ഞത്‌. തന്നെ പീഡിപ്പിക്കുകയും അക്രമിക്കുകയും ആട്ടിയോടിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്‌തവരായിരുന്നുവല്ലോ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ മിത്രങ്ങളും അനുയായികളുമായിത്തീര്‍ന്നത്‌. നമുക്കെല്ലാം വഴികാണിക്കുവാന്‍വേണ്ടി നമ്മുടെ സ്രഷ്‌ടാഷ്‌ നിയോഗിച്ച അന്തിമ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി (സ). ആ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കാതെ നമ്മുടെ ഈ ജീവിതം അവസാനിക്കുകയെന്നാല്‍ അത്‌ മഹാ നഷ്‌ടമായിരിക്കും. മുഹമ്മദ്‌ നബി(സ)യെ അറിയുക. അദ്ദേഹം മാനവരില്‍ മഹോന്നതനാണ്‌; നമ്മെയെല്ലാം ദൈവികാനുഗ്രഹമായ സ്വര്‍ഗത്തിലേക്ക്‌ വഴി നടത്താന്‍ വേണ്ടി നിയോഗിക്കപ്പെട്ട സൃഷ്‌ടിശ്രേഷ്‌ഠന്‍!