ഹിന്ദു ബഹുദൈവാരാധനയും ദേവീപൂജയും: ഒരു താത്ത്വികാന്വേഷണം

എം. ടി. സദാദ് അബ്ദുസ്സമദ്

ഹിന്ദുമതത്തിലെ ദൈവങ്ങളുടെ എണ്ണം എന്നും ഒരു പ്രഹേളികയാണ്. ദൈവങ്ങളുടെ എണ്ണം നിശ്ചിതമായി ക്ലിപ്തപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുടിയിരുത്തി സായൂജ്യമടയാന്‍ വരെ ആധുനിക ഹൈന്ദവ സമഹത്തില്‍ പഴുതുകള്‍ നിലനില്‍ക്കുന്നു. വിശ്വാസത്തിലും ദര്‍ശനത്തിലും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിലനില്‍ക്കുന്നതിനാല്‍ ദൈവങ്ങളും ദൈവങ്ങളുടെ എണ്ണവും പലര്‍ക്കും പലതാണ്. അതുകൊണ്ടുതന്നെയാണ് ദൈവത്തിന്റെ എണ്ണം ഒന്നും രണ്ടും മൂന്നും ആറും മുപ്പത്തിമൂന്നും മുപ്പത്തിമുക്കോടിയുമെല്ലാം ആകുന്നത്.

 

ഹിന്ദുമത വിശ്വാസിയെ സംബന്ധിച്ചേടത്തോളം കല്ലും കരടും മുള്ളും മൂര്‍ഖന്‍ പാമ്പും ദൈവമാണ് എന്ന് പറയപ്പെടാറുണ്ട്. ബഹുദൈവ വിശ്വാസത്തെ ആദര്‍ശവല്‍ക്കരിച്ച് മനസ്സില്‍ ഊട്ടിയുറപ്പിച്ചതിനാല്‍ ൈദവത്തിന്റെ എണ്ണം അനന്തമെന്ന് സിദ്ധാന്തിക്കുന്നതില്‍ ആശ്ചര്യമൊന്നുമില്ല. ബഹുദൈവ സങ്കല്‍പം ഹൈന്ദവതയുടെ അനുപമമായ സവിശേഷതയായതില്‍ അഭിമാനം കൊള്ളുന്നവരാണ് ഹിന്ദു ബുദ്ധിജീവികള്‍. ഭാരതത്തിലെ പ്രാകൃത ജനവിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തിപൂജ, മദ്യപൂജ, ലിംഗപൂജ, യോനി പൂജ തുടങ്ങി മാതുരാരാധന വരെയുണ്ടായിരുന്നു. ഇത്തരം വിഭിന്നവും എന്നാല്‍ പ്രാകൃതവും അതിലേറെ നിഷ്ഠൂരവുമായ ആചാരങ്ങള്‍ ഇന്നും തുടര്‍ന്നുപോരുന്നു. അവയുടെ ദര്‍ശനവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 

ബഹുദൈവാരാധന പാപമല്ല എന്നാണ് ഹൈന്ദവ വീക്ഷണം എന്ന പൊതുധാരണയെ പ്രശ്‌നവല്‍കരിക്കുന്ന തരത്തില്‍ ഏകനായ പ്രപഞ്ചനാഥനെക്കുറിച്ച് ഉദ്‌ഘോഷിക്കുകയും ബഹുദൈവോപാസന നിരോധിക്കുകയും ചെയ്യുന്ന വചനങ്ങള്‍ വേദങ്ങളിലും വേദസംബന്ധമായ ഋഷി ചര്‍ച്ചകളെന്ന് വിചാരിക്കപ്പെടുന്ന ഉപനിഷത്തുകളിലും ധാരാളം ഉണ്ടെന്നതാണ് വാസ്തവം. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ള ഒരു മഹാ വേദപണ്ഡിതന് ബഹുദൈവാരാധന ഹിന്ദുമതത്തിന്‍െ പേരില്‍ സാര്‍വത്രികമായിത്തീര്‍ന്ന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും അതിനെതിരെയുള്ള പോരാട്ടത്തില്‍ അനേകം വേദ-ഉപനിഷദ് വചനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ വൈദിക ആര്യന്‍മാര്‍ക്കിടയില്‍ ഏകദൈവവിശ്വാസത്തിന്റെ സ്വാധീനം നിലനിന്നിരുന്നുവെന്നും അത് ചതുര്‍വേദങ്ങളില്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ബഹുദൈവത്വം മുഖ്യധാരാ ഹൈന്ദവതയുടെ ആദര്‍ശമാണെന്നിരിക്കെതന്നെ, ഹൈന്ദവ ദര്‍ശനം ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ മഹത്തായ പ്രഘോഷണങ്ങള്‍കൊണ്ട് സമൃദ്ധമാണ് എന്നര്‍ഥം. വേദരചനക്ക് മുന്‍പ് ഭാരതത്തില്‍ ഏകദൈവവിശ്വാസം നിലനിന്നതിന്റെ ചൂണ്ടുപലകകളാണവ. വേദങ്ങളുടെ രചന നടക്കുന്നത് ആര്യാഗമനത്തിനുശേഷമാണ്. ഭാരതത്തിലെ ആദിമ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏകൈദവവിശ്വാസം നിലനിന്നിരുന്നതുകൊണ്ടാണ് അതിന്റെ സ്വാധീനം ആര്യാഗമനത്തിനുശേഷം രചിക്കപ്പെട്ട വേദങ്ങളിലും പ്രതിഫലിക്കുന്നത് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന യജുര്‍വേദ, അഥര്‍വവേദ വചനങ്ങളും (ശുക്ല യജുര്‍വേദം 17:18, കൃഷ്ണ യജുര്‍വേദം 4:6-9, അഥര്‍വവേദം 13:5:14-21) ബ്രഹ്മം കണ്ണുകൊണ്ടു കാണാനോ കാതുകൊണ്ട് കേള്‍ക്കാനോ കഴിയാത്ത, എന്നാല്‍ കണ്ണിനു കാഴ്ചശക്തിയും കാതിന് കേള്‍വിശക്തിയും നല്‍കുന്ന ഇന്ദ്രീയാതീതനാണ് എന്ന് പഠിപ്പിക്കുന്ന കേനോപനിഷദ് സൂക്തവും (1:6,7 – യച്ച ക്ഷുശാന പശ്യതി യേന ചഷ്ഷ്യം ഷി പശ്യതി/ തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിയദ മുപാസതേ/ യത് ശ്രോത്രേണ ന ശ്രുണോതി യേന ശ്രോത്രമിദം ശ്രുതം/തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദ മുപാസതേ) ബഹുദൈവാരാധന പാപമാണെന്ന് വ്യക്തമാക്കുന്ന ഈശാവാസ്യവചനവും (12 – അന്ധം തമഃ പ്രവിശന്തിയേ സംഭൂതിമുപാസതേ) കണ്ടില്ലെന്ന് നടിക്കുകയാണ് സാധാരണയായി ഹിന്ദുമതം ബഹുദൈവാരാധനക്കെതിരല്ലെന്ന് പറയുന്നവര്‍ ചെയ്യാറുള്ളത്. പ്രപഞ്ചസ്രഷ്ടാവായ ഏകദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മാവ്, വിരാട്പുരുഷന്‍ തുടങ്ങിയ നാമങ്ങളില്‍ പരിചയപ്പെടുത്തുന്ന ഋഗ്വേദ സൂക്തങ്ങളുണ്ട്. ഹിരണ്യഗര്‍ഭനെ ഋഗ്വേദം പരിചയപ്പെടുത്തുന്നത് കാണുക:

 

”ഹിരണ്യ ഗര്‍ഭഃ സമവര്‍ത്തതാഗ്രേ

 

ഭൂതസ്യ ജാതഃ പരിരേക ആസീത്

 

സാദാധാര പൃഥി വീര ദ്യാമുതേമാം

 

കസ്‌മൈ ദേവായ ഹവിഷാ വിധേമ”

 

(ഋഗ്വേദം 10 : 121 : 1)

 

(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയേയും സ്വര്‍ഗത്തെയും അതത് സ്ഥാനത്ത് സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ കല്‍പനകള്‍ അനുസരിക്കുന്നു. അതുകൊണ്ട് അവനുമാത്രം ഹവിസ്സര്‍പ്പിക്കുക.)

 

ആദിയും അന്തവുമില്ലാത്ത ഹിരണ്യഗര്‍ഭനുമാത്രം ഹവിസ്സര്‍പ്പിക്കാനാണ് ഋഗ്വേദം കല്‍പ്പിക്കുന്നത്. ഋഗ്വേദത്തിലെ മറ്റ് സൂക്തങ്ങളില്‍ ഹിരണ്യഗര്‍ഭന്റെ സ്വഭാവമുള്ളവരായി വിശ്വകര്‍മ്മാവിനെയും (10 : 81 : 1) വിരാട്പുരുഷനെയും (10 : 90 : 2) വാഴ്ത്തിയതായി കാണാം. സമാനസ്വഭാവങ്ങളില്‍ നിന്ന് ഋഗ്വേദത്തില്‍ ഏകദൈവത്തിന്റെ വിവിധ നാമങ്ങളാണ് പ്രജാപതി, ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ് എന്നവയെന്ന് കരുതാം.

 

ശുദ്ധമായ ഏകദൈവാധ്യാപനങ്ങള്‍ വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ലെങ്കിലും ഏകദൈവ വിശ്വാസം ആധുനിക ഹിന്ദുക്കള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാതായിരിക്കുന്നു. ബഹുദൈവവിശ്വാസം അത്രമാത്രം അവരുടെ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നി ചില്ലകളില്‍ പടര്‍ന്നു പന്തലിച്ചത് സുദീര്‍ഘമായ ചരിത്രമുള്ള വിശ്വാസവ്യതിയാനങ്ങളിലൂടെയാണ്. ഏകദൈവത്തിനുപകരം ത്രിമൂര്‍ത്തികളും ത്രിദേവികളും അമ്മദൈവങ്ങളും ഇവയുടെയെല്ലാം വിഗ്രഹങ്ങളും പ്രതിഷ്ഠിക്കപ്പെട്ടത് കാലാനുസാരത്തിലാണ്. കേരളത്തില്‍ ഇപ്പോള്‍ പല രീതിയിലുള്ള ക്ഷേത്രോത്സവങ്ങളുടെ കാലമാണ്. ‘ജനകീയ ഹിന്ദുമത’ത്തില്‍ ഇപ്പറഞ്ഞ ബഹുദൈവ പ്രതിഷ്ഠകള്‍ എന്തുമാത്രം വിശുദ്ധമായി സ്വീകരിക്കപ്പെടുന്നു എന്നവ വ്യക്തമാക്കുന്നുണ്ട്. വേദോപനിഷത്തുക്കളില്‍ തന്നെ ഏകദൈവവിശ്വാസത്തില്‍ നിന്ന് ബഹുദൈവാരാധനയിലേക്കുള്ള ഈ വഴിതെറ്റലിന്റെ സൂചനകളുണ്ട്. വേദസംഹിതകളില്‍ അനേകം ദേവന്‍മാരെ സ്തുതിക്കുകയും വിളിച്ചുപ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വചനങ്ങളുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. വിശേഷിച്ചും പ്രകൃതിശക്തികളെ ദേവവല്‍കരിച്ച് പൂജിക്കുവാനുള്ള ത്വര വേദങ്ങളില്‍ ധാരാളമായി കാണാം. പ്രവാചകന്‍മാര്‍ പഠിപ്പിച്ച ഏകദൈവാരാധനയില്‍നിന്ന് പ്രകൃതിപൂജയിലേക്കും ദേവപൂജയിലേക്കും ആര്യന്‍മാര്‍ വഴുതിമാറിത്തുടങ്ങിയ സമയത്തായിരിക്കണം വേദങ്ങളുടെ രചന നടന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രകൃതിശക്തികളോടൊപ്പം, മലക്കുകളെയും മഹാത്മാക്കളെയുമെല്ലാം പില്‍കാലത്ത് ദേവന്മാരായി സങ്കല്‍പിച്ച് പൂജാകര്‍മങ്ങളാരംഭിച്ചിരിക്കാനും സാധ്യതയുണ്ട്. ആദ്യത്തെ വേദമെന്ന നിലയില്‍ ഋഗ്വേദത്തിലാണ് ഈ പരിണാമത്തിന്റെ ചിത്രം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത്. ഇന്ദ്രന്‍, വരുണന്‍, അഗ്്‌നി തുടങ്ങിയവരാണ് ആര്യന്‍മാര്‍ പ്രപഞ്ചനാഥന് പുറമെ ഉപാസിച്ചിരുന്നുവെന്ന് ഋഗ്വേദം വ്യക്തമാക്കുന്ന പ്രധാന ‘ദൈവങ്ങള്‍.’ എന്നാല്‍ ഋഗ്വേദീയ ബഹുദൈവാരാധനയില്‍ ആദ്യഘട്ടത്തില്‍ വിഗ്രഹപൂജക്ക് ഇടമുണ്ടായിരുന്നില്ല എന്നാണ് ചരിത്രപണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നത്. വേദകാലഘട്ടത്തില്‍ ആര്യന്‍മാര്‍ വിഗ്രഹാരാധനയെക്കുറിച്ച്ചിന്തിച്ചിരുന്നില്ലെന്ന് റൊമിലാ ഥാപ്പര്‍ സൂചിപ്പിക്കുന്നുണ്ട്. ബഹുദൈവാരാധനക്ക് പഴുത് നല്‍കിയ കാലഘട്ടത്തിലും ആര്യന്‍മാര്‍ വിഗ്രഹാരാധനക്ക് മുതിര്‍ന്നിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ധര്‍മസംസ്ഥാപകരുടെ ഉപദേശങ്ങള്‍ ലോപിച്ച് ബഹുദൈവാരാധന സാര്‍വത്രികമാവുകയും അതുംകഴിഞ്ഞ് കുറേ കാലത്തിനുശേഷം വിഗ്രഹാരാധന ന്യായീകരിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാവുകയും ചെയ്തതുമുതല്‍ക്കാണ് മൂര്‍ത്തീപൂജ ഹൈന്ദവ സമാജത്തില്‍ വ്യാപകമായത് എന്ന വസ്തുതയെ കാര്യഗൗരവത്തോടുകൂടി അഭിമുഖീകരിക്കാന്‍ എത്ര പണ്ഡിതന്മാര്‍ ഇന്ന് സന്നദ്ധമാകുന്നുണ്ട്?

 

വിഗ്രഹാരാധനപോലെത്തന്നെ, ആധുനിക ഹിന്ദു ബഹുദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായ ത്രിമൂര്‍ത്തിപൂജയും വേദങ്ങള്‍ക്കന്യമാണെന്ന കാര്യം പ്രത്യേകം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അതിനനുബന്ധമായി രൂപം കൊണ്ട മറ്റു അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അവൈദികമാണെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ത്രിമൂര്‍ത്തികളില്‍ ഏറ്റവുമധികം ലബ്ധപ്രതിഷ്ഠനായ വിഷ്ണുവിന്റെ മുഖം പോലം ആധുനിക ഹൈന്ദവര്‍ സങ്കല്‍പിക്കുന്ന തരത്തില്‍ വേദങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയില്ല. വിഷ്ണുവാണ് പ്രപഞ്ചപരിപാലകനും പരമോന്നതനുമായ ദൈവവമെന്ന വൈഷ്ണവ ധാരണ, വേദങ്ങളുടെ വീക്ഷണത്തില്‍ ഒരു തെറ്റുധാരണ മാത്രമാണ്. വിഷ്ണുവാണ് പ്രപഞ്ചപരിപാലകന്‍ എന്ന ആശയം പോയിട്ട്, വിഷ്ണുവാണ് ദേവന്‍മാരുടെ കൂട്ടത്തിലെ ഉന്നതന്‍ എന്നുപോലും ഋഗ്വേദം അംഗീകരിക്കുന്നില്ല. ഋഗ്വേദത്തില്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു ദേവനാണ് വിഷ്ണു. ഇന്ദ്രന്‍ മുഖ്യദേവനായ ഋഗ്വേദ സംഹിതയില്‍ സ്വാഭാവികമായും ഇന്ദ്രന് എത്രയോ താഴെയാണ് അപ്രധാന ദൈവമായ വിഷ്ണുവിന്റെ സ്ഥാനം. ഋഗ്വേദ രചന നടക്കുന്ന കാലത്ത് വിഷ്ണു എന്ന പേരില്‍ ഒരു ‘ദൈവം’ അപൂര്‍വമായി ആരൊക്കെയാലോ ആരാധിക്കപ്പെട്ടിരുന്നുവെന്ന് മാത്രമാണ് ഋഗ്വേദം വ്യക്തമാക്കുന്നത്. ഒരു ‘ചെറിയ’ ദൈവം എന്നല്ലാതെ, ദൈവങ്ങളുടെ കൂട്ടത്തിലെ ഉന്നതനെന്നോ പ്രപഞ്ചപരിപാലകനെന്നോ ഒന്നും ഋഗ്വേദ ആര്യന്‍മാര്‍ വിഷ്ണുവിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. ഋഗ്വേദിയ ദൈവ സങ്കല്‍പത്തെ അപഗ്രഥിച്ചിട്ടുള്ള ഗവേഷകരെല്ലാം അവിതര്‍ക്കിതമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു വസ്തുതയാണിത്. വിഷ്ണുവിന് ഋഗ്വേദത്തിലെ ദൈവശ്രേണിയില്‍ ‘ആപേക്ഷികമായി താണ സ്ഥാനം’ (comparatively subordinate position) മാത്രമാണുണ്ടായിരുന്നത് എന്ന് വിഷ്ണുവാരാധനയുടെ ചരിത്രം സ്തുത്യര്‍ഹമായ രീതിയില്‍ വിശദവും ഗവേഷണാത്മകവുമായി രേഖപ്പെടുത്തിയിട്ടുള്ള പ്രഗല്‍ഭ ബ്രിട്ടീഷ് കാല ഇന്‍ഡ്യന്‍ പണ്ഡിതന്‍ ആര്‍. ജി. ഭണ്ഡാര്‍ക്കര്‍ സൂചിപ്പിക്കുവാനുള്ള കാരണമിതാണ്.

 

വിഷ്ണുവിനെ പരമോന്നതനായ ദേവനായോ ആരാധ്യനായോ പ്രപഞ്ചപരിപാലകനായോ വൈദിക ആര്യന്‍മാര്‍ അംഗീകരിച്ചിരുന്നില്ല എന്നതുകൊണ്ടുതന്നെ വിഷ്ണുവിന്റെ അവതാരമായി ഭൂമിയിലേക്കു കടന്നുവന്ന ‘ദശാവതാരങ്ങളെയും’ അവര്‍ക്ക് സ്വാഭാവികമായും പരിചയമുണ്ടായിരുന്നില്ല. ഹിന്ദുധര്‍മത്തിന്റെ പ്രമാണങ്ങളില്‍ വെച്ച് ഏറ്റവും ആധികാരികവും വിശുദ്ധവുമെന്ന് പറയപ്പെടുന്ന ചതുര്‍വേദങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമാണ് ദൈവത്തെ അവതാരരൂപത്തില്‍ ആരാധിക്കുന്ന സമ്പ്രദായം. ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്ക് വരുന്നു എന്ന സങ്കല്‍പം ചതുര്‍വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും മുന്നോട്ടുവെക്കുന്നില്ല. വേദകാലഘട്ടത്തില്‍ നിലനിന്നിരുന്നിട്ടില്ലാത്ത ഒരു സങ്കല്‍പത്തിന്റെ അടിത്തറയിലാണ് ആധുനിക ഹൈന്ദവതയുടെ മുഖമുദ്രയായ ‘അവതാരഭക്തി’ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് എന്ന കാര്യം എന്തുമാത്രം ജുഗുപ്‌സാവഹമല്ല!

 

യഥാര്‍ഥത്തില്‍ സമകാലീന ഹൈന്ദവ ബഹുദൈവപജയ്ക്ക് അടിത്തറയാകുന്ന ആശയങ്ങളില്‍ പലതിനും തെളിവുകാണുന്നത് പുരാണങ്ങളിലാണ്. വേദകാലഘട്ടത്തിനുശേഷം ആര്യന്‍മാരിലുണ്ടായ വിശ്വാസ-ആചാര മാറ്റങ്ങളെയാണ് വേദങ്ങളെക്കാള്‍ ജനകീയ സ്വഭാവമുള്ള പില്‍കാല ഹൈന്ദവ രചനകളായ പുരാണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ആധുനിക ഹൈന്ദവര്‍ക്ക് ചിരപരിചിതരായ ശിവനും വിഷ്ണുവും ബ്രഹ്മാവും ഹിന്ദുമതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് വരുന്നത് പുരാണകാലഘട്ടത്തിലാണ്. ശിവനെയും ബ്രഹ്മാവിനെയും വിഷ്ണുവിനെയും കോര്‍ത്തിണക്കുന്ന ത്രിമൂര്‍ത്തി സങ്കല്‍പം ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ നിലവില്‍ വന്നിരുന്നുവെങ്കിലും പില്‍കാലത്ത് ശിവനെ മാത്രമോ വിഷ്ണുവിനെ മാത്രമോ പരമോന്നതനായ ഏകദൈവമായി പ്രതിഷ്ഠിക്കുവാനുള്ള അതിശക്തമായ പരിശ്രമങ്ങളുണ്ടായി. യഥാക്രമം ശൈവമതവും വൈഷ്ണവ മതവും പിറക്കുന്നതങ്ങനെയാണ്. ഈ മതങ്ങള്‍ പരസ്പരം കലഹിച്ചുകൊണ്ടാണ് വളര്‍ന്നുവന്നത്. ചരിത്രത്തിന്റെ ഒഴുക്കില്‍ ഈ കലഹത്തില്‍ പിടിച്ചുനിന്നത് വൈഷ്ണവമതമായിരുന്നുവെന്ന് പറയാം. വൈഷ്ണവമതം തന്നെയാണ് സനാതന ധര്‍മം എന്ന് തെറ്റുധരിക്കുന്നേടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതങ്ങനെയാണ്. ദശാവതാര സങ്കല്‍പം വഴി വൈഷ്ണവ മതം ജനകീയമാവുകയും വിഷ്ണുവിന്റെ അവതാരങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പുരാണങ്ങള്‍ വിരചിതമാവുകയും ചെയ്തു. വിഗ്രഹാരാധന ഭാരതത്തില്‍ വ്യാപകമായിത്തീര്‍ന്നതും പുരാണങ്ങളുടെ രചന നടക്കുന്ന കാലഘട്ടത്തിലാണ്. പണ്ഡിതന്‍മാര്‍ പൊതുവില്‍ നിര്‍വിവാദം അംഗീകരിക്കുന്ന കാര്യങ്ങളാണിവയെല്ലാം. വിഷ്ണുവിനും ശിവനും ലഭിച്ച പ്രാമുഖ്യം വേദദൈവങ്ങളില്‍നിന്ന് പുരാണദൈവങ്ങളിലേക്ക് ഭാരതീയര്‍ കൂടുമാറിയതിന്റെ സൂചനയാണെന്നാണ് റൊമില ഥാപ്പര്‍ നിരീക്ഷിച്ചിട്ടുള്ളത്. വേദകാലഘട്ടത്തില്‍ പ്രചാരത്തിലില്ലാതിരുന്ന വിഗ്രഹാരാധന മതത്തിന്റെ ഒരു സുപ്രധാന സവിശേഷതയായി മാറിയത് പുരാണങ്ങള്‍ക്ക് പ്രാമുഖ്യം കൈവന്നതോടെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിഷ്ണുവിനെ പരമോന്നതനാക്കിയത് വേദങ്ങളല്ല, പ്രത്യുത പത്മപുരാണവും വിഷ്ണുപുരാണവും മത്സ്യപുരാണവും ഭാഗവതപുരാണവുമെല്ലാമാണെന്നാണ് വില്‍കിന്‍സ് എഴുതിയത്. ആര്‍. ജി. ഭണ്ഡാര്‍ക്കറും ഇതേ വീക്ഷണം തന്നെയാണ് പങ്കുവെക്കുന്നത്. ആധുനിക ഹൈന്ദവത കടപ്പെട്ടിരിക്കുന്നത് വേദങ്ങളോടല്ല, പ്രത്യുത പുരാണങ്ങളോടാണ് എന്നത്രെ ഇതെല്ലാം വ്യക്തമാക്കുന്നത്.

 

ഹിന്ദുക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനം സിദ്ധിച്ച ഒന്നാണ് ദേവീപൂജാ സമ്പ്രദായം. കാര്‍ഷിക സമൂഹങ്ങളിലെ ഉര്‍വരതാ വിശ്വാസവുമായി ബന്ധപ്പെട്ടാണ് മാതൃദേവതകള്‍ ഭാരതത്തില്‍ വളര്‍ന്നുവന്നത്. കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ച ചില പ്രാചീന സമൂഹങ്ങളില്‍ അമ്മദൈവങ്ങളുടെ ആരാധന സാധാരണമായിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിളയുന്നതും മനുഷ്യപ്രജനനവും തമ്മില്‍ ബന്ധമുണ്ടെന്ന മിഥ്യാധാരണയാണ് ഈ സങ്കല്‍പത്തിന്റെ വളര്‍ച്ചക്കാവശ്യമായ പരിസരമൊരുക്കിയത്. ഭൂമിയുടെ ഉര്‍വരതയും സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷിയും സാദൃശ്യത്താല്‍ പരസ്പരം ബന്ധപ്പെട്ടവയാണെന്നായിരുന്നു അവരുടെ വിശ്വാസം. അമ്മദൈവങ്ങളുടെ പ്രീതി കാര്‍ഷികാഭിവൃദ്ധിക്ക് കാരണമാകുമെന്ന വിശ്വാസത്തില്‍ നിന്നാണ് കര്‍ഷക ജനതയ്ക്കിടയില്‍  കണ്ടുവന്ന ആഘോഷങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഉല്‍പത്തി. ഇത്തരം വികലസങ്കല്‍പങ്ങളില്‍ നിന്നുതന്നെയാണ് ഭൂമിയെ ദേവിയായി കരുതാനും പൂജിക്കാനും ആരംഭിക്കുന്നത്.

 

മാതുരാരാധനയെ ഉപജീവിച്ചുകൊണ്ട് അതിന്റെ തണലില്‍ വളര്‍ന്നുവന്നതാണ് ശാക്തമതം. പ്രബല ഹൈന്ദവമതങ്ങളായ വൈഷ്ണവമതം, ശൈവമതം, ഗാണപത്യമതം എന്നിവയോടൊപ്പം ഗണിക്കപ്പെടുന്നതാണ് ശാക്തമതം. വൈഷ്ണവമതവും ശൈവമതവും സര്‍വാധികാരികളായ പുരുഷദൈവങ്ങളെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ ശാക്തമതം, സര്‍വശക്തിയും കേന്ദ്രീകരിക്കപ്പെട്ട അമ്മദൈവത്തിന്റെ സര്‍വാധിപത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വൈദിക കാലഘട്ടത്തിലെ പുരുഷദൈവങ്ങള്‍ക്ക് സമാന്തരമായാണ് ദേവതകളുടെ വളര്‍ച്ച ചരിത്രത്തില്‍ നടക്കുന്നത്. ശൈവമതം ലിംഗപൂജ മഹത്വപ്പെടുത്തിയെങ്കില്‍ ശാക്തമതം യോനീപൂജ അതിന്റെ അടയാളമാക്കിക്കഴിഞ്ഞിരുന്നു.

 

ത്രിമൂര്‍ത്തി സങ്കല്‍പത്തില്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ മൂന്ന് പുരുഷദൈവങ്ങളുടെ ചുമതലയാണെങ്കില്‍ മൂന്നും കൈകാര്യം ചെയ്യാന്‍ ശക്തി മാത്രം മതി എന്നാണ് ശാക്തമതം. എന്നാല്‍ ശാക്തമതം പുരുഷദൈവത്തെ നിരാകരിക്കുന്നില്ല. പുരുഷ,സ്ത്രീ ദൈവങ്ങളുടെ ഒന്നിച്ചുചേരല്‍ വഴിയാണ് ഇരുൈദവങ്ങള്‍ക്കും ശക്തി ലഭിക്കുന്നത്. ശക്തിയുമായി ചേരുമ്പോള്‍ ശിവന് ശക്തി കൈവരുന്നു. ശക്തിയുമായി പിരിയുമ്പോള്‍ ശിവന്‍ അശക്തനാകുന്നു. എന്നാല്‍ സ്ത്രീദൈവത്തിനുതന്നെയാണ് ആധിപത്യം എന്നുമാത്രം.  പുരുഷദൈവമതങ്ങളും സ്ത്രീദൈവമതങ്ങളും തമ്മില്‍ രൂപപ്പെട്ട ഭിന്നതക്കിടയിലാണ് ശാക്തിക മതത്തില്‍ ആഴത്തില്‍ വേരൂന്നിയ താന്ത്രികമതത്തിന്റെ പിറവി.

 

താന്ത്രികമതം രൂപമെടുക്കുന്നത് ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ്. മനസ്സ് അഥവാ ബോധമണ്ഡലത്തെ ശിവനായും, ശരീരം അഥവാ ദ്രവ്യത്തെ ശക്തിയായിട്ടുമാണ് താന്ത്രികമതം ദര്‍ശിക്കുന്നത്. മോക്ഷത്തിന്റെ മാര്‍ഗം ശിവന്റെയും ശക്തിയുടെയും കുറ്റമറ്റ സംയോഗത്തിലൂടെ അഥവാ മനസ്സിന്റെയും ശരീരത്തിന്റെയും ഏകീകരണത്തിലൂടെയാണെന്നാണ് താന്ത്രിക മതം. താന്ത്രിക മതപ്രകാരം മനുഷ്യശരീരത്തില്‍ ഏഴ് ഊര്‍ജ്ജ കേന്ദ്രങ്ങളുണ്ട്. ചക്ര എന്ന് വിളിക്കപ്പെടുന്ന ഇവ സുഷുമ്‌നാ നാഡിയില്‍ സ്ഥിതി ചെയ്യുന്നു. തല മുതല്‍ നട്ടെല്ലിന്റെ അവസാന കശേരുവരെയായി കിടക്കുന്ന ഇവ ഏഴ് താമരകളായാണ് താന്ത്രിക വ്യവഹാരങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നത്. സുഷുമ്‌ന നാഡിയില്‍ വിതാനിച്ചിരിക്കുന്ന താമരകളിലെ ആറെണ്ണവും ശക്തി അഥവാ ദ്രവ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. മസ്തിഷ്‌കത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴാമത്തെ പത്മം ശിവനെ അഥവാ മനസ്സിനെ പ്രതിനിധീകരിക്കുന്നു. ശരീരത്തിലെ പുരുഷശക്തി കേന്ദ്രീകരിച്ചിരിക്കുന്ന ഏഴാമത്തെ താമര, ആയിരം ഇതളുകളോടുകൂടിയതാണ്.  ഇതിനെയാണ് സഹസ്രചക്ര എന്നുവിളിക്കുന്നത്. ശരീരത്തിന് താഴെ സര്‍പ്പസമാനം ചുരുണ്ടുകിടക്കുന്ന സ്ത്രീശക്തിയായ കുണ്ഡിലിനിയെ താന്ത്രികന്‍മാര്‍ ഉണര്‍ത്തി ഉത്തേജിപ്പിച്ച് സഹസ്രചക്രയിലെത്തിക്കുന്നു, മനസ്സും ശരീരവും ഒന്നിക്കുന്നു, ശിവനും ശക്തിയും ഒന്നാകുന്നു! തീര്‍ത്തും ശാസ്ത്രവിരുദ്ധവും അടിസ്ഥാനരഹിതവുമായ ഈ ആശയത്തെ ആദര്‍ശവല്‍ക്കരിച്ച് രതിമൂര്‍ഛ പ്രാപിക്കാനുള്ള മാര്‍ഗമായിട്ടുകൂടിയാണ് അവതരിപ്പിക്കുന്നത്. താന്ത്രിക മതത്തിലെ ഒരുപാട് ആചാരങ്ങള്‍ ജന്മമെടുത്തത് ശാക്തമതത്തില്‍ നിന്നാണ്. ഇതിനുദാഹരണമാണ് യോനീപൂജ.  H 12

 

താന്ത്രികമതം ലൈംഗിക പ്രധാനങ്ങളായ നിരവധി ആചാരങ്ങള്‍ക്ക് രൂപം നല്‍കി. നടേ സൂചിപ്പിച്ച ഉര്‍വരതാ പരികല്‍പനയുടെ സ്വാധീനം താന്ത്രിക ദര്‍ശനത്തില്‍ ശക്തമാണ്. കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി ചെയ്യുന്ന പൂജകള്‍ സഫലമാകണമെങ്കില്‍ പൂജാരികള്‍ സ്ത്രീകളാകണമെന്നും അല്ലെങ്കില്‍ സ്‌ത്രൈണഭാവം കൈവരിക്കുകയെങ്കിലും വേണമെന്നും ഒരു ധാരണ ഇവര്‍ക്കിടയിലുണ്ട്. ഇങ്ങനെ സ്‌ത്രൈണഭാവം പ്രാപിക്കുന്നതിനുള്ള മാര്‍ഗമാണ് വാമാചാരം. താന്ത്രിക മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ പഞ്ചമകാരങ്ങള്‍ ശീലിക്കലും കുലസ്ത്രീയെ പൂജിക്കലുമാണ് വാമാചാരം. മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം; ഇവയാണ് പഞ്ചമകാരങ്ങള്‍. മദ്യത്തെയും മൈഥുനത്തെയും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി അവതരിപ്പിക്കുന്ന താന്ത്രിക ദര്‍ശനത്തിന്റെ സാന്മാര്‍ഗികമുഖം എത്രമാത്രം വികൃതമാണെന്നോര്‍ക്കുക! രതിവൈകൃതങ്ങളുടെ സമ്മേളനമായ നിരവധി ചടങ്ങുകളുണ്ട് താന്ത്രികമതത്തില്‍. രതിയാണ് മോക്ഷത്തിന്റെ മാര്‍ഗമെന്ന് ധരിച്ച ഈ വിഭാഗത്തില്‍ സംഘരതി ഒരു പ്രധാന ആചാരമായിരുന്നു. താന്ത്രികപൂജയില്‍ ഏര്‍പ്പെടുന്നവരില്‍ തുല്യ എണ്ണം സ്ത്രീ പുരുഷന്‍മാരുണ്ടാകും. പൂജിക്കപ്പെടുന്ന ദേവതയുടെ രേഖാചിത്രം നിലത്തുവരച്ച് ഭക്തന്‍മാര്‍ ചുറ്റുമിരിക്കുന്നു. വിവസ്ത്രരാകുന്ന സ്ത്രീകള്‍ തങ്ങളുടെ വസ്ത്രം ഒരു മണ്‍കലത്തില്‍ നിക്ഷേപിക്കുന്നു.  ഓരോ പുരുഷനും അതില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന വസ്ത്രത്തിന്റെ ഉടമയുമായി സന്ധ്യാനേരത്ത് ബന്ധപ്പെടുന്നു; അവള്‍ അമ്മയോ, സഹോദരിയോ, മകളോ ആരുമാകട്ടെ! ഇതാണ് താന്ത്രികമതത്തിന്റെ മോക്ഷമാര്‍ഗം. ഇത്തരം ആചാരങ്ങള്‍ ഉര്‍വരതാ പരികല്‍പനയില്‍ നിന്ന് അനന്തരമെടുത്തതാണ്. മനുഷ്യരുടെ മൈഥുനം സസ്യങ്ങളുടെ പ്രജനനത്തെ സഹായിക്കുമെന്നായിരുന്നു കര്‍ഷകജനതയുടെ വിശ്വാസം. ലോകത്തിന്റെ പല ഭാഗത്തും കൃഷിയേയും മൈഥുനത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആചാരങ്ങള്‍ ആദിവാസികള്‍ക്കിടയിലുമുണ്ടായിരുന്നു. അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയിലും, ഇന്‍ഡോനേഷ്യയിലും ജര്‍മനിയിലും കൊയ്ത്തുകാലവുമായി ബന്ധപ്പെട്ട് സ്ത്രീപുരുഷന്‍മാര്‍ വേഴ്ചയിലേര്‍പെട്ടതായി ചരിത്രകാരന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്. താന്ത്രികമതത്തിലെ പഞ്ചമകാരത്തില്‍പ്പെട്ട ‘മൈഥുന’ത്തിന്റെ ഉത്ഭവം ഇങ്ങനെയാകാമെന്ന് കരുതപ്പെടുന്നു.

 

ഹിന്ദുമതത്തിലെ ത്രിമൂര്‍ത്തി സങ്കല്‍പത്തിന് സമാന്തരമായി രൂപപ്പെട്ടതാണ് ത്രിദേവി സങ്കല്‍പം. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ ഭാര്യമാരായി യഥാക്രമം സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവരെയാണ് ത്രിദേവി സങ്കല്‍പം അവതരിപ്പിക്കുന്നത്. ബ്രഹ്മാവിന്റെ പത്‌നിയായ സരസ്വതി വിദ്യയുടെയും വിവേകത്തിന്റെയും ദേവിയാണ്. ഋഗ്വേദത്തില്‍ നദീദേവതയായി പരാമര്‍ശിക്കപ്പെടുന്ന സരസ്വതി വിദ്യയുടെ ദേവിയായാണ് പില്‍ക്കാലത്ത് പ്രസിദ്ധി നേടിയത്. നദീദേവതയില്‍ നിന്ന് വാക്കിന്റെ ദേവതയായും തുടര്‍ന്ന് ജ്ഞാനത്തിന്റെ ദേവിയായും പരിണമിച്ചു. ധന്യതയുടെ പ്രതീകമായിട്ടാണ് ശ്രീലക്ഷ്മിയെ കാണുന്നത്. സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ദേവതയായതിനാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ ദേവത എന്നതില്‍ കവിഞ്ഞ ജനപ്രിയത ലക്ഷ്മിക്കുണ്ടായി. ശക്തിയുടെ അവതാരമായാണ് പാര്‍വതി പൂജിക്കപ്പെടുന്നത്.

 

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ അയോധ്യ ഭരിച്ചു എന്നും ശത്രുരാജാവായ രാവണന്‍ എന്ന പത്തു തലയുണ്ടായിരുന്ന രാക്ഷസന്‍ അദ്ദേഹത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നുവെന്നും അതില്‍ രാമന്‍ രാവണനെ വധിച്ചുവെന്നുമുള്ള രാമായണ ഭാവനയാണ് വിജയദശമി ദിനാചരണത്തിനു പിന്നിലുള്ള പ്രധാനപ്പെട്ട മിത്ത്്. ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയായും ഉത്തരേന്ത്യയില്‍ നവരാത്രിയായും കര്‍ണാടകയിലും മറ്റും ദശറയായുമെല്ലാം ആഘോഷിക്കപ്പെടുന്നത് രാമവിജയം തന്നെയാണ്. ഒന്‍പതുരാത്രികളും (‘നവ’രാത്രി) പത്തു പകലും നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. ആഘോഷത്തിന്റെ സമാപനമായ പത്താം ദിവസമാണ് വിജയദശമിയായി കൊണ്ടാടപ്പെടുന്നത്. രാമന്‍ രാവണനുമേല്‍ നേടിയ വിജയത്തോടൊപ്പം, ദുര്‍ഗാദേവി (ശിവപത്‌നിയായ പാര്‍വതി) മഹിഷാസുരനുമേല്‍ നേടിയ വിജയം കൂടിയാണ് നവരാത്രികളുടെ പ്രമേയം. അസുരനേതാവായിരുന്ന മഹിഷാസുരന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരങ്ങളുടെ ബലത്തില്‍ ദേവലോകത്തിനെതിരെ പടനയിക്കുകയും ദേവേന്ദ്രനെ പരാജയപ്പെടുത്തുകയും ചെയ്തപ്പോള്‍ നിസ്സഹായരായിത്തീര്‍ന്ന ദേവന്‍മാരെ രക്ഷപ്പെടുത്താന്‍ പാര്‍വതി മഹിഷാസുരനും സഹകാരികള്‍ക്കും മേല്‍ സംഹാരതാണ്ഡവമാടി ദേവലോകത്തിന്റെ നിയന്ത്രണം ഇന്ദ്രനെ തിരികെയേല്‍പ്പിച്ചുവെന്നാണ് ഐതിഹ്യം. മഹിഷാസുരമര്‍ദിനിയായി ഉറഞ്ഞുതുള്ളുന്ന ദുര്‍ഗ എന്ന സങ്കല്‍പ്പം ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ പ്രചുരപ്രചാരമാര്‍ജിച്ചതാണ്. ശ്രീരാമന്‍ രാവണനെതിരെ പോരാടിയത് ദുര്‍ഗയെ വന്ദിച്ച ശേഷമാണെന്നും മഹിഷാസുരനെ തറപറ്റിച്ച ദുര്‍ഗാദേവിയുടെ അനുഗ്രഹത്തിന്റെ കൂടി ബലത്തിലാണ് ദുര്‍ഗാശക്തി പൂജിക്കപ്പെടുന്ന വിജയദശമി ദിനത്തില്‍ രാമന്‍ രാവണനെ കീഴടക്കിയതെന്നും അഭിപ്രായമുണ്ട്. നവരാത്രി ആഘോഷത്തിന്റെ ഇതിവൃത്തമായി രാമവിജയത്തിന്റെയും ദുര്‍ഗാവിജയത്തിന്റെയും കഥകള്‍ ഒരേ സമയം നിലനില്‍ക്കുന്നത് ഇവയെ സമന്വയിപ്പിക്കുന്ന ഈ വ്യാഖ്യാനത്തിന്റെ തണലിലാണെന്ന് തോന്നുന്നു.

 

പാര്‍വതീവിജയം അനുസ്മരിക്കുന്ന നവരാത്രികള്‍, ത്രിദേവി സങ്കല്‍പത്തിന്റെ വെളിച്ചത്തില്‍ മൂന്നു ദേവതകള്‍ക്കും ഉപാസനകളര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യത്തെ മൂന്നു ദിനങ്ങളില്‍ പാര്‍വതിയെയും തൊട്ടടുത്തുള്ള മൂന്നു ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാന മൂന്നില്‍ സരസ്വതിയെയും ആരാധിക്കുകയാണ് പരമ്പരാഗത രീതി. അക്ഷരവിദ്യയുടെ ദേവിയായി പരിഗണിക്കപ്പെടുന്ന സരസ്വതി പൂജയുടെ ഭാഗമായി എട്ടാം ദിനം (അഷ്ടമി) പുസ്തകങ്ങളും മറ്റും പൂജയ്ക്കുവെക്കുന്നു. ഒന്‍പതാം ദിവസം (നവമി) കടന്ന് ആഘോഷം സമാപിക്കുന്നു. വിജയദശമി ദിനത്തില്‍ അവ തിരിച്ചെടുക്കുകയും സരസ്വതി വന്ദനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയും ചെയ്യുന്നു. കുഞ്ഞ് അറിവുള്ളവനായി വളരാന്‍ വേണ്ടി സരസ്വതി ദേവിയുടെ അനുഗ്രഹം തേടുകയാണ് വിദ്യാരംഭം ചടങ്ങിന്റെ അന്തസത്ത. പ്രപഞ്ചസ്രഷ്ടാവല്ലാതെ ശക്തികളോട് അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുള്ള ബഹുദൈവാരാധനയായതിനാലാണ്, സരസ്വതി പ്രസാദം തേടിയുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിന് കുഞ്ഞുങ്ങളെ അയക്കാതിരിക്കാന്‍ മതബോധമുള്ള മുസ്‌ലിംകള്‍ ശ്രദ്ധിക്കുന്നത്.

 

എഴുത്തുനിരുത്തലിനെ ‘ദേശീയ’വും ‘മതേതര’വുമാക്കി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമാക്കുന്നതിനുമുമ്പ് ക്ഷേത്രങ്ങളില്‍ തന്നെയായിരുന്നു കാര്യമായി ഈ ചടങ്ങ് നടന്നിരുന്നത്. ഇപ്പോഴും മൂകാംബിക ക്ഷേത്രങ്ങള്‍ തന്നെയാണ് വിദ്യാരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അരങ്ങുകള്‍. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാല്‍ മൂകാംബികാ ക്ഷേത്രം, എറണാകുളത്തിനടത്തുള്ള പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങിയവയാണ് ഏറ്റവും തിരക്കനുഭവപ്പെടുന്നകേന്ദ്രങ്ങള്‍. പാര്‍വതി തന്നെയാണ് മൂകാംബിക എന്ന പേരില്‍ ഈ ക്ഷേത്രങ്ങളിലുള്ള പ്രതിഷ്ഠ. ആചാര്യന്‍ കുഞ്ഞിനെ മടിയിലിരുത്തി നാവില്‍ സ്വര്‍ണമോതിരം കൊണ്ടോ ചെറിയ സ്വര്‍ണക്കോലുകൊണ്ടോ ‘ഓം ഹരി ശ്രീ ഗണപതയേ നമ:’ എന്നെഴുതുകയും കുഞ്ഞിന്റെ വലതു ചൂണ്ടുവിരല്‍ കൊണ്ട് ഇതേ വാചകം മണലിലോ ധാന്യമണികളിലോ എഴുതിക്കുകയുമാണ് ചെയ്യുന്നത്. സ്വര്‍ണം ഉപയോഗിക്കുന്നത് സരസ്വതി ദേവിയെ സന്തോഷിപ്പിക്കും എന്നാണ് സങ്കല്‍പം. സരസ്വതീ കടാക്ഷത്തിനുവേണ്ടി രക്ഷിതാക്കള്‍ കുഞ്ഞിന്റെ ശരീരത്തില്‍ ചന്ദനവും തേനും വയമ്പുമെല്ലാം തിരുമ്മിക്കൊണ്ടുവരാറുണ്ട്. ഗണപതിയെ സ്തുതിച്ചുകൊണ്ട് ആദ്യാക്ഷരം കുറിക്കുന്നത് കുഞ്ഞിന്റെ ഭാവിജീവിതത്തില്‍ പുരോഗതിക്ക് തടസ്സങ്ങളൊന്നും നേരിടാതിരിക്കാനാണ്. തടസ്സങ്ങള്‍ നീക്കുന്നത് ഗണപതിയാണെന്നാണ് സങ്കല്‍പം (വിഘ്‌നങ്ങളുടെ ദൈവമെന്ന നിലയ്ക്കാണ് ഗണപതി വിഘ്‌നേശ്വരന്‍ എന്നറിയപ്പെടുന്നത്). യഥാര്‍ത്ഥത്തില്‍ ചതുര്‍വേദങ്ങളുടെ പോലും മതസങ്കല്‍പത്തില്‍ നിന്ന് എത്രയോ വിദൂരമാണ് അടിമുടി ബഹുദൈവാരാധനാപരവും അന്ധവിശ്വാസപരവുമായ ഈ സങ്കല്‍പങ്ങളൊക്കെയും. അവ പുരോഗമന കേരളത്തിലെ എല്ലാതരം വിശ്വാസങ്ങളുടെ വക്താക്കളും ഏറ്റെടുക്കണമെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്?

 

ദൈവത്തെ മനുഷ്യനുമായി താദാത്മ്യപ്പെടുത്തി സ്‌ത്രൈണഭാവം നല്‍കി പൂജിക്കുന്നത് തന്നെ ഉര്‍വരതാ പരികല്‍പനയും അതിന്റെ മുകളില്‍ കെട്ടിനിര്‍ത്തപ്പെട്ട ദേവീസങ്കല്‍പവും എന്തുമാത്രം മൂഢമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബഹുദൈവവിശ്വാസം മാനവരാശിയെ എത്രമാത്രം അന്ധമാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഹൈന്ദവ ദേവീപജയുടെ പരിണാമചരിത്രം. ദൈവിക മാര്‍ഗദര്‍ശനവുമായി പ്രവാചകന്‍മാര്‍ എല്ലാ സമുദായങ്ങളിലേക്കും കടന്നുവന്നിട്ടുണ്ട് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്(16: 36). പ്രവാചക പ്രബോധനങ്ങളിലെ മഹിതമായ ആദര്‍ശം സര്‍വലോകത്തെയും പടച്ച സര്‍വാധിനാഥനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. ഓരോ പ്രവാചകന്‍മാരും തങ്ങളുടെ ജനതയെ പ്രപഞ്ചസ്രഷ്ടാവിന്റെ ആദര്‍ശമായ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍മാരുടെ കാലശേഷം ജനതകള്‍ ഏകദൈവാരാധനയില്‍ നിന്നകലുകയും ‘ദൈവങ്ങളില്‍’ ‘അഭയം’ കണ്ടെത്തുകയും ചെയ്തു. ഇത് മാനവരാശിയുടെ ചരിത്രത്തിലുടനീളം സംഭവിച്ചതാണ്. പുണ്യമെന്ന് കരുതുന്ന എല്ലാത്തിനും ദിവ്യത്വം കല്‍പിച്ച് ആരാധിച്ചുതുടങ്ങുന്ന സ്ഥിതിവിശേഷം കാലക്രമേണ ഓരോ സമുദായത്തിലും വന്നുഭവിച്ചിട്ടുണ്ട്. ഭാരതത്തിലും ആവര്‍ത്തിച്ചത് ഇതേ ചരിത്രം തന്നെയാകാനാണ് സാധ്യത.

 

വിളവ് തരുന്നത് ഭൂമിദേവിയില്ല മറിച്ച് ഭൂമിയെ പടച്ച ദൈവംതമ്പുരാനാണെന്നും, ഭൂമിയില്‍ ഇരുട്ടകറ്റി വെളിച്ചം പ്രദാനം ചെയ്യുന്നത് സൂര്യദേവനല്ലെന്നും സൂര്യന്‍ ദൈവംതമ്പുരാന്റെ മഹത്തായ ദൃഷ്ടാന്തമാണെന്നുമുള്ള അതീവലളിതവും എന്നാല്‍ ഗൗരവമേറിയതുമായ സത്യത്തെ തിരിച്ചറിയാനുള്ള വിവേകം ഓരോരുത്തര്‍ക്കുമുണ്ടാകണം.

 

ഏകദൈവത്തെ നിരാകരിച്ച ഹൈന്ദവ സമൂഹം പകരം പ്രതിഷ്ഠിച്ചത് പുരുഷനോ സ്ത്രീയോ ആയ ദൈവങ്ങളെയാണ്. ദൈവത്തെ മനുഷ്യനുമായി താദാത്മ്യപ്പെടുത്തുന്നതിന്റെ ദുരന്തമാണിത്. പുരുഷദൈവങ്ങളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ്; സ്ത്രീദൈവങ്ങളായ സരസ്വതി, പാര്‍വതി, ലക്ഷ്മി- ഇവയെല്ലാം പ്രത്യേകമായ സാമൂഹ്യസാഹചര്യത്തില്‍ പൊങ്ങിവന്ന് രൂപപ്പെടലിന്റെ വേളയില്‍  ജനതയുടെ സങ്കല്‍പാനുസരണം ആണ്‍പെണ്‍ ഉടയാടകളണിയുകയാണ് ചെയ്തതെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യര്‍ സൃഷ്ടിച്ച സാങ്കല്‍പിക ദൈവങ്ങളെവിട്ട് മനുഷ്യരെ സൃഷ്ടിച്ച സാക്ഷാല്‍ പ്രപഞ്ചനാഥനെ ദൈവമായി സ്വീകരിക്കാനുള്ള സത്യസന്ധത മാനവരാശി കൈവരിച്ചിരുന്നെങ്കില്‍! ദൈവം പുരുഷനുമല്ല, സ്ത്രീയുമല്ല എന്നതാണ് ദൈവികമതം. ലിംഗത്തിന്റെ വേര്‍തിരിവ് മനുഷ്യനിലാണെന്നും സ്രഷ്ടാവ് അതുല്യനാെണന്നുമുള്ള വസ്തുത നൈതികവും അതിലുപരി യുക്തിഭദ്രവുമാണ്.

 

 

 

ഏകദൈവത്തെ നിരാകരിച്ച ഹൈന്ദവ സമൂഹം പകരം പ്രതിഷ്ഠിച്ചത് പുരുഷനോ സ്ത്രീയോ ആയ ദൈവങ്ങളെയാണ്. ദൈവത്തെ മനുഷ്യനുമായി താദാത്മ്യപ്പെടുത്തുന്നതിന്റെ ദുരന്തമാണിത്. പുരുഷദൈവങ്ങളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ്; സ്ത്രീദൈവങ്ങളായ സരസ്വതി, പാര്‍വതി, ലക്ഷ്മി- ഇവയെല്ലാം പ്രത്യേകമായ സാമൂഹ്യസാഹചര്യത്തില്‍ പൊങ്ങിവന്ന് രൂപപ്പെടലിന്റെ വേളയില്‍  ജനതയുടെ സങ്കല്‍പാനുസരണം ആണ്‍പെണ്‍ ഉടയാടകളണിയുകയാണ് ചെയ്തതെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യര്‍ സൃഷ്ടിച്ച സാങ്കല്‍പിക ദൈവങ്ങളെവിട്ട് മനുഷ്യരെ സൃഷ്ടിച്ച സാക്ഷാല്‍ പ്രപഞ്ചനാഥനെ ദൈവമായി സ്വീകരിക്കാനുള്ള സത്യസന്ധത മാനവരാശി കൈവരിച്ചിരുന്നെങ്കില്‍! ദൈവം പുരുഷനുമല്ല, സ്ത്രീയുമല്ല എന്നതാണ് ദൈവികമതം. ലിംഗത്തിന്റെ വേര്‍തിരിവ് മനുഷ്യനിലാണെന്നും സ്രഷ്ടാവ് അതുല്യനാെണന്നുമുള്ള വസ്തുത നൈതികവും അതിലുപരി യുക്തിഭദ്രവുമാണ്.