മുഹമ്മദ്‌ നബി (സ) യുടെ മുഅജിസത്തുകൾ

പ്രപഞ്ചനാഥനായ അല്ലാഹു തന്റെ ദൂതന്മാരിലൂടെ വെളിപ്പെടുത്തിയ പ്രകൃതി നിയമങ്ങള്‍ക്കതീതമായ ദൃഷ്‌ടാന്തങ്ങളാണ്‌ മുഅ്‌ജിസത്തുകള്‍. തങ്ങളുടെ പ്രബോധിത സമൂഹത്തിനുള്ള ശക്തമായ തെളിവുകളായും അനുയായികള്‍ക്ക്‌ വിശ്വാസ ദൃഢീകരണത്തിനായും ഇത്തരം ദൈവിക ദൃഷ്‌ടാന്തങ്ങള്‍ പ്രവാചകന്മാര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.
അബൂഹുറയ്‌റtവില്‍ നിന്നും പ്രവാചകന്‍(സ) പറയുകയുണ്ടായി. ``ജനങ്ങള്‍ പ്രവാചന്മാരില്‍ വിശ്വസിക്കേണ്ടതിനായി എന്തെങ്കിലും നല്‍കപ്പെടാതെ ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. തീര്‍ച്ചയായും എനിക്ക്‌ നല്‍കപ്പെട്ടത്‌ അല്ലാഹുവില്‍ നിന്നുള്ള വഹ്‌യാണ്‌. അവസാനനാളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പിന്‍പറ്റപ്പെട്ടവന്‍ ഞാനാകുവാന്‍ ആഗ്രഹിക്കുന്നു.'' (ബുഖാരി).
പ്രവാചകന്മാരഖിലവും മനുഷ്യര്‍ തന്നെയായിരുന്നു. അല്ലാഹുവിന്റെ അനുമതി കൂടാതെ തങ്ങള്‍ക്ക്‌ യാതൊരു കഴിവുമില്ലെന്ന്‌ അവര്‍ തന്നെ വ്യക്തമാക്കയിട്ടുണ്ട്‌. അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ദൈവദൂതന്‍മാര്‍ക്ക്‌ പ്രത്യേക സ്വാധീനങ്ങളില്ലായിരുന്നുവെന്നാണ്‌ പ്രവാചകന്മാരുടെയെല്ലാം ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്‌.
ഇബ്‌വാഹീം നബിuയെ ശത്രുക്കള്‍ തീയിലെറിഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാണ്‌. തീയിന്റെ സ്വഭാവിക പ്രകൃതിക്ക്‌ വിരുദ്ധമായി അത്‌ തനിക്ക്‌ ആശ്വാസവും കുളിര്‍മയുമാകുമെന്ന്‌ അദ്ദേഹം അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. അത്‌ അല്ലാഹുവിന്റെ നടപടി ക്രമമായിരുന്നുവെന്നാണ്‌ ഖുര്‍ആന്‍ (21:68-70) പറയുന്നത്‌.
മന്ത്രവാദത്തിലും മാരണത്തിലും നിപുണരായിരുന്ന മൂസാ നബിuയുടെ ജനതയെ അതിജയിക്കുംവിധം അദ്ദേഹത്തിന്റെ കയ്യിലെ വടിയെ പടച്ചവന്‍ കഴിവുറ്റതാക്കി മാറ്റി. അത്‌ നിലത്തിടുമ്പോള്‍ പാമ്പാകുമെന്നോ മറ്റ്‌ ജാലവിദ്യക്കാരുടെ -പാമ്പായി തോന്നിച്ചിരുന്ന- വടികളെയും കയറുകളെയും അത്‌ വിഴുങ്ങുമെന്നോ മൂസാ നബി uക്ക്‌ അറിയുമായിരുന്നില്ല. ക്വുര്‍ആന്‍ അക്കാര്യം പറയുന്നു: `അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ, മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: നിങ്ങളിട്ട്‌ കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം കയറുകളും വടികളുമെല്ലാം ഓടുന്നതായി അദ്ദേഹത്തിന്‌ തോന്നുന്നു. അപ്പോള്‍ മൂസാക്ക്‌ തന്റെ മനസ്സില്‍ പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ്‌ കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.' (20:65-68)
മുഹമ്മദ്‌ നബി(സ)യുടെ ചരിത്രവും വ്യത്യസ്‌തമല്ല. തന്റെ പ്രബോധിത സമൂഹം അദ്ദേഹത്തോട്‌ അത്യത്ഭുകരമായ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ മനുഷ്യനായ ഒരു ദൂതന്‍ മാത്രമാണെന്ന്‌ പറഞ്ഞ്‌കൊണ്ട്‌ അല്ലാഹുവിന്റെ അനുമതിയില്ലാത്ത അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക്‌ കഴിയില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌. അക്കാര്യം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്‌: `അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്‌ണം കഷ്‌ണമായി നീ വീഴ്‌ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ. അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കിക്കൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ), പറയുക: എന്റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?' (17:90-93)
ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ പ്രവാചകന്മാര്‍ക്ക്‌ സ്വേഷ്‌ടപ്രകാരം പ്രകടിപ്പിക്കാവുന്നവയല്ല മുഅ്‌ജിസത്തുകള്‍ എന്നത്‌ വ്യക്തമാണ്‌. ദൈവിക മതത്തിന്റെ സംസ്ഥാപനാര്‍ത്ഥം, ദൈവദൂതന്മാരുടെ സത്യത ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടി സ്രഷ്‌ടാവായ അല്ലാഹു സംവിധാനിച്ച കാര്യങ്ങളാണവ. ദൈവ ദൂതന്മാരുടെ അമാനുഷിക ദൃഷ്‌ടാന്തങ്ങളെ അവരുടെ ദിവ്യാംശമായി ദുര്‍വ്യാഖ്യാനിച്ച്‌ അവരെതന്നെ ദൈവിക പദവിയിലേക്കുയര്‍ത്തിയ സ്ഥാപിത മതക്കാരുടെ മൗഢ്യത ബോധ്യപ്പെടുത്തുക കൂടിയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്‌: `യാതൊരു ദൂതനും അല്ലാഹുവിന്റെ അനുമതിയോട്‌ കൂടിയല്ലാതെ ഒരു ദൃഷ്‌ടാന്തം കൊണ്ടുവരാനാവില്ല. എന്നാല്‍ അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍ അവിടെ നഷ്‌ടത്തിലാവുകയും ചെയ്യും.' (40:78).
അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബിe ക്ക്‌ അല്ലാഹു ഇത്തരത്തില്‍ നിരവധി മുഅ്‌ജിസത്തുകള്‍ നല്‍കിയിട്ടുണ്ട്‌. വിശുദ്ധ ക്വുര്‍ആനിലും വിശ്വസ്‌തമായ ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട ഏതാനും ദൈവിക ദൃഷ്‌ടാന്തങ്ങളെക്കുറിച്ച ലഘു വിവരണമാണ്‌ ഈ കുറിപ്പ്‌.
മുഹമ്മദ്‌ നബി (സ)യുടെ പ്രവാചകത്വപൂര്‍വ്വ കാലത്ത്‌ തന്നെ ചില അസാധാരണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അദ്ദേഹത്തെ പ്രവാചകത്വ പദവിയിലേക്കുര്‍ത്തുന്നതിനുള്ള ഒരുക്കങ്ങളും അറിയിപ്പുകളുമായിരുന്നു അവയെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ചെറുപ്പത്തില്‍ ജിബ്‌രീല്‍ u അദ്ദേഹത്തിന്റെ ഹൃദയം പിളര്‍ന്ന സംഭവമാണ്‌ അതിലൊന്ന്‌. അനസ്‌t ആ സംഭവം ഉദ്ധരിക്കുന്നത്‌ കാണുക.
`തിരുമേനി(സ) കുട്ടികളുടെ കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിബ്‌രീല്‍ u വന്നു, നബിയെ പിടിച്ചു മലര്‍ത്തിക്കിടത്തിയ ശേഷം ഹൃദയം പിളര്‍ത്തി നെഞ്ച്‌ പുറത്തെടുത്ത്‌ അതില്‍ നിന്നും ഒരു രക്തക്കഷ്‌ണം പുറത്തെടുത്തു. എന്നിട്ട്‌ പറഞ്ഞു. ഇതാണ്‌ നിന്നിലുള്ള പൈശാചിക അംശം. പിന്നീട്‌ അത്‌ ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച്‌ സംസം വെള്ളമുപയോഗിച്ച്‌ കഴുകിയ ശേഷം അതിനെ യോജിപ്പിച്ചുവെക്കുകയും അതിന്റെ പൂര്‍വസ്ഥാനത്ത്‌ തന്നെ മടക്കുകയും ചെയ്‌തു. കുട്ടികള്‍ അദ്ദേഹത്തിന്റെ ആയയുടെ അടുത്തേക്ക്‌ ഓടിവന്നു. മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അവര്‍ വന്നപ്പോള്‍ പ്രവാചകനെ വിവര്‍ണ്ണനായി (ചുകന്ന മുഖത്തോടെ) കണ്ടു. അനസ്‌t പറയുകയാണ്‌. ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തുന്നിയ പാടുകള്‍ കണ്ടിരുന്നു.'' (മുസ്‌ലിം)
സിറിയയിലേക്കുള്ള കച്ചവടയാത്രയില്‍ ബുഹൈറ റാഹിബിനെ കണ്ടുമുട്ടിയതും മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വ അടയാളങ്ങള്‍ അദ്ദേഹം തിരിച്ചറിഞ്ഞതുമാണ്‌ മറ്റൊരു പ്രധാന സംഭവം. അത്‌ ഇപ്രകാരമാണ്‌.
അബൂബക്കര്‍ ഇബ്‌നു അബീമൂസ തന്റെ പിതാവില്‍ നിന്ന്‌ പറയുന്നു. അബൂത്വാലിബ്‌ ശാമിലേക്ക്‌ പുറപ്പെട്ടു, ഖുറൈശികളിലെ പ്രമുഖരില്‍ അദ്ദേഹം പ്രവാചകനെയും ഉള്‍പ്പെടുത്തി. അങ്ങനെ ബുഹൈ റാ റാഹിബിന്റെ അരികില്‍ എത്തിയപ്പോള്‍ സാധാരണ ചെയ്യാറുള്ളത്‌പോലെ അവിടെ ഇറങ്ങി. സാധാരണ അവര്‍ തങ്ങളുടെ കച്ചവടസാധനങ്ങളും മറ്റും അവിടെ ഇറക്കിവെക്കാറാണ്‌ പതിവ്‌. പക്ഷേ, ഈ പ്രാവശ്യം ബുഹൈറാ റാഹിബ്‌ വളരെ ഊഷ്‌മളമായിട്ടാണ്‌ യാത്രാ സംഘത്തെ സ്വീകരിച്ചത്‌. അവരുടെ ഇടയിലൂടെ വന്ന്‌ പ്രവാചകന്റെ കൈപിടിച്ച്‌കൊണ്ട്‌ അദ്ദേഹം പറയുകയുണ്ടായി, ഇദ്ദേഹം ലോകരുടെ നേതാവാണ്‌, ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹു അദ്ദേഹത്തെ ലോകര്‍ക്ക്‌ അനുഗ്രഹമായി നിയോഗിക്കുന്നതാണ്‌. അപ്പോള്‍ ഖുറൈശികളിലെ നേതാക്കള്‍ ചോദിച്ചു. അതിന്‌ താങ്കള്‍ക്കുള്ള തെളിവുകള്‍ എന്താണ്‌? അപ്പോഴദ്ദേഹം പറഞ്ഞു: നിങ്ങള്‍ വരുന്ന വഴിയിലുള്ള മുഴുവന്‍ കല്ലുകളും മരങ്ങളും അദ്ദേഹത്തിന്‌ വേണ്ടി സുജൂദ്‌ ചെയ്യുന്നുണ്ട്‌. മരങ്ങളും കല്ലുകളും ഒരു നബിക്കല്ലാതെ സുജൂദ്‌ ചെയ്യില്ല. അതുപോലെ പ്രവാചകത്വത്തിന്റെ മുദ്ര അദ്ദേഹത്തിന്റെ മുതുകില്‍ ഒരു ആപ്പിള്‍ പോലെ ഉണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. പിന്നെ അദ്ദേഹം മടങ്ങുകയും അവര്‍ക്ക്‌ വേണ്ടി ഭക്ഷണം ഒരുക്കുകയും ചെയ്‌തു. അങ്ങനെ അവര്‍ അദ്ദേഹത്തിന്റെ അരികില്‍ പോയപ്പോള്‍ അദ്ദേഹം ഒട്ടകകട്ടിലായിരുന്നു. അദ്ദേഹം പറഞ്ഞു അദ്ദേഹത്തെ ഇങ്ങോട്ട്‌ അയക്കൂ. അപ്പോള്‍ തിരുമേനി മുന്നിട്ട്‌ വന്നു. അങ്ങനെ തിരുമേനി വരുന്ന സ്ഥലത്തെല്ലാം മേഘങ്ങള്‍ തിരുമേനിക്ക്‌ തണലിടുന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹം ആ സമൂഹത്തോട്‌ അടുത്തു. അവര്‍ പ്രവാചകന്‌ മുമ്പായി മരത്തണലില്‍ എത്തിയത്‌ അദ്ദേഹം കണ്ടു. അദ്ദേഹം ഇരുന്നപ്പോള്‍ തണല്‍ അദ്ദേഹത്തിലേക്ക്‌ ചാഞ്ഞു. അപ്പോള്‍ പറയപ്പെട്ടു. നിങ്ങള്‍ ശ്രദ്ധിക്കുക; മരത്തിന്റെ തണല്‍ അദ്ദേഹത്തിലേക്ക്‌ ചായുന്നു. അങ്ങനെ ബുഹൈറ റാഹിബ്‌ അവരോട്‌ നിങ്ങള്‍ റോമയിലേക്ക്‌ ഇദ്ദേഹത്തെ കൊണ്ട്‌ പോകരുതെന്ന്‌ ആണയിട്ട്‌ പറയുകയുണ്ടായി. അവര്‍ അദ്ദേഹത്തെ കാണുകയും പ്രവാചകനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്‌താല്‍ വധിക്കുന്നതാണ്‌. ഇത്‌ പറഞ്ഞ്‌ തീര്‍ന്നപ്പോള്‍ റോമില്‍ നിന്ന്‌ ഏഴാളുകള്‍ വന്നു. അവരെ റാഹിബ്‌ സ്വീകരിക്കുകയും എന്തിനാണെന്ന്‌ നിങ്ങള്‍ വന്നതെന്ന്‌ അന്വേഷിക്കുകയും ചെയ്‌തു, അവര്‍ പറഞ്ഞു: ഈ പ്രവാചകന്‍ ഈ മാസത്തില്‍ അദ്ദേഹത്തിന്റെ ദേശത്തില്‍ നിന്നും പുറത്താണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു, എല്ലാ വഴികളിലൂടെയും അദ്ദേഹത്തിലേക്ക്‌ ജനങ്ങളെ നിയോഗിച്ചിട്ടുണ്ട്‌, ഞങ്ങള്‍ക്ക്‌ അദ്ദേഹത്തെപ്പറ്റിയുള്ള വാര്‍ത്തയറിയിക്കപ്പെട്ടിട്ടുണ്ട്‌, അതുകൊണ്ട്‌ ഞങ്ങള്‍ ഈ വഴിക്ക്‌ അപ്പോള്‍ ബുഹൈറ ചോദിച്ചു. നിങ്ങള്‍ക്ക്‌ പിന്നില്‍ വല്ലവരുമുണ്ടോ? അദ്ദേഹം നിങ്ങളെക്കാള്‍ ഉത്തമനാകുന്നു. അവര്‍ പറഞ്ഞു: അദ്ദേഹത്തെപ്പറ്റിയുള്ള വാര്‍ത്ത താങ്കള്‍ മുഖേനയാണ്‌ ഞങ്ങള്‍ അറിഞ്ഞത്‌. അപ്പോള്‍ അദ്ദേഹം അവരോട്‌ ചോദിച്ചു. അല്ലാഹു ഒരു കാര്യം ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ ജനങ്ങളില്‍ ആര്‍ക്കെങ്കിലും അത്‌ തടയുവാന്‍ സാധിക്കുമോ? അവര്‍ പറഞ്ഞു: ഇല്ല. അവര്‍ അദ്ദേഹത്തിന്‌ ബൈഅത്ത്‌ ചെയ്യുകയും അദ്ദേഹത്തോടൊപ്പം എഴുന്നേല്‍ക്കുകയും ചെയ്‌തു. അങ്ങനെ ബുഹൈറ മക്കയില്‍ നിന്ന്‌ വന്നവരോട്‌ ചോദിച്ചു. ഞാന്‍ അല്ലാഹുവില്‍ ആണയിട്ട്‌ ചോദിക്കുന്നു. നിങ്ങളില്‍ ആരാണ്‌ അദ്ദേഹത്തിന്റെ ഭരണാധികാരി. അവര്‍ പറഞ്ഞു: അബൂത്വാലിബാണ്‌. അങ്ങനെ തിരുമേനിയെ അദ്ദേഹത്തിന്‌ മടക്കിക്കൊടുക്കുകയും അദ്ദേഹത്തിന്റെ കൂടെ അബൂബക്കറിനെയും ബിലാലിനെയും മക്കയിലേക്ക്‌ പറഞ്ഞയക്കുകയും ചെയ്‌തു. റാഹിബ്‌ അവര്‍ക്ക്‌ എണ്ണയും റൊട്ടിയും നല്‍കുകയും ചെയ്‌തു.'' (തിര്‍മിദി)
മഹത്തായ ദൃഷ്‌ടാന്തം
അവസാന നാള്‍ വരേക്കുമുള്ള സകല മനുഷ്യരിലേക്കുമുള്ള ദൈവദൂതനാണ്‌ മുഹമ്മദ്‌ നബിe. മുന്‍ പ്രവാചകന്മാരുടെ അമാനുഷിക ദൃഷ്‌ടാന്തങ്ങളെല്ലാം ആ കാലഘട്ടത്തില്‍ മാത്രം പരിമിതപ്പെട്ടപ്പോള്‍ തന്റെ ജനതക്ക്‌ ബോധ്യംവരും വിധമുള്ള ദൃഷ്‌ടാന്തങ്ങള്‍ക്കൊപ്പം അന്ത്യനാള്‍വരെ നിലനില്‍ക്കുന്ന ഒരു മുഅ്‌ജിസത്തു കൂടി അല്ലാഹു മുഹമ്മദ്‌ നബിക്ക്‌ നല്‍കി. അതെ, വിശുദ്ധ ക്വുര്‍ആനാണ്‌ മുഹമ്മദ്‌ നബി(സ)യുടെ ഏറ്റവും വലിയ മുഅ്‌ജിസത്ത്‌. ലോകാവസാനംവരെ മനുഷ്യ കൈകടത്തലുകളോ മാറ്റിത്തിരുത്തലുകളോ ഇല്ലാതെ കാത്തുസൂക്ഷിക്കുമെന്ന്‌ ലോകരക്ഷിതാവ്‌ ഗ്യാരണ്ടി നല്‍കിയ ഏക ഗ്രന്ഥം. 14 നൂറ്റാണ്ടുകളായി ലോകത്തിന്‌ മുന്നില്‍ വെല്ലുവിളിയായി, അജയ്യമായി നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥം.
`(നബിയേ), പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും.' (17:88)
`തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌'. (15:9)
മുമ്പ്‌ കഴിഞ്ഞതും ഇനി വരാനിരിക്കുന്നതുമായ നിരവധി കാര്യങ്ങള്‍ പ്രവചിക്കുന്നുണ്ട്‌ വിശുദ്ധക്വുര്‍ആന്‍. അവയിലൊന്നാണ്‌ റോമിന്റെ വിജയം. പ്രവാചകന്റെ കാലത്ത്‌ നടന്ന ഒരു യുദ്ധത്തില്‍, ഒരു തിരിച്ചുവരവ്‌ അസാധ്യമെന്ന്‌ തോന്നുംവിധം പേര്‍ഷ്യ സാമ്രാജ്യം റോമിനെ പരാജയപ്പെടുത്തി. പക്ഷേ വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിച്ചു: `അലിഫ്‌- ലാം - മീം റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്ത നാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്‌ടരാകുന്നതാണ്‌. (റൂം 1-4)
ക്വുര്‍ആനിന്റെ ഈ പ്രവചനം അക്കാലത്തെ പ്രമുഖര്‍ പുച്ഛിച്ചു തള്ളി. എന്നാല്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍ റോം വിജയിക്കുന്നതിന്‌ അവര്‍ തന്നെ സാക്ഷിയായി.
ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ലോകര്‍ക്കുള്ള ഒരു നിയമാവലിയാണ്‌. 14 നൂറ്റാണ്ട്‌ മുമ്പ്‌ നിരക്ഷരനായ ഒരു മനുഷ്യന്‌ അവതരിപ്പിച്ച വേദഗ്രന്ഥം പല ശാസ്‌ത്ര സത്യങ്ങളെയും പ്രതിപാദിച്ചു എന്നത്‌ അതിന്റെ അമാനുഷികതക്കുള്ള തെളിവുകളില്‍ ഒന്നാണ്‌. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെകുറിച്ചും മനുഷ്യ വിരലടയാളത്തിന്റെ പ്രത്യേകതയെപ്പറ്റിയും തേനീച്ചയുടെ സാമൂഹ്യ ജീവിത ഘടനയെക്കുറിച്ചുമെല്ലാമുള്ള ആധുനിക ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുമായി യോജിക്കുന്നു എന്നത്‌ അല്‍ഭുതകരമാണ്‌. ഇത്‌ ഖുര്‍ആനിന്റെ അമാനുഷികതക്ക്‌ തെളിവായി അല്ലാഹു വ്യക്തമാക്കുന്നു.
`ഇത്‌ (ക്വുര്‍ആന്‍) സത്യമാണെന്ന്‌ അവര്‍ക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്‌ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ? (41:53)
ചന്ദ്രന്‍ പിളര്‍ന്നത്‌
തന്റെ പ്രബോധന ദൗത്യവുമായി സമൂഹത്തിലേക്കിറങ്ങിയ പ്രവാചകനോട്‌ അമാനുഷികതകള്‍ കാണിക്കാനാവശ്യപ്പെട്ട ജനങ്ങളോട്‌ താന്‍ പച്ചയായ മനുഷ്യനാണെന്നും അല്ലാഹുവിന്റെ അനുമതി കൂടാതെ തനിക്കതിന്‌ സാധ്യമല്ല എന്നുമുള്ള മറുപടിയാണ്‌ പ്രവാചകന്‍ നല്‍കിയത്‌. അല്ലാഹുവിന്റെ അനുവാദത്തോടെ നിരവധി മുഅ്‌ജിസത്തുകള്‍ കാണിക്കാന്‍ നബിക്ക്‌ സാധിക്കുകയും അതുവഴി പലരും അദ്ദേഹത്തില്‍ വിശ്വസിച്ചതായും ഇസ്‌ലാമിക പ്രമാണങ്ങള്‍ നമുക്കു പറഞ്ഞു തരുന്നു. അതിലൊന്നാണ്‌ ചന്ദ്രന്‍ പിളര്‍ന്ന സന്ദര്‍ഭം. മുശ്‌രിക്കുകളുടെ ആവിശ്യപ്രകാരം ലോക രക്ഷിതാവ്‌ ചന്ദ്രനെ പിളര്‍ത്തി. ക്വുര്‍ആന്‍ ആ സംഭവം ഉദ്ധരിക്കുന്നുണ്ട്‌: `ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്‌തു.' (54:1,2)
ഇസ്‌റാഉം മിഅ്‌റാജും
പ്രവാചകന്‍ eക്ക്‌ അല്ലാഹു നല്‍കിയ മറ്റൊരു മുഅ്‌ജിസത്താണ്‌ ഇസ്‌റാഉം മിഅ്‌റാജും. പ്രവാചകന്‍e ഒറ്റ രാത്രി കൊണ്ട്‌ ബുറാക്‌ എന്ന വാഹനപുറത്ത്‌ മക്കയില്‍ നിന്ന്‌ ഫലസ്‌തീനിലെ ബൈതുല്‍ മുഖദ്ദസിലേക്കും പിന്നീട്‌ അവിടെ നിന്ന്‌ ആകാശയാത്ര നടത്തുകയും ചെയ്‌തു. ബൈതുല്‍ മുഖദ്ദസിലേക്കുള്ള യാത്ര ഇസ്‌റാഅ്‌ എന്നും ആകാശാരോഹണത്തെ മിഅ്‌റാജ്‌ എന്നുമാണ്‌ അറിയപ്പെടുന്നത്‌. ശതക്കണക്കിന്‌ കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുണ്ട്‌ മക്കയില്‍നിന്നും ബൈതുല്‍ മുഖദ്ദസിലേക്ക്‌. അത്‌കൊണ്ട്‌ തന്നെ ഖുറൈശികള്‍ ഇതിനെ നിഷേധിച്ചു. മുഹമ്മദിന്റെ വെറും ജല്‍പനമെന്ന്‌ പറഞ്ഞ്‌ അവഹേളിച്ചു. അവര്‍ തിരുമേനിയോട്‌ ബൈതുല്‍ മുഖദ്ദസുമായി ബന്ധപ്പെട്ട ഏതാനും ചില ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്‌ പ്രവാചകന്‍e വ്യക്തമായ മറുപടി നല്‍കുകയും ചെയ്‌തു. അതിനായി അല്ലാഹു മസ്‌ജിദുല്‍ അഖ്‌സാ കാണിച്ചു കൊടുത്തു. ക്വുര്‍ആന്‍ ഈ സംഭവത്തെ പരാമര്‍ശിക്കുന്നു: `തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്‌ജിദുല്‍ അഖ്‌സായിലേക്ക്‌- അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (17:1)
മഴ ലഭിക്കുന്നു
മഴയില്ലാത്ത സന്ദര്‍ഭത്തില്‍ ജനങ്ങളുടെ പരാതി മാനിച്ച്‌ വെള്ളിയാഴ്‌ച പ്രവാചകന്‍e മിമ്പറില്‍ നിന്ന്‌ കൊണ്ട്‌ മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ആകാശത്തുനിന്ന്‌ മഴ വര്‍ഷിക്കുകയും ചെയ്‌തതായി ഇമാം ബുഖാരി നമുക്ക്‌ വിശദീകരിച്ചു തരുന്നു.
അനസ്‌ബ്‌നു മാലിക്‌ t പറയുന്നു. `വെള്ളിയാഴ്‌ച ദിവസം പ്രവാചകന്‍ ഖുതുബ നിര്‍വ്വഹിച്ച്‌ കൊണ്ടിരിക്കെ ജനങ്ങള്‍ എഴുന്നേറ്റ്‌കൊണ്ട്‌ പറയുകയുണ്ടായി, പ്രവാചകരേ, മഴയില്ല. മരങ്ങളെല്ലാം ഉണങ്ങി ചുകപ്പ്‌ നിറമാവാന്‍ തുടങ്ങിയിരിക്കുന്നു. മൃഗങ്ങളെല്ലാം നശിക്കാറാവുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ താങ്കള്‍ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിക്കുവാന്‍ വേണ്ടി പ്രാര്‍ഥിച്ചാലും. അപ്പോള്‍ തിരുമേനി പ്രാര്‍ഥിക്കുകയാണ്‌. `അല്ലാഹുവെ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിക്കേണമേ' എന്‌ രണ്ട്‌ പ്രാവശ്യം ആവര്‍ത്തിച്ചു. അല്ലാഹുവാണ ആ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക്‌ ആകാശത്ത്‌ മേഘങ്ങളുടെ ഒരു ലക്ഷണം പോലും കാണാന്‍ സാധിച്ചിരുന്നില്ല. പെട്ടെന്ന്‌ മേഘങ്ങള്‍ ഉരുണ്ടുകൂടുകയും മഴ വര്‍ഷിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. പ്രവാചകന്‍ മിമ്പറില്‍ നിന്ന്‌ ഇറങ്ങുകയും നമസ്‌കരിച്ച്‌ പിരിയുമ്പോഴും മഴ വര്‍ഷിച്ചുകൊണ്ടിരുന്നു. അത്‌ അടുത്ത ജുമുഅവരെ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ തിരുമേനി ഖുതുബ നിര്‍വഹിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ പറഞ്ഞു പ്രവാചകരേ, വീടുകള്‍ ഇടിഞ്ഞ്‌പൊളിയുവാന്‍ തുടങ്ങിയിരിക്കുന്നു. വഴികളെല്ലാം മുറിഞ്ഞ്‌പോവാന്‍ ആരംഭിച്ചിരിക്കുന്നു അതുകൊണ്ട്‌ മഴ തടഞ്ഞ്‌ നിര്‍ത്തുവാന്‍ വേണ്ടി അങ്ങുന്ന്‌ അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചാലും. അപ്പോള്‍ തിരുമേനി പുഞ്ചിരിക്കുകയുണ്ടായി. എന്നിട്ട്‌ പ്രാര്‍ഥിച്ചു. `അല്ലാഹുവെ, ഞങ്ങള്‍ക്ക്‌ ചുറ്റും മഴ വര്‍ഷിപ്പിക്കേണമേ, ഞങ്ങളുടെ മേല്‍ വര്‍ഷിപ്പിക്കരുതേ,' അങ്ങനെ മദീനയില്‍ നിന്നും മേഘങ്ങള്‍ വിട്ട്‌ പോവുകയും മദീനക്ക്‌ ചുറ്റും മഴ വര്‍ഷിച്ച്‌കൊണ്ടിരുന്നു. മദീനയില്‍ ഒരു തുള്ളി മഴയുമില്ല. എന്നാല്‍ മദീനക്ക്‌ ചുറ്റും ഒരു കിരീടം ചൂടിയതുപോലെ മഴ വര്‍ഷിച്ചുകൊണ്ടിരുന്നു.'' (ബുഖാരി)
ശത്രുക്കളില്‍നിന്നും രക്ഷ
അഹ്‌സാബ്‌ യുദ്ധവേളയില്‍ കാറ്റിനെ അയച്ചുകൊണ്ട്‌ അല്ലാഹു പ്രവാചകന്‌ സഹായം നല്‍കി. കാറ്റിനെ ഭയന്നുകൊണ്ട്‌ ഖുറൈശികളും സഖ്യകക്ഷികളും യുദ്ധമുഖത്ത്‌ നിന്ന്‌ പിന്തിരിഞ്ഞോടുകയും സത്യം ജയിക്കുകയും ചെയ്‌തു. ഇത്‌ അല്ലാഹു പ്രവാചകന്‍eക്ക്‌ നല്‍കിയ മറ്റൊരു മുഅ്‌ജിസത്താണ്‌.
വിശുദ്ധക്വുര്‍ആന്‍ പറയുന്നു: `സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു' (33:9)
രോഗശമനം
സ്വഹാബികളില്‍ ചിലര്‍ക്ക്‌ രോഗം ബാധിച്ചപ്പോള്‍ പ്രവാചകന്റെ പ്രാര്‍ത്ഥന മൂലവും അല്ലാഹു നല്‍കിയ കഴിവ്‌ മുഖേനയും രോഗം ഭേദമാക്കിയതായി ഏതാനും ഹദീസുകളില്‍ കാണാന്‍ സാധിക്കും ഇത്‌ പ്രവാചകന്‍eക്ക്‌ നല്‍കിയ മറ്റൊരു മുഅ്‌ജിസത്താണ്‌. അല്ലാതെ റസൂല്‍e വിചാരിക്കുമ്പോഴൊക്കെ രോഗം ഭേദമാക്കാനുള്ള കഴിവ്‌ പ്രവാചകനില്ല.
യസീദ്‌ബ്‌നു അബീഉബൈദ്‌ t പറയുന്നു. ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട്‌കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപ്പറ്റി ചോദിക്കുകയുണ്ടായി. ഈ അടയാളം എന്താണ്‌? അപ്പോള്‍ സലമ പറയുകയുണ്ടായി. ഇത്‌ ഖൈബര്‍ യുദ്ധവേളയില്‍ സംഭവിച്ചതാണ്‌. ആ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ വിളിച്ച്‌ പറയുകയുണ്ടായി സലമക്ക്‌ മുറിവ്‌ സംവിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ പ്രവാചക തിരുമേനി (സ)യുടെ അടുത്തേക്ക്‌ ചെന്നു. തിരുമേനി (സ)അതില്‍ മൂന്ന്‌ പ്രാവശ്യം ഊതി, അതിന്‌ ശേഷം ഈ സമയം വരെ എനിക്ക്‌ അതിന്റെ ഭാഗമായി ഒരു അസുഖവും വന്നിട്ടില്ല.'' (ബുഖാരി).
മുഅ്‌ജിസത്തുകള്‍ മൃഗങ്ങളിലൂടെ
കാരുണ്യത്തിന്റെ ദൂതനായ പ്രവാചകന്‍eക്ക്‌ പല സന്ദര്‍ഭങ്ങളിലും മൃഗങ്ങളിലൂടെയും അദ്ദേഹത്തിന്റെ മുഅ്‌ജിസത്തുകള്‍ സമൂഹത്തിന്‌ പ്രകടമായിട്ടുള്ളതായി ഹദീഥുകളില്‍ കാണാം.
ആയിശ t പറയുന്നു. ``പ്രവാചകന്‍ മുഹാജിറുകളും അന്‍സാറുകളുമടങ്ങിയ ഒരു സംഘത്തിലായിരുന്നു. അപ്പോഴതാ ഒരു ഒട്ടകം വന്നുകൊണ്ട്‌ പ്രവാചകന്‌ സുജൂദ്‌ ചെയ്യുന്നു. അപ്പോള്‍ തിരുമേനി (സ) യോട്‌ സ്വഹാബികള്‍ ചോദിച്ചു. താങ്കള്‍ക്ക്‌ ഒട്ടകങ്ങളും മരങ്ങളും സുജൂദ്‌ ചെയ്യുകയോ? അങ്ങനെയങ്കില്‍ ഞങ്ങളല്ലേ താങ്കള്‍ക്ക്‌ സുജൂദ്‌ ചെയ്യുവാന്‍ കൂടുതല്‍ അര്‍ഹരായവര്‍. അപ്പോള്‍ തിരുമേനി (സ) പറയുകയുണ്ടായി. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക, നിങ്ങളുടെ സഹോദരനെ നിങ്ങള്‍ ആദരിക്കുക...'' (അഹ്‌മദ്‌)
പുലരുന്ന പ്രവചനങ്ങള്‍
നബിeയുടെ പ്രവചനങ്ങള്‍ ഒട്ടുമിക്കതും പുലര്‍ന്നതായി ഹദീഥുകള്‍ വ്യക്തമാക്കുന്നു. അന്ത്യനാളുമായി ബന്ധപ്പെട്ട ധാരാളം പ്രവചനങ്ങള്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകന്‍(സ)യുടെ മരണത്തിന്‌ തൊട്ടുമുമ്പ്‌ സ്വപുത്രി ഫാത്വിമtയെ സംബന്ധിച്ച്‌ പറഞ്ഞ കാര്യം ഉദാഹരണമാണ്‌. ആയിശ t പറഞ്ഞു. പ്രവാചകന്‍ മരണപ്പെട്ട രോഗ ശയ്യയിലായിരിക്കെ തന്റെ മകളായ ഫാത്വിമ tയെ വിളിക്കുകയും ആ സ്വകാര്യം പറയുകയും ചെയ്‌തപ്പോള്‍ ഫാത്വിമ t കരഞ്ഞു, പിന്നെയും വിളിച്ച്‌ കൊണ്ട്‌ സ്വകാര്യം പറഞ്ഞപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്‌തു. അങ്ങനെ അതിനെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ആദ്യം പറഞ്ഞത്‌ ഈ രോഗശയ്യയില്‍ ഞാന്‍ മരണപ്പെടുമെന്നായിരുന്നു. അപ്പോഴാണ്‌ ഞാന്‍ കരഞ്ഞത്‌, പിന്നെ എന്നോട്‌ സ്വകാര്യം പറഞ്ഞത്‌ തിരുമേനിയുടെ കുടുംബത്തില്‍ നിന്ന്‌ ഞാനായിരിക്കും പ്രവാചകനെ ആദ്യം പിന്തുടരുന്നത്‌ (മരിക്കുന്നത്‌) അപ്പോഴാണ്‌ ഞാന്‍ ചിരിച്ചത്‌.'' (ബുഖാരി, മുസ്‌ലിം)
പ്രവാചകന്‍(സ)യുടെ കുടുംബത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ ശേഷം ആദ്യം മരണപ്പെട്ടത്‌ ഫാത്വിമtയായിരുന്നു.
പഴങ്ങളിലും മരങ്ങളിലും
പല സന്ദര്‍ഭങ്ങളിലും പ്രവാചകന്‍ e യുടെ മുഅ്‌ജിസത്തുകള്‍ പഴങ്ങളിലൂടെയും മരങ്ങളിലൂടെയും ദൃശ്യമായിട്ടുണ്ട്‌. ഇബ്‌നു അബ്ബാസ്‌ t പറയുന്നു. പ്രവാചകന്‍ (സ)യുടെ അടുത്ത്‌ ഒരു ഗ്രാമീണ അറബി വന്നുകൊണ്ട്‌ പറഞ്ഞു. `നീ നബിയാണെന്ന്‌ ഞാനെങ്ങനെ മനസ്സിലാക്കും? ആ സമയം തിരുമേനി (സ) മറുപടി പറഞ്ഞു. ഈ ഈത്തപ്പനയിലുള്ള ഈത്തപ്പഴക്കുലയെ ഞാന്‍ വിളിച്ച്‌ അത്‌ വന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്ന്‌ നീ വിശ്വസിക്കുമോ? തിരുമേനി (സ) അതിനെ വിളിച്ചു, അത്‌ ഈത്തപ്പനയില്‍ നിന്ന്‌ ഇറങ്ങിവന്ന്‌ കൊണ്ട്‌ തിരുമേനിയുടെ അടുത്ത്‌ വീണുകിടന്നു. പിന്നെ തിരുമേനി അതിനോട്‌ മടങ്ങിപ്പോവാന്‍ പറയുകയും, അത്‌ മടങ്ങുകയും ചെയ്‌തു. ആ ഗ്രാമീണ അറബി മുസ്‌ലിമാവുകയും ചെയ്‌തു.' (തിര്‍മിദി).
ഉഹ്‌ദ്‌ മലയുടെ അനുസരണം
പ്രവാചകന്‍eക്ക്‌ അല്ലാഹു നല്‍കിയ മറ്റൊരു മുഅ്‌ജിസത്താണ്‌ ഉഹ്‌ദ്‌ മല വിറകൊണ്ട സമയത്ത്‌ പ്രവാചകന്‍(സ) അതിനെ ശാന്തമാക്കിയത്‌. സഈദും ഖത്വായും അനസ്‌tവില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. ``ഒരിക്കല്‍ പ്രവാചകന്‍ (സ) ഉഹ്‌ദ്‌ മലയില്‍ കയറി, തിരുമേനിയുടെ കൂടെ അബൂബക്കറും ഉമറും ഉഥ്‌മാനുംt ഉണ്ടായിരുന്നു. അപ്പോള്‍ ഉഹ്‌ദ്‌ മല വിറക്കുകയുണ്ടായി, തിരുമേനി(സ) പറഞ്ഞു. ഉഹ്‌ദ്‌ നീ ശാന്തമാവുക, (നിവേദകന്‍ പറയുന്നു, ഞാന്‍ വിചാരിക്കുന്നത്‌ പ്രവാചകന്റെ കാല്‍കൊണ്ട്‌ മലയില്‍ ചവിട്ടുകയുണ്ടായി). നിന്റെ മുകളില്‍ ഒരു നബിയും ഒരു സത്യന്ധനും രണ്ടു രക്തസാക്ഷികളുമല്ലാതെയില്ല.'' (ബുഖാരി)
ഈ ഹദീഥില്‍ നിന്ന്‌ മറ്റൊരു മുഅ്‌ജിസത്തു കൂടി നമുക്ക്‌ മനസ്സിലാകും പ്രാവചകന്‍e അബൂബക്കറിtനെ സത്യസന്ധന്‍ (സിദ്ധീഖ്‌) എന്ന്‌ വിശേഷിച്ചപ്പോള്‍ ഉഥ്‌മാtനെയും ഉമറിtനെയും രക്തസാക്ഷികള്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. പ്രവാചകന്റെ മരണശേഷം കാലങ്ങള്‍ കഴിഞ്ഞാണ്‌ ഇവര്‍ മൂന്നുപേരും മരണപ്പെട്ടത്‌. അബൂബക്കര്‍tന്റെത്‌ മാത്രമായിരുന്നു സാധാരണ മരണം. ബക്കി ഇരുവരും രക്തസാക്ഷികളാവുകയായിരുന്നു എന്നാണ്‌ ചരിത്രം വ്യക്തമാക്കുന്നത്‌.
കല്ലുകള്‍ സലാം പറയുന്നു
നബിeയുടെ പ്രവാചകത്വം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്‌ കല്ലുകള്‍ പോലും സലാം പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ജാബിറുബ്‌നു സമൂറtയില്‍ നിന്ന്‌ നിവേദനം. പ്രവാചകന്‍ (സ)പറയുന്നു. ``മക്കയില്‍ ഒരു കല്ലിനെ എനിക്കറിയാം, എന്നെ പ്രവാചകനായി നിയോഗിക്കുന്നതിന്‌ മുമ്പ്‌ തന്നെ എനിക്ക്‌ ആ കല്ല്‌ സലാം പറഞ്ഞിരുന്നു. അത്‌ ഇപ്പോള്‍ എവിടെയാണെന്നും എനിക്ക്‌ അറിയാം.'' (മുസ്‌ലിം).
യുദ്ധവേളയില്‍ ശത്രുക്കള്‍ക്കെതിരെ പ്രവാചകന്‍ അല്ലാഹുവിന്റെ അനുമതിയോടെ ഒരുപിടി മണ്ണ്‌ വാരിയിടുകയും അതവര്‍ക്കെതിരെയുള്ള വലിയൊരായുധമായി മാറി, ശത്രുക്കള്‍ യുദ്ധക്കളം വിട്ടോടുകയുണ്ടായി. ഇയാസ്‌ബ്‌നു സലമt പറയുന്നു. എന്റെ പിതാവ്‌ എനിക്ക്‌്‌ പറഞ്ഞുതന്നു. ``ഞങ്ങള്‍ ഹുനൈനില്‍ പ്രവാചകന്മാരോടൊപ്പം യുദ്ധം ചെയ്‌തു.... അങ്ങനെ തിരുമേനിക്ക്‌ ചുറ്റും എല്ലാവരും ഒരുമിച്ച്‌ കൂടിയപ്പോള്‍ റസൂലുല്ലാഹ്‌ തന്റെ മൃഗത്തിന്‌ പുറത്ത്‌ നിന്നും ഇറങ്ങുകയും ഒരു പിടി മണ്ണ്‌ എടുക്കുകയും ചെയ്‌ത്‌ ശത്രുക്കള്‍ക്ക്‌ നേരെ തിരിഞ്ഞുകൊണ്ട്‌ മുഖങ്ങള്‍ നശിക്കട്ടെയെന്ന്‌ പറഞ്ഞുകൗണ്ട്‌ എറിയുകയും ചെയ്‌തു. മുഴുവന്‍ ശത്രുക്കളുടെയും രണ്ട്‌ കണ്ണുകളിലും ആ ഒരു പിടി മണ്ണ്‌ പതിക്കുകയുണ്ടായി. അങ്ങനെ അവര്‍ പിന്തിരിഞ്ഞോടിപ്പോയി. പ്രതാപവാനും ഉന്നതനുമായ അല്ലാഹു അവരെ പരാജയപ്പെടുത്തുകയും ചെയ്‌തു. അങ്ങനെ പ്രവാചകന്‍ തിരുമേനി(സ) യുദ്ധാനന്തര സമ്പത്ത്‌ മുസ്‌ലിംകള്‍ക്കിടയില്‍ വീതിക്കുകയും ചെയ്‌തു.'' (മുസ്‌ലിം)
നമസ്‌കാര വേളയില്‍ പ്രവാചകനെ ദ്രോഹിക്കാന്‍ വന്ന അബൂജഹ്‌ലിനെ തീയാലുള്ള ഒരു കിടങ്ങ്‌ വെളിപ്പെടുത്തി ഭയചികിതനാക്കിയ സന്ദര്‍ഭം ഹദീസുകളില്‍ നമുക്ക്‌ കാണാം ഇത്‌ പ്രവാചകന്റെ മറ്റൊരു മുഅ്‌ജിസത്താണ്‌.
അബൂഹുറയ്‌റtവില്‍ നിന്ന്‌ നിവേദനം: ``അബൂജഹ്‌ല്‍ ചോദിക്കുകയാണ്‌ `മുഹമ്മദ്‌ നിങ്ങളുടെ മുമ്പില്‍ മുഖം നിലത്ത്‌ വെക്കാ (നമസ്‌കരിക്കാ)റുണ്ടോ? അപ്പോള്‍ പറയപ്പെട്ടു. അതെ, അപ്പോള്‍ അബൂജഹ്‌ല്‍ പറഞ്ഞു. ലാത്തയും ഉസ്സയുമാണ്‌ സത്യം! അവന്‍ അങ്ങനെ ചെയ്യുന്നത്‌ ഞാന്‍ കാണുകയാണെങ്കില്‍ അവന്റെ പിരടിക്ക്‌ ഞാന്‍ ചവിട്ടുന്നതാണ്‌, അല്ലെങ്കില്‍ അവന്റെ മുഖത്തെ ഞാന്‍ മണ്ണോട്‌ ചേര്‍ക്കുന്നതാണ്‌. അങ്ങനെ പ്രവാചകന്‍ (സ) വന്ന്‌ നമസ്‌കരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ പിരടിക്ക്‌ ചവിട്ടാനായി അടുത്ത്‌ അബൂജഹ്‌ല്‍ അടുത്ത്‌ വരികയും വന്നവഴിക്ക്‌ തന്നെ പിന്നോട്ട്‌ തിരിക്കുകയും അവന്റെ രണ്ട്‌ കൈകള്‍കൊണ്ടും പ്രതിരോധിക്കുകയും ചെയ്‌തു. അവനോട്‌ ചോദിച്ചു, എന്താണ്‌ നിനക്ക്‌? അവന്‍ മറുപടി പറഞ്ഞു: മുഹമ്മദിന്റെയും എന്റെയുമിടയില്‍ തീയാലുള്ള ഒരു കിടങ്ങും, പേടിപ്പിക്കുന്ന ഒരു ചിറകും ഞാന്‍ കണ്ടു. തിരുമേനി(സ)പറഞ്ഞു: അവന്‍ എന്റെ നേരെ അടുക്കുകയായിരുന്നെങ്കില്‍ അവനെ മലക്കുകള്‍ ഓരോ അവയവങ്ങളായി റാഞ്ചിക്കൊണ്ട്‌ പോവുമായിരുന്നു...'' (മുസ്‌ലിം)
ഭക്ഷണത്തിലും വെള്ളത്തിലും അനുഗ്രഹിക്കുന്നു.
പടച്ച തമ്പുരാന്‍ പ്രവാചകന്‍eക്ക്‌ നല്‍കിയ മറ്റൊരു മുഅ്‌ജിസത്താണ്‌ ഭക്ഷണത്തിലും വെള്ളത്തിലും കുറവ്‌ വന്ന സന്ദര്‍ഭത്തില്‍ അത്‌ വര്‍ദ്ധിപ്പിക്കാന്‍ സാധച്ചു എന്നത്‌. എന്നാല്‍ പ്രവാചകന്‍e ഉദ്ദേശിക്കുമ്പോഴൊക്കെ ഇത്‌ സാധ്യമായിരുന്നില്ല. പലപ്പോഴും കഠിനമായ വിശപ്പും ദാഹവും അനുഭവിച്ച വ്യക്തിയാണ്‌ പ്രവാചകന്‍e. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ജാബിറുബ്‌നു അബ്‌ദില്ലാഹ്‌(t) പറയുന്നു. ``ഹുദൈബിയ്യാ ദിവസം ജനങ്ങള്‍ക്ക്‌ ദാഹമുണ്ടായി, പ്രവാചകന്‍(സ) ഒരു ചെറിയ തോല്‍പാത്രത്തിലെ വെള്ളംകൊണ്ട്‌ വുദൂവെടുക്കുകയായിരുന്നു. അപ്പോള്‍ ജനങ്ങള്‍ തിരുമേനി(സ)യുടെ അടുത്തേക്ക്‌ ധൃതിപിടിച്ച്‌ നടന്നടുത്തു. തിരുമേനി(സ) ചോദിച്ചു: ``നിങ്ങള്‍ക്കെന്താണ്‌? അവര്‍ പറഞ്ഞു. ``ഞങ്ങള്‍ക്ക്‌ കുടിക്കുവാനോ, വുദൂവെടുക്കുവാനോ വെള്ളമില്ല. നിങ്ങളുടെയടുത്തുള്ളതല്ലാതെ, അങ്ങനെ തിരുമേനി തന്റെ കൈ ആ ചെറിയ തുകല്‍ പാത്രത്തില്‍ പ്രവേശിപ്പിച്ചു. അപ്പോഴതാ ഉറവ പൊട്ടി വരുന്നത്‌ പോലെ പ്രവാചക(സ)ന്റെ വിരലുകള്‍ക്കിടയില്‍ നിന്ന്‌ വെള്ളം ധാരാളമായി വരുന്നു. അങ്ങനെ ഞങ്ങള്‍ കുടിക്കുകയും വുദൂവെടുക്കുകയും ചെയ്‌തു. ഞാന്‍ ചോദിച്ചു. ``നിങ്ങള്‍ അന്ന്‌ എത്ര പേരുണ്ടായിരുന്നു?'' പറഞ്ഞു: ``ഞങ്ങള്‍ ഒരു ലക്ഷം പേരുണ്ടായിരുന്നാലും അത്‌ ഞങ്ങള്‍ക്ക്‌ തികയുമായിരുന്നു. ഞങ്ങള്‍ ആയിരത്തഞ്ഞൂറ്‌ പേരുണ്ടായിരുന്നു'' (ബുഖാരി)
മലകളുടെ സംരക്ഷണമേറ്റ മലക്കുകളുടെ സഹായം
വളരെ നാള്‍ മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാര്യമായ ഫലമൊന്നുമില്ലാതെ അല്ലാഹുവിന്റെ അനുമതി പ്രകാരം പ്രവാചകന്‍e ത്വാഇഫിലേക്ക്‌ പോയി. സൈദ്‌ബ്‌നു ഹാരിഥ്‌e കൂടെയുണ്ടായിരുന്നു. അവിടെയും പ്രവാചകന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. പ്രവാചകന്‍(സ)യുടെ വാക്കുകള്‍ അംഗീകരിച്ചില്ല എന്ന്‌ മാത്രമല്ല വളരെ നീചമായ രൂപത്തില്‍ അവര്‍ പ്രവാചകനോട്‌ പെരുമാറി. ദുഃഖഭാരത്താല്‍ മക്കയിലേക്ക്‌ തിരിച്ച പ്രവാചകസവിധത്തിലേക്ക്‌ പടച്ചതമ്പുരാന്‍ ജിബ്‌രീല്‍uനെയും പര്‍വ്വതങ്ങളുടെ കാര്യസ്ഥനായ മലക്കിനെയും അയച്ചു. രണ്ട്‌ മഹാ പര്‍വ്വതങ്ങളെ മക്കക്കാര്‍ക്കുമേല്‍ അടര്‍ത്തിയിടാന്‍ പ്രവാചകന്റെ അനുമതിക്കാണവര്‍ വന്നത്‌. അപ്പോള്‍ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. `അതുണ്ടാകരുത്‌, ഉന്നതനും പ്രതാപശാലിയുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാത്ത ഒരു വിഭാഗത്തെ ഇവരുടെ പിന്‍ഗാമികളില്‍ നിന്നും അല്ലാഹു സൃഷ്‌ടിച്ചേക്കുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.' (ബുഖാരി, മുസ്‌ലിം).
പാലായന വേളയില്‍
മക്കയിലെ പീഡനങ്ങള്‍ അസഹനീയമായപ്പോള്‍ മദീനയിലേക്ക്‌ ഹിജ്‌പോകാന്‍ അല്ലാഹു അനുമതി നല്‍കി. തത്സമയം ഖുറൈശികളുടെ ഭാഗത്ത്‌ പ്രവാചകനെതിരെയുള്ള ഗൂഢാലോചനയെ ക്വുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ``നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന്‌ പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ്‌ തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.'' (അന്‍ഫാല്‍ 30)
അലിt തന്റെ കിടക്കയില്‍ കിടത്തിയ ശേഷം വീടിന്‌ പുറത്തേക്കിറങ്ങിയ പ്രവാചകന്‍e ഒരുപിടി മണ്ണ്‌ ശത്രുക്കളുടെ തലയിലേക്ക്‌ വിതറിയെറിഞ്ഞ്‌ അവരുടെ ദൃഷ്‌ടികളെ പിടിച്ചെടുത്തതിനാല്‍ പ്രവാചകനെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.
യാത്രാ മദ്ധ്യേ നബിയും അബൂബക്കറും സൗര്‍ഗുഹയില്‍ വിശ്രമിക്കാന്‍ ഉദ്ദേശിച്ചു. അബൂബക്കര്‍t നബി(സ)യുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താന്‍ ഗുഹയുടെ ദ്വാരങ്ങളെല്ലാം തന്റെ വസ്‌ത്രം കീറി അടച്ചു. ശേഷിച്ച 2 ദ്വാരങ്ങള്‍ തന്റെ ഇരുകാലുകള്‍ കൊണ്ടടച്ചു. ഈ അവസരം അബൂബക്കറിtന്‌ വിഷം തീണ്ടി. നബിയുടെ ഉറക്കത്തിന്‌ മുറിവേല്‍ക്കാതിരിക്കാന്‍ അബൂബക്കര്‍t പ്രവാചകന്‍eയെ വിളിച്ചില്ല. വേദനയുടെ കാഠിന്യത്താല്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന്‌ കണ്ണുനീര്‍ വാര്‍ക്കുകയും അത്‌ പ്രവാചകന്റെ മുഖത്ത്‌ വീഴുകയും ചെയ്‌തു. തത്‌സമയം പ്രവാചകന്‍ e എഴുന്നേല്‍ക്കുകയും പ്രശ്‌നം ആരായുകയും ചെയ്‌തു. ഉടന്‍തന്നെ പ്രവാചകന്‍e തന്റെ ഉമിനീരെടുത്ത്‌ മുറിവില്‍ പുരട്ടി. അബൂബക്കര്‍tന്‌ ശിഫയാകുകയും ചെയ്‌തു. (മിശ്‌കാതുല്‍ മസാബീഹ്‌)
അബൂജഹലിന്റെ ആജ്ഞ പ്രകാരം മക്കയിലെ നാനാഭാഗങ്ങളിലേക്ക്‌ പ്രവാചകനെ തിരയാന്‍ സൈന്യത്തെ നിയോഗിച്ചു. അവര്‍ ഹിറാഗുഹിയിലുമെത്തി. ഭയചകിതനായ അബൂബക്കര്‍t `അവരൊന്ന്‌ ദൃഷ്‌ടി താഴ്‌ത്തിയാല്‍ നമ്മെ കാണുവല്ലോ' എന്ന്‌ പ്രവാചകന്‍ eയോട്‌ ആവലാതി പറഞ്ഞു. പക്ഷേ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു ക്വുര്‍ആന്‍ വിവരിക്കുന്നു: `നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്‌തു. അല്ലാഹുവിന്റെ വാക്കാണ്‌ ഏറ്റവും ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.' (തൗബ 40).
മദീനയിലേക്കുള്ള വഴിമധ്യേ
മദീനയിലേക്കുള്ള വഴി മധ്യേ ധാരാളം പ്രയാസങ്ങള്‍ പ്രവാചകeന്‌ അനുഭവിക്കേണ്ടിവന്നു. പ്രവാചകനെ പിടിച്ചു നല്‍കുന്നവര്‍ക്ക്‌ ഇനാം പോലും ഖുറൈശികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ നബി e ഈ പ്രയാസങ്ങളെയെല്ലാം വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്‌ത്‌ കൊണ്ട്‌ തന്റെ യാത്ര തുടര്‍ന്നു. വഴിമധ്യേ ഉമ്മു മഅ്‌ദബിന്റെ കൂടാരത്തിലെത്തിയപ്പോള്‍ കഠിനമായ വിശപ്പിനാല്‍ വല്ലതും കഴിക്കാന്‍ തരുമോ എന്നാവശ്യപ്പെട്ടു. അവിടെ ഒന്നുമുണ്ടായിരുന്നില്ല. നബിe കൂടാരത്തിലുണ്ടായിരുന്ന ആടിനെ നോക്കി അതിന്‌ പാലുണ്ടോ എന്ന്‌ ചോദിച്ചു. കറവ വറ്റിയ ആടാണ്‌ എന്നായിരുന്നു ആ സ്‌ത്രീയുടെ മറുപടി. എന്നെ ആ ആടിനെ കറക്കാനനുവദിക്കുമോ എന്ന പ്രവാചകന്റെ ചോദ്യത്തിന്‌ അവര്‍ സമ്മതം മൂളുകയും അതിനായി ഒരു പാത്രം കൊടുക്കുകയും ചെയ്‌തു. നബി തന്റെ കൈ കൊണ്ട്‌ അതിന്റെ അകിടില്‍ തടവി. അതാ, പാല്‍ ചുരത്തുന്നു. പാത്രം നിറയെ പാല്‍ കറന്നു നബിയും സഹയാത്രികരും മതിയാവോളം കുടിച്ചു. ശേഷം ഒരു പാത്രം കറന്ന്‌ ആ സ്‌ത്രീക്ക്‌ നല്‍കി പിന്നീട്‌ അവര്‍ യാത്ര തുടര്‍ന്നു.
അല്‌പ സമയശേഷം വീട്ടില്‍ വന്ന ആ സ്‌ത്രീയുടെ ഭര്‍ത്താവ്‌ പാല്‌ കണ്ട്‌ വിവരം അന്വേഷിച്ചു. ഉണ്ടായ സംഭവ വികാസങ്ങള്‍ ഭര്‍ത്താവിനോട്‌ അവര്‍ വിവരിച്ചു. അയാള്‍ പറഞ്ഞു: ഇയാളെയാണ്‌ ഖുറൈശികള്‍ തിരയുന്നത്‌. അയാളുടെ കൂടെച്ചേരാന്‍ എനിക്കാഗ്രഹമുണ്‌. എനിക്കതിന്‌ സാധിച്ചാല്‍ തീര്‍ച്ചയായും ഞാനങ്ങനെ ചെയ്യുന്നതാണ്‌.
മദീനാ ജീവിതം
മദീനയിലെത്തിയ പ്രവാകന്‍ തങ്ങളുടെ കൂടെ താമസിക്കണമെന്ന്‌ മദീനാ നിവാസികള്‍ ഓരോരുത്തരും ആഗ്രഹിച്ചു. അതിനായി അവര്‍ ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പോലും പിടിച്ചു വലിച്ചു. പക്ഷേ അതിനെ വിട്ടേക്കൂ അതിന്‌ നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുണ്ട്‌ എന്ന മറുപടിയായിരുന്നു പ്രവാചകന്‍ നല്‍കിയത്‌. അങ്ങനെ ഇന്ന്‌ മസ്‌ജിദുന്നബി സ്ഥിതി ചെയ്യന്ന സ്ഥാനത്തെത്തി ഒട്ടകം സ്വയം മുട്ടുകുത്തി.
ഉമ്മുജമീലില്‍ നിന്നും രക്ഷ
അബൂസുഫ്‌യാന്റെ സഹോദരിയും അബൂലഹബിന്റെ ഭാര്യയുമായ ഉമ്മുജമീല്‍ വളരെ നീചയും നികൃഷ്‌ടയുമായ സ്‌ത്രീയായിരുന്നു. പല തരത്തില്‍ അവര്‍ പ്രവാചകനെ ദ്രോഹിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ അവരെ വിറകു ചുമട്ടുകാരി എന്നാക്ഷേപിച്ചതായി കാണാന്‍ സാധിക്കും. അവരെയും അവരുടെ ഭര്‍ത്താവിനെയും ആക്ഷേപിച്ച്‌ ഖുര്‍ആന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഒരു പാറക്കല്ലുമായി പ്രവാചകന്റെ അടുത്തേക്ക്‌ വന്നു. ആ സന്ദര്‍ഭം പ്രവാചകനും അബൂബക്കറും t അവിടെയുണ്ടായിരുന്നു. പക്ഷേ ആ സ്‌ത്രീയുടെ കണ്ണില്‍ നിന്നും അല്ലാഹു പ്രവാചകനെ മറയിട്ടു. അവര്‍ അബൂബക്കറിtനോട്‌ പ്രവാചകനെ കുറിച്ച്‌ ആക്ഷേപിച്ചു.
ഇത്തരത്തിലുളള നിരവധി അമാനുഷിക സംഭവങ്ങള്‍ പ്രവാചകനി(സ)ലൂടെ ലോകത്ത്‌ വെളപ്പെട്ടിട്ടുണ്ട്‌. പ്രസ്‌തുത സംഭവങ്ങളില്‍ മനുഷ്യര്‍ക്ക്‌ ഗുണപാഠവും വെളിച്ചവുമുണ്ട്‌. ഇന്നും നിലനില്‍ക്കുന്ന പ്രവാചക മുഅ്‌ജിസത്തുകളില്‍ നിന്നു പാഠമുള്‍ക്കൊള്ളുകയും അതുവഴി പ്രവാചകനെ അറിയാനും അംഗീകരിക്കാനും മാതൃകയുള്‍ക്കൊള്ളാനുമാണ്‌ മാനവ സമൂഹം സന്നദ്ധമാകേണ്ടത്‌. 

ഇത്തരത്തിലുളള നിരവധി അമാനുഷിക സംഭവങ്ങള്‍ പ്രവാചകനി(സ)ലൂടെ ലോകത്ത്‌ വെളപ്പെട്ടിട്ടുണ്ട്‌. പ്രസ്‌തുത സംഭവങ്ങളില്‍ മനുഷ്യര്‍ക്ക്‌ ഗുണപാഠവും വെളിച്ചവുമുണ്ട്‌. ഇന്നും നിലനില്‍ക്കുന്ന പ്രവാചക മുഅ്‌ജിസത്തുകളില്‍ നിന്നു പാഠമുള്‍ക്കൊള്ളുകയും അതുവഴി പ്രവാചകനെ അറിയാനും അംഗീകരിക്കാനും മാതൃകയുള്‍ക്കൊള്ളാനുമാണ്‌ മാനവ സമൂഹം സന്നദ്ധമാകേണ്ടത്‌.