ഭ്രൂണ വിജ്ഞാനീയം: ക്വുര്‍ആനിലും ഹദീഥുകളിലും

എം.എം അക്ബര്‍

ഏതൊരു വൈജ്ഞാനിക മേഖലയിലേക്കും ക്വുര്‍ആനും ഹദീഥുകളും നല്‍കുന്ന വെളിച്ചത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം പ്രാഥമികമായി മനസ്സിരുത്തേണ്ട വസ്തുത, ശാസ്ത്രത്തെക്കുറിച്ചോ ഭൗതിക വിജ്ഞാനീയങ്ങളെകുറിച്ചോ അറിവു നല്‍കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെട്ട വെളിപാടുകളല്ല ഇവയെന്നുള്ളതാണ്. മനുഷ്യരുടെ ജീവിതവിജയത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും മരണാനന്തര ജീവിതത്തിലെ ശാശ്വത ശാന്തിയിലേക്ക് അവരെ നയിക്കുകയുമാണ് വെളിപാടുകള്‍ നിര്‍വഹിക്കുന്ന ധര്‍മം. പ്രസ്തുത ധര്‍മ നിര്‍വഹണത്തിനിടയില്‍, ചുറ്റുപാടുകളെയും തന്നെ തന്നെയും നിരീക്ഷിച്ചുകൊണ്ട് സര്‍വ്വലോക സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെയും മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയെയും കുറിച്ച് സ്വയം ബോധ്യപ്പെടുത്തുവാന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നതിനിടയിലാണ് ഭൗതിക വിജ്ഞാനീയങ്ങളിലേക്ക് പ്രധാനമായും ക്വുര്‍ആനും ഹദീഥുകളും വെളിച്ചം വീശുന്നത്. തലച്ചോറിന്റെ ഉപയോഗത്തിലൂടെ മനുഷ്യര്‍ നേടിയെടുക്കേണ്ട വിവരങ്ങളോ പ്രസ്തുത വിവരങ്ങളുടെ വെളിച്ചത്തില്‍ വികസിപ്പിച്ചെടുക്കേണ്ട സാങ്കേതികവിദ്യയെയോ കുറിച്ച് പഠിപ്പിക്കുകയല്ല, പ്രത്യുത തലച്ചോറിന് മാത്രമായി മനസ്സിലാക്കിയെടുക്കാനാവാത്ത യഥാര്‍ത്ഥമായ അറിവു നല്‍കുകയാണ് വെളിപാടുകളുടെ ധര്‍മം എന്നതുകൊണ്ടുതന്നെ ഭൗതിക വിജ്ഞാനീയങ്ങളുടെ ഏതെങ്കിലുമൊരു ശാഖയെക്കുറിച്ച പൂര്‍ണമായ വിവരങ്ങളോ വിവരണങ്ങളോ തേടി ക്വുര്‍ആനിലോ ഹദീഥുകളിലോ പരതുന്നത് വിഡ്ഢിത്തമാണ്. മസ്തിഷ്‌കത്തിന് മനസ്സിലാക്കാനാവുന്ന വസ്തുതകളെ ചൂണ്ടിക്കാണിച്ച് അവയുടെ അപഗ്രഥനത്തിലൂടെ മനസ്സിലാക്കാനാവാത്ത ലോകത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യരോട് പറയുമ്പോള്‍, പ്രസ്തുത വസ്തുതകളെക്കുറിച്ച പരാമര്‍ശങ്ങളിലൊന്നും അബദ്ധങ്ങള്‍ കടന്നുവരുന്നില്ലെന്നതാണ് ഈ വെളിപാടുകളുടെ സവിശേഷത. എഴുതപ്പെട്ട കാലത്തെ അറിവില്ലായ്മയുടെ സ്വാധീനമില്ലാത്ത മതപരമോ മതേതരമോ ആയ ഗ്രന്ഥങ്ങളൊന്നുമില്ലെന്ന സ്വാഭാവികതയ്ക്ക് അപവാദമാണ് ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളുമെന്ന വസ്തുത വ്യത്യസ്ത വൈജ്ഞാനിക മേഖലകളെക്കുറിച്ച് ഈ വെൡപാടുകളിലുള്ള പരാമര്‍ശങ്ങളെ ഇന്നു നിലനില്‍ക്കുന്ന തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യം ചെയ്താല്‍ സുതരാം ബോധ്യപ്പെടും. തെറ്റുപറ്റാത്തവനില്‍നിന്നുള്ളതാണ് ഈ വെളിപാടുകളെന്ന വസ്തുത വ്യക്തമാക്കുവാന്‍ ഇത്തരം താരതമ്യങ്ങള്‍ നിമിത്തമാകുമെന്നാണ് ഇവ്വിഷയകമായ ഇസ്‌ലാമിക പ്രബോധകരുടെ അവകാശവാദം. ഏതെങ്കിലുമൊരു വിഷയത്തില്‍ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ വന്ന കൃത്യമായൊരു പരാമര്‍ശം ചൂണ്ടിക്കാണിച്ച് അത് ഈ വെളിപാടുകള്‍ സര്‍വ്വജ്ഞനില്‍നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നതായി സമര്‍ത്ഥിക്കപ്പെടുമ്പോള്‍, അത് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ മറ്റൊരു വിഷയം ചൂണ്ടിക്കാണിച്ച് അക്കാര്യത്തെക്കുറിച്ച് വെളിപാടുകള്‍ നിശബ്ദമാകുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച് ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയാണ്. സൂര്യതേജസ്സോടുകൂടി പ്രത്യക്ഷപ്പെട്ട് ഞാനാണ് സത്യമെന്ന് ഉറക്കെ പറഞ്ഞാലും സ്വന്തം മുന്‍ധാരണകളുടെ കാരാഗഗൃഹത്തിനകത്തെ വന്യമായ സംതൃപ്തി തന്നെയാണ് തങ്ങള്‍ക്ക് കാമ്യമെന്ന് കരുതുന്നവരുടെ ബൗദ്ധിക കാപട്യമാണ് ഇക്കാര്യത്തില്‍ ഇസ്‌ലാം വിമര്‍ശകരുടെ കൈവശമുള്ളതെന്നാണ് സങ്കടകരം. സത്യം കാണാനും കേള്‍ക്കാനും ചിന്തിക്കുവാനും സന്നദ്ധരാവാത്തവരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി!

  ”അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നുകിട്ടുമ്പോഴും അവരതിനെ

അവഗണിച്ച് കളയുക തന്നെയാകുന്നു. അങ്ങനെ ഈ സത്യം അവര്‍ക്ക് വന്ന് കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച് കൊണ്ടിരുന്നുവോ അതിന്റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക് വന്നെത്തുന്നതാണ്.”(1)

  ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.

അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്.

അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു

മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍

തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.”(2)

  മനുഷ്യരെ സ്വന്തത്തെപ്പറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് സ്രഷ്ടാവിന്റെ അസ്തിത്വത്തെയും പുനരുത്ഥാനത്തിന്റെ സത്യതയെയും കുറിച്ച് ബോധ്യപ്പെടുത്തുന്ന ക്വുര്‍ആന്‍ സൂക്തങ്ങളിലും താന്‍ പ്രവാചകനാണെന്നുള്ള യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ടുള്ള നബിവചനങ്ങളിലുമാണ് മനുഷ്യഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച പരാമര്‍ശങ്ങളിലധികവും കടന്നുവരുന്നത്. ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിക്കപ്പെട്ട ഭ്രൂണശാസ്ത്ര വസ്തുതകളെ ആധുനിക പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന യാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യം ചെയ്തു പഠിക്കുന്നവര്‍ക്കൊന്നും തന്നെ ഈ സ്രോതസുകളിലുള്ളത് ദൈവിക വെളിപാടാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാനാവുകയില്ല. അതുകൊണ്ടാണല്ലോ, കാനഡയില്‍ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറും അറിയപ്പെടുന്ന ഭ്രൂണശാസ്ത്രജ്ഞനും മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോക്ടര്‍ കീത്ത് മൂര്‍ ഇങ്ങനെ പറഞ്ഞത്: ”മനുഷ്യ പ്രത്യുല്‍പാദനത്തെയും ഭ്രൂണവളര്‍ച്ചയെയും സംബന്ധിച്ച് വിവരിക്കുന്ന ക്വുര്‍ആനിലെയും സുന്നത്തിലെയും വചനങ്ങളെ വ്യാഖ്യാനിക്കുവാനായി സുഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ഭ്രൂണശാസ്ത്ര സമിതിയെ സഹായിക്കുവാനും അവരോടൊപ്പം പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്കു സാധിച്ചു. ഭ്രൂണശാസ്ത്രം തന്നെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ കൃത്യത കണ്ട് ആദ്യമേ  b_2_20131004_1874301842തന്നെ അത്ഭുതപരതന്ത്രനായിതീര്‍ന്നു. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്്‌ലിം ശാസ്ത്രജ്ഞന്‍മാരുടെ മഹത്തായ ചരിത്രത്തെക്കുറിച്ചും രോഗശുശ്രൂഷാരംഗത്തെ അവരുടെ സംഭാവനകളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നുവെങ്കിലും ക്വുര്‍ആനിലും സുന്നത്തിലുമടങ്ങിയിരിക്കുന്ന മതപരമായ കാര്യങ്ങളെപ്പറ്റി എനിക്ക് യാതൊരുവിധ അറിവുമുണ്ടായിരുന്നില്ല.”(3)

  ”മനുഷ്യവളര്‍ച്ചയെക്കുറിച്ച ക്വുര്‍ആന്‍ പരാമര്‍ശങ്ങളെ വ്യക്തമാക്കുവാനായി സഹായിക്കാനാവുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. ക്വുര്‍ആനില്‍ പറഞ്ഞ ഈ വിജ്ഞാനങ്ങളില്‍ ഭൂരിഭാഗവും അതിന്റെ അവതരണത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞുമാത്രം കണ്ടുപിടിക്കപ്പെട്ടവയാണ് എന്നതുകൊണ്ടുതന്നെ അവ മുഹമ്മദിന് ദൈവത്തില്‍നിന്ന് അഥവാ അല്ലാഹുവില്‍നിന്ന് ലഭിച്ചതായിരിക്കുവാനേ നിര്‍വാഹമുള്ളു. മുഹമ്മദ് ദൈവത്തിന്റെ അഥവാ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന കാര്യമാണ് ഇത് സമര്‍ത്ഥിക്കുന്നത്.”(4)

  മനുഷ്യേല്‍പത്തിയെയും ഭ്രൂണത്തിന്റെ നിര്‍മിതിയെയും വളര്‍ച്ചയെയും വളര്‍ച്ചാ ഘട്ടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളുടെ സാരം താഴെ കൊടുക്കുന്നു.

  ”അവള്‍ (മര്‍യം) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ

ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെത്തന്നെയാകുന്നു. താന്‍

ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട്

ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.”(5)

  ”മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ

പടച്ചുണ്ടാക്കിയതെന്ന്?”(6)

  ”എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍

ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.”(7)

  ”ആകാശങ്ങളും ‘ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുഭായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?”(8)

  ”അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ

രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ്

കഴിവുള്ളവനാകുന്നു.”(9)

 ”നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു

മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.”(10)

  ”കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍

നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.”(11)

 ”ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട് ) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.”(12)

  ”നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ ( ലോകമാകെ ) വ്യാപിക്കുന്ന

മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.”(13)

 ”അല്ലാഹു നിങ്ങളെ ‘ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.”(14)

  ”താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി

കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.”(15)

  ”അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും

അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി

സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?”(16)

  ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ‘ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.”(17)

  ”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം

യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും

നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട്

അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള

എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു.”(18)

  ”മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ

എതിര്‍പ്പുകാരനായിരിക്കുന്നു.”(19)

  ”നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് ( എന്റെ സന്ദേശങ്ങളെ )

സത്യമായി അംഗീകരിക്കാത്തത്?അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?”(20)

  ”പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി.

പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍

ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും

ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നമ്പികാണിക്കുന്നുള്ളൂ.(21)

  ”അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍

നിങ്ങളെ ഇണകളാക്കി. അവന്റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല,

പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ

അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ

നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.”(22)

  ”മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.”(23)

 ”മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്

അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍

നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി.നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍

എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.(24)

  ”മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്! അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചുസംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?”(25)

  ”ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും; ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്?”(26)

  ”കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും

കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.”(27)

  ”നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? എന്നിട്ട് നാം അതിനെ ‘ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. നിശ്ചിതമായ ഒരു അവധി വരെ. അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!”(28)

  ”എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുനോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു. എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു.”(29)

  ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.”(30)

  ”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.”(31)

  ”ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്റെ

ഇണയെയും അവന്‍ ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടു ജോടികളെയും അവന്‍ നിങ്ങള്‍ക്ക്

ഇറക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന് തരം

അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്.

അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് ( സത്യത്തില്‍ നിന്ന് )

തെറ്റിക്കപ്പെടുന്നത്?”(32)

    ”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക് ) മര്യാദയനുസരിച്ച് ‘ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും ( കുട്ടിയുടെ കാര്യത്തില്‍ ) അതുപോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക് ) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക.” (ക്വുര്‍ആന്‍ 2: 233)

  ”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.” (ക്വുര്‍ആന്‍ 31: 14) broken-egg

 ”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു.”(ക്വുര്‍ആന്‍ 46: 15)

  മനുഷ്യന്റെ ഉല്‍പത്തിയെയും ഭ്രൂണപരിണാമത്തെയും കുറിച്ച് പരാമര്‍ശിക്കുന്ന സ്വഹീഹായ ഹദീഥുകളുടെ സാരമാണ് താഴെ:

  1. ഉമ്മുസലമയില്‍നിന്ന്: ഉമ്മുസുലൈം ഒരിക്കല്‍ നബിയുടെ അടുത്തുവന്നു ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, സത്യം പറയുന്നതില്‍ അല്ലാഹു നാണിക്കുന്നില്ലല്ലോ. ഒരു സ്ത്രീ സംഭോഗത്തിലേര്‍പ്പെടുന്നതായി സ്വപ്‌നം കണ്ടാല്‍ കുളി നിര്‍ബന്ധമാകുമോ?’ അപ്പോള്‍ നബി പറഞ്ഞു: ‘അതെ; നനവ് കണ്ടാല്‍.’ ഉമ്മുസലമ ലജ്ജയാല്‍ മുഖം പൊത്തി. എന്നിട്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, സ്ത്രീക്ക് സ്രവമുണ്ടാകുമോ?’ നബി അറിയിച്ചു: ‘അതെ; ഇതെന്തു ചോദ്യം! പിന്നെയെങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യമുണ്ടാവുക?’(33)

  2. അനസില്‍നിന്ന്: പ്രവാചകന്‍ മദീനയില്‍ വന്ന വിവരം അബ്ദുല്ലാഹിബ്‌നു സലാമിന് കിട്ടി. അദ്ദേഹം നബിയുടെ അടുത്തുവന്ന് പറഞ്ഞു: ‘ഒരു പ്രവാചകനു മാത്രം അറിയാവുന്ന മൂന്ന് കാര്യങ്ങള്‍ ഞാന്‍ താങ്കളോട് ചോദിക്കുകയാണ്. അന്ത്യനാളിന്റെ പ്രഥമ ലക്ഷണമെന്താണ്? സ്വര്‍ഗവാസികളുടെ ആദ്യ ഭക്ഷണം ഏതാണ്? കുട്ടിക്ക് പിതാവിനോട് സാദൃശ്യം ലഭിക്കുന്നത് എന്തില്‍നിന്നാണ്? അവന് മാതുലന്‍മാരോട് സാദൃശ്യം ലഭിക്കുന്നത് എന്തില്‍നിന്നാണ്?’ നബി പറഞ്ഞു: ‘ഈ കാര്യങ്ങള്‍ ഇപ്പോള്‍ ജിബ്‌രീല്‍ എനിക്കു പറഞ്ഞുതന്നിരിക്കുന്നു.’ അബ്ദുല്ല പറഞ്ഞതായി അനസ് ഉദ്ധരിക്കുകയാണ്: ‘അദ്ദേഹം (ജിബ്‌രീല്‍) ജൂതന്‍മാര്‍ ശത്രുവായി കരുതുന്ന മലക്കാണ്’. നബി പറഞ്ഞു: ‘ഉദയസ്ഥാനം മുതല്‍ അസ്തമയ സ്ഥാനം വരെയുള്ള ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു തീയാണ് അന്ത്യനാളിന്റെ പ്രഥമ ലക്ഷണം. സ്വര്‍ഗവാസികളുടെ ആദ്യഭക്ഷണമാകട്ടെ മത്സ്യത്തിന്റെ വിഭാജക ചര്‍മമാണ്. ഇനി കുട്ടിക്ക് സാദൃശ്യം ലഭിക്കുന്ന കാര്യം; പുരുഷന്‍ സ്ത്രീയുമായി വേഴ്ച നടത്തുന്ന വേളയില്‍ അവള്‍ക്കുമുമ്പ് അയാള്‍ക്ക് സ്ഖലനം സംഭവിച്ചാല്‍ കുട്ടിക്ക് സാദൃശ്യം അയാളോടായി. അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായതെങ്കില്‍ അവളോടും.’ അബ്ദുല്ല പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’(34)

 3. അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന്: സത്യഭാഷിയും സത്യവാനായി അംഗീകരിക്കപ്പെട്ടവനുമായ അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളോട് പറഞ്ഞു: ‘നിങ്ങളിലൊരാളുടെ സൃഷ്ടികര്‍മം തന്റെ മാതാവിന്റെ ഉദരത്തില്‍ സംയോജിക്കപ്പെടുന്നത് നാല്‍പതു ദിവസങ്ങളിലായാണ്. പിന്നീടത് അതേപോലെ നാല്‍പതുനാള്‍കൊണ്ട്  രക്തപിണ്ഡമാകുന്നു. പിന്നീട് അതേപോലെ നാല്‍പതു നാള്‍കൊണ്ട് മാംസപിണ്ഡമായിത്തീരുന്നു. അനന്തരം അല്ലാഹു ഒരു മലക്കിനെ നിയോഗിച്ച് നാല് നിര്‍ദേശങ്ങള്‍ നല്‍കുന്നു. മലക്കിനോട് പറയുന്നു: ‘നീ അവന്റെ കര്‍മവും ആഹാരവും ആയുസ്സും, നിര്‍ഭാഗ്യവാനോ സൗഭാഗ്യവാനോ എന്നും രേഖപ്പെടുത്തുക.’ പിന്നെ അതില്‍ ആത്മാവ് ഊതപ്പെടുന്നു. തീര്‍ച്ചയായും നിങ്ങളിലൊരാള്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെ, അവന്റെയും സ്വര്‍ഗത്തിന്റെയും ഇടയില്‍ ഒരു മുഴം അകലം മാത്രമുണ്ടാകുമ്പോള്‍ അയാളുടെ രേഖ അയാളെ മുന്‍കടക്കുന്നു. അങ്ങനെ, അയാള്‍ നരകാര്‍ഹരുടെ കര്‍മങ്ങള്‍ ചെയ്യുന്നു. മറ്റൊരാള്‍ പ്രവര്‍ത്തിക്കുന്നു. അയാളുടെയും നരകത്തിന്റെയും ഇടയില്‍ ഒരു മുഴം മാത്രം ബാക്കിയായിരിക്കെ, അയാളുടെ രേഖ അയാളെ മുന്‍കടക്കുന്നു. അങ്ങനെ അയാള്‍ സ്വര്‍ഗവാസികളുടെ കര്‍മം ചെയ്യുന്നു.’(35)

  4. അനസുബ്‌നു മാലികില്‍(റ) നിന്ന്: പ്രവാചകന്‍ (സ) പറഞ്ഞു: ഗര്‍ഭാശയത്തില്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. അപ്പോള്‍ മലക്ക് പറയും: നാഥാ! നുത്ഫ, നാഥാ! അലഖ, നാഥാ! മുദ്അ. കുട്ടിയുടെ സൃഷ്ടി പൂര്‍ത്തിയാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ മലക്ക് ചോദിക്കും. നാഥാ! പുരുഷനോ സ്ത്രീയോ? നാഥാ! അനുഗ്രഹീതനോ നശിച്ചവനോ? അവന്റെ ജീവസന്ധാരണം എന്താണ്? അവന്റെ പ്രായമെത്രയാണ്? കുഞ്ഞ് മാതാവിന്റെ ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ തന്നെ മലക്ക് എല്ലാം എഴുതി രേഖപ്പെടുത്തുന്നു.(36)

  5. അനസ് ബ്‌നുമാലിക് (റ) നിവേദനം: പുരുഷന് സ്വപ്‌നസ്ഖലനമുണ്ടാവുന്നപോലെ സ്ത്രീക്കും സ്വപ്‌നസ്ഖലനമുണ്ടായാല്‍ അവള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് ഉമ്മുസുലൈം പ്രവാചകനോട് ചോദിച്ചു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ‘സ്ത്രീക്ക് സ്വപ്‌ന സ്ഖലനമുണ്ടായാല്‍ അവള്‍ കുളിക്കട്ടെ’. ഉമ്മുസുലൈം പറഞ്ഞു: അത് കേട്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി-അവര്‍ ചോദിച്ചു: ‘സ്ത്രീക്ക് സ്വപ്‌നസ്ഖലനമുണ്ടാവുമോ?’ അപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ (സ) പറഞ്ഞു: ‘അതെ, ഉണ്ടാവും. ഇല്ലെങ്കില്‍ എങ്ങനെയാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുന്നത്. നിശ്ചയമായും പുരുഷന്റെ ഇന്ദ്രിയം വെളുത്തതും കട്ടിയുള്ളതുമാണ്. സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറമുള്ളതും നേര്‍മ്മയുള്ളതുമാണ്. ഏത് മുകളില്‍ വരുന്നുവോ അല്ലെങ്കില്‍ മുന്‍കടക്കുന്നുവോ അതിനോടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുക.’(37)

  6. നബി (സ) സ്വാതന്ത്ര്യം നല്‍കിയ സൗബാന്‍(റ) നിവേദനം: ഞാന്‍ നബി(സ)യുടെ  അടുക്കല്‍ നില്‍ക്കുമ്പോള്‍ ജൂത പണ്ഡിതന്‍മാരില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ വരികയും ‘അസ്സലാമു അലൈക്ക യാ മുഹമ്മദ് (മുഹമ്മദ,് നിനക്ക് സമാധാനമുണ്ടാവട്ടെ)’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അയാളെ ഒരു തള്ളല്‍ കൊടുത്തു. അതുകാരണം അയാള്‍ വീഴുമാറായി. അപ്പോള്‍ അയാള്‍ ചോദിച്ചു: ‘താങ്കള്‍ എന്തിനാണ് എന്നെ തള്ളുന്നത്?’ ഞാന്‍ പറഞ്ഞു: ‘നിനക്ക് എന്തുകൊണ്ട് അല്ലാഹുവിന്റെ ദൂതരേ എന്ന് വിളിച്ചുകൂടാ?’ അപ്പോള്‍ ജൂതന്‍ പറഞ്ഞു: ‘അദ്ദേഹത്തിന്റെ വീട്ടുകാര്‍ അദ്ദേഹത്തിന് നല്‍കിയ പേര്‍ മാത്രമേ ഞങ്ങള്‍ അദ്ദേഹത്തെ വിളിക്കൂ’. അപ്പോള്‍ നബി(സ) പറഞ്ഞു: ‘നിശ്ചയമായും എന്റെ വീട്ടുകാര്‍ എനിക്ക് നല്‍കിയിട്ടുള്ള പേര് മുഹമ്മദ് എന്നാണ്’ . അപ്പോള്‍ ആ ജൂതന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളോട് ചിലത് ചോദിക്കാന്‍ വേണ്ടിയാണ് വന്നിട്ടുള്ളത്’. അപ്പോള്‍ നബി (സ) ചോദിച്ചു: ‘ഞാന്‍ പറഞ്ഞുതരികയാണെങ്കില്‍ നിനകത് ഉപകാരപ്പെടുമോ?’ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെവി കൊണ്ട് കേള്‍ക്കും.’ അപ്പോള്‍ നബി(സ) (ചിന്തയില്‍ മുഴുകി) തന്റെ കൈയിലുണ്ടായിരുന്ന വടി കൊണ്ട് നിലത്ത് അടയാളുമുണ്ടാക്കുകയും എന്നിട്ട് ‘ചോദിക്കുവിന്‍’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ ജൂതന്‍ ചോദിച്ചു: ‘ഭൂമിയും ആകാശങ്ങളും മാറ്റിമറിക്കപ്പെടുന്ന ദിവസം ജനങ്ങള്‍ എവിടെയായിരിക്കും?’ നബി (സ) പറഞ്ഞു: ‘അവര്‍ ആ പാലത്തിന്റെ മുന്‍വശത്ത് അന്ധകാരത്തിലായിരിക്കും.’ അയാള്‍ ചോദിച്ചു: ‘ജനങ്ങളില്‍ ആരായിരിക്കും ആദ്യം പാലം മുറിച്ചുകടക്കുക?’ നബി (സ) പറഞ്ഞു: ‘മുഹാജിറുകളിലെ ദരിദ്രര്‍.’ അപ്പോള്‍ ജൂതന്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ എന്താണവര്‍ക്ക് സമ്മാനമായി നല്‍കപ്പെടുക?’ നബി (സ) പറഞ്ഞു: ‘മത്സ്യത്തിന്റെ കരളിന്റെ പാര്‍ശ്വങ്ങള്‍ (അതാണ് ഏറ്റവും രുചിയുള്ള ഭാഗം).’ അയാള്‍ ചോദിച്ചു: ‘അതിനുശേഷമുള്ള അവരുടെ ആഹാരം എന്തായിരിക്കും.’ നബി (സ) പറഞ്ഞു: ‘സ്വര്‍ഗത്തിന്റെ ഭാഗങ്ങളില്‍ മേഞ്ഞ് തിന്നുന്ന സ്വര്‍ഗത്തിലെ കാളയെ അവര്‍ക്ക് വേണ്ടി അറുക്കും’. അയാള്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന പാനീയം എന്തായിരിക്കും?’ നബി (സ) പറഞ്ഞു: ‘സല്‍സബീല്‍ എന്ന് പേര്‍ പറയപ്പെടുന്ന ഒരു ഉറവുജലത്തില്‍നിന്ന്.’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ പറഞ്ഞത് സത്യമാണ്’. അയാള്‍ തുടര്‍ന്ന് പറഞ്ഞു: ‘ഭൂനിവാസികളില്‍നിന്നും ഒരു പ്രവാചകനോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കോ അല്ലാതെ മറ്റൊരാള്‍ക്കും അറിയാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്.’ നബി (സ) ചോദിച്ചു: ‘ഞാനത് പറഞ്ഞാല്‍ നിനക്കത് ഉപകരിക്കുമോ?’. ‘ഞാന്‍ എന്റെ ചെവികള്‍ കൊണ്ട് കേള്‍ക്കും’. അയാള്‍ പറഞ്ഞു: ‘(പ്രസവിക്കപ്പെടുന്ന) ശിശുവിനെ കുറിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നത്’ നബി (സ) പറഞ്ഞു: ‘പുരുഷന്റെ ഇന്ദ്രിയം വെളുത്ത നിറത്തിലുള്ളതും സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറത്തിലുള്ളതുമാണ്. അത് രണ്ടും ഒരുമിച്ച് ചേരുകയും പുരുഷ ഇന്ദ്രിയം സ്ത്രീ ഇന്ദ്രിയത്തെ ജയിക്കുകയും ചെയ്താല്‍ അല്ലാഹുവില്‍ അനുമതിയോടെ അത് ആണ്‍കുട്ടിയായിതീരുന്നു. സ്ത്രീയുടെ ഇന്ദ്രിയം പുരുഷ ഇന്ദ്രിയത്തെ ജയിച്ചാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പെണ്‍കുട്ടിയായി തീരുന്നു.’ ജൂതന്‍ പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് സത്യമാണ്. തീര്‍ച്ചയായും താങ്കള്‍ ഒരു പ്രവാചകന്‍ തന്നെയാണ്’. പിന്നെ അയാള്‍ തിരിച്ചുപോയി. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അയാള്‍ എന്നോടു ചോദിച്ച കാര്യങ്ങളെ കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.’(38)

  7. അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ)യുടെ അടുത്തുവെച്ച് അസ്‌ലിനെപ്പറ്റി പറയപ്പെട്ടു. അപ്പോള്‍ നബി(സ) ചോദിച്ചു: ‘എന്തിനാണ്് നിങ്ങള്‍ അതു ചെയ്യുന്നത്?’ അവര്‍ പറഞ്ഞു: ‘മുലപ്പാല്‍ കുടിക്കുന്ന കുട്ടിയുള്ള ഭാര്യയുമായി ഭര്‍ത്താവ് ബന്ധപ്പെട്ടെന്ന് വരാം. അപ്പോള്‍ അവള്‍ ഗര്‍ഭം ധരിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നുമില്ല. അതുപോലെ പുരുഷന്‍ തന്റെ അടിമ സ്ത്രീയുമായി ബന്ധപ്പെടും; അവളും ഗര്‍ഭിണിയാകുന്നത് അവര്‍ വെറുക്കുന്നു. (അതുകൊണ്ടാണ് ഞങ്ങള്‍ അസ്‌ല് ചെയ്യുന്നത്). നബി (സ) പറഞ്ഞു: ‘അങ്ങനെ ചെയ്തില്ലെങ്കിലും നിങ്ങള്‍ക്കൊന്നുമില്ല. അത് (ഗര്‍ഭം ധരിക്കുന്നത്) വിധിയനുസരിച്ച് മാത്രമാകുന്നു.’ ഒരു നിവേദനത്തില്‍ ഇപ്രകാരമാണ്: നിങ്ങള്‍ ഒരാളും അങ്ങനെ ചെയ്യരുത് എന്ന് നബി (സ) പറഞ്ഞില്ല. നബി (സ) പറഞ്ഞു: ‘ഏതൊരു മനുഷ്യനേയും അല്ലാഹു അല്ലാതെ സൃഷ്ടിക്കുന്നില്ല’. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: നബി (സ) പറഞ്ഞു: ‘വെളത്തിന്റെ എല്ലാ ഭാഗത്തുനിന്നും  കുട്ടി ഉണ്ടാകും. അല്ലാഹു ഒന്നിനെ സൃഷ്ടിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അതിനെ ഒന്നും തടയുന്നതല്ല.’(39)

  8. അബ്ദുല്ല(റ) നിവേദനം: സത്യസന്ധനും വിശ്വസ്തനുമായ അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ‘നിങ്ങളിലൊരാള്‍ തന്റെ മാതാവിന്റെ വയറ്റില്‍ അവന്റെ സൃഷ്ടിപ്പിന് വേണ്ടി  നാല്‍പത് ദിവസം ഒരുമിച്ച് കൂട്ടപ്പെടും. പിന്നീട് അത്രയും ദിവസം അവന്‍ സിക്താണ്ഡമായിരിക്കും. പിന്നീട് അത്രയും ദിവസം മാംസപിണ്ഡമായിരിക്കും. പിന്നീട് മലക്കിനെ നിയോഗിക്കും. അവന്‍ അതില്‍ ആത്മാവ് ഊതും. നാല് വചനങ്ങള്‍ കല്‍പ്പിക്കപ്പെടും: അവന്റെ ഉപജീവനം, അവന്റെ അവധി, അവന്റെ കര്‍മ്മം, അവന്‍ ദൗര്‍ഭാഗ്യവാനോ സൗഭാഗ്യവാനോ (എന്നീ കാര്യങ്ങള്‍). അവനല്ലാതെ മറ്റൊരു ആരാധന്യനില്ലാത്തവന്‍ തന്നെയാണ് സത്യം നിങ്ങളിലൊരുവന്‍ സ്വര്‍ഗവാസികളുടെ കര്‍മ്മം പ്രവര്‍ത്തിക്കുന്നു. അങ്ങനെ അവനും സ്വര്‍ഗവും തമ്മില്‍ ഒരു മുഴമില്ലാതെ ഇല്ലാത്ത അവസ്ഥ വരും. അപ്പോഴേക്കും വിധി അവനെ മുന്‍കടക്കും. അങ്ങനെ അവന്‍ നരകത്തിന്റെ പ്രവര്‍ത്തനം ചെയ്യുകയും എന്നിട്ടതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിലൊരുവന്‍ നരകവാസികളുടെ പ്രവര്‍ത്തനം ചെയ്യുന്നു. അങ്ങനെ അവനും നരകവും തമ്മില്‍ ഒരു മുഴമല്ലാത്ത അവസ്ഥ വരും. അപ്പോള്‍ വിധി അവനെ മുന്‍കടക്കും. അങ്ങനെ അവന്‍ സ്വര്‍ഗവാസികളുടെ പ്രവര്‍ത്തനം ചെയ്യുകയും അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും.’(40)

  9. ഹുദൈഫത്ത് ബ്‌നുഅസീദ്(റ) നിവേദനം: നബി(സ) പറഞ്ഞു: ‘ഗര്‍ഭാശയത്തില്‍ ബീജം നാല്‍പത് ദിവസം അല്ലെങ്കില്‍ നാല്‍പത്തഞ്ച് ദിവസം ആയിത്തീരുമ്പോള്‍ അതിന്‍മേല്‍ ഒരു മലക്ക് പ്രവേശിക്കും. എന്നിട്ടവന്‍ ചോദിക്കും: രക്ഷിതാവേ, ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? എന്നിട്ട് അത് രേഖപ്പെടുത്തും. പിന്നെ ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? എന്നിട്ട് അതും രേഖപ്പെടുത്തും. അവന്റെ കര്‍മ്മവും അവന്റെ ഫലവും, അവന്റെ അവധിയും, അവന്റെ ഉപജീവനവും എഴുതപ്പെടും. പിന്നീട് ഏടുകള്‍ ചുരുട്ടപ്പെടും. അതില്‍ ഒന്നും വര്‍ദ്ധിപ്പിക്കപ്പെടുകയില്ല; ഒന്നും ചുരുക്കപ്പെടുകയുമില്ല.’(41)

  10. ആമിര്‍ ബ്‌നു വാഇല്‍, അബ്ദുല്ലാഹി ബ്‌നുമസ്ഊദ് (റ) പറയുന്നത് കേട്ടു: ‘ദൗര്‍ഭാഗ്യവാന്‍ തന്റെ മാതാവിന്റെ വയറ്റില്‍നിന്നുതന്നെ ദൗര്‍ഭാഗ്യവാനായവനാണ്. സൗഭാഗ്യവാന്‍ മറ്റുള്ളവരില്‍നിന്ന് പാഠമുള്‍ക്കൊണ്ടവനുമാണ്’. അങ്ങനെ അദ്ദേഹം നബി (സ) യുടെ അനുചരന്‍മാരില്‍പെട്ട ഹുദൈഫത്ത് ബ്‌നുഅസീദ് എന്ന വ്യക്തിയുടെ അടുക്കല്‍ചെന്ന് ഇബ്‌നുമസ്ഊദിന്റെ വാക്ക് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘എങ്ങനെയാണ് ഒരാള്‍ തന്റെ കര്‍മ്മം കൂടാതെ ദൗര്‍ഭാഗ്യവാനാകുക?. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നീ അതിനെക്കുറിച്ച് അത്ഭുതപ്പെടുന്നുണ്ടോ? നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മ്മവും മാംസവും അസ്ഥിയും രൂപപ്പെടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെടതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.’(42)

  11. അനസ് ബ്‌നുമാലിക് (റ) നിവേദനം: നബി (സ) പറഞ്ഞു: ‘പ്രതാപവാനും മഹാനുമായ അല്ലാഹു ഗര്‍ഭാശയത്തിന്റെ കാര്യം ഒരു മലക്കിനെ ഏല്‍പിച്ചിട്ടുണ്ട്. ആ മലക്ക് പറയും: രക്ഷിതാവേ, ബീജമാണ്. രക്ഷിതാവേ സിക്താണ്ഡമാണ്. രക്ഷിതാവേ മാംസപിണ്ഡമാണ്. അല്ലാഹു ഒരു സൃഷ്ടിയില്‍ വിധിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് പറയും: രക്ഷിതാവേ, ആണോ പെണ്ണോ? ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? ഉപജീവനം എങ്ങനെയാണ്? അവധി എത്രയാണ്? അങ്ങനെ അവയെല്ലാം തന്റെ മാതാവിന്റെ വയറ്റിലായിരിക്കെ തന്നെ രേഖപ്പെടുത്തപ്പെടും.’(43)

  12. (നബി(സ)യോട് ചോദിക്കപ്പെട്ടു:)സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: ‘അതെ; അവള്‍ ഇന്ദ്രിയം കണ്ടാല്‍’. അപ്പോള്‍ ഉമ്മുസുലൈം (റ) ചോദിച്ചു: ‘സ്ത്രീക്ക് സ്വപ്‌നസ്ഖലനമുണ്ടാവുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം! പിന്നെ എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാവുന്നത്?’ മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ) യോട് ‘ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?’ എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. ‘ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍  കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാവുന്നു. പുരുഷന്റെ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്മാരോട് സാദൃശ്യമുണ്ടാവുന്നു.’(44)

  മുകളില്‍ പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങളില്‍നിന്നും സ്വഹീഹായ ഹദീഥുകളില്‍നിന്നുമായി നിര്‍ധരിക്കപ്പെടുന്ന മനുഷ്യരുടെ ഉല്‍പത്തിയെയും ഭ്രൂണത്തിന്റെ രൂപീകരണ-പരിണാമങ്ങളെയും കുറിച്ച പരാമര്‍ശങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം.

1) എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജലത്തില്‍നിന്നാണ്.

2) മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കളിമണ്ണിന്റെ സത്തില്‍നിന്നാണ്.

3) പുരുഷന്‍ സ്രവിക്കുന്ന വെള്ള ദ്രാവകവും സ്ത്രീ സ്രവിക്കുന്ന മഞ്ഞ ദ്രാവകവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നത്.

4) സ്രവിക്കപ്പെടുന്ന ദ്രാവകങ്ങള്‍ നെഞ്ചെല്ലിന്റെയും നട്ടെല്ലിന്റെയും ഇടയില്‍നിന്നാണ് നിര്‍ഗളിക്കപ്പെടുന്നത്.

5) സ്രവിക്കപ്പെടുന്ന ദ്രാവകങ്ങള്‍ പൂര്‍ണമായി കുഞ്ഞിന്റെ രൂപീകരണത്തിന് നിമിത്തമാകുന്നില്ല.

6) പുരുഷസ്രവത്തില്‍നിന്നുള്ള ഒരു ബീജം മാത്രമാണ് കുഞ്ഞിന്റെ രൂപീകരണത്തില്‍ പങ്കെടുക്കുന്നത്.

7) കൂടിച്ചേര്‍ന്നുണ്ടാകുന്ന നുത്വ്ഫയില്‍ നിന്നാണ് കുഞ്ഞ് സൃഷ്ടിക്കപ്പെടുന്നത്.

8) കൂടിച്ചേര്‍ന്നുണ്ടായ നുത്്വഫ ഗര്‍ഭാശയത്തിലെത്തിയാല്‍ ആദ്യമായി അലക്വയായിത്തീരുന്നു.

9) അലക്വയില്‍നിന്ന് മുദ്്വഅയുണ്ടാകുന്നു.

10) മുദ്്വഅയില്‍നിന്ന് ഇദാമയുണ്ടാകുന്നു

11) ഇദാമയെ ലഹ്മ് കൊണ്ട് പൊതിയുന്നതോടെയാണ് കുഞ്ഞിന് പ്രത്യേകമായ രൂപമുണ്ടാകുന്നത്.

12) നുത്വ്ഫ, അലക്വ, മുദ്വ്അ എന്നീ ഭ്രൂണഘട്ടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഒരേസമയം സംഭവിക്കുന്നവയാണ്.

13) സ്രവിക്കപ്പെടുന്ന ബീജമാണ് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന്റെ അടിസ്ഥാനഹേതുവായി വര്‍ത്തിക്കുന്നത്.

14) പുരുഷസ്രവം സ്ത്രീയുടെ സ്രവത്തെ അതിജയിക്കുമ്പോള്‍ ആണ്‍കുഞ്ഞും സ്ത്രീസ്രവം പുരുഷസ്രവത്തെ ജയിക്കുമ്പോള്‍ പെണ്‍കുഞ്ഞുമുണ്ടാകുന്നു.

15) ആത്യന്തികമായി ലിംഗനിര്‍ണയം നടക്കുന്നത് ഭ്രൂണത്തിന് നാല്‍പതു ദിവസം പ്രായമായതിനുശേഷമാണ്.

16) നാല്‍പത് ദിവസങ്ങള്‍ പ്രായമായതിനുശേഷം ഭ്രൂണത്തിന് കണ്ണും കാതുമെല്ലാം രൂപീകരിക്കപ്പെടുന്നു.

17) മാതാവില്‍നിന്നും പിതാവില്‍നിന്നുമെല്ലാമുള്ള പാരമ്പര്യസ്വഭാവങ്ങള്‍ അവരുടെ സ്രവങ്ങളിലൂടെ മക്കളിലേക്ക്  സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്.

18) പിതൃസ്രവം മാതൃസ്രവത്തെ അതിജയിക്കുമ്പോള്‍ പിതൃസഹോദരങ്ങളുടെ പാരമ്പര്യസ്വഭാവങ്ങളും മാതൃസ്രവം പിതൃസ്രവത്തെ അതജയിക്കുമ്പോള്‍ മാതൃസഹോദരങ്ങളുടെ പാരമ്പര്യ സ്വഭാവങ്ങളും മക്കള്‍ക്ക് ലഭിക്കുന്നു.

19) ഗര്‍ഭാശയത്തിനകത്തെ മൂന്ന് ഇരുട്ടുകള്‍ക്കകത്തുവെച്ചാണ് ഇതെല്ലാം നടക്കുന്നത്

20) ഗര്‍ഭസ്ഥശിശുവിന് ആറു മാസമെങ്കിലും പ്രായമായാല്‍ മാത്രമെ അത് പ്രസവിക്കപ്പെട്ടാല്‍ അതിനെ മുലയൂട്ടാന്‍ കഴിയൂ.

  അത്ഭുതകരമാണ് ഈ പരാമര്‍ശങ്ങളെല്ലാം! ഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച് ആധുനികശാസ്ത്രം നമുക്ക് നല്‍കുന്ന അറിവുകളുടെ വെളിച്ചത്തില്‍ ഈ പരാമര്‍ശങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ഇതിലെ കൃത്യതയും സൂക്ഷ്മതയും ആരെയും ആശ്ചര്യഭരിതരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതെങ്കിലുമൊരു മനുഷ്യന്റെ തലച്ചോറിനകത്ത് രൂപീകരിക്കപ്പെട്ട ആശയങ്ങളുടെ സമാഹാരമാണ് ക്വുര്‍ആനെങ്കില്‍ മുഹമ്മദ് നബി (സ)യുടെ കാലത്ത് നിലനിന്നിരുന്ന അബദ്ധധാരണകളിലേതെങ്കിലും ക്വുര്‍ആനില്‍ ഉണ്ടാവേണ്ടിയിരുന്നു. അത്തരം അബദ്ധങ്ങളൊന്നുമില്ലെന്നു മാത്രമല്ല, ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം നാം മനസ്സിലാക്കിയ കാര്യങ്ങള്‍ പോലും വളരെ കൃത്യമായി ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കപ്പെടുന്നുവെന്ന വസ്തുത എന്തുമാത്രം അത്ഭുതകരമല്ല! ആധുനികഭ്രൂണശാസ്ത്രത്തിന്റെ കണ്ണടയിലൂടെ ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട ഭ്രൂണഘട്ടങ്ങളെ നോക്കുന്ന സത്യസന്ധരായ ആര്‍ക്കും ഈ സ്രോതസുകളുടെ ദൈവികത നിഷേധിക്കാനാവില്ല. അതുകൊണ്ടാണല്ലോ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രഗത്ഭനായ ഡോ. കീത്ത് മൂറിനെപ്പോലുള്ള ഒരു ഭ്രൂണശാസ്ത്രജ്ഞനുപോലും അത് സമ്മതിക്കേണ്ടിവന്നത്!

കുറിപ്പുകള്‍:

1. ക്വുര്‍ആന്‍ 6: 4, 5.

2. ക്വുര്‍ആന്‍ 7: 179.

3. L. Keith Moore and Abdul-Majeed al-Zindani: The Developing Human with Islamic Additions, Third Edition, Philadelphia, 1982.

4. Abdul-Majeed al-Zindani: This is the Truth (video tape).

5. ക്വുര്‍ആന്‍ 3: 47.

6. ക്വുര്‍ആന്‍ 19: 67.

7. ക്വുര്‍ആന്‍ 24: 45.

8. ക്വുര്‍ആന്‍ 21: 30.

9. ക്വുര്‍ആന്‍ 25: 54.

10. ക്വുര്‍ആന്‍ 38: 71.

11. ക്വുര്‍ആന്‍ 15: 26.

12. ക്വുര്‍ആന്‍ 37: 11.

13. ക്വുര്‍ആന്‍ 30: 20.