യുദ്ധം: പ്രതിരോധത്തിനും പ്രത്യാക്രമ�

എം.എം അക്ബര്‍
"ഇബ്നു ഉമര്‍, നബി(സ്വ)യില്‍നിന്ന്: അവിടുന്ന് അരുളി: അറിയുക: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ (ഭര്‍ത്താവ്) വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. അവരെപ്പറ്റി അദ്ദേഹം ചോദിക്കപ്പെടും. ഭാര്യ തന്റെ ഭര്‍ത്തൃഭവനത്തിന്റെയും അയാളുടെ സന്താനങ്ങളുടെയും സംരക്ഷകയാണ്. അവരെപ്പറ്റി അവളും ചോദിക്കപ്പെടും. അടിമ യജമാനന്റെ ധനത്തിന്റെ സംരക്ഷകനും അതെപ്പറ്റി ചോദിക്കപ്പെടുന്നവനുമാണ്. അറിയുക: നിങ്ങള്‍ എല്ലാവരും ഭരണകര്‍ത്താക്കളും ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.''(1)
"ത്വാരിഖുബ്നു ശിഹാബില്‍നിന്ന്: പെരുന്നാള്‍ ദിവസം നമസ്കാരത്തിനുമുമ്പ് ഖുത്വ്ബ ആദ്യമായി തുടങ്ങിയത് മര്‍വാനാണ്. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തിനുനേരെ എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: 'നമസ്കാരം ഖുത്വ്ബക്ക് മുമ്പാകുന്നു'. അദ്ദേഹം (മര്‍വാന്‍) പറഞ്ഞു: 'ആ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ അബൂ സഈദ് പറഞ്ഞു: ഇയാള്‍ (മര്‍വാനെ വിമര്‍ശിച്ച ആള്‍) തന്റെ കടമ നിര്‍വഹിച്ചു. റസൂല്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 'നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അതവന്‍ തന്റെ കൈ കൊണ്ട് മാറ്റട്ടെ. അതിന് സാധിക്കാത്ത പക്ഷം നാവുകൊണ്ട്. അതിനും സാധിക്കാത്ത പക്ഷം ഹൃദയം കൊണ്ട്; അതാണ് ഏറ്റം ദുര്‍ബലമായ സത്യവിശ്വാസം.''(2) 
ഭരണാധികാരം ഒരു ഉത്തരവാദിത്തമാണെന്നും അതിന്റെ നിര്‍വഹണം എങ്ങനെയായിരുന്നുവെന്ന വിഷയത്തില്‍ ഭരണാധികാരികള്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ നേരിടുമെന്നും പഠിപ്പിക്കപ്പെടുമ്പോള്‍ ഭരണനിര്‍വഹണരംഗത്തെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണമെന്നുകൂടി വ്യക്തമാക്കേണ്ട ചുമതല അങ്ങനെ പഠിപ്പിക്കുന്നവര്‍ക്കുണ്ട്. യുദ്ധം അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ അത് നടത്തേണ്ടതെങ്ങനെയെന്ന് അവസാനനാളു വരെയുള്ളവരെയെല്ലാം പഠിപ്പിക്കുകയെന്ന ദൌത്യം നിര്‍വഹിക്കേണ്ടയാളാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ). തിന്മയെ കൈകൊണ്ട് തടുക്കാനാകുമെങ്കില്‍ അങ്ങനെതന്നെ ചെയ്യണമെന്ന് നിഷ്കര്‍ഷിച്ച പ്രവാചകന്(സ്വ), ഒരു ഭരണാധികാരിയെന്ന നിലയില്‍ എങ്ങനെയാണ് തിന്മകളെ കൈകൊണ്ട് പ്രതിരോധിക്കേണ്ടത് എന്നുകൂടി പ്രായോഗികമായി പഠിപ്പിക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് തന്റെ ഭരണപ്രദേശത്ത് നടക്കുന്ന തിന്മകളെ എങ്ങനെ കൈകൊണ്ട് തടുക്കാമെന്ന് കാണിച്ചുതന്നതോടൊപ്പംതന്നെ തന്റെ പൌരന്മാര്‍ക്കും നാടിനുമെതിരെയുള്ള അതിക്രമങ്ങളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുകൂടി സൈനികനീക്കങ്ങളിലൂടെയും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലൂടെയും അദ്ദേഹം അനുയായികളെ തെര്യപ്പെടുത്തി. അങ്ങനെ, ജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും മാനവവല്‍ക്കരിക്കേണ്ടത് എങ്ങനെയെന്ന് മുഹമ്മദ് നബി(സ്വ) മനുഷ്യരെ പഠിപ്പിച്ചു. 'തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' (ക്വുര്‍ആന്‍ 68:4) എന്നും 'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മഹത്തായ മാതൃകയുണ്ട്' (33:21) എന്നുമുള്ള അല്ലാഹുവിന്റെ വചനങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് താനുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും പ്രസ്തുത ആദര്‍ശത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട രാഷ്ട്രസംവിധാനത്തെയും തകര്‍ക്കുവാനുദ്ദേശിച്ച് യുദ്ധത്തിന് വരുന്നവരോടും അതിന് കോപ്പുകൂട്ടുന്നവരോടും എങ്ങനെ പ്രതികരിക്കണമെന്ന വിഷയത്തിലുള്ള മഹത്തായ മാതൃകയാണ് താന്‍ നയിച്ച യുദ്ധങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും പ്രവാചകന്‍(സ്വ) മാനവരാശിക്ക് മുമ്പില്‍വെച്ചത്. ദൈവിക മാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് ശാന്തിയും മരണാനന്തരശാന്തിയുടെ ഭവനവും നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അത് സഹജീവികള്‍ക്ക് പറഞ്ഞുകൊടുക്കുവാനായി ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ നിലനില്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന് നിശ്ചയിച്ചുറച്ച് അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകൊണ്ട് തടയേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകവഴി ഒരു ഭരണാധികാരിയുടെ ദൌത്യനിര്‍വഹണം എങ്ങനെയെന്ന് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ശാന്തമായ ഭൌതികജീവിതം നയിച്ച് ശാന്തിയുടെ ശാശ്വത ഭവനത്തിലെത്തിച്ചേരുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരുടെ മുമ്പില്‍ വിഘ്നങ്ങളുണ്ടായിക്കൂടായെന്ന് നിഷ്കര്‍ഷിക്കുകയും ഉണ്ടാകുന്ന വിഘ്നങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുകവഴി 'ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല' (21:107)യെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം സാര്‍ഥകമാണെന്ന് വ്യക്തമാക്കുകകൂടിയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്.
നിയമം നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ധര്‍മം. പൌരന്മാര്‍ക്ക് അടിസ്ഥാനപരമായ അഞ്ച് അവകാശങ്ങളുണ്ടെന്നും അവ സംരക്ഷിക്കുവാനാവശ്യമായ നിയമങ്ങളാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും ക്വുര്‍ആനിലും ഹദീഥുകളിലുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ അവയില്‍നിന്ന് നിയമങ്ങള്‍ നിര്‍ധരിച്ച് വിശദീകരിച്ച കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നീ അഞ്ച് അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണമാണ് നിയമത്തിന്റെ ധര്‍മം (മഖാസിദശ്ശരീഅ:). മനുഷ്യനും അവന്റെ സ്രഷ്ടാവും തമ്മിലുള്ള ബന്ധമായിരിക്കണം അവന്റെ ജീവിത നിലപാടുകളെ മൊത്തത്തില്‍ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടുതന്നെ ദൈവിക മതം അനുധാവനം ചെയ്യുവാനുള്ള അവന്റെ അവകാശവും സ്വാതന്ത്യ്രവുമാണ് നിയമംമൂലം സംരക്ഷിക്കപ്പെടേണ്ട ഒന്നാമത്തെ കാര്യമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. കൊല, പീഡനം, ഭീതി, പട്ടിണി എന്നിവയുടെ ഭീഷണിയില്ലാതെ ജീവിക്കുവാന്‍ ഓരോ പൌരനും കഴിയണമെന്നതാണ് രണ്ടാമത്തെ കാര്യം. ലഹരി ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന മാനസിക സ്ഥിരതയില്ലായ്മ, കളവ്, പരദൂഷണം, തെറ്റായ ആരോപണങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന മാനസികസംഘര്‍ഷം തുടങ്ങിയവ ഇല്ലാതെയാക്കുകയാണ് നിയമത്തിന്റെ മൂന്നാമത്തെ ധര്‍മം. അഭിമാനവും അസ്തിത്വവും സംരക്ഷിക്കപ്പെടുന്ന ഒരു സാമൂ ഹ്യ സംവിധാനത്തിന്റെ നിലനില്‍പാണ് നിയമത്തിന്റെ നാലാമത്തെ ധര്‍മം. കൊള്ള, ചൂഷണം, തകര്‍ച്ച, വഞ്ചന എന്നിവയില്‍നിന്ന് മുക്തമായ ഒരു സാമ്പത്തികക്രമത്തിന്റെ നിലനില്‍പാണ് അഞ്ചാമത്തേത്. ഈ അഞ്ച് കാര്യങ്ങളും നിര്‍വഹിക്കുവാന്‍ പര്യാപ്തമായ, ക്വുര്‍ആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തം. പ്രമാണങ്ങളില്‍ നേര്‍ക്കുനേരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ മനസ്സിലാക്കുവാനും ഇല്ലാത്തവ അവയുടെ വെളിച്ചത്തില്‍ നിര്‍ധരിച്ചെടുക്കുവാനുമുള്ള അറിവ് അയാള്‍ക്കില്ലെങ്കില്‍, ഇക്കാര്യത്തിന് പണ്ഡിതന്മാരുടെ സഹായത്തോടെയാണ് അയാള്‍ ഭരണം നിര്‍വഹിക്കേണ്ടത്.
പൌരന്മാരുടെ മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നിവയുടെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍ സ്വന്തം നാട്ടിലെ പൌരന്‍മാരുടെ മേല്‍ മാത്രമെ നടപ്പാക്കുവാന്‍ ഭരണാധികാരിക്ക് കഴിയുകയുള്ളൂ. ഇവയെ ചോദ്യം ചെയ്യുന്നത് മറ്റൊരു നാട്ടുകാരാണെങ്കില്‍ പ്രസ്തുത നാട്ടിലെ അധികാര സ്ഥാപനങ്ങളിലൂടെ മാത്രമെ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. ഇസ്ലാമിക സമൂഹത്തിലെ പൌരന്‍മാരുടെ മതവും ജീവനും മനസ്സമാധാനവും അഭിമാനവും സ്വത്തുമെല്ലാം അപകടപ്പെടുത്തുവാന്‍ അന്യനാട്ടില്‍ അവിടുത്തെ അധികാരസ്ഥാപനങ്ങളുടെ സമ്മതത്തോടെയോ നേതൃത്വത്തിലോ ശ്രമം നടക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് പൌരന്‍മാരുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. സമാധനപൂര്‍ണമായ മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇക്കാര്യത്തിനുവേണ്ടി അനിവാര്യമെങ്കില്‍ ആയുധമെടുക്കണമെന്നുതന്നെയാണ് ഇസ്ലാം ഭരണാധികാരികളോട് അനുശാസിക്കുന്നത്. യുദ്ധം ജിഹാദായിത്തീരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. മുസ്ലിംകളുടെ മതത്തിനും ജീവനും മനസ്സമാധാനത്തിനും അഭിമാനത്തിനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ശത്രുക്കള്‍ സമരസജ്ജരാകുമ്പോള്‍ അതിനെ പ്രതിരോധിച്ച് പൌരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവരുടെ ഭരണാധികാരിയാണ് യുദ്ധം ചെയ്യേണ്ടത്. നിയമനിര്‍വഹണത്തിലൂടെ ഭരിക്കുന്ന നാടിനകത്ത് അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം ആരുടെ മേലാണോ ബാധ്യതയായിട്ടുള്ളത് അവരുടെമേല്‍തന്നെയാണ് അയല്‍നാട്ടില്‍നിന്ന് ഈ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് നീക്കുവാനാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവുമുള്ളത്. അതിന് സമാധാനസന്ധിയാണ് ആവശ്യമെങ്കില്‍ അതും സായുധസമരം അനിവാര്യമാണെങ്കില്‍ അതും ചെയ്യേണ്ടത് ഭരണാധികാരിയാണ്. യുദ്ധമാണ് വേണ്ടതെന്ന് അയാള്‍ തീരുമാനിക്കുകയും സായുധ ജിഹാദിന് സന്നദ്ധമാകുവാന്‍ പൌരന്‍മാരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അതിന് സന്നദ്ധമാവുകയാണ് അതിന് സാധിക്കുന്നവരുടെ ബാധ്യത. ഭരണാധികാരി നയിക്കുന്നതോ ആഹ്വാനം നടത്തുകയോ ചെയ്യുന്ന യുദ്ധത്തില്‍ അണിചേരുക മാത്രമാണ് പൌരന്‍മാര്‍ ചെയ്യുന്നത് എന്നര്‍ഥം.
മുഹമ്മദ് നബി(സ്വ) നേതൃത്വം നല്‍കിയ ആദ്യത്തെ പോരാട്ടമാണ് ബദ്റ് യുദ്ധം. തികച്ചും ആകസ്മികമായി ഉണ്ടായ ഒരു യുദ്ധമായിരുന്നു അത്. മദീനയിലെ ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമാകാന്‍ സമ്മതിക്കാതെ മക്കയില്‍ ക്രൂരമായി പിടിച്ചുവെക്കപ്പെട്ട വിശ്വാസികളുടെ മോചനം, പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയും മദീനയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തെ തകര്‍ക്കുകയും ചെയ്യുമെന്ന മക്കാമുശ്രിക്കുകളുടെ ഭീഷണിക്ക് അറുതിവരുത്തുക, മദീനക്ക് ചുറ്റുമുള്ള അറബ് ഗോത്രങ്ങളുടെ അക്രമങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുകയും അവരുമായി സമാധാനസന്ധിയുണ്ടാക്കുകയും ചെയ്യുക. ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി നാടുവിട്ടപ്പോള്‍ മുസ്ലിംകള്‍ മക്കയില്‍ ഉപേക്ഷിച്ചുപോന്ന സമ്പത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ച് നല്‍കുന്നതിനുവേണ്ടി പരിശ്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മുഹമ്മദ് നബി(സ്വ)യുടെ നേരിട്ടുള്ള നേതൃത്വത്തിലും അല്ലാതെയും നടന്ന സൈനിക നീക്കങ്ങളിലൊന്നാണ് ബദ്റ് യുദ്ധമായി പരിണമിച്ചത്. മക്കയില്‍ മുശ്രിക്കുകള്‍ നയിക്കുന്ന വ്യാപാര സംഘങ്ങളെ തടയുകയും നടേ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഹിജ്റക്കുശേഷം ഏഴാം മാസം നടത്തിയ സൈഫില്‍ ബഹ്റ് മുതലുള്ള സൈനിക നീക്കങ്ങളെപോലെയുള്ള ഒരു നീക്കം മാത്രമായിരുന്നു നബി(സ്വ)യും സ്വഹാബിമാരും ബദ്റിലേക്ക് നടത്തിയത്. അതുകൊണ്ടുതന്നെ മദീനയിലുണ്ടായിരുന്ന സ്വഹാബിമാരില്‍ പലരും ബദ്റിലേക്ക് പോവുകയോ യുദ്ധത്തില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.(3) മുന്നൂറ്റിപ്പത്തില്‍പരം പേര്‍ മുഹമ്മദ് നബി(സ്വ)യോടൊപ്പം ബദ്റില്‍ പങ്കെടുത്തുവെന്ന് ബുഖാരിയും(4) അവരുടെ എണ്ണം മുന്നൂറ്റിപത്തൊന്‍പതായിരുന്നുവെന്ന് മുസ്ലിമും(5) നിവേദനം ചെയ്തിട്ടുണ്ട്. യുദ്ധത്തിന് ഒരുങ്ങിപോയവരല്ലാത്തതിനാല്‍തന്നെ അവരുടെ പക്കല്‍ ആവശ്യത്തിനുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പോരാടാനുണ്ടായിരുന്നതാകട്ടെ സര്‍വ്വായുധ സന്നദ്ധരായി യുദ്ധത്തിന് ഒരുങ്ങിവന്ന(6) യുദ്ധസജ്ജരും നിപുണരുമായ ഖുറൈശികളോടായിരുന്നു. രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മുന്നൂറിലധികം പേരുമടങ്ങുന്ന മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യവും നൂറിലധികം കുതിരകളും നിരവധി ഒട്ടകങ്ങളും ആയിരത്തിമുന്നൂറോളം വരുന്ന സായുധസജ്ജരുമടങ്ങുന്ന അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള ഖുറൈശീ സൈന്യവും തമ്മിലാണ് ബദ്റില്‍ ഏറ്റുമുട്ടിയത്.(7) പക്ഷെ, ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ബഹുദൈവാരാധകരിലെ നേതാക്കളായ അബൂജഹ്ലും ഉമയ്യത്തുബിനു ഖലഫുമടക്കമുള്ള എഴുപത് പേര്‍ മരണപ്പെടുകയും എഴുപത് പേരെ മുസ്ലിംകള്‍ ബന്ദികളായി പിടിക്കുകയും ചെയ്തപ്പോള്‍(8) പതിനാല് മുസ്ലിംകളാണ് ബദ്റ് യുദ്ധത്തില്‍ രക്തസാക്ഷികളായത്.(9) ചെറിയൊരു സംഘം അല്ലാഹുവിന്റെ സഹായത്താല്‍ വലിയൊരു സംഘത്തെ ജയിച്ചടക്കി. ബദ്റിലുണ്ടായ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: "നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)'' (3:123,124)
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക) നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.'' (8:9-12)
ബദ്റില്‍ അല്ലാഹു മലക്കുകളെ നിയോഗിച്ചുകൊണ്ട് മുസ്ലിംകളെ സഹായിച്ചതായി മുഹമ്മദ് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. ചില ഹദീഥുകള്‍ നോക്കുക:
"ഇബ്നു അബ്ബാസില്‍നിന്ന്: ബദ്ര്‍ ദിനത്തില്‍ നബി പറഞ്ഞു. ഇതാ ജിബ്രീല്‍, തന്റെ കുതിരയുടെ തല പിടിച്ചുനില്‍ക്കുന്നു. ജിബ്രീലിനോടൊപ്പം യുദ്ധോപകരണങ്ങളുമുണ്ട്.''(10) 
"അവിടുന്ന് ഖിബ്ലയെ അഭിമുഖീകരിച്ച് ഇരുകൈകളുമുയര്‍ത്തി അല്ലാഹുവോട് ഉറക്കെ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നബിയുടെ ചുമലില്‍നിന്ന് തട്ടം താഴെ വീണു. 
അപ്പോള്‍ അബൂബക്ര്‍ കടന്നുവന്നു. അദ്ദേഹം തട്ടമെടുത്ത് നബിയുടെ ചുമലില്‍ ഇട്ടുകൊടുത്തു. എന്നിട്ട് നബിയുടെ പിന്നില്‍ തന്നെ നിന്നു. അദ്ദേഹം പറഞ്ഞു. 'അല്ലാഹുവിന്റെ പ്രവാചകരെ അങ്ങ് അല്ലാഹുവോട് ആവശ്യപ്പെട്ടത് മതി. നിശ്ചയം! താങ്കളോട് വാഗ്ദാനം ചെയ്തത് അവന്‍ പൂര്‍ത്തീകരിച്ചുതരികതന്നെ ചെയ്യും.' അപ്പോള്‍ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയ സന്ദര്‍ഭം. ആയിരം മലക്കുകളെ തുടരെത്തുടരെ അയച്ചുകൊണ്ട് നിങ്ങളെ സഹായിക്കുമെന്നവന്‍ ഉത്തരം നല്‍കി. (അല്‍ അന്‍ഫാല്‍:9)
അങ്ങനെ അല്ലാഹു അദ്ദേഹത്തെ മലക്കുകളാല്‍ സഹായിച്ചു. അബൂ സുമൈല്‍ (റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍) പറഞ്ഞു: ഇബ്നു അബ്ബാസ് എന്നോട് പറഞ്ഞു: ഒരു മുസ്ലിം തന്റെ മുന്നിലുള്ള മുശ്രിക്കുകളില്‍പെട്ട ഒരാളെ പിടികൂടാനായി പിന്നാലെ ഓടുന്നതിനിടയില്‍ അയാളുടെ മുകള്‍ഭാഗത്തായി ചാട്ടവാര്‍കൊണ്ടുള്ള അടിയുടെ ശബ്ദം കേള്‍ക്കുകയായി. ഒപ്പം ഒരു കുതിരപ്പടയാളി പറയുന്ന ശബ്ദവും. 'ഹൈസും മുന്നേറുക'. അദ്ദേഹം മുന്നിലുള്ള ബഹുദൈവവിശ്വാസിയെ നോക്കി. അയാളതാ മലര്‍ന്നുവീഴുന്നു. അദ്ദേഹം അയാളെ നോക്കി. അയാളുടെ മൂക്കിനു അടിയേറ്റിട്ടുണ്ട്. മുഖം കീറിയിട്ടുണ്ട്. അവിടെയൊന്നടങ്കം ചാട്ടയുടെ അടിയേറ്റെന്ന പോലെ കരുവാളിച്ചിട്ടുണ്ട്. അപ്പോള്‍ ഒരു അന്‍സ്വാരി നബിയുടെ സന്നിധിയിലെത്തി പ്രസ്തുത സംഭവം വിവരിച്ചു. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: 'താങ്കള്‍ പറഞ്ഞത് സത്യമാണ്. അത് മൂന്നാം ആകാശത്ത് നിന്നുള്ള സഹായമാണ്'. അവരന്ന് എഴുപത് പേരെ വധിക്കുകയും എഴുപത് പേരെ ബന്ദികളാക്കുകയും ചെയ്തു. അബൂസുമൈല്‍ പറയുന്നു: ഇബ്നു അബ്ബാസ് പറയുകയുണ്ടായി: അവരെ ബന്ധനസ്ഥരാക്കിയപ്പോള്‍ നബി അബൂബക്റിനോടും ഉമറിനോടും ചോദിച്ചു. 'ഈ ബന്ദികളെ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ അഭിപ്രായപ്പെടുന്നത്?' അബൂബക്ര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ അവര്‍ നമ്മുടെ പിതൃവ്യപുത്രരും ആ വഴിക്കുള്ള അടുത്ത ബന്ധുക്കളുമാണല്ലോ. അവരോട് മോചനദ്രവ്യം സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതുവഴി സത്യനിഷേധികളുടെ മേല്‍ നമുക്ക് ശക്തി നേടാനാവും. ഒരു വേള അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്തേക്കാം'. അനന്തരം നബി ചോദിച്ചു: 'ഖത്താബിന്റെ മകനേ, താങ്കളുടെ അഭിപ്രായം എന്താണ്? അദ്ദേഹം (ഉമര്‍) പറയുന്നു: ഞാന്‍ പറഞ്ഞു: അല്ല; അങ്ങനെയല്ല പ്രവാചകരേ. അല്ലാഹുവാണ, അബൂബക്റിന്റെ അഭിപ്രായം എനിക്കില്ല. എന്നാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അധികാരം തരിക, ഞങ്ങള്‍ ഇവരെ ഗളച്ഛേദം ചെയ്യട്ടെ. ഇതാണെന്റെ അഭിപ്രായം. അഖീലിന്റെ കഴുത്ത് വെട്ടാന്‍ അലിയെ ചുമതലപ്പെടുത്തുകയും അദ്ദേഹം അപ്രകാരം ചെയ്യുകയുമാകട്ടെ. ഇന്നയാളുടെ-ഉമറിന്റെ ബന്ധു-കൈകാര്യം ചെയ്യാനുള്ള അധികാരം എന്നെയും ഏല്‍പിക്കുക. ഞാന്‍ അയാളുടെ ഗളച്ഛേദം വരുത്താം. ഇക്കൂട്ടര്‍ സത്യനിഷേധത്തിന്റെ നേതാക്കളും തലവന്‍മാരുമാണ്'.
നബിക്ക് അബൂബക്റിന്റെ അഭിപ്രായമാണ് സ്വീകാര്യമായി തോന്നിയത്. എന്റെ അഭിപ്രായം ഇഷ്ടപ്പെട്ടില്ല. പിറ്റെ ദിവസം ഞാന്‍ അവിടെ ചെന്നു. അപ്പോഴതാ നബിയും അബൂബക്റും അവിടെ ഇരുന്ന് കരയുകയാണ്. ഞാന്‍ ചോദിച്ചു. 'അല്ലാഹുവിന്റെ പ്രവാചകരേ എന്തിനാണ് താങ്കളും കൂട്ടുകാരനും കരയുന്നതെന്ന് അറിയിച്ചാലും. കരച്ചില്‍ വരികയാണെങ്കില്‍ എനിക്കും കരയാമല്ലോ. ഇനി എനിക്ക് കരച്ചില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ കരയുന്നതുകൊണ്ട് ഞാന്‍ വിഷമിച്ച് കരയാം'.
അപ്പോള്‍ നബി പറഞ്ഞു: 'അവരില്‍നിന്ന് മോചനമൂല്യം സ്വീകരിക്കണമെന്ന് നിങ്ങളുടെ കൂട്ടുകാരന്‍ എന്നോട് പറഞ്ഞതുകൊണ്ടാണ് ഞാന്‍ കരഞ്ഞത്. ഈ മരത്തേക്കാള്‍ സമീപത്തായി അവരുടെ ശിക്ഷ എനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു' നബി സമീപത്തുളള ഒരു വൃക്ഷം ചൂണ്ടിക്കാട്ടിക്കൊണ്ടാണത് പറഞ്ഞത്. ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നതുവരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല... എന്നതുമുതല്‍ എന്നാല്‍ ഗനീമത്തായി നിങ്ങള്‍ നേടിയെടുത്തതില്‍നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക എന്നതുവരെയുള്ള സൂക്തങ്ങള്‍ (അല്‍അന്‍ഫാല്‍: 67-69) അല്ലാഹു അവതരിപ്പിച്ചത് അപ്പോഴാണ്. അങ്ങനെ അല്ലാഹു അവര്‍ക്ക് ഗനീമത്ത് (യുദ്ധമുതല്‍) അനുവദനീയമാക്കിക്കൊടുത്തു.''
"ഇബ്നു അബ്ബാസില്‍ നിന്ന്: ഉമറുബ്നുല്‍ എന്നോട് പറഞ്ഞു: ബദ്ര്‍ യുദ്ധദിവസം നബി മുശ്രിക്കുകളെ നോക്കി. അവര്‍ ആയിരമുണ്ടായിരുന്നു. അവിടത്തെ അനുചരന്മാരാകട്ടെ മുന്നൂറ്റിപത്തൊമ്പത് പുരുഷന്‍മാരും. തദവസരം നബി ഇരുകരങ്ങളുമുയര്‍ത്തി ഖിബ്ലയെ അഭിമുഖീകരിച്ച് തന്റെ നാഥനോട് ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി: 'അല്ലാഹുവേ, നീ എന്നോട് ചെയ്ത വാഗ്ദാനം നിറവേറ്റണമേ! അല്ലാഹുവേ, നീ വാഗ്ദാനം ചെയ്തത് എനിക്ക് നല്‍കേണമേ! അല്ലാഹുവേ, ഇസ്ലാമിന്റെ ആളുകളായ ഈ കൊച്ചു സംഘത്തെ നീ നശിപ്പിച്ചാല്‍ ഇനി ഭൂമിയില്‍ നീ ഇബാദത്ത് ചെയ്യപ്പെടുകയില്ല.''(11)
യുദ്ധമുന്നണിയില്‍ നേതാവും അനുയായികളും എങ്ങനെയാകണമെന്ന് കൃത്യമായി പഠിപ്പിച്ചു, മുഹമ്മദ് നബി(സ്വ). യുദ്ധത്തിന് പുറപ്പെടുമ്പോള്‍ തന്നെ നേതാവെന്നാല്‍ നേതൃത്വം വഹിക്കുന്നവനും അനുയായികളെ സഹായിക്കുന്നവനുമാണെന്നും അനുയായികളെക്കൊണ്ട് പണിയെടുപ്പിച്ച് അവരുടെ പരിശ്രമങ്ങളില്‍നിന്നുണ്ടാകുന്ന സുഖസൌകര്യങ്ങള്‍ അനുഭവിക്കുന്നവനല്ലെന്നുമുള്ള പാഠമാണ് അദ്ദേഹം തന്റെ ശിഷ്യന്‍മാര്‍ക്ക് പകര്‍ന്ന് നല്‍കിയത്. മുന്നൂറിലധികം വരുന്ന മുസ്ലിം സൈന്യത്തിന് യാത്ര ചെയ്യാന്‍ ഇരുപത് ഒട്ടകങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ മൂന്നുപേര്‍ വീതമാണ് ഓരോ ഒട്ടകത്തെയും സവാരിക്ക് ഉപയോഗിച്ചിരുന്നത്. തനിക്ക് മാത്രമായി ഒരു ഒട്ടകം സ്വീകരിക്കുന്നതിന് പകരം മറ്റുള്ളവരെപോലെ തന്നോടൊപ്പം അബൂലുബാബ(റ)യെയും അലിയ്യുബ്നു അബീതാലിബി(റ)നെയും തന്റെ പങ്കാളികളായിച്ചേര്‍ത്ത് സൌകര്യങ്ങള്‍ സ്വീകരിക്കുന്നതിന് പകരം അനുയായികളോടൊപ്പമാവുകയാണ് നേതാവ് ചെയ്യേണ്ടതെന്ന് പഠിപ്പിച്ചു. അന്തിമ പ്രവാചകന്‍ രണ്ടുപേര്‍ ഒട്ടകപ്പുറത്തും ഒരാള്‍ നടന്നും പോവുകയെന്ന രീതി മറ്റുള്ള ബദ്റ് പടയാളികളുടെ സംഘത്തിന്റെ രീതിതന്നെ പ്രവാചകന്‍ ഉള്‍ക്കൊള്ളുന്ന മൂവര്‍ സംഘവും സ്വീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. മുഹമ്മദ് നബി(സ്വ) നടക്കേണ്ട ഊഴമെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന അലിയും അബൂലുബാബയും(റ) താങ്കള്‍ നടക്കേണ്ടതില്ലെന്നും പകരം ഞങ്ങളിലൊരാള്‍ നടന്നോളാമെന്നും നിര്‍ബന്ധിച്ചുനോക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. 'നിങ്ങളിലൊരാളും എന്നേക്കാള്‍ ബലവാനായി ഇല്ല; നിങ്ങളെപോലെതന്നെ പ്രതിഫലം ആവശ്യമുള്ളവനാണ് ഞാനും' എന്ന് പറഞ്ഞുകൊണ്ട് തന്റെ അനുയായികളുടെ അഭ്യര്‍ഥന നിരസിച്ച അന്തിമ പ്രവാചകന്‍(സ്വ)(12) അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് നടത്തുന്ന ധര്‍മസമരത്തില്‍ അനുയായികളും നേതാക്കളുമെല്ലാം തങ്ങളുടെ ദൌത്യം നിര്‍വഹിച്ചുകൊണ്ട് മുന്നേറുകയാണ് വേണ്ടതെന്നും എല്ലാവരും പണിയെടുക്കേണ്ടത് ദൈവപ്രീതിക്കുവേണ്ടി മാത്രമാകണമെന്നുമുള്ള പാഠമാണ് ലോകത്തിന് പകര്‍ന്ന് നല്‍കിയത്. വഴിയില്‍വെച്ച് മദീനയിലെ താല്‍ക്കാലിക ഭരണസാരഥ്യത്തിനായി അബൂലുബാബ(റ)യെ തിരിച്ചയച്ചപ്പോഴും തന്നോടൊപ്പം ഒട്ടക സവാരിയില്‍ പങ്കുചേരുന്ന മൂന്നംഗ സംഘത്തിലേക്ക് മര്‍ഥദുബ്നു അബൂമര്‍ഥദിനെ(റ) കൂട്ടി. പ്രവാചകന്‍(സ്വ)(13) സൌകര്യങ്ങളെയും സന്ദര്‍ഭങ്ങളെയും സ്വാര്‍ഥതക്കുവേണ്ടിയല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മക്കുവേണ്ടിയാണ് വിനിയോഗിക്കേണ്ടത് എന്നുകൂടി ലോകത്തെ പഠിപ്പിക്കുകയായിരുന്നു.
അബൂസുഫ്യാനിന്റെ നേതൃത്വത്തില്‍ ശാമില്‍നിന്ന് വമ്പിച്ച സമ്പത്തുമായി മടങ്ങുന്ന കച്ചവട സംഘത്തെ തടയുകയും അതുവഴി മക്കക്കാരെ സാമ്പത്തികമായി ക്ഷീണിപ്പിച്ച് മദീനക്കെതിരെയുള്ള നടപടികളില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് നബി(സ്വ)യും അനുയായികളും പുറപ്പെട്ടത്. 'ഇതാ അബുസുഫ്യാനിന്റെ സാര്‍ഥവാഹകസംഘം. അവരുടെ സമ്പത്തുമായി വരുന്ന സംഘത്തിനുനേരെ നീങ്ങുക. അല്ലാഹു ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് ആര്‍ജിത സമ്പത്തായി നല്‍കിയേക്കാം'(14) എന്ന ബദ്റിലേക്ക് പോകാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രവാചകവിളിയില്‍നിന്നുതന്നെ ഒരു വമ്പിച്ച യുദ്ധമായിരുന്നില്ല അദ്ദേഹം ലക്ഷ്യമാക്കിയിരുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ നീക്കത്തെക്കുറിച്ച് മനസ്സിലാക്കിയ അബൂസുഫ്യാന്‍ ദംദമുബ്നു അംറ് ഗിഫാരിയെ മക്കയിലേക്ക് പറഞ്ഞയച്ച് സഹായം അഭ്യര്‍ഥിച്ചതിന്റെ ഫലമായാണ് അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധ സജ്ജരായ ഖുറൈശീ പടയാളികള്‍ ബദ്റിലേക്ക് പുറപ്പെട്ടത്. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള വര്‍ത്തകസംഘം മുസ്ലിംകളുടെ കണ്ണുവെട്ടിച്ച് മറ്റൊരു മാര്‍ഗത്തിലൂടെ മക്കയില്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലായതോടെ ഒരു സഹസ്രത്തിലധികം പേരുള്‍ക്കൊള്ളുന്ന അവരിലെ ബഹുഭൂരിപക്ഷവും യുദ്ധത്തിന് ഒരുമ്പെടാതെ തിരിച്ചുപോകാമെന്നാണ് അഭിപ്രായപ്പെട്ടതെങ്കിലും അതില്‍നിന്ന് അവരെ അബൂജഹ്ല്‍ തടഞ്ഞുനിര്‍ത്തി. 'അല്ലാഹുവാണ! ബദ്റിലെത്തി അവിടെ മൂന്ന് ദിവസം തങ്ങുകയും മൃഗങ്ങളെ അറുത്ത് ജനങ്ങളെ ഭക്ഷിപ്പിക്കുയും വീഞ്ഞ് കുടിച്ച് മത്തരാവുകയും സംഗീതവും നൃത്തനര്‍ത്ത്യങ്ങളുമായി നമ്മുടെ വരവും പോക്കുമെല്ലാം അറബികളെ അറിയിച്ച് നാം നിസ്സാരന്മാരല്ലെന്ന് അവരെയെല്ലാം ബോധ്യപ്പെടുത്തിക്കൊണ്ടല്ലാതെ തിരിച്ചുപോകുന്ന പ്രശ്നമില്ല'(15)യെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ അന്ത്യത്തിന് കാരണമായിത്തീര്‍ന്ന യുദ്ധത്തിലേക്ക് എടുത്തുചാടുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമാണ് അബൂജഹല്‍ ചെയ്തത്. മക്കയില്‍ വെച്ച് നബിപീഡനത്തിന് നേതൃത്വം വഹിച്ച അദ്ദേഹം ബദ്റില്‍വെച്ച് നടക്കുന്ന പോരാട്ടത്തിലൂടെ നബി(സ്വ)യെയും അനുയായികളെയും നിശേഷം നശിപ്പിച്ച് ഇസ്ലാമിനെ കുഴിച്ചുമൂടാന്‍ കഴിയുമെന്ന് കരുതിയിരിക്കണം. ബദ്ര്‍ യുദ്ധത്തിന്റെ യഥാര്‍ഥ നിമിത്തം അബൂജഹ്ലായിരുന്നുവെന്ന് ചരിത്രകാരന്‍മാരില്‍ പലരും സൂചിപ്പിക്കുവാനുള്ള കാരണമിതാണ്.
സത്യാസത്യ വിവേചനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീര്‍ന്ന ബദ്ര്‍ യുദ്ധം അല്ലാഹുവിന്റെ മഹത്തായ നിശ്ചയങ്ങളിലൊന്നായിരുന്നുവെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. 
"രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി.'' (8:7-8)
യുദ്ധം ഉറപ്പായ സന്ദര്‍ഭത്തില്‍, തന്റെ പിന്നില്‍ അണിനിരന്നവരിലെ വ്യത്യസ്ത വിഭാഗങ്ങളോട് പ്രത്യേകം കൂടിയാലോചനകള്‍ നടത്തി കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ട് നേതൃപാടവത്തിന്റെ അടിത്തറകളിലൊന്നായ കൂടിയാലോചനയുടെ ഇസ്ലാമിക രീതിശാസ്ത്രം എന്താണെന്നുകൂടി മുഹമ്മദ് നബി(സ്വ) ലോകത്തെ പഠിപ്പിച്ചു. തന്റെകൂടെ മക്കയില്‍നിന്ന് പലായനം ചെയ്ത് എത്തിയവരായ അബൂബക്റ്, ഉമര്‍, മിഖ്ദാദുബ്നു അസ്വദ് (റ) എന്നീ മുഹാജിറുകളുടെ പ്രതിനിധികളോട് മക്കക്കാര്‍ യുദ്ധത്തിനൊരുങ്ങിവന്ന സ്ഥിതിക്ക് മുസ്ലിംകള്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം കൂടിയാലോചിച്ചു. തങ്ങളുടെ കുടുംബക്കാരും ബന്ധുക്കളും ഗോത്രക്കാരുമടങ്ങുന്ന മക്കന്‍ സൈന്യത്തോട് ആദര്‍ശത്തിനുവേണ്ടി അടരാടുവാന്‍ തങ്ങളെല്ലാം സന്നദ്ധമാണെന്ന് അവര്‍ പ്രവാചകനെ(സ്വ) അറിയിച്ചു. മുഹാജിറുകളുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥ് നോക്കുക:
"അബ്ദുല്ലാഹ്ബ്നു മസ്ഊദില്‍നിന്ന്: മിഖ്ദാദുബ്നു അസ്വദില്‍നിന്ന് ഞാന്‍ ഒരു രംഗത്തിന് സാക്ഷിയായി. ആ രംഗത്തിന്റെ അവകാശി ഞാനാകുന്നത് അതിന് പകരം വെക്കപ്പെടുന്ന എന്തിനെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്. നബി ബഹുദൈവ വിശ്വാസികള്‍ക്കെതിരെ (സൈനിക സന്നാഹത്തിന്) ആഹ്വാനം ചെയ്യവെ, മിഖ്ദാദ് നബിസന്നിധിയില്‍വന്ന് പ്രഖ്യാപിച്ചു: 'നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്യുകയെന്ന് മൂസാ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞതുപോലെ താങ്കളോട് ഞങ്ങള്‍ പറയുകയില്ല. മറിച്ച്, താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും അണിനിരന്ന് ഞങ്ങള്‍ പൊരുതും'. തദവസരം നബി സന്തോഷിക്കുന്നതും തിരുമുഖം പ്രസന്നമാകുന്നതും ഞാന്‍ കണ്ടു.''(16) 
മിഖ്ദാദ്(റ) പറഞ്ഞതായുള്ള മറ്റൊരു നിവേദനം ഇങ്ങനെയാണ്: "അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു താങ്കള്‍ക്ക് ശരിയാണെന്ന് അറിയിച്ചുതന്നതുപ്രകാരം താങ്കള്‍ ചെയ്തുകൊള്ളുക. ഇസ്രായീല്യര്‍ മൂസയോട് (അ) പറഞ്ഞതുപോലെ 'താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്യുക; ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം' എന്ന് ഞങ്ങള്‍ പറയുകയില്ല. ഞങ്ങള്‍ പറയുന്നത് 'താങ്കളും താങ്കളുടെ നാഥനും പോയി യുദ്ധം ചെയ്യുക; ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്നാണ്. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. ഞങ്ങളെയും കൊണ്ട് താങ്കള്‍ ബിര്‍കല്‍ ഗിമാദിലേക്കാണ് പോകുന്നതെങ്കിലും അവിടെയെത്തുന്നതുവരെ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടാകും.(17) 
മക്കയിലെ ത്യാഗങ്ങളിലും മദീനയിലേക്കുള്ള പലായനത്തിലുമെല്ലാം തന്നോടൊപ്പമുണ്ടായിരുന്ന മുഹാജിറുകളുടെ പൂര്‍ണമായ പിന്തുണ ഉറപ്പാക്കിയതിന് ശേഷം പ്രവാചകന്‍(സ്വ) അന്‍സ്വാറുകള്‍ക്ക് നേരെ തിരിഞ്ഞു. ബദ്റിലേക്ക് പുറപ്പെട്ട സംഘത്തില്‍ മുഹാജിറുകളുടെ ഇരട്ടിയിലധികം പേര്‍ അന്‍സ്വാറുകളായിരുന്നു. 82നും 86നുമിടയില്‍ മുഹാജിറുകളും 231 അന്‍സ്വാറുകളുമാണ് ബദ്റില്‍ പങ്കെടുത്തതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.(18) മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ മദീനയിലേക്ക് പലായനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനെപറ്റി അഖബയില്‍ ഒരുമിച്ച് കൂടിയപ്പോള്‍ മദീനക്കകത്തുവെച്ച് പ്രവാചകനെ(സ്വ) സംരക്ഷിക്കാമെന്ന് മാത്രമെ അന്‍സ്വാറുകള്‍ ഉടമ്പടി ചെയ്തിട്ടുള്ളൂവെന്നതിനാല്‍ മദീനക്ക് പുറത്ത് ബദ്റില്‍വെച്ച് നടക്കുന്ന യുദ്ധത്തെക്കുറിച്ച് അവരുടെ അഭിപ്രായമെന്തെന്ന് അറിയുവാന്‍ പ്രവാചകന്‍(സ്വ) ആഗ്രഹിച്ചു. അന്‍സ്വാറുകളുമായി നടന്ന കൂടിയാലോചനയെപ്പറ്റി ഇബ്നു ഇസ്ഹാഖ് വിവരിക്കുന്നത് ഇങ്ങനെയാണ്: 
ഭൂരിപക്ഷമുള്ള അന്‍സ്വാറുകളുടെ നിലപാടറിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. അക്വബയിലെ ഉടമ്പടയില്‍ മദീനയ്ക്ക് പുറത്തുപോയി യുദ്ധം ചെയ്യാന്‍ അവര്‍ വ്യവസ്ഥ ചെയ്തിട്ടുമില്ല. അതിനാല്‍ ഇതത്രയും കേട്ടശേഷം അവിടുന്ന് അന്‍സ്വാറുകളെ ഉദ്ദേശിച്ചു പറഞ്ഞു: "ജനങ്ങളേ! നിങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയിക്കണം.'' ഇത് തങ്ങളെ ഉദ്ദേശിച്ചാണ് പ്രവാചകന്‍ ചോദിക്കുന്നതെന്ന് അന്‍സ്വാറുകളുടെ നേതാവും ധ്വജവാഹകനുമായ സഅദ്ബിന്‍ മുആദ് മനസ്സിലാക്കി. അദ്ദേഹം ചോദിച്ചു. 'ദൈവദൂതരേ! അങ്ങ് ഞങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നുവല്ലോ!' 'അതെ' പ്രവാചകന്‍ പറഞ്ഞു. അപ്പോള്‍ സഅദ് പ്രഖ്യാപിച്ചു. 'ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയും അംഗീകരിക്കുകയും താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ്. തദടിസ്ഥാനത്തില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന കരാറും പ്രതിജ്ഞയും ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ താങ്കള്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിച്ചുകൊള്ളുക. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം! ഈ സമുദ്രം താങ്കള്‍ മുറിച്ചുകടക്കുകയാണെങ്കില്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ടാകും. ഞങ്ങളില്‍ ആരും തന്നെ പിന്‍മാറുകയില്ല. നാളെത്തന്നെ ഞങ്ങളെയുംകൊണ്ട് താങ്കള്‍ ശത്രുക്കളെ നേരിട്ടാലും ഞങ്ങള്‍ വെറുപ്പു പ്രകടിപ്പിക്കാതെ യുദ്ധരംഗത്ത് ഉറച്ചുനില്ക്കുന്നതാണ്. ഞങ്ങള്‍ യുദ്ധരംഗത്തും ഏറ്റുമുട്ടുന്നേടത്തും ഉറച്ചുനിന്നവരും നിഷ്ഠപുലര്‍ത്തിയവരുമാണ്. കണ്‍കുളിര്‍ക്കാവുന്ന രംഗങ്ങള്‍ ഞങ്ങളിലൂടെ അല്ലാഹു താങ്കള്‍ക്ക് കാണിച്ചേക്കാം! അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അങ്ങ് ഞങ്ങളെ നയിച്ചാലും!
മറ്റുചില നിവേദനങ്ങളനുസരിച്ച് സഅദ് പ്രതികരിച്ചതിങ്ങനെയാണ്: 'അന്‍സ്വാറുകള്‍ക്ക് മദീനക്കകത്ത് വെച്ചേ താങ്കളെ സഹായിക്കാന്‍ ബാധ്യതയുള്ളൂ എന്നതിന്റെ പേരില്‍ താങ്കള്‍ ഭയപ്പെടുന്നതുപോലെ തോന്നുന്നു. എന്നാല്‍, ഞാന്‍ അന്‍സ്വാറുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. താങ്കള്‍ ഉദ്ദേശിക്കുന്ന വഴിക്ക് നീങ്ങിക്കൊള്ളുക. ഉദ്ദേശിക്കുന്നവരുമായി ബന്ധം ചേര്‍ക്കുകയും ഉദ്ദേശിക്കുന്നവരുമായി വിഛേദിക്കുകയും ചെയ്യുക. ഞങ്ങളുടെ സമ്പത്തില്‍നിന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് എടുക്കുക. താങ്കള്‍ ഉദ്ദേശിക്കുന്നതുമാത്രം തിരിച്ചു നല്‍കുകയും ചെയ്യുക. താങ്കള്‍ ഞങ്ങള്‍ക്ക് തിരിച്ചുതരുന്നതിനേക്കാള്‍ ഞങ്ങള്‍ക്കേറ്റം പ്രിയം താങ്കള്‍ ഞങ്ങളില്‍ നിന്ന് എടുത്തതാണ് താങ്കളുടെ കല്‍പനയ്ക്ക് വിധേയമായിരിക്കും ഞങ്ങളുടെ കാര്യങ്ങള്‍. അല്ലാഹുവാണ! ഗിംദാനിലെ ജലാശയം വരെ അങ്ങ് സഞ്ചരിക്കുകയാണെങ്കിലും ഞങ്ങള്‍ അങ്ങയുടെകൂടെയുണ്ടാകും. ഈ സമുദ്രം തന്നെ ഞങ്ങളേയും കൊണ്ട് അങ്ങ് മുറിച്ചുകടക്കുകയാണെങ്കിലും അല്ലാഹുവാണ ഞങ്ങള്‍ അങ്ങയുടെ കൂടെത്തന്നെയുണ്ടാകും! "സഅദിന്റെ പ്രസ്താവന കേട്ട് റസൂല്‍(സ്വ) സന്തുഷ്ടനും ഉന്മേഷവാനുമായി. എന്നിട്ട് അവിടുന്ന് പറഞ്ഞു. 'നിങ്ങള്‍ സഞ്ചരിക്കുക, സന്തോഷവാര്‍ത്തയുമായി. രണ്ടാലൊരു വിഭാഗത്തെ അല്ലാഹു എനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവാണ! ശത്രുക്കളുടെ പതനം ഞാന്‍ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു.''(19) 
നബി(സ്വ)യും അന്‍സ്വാറുകളും തമ്മില്‍ നടന്ന കൂടിയാലോചനയെപ്പറ്റി പരാമര്‍ശിക്കുന്ന സ്വഹീഹുമുസ്ലിമിലെ ഹദീഥ് കാണുക:
അനസി(റ)ല്‍നിന്ന്: അബൂസുഫ്യാന്‍ വരുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോള്‍ നബി (അനുചരന്മാരുമായി) കൂടിയാലോചിച്ചു. അങ്ങനെ അബൂബക്ര്‍(റ) സംസാരിച്ചു. അപ്പോള്‍ നബി അദ്ദേഹത്തില്‍നിന്ന് തിരിഞ്ഞുകളഞ്ഞു. പിന്നീട് ഉമര്‍(റ) സംസാരിച്ചു. അദ്ദേഹത്തില്‍നിന്നും നബി തിരിഞ്ഞുകളഞ്ഞു. അനന്തരം സഅ്ദുബ്നു ഉബാദ(റ) എഴുന്നേറ്റുനിന്നു. അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്? എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവനാണ, ഞങ്ങളോട് ഞങ്ങളുടെ കുതിരപ്പടയെ സമുദ്രത്തില്‍ പ്രവേശിപ്പിക്കാനാണ് അങ്ങ് കല്‍പ്പിക്കുന്നതെങ്കില്‍പോലും ഞങ്ങള്‍ പ്രവേശിപ്പിക്കും. ബര്‍കുല്‍ഗിമാദിലേക്ക് മുറിച്ചുകടക്കണമെന്നാണ് അങ്ങ് കല്‍പിക്കുന്നതെങ്കില്‍ അതും ഞങ്ങള്‍ ചെയ്യും'. അനന്തരം നബി ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ ബദ്റില്‍ ചെന്നിറങ്ങി. ഖുറൈശികള്‍ വെള്ളം കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന കുറെ ഒട്ടകങ്ങള്‍ അവരുടെ അടുത്തെത്തി. അക്കൂട്ടത്തില്‍ ബനുല്‍ ഹജ്ജാജിലെ ഒരു കറുത്ത ബാലനുമുണ്ടായിരുന്നു. അവര്‍ അവനെ പിടികൂടി. നബിയുടെ അനുചരന്‍മാര്‍ അബൂസുഫ്യാനെയും കൂട്ടരെയും പറ്റി അവനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: 'അബൂ സുഫ്യാനെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. എന്നാല്‍ അബൂജഹ്ല്‍, ഉത്ബ, ശൈബ, ഉമയ്യതുബ്നു ഖലഫ് എന്നിവര്‍ കൂട്ടത്തിലൂണ്ട്'. ഇതുപറഞ്ഞപ്പോള്‍ അവനെ അവര്‍ അടിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: 'ശരി, അബൂ സുഫ്യാനും ഇതാ ഉണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു'. അതോടെ അവനെ വെറുതെവിട്ടു. അല്‍പം കഴിഞ്ഞ് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'എനിക്ക് അബൂ സുഫ്യാനെക്കുറിച്ച് ഒരു വിവരവുമില്ല. എന്നാല്‍ അബൂജഹ്ല്‍, ഉത്ബ, ശൈബ, ഉമയ്യതുബ്നു ഖലഫ് എന്നിവരെല്ലാം ആള്‍ക്കൂട്ടത്തിലൂണ്ട്'. അത് പറഞ്ഞപ്പോള്‍ അവര്‍ അവനെ വീണ്ടും അടിച്ചു. അപ്പോള്‍ നബി നമസ്കരിക്കുകയായിരുന്നു. ഇതുകണ്ട നബി നമസ്കാരത്തില്‍നിന്നും വിരമിച്ചശേഷം പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവനാണ, ഇവന്‍ നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ ഇവനെ അടിക്കുന്നു. ഇവന്‍ നിങ്ങളോട് കള്ളം പറയുമ്പോള്‍ നിങ്ങള്‍ അവനെ വെറുതെവിടുകയും ചെയ്യുന്നു!'. അദ്ദേഹം (അനസ്)പറഞ്ഞു: അനന്തരം അല്ലാഹുവിന്റെ റസൂല്‍ അരുളി: 'ഇത് ഇന്നയാള്‍ (മരിച്ചു) വീഴ്ത്തപ്പെടുന്ന സ്ഥലമാണ്!' നിവേദകന്‍ പറഞ്ഞു: (അതുപറഞ്ഞപ്പോള്‍) അവിടുന്ന് തന്റെ കരം ഭൂമിയില്‍ അങ്ങും ഇങ്ങും വെക്കുന്നുണ്ടായിരുന്നു. അദ്ദേഹം (അനസ്) പറഞ്ഞു: നബി കൈവെച്ചേടത്തുനിന്ന് അവരില്‍ ഒരാളും അകന്നുപോയിട്ടില്ല.(20) 
യുദ്ധരംഗത്തേക്ക് എടുത്തുചാടേണ്ടതുണ്ടോ ഇല്ലേയെന്ന വിഷയത്തില്‍ മാത്രമല്ല, യുദ്ധതന്ത്രങ്ങളുടെ കാര്യത്തിലും പ്രവാചകന്‍(സ്വ) അനുയായികളുമായി കൂടിയാലോചിക്കുകയും തന്റേതിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞവരുടേതാണ് ശരിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്റെ അഭിപ്രായം തിരുത്തുകയും ചെയ്തതിന് ബദ്റ് യുദ്ധസംഘം സാക്ഷിയായിട്ടുണ്ട്. ഇബ്നുഇസ്ഹാഖ് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കുക: 
അന്ന് രാത്രി അവിടെ മഴ വര്‍ഷിച്ചു. ബഹുദൈവാരാധകര്‍ക്ക് അത് കടുത്ത പേമാരിയായി മാറിയപ്പോള്‍ മുസ്ലിംകള്‍ക്ക് അവരുടെ ആലസ്യത്തില്‍നിന്ന് ഉണര്‍ത്തുന്നതും പൈശാചിക മാലിന്യത്തില്‍നിന്ന് ശുചീകരിക്കുന്നതുമായ കുളിര്‍മഴയായി അതു ഭവിച്ചു. മുസ്ലിംകളുടെ പ്രദേശത്ത് മണല്‍ ഉറച്ച് പാദങ്ങള്‍ ഉറപ്പിക്കാവുന്ന അവസ്ഥയും കൈവന്നു. തുടര്‍ന്ന് മുസ്ലിം സൈന്യം ബദ്റിലെ ജലാശയത്തിന് സമീപമായി തമ്പടിച്ചു. ഉടനെ ഹുബാബ് ബിന്‍ മുന്‍ദിര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഈ സ്ഥലം യുദ്ധതന്ത്രമെന്ന നിലയ്ക്ക് താങ്കളുടെ വ്യക്തിപരമായ വീക്ഷണമനുസരിച്ചോ അതല്ല, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത അല്ലാഹുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ എങ്ങനെയാണ് തെരഞ്ഞെടുത്തത്. ഇതെന്റെ വീക്ഷണം മാത്രമാണ് നബി(സ്വ) പറഞ്ഞു: എന്നാല്‍ ഇത് അനുയോജ്യമായ സ്ഥലമല്ല, നമുക്കല്‍പം മുന്നോട്ടുനീങ്ങി ക്വുറൈശികള്‍ക്ക് സമീപമുള്ള ജലാശയം മൂടി അതിനടുത്ത് ഒരു സംഭരണിയില്‍ ജലം ശേഖരിച്ചശേഷം ബാക്കി കിണറുകള്‍ നിരത്താം. അങ്ങനെയായാല്‍ നമുക്ക് വെള്ളം ലഭിക്കും. അവര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല. ഹബ്ബാബ് പറഞ്ഞു: 'ഇതാണ് ശരിയായ അഭിപ്രായം നബി(സ്വ) പറഞ്ഞു: തുടര്‍ന്ന് രാത്രിയുടെ മധ്യത്തോടെ അങ്ങോട്ടുനീങ്ങി മേല്‍പ്പറഞ്ഞതുപോലെയെല്ലാം ചെയ്തു.(21) 
യുദ്ധത്തില്‍, അനുയായികള്‍ക്ക് പിന്നിലായിരുന്നില്ല, മുന്നിലായിരുന്നു പ്രവാചകന്റെ(സ്വ) സ്ഥാനം. തന്റെ അനുയായികള്‍ പ്രവാചകനുവേണ്ടി ഒരു കൂടാരം നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് അനുവദിച്ചുവെങ്കിലും പലപ്പോഴും അതിനകത്ത് ഇരിക്കുന്നവനായല്ല അദ്ദേഹത്തെ നമുക്ക് കാണാന്‍ കഴിയുന്നത്. ബദ്റ് യുദ്ധരംഗത്തെക്കുറിച്ച അലി(റ)യുടെ വിവരണത്തില്‍ ദൈവദൂതനായിരുന്നു ശത്രുനിരയോട് ഏറ്റവും അടുത്തുനിന്ന് യുദ്ധം ചെയ്തത്; ഞങ്ങളില്‍ പലരും അദ്ദേഹത്തിന് പിന്നിലാണ് അഭയം തേടിയിരുന്നത്, ശത്രുവിനെതിരെ ഏറ്റവും ശക്തമായി യുദ്ധം ചെയ്തത് അദ്ദേഹമായിരുന്നു; ഞങ്ങളില്‍ വെച്ച് ഏറ്റവും ശക്തനായി കാണപ്പെട്ടത് അദ്ദേഹത്തെയായിരുന്നു'(22) എന്നിങ്ങനെ പറയുന്നതില്‍നിന്ന് യുദ്ധരംഗത്തെ മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വം എങ്ങനെയുള്ളതായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. യുദ്ധത്തില്‍ പ്രവാചകന്‍(സ്വ) നേര്‍ക്കുനേരെ പോരാടേണ്ടതില്ലെന്നായിരുന്നു അനുയായികളുടെ അഭിപ്രായമെന്ന് നബിക്കുവേണ്ടി കൂടാരം നിര്‍മിക്കുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള അന്‍സ്വാരി പ്രമുഖനായ സഅദുബ്നു മുആദിന്റെ(റ) വര്‍ത്തമാനത്തില്‍നിന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: 
"പ്രവാചകരേ, അങ്ങേക്ക് ഞങ്ങള്‍ ഒരു കൂടാരം പണിതുതരാം. താങ്കള്‍ക്കതില്‍ വിശ്രമിക്കാം. താങ്കളുടെ വാഹനവും ഞങ്ങള്‍ അതില്‍ ഒരുക്കിവെക്കാം. തുടര്‍ന്ന് ഞങ്ങള്‍ ശത്രുവിനെ നേരിടും. അല്ലാഹു നമ്മുടെ യശസ്സുയര്‍ത്തുകയും ശത്രുവിനെതിരെ വിജയം നല്‍കുകയും ചെയ്താല്‍ നാം ആഗ്രഹിക്കുന്നത് പോലെയായി. മറിച്ചാണെങ്കില്‍ താങ്കള്‍ക്ക് വാഹനത്തിലേറി നമ്മുടെ കൂടെ യുദ്ധത്തില്‍ പങ്കുചേരാന്‍ കഴിയാത്ത നമ്മുടെ ആളുകളുമായി സംബന്ധിക്കുകയും ചെയ്യാം.''(23)  
തങ്ങളെല്ലാം മരിച്ചാലും തങ്ങള്‍ നിലനിന്ന ആദര്‍ശം ഇവിടെ നിലനില്‍ക്കണമെന്നും തങ്ങള്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ആദര്‍ശ പ്രബോധകനായ പ്രവാചകന്(സ്വ) അപകടമൊന്നും സംഭവിക്കാതെ അവശേഷിക്കുകയും തന്റെ ദൌത്യമായ സത്യമത പ്രബോധനം നിര്‍വഹിച്ചുകൊണ്ട് സമൂഹത്തെ മുന്നോട്ട് നയിക്കുകയും ചെയ്യണമെന്നുമുള്ള അനുയായികളുടെ നിര്‍ദേശം പ്രവാചകനെ(സ്വ) സന്തോഷിപ്പിക്കുകയും തന്റെ സുരക്ഷക്കുവേണ്ടി അനുയായികള്‍ നിര്‍മിക്കാമെന്ന് പറഞ്ഞ കൂടാരത്തിന് അദ്ദേഹം അനുമതി നല്‍കുകയും ചെയ്തുവെങ്കിലും യുദ്ധം തുടങ്ങിയതോടെ മുസ്ലിം പടയാളികളുടെ മുന്നില്‍നിന്നുകൊണ്ട് അവര്‍ക്ക് നേതൃത്വം നല്‍കുന്ന നബി(സ്വ)യെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിശ്രമത്തേക്കാള്‍ അധികം പ്രാര്‍ഥനക്ക് വേണ്ടിയാണ് മുഹമ്മദ് നബി(സ്വ) തനിക്കുവേണ്ടി നിര്‍മിച്ച കൂടാരം ഉപയോഗിച്ചത്. 'ഈയൊരു കൊച്ചുസംഘത്തെ നശിപ്പിച്ചാല്‍ പിന്നെയീ ഭൂമിയില്‍ നിന്നെമാത്രം ആരാധിക്കുന്നവര്‍ അവേശിഷിക്കുകയില്ല, നാഥാ... നീ നിന്റെ വാഗ്ദാനം പാലിക്കേണമേ'(24)യെന്ന കരളുരുകിയുള്ള പ്രവാചക പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. തന്റെ പടയങ്കിയണിഞ്ഞുകൊണ്ട് ബദ്റ് ദിവസം പ്രവാചകന്‍(സ്വ) "എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.''(54:45) എന്ന് പാരായണം ചെയ്തപ്പോഴാണ് തനിക്ക് പ്രസ്തുത ക്വുര്‍ആന്‍ വചനത്തിന്റെ വിവക്ഷയെന്താണെന്ന് മനസ്സിലായതെന്ന് ഉമര്‍(റ) പറഞ്ഞതായി ഇക്രിമ(റ) നിവേദനം ചെയ്തിട്ടുണ്ട്.(25) യുദ്ധത്തില്‍ വിജയമുണ്ടാകുമെന്ന് പ്രവാചകനെ(സ്വ) അല്ലാഹു അറിയിച്ചിരുന്നുവെന്നര്‍ഥം.
ബദ്ര്‍ യുദ്ധത്തില്‍ വിജയമുണ്ടാകുമെന്ന അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത ലഭിക്കുകയും മലക്കുകളെ അയച്ചുകൊണ്ട് സഹായിക്കാമെന്ന ദൈവികവാഗ്ദാനം നിലനില്‍ക്കുകയും ചെയ്തിട്ടും പ്രാര്‍ഥനയോടെ പടപൊരുതുകയും അതിന് അനുയായികളെ പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ട് മുന്നണിയില്‍തന്നെ നിലയുറപ്പിച്ച പ്രവാചകന്‍(സ്വ) എങ്ങനെയാണ് കാര്യങ്ങളെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടതെന്ന് വിശ്വാസികളെ പഠിപ്പിക്കുകയായിരുന്നു. 'ദൈവം പാതി താന്‍ പാതി' എന്നതിന് പകരം 'തനിക്ക് ചെയ്യാനുള്ളതെല്ലാം' ചെയ്തുകഴിഞ്ഞശേഷം അതിന്റെ നന്മ നിറഞ്ഞ ഫലത്തിനായി അല്ലാഹുവില്‍ ഭരമേല്‍പിക്കുക'യെന്ന തത്ത്വമാണ് ഇസ്ലാം പഠിപ്പിക്കുന്ന തവക്കുലിന്റ കാതല്‍. തങ്ങളെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മക്കാസൈന്യം ഒരുങ്ങിവന്നപ്പോള്‍ അനുയായികളുമായി കൂടിയാലോചിച്ചും അവരെ സമരസജ്ജരാക്കുവാന്‍ പ്രചോദിപ്പിച്ചും യുദ്ധമുന്നണിയില്‍ അവര്‍ക്ക് നേതൃത്വം നല്‍കിയും അതോടൊപ്പംതന്നെ സഹായത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചുംകൊണ്ട് തവക്കുലിന്റെ രീതിശാസ്ത്രം സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍(സ്വ). ഹിജ്റക്കുശേഷമുള്ള രണ്ടാം വര്‍ഷത്തിലെ റമദാന്‍ 17ന് വെള്ളിയാഴ്ച(26) മുസ്ലിം സൈന്യവും ബഹുദൈവാരാധകരുടെ സൈന്യവും മുഖാമുഖം നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ ഇതാ ഖുറൈശികള്‍! നിന്റെ ദൂതനെതിരെ കള്ളം പറഞ്ഞുകൊണ്ട് അവരുടെ അഹങ്കാരവും താന്തോന്നിത്തവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത്. അല്ലാഹുവേ, നീ എന്നോട് വാഗ്ദാനം ചെയ്ത സഹായം നല്‍കേണമേ. അല്ലാഹുവേ, ഉച്ചയോടെ നീ അവരെ നശിപ്പിക്കേണമേ.(27) 
യുദ്ധത്തിനൊരുങ്ങിവന്ന ശത്രുവിനെ നശിപ്പിക്കുവാന്‍ പ്രാര്‍ഥിക്കുകയും അവര്‍ക്കെതിരെ ആയുധമെടുക്കുവാന്‍ അനുയായികളെ പ്രചോദിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യുടെ ചെയ്തികളില്‍ അതിക്രമിയെയും അധികാരമോഹിയെയും രക്തദാഹിയെയും കാണാന്‍ ശ്രമിക്കുന്നവര്‍ വസ്തുതകളെ നേര്‍ക്കുനേരെ തമസ്കരിക്കുകയാണ് ചെയ്യുന്നത്. മുസ്ലിംകളെ നശിപ്പിക്കുവാന്‍ സന്നദ്ധരായി ശത്രുസൈന്യം നിലയുറപ്പിച്ച സന്ദര്‍ഭത്തില്‍ അവരെ സ്വാഗതം ചെയ്യുകയും സ്വന്തം സമൂഹത്തെ നശിപ്പിക്കുവാന്‍ അവരെ അനുവദിക്കുകയുമായിരുന്നു പ്രവാചകന്‍(സ്വ) ചെയ്യേണ്ടിയിരുന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നതെങ്കില്‍ അത് അംഗീകരിക്കുവാന്‍ അല്‍പമെങ്കിലും ചിന്താശേഷിയുള്ള ആരെയും ലഭിക്കുകയില്ലെന്ന് ഉറപ്പാണ്. പ്രവാചകനെന്ന നിലയിലും രാഷ്ട്രനേതാവെന്ന നിലയിലും താന്‍ പഠിപ്പിക്കുന്ന ആദര്‍ശത്തെയും അതനുസരിച്ച് ജീവിക്കുന്നവരെയും നശിപ്പിക്കുവാന്‍ സമ്മതിക്കാതിരിക്കേണ്ട ബാധ്യത പ്രവാചകനുണ്ട്(സ്വ). ശത്രുക്കളെ നശിപ്പിക്കുവാനുള്ള പ്രാര്‍ഥനയിലും അവര്‍ക്കെതിരെ ആയുധമെടുക്കുവാന്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള പ്രവാചകവചനങ്ങളിലും നമുക്ക് കാണാനാകുന്നത് ഈ ബാധ്യതാ നിര്‍വഹണമാണ്. യുദ്ധരംഗത്തിറങ്ങി ശത്രുവിനോട് പോരാടാനുള്ള പ്രവാചകന്റെ(സ്വ) പ്രചോദനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം നോക്കുക.
"അനസുബ്നു മാലികി(റ)ല്‍നിന്ന്: അബൂസുഫ്യാന്റെ കച്ചവടസംഘം എന്ത് ചെയ്യുന്നെന്ന വിവരമറിയാന്‍ നബി ബുസൈസയെ ചാരനായി നിയോഗിച്ചു. അദ്ദേഹം വന്നപ്പോള്‍ ഞാനും നബിയുമല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. നിവേദകന്‍ പറയുന്നു: നബി തിരുമേനിയുടെ ഒരു ഭാര്യയും ഒഴികെ എന്ന് പറഞ്ഞോ എന്നെനിക്കറിയില്ല. അദ്ദേഹം പറയുകയാണ്: അങ്ങനെ അദ്ദേഹം വിവരങ്ങള്‍ പറഞ്ഞു. അനന്തരം നബി പുറത്തുവന്ന് സംസാരിച്ചു. 'നമുക്ക് പുറത്തിറങ്ങി അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. വാഹനങ്ങള്‍ തയ്യാറുള്ളവര്‍ ഞങ്ങളോടൊപ്പം വാഹനം കയറി വന്നുകൊള്ളട്ടെ'. അപ്പോള്‍ ചിലയാളുകള്‍ നബിയോട് സമ്മതം ചോദിക്കാന്‍ തുടങ്ങി. അവരുടെ വാഹനങ്ങള്‍ മദീനയിലെ ഉയര്‍ന്ന പ്രദേശത്താണ് (അവ കൊണ്ടുവരാന്‍). അവിടുന്ന് പറഞ്ഞു: 'വാഹനം തയ്യാറുള്ളവരല്ലാതെ പുറപ്പെടേണ്ടതില്ല'. അങ്ങനെ നബിയും അനുചരന്മാരും മുശ്രിക്കുകള്‍ എത്തുന്നതിനുമുമ്പായി ബദ്റിലേക്ക് പോയി. ബഹുദൈവ വിശ്വാസികളും വന്നുചേര്‍ന്നു. അപ്പോള്‍ നബി പറഞ്ഞു: 'ഞാന്‍ മുന്നിലായിക്കൊണ്ടല്ലാതെ നിങ്ങള്‍ ആരുംതന്നെ ഒരു കാര്യത്തിലും മുന്നിട്ടിറങ്ങേണ്ട'. അങ്ങനെ മുശ്രിക്കുകള്‍ അടുത്തുവന്നപ്പോള്‍ നബി അരുളി: 'ആകാശഭൂമികളോളം പ്രവിശാലമായ സ്വര്‍ഗത്തിനായി ഒരുങ്ങിക്കൊള്ളുക'. അദ്ദേഹം (നിവേദകന്‍) പറയുന്നു: അപ്പോള്‍ ഉമൈറുബ്നു ഹുമാമില്‍ അന്‍സ്വാരി(റ) നബിയോട് ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, വാനഭുവനങ്ങളോളം വിശാലമായ സ്വര്‍ഗമോ?' അവിടുന്ന് പറഞ്ഞു: 'അതെ' അദ്ദേഹം (ഉമൈര്‍) പറഞ്ഞു: 'ഹായ്! ഹായ്!' അപ്പോള്‍ നബി ചോദിച്ചു: 'ഹായ്! ഹായ്!' എന്നുപറയാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം: 'ഞാനതിന്റെ ആളുകളില്‍ ഉള്‍പ്പെടണമെന്ന ആഗ്രഹമല്ലാതെ മറ്റൊന്നുമല്ല പ്രവാചകരേ...' നബി(സ്വ): 'നിശ്ചയം നീ അതിന്റെ ആളുകളില്‍ പെട്ടവനാണ്'. അപ്പോള്‍ അദ്ദേഹം തന്റെ ആവനാഴിയില്‍നിന്ന് ഏതാനും കാരക്കയെടുത്ത് തിന്നാന്‍ തുടങ്ങി. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഈ കാരക്കകള്‍ തിന്നുകഴിയുന്നതുവരെ ഞാന്‍ ജീവിക്കുകയാണെങ്കില്‍ അതൊരു ദൈര്‍ഘ്യമേറിയ ജീവിതം തന്നെയായിരിക്കും'. അങ്ങനെ അദ്ദേഹം തന്റെ കൈയിലുള്ള കാരക്ക വലിച്ചെറിഞ്ഞു. തുടര്‍ന്ന് അവരോട് പോരാടി; വധിക്കപ്പെടുന്നതുവരെ.''(28) 
ആദര്‍ശത്തിന്റെ സംരക്ഷണത്തിനായി അന്തിമ പ്രവാചകനും അനുയായികളും തോളോട് തോളുരുമ്മി പടവെട്ടിയപ്പോള്‍ അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായി. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് മുസ്ലിംകള്‍ പടവെട്ടിയതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് നടേ വിവരിച്ച സംഭവം. അധികാരവും യുദ്ധാര്‍ജ്ജിത സമ്പത്തും അങ്ങനെ ലഭിക്കുന്ന അടിമപ്പെണ്‍കൊടികളുമൊത്തുള്ള ശയനവുമായിരുന്നു മുസ്ലിംകളെ യുദ്ധത്തിന് പ്രചോദിപ്പിച്ചതെന്ന വിമര്‍ശനത്തിന്റെ നട്ടെല്ലൊടിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും അവന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും വിശ്വാസികള്‍ പടപൊരുതിയപ്പോള്‍ അല്ലാഹു അവരെ സഹായിച്ചു. യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചത് അല്ലാഹുവിന്റെ സഹായം കൊണ്ടാണ്. കൂടാരത്തില്‍ പ്രാര്‍ഥനാനിമഗ്നനായിരുന്ന പ്രവാചകന്‍(സ്വ) ഇടയ്ക്ക് പുറത്തുവന്നുകൊണ്ട് അബൂബക്കറിനോട്(റ) പറഞ്ഞു: 'സന്തോഷവാര്‍ത്തയുണ്ട് അബൂബക്ര്‍. അല്ലാഹുവിന്റെ സഹായം വന്നെത്തിയിരിക്കുന്നു. തലപ്പാവ് വെച്ചുകൊണ്ട് തന്റെ കുതിരയെ നയിച്ച് ഇതാ ജിബ്രീല്‍ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുതിരയുടെ പല്ലില്‍ പൊടി പിടിച്ചിട്ടുണ്ട്. അല്ലാഹു വാഗ്ദാനം ചെയ്ത സഹായം ഇതാ വന്നെത്തിയിരിക്കുന്നു'(29) 
അധികാരമോഹവും അധീശത്വ സ്വപ്നങ്ങളുമാണ് മുഹമ്മദ് നബി(സ്വ)യെ ആയുധമെടുക്കുവാന്‍ പ്രചോദിപ്പിച്ചത് എന്ന് പറയുന്നവര്‍ക്ക് ബദ്റില്‍വെച്ച് അദ്ദേഹം മറ്റെന്ത് ചെയ്യണമെന്നാണ് നിര്‍ദേശിക്കുവാനുള്ളതെന്ന് അറിയുവാന്‍ കൌതുകമുണ്ട്. മുസ്ലിംകള്‍ക്കെതിരെ പടപൊരുതിക്കൊണ്ട് തങ്ങളുടെ യശസ്സ് അറബ് ലോകത്തെ അറിയിക്കണമെന്ന് അഹങ്കരിക്കുന്ന അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള ഒരു വന്‍സൈന്ന്യം അതിക്രമങ്ങള്‍ക്കൊരുങ്ങി ബദ്റില്‍ തമ്പടിച്ചപ്പോള്‍ അവര്‍ക്കെതിരെ സായുധസഹായം നടത്താതിരിക്കണമെന്ന് പറയുവാന്‍ രാഷ്ട്രതന്ത്രത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ സന്നദ്ധമാകുമോ? അത് നടന്നിട്ടില്ലായിരുന്നുവെങ്കില്‍ പ്രസ്തുത സൈന്യം മദീനയിലേക്ക് മാര്‍ച്ച് ചെയ്യുകയും മദീനാപട്ടണം തന്നെ നാമാവശേഷമാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുമായിരുന്നുവെന്ന് സംഭവങ്ങളെ നിരീക്ഷിക്കുന്ന ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയാത്തത്! യുദ്ധത്തിന് ഒരുങ്ങിവന്ന ശത്രുക്കളില്‍നിന്ന് നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുകയും അങ്ങനെ സമാധാനപൂര്‍ണമായി ഇസ്ലാമിക ജീവിതം നയിക്കുവാനും അതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുവാന്‍ വേണ്ടിയാണ് ബദ്റ് യുദ്ധം നടത്തണമെന്ന വസ്തുത സത്യസന്ധമായി ചരിത്രപഠനം നിര്‍വഹിക്കുന്നവര്‍ക്കൊന്നും നിഷേധിക്കാനാവില്ല, തീര്‍ച്ച.
ബദ്റിലുണ്ടായ പരാജയത്തിന് പകരം വീട്ടാന്‍ എന്നവണ്ണം മദീനയിലെത്തിയ സര്‍വ്വായുധസജ്ജരായ മക്കാമുശ്രിക്കുകളുമായി നടന്ന പ്രധാന പോരാട്ടങ്ങളിലൊന്നായ ഉഹ്ദിന്റെ സ്ഥിതിയും വ്യത്യസ്മായിരുന്നില്ല. ‘മുഹമ്മദിനെ ആക്രമിക്കാതെ ഇനി തലയില്‍ വെള്ളമൊഴിക്കുകയില്ല'യെന്ന് ശപഥം ചെയ്ത് ഇരുന്നൂറ് ഭടന്‍മാരുമായി മദീനയിലെത്തിയ അബൂസുഫ്യാന്‍ തോറ്റോടിയ ഗോതമ്പുമാവ് യുദ്ധം (ഗസ്വത്തു സ്സ്വവീക്വ്)(30) ദഅ്സൂറിന്റെ നേതൃത്വത്തില്‍ മുസ്ലിംകളെ ആക്രമിക്കാനൊരുങ്ങിയ ഗത്ഫാന്‍കാരെ തുരത്തിയ സംഭവം(31) എന്നിവക്കു ശേഷമാണ് ഉഹ്ദ് യുദ്ധം നടന്നത്. ബദ്റ് യുദ്ധം നടക്കുന്നതിന് മുമ്പ് രക്ഷപെട്ട അബൂസുഫ്യാന്റെ കച്ചവടസംഘം നേടിയ അമ്പതിനായിരം ദീനാര്‍ വരുന്ന ലാഭം ബദ്റിന് പകരം ചോദിക്കാനായി നീക്കി വെക്കുകയാണ് മക്കാ മുശ്രിക്കുകള്‍ ചെയ്തത്.(32) ഖുറൈശികളും സഖ്യകക്ഷികളുടെ പ്രതിനിധികളുള്‍ക്കൊള്ളുന്ന സര്‍വ്വായുധസജ്ജരായ മൂവായിരത്തോളം പേരോടാണ് ഉഹ്ദില്‍വെച്ച് പ്രവാചകനും (സ്വ) അനുയായികള്‍ക്കും നേരിടേണ്ടി വന്നത്.(33) മദീനയെ തകര്‍ക്കാനൊരുങ്ങി വരുന്ന സൈനികരും അവര്‍ക്ക് ഹരം പകരാനായുള്ള ഗായകരും സംഗീതജ്ഞരും നര്‍ത്തകരും തരുണികളുമടങ്ങുന്ന വന്‍ സംഘത്തെക്കുറിച്ച് തന്റെ പിതൃവ്യനായ അബ്ബാസുബ്നു അബ്ദില്‍ മുത്തലിബ് നല്‍കിയ രഹസ്യവിവരം അറിഞ്ഞയുടനെത്തന്നെ മദീനാ മുസ്ലിംകളുമായി കൂടിയാലോചിച്ച്, ശത്രുക്കളെ മദീന നഗരത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ വഴിയിലുള്ള ഉഹ്ദില്‍വെച്ച് നേരിടുവാന്‍ പ്രവാചകന്‍ (സ്വ) തീരുമാനിക്കുകയായിരുന്നു.(34) ആയിരം പേര്‍ മാത്രമടങ്ങുന്ന സൈന്യത്തില്‍നിന്ന് വഴിയില്‍വെച്ച്, അബ്ദുല്ലാഹിബ്നു ഉബയ്യ്ബ്നു സുലൂലിന്റെ നേതൃത്വത്തിലുള്ള കപടവിശ്വാസികള്‍ പിന്‍മാറിയതോടെ മുസ്ലിം സൈന്യത്തിന്റെ എണ്ണം മൂന്നില്‍ രണ്ടായി ചുരുങ്ങി.(35) മദീനാരാഷ്ട്രത്തെയും അത് ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും തകര്‍ക്കാന്‍ വരുന്ന വന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ എഴുന്നൂറോളം പേരടങ്ങുന്ന മുസ്ലിംകളെ ഉഹ്ദ് മലയുടെ താഴ്വാരത്തില്‍ സജ്ജീകരിച്ചുകൊണ്ട് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് പ്രവാചകന്‍ (സ്വ) യുദ്ധം തുടങ്ങി. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്ലിം സൈന്യം ശക്തമായ മുന്നേറ്റം നടത്തി; ശത്രുപക്ഷത്തെ പല പ്രമുഖരും നിലംപതിച്ചു. ആദര്‍ശ സമരത്തില്‍ ശത്രുവിനെ പരാജയപ്പെടുത്തുകയോ യുദ്ധഭൂമിയില്‍ മരിച്ചുവീഴുകയോ ചെയ്യണമെന്ന ഉല്‍ക്കടമായ അഭിവാഞ്ജയോടെ ‘‘മരണം മരണം'' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് യുദ്ധരംഗത്ത് ആവേശത്തോടെ മുന്നേറിയ മുസ്ലിംകളുടെ അസാമാന്യമായ ധീരത കണ്ടതോടെ ശത്രുസൈന്യത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു.(36) തങ്ങള്‍ കൊണ്ടുവന്നതെല്ലാം ഉപേക്ഷിച്ചുകൊണ്ട് മക്കാ മുശ്രിക്കുകള്‍ തോറ്റോടിയപ്പോള്‍ മുസ്ലിംകള്‍ യുദ്ധാര്‍ജ്ജിത സമ്പത്ത് വാരിക്കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 
ഉഹ്ദ് യുദ്ധത്തിനുവേണ്ടി സൈന്യത്തെ സജ്ജമാക്കുമ്പോള്‍ തന്നെ താഴ്വരയിലുള്ള ചെറിയ മലയ്ക്കുമുകളില്‍ ശത്രുവിന്റെ പിന്നില്‍നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ അബ്ദുല്ലാഹിബ്നു ജുബൈറിന്റെ (റ) നേതൃത്വത്തില്‍ ഒരു കൂട്ടം അമ്പെയ്ത്തുകാരെ നിര്‍ത്തുകയും മുസ്ലിംകള്‍ ജയിക്കുകയോ തോല്‍ക്കുകയോ എന്തുതന്നെ സംഭവിച്ചാലും പ്രവാചകനിര്‍ദേശമില്ലാതെ അവിടെനിന്ന് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എല്ലാവരും യുദ്ധമുതലുകള്‍ വാരിക്കൂട്ടുന്നത് കണ്ടപ്പോള്‍ അവ നേടിയെടുക്കാനായി പ്രവാചക നിര്‍ദേശം അവഗണിക്കുകയും നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്തുകൊണ്ട് അമ്പെയ്ത്തുകാര്‍ ചിലര്‍ മലമുകളില്‍നിന്ന് ഇറങ്ങിയത് യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു (37) മക്കാമുശ്രിക്കുകളുടെ സൈന്യം പ്രസ്തുത മലയ്ക്കു മുകളില്‍ കയറി പിന്നിലൂടെ ആക്രമിച്ചപ്പോള്‍ യുദ്ധമുതലുകളാകുന്ന ഭൌതിക സമ്പത്തിന്റെ ശേഖരണത്തില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്ന മുസ്ലിംകളുടെ അടിപതറി. യുദ്ധത്തിന്റെ മാനസികാവസ്ഥയില്‍നിന്ന് വിഭവശേഖരണത്തിന്റെ മാനസികാവസ്ഥയിലേക്ക് ആപതിച്ച മുസ്ലിംകള്‍ക്ക് വലിയ പരാജയമാണ് ഉഹ്ദ് മൂലമുണ്ടായത്. മുഹമ്മദ് നബി(സ്വ)യുടെ തലക്ക് പരിക്കുപറ്റി; കവിള്‍ത്തടത്തില്‍ മുറിവേറ്റു; കുഴിയില്‍ വീണു; പല്ലു പൊട്ടി; നബി(സ്വ)യുടെ ശരീരത്തില്‍നിന്നും രക്തം ധാരധാരയായി ഒഴുകി; മുഹമ്മദ് നബി (സ്വ) വധിക്കപ്പെട്ടുവെന്ന പ്രചാരണമുണ്ടായി. ഇത് മുസ്ലിം സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തി; പലരും യുദ്ധരംഗത്തുനിന്ന് പിന്തിരിഞ്ഞോടി;(38) നബി(സ്വ)ക്കു ചുറ്റും വലയം തീര്‍ത്തുകൊണ്ട് അദ്ദേഹത്തിനുനേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ധീരരായ ചില മുസ്ലിംകള്‍ തയ്യാറായി. അവരുടെ നീക്കങ്ങള്‍ മൂലം ഖുറൈശികള്‍ യുദ്ധരംഗം വിട്ടുപോയി. മുസ്ലിംകള്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചക പിതൃവ്യനായ ഹംസ(റ)യടക്കം എഴുപത് മുസ്ലിംകള്‍ രക്തസാക്ഷികളായി. മരിച്ചുവീണവരുടെ ശരീരം പിളര്‍ന്ന് കരളെടുത്ത് കടിച്ചു ചവച്ചുതുപ്പിയും അവയവങ്ങള്‍ അരിഞ്ഞെടുത്ത് മാലയാക്കിയണിഞ്ഞ് നൃത്തമാടിയും ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള പക തീര്‍ക്കുകയാണ് മക്കാമുശ്രിക്കുകള്‍ ചെയ്തത്.(39) അനുസരണക്കേടും ഭൌതികവിഭവങ്ങളോടുള്ള ആസക്തിയുമാണ് ഉഹ്ദിലെ പരാജയത്തിന് കാരണമെന്നും അതൊരു പരീക്ഷണമായി മനസ്സിലാക്കി വിശ്വാസപരമായ നവജാഗരണത്തിന് മുസ്ലിം സമൂഹം സജ്ജമാകണമെന്നും വ്യക്തമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ടതെന്ന് വ്യാഖ്യാതാക്കള്‍ പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങളുടെ സാരം ശ്രദ്ധിക്കുക: 
"അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്) നിങ്ങളില്‍ ഇഹലോകത്തെലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. 
ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? 
(നബിയേ) പറയുക: കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. 
(നബിയേ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു. രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.'' (3:152155)
ഉഹ്ദ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീഥുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അബൂഹാസിമി(റ)ല്‍നിന്ന്: ഉഹ്ദ് യുദ്ധനാളില്‍ നബി(സ്വ)ക്കേറ്റ പരിക്കിനെപ്പറ്റി സഹ്ലുബ്നു സഅ്ദ് അസ്സാഇദി(റ)യോട് ആരോ അന്വേഷിക്കുന്നത് അദ്ദേഹം കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബിയുടെ മുഖത്ത് പരിക്കേറ്റു. മുന്‍പല്ലിന്റെയും കോമ്പല്ലിന്റെയും ഇടയിലുള്ള പല്ല് പൊട്ടിപ്പോയി. തലയിലുണ്ടായിരുന്ന ഉരുക്കുതൊപ്പി തകര്‍ന്നു. നബിയുടെ പുത്രി ഫാത്വിമ അദ്ദേഹത്തിന്റെ രക്തം കഴുകിക്കൊടുത്തു. അലി പരിചകൊണ്ട് വെള്ളം ഒഴിച്ചുകൊടുത്തു. വെള്ളം ഒഴിക്കുമ്പോള്‍ രക്തം ധാരാളമായി ഒഴുകുന്നതായി കണ്ടതിനാല്‍ ഫാത്വിമ ഒരു പായക്കഷണം കരിച്ച് ചാരമാക്കി മുറിവില്‍ വെച്ചുകെട്ടി. അങ്ങനെ രക്തമൊഴുക്ക് നിലച്ചു.(41) 
അനസി(റ)ല്‍നിന്ന്: ഉഹുദ് യുദ്ധദിവസം നബിയുടെ മുന്‍പല്ലിന്റെയും കോമ്പല്ലിന്റെയും ഇടയിലുള്ള പല്ല് പൊട്ടിപ്പോയി. തലക്ക് മുറിവേറ്റു. അതില്‍നിന്ന് രക്തം തുടച്ചുനീക്കിക്കൊണ്ടിരുന്നപ്പോള്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘തങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ പ്രവാചകന്റെ തലക്ക് മുറിവേല്‍പിക്കുകയും അദ്ദേഹത്തിന്റെ മുന്‍പല്ലിന്റെയും കോമ്പല്ലിന്റെയും ഇടയിലുള്ള പല്ല് പൊട്ടിക്കുകയും ചെയ്ത ജനത എങ്ങനെ വിജയിക്കാനാണ്?' അപ്പോള്‍ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു: 'നബിയേ, കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് ഒരു അവകാശവുമില്ല.' (ആലുഇംറാന്‍: 128)(42)
ഉഹ്ദ് യുദ്ധത്തിന്റെ തുടര്‍ച്ചയായി നടന്ന ഹംറാഉല്‍ അസദ് യുദ്ധം, നജ്ദിലെ ബനൂമുഹാരിബ്, ബനൂ ഥഅ്ലബ ഗോത്രങ്ങള്‍ മദീനയെ ആക്രമിക്കാനൊരുങ്ങുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കെതിരെ നടത്തിയ സൈനിക നീക്കമായ ദാത്തുര്‍രിഖാഅ് യുദ്ധം,(44) ഉഹ്ദില്‍ ഖുറൈശികളെ സഹായിക്കുകയും അതിന്നുശേഷം നബി (സ്വ)യെ ആക്രമിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടത്തിയ ബനൂമുസ്ത്വലിഖ് യുദ്ധം,(45) എന്നീ സൈനിക നടപടികള്‍ക്കുശേഷമാണ് പ്രസിദ്ധമായ ഖന്‍ദഖ് യുദ്ധം നടന്നത്. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതിനും പ്രവാചകനെ വധിക്കുന്നതിനും ശ്രമിച്ച ജൂത ഗോത്രങ്ങളായ ബനൂഖൈനുഖാഉം ബനൂനദീറും നാടുകടത്തപ്പെട്ടപ്പോള്‍ മദീനക്കെതിരെയുള്ള മക്കാ മുശ്രിക്കുകളുടെ ഗൂഢാലോചനകളില്‍ അവര്‍ കൂടി പങ്കാളികളായതാണ് ഖന്‍ദഖ് യുദ്ധത്തിന് നിമിത്തമായത്.(46) മക്കയിലെ ഖുറൈശികളും ഖൈബറിലെ ജൂതന്‍മാരും 42 വ്യത്യസ്ത അറബ് ഗോത്രങ്ങളും ഒത്തൊരുമിച്ച് നടത്തിയ മദീനക്കെതിരെയുള്ള മുന്നേറ്റത്തെ പ്രതിരോധിക്കുവാനായി പ്രവാചനും (സ്വ) അനുയായികളും കൂടി കുഴിച്ച കിടങ്ങിന് (ഖന്‍ദഖ്) ഇരുവശത്തും അണിനിരന്നവര്‍ തമ്മില്‍ നടത്തിയ പോരാട്ടമായതിനാലാണ് ഇതിന് ഖന്‍ദഖ് യുദ്ധം എന്ന് പേരുവന്നത്.(47) പതിനായിരം പേരുള്‍ക്കൊള്ളുന്ന വലിയ സഖ്യകക്ഷി സൈന്യത്തെ മദീനയിലേക്ക് കടക്കാന്‍ അനുവദിക്കാതെ പ്രതിരോധിച്ചുനിര്‍ത്താന്‍, ഇരുപത് ദിവസം വിശപ്പും ദാഹവും സഹിച്ച് കഠിനാധ്വാനം ചെയ്താണ് മുസ്ലിം സൈന്യം കിടങ്ങ് നിര്‍മിച്ചത്.(48) കിടങ്ങുനിര്‍മാണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീഥുകള്‍ നോക്കുക:
അനസി(റ)ല്‍നിന്ന്: നബി(സ്വ) ഖന്‍ദഖിലേക്ക് പുറപ്പെട്ടു. അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളും തണുത്ത പ്രഭാതത്തില്‍ കിടങ്ങ് കുഴിക്കുകയായിരുന്നു. അതവര്‍ക്ക് ചെയ്തുകൊടുക്കാന്‍ അവര്‍ക്ക് അടിമകളുണ്ടായിരുന്നില്ല. അവരുടെ ക്ഷീണവും വിശപ്പും കണ്ടപ്പോള്‍ നബി പാടി: ‘അല്ലാഹുവേ, പാരത്രിക ജീവിതമാണ് യഥാര്‍ഥ ജീവിതം. ആയതിനാല്‍, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തുകൊടുക്കേണമേ'. അപ്പോള്‍ പ്രതിവചിച്ചുകൊണ്ടവര്‍ പാടി: ‘ജീവിച്ചിരിക്കുന്ന കാലത്തോളം പോരാടാമെന്ന് മുഹമ്മദ് നബി(സ്വ)യോട് അനുസരണ പ്രതിജ്ഞ ചെയ്തവരാണ് ഞങ്ങള്‍!'
അനസി(റ)ല്‍നിന്നുതന്നെ: അന്‍സ്വാറുകളും മുഹാജിറുകളും മദീനക്കുചുറ്റും കിടങ്ങ് കുഴിക്കുകയും മുതുകില്‍ മണ്ണ് ചുമന്ന് നീക്കുകയും ചെയ്തു. തദവസരം അവര്‍ ഇങ്ങനെ പാടിക്കൊണ്ടിരുന്നു: ‘ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്ലിംകളായിരിക്കുമെന്ന് മുഹമ്മദ് നബി(സ്വ)യോട് കരാര്‍ ചെയ്തവരാണ് ഞങ്ങള്‍'. ഇതില്‍ നബി(സ്വ) പ്രതികരിച്ചുകൊണ്ട് പാടിക്കൊണ്ടിരുന്നു: ‘അല്ലാഹുവേ പരലോക നന്മയല്ലാതെ മറ്റൊരു നന്മയില്ല. ആയതിനാല്‍, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ അനുഗ്രഹം ചൊരിയേണമേ!'(49) 
ബറാഇ(റ)ല്‍നിന്ന്: അഹ്സാബ് യുദ്ധവേളയില്‍ നബി(സ്വ) മണ്ണ് നീക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ഉദരത്തിലെ വെള്ളനിറം മണ്ണ് മറച്ചിരുന്നു. തദവസരം, അദ്ദേഹം ഇങ്ങനെ പാടിക്കൊണ്ടിരുന്നു: അല്ലാഹുവേ, നീ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗികളാകുമായിരുന്നില്ല, ദാനം ചെയ്യുമായിരുന്നില്ല, നമസ്കരിക്കുമായിരുന്നില്ല, ആയതിനാല്‍, നീ ഞങ്ങളില്‍ സമാധാനം വര്‍ഷിപ്പിക്കേണമേ, ശത്രുക്കളെ കണ്ടുമുട്ടുകയാണെങ്കില്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിര്‍ത്തേണമേ. അവര്‍ ഞങ്ങളെ അക്രമിച്ചിരിക്കുന്നു. അവര്‍ കുഴപ്പം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന് ഞങ്ങള്‍ സമ്മതിച്ചുകൊടുക്കില്ല'.(50)
പുതിയ യുദ്ധതന്ത്രത്തിന് മുമ്പില്‍ സഖ്യസേന പകച്ചുനിന്നെങ്കിലും മദീനയില്‍ ബാക്കിയുണ്ടായിരുന്ന ജൂത ഗോത്രമായ ബനൂഖുറൈദക്കാരെ സ്വാധീനിച്ച് നാട്ടിനകത്തുനിന്ന് കലാപമുണ്ടാക്കി തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനുള്ള അബൂസുഫ്യാന്റെ പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരുമെന്ന അവസ്ഥയുണ്ടായി. പ്രവാചകനും(സ്വ) മുസ്ലിംകളും ഏറെ പ്രയാസപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇത്തരമൊരു അവസരത്തില്‍ ജൂതന്‍മാര്‍ മദീനക്കകത്തുനിന്ന് ശത്രുക്കളെ സഹായിച്ചാല്‍ മദീനാരാഷ്ട്രത്തിന്റെ സമ്പൂര്‍ണനാശത്തിനാണ് അത് നിമിത്തമാവുകയെന്നതിനാല്‍ എന്തു വീട്ടുവീഴ്ച ചെയ്തും ജൂതന്‍മാരുമായി സന്ധി ചെയ്യാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായി. മുഹമ്മദ് നബി (സ്വ)യുടെയും ഇസ്ലാമിന്റെയും സമ്പൂര്‍ണനാശം സ്വപ്നം കണ്ട ബനൂഖുറൈദ ജൂത ഗോത്രം പ്രവാചകവാഗ്ദാനങ്ങളെ കാറ്റില്‍ പറത്തി നാടിനെ ഒറ്റുകൊടുക്കാന്‍ തന്നെ തീരുമാനിച്ചുവെങ്കിലും അവരുടെ പദ്ധതികളല്ല, അല്ലാഹുവിന്റെ തന്ത്രമാണ് വിജയിച്ചത്. യുദ്ധത്തില്‍ ശത്രപക്ഷത്തായിരുന്ന നഈമുബ്നു മുസ്ലിം എന്ന ഗത്ഫാന്‍ ഗോത്രക്കാരന്‍ ഇസ്ലാം സ്വീകരിച്ചത് യുദ്ധത്തിന്റെ ഗതി മാറ്റി. താന്‍ മുസ്ലിമായത് മറച്ചുവെച്ചുകൊണ്ട് ജൂതന്‍മാരെയും ഖുറൈശികളെയും തമ്മില്‍ ഭിന്നിപ്പിക്കുവാനായുള്ള അദ്ദേഹത്തിന്റെ തന്ത്രം വിജയിച്ചു. ശക്തമായ കാറ്റും തണുപ്പും കാരണം കൂടുതല്‍ കാലം കിടങ്ങിനപ്പുറം നില്‍ക്കാനാവാതെ സഖ്യകക്ഷി സൈന്യം യുദ്ധരംഗത്തുനിന്ന് പിന്‍മാറി. കാര്യമായ യുദ്ധമൊന്നും നടന്നില്ലെങ്കിലും, കിടങ്ങിന് ഇരുവശത്തും അണിനിരന്നുകൊണ്ടുള്ള അമ്പെയ്ത്തുകളില്‍ ആറ് മുസ്ലിംകളും മൂന്ന് ശത്രുക്കളും മരണപ്പെട്ടു.(51) ആന്തരികവും ബാഹ്യവുമായ ശത്രുക്കളെ ഒരേസമയം നേരിടേണ്ടി വന്ന ഖന്‍ദഖിന്റെ സന്ദര്‍ഭത്തെക്കുറിച്ച് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ അതിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. 
‘‘സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ മുകള്‍ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. അതിന്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ. (ക്വുര്‍ആന്‍ 33:9-14)
ഖന്‍ദഖില്‍വെച്ച് സഖ്യകക്ഷികള്‍ നിരാശയോടെ തിരിച്ചുപോയതിനുശേഷമാണ് പ്രവാചകന്‍ (സ്വ) ഇങ്ങനെ പ്രഖ്യാപിച്ചത്. 
സുലൈമാനുബ്നു സ്വുറദില്‍നിന്ന്: അഹ്സാബ് ദിനത്തില്‍ നബി(സ്വ) പറഞ്ഞു: ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും. അവര്‍ നമ്മോട് യുദ്ധത്തിനൊരുമ്പെടുകയില്ല.(52)
രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ പ്രഖ്യാപനമാണ് നമുക്ക് ഈ പ്രവാചക വചനങ്ങളില്‍ കാണാന്‍ കഴിയുന്നത്. ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. അതിന്ന് ആദ്യമായി സ്വന്തം നാടിനകത്തെ ആന്തരികശത്രുക്കളെ മാതൃകാപരമായി ഉന്‍മൂലനം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രവാചകന്. അനുസരണയുള്ള പ്രജകളായി ജീവിക്കാമെന്ന് ആവര്‍ത്തിച്ച് കരാര്‍ ചെയ്യുകയും യുദ്ധസന്ദര്‍ഭത്തില്‍ കൂറുമാറുകയും ചെയ്ത ബനൂഖുറൈദക്കാരെ ഉന്‍മൂലനം ചെയ്തുകൊണ്ട് ആന്തരികശത്രുക്കള്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിക്കപ്പെടുകയെന്ന് കപടവിശ്വാസികളടക്കമുള്ള മദീന പൌരന്‍മാരെ ബോധ്യപ്പെടുത്തുകയാണ് പ്രവാചകന്‍ (സ്വ) ചെയ്തത്.(53) 
മദീനാരാഷ്ട്രത്തെ തകര്‍ക്കാന്‍ ഗൂഢാലോചനകള്‍ നടത്തുന്നവരോട് അവര്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയെന്ന പ്രതിരോധ തന്ത്രം പ്രഖ്യാപിക്കപ്പെട്ടതിനുശേഷവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പ്രവാചകന്‍ സന്നദ്ധനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹുദൈബിയ സന്ധി. സത്യനിഷേധികള്‍ സമാധാനത്തിലേക്ക് ചായവ് കാണിച്ചാല്‍ പ്രവാചകനും(സ്വ) സമാധാനത്തിന് സന്നദ്ധനാകണമെന്ന ക്വുര്‍ആന്‍ നിര്‍ദേശം പ്രയോഗവത്ക്കരിക്കപ്പെടുകയാണ് ഹുദൈബിയ സന്ധിയില്‍ ഉണ്ടായത്. ഹിജ്റ ആറാം വര്‍ഷത്തില്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനും ആയിരത്തിഅഞ്ഞൂറോളം വരുന്ന അനുചരന്‍മാരും വഴിയിലുള്ള ഹുദൈബിയയില്‍ വെച്ച് തടയപ്പെട്ടതിനോടനുബന്ധിച്ച് ഉണ്ടാക്കിയ കരാറാണ് ഹുദൈബിയ സന്ധി എന്നറിയപ്പെടുന്നത്. 'പത്തുവര്‍ഷം ഇരുവിഭാഗവും പരസ്പരം യുദ്ധം ചെയ്യാന്‍ പാടില്ല'യെന്ന സമാധാനക്കരാറിനുവേണ്ടി ഏകപക്ഷീയമായി ഖുറൈശികള്‍ക്ക് അനുകൂലമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന, പ്രവാചകാനുചരന്‍മാരടക്കം പ്രതിഷേധിച്ച കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മുഹമ്മദ് നബി (സ്വ) സന്നദ്ധനായി.(54) ഉമറി(റ)നെ പോലെയുള്ള പ്രവാചകാനുചരന്‍മാര്‍ പോലും ശക്തമായ പ്രതിഷേധമറിയിച്ച കരാറിനെക്കുറിച്ചാണ് 'തീര്‍ച്ചയായും നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു'(48:1)വെന്ന് അല്ലാഹു പറഞ്ഞതെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.(55)
ഹുദൈബിയ സന്ധി സൃഷ്ടിച്ച സമാധാനകാലത്താണ് അയല്‍നാടുകളിലെ ഭരണാധികാരികള്‍ക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകന്‍ (സ്വ) കത്തുകളയച്ചത്;(56) അയല്‍പ്രദേശങ്ങളിലേക്ക് ആദര്‍ശപ്രബോധനത്തിനായി അനുചരന്‍മാരെ പറഞ്ഞയച്ചതും ഇക്കാലത്തുതന്നെ. മക്കാ മുശ്രിക്കുകളുമായി സമാധാന സന്ധിയുണ്ടാക്കിയശേഷം വഞ്ചകരായ ജൂതന്‍മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പ്രവാചകന്‍ (സ്വ) ചെയ്തത്. മദീനാ രാഷ്ട്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഖൈബറില്‍ ഒരുമിച്ച് ചേര്‍ന്ന് മദീനയെയും ഇസ്ലാമിക സമൂഹത്തെയും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ജൂതന്‍മാര്‍ക്കെതിരെ 1600 പേര്‍ അടങ്ങിയ സൈന്യത്തോടെ നടത്തിയ പടയോട്ടമാണ് 'അവരുടെ നാടുകളില്‍ പോയി നാം യുദ്ധം ചെയ്യും' എന്ന പ്രവാചക പ്രഖ്യാപനത്തിന്റെ ആദ്യത്തെ പ്രയോഗവത്ക്കരണം. ഖൈബറില്‍ വച്ചു നടന്ന ശക്തമായ യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു.(57) 93 ജൂതന്‍മാരും 15 മുസ്ലിംകളും മരണപ്പെട്ട യുദ്ധത്തോടെ ഖൈബര്‍ മുസ്ലിംകളുടെ അധീനതയില്‍ വന്നുവെങ്കിലും(58) അവിടുത്തെ യഹൂദന്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നബി (സ്വ) സന്നദ്ധനായി. ഫലഭൂയിഷ്ടമായ ഖൈബറിലെ ഭൂമി പരിപാലിക്കുകയും കൃഷി ചെയ്തു വരുമാനമുണ്ടാക്കുകയും ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന യഹൂദ ആവശ്യം ഉത്പന്നത്തിന്റെ പകുതി മുസ്ലിംകളുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥയില്‍ അംഗീകരിക്കപ്പെട്ടു.(59) ഖൈബറില്‍നിന്ന് പാഠമുള്‍ക്കൊണ്ട ഫദക്വിലെയും തയ്മാഇലെയും ജൂതന്‍മാര്‍ നബി(സ്വ)യുമായി സമാധാനക്കരാറിലേര്‍പ്പെട്ടപ്പോള്‍ വാദില്‍ ഖുറയിലെ ജൂതന്‍മാര്‍ അക്രമത്തിന്റെ മാര്‍ഗമാണ് കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ സൈനിക നടപടിയുണ്ടായി; അവര്‍ പരാജയപ്പെട്ടപ്പോള്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന ജൂതന്‍മാരുടെ ആവശ്യം അംഗീകരിക്കുകയാണ് പ്രവാചകന്‍ (സ്വ) ചെയ്തത്.(60) 
റോമിലെ കൈസര്‍, സിറിയയിലെ കിസ്റ, അബ്സീനിയയിലെ നജ്ജാശി, ഈജിപ്തിലെ മുഖൌഖിസ്, ദമസ്കസിലെ ഹാരിസ്, ബഹ്റൈനിലെ മുന്‍ദിര്‍, സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍, ബുസ്റായിലെ അമീര്‍, യമാമയിലെ ഹൌദ, ഒമാനിലെ അമീര്‍ എന്നിവര്‍ക്ക് പ്രവാചകന്‍ (സ്വ) അയച്ച ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണുണ്ടായത്.(61) റോമാ ചക്രവര്‍ത്തിയുടെ കീഴില്‍ ഭരണം നടത്തിയിരുന്ന ഗസ്സാന്‍ രാജാവ് പ്രവാചക(സ്വ)ന്റെ കത്തിനെ അവഹേളിക്കുകയും അതുമായി ചെന്ന ദൂതനെ വധിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിനോടും പ്രവാചകനു(സ്വ)മെതിരെയുള്ള ശാത്രവം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ സൈനിക നടപടിയെടുക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന അവസ്ഥയുണ്ടായി.(62) ഹിജ്റ എട്ടാം വര്‍ഷം പ്രവാചകന്‍ (സ്വ) പറഞ്ഞയച്ച മുവ്വായിരം മുസ്ലിംകള്‍ റോമാക്കാരുമായി നടത്തിയ പോരാട്ടമാണ് മുഅ്ത്വ യുദ്ധം എന്നറിയപ്പെടുന്നത്.(63) മൂന്ന് സേനാനായകരടക്കം പന്ത്രണ്ട് പേര്‍ രക്തസാക്ഷികളായ ഈ യുദ്ധത്തിന്റെ ഗതി മുസ്ലിംകള്‍ക്ക് എതിരായി തീര്‍ന്നതിനാല്‍ സൈനിക നേതൃത്വമേറ്റെടുത്ത ഖാലിദുബ്നു വലീദ് (റ) തന്ത്രപരമായി യുദ്ധരംഗത്തുനിന്ന് പിന്‍മാറുകയാണ് ചെയ്തത്.(64)
ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ മുശ്രിക്കുകള്‍ക്കെതിരെ നടന്ന സൈനിക നടപടിയാണ് മക്കാ വിജയമായി പരിണമിച്ചത്. ഹിജ്റ എട്ടാം വര്‍ഷം റമദാനില്‍ പതിനായിരത്തോളം വരുന്ന മുസ്ലിംകളുടെ സൈന്യം മക്കിയിലേക്ക് മാര്‍ച്ച് ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു രക്തരഹിത വിപ്ളവത്തിന് മക്ക വിധേയമായി. ഖുറൈശി നേതാവായിരുന്ന അബൂസുഫ്യാനടക്കം പലരും മുസ്ലിംകളായി. പ്രവാചകനെ പീഡിപ്പിക്കുകയും ജന്‍മനാട്ടില്‍നിന്ന് പുറത്താക്കുകയും അനുചരന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തവര്‍ ഉള്‍ക്കൊള്ളുന്ന മക്കക്കാര്‍ക്ക് പ്രവാചകന്‍(സ്വ) നിരുപാധികം മാപ്പു നല്‍കി.(65) കഅ്ബാലയത്തിനകത്ത് പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മുന്നൂറ്റി അറുപത് ശിലാവിഗ്രഹങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും സ്രഷ്ടാവിനെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഗേഹത്തില്‍നിന്ന് സൃഷ്ടിപൂജയുടെ ചിഹ്നങ്ങളെ പുറത്താക്കുകയും ചെയ്തു.(66) മക്കാ മണലാരണ്യത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അടിമയായിരുന്ന ബിലാലിനോട് ഈ മഹാവിജയത്തിന്റെ പ്രഖ്യാപനമായി കഅ്ബാലയത്തിന് മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മക്കാവിജയത്തെ സകലവിധ സങ്കുചിതത്വങ്ങളുടെയും അടിവേരറുക്കുന്നതിനുള്ള പ്രഖ്യാപനമാക്കിത്തീര്‍ത്തു.(67) മക്കക്കാര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കിയെങ്കിലും വഞ്ചകരും കൊടുംക്രൂരതകള്‍ കാണിച്ചവരുമായി ഏതാനും പേര്‍ക്കെതിരെ നടപടികളെടുത്തുകൊണ്ട് ചില കുറ്റകൃത്യങ്ങളോടുള്ള ഇസ്ലാമിന്റെ നിലപാട് കര്‍ക്കശമാണെന്ന് പ്രവാചകന്‍ (സ്വ) മക്കാ വിജയത്തോടനുബന്ധിച്ച് വ്യക്തമാക്കി.(68) 
മക്കാ വിജയത്തോടനുബന്ധിച്ച് ഖുറൈശികള്‍ കീഴടങ്ങിയെങ്കിലും ശക്തരായ തങ്ങളെ കീഴടക്കാനാവില്ലെന്ന് അഹങ്കരിക്കുകയും നബി (സ്വ)ക്കെതിരില്‍ പടയൊരുക്കം നടത്തുകയും ചെയ്ത ഹവാസീന്‍ ഗോത്രത്തെയും ഥഖീഫ് ഗോത്രത്തെയും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഹുനൈനില്‍ തുടങ്ങുകയും ത്വാഇഫില്‍ അവസാനിക്കുകയും ചെയ്ത യുദ്ധം നടന്നത്. മാലിക്കുബ്നു ഔഫിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ ഗോത്രങ്ങള്‍ സംഘടിച്ച് മുസ്ലിംകള്‍ക്കെതിരെ അണിനിരക്കുന്നുവെന്നറിഞ്ഞപ്പോഴാണ് പന്ത്രണ്ടായിരം പേരടങ്ങുന്ന വമ്പിച്ച ഒരു സൈന്യവുമായി മക്കാ വിജയം കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്കുശേഷം പ്രവാചകന്‍ (സ്വ) ഹുനൈനിലേക്ക് പുറപ്പെട്ടത്.(69) എണ്ണപ്പെരുപ്പം സൃഷ്ടിച്ച മതിപ്പും ഇത്ര വലിയ സൈന്യത്തെ ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന ആത്മസംതൃപ്തിയും അല്ലാഹുവിന്റെ പരീക്ഷണത്തിന് കാരണമായിയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.(70) ഇടുങ്ങിയ മലമ്പാതകളിലൂടെ ഹുനൈനിലേക്ക് നീങ്ങിയ മുസ്ലിം സൈന്യത്തിന്റെ നേരെ താഴ്വരകളിലും കുന്നുകളിലും ഒളിഞ്ഞിരുന്ന ഒളിപ്പോരാളികള്‍ നടത്തിയ അപ്രതീക്ഷിതമായ മിന്നലാക്രമണം മുസ്ലിംകളുടെ അണിയെ ഛിന്നഭിന്നമാക്കി. മുസ്ലിംകള്‍ ചിന്നിച്ചിതറി നാലുഭാഗത്തേക്കും ഓടി. അവര്‍ക്കിടയിലൂടെ നടന്ന് 'ഞാന്‍ നബിയാണ്; കള്ളനല്ല'; അബ്ദുല്‍മുത്തലിബിന്റെ പുത്രനാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദ് നബി (സ്വ) യുദ്ധരംഗം വിട്ടോടുന്നവരെ തിരിച്ചുവിളിച്ചു.(71) അതോടെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുസ്ലിംകള്‍ക്ക് ധൈര്യം ലഭിക്കുകയും യുദ്ധരംഗത്ത് സജീവമാകുകയും ചെയ്തു. അതോടെ ശത്രുക്കള്‍ തോറ്റോടി.(72) ചിലര്‍ ത്വാഇഫിലേക്കാണ് ഓടിപ്പോയത്. അവിടെയുള്ള കോട്ടകള്‍ക്കകത്ത് അഭയം തേടിയവര്‍ക്കെതിരെ ശ്ക്തമായ നടപടികളുമായി പ്രവാചകനും (സ്വ) അനുചരന്‍മാരും മുന്നേറിയെങ്കിലും അവരെ കോട്ടകള്‍ക്കകത്തുനിന്ന് പുറത്തുകൊണ്ടുവരാന്‍ സാധിച്ചില്ല.(73) ഹുനൈന്‍ യുദ്ധത്തില്‍ പിടിച്ചുവെക്കപ്പെട്ടവരെ തങ്ങള്‍ക്കുതന്നെ തിരിച്ചുതരണമെന്ന് യുദ്ധത്തില്‍ പരാജയപ്പെട്ട ഹവാസിന്‍ ഗോത്രക്കാര്‍ പ്രവാചകനുടുത്ത് വന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ്വ)അത് അംഗീകരിക്കുകയാണ് ചെയ്തത്.(74) 
ഹുനൈന്‍ യുദ്ധത്തെക്കുറിച്ച പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക: തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ളാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (9:25-26)
അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളെല്ലാം ഇസ്ലാമിന് കീഴിലാവുമെന്ന് മനസ്സിലായപ്പോള്‍, അത് പ്രതിരോധിക്കാനായി റോമാ സാമ്രാജ്യം സായുധ ശേഖരണവും സൈനിക വിന്യാസവും നടത്തിയപ്പോള്‍(75) അവര്‍ക്കെതിരെ നടന്ന തബൂക്ക് യുദ്ധവും നാടിനെയും ആദര്‍ശത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി നടന്നതായിരുന്നു. കഠിനമായ ചൂടുകാലത്താണ് മുപ്പതിനായിരം മുസ്ലിംകളുള്‍ക്കൊള്ളുന്ന പ്രവാചകന്റെ സൈന്യം തബൂക്കിലേക്ക് പോയത്.(76) നിശ്ചയദാര്‍ഢ്യത്തോടെ വരുന്ന മുസ്ലിം സൈന്യത്തിന്റെ ഗതി കണ്ട് ഭയന്ന റോമന്‍ സൈന്യം തബൂക്കില്‍നിന്ന് പിന്‍മാറിയതിനാല്‍ യുദ്ധം നടന്നില്ല. പ്രവാചകന്‍(സ്വ)നേരിട്ട് പങ്കെടുത്ത അവസാനത്തെ സൈനിക നീക്കവും കാര്യമായ ആള്‍നാശമൊന്നുമുണ്ടാകാതെ വിജയത്തിന്റെ പാതക ഉയര്‍ത്തുകയാണുണ്ടായത്-എന്നര്‍ഥം.(77) ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ നേതാവ് എന്ന നിലയ്ക്കുള്ള തന്റെ ഉത്തരവാദിത്ത നിര്‍വഹണമാണ് പ്രവാചകന്‍(സ്വ) നയിച്ച യുദ്ധങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുന്നത്. പൌരന്‍മാരുടെ ജീവനും സ്വത്തും അഭിമാനവും മതവും സംരക്ഷിക്കുക, നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുക, ആന്തരിക ശത്രുക്കളെ ഇല്ലായ്മ ചെയ്യുക, ഇസ്ലാമികാദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യ്രമുള്ള അവസ്ഥ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിന് വേണ്ടിയാണ് പ്രവാചകന്‍ (സ്വ) യുദ്ധം ചെയ്തത്. മക്കയിലും മറ്റ് പ്രദേശങ്ങളിലുമെല്ലാം പീഡനങ്ങളനുഭവിക്കുന്ന മുസ്ലിംകളുടെ മോചനവും അവര്‍ക്ക് സ്വതന്ത്രമായി ഇസ്ലാം അനുധാവനം ചെയ്യാന്‍ കഴിയുന്ന അവസ്ഥയുടെ സംസ്ഥാപനവും പ്രവാചക യുദ്ധങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതുകൊണ്ടാണല്ലോ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ ആയത്ത് ഇങ്ങനെ പറഞ്ഞത്. 
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?) (4:75)
മുസ്ലിമായി ജീവിക്കാനോ അതിനു സാധിക്കുന്ന നാട്ടിലേക്ക് പാലായനം ചെയ്യുവാനോ മക്കാ മുശ് രിക്കുകള്‍ അനുവദിക്കാത്തതിനാല്‍ തങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന മക്കയിലെ പീഡിതരെക്കുറിച്ചാണ് ഈ സൂക്തത്തില്‍ ദുര്‍ബലരെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം ദുര്‍ബലര്‍ എവിടെയുണ്ടെങ്കിലും അവരുടെ മോചനത്തിനുവേണ്ടി ആവശ്യമെങ്കില്‍ യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. മക്കയിലെ ഇത്തരം ദുര്‍ബലരുടെ കരളുരുകിയുള്ള പ്രാര്‍ഥനകളുടെ കൂടി ഫലമായിരുന്നു മക്കാ വിജയം. പീഡിതരുടെ മോചനത്തിനുവേണ്ടി യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക രാഷ്ട്രത്തിന്റെ കടമയാണെന്ന തിരിച്ചറിവില്‍നിന്നാണ് പ്രവാചകനുശേഷം അനുചരന്‍മാര്‍ നയിച്ച യുദ്ധങ്ങളെല്ലാം ഉണ്ടായത്. മതത്തിന്റെ പേരിലുള്ള മര്‍ദനം ഇല്ലാതെയാക്കുകയും ആരെയും ഭയപ്പെടാതെ ഇസ്ലാമികാദര്‍ശപ്രകാരം ജീവിക്കാനാവുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു അവയ്ക്ക് പിന്നിലുണ്ടായിരുന്നത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികസനത്തിലൂടെ പ്രസ്തുത സാമ്രാജ്യത്തിലുള്ളവര്‍ക്കിടയില്‍ മതസ്വാതന്ത്യ്രം നിലനില്‍ക്കുന്ന അവസ്ഥയാണ് സംജാതമായത്. പ്രസിദ്ധ ഓറിയന്റലിസ്റ്റായ സര്‍ തോമസ് അര്‍ണോള്‍ഡ് പറയുന്നത് കാണുക. 
'മുഹമ്മദ് തന്നെ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അദ്ദേഹം അവര്‍ക്ക് സംരക്ഷണവും സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്യ്രവും ഉറപ്പുവരുത്തി. അവരുടെ പുരോഹിതര്‍ക്കുണ്ടായിരുന്ന സവിശേഷാധികാരങ്ങള്‍ നിലനിര്‍ത്തി'(78)
'മേലുദ്ധരിച്ച ഉദാഹരണങ്ങളില്‍നിന്ന് ക്രൈസ്തവ ഗോത്രങ്ങള്‍ സ്വമനസ്സാലെ ഇസ്ലാം സ്വീകരിക്കുകയാണുണ്ടായതെന്ന് നമുക്ക് ഊഹിക്കാം. ജേതാക്കളായ മുസ്ലിംകളും തുടര്‍ന്നുള്ള മുസ്ലിം തലമുറകളും അവരോടു കാണിച്ച സഹിഷ്ണുത അങ്ങനെ നിലയുറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. മുഹമ്മദീയരുടെ ഇടയില്‍ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവ അറബികള്‍ ഈ സഹിഷ്ണുതയുടെ ജീവനുള്ള തെളിവുകളാണ്'(79)

കുറിപ്പുകള്‍:
1. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ഈമാന്‍
2. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ഇമാറ
3. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
4. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
5. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയര്‍
6. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയര്‍
7. ഇമാം ഇബ്നുകഥീര്‍ തന്റെ അല്‍ ബിദായയില്‍ (3/284-285) മുര്‍സലായി നിവേദനം ചെയ്തത്. Dr. Mahdi Rizqulla Ahmed: A Biography of the Prophet of Islam; Riyadh 2005, page 391
8. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സിയര്‍
9. ഇമാം ഇബ്നു കഥീര്‍ അല്‍ ബിദായയില്‍ (3/230) മൂസബ്നു ഉഖ്ബയില്‍(റ) നിന്ന് നിവേദനം ചെയ്തത്. Dr. M.R. Ahmad Opt.cit page 414
10. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
11. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സിയര്‍
12. ഇമാം അഹ്മദ് തന്റെ മുസ്നദില്‍ (6/3) സ്വഹീഹായി നിവേദനം ചെയ്തത്: Dr. M.R. Ahmad Opt. cit page 390
13. ഇമാം ഇബ്നു കഥീര്‍ തന്റെ ബിദായയില്‍ (2/298) ഹസനായ പരമ്പരയോടെ ഉദ്ധരിച്ചത്. Ibid page 391
14. തഫ്സീറുത്ത്വബ്രിയില്‍ (13/398-399) മുര്‍സലായി നിവേദനം ചെയ്തത്
15. തഫ്സീറുത്ത്വബ്രിയില്‍ (13/398-399) ഹസനായി നിവേദനം ചെയ്തത്
16. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
17. A. Guillaume: The life of Muhammed, A Translation of Ibn ishaq`s Sirat Rasul Allah, Karachi, 2007, page 293 -294
18. Dr. M.R. Ahmad Opt. cit. page 390
19. A. Guillaume: Opt. cit Page 294
20. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സിയര്‍
21. A. Guillaume: Opt. cit Page 295
22. ഇമാം അഹ്മദ് മുസ്നദില്‍ (2/228) സ്വഹീഹായി നിവേദനം ചെയ്തത്
23. A. Guillaume: Opt. cit Page 295
24. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
25. ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ (7/457) ഉദ്ധരിച്ചത്
26. ഇമാം ത്വബ്രി ഹസനായി നിവേദനം ചെയ്തത്. M.V. Mc Donald & Montgomery watt: The History of Al Tabri, Vol VII, Albany, 1987, page 53
27. A. Guillaume: Opt. cit Page 295
28. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാബു വസ്സിയര്‍
29. ഇബ്നു കഥീര്‍ അല്‍ബിദായയില്‍ ഹസനായി നിവേദനം ചെയ്തത് (ഇമാം അല്‍ബാനി: ഫിഖ്ഹുസ്സീറക്ക് എഴുതിയ അടിക്കുറിപ്പുകള്‍ പുറം 243)
30. ഇമാം ത്വബ്രി മുര്‍സലായി നിവേദനം ചെയ്തത്. M.V. Mc Donald & W.montgomery watt: Opt.cit Page 89
31. S. Moinul Haq: Ibn sa`d`s Kitab At-tabaqat Al-Kabir, Vol II, New Delhi, 2009 page 39, 40
32. Rizwi Faizer: The life of Muhammed, Al Waqidi`s Kitab Al-Maghazi, New York, 2011 Page 99-100
33. Ibid page 100
34. ഇമാം ത്വബ്രിയുടെ തഫ്സ്വീറുത്വബ്രി ഹസനായ പരമ്പരയോടെ ഉദ്ധരിച്ചത്. Dr. M.R. Ahmad: Opt.cit vol 2, page 463
35. A. Guillaume: Opt. cit Page 374
36. ഇമാം ഹാക്കിം തന്റെ അല്‍ മുസ്തദ്റക്കില്‍ (2/107108) സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്തത്. Dr. MR. Ahmad Opt.cit page 470
37. ഇമാം ത്വബ്രി തന്റെ തഫ്സീറില്‍ മുര്‍സലായി നിവേദനം ചെയ്തത്. 7/281282
38. A. Guillaume: Opt. cit Page 373-377
39. Ibid
40. Al-Imam An-Naisaburi, Reasons of Revelation of the Noble Quran, Selengor, 2010 page 176 
41. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സിയര്‍
42. സ്വഹീഹു മുസ്ലിം, കിത്താബുല്‍ ജിഹാദ് വസ്സിയര്‍
43. Rizwi Faizer: Opt.cit Page 163.
44. A. Guillaume: Opt. cit Page 445
45. Rizwi Faizer: Opt.cit Page 174
46. A. Guillaume: Opt. cit Page 457
47. Ibid page 458
48. Ibid Page 459
49. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജിഹാദ്
50. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജിഹാദ്
51. അ. ഏൌശഹഹമമൌാല: ഛു. രശ ജമഴല 458
52. സ്വഹീഹുല്‍ ബുഖാരി കിത്താബുല്‍ മഗാസി
53. സ്വഹീഹുല്‍ ബുഖാരി കിത്താബുല്‍ മഗാസി
54. സ്വഹീഹുല്‍ ബുഖാരി കിത്താബുശ്ശുറൂത്വ്
55. ജാമിഉത്തിര്‍മിദി, കിത്താബുത്തഫ്സീറില്‍ ക്വുര്‍ആന്‍
56. Michael Fishbein: The History of al-Tabri, Vol VIII, New York, 1997 Page 98
57. സ്വഹീഹുല്‍ ബുഖാരി കിത്താബുല്‍ മഗാസി
58. Rizwi Faizer: Opt.cit page 317
59. സ്വഹീഹുല്‍ ബുഖാരി, കിത്താബുശ്ശുറൂത്വ്
60. A. Guillaume: Opt. cit Page 484
61. Michael Fishbein: Opt.cit Page 98-115
62. A. Guillaume: Opt. cit Page 532
63. A. Guillaume: Opt. cit Page 532. ഈ നിവേദനം ഹസനായ പരമ്പരയോടുകൂടിയുള്ളതാണ്. Dr.M.R. Ahmed Opt.cit page 671
64. A. Guillaume: Opt. cit Page 538
65. ഇമാം അഹ്മദ്; അല്‍ മുസ്നദി (5/135) ല്‍ സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത്. Dr. M.R. Ahmed Opt.cit page 704
66. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
67. ഇമാം ദഹബി തന്റെ അല്‍മഗാസിയില്‍ (പുറം 555) ഹസനായ പരമ്പരയോടെ നിവേദനം ചെയ്തത്. Dr. M.R. Ahmed Opt.cit page 707
68. ജാമിഉത്തിര്‍മിദി, കിത്താബുത്തഫ്സീര്‍
69. A. Guillaume: Opt. cit Page 573
70. ക്വുര്‍ആന്‍ 9:25
71. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജിഹാദ്
72. സുനനു അബൂദാവൂദ് കിത്താബുല്‍ ജിഹാദ്
73. A. Guillaume: Opt. cit Page 576
74. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ഖുമുസ്
75. Rizwi Faizer: Opt.cit Page 485
76. Ibid page 487
77. A. Guillaume: Opt. cit Page 584
78. Sir Thomas Arnold: Preaching of Islam, London 1981, Page 59
79. Ibid Page 62

79. Ibid Page 62"ഇബ്നു ഉമര്‍, നബി(സ്വ)യില്‍നിന്ന്: അവിടുന്ന് അരുളി: അറിയുക: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ (ഭര്‍ത്താവ്) വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. അവരെപ്പറ്റി അദ്ദേഹം ചോദിക്കപ്പെടും. ഭാര്യ തന്റെ ഭര്‍ത്തൃഭവനത്തിന്റെയും അയാളുടെ സന്താനങ്ങളുടെയും സംരക്ഷകയാണ്. അവരെപ്പറ്റി അവളും ചോദിക്കപ്പെടും. അടിമ യജമാനന്റെ ധനത്തിന്റെ സംരക്ഷകനും അതെപ്പറ്റി ചോദിക്കപ്പെടുന്നവനുമാണ്. അറിയുക: നിങ്ങള്‍ എല്ലാവരും ഭരണകര്‍ത്താക്കളും ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.''(1)