ജീവന്റെ വഴി; യേശുവിന്റേതും പൗലോസിന്റേതും

സീനത്ത്, കാസര്‍ഗോഡ്

ക്രിസ്ത്യന്‍ മിഷ്യനറിമാരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്, ‘നിങ്ങള്‍ക്ക് രക്ഷ ലഭിച്ചുവോ’ എന്നത്. യേശുവിന്റെ പാപബലി മരണത്തില്‍ വിശ്വാസിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തനായി നിങ്ങള്‍ രക്ഷിതനാവും എന്ന ക്രിസ്തീയ വിശ്വാസമാണ് ആ ചോദ്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ മുസ്‌ലിംകള്‍ക്ക്, ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക കാര്യം വിശ്വസിച്ചതുകൊണ്ട് മാത്രം തങ്ങള്‍ രക്ഷിക്കപ്പെട്ടു മോക്ഷാര്‍ഹരാവുക എന്ന ആശയം അപരിചിതമാണ്. ഒരാളുടെ വിശ്വാസവും അയാളുടെ ഈ ലോകത്തിലെ ജീവിതാവസാനം വരെയുള്ള കര്‍മങ്ങളും പരലോകത്തിലെ വിധിനാളില്‍ തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ ദൈവകാരുണ്യം നല്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്ന ഇസ്‌ലാമിക വിശ്വാസത്തിന്  കടകവിരുദ്ധവും അന്യവുമായതുകൊണ്ടുതന്നെ അങ്ങനെ ചോദിക്കപ്പട്ടാല്‍ ചില മുസ്‌ലിംകള്‍ക്കെങ്കിലും  ആശയക്കുഴപ്പം തോന്നുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ക്വുര്‍ആന്‍ മാത്രമല്ല, ജൂത, െ്രെകസ്തവ  വേദഗ്രന്ഥങ്ങള്‍ പരിശോധിച്ചു നോക്കിയാലും, അവയില്‍ എല്ലാറ്റിലും ആത്യന്തികമായി നമുക്ക് കാണാന്‍ സാധിക്കുന്നത് മോക്ഷര്‍ഹാരാകുവാന്‍ വേണ്ടത് വിശ്വാസാധിഷ്ടിതമായ കര്‍മ്മമാര്‍ഗമാണ് എന്ന ഇസ്‌ലാമിക നിലപാട് തന്നെയാണ്.  ഉദാഹരണത്തിന് താഴെപ്പറയുന്ന വചനങ്ങള്‍ നോക്കുക.

  ‘എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.’ (2 ദിന വൃത്താന്തം 7: 14)

  ‘അവര്‍ ദുര്‍മാര്‍ഗം വിട്ടു തിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാല്‍ കണ്ടപ്പോള്‍ താന്‍ അവര്‍ക്ക് വരുത്തും എന്ന് അരുളി ചെയ്തിരുന്ന അനര്‍ത്ഥങ്ങളെക്കുറിച്ചു ദൈവം അനുതപിച്ചു, അത് വരുത്തിയതുമില്ല.’ (യോന 3: 10)

  ‘ജീവനില്‍ പ്രവേശിക്കാന്‍ ഇഛിക്കുന്നുവെങ്കില്‍ കല്‍പനകളെ പ്രമാണിക്ക.’ (മത്തായി 19: 17)

  ‘അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ത്തന്നെ നീതീകരിക്കപ്പെടുന്നു.’ (യാക്കോബ് 2: 24)

  ‘കല്ലറകളില്‍ ഉള്ളവര്‍ എല്ലാരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവര്‍ ജീവന്നായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുവാനുള്ള നാഴിക വരുന്നു.’ (യോഹ: 5: 29)

  ‘ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍. അവര്‍ തങ്ങളുടെ പ്രവൃത്തിയില്‍ നിന്ന് വിശ്രമിക്കെണ്ടാതാകുന്നു (അഥവാ വിശ്രമിക്കും). അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.’ (വെളിപാട് 14: 13)

  ‘പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.’ (വെളിപാട് 20: 12)

  തങ്ങളുടെ സ്വന്തം വേദഗ്രന്ഥത്തിന്റെ ഈ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ക്രിസ്ത്യാനികള്‍  യേശു തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചു എന്ന് വിശ്വസിച്ചാല്‍ മാത്രം മതി രക്ഷ പ്രാപിക്കാന്‍ എന്നും ‘ദൈവകൃപ’യ്ക്ക്  കീഴിലുള്ളവരായതിനാല്‍  അവര്‍ക്ക് ദൈവകല്‍പനകള്‍ പിന്തുടരേണ്ടതില്ല എന്നും  അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കില്‍ പിന്നെ എന്ത് കുറ്റകൃത്യം വേണമെങ്കിലും ചെയ്തുകൂടെ? എല്ലാ കുറ്റങ്ങളും യേശു   ഏറ്റെടുത്ത് അവയ്ക്ക് വേണ്ടി മരിച്ചിട്ടുണ്ടല്ലോ. കുറ്റങ്ങള്‍ കൂടുതല്‍ ചെയ്താല്‍ ആ മരണത്തില്‍ നിന്ന് കൂടുതല്‍ മൂല്യം ലഭിക്കുകയല്ലേ ചെയ്യുക? നന്മ ചെയ്യാന്‍ ബൈബിള്‍ പറയുന്നുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസപ്രകാരം, നന്മ ചെയ്യാതിരുന്നാലും യേശുവിന്റെ പാപപരിഹാര ബലിയില്‍ വിശ്വസിക്കുന്നവര്ക്ക്  രക്ഷയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല എന്നതല്ലേ സത്യം? അധാര്‍മികജീവിതത്തില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ശേഷിയില്ലാത്ത വികലമായ ഈ പരലോക സങ്കല്‍പത്തിന് യേശുവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. തന്റെ സ്വന്തം അധരങ്ങള്‍കൊണ്ട്  യേശു പറയുന്നത് താന്‍ ന്യായപ്രമാണത്തെ നീക്കാനല്ല, മറിച്ചു നിവര്‍ത്തിപ്പാനത്രേ വന്നത് എന്നാണ് (മത്തായി 5: 17). നീക്കുന്നതിന്റെ വിപരീതമാണ് നിവര്‍ത്തിക്കുക എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കൂടാതെ, ”സത്യമായിട്ടു ഞാന്‍ നിങ്ങളോട് പറയുന്നു.ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും ഒരു പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല”  (മത്തായി  5:18, 19) എന്നും, ‘നിയമജ്ഞരും ഫരിസേയരും മോശെയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍’  Behind-Atonement-and-Salvation(മത്തായി 23: )23 എന്നും ഒക്കെ യേശു പറയുമ്പോള്‍ ന്യായപ്രമാണം അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്. ന്യായപ്രമാണം വിശ്വാസത്തോടൊപ്പം സല്‍കര്‍മങ്ങള്‍ കൂടി അനശാസിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

  നിത്യജീവനെപ്പറ്റി യേശുവിനോട് ഒരു ചെറുപ്പക്കാരന്‍ അന്വേഷിച്ചറിയാന്‍ വന്നത് മത്തായി ഉദ്ധരിക്കുന്നു: ”ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്ത് നന്മ ചെയ്യേണം എന്ന് ചോദിച്ചതിനു അവന്‍: എന്നോട് നന്മയെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേ ഉള്ളൂ. ജീവനില്‍ കടക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ കല്പ്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു.” (മത്തായി 19: 17). മനുഷ്യരുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ യേശു വരികയും, നിത്യജീവന്‍ ലഭിക്കാന്‍ യേശുവിന്റെ ആ പാപമോചന ബലിയില്‍ വിശ്വസിച്ചാല്‍ മാത്രം മതിയാവുകയുമാണെങ്കില്‍, അങ്ങനെ പഠിപ്പിക്കാതെ കല്പ്പനകളെ പ്രമാണിക്കാന്‍ പറയുന്നതെന്തിന്? തുടര്‍ന്ന് യേശു, കല്‍പ്പനകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. അത് ന്യായപ്രമാണത്തിലെ കല്‍പ്പനകള്‍ തന്നെയായിരുന്നു. മത്തായി 19:18, 19 ല്‍ അത് നമുക്ക് വായിക്കാന്‍ പറ്റും. അതെല്ലാം കേട്ടതിനുശേഷം, ഇതില്‍ക്കൂടുതലായി എന്ത് ചെയ്യണമെന്നു ചോദിച്ച ചെറുപ്പക്കാരനോട് യേശു പറഞ്ഞു, ”സല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്ന് നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക. എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും ; പിന്നെ വന്നു എന്നെ അനുഗമിക്കുക” (മത്തായി 19: 21) എന്ന്.

  ആദ്യകാല യേശുഷിശ്യന്മാര്‍ ആരും തന്നെ ”യേശു വന്നു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുകയും ന്യായപ്രമാണത്തെ നീക്കുകയും ചെയ്തതിനാല്‍ ഇനി അതിലെ  നിയമങ്ങള്‍ പാലിക്കേണ്ടതില്ല” എന്നു പറഞ്ഞ് ‘നിയമ’ത്തെ തള്ളിപ്പറഞ്ഞവരായിരുന്നില്ല. യേശുവിന്റെ ഭൂവാസ കാലത്ത് യേശുവിന്റെ ശിഷ്യനല്ലാതിരുന്ന, യേശുവിനെ കാണുക പോലും ചെയ്യാതിരുന്ന, യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരെ ദ്രോഹിച്ചുകൊണ്ടിരുന്ന ശൗല്‍ എന്ന പൌലോസ്, തനിക്ക് യേശുവിന്റെ ദര്‍ശനം കിട്ടിയെന്നു അവകാശപ്പെട്ടുകൊണ്ട് കടന്നുവന്നിട്ട് പറഞ്ഞ  3 ആശയമാണ്, ന്യായപ്രമാണം ശാപമാണ്, യേശു വന്നിട്ട് നിത്യ യാഗ ബലി നല്‍കിയതിനാല്‍ ഇനി അത് അനുഷ്ഠിക്കേണ്ടതില്ല എന്നത്. യേശുവോ യേശു  തിരഞ്ഞെടുത്തവരായ  ശിഷ്യന്മാരോ അങ്ങനെ പറഞ്ഞിട്ടില്ല. ജയിംസും യേശുവില്‍ വിശ്വസിച്ചവരായ മറ്റു യഹൂദ പ്രമാണിമാരും പൌലോസിനോട് അപോസ്തല പ്രവൃത്തിയില്‍ പറയുന്നത് ഇങ്ങനെയാണ്, ”സഹോദരാ, യഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായപ്രമാണതല്പരന്മാര്‍ ആകുന്നു.”(അപോ പ്രവൃ 21:20)

 ആദ്യകാല വിശ്വാസികള്‍  ന്യായപ്രമാണം പാലിക്കുന്നതില്‍ തല്‍പരര്‍ ആയിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ബൈബിളില്‍ ഗലാത്തി 2:112 വായിച്ചു നോക്കിയാല്‍ നാം കാണുന്നത്, യേശു തിരഞ്ഞെടുത്ത് സ്വര്‍ഗത്തില്‍ യഹൂദന്മാരെ ന്യായം വിധിക്കുമെന്നു പ്രവചിച്ച ശിഷ്യന്മാര്‍, നിയമം അനുസരിക്കാതിരിക്കുന്ന പൌലോസിനെ എതിര്‍ക്കുന്നതായിട്ടാണ്. ശിഷ്യന്മാര്‍ക്കെല്ലാം പരിശുദ്ധാത്മാവ് ഇറങ്ങി എന്ന് അപോ പ്രവൃത്തി  4: 31 പറയുന്നതായി നാം കാണുന്നു. എങ്കില്‍ ‘പരിശുദ്ധാത്മപ്രചോദിതരായ’ ആ വിശുദ്ധ ശിഷ്യന്മാര്‍ തെറ്റ് പ്രവര്‍ത്തിക്കുമോ, അഥവാ ദൈവം തെറ്റായ വഴിയിലേക്കും നയിക്കുമോ? ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആ വിശുദ്ധ ശിഷ്യന്മാര്‍ ‘അനുസരിക്കപ്പെടേണ്ടതാണ്’ എന്നു മനസ്സിലാക്കിയ ന്യായപ്രമാണം, പൗലോസിനും ആധുനിക െ്രെകസ്തവര്‍ക്കും ‘അനുസരിക്കപ്പെടേണ്ടാത്തതാ’യത്?

  ഇന്നത്തെ ക്രസ്തീയ ദൈവശാസ്ത്രത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: ആദിമനുഷ്യനായ ആദാം ചെയ്ത പാപത്തിന്റെ ഫലമായി ഭൂമിയിലേക്ക് പാപം കടന്നുവന്നു. ആദാമിന്റെ സന്താനങ്ങള്‍ക്കെല്ലാം ആ പാപം ‘അനന്തര’മായി കിട്ടി. അതിനാല്‍ ആദാമിന്റെ മക്കളായ മനുഷ്യരെല്ലാവരും പാപികളായിത്തീര്‍ന്നു. അവരില്‍ പാപം ഉള്ളതിനാലാണ് പാപത്തിന്റെ ശമ്പളമായ മരണം എല്ലാവരും അനുഭവിക്കേണ്ടിവരുന്നത്. അത് പരിഹരിക്കാന്‍ ദൈവം മോശേയിലൂടെ തൗറാത്തിലെ ‘നിയമ’ങ്ങള്‍ അയച്ചുകൊടുത്തു.  ആ ‘നിയമ’ത്തില്‍, മനുഷ്യര്‍ അപ്പപ്പോള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരമായി കുറ്റവും കുറവുമില്ലാത്ത ചില പ്രതേക തരത്തിലുള്ള മൃഗങ്ങളെ  ബലിയര്‍പ്പിച്ച് അവയുടെ രക്തം കൊണ്ട് പാപമോചനം നേടുന്ന  ഒരു ഏര്‍പ്പാട്  നിശ്ചയിച്ചിട്ടുണ്ട്. എന്നാലും അതുകൊണ്ട് ഒന്നുമാകുന്നില്ല. മനുഷ്യന്റെ ആദിപാപം പരിഹരിക്കപ്പെടുന്നില്ലല്ലോ. വീണ്ടും വീണ്ടും മനുഷ്യന്‍ പാപം ചെയ്യുന്നതുകൊണ്ട് പാപമോചനബലി അര്‍പ്പിച്ചുകൊണ്ടേയിരിക്കേണ്ടിവരുന്നു. നിത്യ ജീവന്‍ പ്രാപിക്കാനുള്ള ‘നിയമം’ ലഭിച്ചെങ്കിലും, അത് പാലിക്കേണ്ടത് പോലെ പാലിക്കാന്‍ ആദി പാപം പേറുന്നവരായ മനുഷ്യരില്‍  ഒരാള്‍ക്ക്‌പോലും സാധിക്കുന്നില്ല. അതിനാല്‍ നിയമം അനുഗ്രഹമാകുന്നതിന് പകരം ശാപമാവുകയാണ് ചെയ്തത്. അങ്ങനെയിരിക്കെ മനുഷ്യരെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദൈവം, തന്റെ സ്വന്തം മകനായ യേശുവിനെ മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ക്ക് വേണ്ടി ബലിയാവാന്‍ വേണ്ടി ഭൂമിയിലേക്കയച്ചു.   യേശു ഭൂമിയിലേക്ക് വന്നു ഏറ്റെടുത്ത  കുരിശുമരണത്തിലൂടെ മനുഷ്യരാശിയുടെ പാപമോചനത്തിനുള്ള നിത്യയാഗബലി സംഭവിച്ചു. ആ ബലിയില്‍ വിശ്വസിച്ചവര്‍ക്കെല്ലാം പാപമോചനം ലഭിച്ചു/ക്കുന്നു. അങ്ങനെ അവര്‍ നിത്യജീവന്നു അര്‍ഹരായിതീര്‍ന്നു/തീരുന്നു.

  നമുക്ക് ആദ്യമായി പഴയനിയമ ബൈബിളിലെ പാപപരിഹാര ബലികര്‍മ്മത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാം. എങ്ങനെയാണ് യഹൂദര്‍ പാപമോചനത്തിന് വേണ്ടി മൃഗങ്ങളെ ബലി കൊടുത്തിരുന്നത്? കുറ്റവും കുറവുമില്ലാത്ത നിശ്ചിത തരത്തിലുള്ള രണ്ടു ബലിമൃഗങ്ങളെ കണ്ടുപിടിച്ചു അവയില്‍ ഒന്നില്‍ പാപങ്ങള്‍ ചുമത്തപ്പെടുന്നു. അതിനെ കാട്ടിലേക്കയക്കുന്നു. രണ്ടാമത്തെ മൃഗത്തെ ദൈവത്തിനു അര്‍പ്പിക്കുന്നതിന് വേണ്ടി ചില കര്‍മങ്ങള്‍ ചെയ്തിട്ടു വിധിപ്രകാരം അറുത്തു രക്തമൊഴുക്കി ദൈവത്തിനര്‍പ്പിക്കുകയും അതില്‍ ദൈവം സംപ്രീതനാവുകയും ആ ബലി നടത്തിയവര്‍ക്ക് പാപങ്ങളില്‍നിന്നു മോചനം മുതലായ ചില വരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. യേശുവിന്റെ ബലിയുടെ കാര്യം വരുമ്പോള്‍ ആ രണ്ടു മൃഗങ്ങളുടെ ധര്‍മവും ചെയ്യുന്നത് യേശു തന്നെയാണ്. യേശു മനുഷ്യരുടെ പാപങ്ങള്‍ തന്നിലേറുകയും അവക്ക് വേണ്ടി രക്തം ചിന്തി മരിക്കുകയും ചെയ്യുന്നു.  എന്നാല്‍ യേശുവും പിതാവും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒന്നാണെന്നു വിശ്വസിക്കുന്ന, യേശുവിനോട് ദൈവമേ എന്ന് വിളിച്ചു പ്രാര്‍ഥിക്കുന്ന ക്രിസ്ത്യാനികള്‍, ആ ‘ദൈവം’  തന്നെത്തന്നെ  ബലി നല്‍കിയത്  ആര്‍ക്കാണ് എന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുകയില്ല. അതിന്നവര്‍ക്ക് ഉത്തരമില്ലതന്നെ. ബലി  സ്വീകരിച്ചു പ്രതിഫലമായി വരം നല്‍കുന്ന ഒരു വ്യക്തി വേണ്ടേ? ആ വ്യക്തി തന്നെ ബലിയാടായാല്‍ ബലി സ്വീകരിക്കുന്നതാരാണ്? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനുത്തരമായി ചില െ്രെകസ്തവര്‍,  ദൈവീക ത്രിത്വത്തിലെ രണ്ടാം ആളത്വമായ യേശു ഒന്നാം ആളത്വമായ പിതാവിന് സ്വയം ബലികൊടുത്തതാണെന്നു പറയും. ഇതെങ്ങനെ ശരിയാവും? ദൈവ വ്യക്തിത്വങ്ങളിലെ ഒരാള്‍ മറ്റൊരാളെ ബലിയായി സ്വീകരിക്കുകയോ? അപ്പോള്‍ ത്രിത്വത്തിന് മാറ്റം സംഭവിക്കില്ലേ? ദൈവം ഒരിക്കലും മരിക്കുകയില്ല എന്നും അവര്‍ പറയും. ഈ രണ്ടാശയങ്ങളുമെങ്ങനെ ഒത്തുപോകും? അതിനു മറുപടിയായി, ‘മരണം എന്നാല്‍ ഇല്ലാതാവലല്ല, ആത്മാവ് ശരീരത്തില്‍ നിന്ന് വേറിട്ടുപോകല്‍ മാത്രം’ എന്നായിരിക്കും ചിലര്‍ പറയുക. പക്ഷെ അങ്ങനെയെങ്കില്‍ ‘മരിക്കുന്ന’വനായി ഒരു മനുഷ്യനും ഉണ്ടാവുകയില്ലല്ലോ. എല്ലാ മനുഷ്യര്‍ക്കും  ആത്മാവ് വേര്‍പ്പെട്ടു അന്ത്യ വിധിനാളില്‍ അത്  തിരിച്ചുകിട്ടുകയല്ലേ (യോഹ 5: 28, 29)? കൂടാതെ സ്വയം ബലികൊടുക്കുന്നതിനു ആത്മാഹുതി എന്നല്ലേ പറയുക? യേശു അങ്ങനെ ആത്മാഹുതി ചെയ്തതായി ബൈബിളില്‍ നാം കാണുന്നില്ലല്ലോ. പകരം യേശു തന്റെ ദൈവത്തോട് തന്നെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതാണ് നാം കാണുന്നത് (മത്തായി  16: 39, മത്തായി 26: 44, ലൂക്കോസ് 6: 12, മത്തായി 26: 42, മത്തായി 27:46).

  എന്താണ് യഥാര്‍ഥത്തില്‍ യേശു പഠിപ്പിച്ച ‘ജീവന്റെ’ വഴി? ‘ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്നവനായ യേശുക്രിസ്തുവിനെയും ‘അറിയുന്നത്’ തന്നെ നിത്യ ജീവന്‍ ആകുന്നു.’ (യോഹ 17: 3). ദൈവത്തെ അറിയുന്നത്  എങ്ങനെ? ‘യേശു ക്രിസ്തു വന്നത് ദൈവത്തെ വെളിപ്പെടുത്താനാണല്ലോ.’ (യോഹ 1:18). അപ്പോള്‍ ദൈവത്തെ യേശു വെളിപ്പെടുത്തിയത് പോലെ മനസ്സിലാക്കുകയാണ് ദൈവത്തെ അറിയാനുള്ള മാര്‍ഗം.  ദൈവത്തെ ‘നീ’ എന്ന് യോഹ 17: 3 ല്‍പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക. ‘നാം’ എന്നല്ല യേശു പറഞ്ഞിരിക്കുന്നത്. അതായത്, യേശുവിനെ അയച്ച യേശുവിന്റെ ദൈവമാണ് ‘ഏകസത്യ ദൈവം’ എന്നും യേശു ആ ദൈവത്താല്‍ നിയോഗിക്കപ്പെട്ട അവന്റെ ദൂതനാനെന്നുമാണ് യേശു ഇവിടെ വെളിപ്പെടുത്തുന്നത്. എന്നാല്‍ അത് മാത്രം ‘അറിഞ്ഞാ’ല്‍ പോരാ. ദൈവത്തെ അനുസരിക്കുകയും ആവശ്യമാണ്. 1യോഹ 2:3,4 9 നോക്കുക. അവിടെ പറയുന്നതെന്താണ്? ”അവന്റെ കല്പ്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറയുകയും അവന്റെ കല്‍പനകളെ പ്രമാണിക്കാതെയിരിക്കുകയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു.” അപ്പോള്‍ ദൈവത്തെ വെളിപ്പെടുത്താനായിട്ട് അയച്ചിരിക്കുന്ന യേശുവിന്റെ വചനങ്ങള്‍ കേട്ട് അവന്‍ പഠിപ്പിക്കുന്ന ദൈവസന്ദേശമായ കല്‍പനകള്‍ മനസ്സിലാക്കി അത് അനുസരിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ എന്നാണ് യേശുവിന്റെ അദ്ധ്യാപനം. മറ്റു സ്ഥലങ്ങളിലും ഇത് നമുക്ക് കാണാന്‍ സാധിക്കുന്നു: ‘എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.’ (യോഹന്നാന്‍ 5: 24)

  എല്ലാറ്റിലും മുഖ്യമായ ദൈവകല്‍പന  ഏത് എന്നു ചോദിച്ച ശാസ്ത്രിമാരിലൊരുവനോട് യേശു പറഞ്ഞത്, ‘ഇതാണ് ഒന്നാമത്തെ കല്‍പന, യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം’ (മാര്‍ക്കോസ് 12: 29, 30) എന്നത്രെ. അതുകേട്ട ശാസ്ത്രി യേശുവിനോട് പറഞ്ഞു: ‘നന്ന് ഗുരോ, നീ പറഞ്ഞത് സത്യം തന്നെ. ഏകനേയുള്ളൂ. ‘അവന’ല്ലാതെ മറ്റൊരുത്തനുമില്ല. ‘അവനെ’ പൂര്‍ണ്ണഹൃദയത്തോടും  പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്‌നേഹിക്കുന്നതും സകലസര്‍വാം ഹോമങ്ങളേക്കാളും യാഗങ്ങളേക്കാളും സാരമേറിയത് തന്നെ.’ ശാസ്ത്രിയുടെ ‘അവന്‍’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ‘നീ’ എന്നോ ‘നിങ്ങള്‍’ എന്നോ അല്ല പറഞ്ഞത്. ശാസ്ത്രി പറഞ്ഞത് യേശുവിനു തൃപ്തി നല്‍കി.  ”നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്ന് യേശു പ്രതിവചിച്ചു (മാര്‍ക്കോസ് 12: 34). ദൈവത്തെ സ്‌നേഹിക്കണം എന്നതിന്റെ വിശദീകരണം യോഹന്നാന്‍ പറയുന്നത് 2യോഹ 1: 6 ല്‍ കാണാം. ”നാം അവന്റെ കല്പ്പനകള്‍ അനുസരിക്കുന്നത് തന്നെ സ്‌നേഹം ആകുന്നു”. അപ്പോള്‍ യേശുവിന്റെ ഉപദേശങ്ങളിലും  മനുഷ്യന്‍, തന്റെ കര്‍ത്താവായ ദൈവത്തിന്റെ കല്‍പ്പനകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു അനുസരിക്കുകയാണ് വേണ്ടതെന്ന് തന്നെയാണള്ളത്, അല്ലാതെ മിഷനറിമാര്‍ പ്രചരിപ്പിക്കുന്നതുപോലെ കുരിശുമരണത്തില്‍ വിശ്വസിച്ച് രക്ഷ പ്രഘോഷിക്കണമെന്നല്ല.

   മറ്റൊരു സ്ഥലത്ത് യേശു പറയുന്നത് നോക്കുക. ‘ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു. യോഹന്നാന്‍ നീതിമാര്‍ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നു: നിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.’ (മത്തായി 21: 30). യോഹന്നാന്‍ ജനങ്ങളെ  ഉപദേശിച്ചത് എന്തായിരുന്നുവെന്ന് നോക്കൂ. ‘(യോഹന്നാന്‍) മരുഭൂമിയില്‍ സ്‌നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്‌നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.’ (മാര്‍ക്കോസ്  1: 4). ‘ആ കാലത്തു യോഹന്നാന്‍ സ്‌നാപകന്‍ വന്നു, യഹൂദ്യ മരുഭൂമിയില്‍ പ്രസംഗിച്ചു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.’ (മത്തായി  3: 1, 2 ). അപ്പോള്‍, പാപങ്ങള്‍ ചെയ്തതിനു മാനസാന്തരപ്പെടുന്നതാണ് യോഹന്നാന്‍ ഉപദേശിച്ച  നീതി മാര്‍ഗം. അല്ലാതെ  യേശുവിന്റെ കുരിശു മരണത്തില്‍ വിശ്വസിക്കുക എന്ന് യോഹന്നാന്‍ ഒരിക്കലും ഉപദേശിച്ചിട്ടില്ല. പാപങ്ങള്‍ക്കുവേണ്ടി മാനസാന്തരപ്പെടണമെന്ന യോഹന്നാന്റെ ഉപദേശ പ്രസംഗം കേട്ട് അത്  imagesവിശ്വസിക്കുകയും അതിന്‍ പ്രകാരം നടക്കുകയും ചെയ്തതിനാലാണ്  മുകളില്‍ വിവരിച്ച ചുങ്കക്കാരും വേശ്യകളും ദൈവരാജ്യത്തില്‍ കടക്കാനിടയായത്. പാപങ്ങളില്‍ അനുതപിച്ചാല്‍, പിന്നീട് തെറ്റുകളെ തിരുത്തി ജീവിച്ചാല്‍,  ദൈവരാജ്യത്തില്‍ കടക്കാമെന്നും പാപമോചനത്തിനുവേണ്ടി  യേശു ബലിയായി എന്ന വിശ്വാസം അല്ല ആവശ്യമെന്നുമര്‍ത്ഥം. പാപമോചനത്തിന് വേണ്ടി യേശുവും സ്‌നാപക യോഹന്നാനും ഉപദേശിച്ച ‘മാനസാന്തരം’ പൗലോസ് എവിടെയെങ്കിലും പ്രസംഗിച്ചിട്ടുണ്ടോ എന്നും നോക്കുക. പൗലോസിന്റെ തത്ത്വശാസ്ത്രത്തിന് യേശുവുമായുള്ള ‘ബന്ധ’ത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

  ഇനി, യേശു തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നോക്കുക. ‘ഞാന്‍ അവര്‍ക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു. സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.’ (യോഹന്നാന്‍ 17: 14- 17). യേശുവിന് വെളിപാടുകളായി ലഭിച്ച ദൈവവചനങ്ങളാണ് ശിഷ്യന്മാരെ വിശുദ്ധരാക്കുക എന്നാണ് ഇവിടെ വ്യക്തമാകുന്നത്. യേശുവിന് മാത്രമല്ല, മോശെ അടക്കമുള്ള മുന്‍ പ്രവാചകന്മാര്‍ക്കും ജനങ്ങളെ വിശുദ്ധരാക്കാന്‍ ശേഷിയുള്ള വിശുദ്ധ വേദങ്ങള്‍ ലഭിച്ചിരുന്നു. വേദങ്ങള്‍ പ്രകാരം ജീവിക്കുന്നതിനുപകരം കുരിശുമരണത്തില്‍ വിശ്വസിച്ച് രക്ഷ പ്രാപിക്കാം എന്ന പൗലോസിയന്‍ ആശയത്തിന് പ്രവാചകന്മാരുടെയൊന്നും പിന്തുണയില്ലെന്നതാണ് യാഥാര്‍ഥ്യം.  പ്രവൃത്തി പുസ്തകത്തില്‍  മോശെയെപ്പറ്റി പറയുന്നത് കേള്‍ക്കൂ: ‘സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.’ (പ്രവൃത്തി 7: 38). യേശുവിന്റെ കാല ശേഷം പ്രവൃത്തി എഴുതിയ ഗ്രന്ഥകാരനാണ് പറയുന്നത്, ‘നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനാണ് മോശെ’ എന്ന്. ‘ജീവനുള്ള അരുളപ്പാട്’ എന്ന് ഇവിടെ പറഞ്ഞത് മോശെയിലൂടെ ലഭിച്ച ദൈവത്തിന്റെ ഉപദേശ കല്‍പ്പനകളെയാണ്. ആ ജീവനുള്ള അരുളപ്പാട് തന്നെയാണ്, നിങ്ങള്‍ക്ക് നിത്യ ജീവന്‍ വേണമെങ്കില്‍ പാലിക്കണമെന്ന്, യേശു മത്തായി 19: 16 ലും ഉപദേശിച്ചത്. അപ്പോള്‍ മോശേയ്ക്ക് ലഭിച്ച ദൈവ കല്‍പ്പനകള്‍ യേശുവിന്റെ ശിഷ്യന്മാരുടെ കാലത്തും പഴയതായിപ്പോയില്ല എന്നും യേശു പഴയ നിയമത്തെ നീക്കിയിട്ടില്ല എന്നും ഇതില്‍ നിന്നു കൂടി വ്യക്തമാകുന്നുണ്ട്.  ’ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക’ എന്ന്‌ന (മത്തായി 19: 16) യേശു പറഞ്ഞത് എന്തിനാണ് എന്ന് ക്രൈസ്തവ സുഹൃത്തുക്കള്‍ ചിന്തിക്കുക. താന്‍ ‘നീക്കാന്‍’ വന്നതിനെ പാലിക്കാന്‍ പറയുന്നത് എന്ത് അധ്യാപന രീതിയാണ്?

   യേശു ‘ജീവന്റെ അപ്പം’ എന്ന് സ്വയം പരിചയപ്പെടുത്തി എന്ന് പറയുന്ന സുവിശേഷഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് നിത്യജീവനെ സംബന്ധിച്ച പൗലോസ് പരികല്‍പനയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മിഷനറി സുഹൃത്തുക്കളുണ്ട്. അത് നമുക്ക് വിശദമായി പരിശോധിക്കാം. യേശു പറയുന്നു, ‘ഞാന്‍ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.’ (യോഹന്നാന്‍ 6: 47-54). ഇത് കാണിച്ചിട്ട് മിഷനറിമാര്‍ പറയും,  യേശുവിന്റെ ഉപദേശങ്ങളല്ല, യേശുവിന്റെ ശരീരം തന്നെയാണ് ജീവന്‍ നല്‍കുന്നത് എന്ന്. നമുക്ക് ബൈബിളിലെ ആ ഭാഗം ഒന്നുകൂടി വിശദമായി പരിശോധിച്ചു നോക്കാം: ‘ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാന്‍ പിതാവിന്‍മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍മൂലം ജീവിക്കും’ (യോഹ 6: 57) എന്ന് യേശു പറയുന്നത് കേട്ടപ്പോള്‍ യേശുവിന്റെ അദ്ധ്യാപനങ്ങളെ പതിവായി തെറ്റിദ്ധരിച്ചു അക്ഷരാര്‍ഥത്തില്‍ എടുക്കാറുള്ള ശിഷ്യന്മാര്‍ ഇതിനെയും അതുപോലെ മനസ്സിലാക്കി. യേശുവിനെ തിന്നണം എന്നാണല്ലോ പറയുന്നത് എന്ന് വിചാരിച്ചിട്ട്  അവര്‍ പറഞ്ഞു, ‘ഇത് കഠിനവാക്ക്, ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും’ എന്ന്. അപ്പോള്‍ യേശു അതിന്റെ വിശദീകരണം പറഞ്ഞുകൊടുത്തത് കാണുക: ‘ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.’ (യോഹ 6: 63) അപ്പോള്‍, യേശു ഉപദേശിച്ച ദൈവത്തിന്റെ മാര്‍ഗത്തിന്റെ അധ്യാപനങ്ങള്‍ തന്നെയാണ് ‘ജീവന്‍’ നല്‍കുന്നത്. യേശു അങ്ങനെ വ്യക്തമായി വിശദീകരിച്ചു തന്നിട്ടും,  യേശുവിന്റെ മാംസം ഭക്ഷിക്കണമെന്നും രക്തം കുടിക്കണമെന്നും അക്ഷരാര്‍ഥത്തില്‍ വിശ്വസിച്ച് എന്തിന് വഴികേടിലാവുന്നു?  ’ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍മൂലം ജീവിക്കുന്നതുപോല’ എന്ന് യേശു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? ‘ഞാന്‍ പിതാവ് മൂലം ജീവിക്കുന്നത് ‘പോലെ’ എന്നെ തിന്നുന്നവര്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ജീവിച്ചത് ദൈവത്തിന്റെ മരണം മൂലമാണോ? അല്ലല്ലോ. യേശു ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ചകൊണ്ടാണ് ‘ജീവന്‍’ നേടിയെടുത്തത്. അതു’പോലെ’ തന്നെയാണ് നമ്മളും ‘ജീവിക്കുന്നത്’ അഥവാ ജീവിക്കേണ്ടത്; ദൈവത്തിന്റെ കല്‍പനകള്‍ നമുക്ക് വിശദീകരിച്ചുതന്ന യേശുവടക്കമുള്ള പ്രവാചകന്മാരുടെ കല്‍പനകള്‍ ഉള്‍കൊണ്ടുകൊണ്ട്! യോഹന്നാന്റെ സുവിശേഷത്തില്‍ യേശു പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: ‘എന്നെ അയച്ച പിതാവ് തന്നെ ഞാന്‍ ഇന്നത് പറയണം എന്നും ഇന്നത് സംസാരിക്കണം എന്നും കല്‍പന തന്നിരിക്കുന്നു. അവന്റെ കല്‍പന നിത്യജീവന്‍ എന്ന് ഞാന്‍ അറിയുന്നു. ആകയാല്‍ ഞാന്‍ പിതാവ് എന്നോട് അരുളിച്ചെയ്തത് പോലെത്തന്നെ സംസാരിക്കുന്നു.’ (യോഹ 12: 50). മറ്റൊരു സ്ഥലത്ത് നിന്നും ഇതേ കാര്യം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. യേശു പന്തിരുവരോട്: ‘നിങ്ങള്‍ക്കും പൊയ്‌ക്കൊള്‍വാന്‍ മനസ്സുണ്ടോ’  എന്ന് ചോദിച്ചപ്പോള്‍ ശിഷ്യന്‍ പറഞ്ഞതെന്താണെന്നു നോക്കൂ: ‘ശിമോന്‍ പത്രൊസ് അവനോടു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കല്‍ ഉണ്ട്.’ (യോഹ 6: 68). അപ്പോള്‍ ‘ജീവന്റെ അപ്പം’ എന്താണെന്ന് സുവ്യക്തമല്ലേ? ദൈവകല്‍പനകള്‍ പാലിച്ചാലാണ് നിത്യജീവന്‍ ലഭിക്കുക എന്നതിനു പുതിയ നിയമത്തില്‍തന്നെ എത്രയോ തെളിവുകള്‍ കാണാന്‍  സാധിക്കും. പഴയനിയമ ബൈബിളിന്റെ കാര്യം പറയാനുമില്ല. എന്നാല്‍ യേശുവിന്റെ ബലികൊണ്ടാണ് നിത്യജീവന്‍ ലഭിക്കുക എന്ന ക്രിസ്തീയ വിശ്വാസം യേശു പഠിപ്പിക്കുന്ന ഒറ്റ വചനം പോലും സുവിശേഷങ്ങളില്‍ കാണാന്‍ കഴിയില്ല. അത്തരം ഒരാശയം യേശു ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. യഥാര്‍ഥത്തില്‍, പശ്ചാതാപമാണ് പാപമോചനത്തിന് എല്ലാ പ്രവാചകന്മാരും നിര്‍ദേശിച്ചിട്ടുള്ള വഴി. ബൈബിളില്‍ നിന്ന് തന്നെ ഇത് വ്യക്തമാകും. ആവര്‍ത്തനം  4:26-31, 1 രാജാക്കന്മാര്‍  8:46-50, യശയ്യാവ് 55: 69, ജെറമിയ  7: 3-23, യെഹെസ്‌കേല്‍  18:23, 27, യെഹെസ്‌കേല്‍ 39: 19, ഹോസിയ 6: 6, 14: 23, സങ്കിര്‍ത്തനം 40: 79 (68),  മാര്‍ക്കോസ് 1: 4, ലൂക് 4: 4, അപോ. പ്രവര്‍ത്തി 3: 19, ജെയിംസ് 5: 19 മുതലായവ നോക്കുക. കുറ്റബോധവുംപശ്ചാതാപ മനസ്സും ആണ് ദൈവം പരിഗണിക്കുന്നത്. ഒരു ‘കുരിശിനും’ ആ ദൈവനീതിയെ ഉടക്കാനാവില്ല, നിശ്ചയം!

  യേശുവിന്റെ നിയോഗം എന്തിനായിരുന്നെന്ന് ചോദിച്ചാല്‍ ക്വുര്‍ആന്റെ അടിസ്ഥാനത്തിലുള്ള (5: 72,76, 3:51) മുസ്‌ലിംകളുടെ മറുപടി, ദൈവിക സന്ദേശം തന്റെ ജനതയ്ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി മുമ്പ് കഴിഞ്ഞുപോയ മറ്റു പ്രവാചകന്മാരെപ്പോലെ ദൈവത്താല്‍ അയക്കപ്പെടുകയായിരുന്നു യേശുവും എന്നായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് യേശു ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് അവയ്ക്ക് വേണ്ടി മരിക്കാനായിട്ടാണ് നിയോഗിക്കപ്പെട്ടത് എന്നാണല്ലോ. ‘കാല സമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിന് കീഴ്ജനിച്ചവനായി നിയോഗിച്ചയച്ചത് അവന്‍ ന്യായപ്രമാണത്തിന് കീഴുള്ളവരെ വിലക്ക് വാങ്ങീട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ’ (ഗലാത്യര്‍  4: 45) എന്ന പൗലോസിന്റെ വചനം അങ്ങനെ പറയുകയും ചെയ്യുന്നു. എന്നാല്‍ യേശു അത് സമ്മതിക്കുന്നില്ല. യേശു ഇവ്വിഷയകമായ ഇസ്‌ലാമിക നിലപാടിനെയാണ് ശരി വെക്കുന്നത്. ചുങ്കക്കാരില്‍ പ്രമാണിയായ സക്കായി എന്നയാള്‍ യേശുവിനെ സ്വീകരിക്കുകയും താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി തന്റെ സ്വത്തുക്കളില്‍ പകുതി പാവങ്ങള്‍ക്ക് ദാനം നല്‍കാമെന്നും അന്യായമായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ചുങ്കത്തിന്റെ നാലിരട്ടി അവര്‍ക്ക് തിരിച്ചു കൊടുക്കാമെന്നും പ്രഖ്യാപിക്കുന്നത് കേട്ടപ്പോള്‍ തന്നെ യേശു പറഞ്ഞു, ‘ഇന്ന് ഈ വീട്ടിലേക്കു രക്ഷ കടന്നെത്തിയിരിക്കുന്നു’ എന്ന് (ലൂക്കോസ് 19: 110). യേശുവിന്റെ പാപബലിയിലുള്ള വിശ്വാസത്തെപ്പറ്റി അവിടെ ലൂക്കോസ് ഒരക്ഷരം പറയുന്നില്ല, മറിച്ചു സക്കായി യേശുവിനെ (അഥവാ യേശുവിന്റെ ഉപദേശങ്ങളെ)  സ്വീകരിച്ചു മാനസാന്തരപ്പെട്ടു തന്റെ കുറ്റകരമായ പ്രവൃത്തികള്‍ പരിഹരിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനെപ്പറ്റിയാണ് പറയുന്നത്.

  ലൂക്കോസ് പ്രകാരം യേശു ഇങ്ങനെ പറയുന്നു, ‘ഞാന്‍ മറ്റു പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു. ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്’ (ലൂക്കോസ് 4: 43). പിന്നീട് കുരിശുസംഭവം നടക്കുന്നതിന് വളരെ മുമ്പുതന്നെ പറഞ്ഞു: ‘ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി. നീ എനിക്ക് ചെയ്യാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു’(യോഹ 17: 4). കുരിശുസംഭവത്തിന് മുന്‍പുതന്നെ ദൈവം യേശുവിനു കൊടുത്ത പ്രവൃത്തി ‘തികച്ചിരിക്കുന്നു’ എന്ന് യേശു പറയണമെങ്കില്‍  യേശുവിനെ ദൈവം അയച്ചത് മനുഷ്യന്റെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിക്കാനായിരിക്കുകയില്ലെന്നു ഉറപ്പാണ്.  അതാണ്  കുരിശു സംഭവം നടക്കുമ്പോള്‍ യേശു വിലപിച്ചത്, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടതെന്ത്’ എന്ന്!  കുരിശില്‍ മരിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണെങ്കില്‍ മരണ സമയത്ത് അത്  ’ദൈവം കൈവിടല്‍’ ആയി വ്യാഖ്യാനിക്കുമോ? അത് സങ്കീര്‍ത്തനം പാടിയതാണെന്നു ഒരു വ്യാഖ്യാനം കേള്‍ക്കാറുണ്ട്. ദാവീദിന്റെ സങ്കീര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ അങ്ങനെയൊരു സങ്കീര്‍ത്തനവചനം  കാണാന്‍ സാധിക്കുമെങ്കിലും തന്റെ നിയോഗ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ യേശു അങ്ങനെയൊരു നിരര്‍ഥമായ സങ്കീര്‍ത്തനം പാടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു  ഉത്തരം ലഭിക്കാന്‍ പാടാണ്. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള, 100 % മനുഷ്യനായിരിക്കെതന്നെ  100% ദൈവവുമാണ് യേശുവെങ്കില്‍ ഇതിന് യാതൊരു സാംഗത്യവുമില്ലതാനും.  ദൈവത്തിനു തന്നെത്തന്നെ കൈവെടിയാനാകുമോ? കൂടാതെ, നൂറു ശതമാനം ദൈവത്വം കൂടെത്തന്നെയുള്ളപ്പോള്‍ എന്തിനാണ് ദൈവത്തിന്റെ വേറെ വ്യക്തിത്വത്തെ വിളിച്ചു കേഴുന്നത്? അതല്ല യേശു വേറെ ദൈവം വേറെ എങ്കില്‍,  ’ഞാനും പിതാവും ഒന്ന് തന്നെ’ എന്ന് യോഹ  10:30ല്‍ പറയുമ്പോള്‍ മാത്രം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്?

  പാപത്തിന്റെ ശമ്പളം മരണം എന്ന് റോമര്‍ 6: 23 പറയുന്നു.  യേശു മനുഷ്യരുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത് അവയ്ക്ക് പരിഹാരമായി കുരിശില്‍ മരിച്ചു എന്ന് ക്രിസ്ത്യാനികള്‍ 1 പത്രോസ് 2: 24ന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. പക്ഷെ മനുഷ്യരുടെ പാപങ്ങള്‍ക്ക് യേശു സ്വയം ബലിയായി ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ വിശ്വാസികളായ മനുഷ്യര്‍ പോലും മരിക്കുന്നതെന്തുകൊണ്ടാണ്? ഇനി ‘മരണം’ കൊണ്ടുദ്ദേശ്യം  നരകത്തിലെ നിത്യ ശിക്ഷയാണെങ്കില്‍, യേശു സ്വയം നരകത്തില്‍ കിടന്ന് അത്തരം പാപശമ്പളം നല്‍കിയിട്ടില്ലല്ലോ. അപ്പോള്‍  മനുഷ്യര്‍ക്ക് യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുമ്പോള്‍ പാപമോചനം ലഭിക്കുന്നതെങ്ങനെ? പാപത്തിന്റെ ശമ്പളമായ ‘മരണം’ എന്നു പറയപ്പെടുന്ന, നരകത്തിലെ നിത്യശിക്ഷ യേശു അനുഭവിച്ചാലല്ലേ, ആ പാപശമ്പളമാകൂ? ദൈവം പഠിപ്പിക്കാത്ത ദൈവശാസ്ത്രം മനുഷ്യര്‍ സ്വയം നിര്‍മ്മിക്കുമ്പോള്‍ ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളുടെ  ഊരാക്കുടുക്കില്‍ അകപ്പെട്ടു പോകുന്നു നമ്മള്‍.

  ഇനി, യേശു മനുഷ്യരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവക്ക് വേണ്ടി കുരിശില്‍ മരണപ്പെട്ടു എന്ന െ്രെകസ്തവ വിശ്വാസം ശരിയാണെന്നു തന്നെ വെക്കുക. യേശു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തുകഴിഞ്ഞുവെങ്കില്‍ പിന്നെ വീണ്ടും, യേശുവില്‍ വിശ്വസിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന് പറയുന്നതെന്തിന്? നിങ്ങള്‍ യേശുവിന്റെ ബലി വിശ്വസിച്ചു സ്വീകരിക്കുമ്പോഴേ രക്ഷ നിങ്ങള്‍ക്ക് ലഭിക്കൂ എന്ന് വാദിക്കാന്‍ മിഷനറിമാര്‍ പല ഉദാഹരണങ്ങളും പറഞ്ഞുതരും. ഒരു ഉദാഹരണം കേട്ടോളൂ. ‘നിങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് വേണ്ടി ഒരു ഹോട്ടലില്‍ ഒരു സദ്യക്ക് വേണ്ട പണമടച്ചു എന്ന് കരുതുക, എന്നാലും നിങ്ങള്‍ അത് സ്വീകരിച്ചാലല്ലേ അത് നിങ്ങള്‍ക്ക് ലഭിക്കൂ…’ പ്രത്യക്ഷത്തില്‍ ഇത് വളരെ ശരിയാണെന്ന് തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? െ്രെകസ്തവ ദൈവശാസ്ത്രത്തില്‍ പറയുന്നത്, നിങ്ങളുടെ മേല്‍ ഉണ്ടായിരുന്ന പാപങ്ങള്‍ യേശു ഏറ്റെടുത്തിട്ട് അവയ്ക്കുവേണ്ടി മരിച്ചുഎന്നാണ്. നിങ്ങളുടെ പാപങ്ങള്‍ യേശു ഏറ്റെടുത്താല്‍പ്പിന്നെ നിങ്ങളുടെ മേല്‍ എങ്ങനെ പാപങ്ങള്‍ നിലനില്‍ക്കും? ഇത് വളരെ സരളമായതിനാല്‍ മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. എങ്കിലും ഞാന്‍  രണ്ടു ഉദാഹരണങ്ങള്‍ പറയട്ടെ.. നിങ്ങളുടെ  ദേഹത്തില്‍ ധാരാളം പൊടിമണ്ണ് ഉണ്ടായിരുന്നെന്നു വെക്കുക. എന്നിട്ട് ഒരാള്‍ അത് സമ്പൂര്‍ണ്ണമായി തട്ടിക്കളയുന്നു അല്ലെങ്കില്‍ വാക്വം ചെയ്തു കളയുന്നു.  അത് നിങ്ങള്‍ വിശ്വസിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ മേല്‍ തന്നെ നിലനില്‍ക്കുമോ?  ഇല്ലല്ലോ. അതുപോലെ,  നിങ്ങളെ വളരെയേറെ ശല്യം ചെയ്യുകയും വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന ഒരു തെരുവ് പട്ടിയെ നിങ്ങളുടെ നന്മയ്ക്കായി  ഞാന്‍ കൊന്നുകളഞ്ഞു എന്ന് കരുതുക. അത് നിങ്ങള്‍ വിശ്വസിച്ചില്ല എന്നുവെച്ച് ആ പട്ടി മുന്‍പത്തെ പോലെ  നിങ്ങളെ ശല്യം ചെയ്യുമോ? ഇല്ലല്ലോ. അതുപോലെതന്നെയാണ്  ’നിങ്ങളുടെ പാപങ്ങള്‍ക്ക് മറുവിലയായി യേശു മരിക്കുകയും നിങ്ങള്‍ക്ക് അത് മൂലം നിത്യജീവന്‍ സമ്മാനമായി തരികയും’ ചെയ്‌തെന്നിരുന്നെങ്കിലുള്ള അവസ്ഥ.  നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ യേശു നിങ്ങളുടെ പാപങ്ങള്‍ തിരിച്ചുവെക്കുകയും എല്ലാവരുടെയും പാപങ്ങള്‍ക്ക് വേണ്ടി മരിച്ചത് നിങ്ങളെ സംബന്ധിച്ചേടത്തോളം മാറ്റിവച്ച് നിങ്ങളുടെ കാര്യത്തില്‍ മരണവിമുക്തനാവുകയും ചെയ്യുന്നില്ല. പാപങ്ങള്‍ക്കെല്ലാം യേശു മോചനദ്രദവ്യം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ മനുഷ്യരെല്ലാവരും പാപരഹിതരാവുകയില്ലേ?  പാപരഹിതരായവരെ എങ്ങനെ ശിക്ഷിക്കും? പാപപരിഹാര ബലി എന്ന അസംബന്ധത്തില്‍ ക്രൈസ്തവ സമൂഹത്തെ തളച്ചിട്ട പൗലോസ്, ഉത്തരമില്ലാത്ത അനേകം കടങ്കഥകള്‍ക്കാണ് മിഷനറിമാരെ എറിഞ്ഞുകൊടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല തന്നെ!