ക്രൈസ്തവ ദൈവസങ്കല്‍പം: ക്വുര്‍ആനിന്റെ നിലപാട്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

അല്ലാഹു ഏകന്‍. അവന് പങ്കാളികള്‍ ആരുമില്ല. അവന്റെ അധികാരത്തിലോ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കുമില്ല. അവന്‍ ഒഴികെയുള്ളവര്‍ സകലതും അവന്റെ സൃഷ്ടികള്‍. എല്ലാ സൃഷ്ടികളുടെയും പരിപൂര്‍ണ സംരക്ഷണം നിര്‍വഹിക്കുന്നത്, സര്‍വവും നിയന്ത്രിക്കുന്നത് അവന്‍ മാത്രമാണ്. സൃഷ്ടികളില്‍ പലതിനും വ്യത്യസ്ത ഘടനയാണ്. അനേകം സൃഷ്ടികളില്‍ ഒന്ന് മാത്രമാണ് മനുഷ്യന്‍. മനുഷ്യര്‍ ഒരു സമൂഹമായി ജീവിക്കുമ്പോള്‍ സമൂഹത്തില്‍ പാലിക്കേണ്ട നിയമനിര്‍ദേശങ്ങളുണ്ട്. ഒരു കുടുംബത്തിലോ സമൂഹത്തിലോ രാജ്യത്തോ എല്ലാവരും ഏതെങ്കിലുമൊരു നിയമം അല്ലെങ്കില്‍ ചില മര്യാദകള്‍ പാലിച്ചാണ് ജീവിക്കുന്നത്. സമൂഹത്തിന്റെ സന്തുലിതത്വത്തിനും സമാധാനത്തിനും നിയമങ്ങള്‍ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ പാലിക്കേണ്ട നിയമങ്ങള്‍ ആരാണ് നിര്‍ദേശിക്കേണ്ടത്? മനുഷ്യരുടെ സ്രഷ്ടാവ് എന്നാണ് ഉത്തരം. മാര്‍ഗദര്‍ശനം ദൈവത്തിന്റെ ബാധ്യതയാണ് എന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. മനുഷ്യവംശത്തിന്റെ ആരംഭം മുതല്‍ മനുഷ്യര്‍ പാലിക്കേണ്ട നിയമങ്ങള്‍ അല്ലാഹു മനുഷ്യസമൂഹത്തെ പഠിപ്പിച്ചു. പ്രസ്തുത നിയമങ്ങള്‍ ആചാര മര്യാദകള്‍ പഠിപ്പിക്കുന്നതിനായി മനുഷ്യരില്‍നിന്ന് ചിലരെ അല്ലാഹു തെരഞ്ഞെടുത്തു. അവരാണ് പ്രവാചകന്‍മാര്‍. പ്രവാചകന്‍മാര്‍ക്ക് അല്ലാഹു വേദഗ്രന്ഥങ്ങള്‍ നല്‍കി. വേദഗ്രന്ഥങ്ങളനുസരിച്ച് പ്രവാചകന്‍മാര്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചു. പ്രവാചകന്‍മാരെ അനുസരിച്ചവര്‍ സത്യവിശ്വാസികളായി. അവരെ അംഗീകരിക്കാത്തവര്‍ സത്യനിഷേധികളുമായി. പ്രവാചകന്‍മാരുടെ പ്രധാനപ്പെട്ട കല്‍പന നമ്മെയെല്ലാം സൃഷ്ടിച്ച ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. ഈ കല്‍പനയുടെ പൂര്‍ത്തീകരണമാണ് തുടര്‍ന്നുള്ള എല്ലാ നിയമനിര്‍ദേശങ്ങളും. മനുഷ്യജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ല എന്ന് പ്രവാചകന്‍മാര്‍ ജനങ്ങളോട് പറഞ്ഞു. ദൈവികശാസനകള്‍ അനുസരിച്ച് ജീവിച്ചവര്‍ക്ക് മരണശേഷം ഒരിക്കലും അവസാനിക്കാത്ത സുഖസൌകര്യങ്ങളോട് കൂടിയ സ്വര്‍ഗമുണ്ട്. സ്വര്‍ഗത്തില്‍ ദുഃഖമോ ദുരിതമോ വേദനയോ വാര്‍ധക്യമോ ശകാരങ്ങളോ ഒന്നുംതന്നെയില്ല. സ്വര്‍ഗവാസികള്‍ എന്തുതന്നെ ആഗ്രഹിച്ചാലും അവര്‍ക്കത് ലഭിക്കും. ഇതിന് നേര്‍വിപരീതമാണ് നരകത്തിലെ അവസ്ഥ. അവിടെ ദുഃഖവും വേദനയും ശകാരങ്ങളും മര്‍ദനങ്ങളും മനുഷ്യന് സഹിക്കേണ്ടിവരും. കല്ലുകള്‍പോലും കത്തിക്കാന്‍ ശേഷിയുള്ള തീകുണ്ഡാരത്തില്‍ മനുഷ്യന്‍ എറിയപ്പെടും. എന്നാല്‍ മരണം പിന്നീട് സംഭവിക്കുകയുമില്ല. കഠിനമായ വിശപ്പ് അനുഭവപ്പെടും. പക്ഷെ, സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കില്ല. തിളച്ച ദ്രാവകമാണ് അവിടത്തെ പാനീയം. ഭക്ഷിക്കുംതോറും വിശപ്പ് വര്‍ധിക്കുന്ന ഭക്ഷണമാണ് അവിടെ ലഭിക്കുക. ഭയാനകമായ നരകത്തില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗപൂന്തോപ്പുകളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിമാത്രം. പ്രവാചകന്‍മാരെ പിന്‍പറ്റി ജീവിക്കുക. മനുഷ്യനിര്‍മിതമായ ആചാരങ്ങള്‍ ഉപേക്ഷിക്കുക. ദൈവത്തിലേക്ക് തിരിയുക. അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളിലേക്ക് മനുഷ്യരെ ക്ഷണിക്കാനായി പല കാലഘട്ടങ്ങളിലായി വിവിധ രാജ്യങ്ങളിലായി അനവധി പ്രവാചകന്‍മാര്‍ വന്നു. ഇബ്രാഹിം (അബ്രഹാം), മൂസ (മോസസ്), ഈസ (യേശു), യഹ്യാ(അ)(യോഹന്നാന്‍) മുഹമ്മദ്(സ്വ) തുടങ്ങിയവര്‍ പ്രവാചകന്‍മാരില്‍ ചിലരാണ്. പ്രവാചകന്‍മാരിലെ അവസാനത്തെയാളാണ് മുഹമ്മദ്(സ്വ). മുഹമ്മദ് നബിക്ക് (സ്വ) മുമ്പ് വന്ന പ്രവാചകനാണ് യേശു. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ് മറ്റെല്ലാ പ്രവാചകന്‍മാരെയുംപോലെ യേശുവും ജനങ്ങളോട് പറഞ്ഞത്. യേശുവിന് ശേഷം കാലക്രമേണ അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ അമിതമായി പുകഴ്ത്തി. അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല്‍കൊണ്ടാണ് പുകഴ്ത്തിയതെങ്കിലും അവസാനം അദ്ദേഹത്തിന്റെ ആദര്‍ശത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടാണ് അവരത് നിര്‍വഹിച്ചത്. അദ്ദേഹം ദൈവത്തിന്റെ മകനാണ് എന്നവര്‍ പ്രഖ്യാപിച്ചു. ചിലര്‍ പറഞ്ഞത് അദ്ദേഹം ദൈവം തന്നെയാണ് എന്നായിരുന്നു. യേശു ദൈവമായപ്പോള്‍ യേശുവിന്റെ മാതാവായ മര്‍യം ദൈവമാതാവായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടും അവസാനിച്ചില്ല. അവരുടെ സിദ്ധാന്തങ്ങള്‍. യേശുവിന്റെയും മേരിയുടെയും രൂപങ്ങള്‍ ഉണ്ടാക്കി അവര്‍ വിഗ്രഹാരാധനയിലേക്ക് പ്രവേശിച്ചു. മാലാഖമാരുടെ പെരുന്നാളുകള്‍ ആഘോഷിച്ചു. പുണ്യവാളന്മാരുടെ പ്രതിമകളുണ്ടാക്കി അവരോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്തിലധികം യേശുവിനെ കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുവരെ അവരുടെ ആരാധനാപാത്രമായി. ഏകനായ ദൈവത്തോട് മാത്രം പ്രാര്‍ഥനകള്‍ നിര്‍വഹിക്കണമെന്ന് പഠിപ്പിച്ച യേശുവിന്റെ പില്‍കാല അനുയായികള്‍ ബഹുദൈവത്തിലേക്ക് വഴിമാറി. ദൈവത്തിന്റെ ന്യായപ്രമാണങ്ങള്‍ മാത്രം അനുസരിക്കാന്‍ കല്‍പിക്കപ്പെട്ട അവര്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ അനുസരിച്ചു. യേശു പഠിപ്പിച്ച പ്രാര്‍ഥനാരീതികള്‍ അവര്‍ പുറകിലേക്ക് വലിച്ചെറിഞ്ഞു. പകരം യേശുവിന്റെ രക്തവും മാംസവുമാണെന്ന് സങ്കല്‍പിച്ച് അപ്പവും വീഞ്ഞും കഴിച്ച് കുര്‍ബാന-ദിവ്യബലി തുടങ്ങിയ ആചാരങ്ങള്‍ ആവിഷ്കരിച്ചു. ചുരുക്കി പറഞ്ഞാല്‍ യേശുവിന്റെ ആദര്‍ശം യേശുവിന്റെ സന്ദേശം വികലമാക്കുകയും ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ യേശുവിന്റെ ചര്യ പുനഃസ്ഥാപിക്കാനും യേശുവിന്റെ ആദര്‍ശം വിശദീകരിക്കാനും യേശുവിന്റെ മേല്‍ ശത്രുക്കളും മിത്രങ്ങളും ചാര്‍ത്തിയ അസത്യ പ്രചരണങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും സര്‍വോപരി ഏകനായ ദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് യേശുവിന്റെ യഥാര്‍ഥ മാര്‍ഗം പിന്തുടര്‍ന്ന് നിത്യജീവനായ സ്വര്‍ഗത്തിലേക്ക് എത്തിച്ചേരാന്‍ മനുഷ്യരോട് ആഹ്വാനം ചെയ്തുകൊണ്ട് യേശുവിന്റെ പിന്‍ഗാമിയായി മുഹമ്മദ്(സ്വ) ദൈവത്താല്‍ നിയോഗിക്കപ്പെട്ടു.മനുഷ്യനായ യേശു"മര്‍യമിന്റെ പുത്രന്‍ ദൂതനല്ലാതെ മറ്റൊന്നുമായിരുന്നില്ല. അദ്ദേഹത്തിന് മുമ്പും നിരവധി ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യസന്ധയായിരുന്നു. അവരിരുവരും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് മുന്നില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്ന് നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ച് പോകുന്നത് എന്നും നോക്കുക (ക്വുര്‍ആന്‍ 5:75). യേശു ദൈവപുത്രനാണെന്നും ദൈവമാണെന്നും ക്രിസ്ത്യാനികള്‍ വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന മതവിശ്വാസം എന്ന നിലക്ക് സാധാരണക്കാരായ ക്രിസ്തുമത വിശ്വാസികള്‍ ഈ വാദത്തെ ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് യേശുവിനെ ദൈവമെന്നും ദൈവപുത്രനെന്നും സങ്കല്‍പിക്കുന്നത് എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ മറുപടികളാണ് ക്രൈസ്തവസഭകള്‍ നല്‍കിവരുന്നത്. യേശു ദൈവമാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ക്രൈസ്തവരുടെ എല്ലാ വാദമുഖങ്ങളെയും ക്വുര്‍ആന്‍ ശക്തമായും യുക്തമായും ഖണ്ഡിക്കുന്നു. എന്നാല്‍ അന്ധമായ വിദ്വേഷമോ സത്യത്തിനുനേരെ പുറംതിരിഞ്ഞ് നില്‍ക്കാനോ ക്വുര്‍ആന്‍ സന്നദ്ധമല്ല. ക്രൈസ്തവരുടെ വാദങ്ങളില്‍ സത്യസന്ധമായ വാദങ്ങളെ ക്വുര്‍ആന്‍ അംഗീകരിക്കുന്നു. അതിനെ സത്യപ്പെടുത്തുന്നു. സത്യവും അസത്യവും കൂടിക്കലര്‍ന്ന വാദഗതികളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു. അതിലെ അസത്യങ്ങളെ സത്യത്തില്‍നിന്ന് തുടച്ചുമാറ്റുന്നു. കന്യകയായ മര്‍യം ദൈവഹിതത്താല്‍ ഗര്‍ഭം ധരിക്കുകയും യേശുവിനെ പ്രസവിക്കുകയും ചെയ്തു. പിതാവില്ലാതെ അത്ഭുതകരമായ യേശുവിന്റെ ജനനം അദ്ദേഹം ദൈവപുത്രനാണ് എന്നതിനുള്ള തെളിവായി ക്രൈസ്തവപ്രബോധകന്‍മാര്‍ അവകാശപ്പെടുന്നു. മര്‍യമിനെയും മകന്‍ ഈസാനബി(യേശു)(അ)യെയും സംബന്ധിച്ച് ക്വുര്‍ആനിലെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സങ്കല്‍പങ്ങളേക്കാള്‍ ഉന്നതവും സുന്ദരവുമാണ്. മര്‍യമിനെക്കുറിച്ച് ക്രൈസ്തവര്‍ വേദഗ്രന്ഥമായി അംഗീകരിക്കുന്ന ബൈബിള്‍ പ്രസ്താവിക്കുന്നതിനേക്കാള്‍ കൂടുതലായി ക്വുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. 114 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്വുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേര് മര്‍യം എന്നാണ്. ക്വുര്‍ആനിലെ പല അധ്യായങ്ങളിലുമായി വിവരിക്കുന്ന മര്‍യമിന്റെ സംഭവം ഇപ്രകാരം സംഗ്രഹിക്കാം: മര്‍യമിന്റെ മാതാവ് ഗര്‍ഭിണിയായിരിക്കെ, ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേര്‍ച്ചയാക്കി. കുട്ടിയെ പള്ളിയില്‍ വളര്‍ത്തുകയും ആധ്യാത്മിക മാര്‍ഗങ്ങളില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം ആ കാലഘട്ടങ്ങളില്‍ പ്രചാരമുണ്ടായിരുന്നു. പ്രതീക്ഷക്ക് വിപരീതമായി നവജാതശിശു പെണ്‍കുട്ടിയായെങ്കിലും മാതാവ് ദൈവനാമത്തില്‍ എടുത്ത തീരുമാനം മാറ്റിയില്ല. കുട്ടിക്ക് മര്‍യം എന്ന് പേരിട്ടു. ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസില്‍ മര്‍യമിനെ ഏല്‍പിച്ചു. മര്‍യമിന്റെ സംരക്ഷണം പ്രവാചകനായ സക്കരിയ്യാ(അ) ഏറ്റെടുത്തു. വിശുദ്ധ ദേവാലയത്തിന്റെ അകത്തളങ്ങളിലെ പരിശുദ്ധമായ അന്തരീക്ഷത്തില്‍ പവിത്രയും പരിപാവനയുമായ മര്‍യം വളര്‍ന്നു. മര്‍യമിന്റെ അരികില്‍ പലപ്പോഴും ആ കാലത്ത് ലഭിക്കാത്ത പഴങ്ങള്‍ കണ്ട് സക്കരിയ്യാ പ്രവാചകന്‍ ചോദിച്ചു. ഇതെല്ലാം എവിടുന്നാണ് ലഭിച്ചത്? മര്‍യം മറുപടി പറഞ്ഞു: 'അല്ലാഹുവില്‍നിന്ന്' (3:35-37). മര്‍യം വളര്‍ന്ന് കന്യകയായപ്പോള്‍ അല്ലാഹുവിന്റെ മലക്ക് (മാലാഖ) വന്നുകൊണ്ട് യേശുവിന് ജന്മം നല്‍കാന്‍ മര്‍യമിനെ അല്ലാഹു തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത അറിയിക്കുന്നു. പ്രസ്തുത സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക: "പ്രവാചകരെ, ഈ വേദഗ്രന്ഥത്തില്‍ മര്‍യമിനെ പറ്റിയുള്ള വിവരം ഓര്‍മിക്കുക. തന്റെ കുടുംബക്കാരില്‍ നിന്ന് കിഴക്കുള്ള ഒരു ഭാഗത്തേക്ക് ഒഴിഞ്ഞുമാറി അവള്‍ കഴിഞ്ഞു. എന്നിട്ട്, അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: "തീര്‍ച്ചയായും നിന്നില്‍നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം തേടുന്നു, നീ ധര്‍മനിഷ്ടയുള്ളവനാണെങ്കില്‍'. അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിനുവേണ്ടി നിന്റെ രക്ഷിതാവയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ ചോദിച്ചു: എനിക്ക് എങ്ങനെ ഒരു കുട്ടിയുണ്ടാകും? ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാനൊരു ദുര്‍നടപ്പുകാരിയുമല്ല. അദ്ദേഹം പറഞ്ഞു: അപ്രകാരംതന്നെ സംഭവിക്കും. തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ നിസ്സാരമായ കാര്യമാണ് എന്ന് നിന്റെ രക്ഷിതാവ് അരുളിയിരിക്കുന്നു. ആ കുഞ്ഞിനെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യവുമാക്കാന്‍. അത് തീരുമാനിക്കപ്പെട്ട കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറി താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പനമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന് വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട; നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. ഈത്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കുക. അത് നിനക്ക് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുക. മനുഷ്യരില്‍ ആരെയെങ്കിലും കാണുന്നപക്ഷം കാരുണ്യവാനായ അല്ലാഹുവിന് വേണ്ടി ഞാന്‍ വ്രതം നോറ്റിരിക്കയാണ്; അതിനാല്‍ ഇന്നേ ദിവസം ഞാന്‍ ആരോടും സംസാരിക്കയില്ല. പിന്നീട്, കുട്ടിയുമായി അവള്‍ തന്റെ ആളുകളുടെ അടുത്തേക്ക് ചെന്നു. അവര്‍ പറഞ്ഞു: "മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യംതന്നെയാണ് നീ ചെയ്തത്. ഹേ, ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ലല്ലോ. നിന്റെ മാതാവ് ഒരു ദുര്‍നടപ്പുകാരിയുമായിരുന്നില്ല! അപ്പോള്‍ അവള്‍ കുട്ടിയുടെ നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ ചോദിച്ചു. തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? കുട്ടി പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തു. ഞാന്‍ എവിടെയായാലും എന്നെ അവന്‍ അനുഗ്രഹീതനാക്കി. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കാനും സകാത്ത് നല്‍കാനും അവന്‍ എന്നോട് അനുശാസിച്ചു. എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറാനും. എന്നെ അവന്‍ ഒരു നിഷ്ഠൂരനും നിര്‍ഭാഗ്യവാനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും പുനരുത്ഥാന ദിവസവും എനിക്ക് ശാന്തിയുണ്ടാകും. അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷത്തില്‍ തര്‍ക്കിക്കുന്നുവോ അതിനെപ്പറ്റിയുള്ള സത്യവചനമത്രെ ഇത്'' (ക്വുര്‍ആന്‍ 19:16-34) മര്‍യമിന്റെ കന്യകാത്വവും യേശുവിന്റെ പിതാവില്ലാത്ത അത്ഭുത ജനനവും ക്വുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അതുകൊണ്ടൊന്നും യേശു ദൈവമോ ദൈവപുത്രനോ ആകുന്നില്ല എന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. യേശുവില്‍നിന്ന് ആദ്യം വെളിപ്പെട്ട അത്ഭുതപ്രവൃത്തിയാണ് തൊട്ടിലില്‍വെച്ച് യേശു സംസാരിച്ചുവെന്നുള്ളത്. പ്രസ്തുത സംഭാഷണത്തില്‍ യേശു തന്റെ മാതാവിന്റെ ചാരിത്യ്രശുദ്ധിയെ സംശയിച്ചവര്‍ക്ക് മറുപടി നല്‍കുന്നു. അല്ലാഹുവിന്റെ എളിയ ദാസനാണ് താന്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ക്വുര്‍ആന്‍ ക്രൈസ്തവരുടെ യുക്തിബോധത്തെയും ബുദ്ധിയെയും തട്ടിയുണര്‍ത്തുന്നു. പിതാവില്ലാത്ത യേശുവിന്റെ ജനനം അദ്ദേഹത്തെ ദൈവമായി അംഗീകരിക്കാന്‍ നിങ്ങളുടെ ബുദ്ധി നിങ്ങളോട് ആവശ്യപ്പെടുന്നുവെങ്കില്‍ മാതാവും പിതാവുമില്ലാതെ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമാണ് മനുഷ്യപിതാവ് ആദം. യേശുവിന് മാതാവെങ്കിലും ഉണ്ടായിരുന്നു. ആദമിനാകട്ടെ മാതാവും പിതാവുമില്ല. അങ്ങനെയെങ്കില്‍ ആദം എന്തുകൊണ്ട് ദൈവമോ ദൈവപുത്രനോ ആയില്ല. ആദമിനെ സൃഷ്ടിച്ച അതേ ദൈവം തന്നെയല്ലേ യേശുവിനെയും സൃഷ്ടിച്ചത്. അപ്പോള്‍ ആരെ സൃഷ്ടിച്ചുവെന്നതല്ല പ്രധാനം, ആര് സൃഷ്ടിച്ചുവെന്നതാണ്. സ്രഷ്ടാവ് അല്ലാഹുവാണ്. ആദമും യേശുവും(അ) സൃഷ്ടികളാണ്. സൃഷ്ടികളിലുള്ള വിസ്മയങ്ങളും അത്ഭുതങ്ങളും സ്രഷ്ടാവിന്റെ കഴിവും പ്രതാപവുമാണ് വിളിച്ചോതുന്നത്; സൃഷ്ടിയുടേതല്ല. ക്വുര്‍ആന്‍ പറയുന്നു: "അല്ലാഹുവിന്റെ അടുക്കല്‍ ഈസ (യേശു)യുടെ ഉപമ ആദമിന്റെ ഉപമയാണ്. ആദമിനെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. ഉണ്ടാവുക എന്ന് ആദമിനോട് അവന്‍ കല്‍പിച്ചു. ഉടനെ അവ ഉണ്ടാവുകയായി. ഇതെല്ലാം നിന്റെ രക്ഷിതാവില്‍നിന്നുള്ള പരമാര്‍ഥമാണ്. ആകയാല്‍, സംശയാലുക്കളില്‍ നീ ഉള്‍പ്പെടരുത്'' (ക്വുര്‍ആന്‍ 3:59-60)ത്രിയേകത്വംത്രിയേകത്വം അഥവാ ത്രിത്വം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. ത്രിത്വത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ദൈവം ഒന്നാണ്, എങ്കിലും മൂന്നാണ്. അഥവാ മൂന്നാളുകള്‍ (Three Persons) ഏക ദൈവത്തില്‍ ഉണ്ട്. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. 1+1+1=1 എന്ന ആശയം ഗണിതശാസ്ത്രപരമായി ശരിയല്ലാത്തതുകൊണ്ട് 1ഃ1ഃ1=1 എന്ന ഗണിത യുക്തികൊണ്ട് ത്രിയേകത്വത്തെ മിഷണറിമാര്‍ ന്യായീകരിക്കാറുണ്ട്. ഇത്തരം യുക്തികൊണ്ട് മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്കും തങ്ങളുടേത് ഏകദൈവ വിശ്വാസമാണ് എന്ന് സമര്‍ഥിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ന്യായീകരണങ്ങള്‍ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരേപോലെ ഗ്രഹിക്കാന്‍ സാധിക്കാത്ത സമസ്യയാണ്. ഇത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയാണ് യഥാര്‍ഥ ദൈവസ്നേഹം എന്ന് മതമേലാളന്മാര്‍ വിശ്വാസികളെ ധരിപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍ ത്രിത്വം എന്ന ആശയം ബൈബിളില്‍ വിവരിക്കപ്പെട്ട അനേകം പ്രവാചകന്‍മാരില്‍ ആരുംതന്നെ സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് വസ്തുത. പ്രവാചകന്‍മാര്‍ എല്ലാവരും ലോകത്തോട് പറഞ്ഞത് ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കാനാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ക്വുര്‍ആന്‍ ഏറ്റവും വെറുക്കുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിഷേധിക്കുകയും ചെയ്യുന്നതാണ് ദൈവത്തിന് പുത്രനുണ്ട് എന്ന വാദവും ത്രിയേകത്വവാദവും. ഇതിനെ സംബന്ധിച്ച ചില ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക: "അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിര് കവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് (യേശു മിശിഹാ) ഒരു ദൈവദൂതനും ദൈവം മര്‍യമിലേക്ക് അയച്ച ഒരു വചനവുമല്ലാതെ മറ്റൊന്നും ആയിരുന്നില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ആത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിയേകത്വം വാദിക്കാതിരിക്കുക, അതില്‍നിന്ന് വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രന്‍ ഉണ്ടായിരിക്കുന്നതില്‍നിന്ന് എത്രയോ അതീതമാംവണ്ണം അവന്‍ പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ'' (ക്വുര്‍ആന്‍ 4:71) മനുഷ്യരെ സൃഷ്ടിക്കുകയും അവര്‍ക്ക് ജീവിക്കാന്‍ വേണ്ടുന്ന വായു, വെള്ളം, വെളിച്ചം എന്നിവ നല്‍കുകയും അവരെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് ദൈവമാണ് എന്നാണ് എല്ലാ ദൈവ വിശ്വാസികളും വിശ്വസിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പും ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. യേശു ജനിക്കുന്നത് വരെയും യേശുവിനെ സൃഷ്ടിച്ച ദൈവമാണ് മനുഷ്യരെ ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്തിരുന്നത് എന്ന് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ സമ്മതിക്കും. യേശുവിന്റെ ജനനശേഷം ദൈവം ഇത്തരം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് യേശുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യേശു അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ക്വുര്‍ആന്‍ പറയുന്നു: "മര്‍യമിന്റെ പുത്രന്‍ മസീഹ് തന്നെയാകുന്നു ദൈവം എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും നിഷേധികളായിരിക്കുന്നു. പ്രവാചകരെ അവരോട് ചോദിക്കുക: ദൈവം മര്‍യമിന്റെ പുത്രന്‍ മസീഹി(മിശിഹാ)നെയും അദ്ദേഹത്തിന്റെ മാതാവിനെയും ഭൂവാസികളെ അഖിലത്തെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവനെ ആ തീരുമാനത്തില്‍നിന്നും വ്യതിചലിപ്പിക്കാന്‍ കഴിവുള്ളവര്‍ ആരുണ്ട്? അല്ലാഹു, ആകാശ ഭൂമികളുടെയും അവക്കിടയിലുള്ള സകലതിന്റെയും അധിപനാകുന്നു. താനിച്ഛിക്കുന്നതെന്തും അവന്‍ സൃഷ്ടിക്കുന്നു. അവന്റെ ശക്തി സകല വസ്തുക്കളെയും വലയം ചെയ്തിട്ടുള്ളതാകുന്നു.'' (ക്വുര്‍ആന്‍ 5:17) സൃഷ്ടികളോട് അത്യധികം ദയയുള്ളവനാണ് അല്ലാഹു. തെറ്റുകള്‍ മനുഷ്യര്‍ക്ക് സംഭവിക്കുമെന്നത് അല്ലാഹുവിന് അറിയാം. രഹസ്യവും പരസ്യവും അറിയുന്നവനാണവന്‍. നന്മകളില്‍വെച്ച് ഏറ്റവും വലിയ നന്മ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കലാണ്. ഏറ്റവും വലിയ പാപം ഏകനായ അല്ലാഹുവിനെ കൂടാതെ അവന്റെ സൃഷ്ടികളെ ആരാധിക്കലാണ്. എന്നാല്‍ പാപത്തില്‍നിന്ന് പിന്തിരിഞ്ഞ് ദൈവത്തോട് പശ്ചാത്തപിച്ചാല്‍ അവന്‍ മാപ്പ് നല്‍കും. സകല പാപങ്ങളും പൊറുക്കുന്ന ഉദാരനാണ് അല്ലാഹു. മനുഷ്യരോട് ഏറ്റവും ഗുണകാംക്ഷയുള്ളവനത്രെ അല്ലാഹു. ക്വുര്‍ആനിലൂടെ അല്ലാഹു മനുഷ്യന്റെ ബുദ്ധിയെ തട്ടിയുണര്‍ത്തുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പാപമോചനത്തെയും പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നു. "അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്ന് വാദിച്ചവരും തീര്‍ച്ചയായും നിഷേധികളായിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. അവര്‍ തങ്ങളുടെ ഇത്തരം വാദങ്ങളില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോട് മാപ്പ് അഭ്യര്‍ഥിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമ ല്ലോ.'' (ക്വുര്‍ആന്‍ 5:73-74)കുരിശ് മരണം യാഥാര്‍ഥ്യമോ?ക്രിസ്തുമതത്തില്‍ കുരിശിന് അമിത പ്രാധാന്യമാണുള്ളത്. അത് അവരുടെ മത ചിഹ്നങ്ങളില്‍ ഒന്നാണ്. കുരിശിനെ ഭൂരിപക്ഷം ക്രൈസ്തവസഭകളും പവിത്രമായി കാണുകയും ആദരിക്കുകയും ചിലര്‍ ആരാധിക്കുകയും ചെയ്യുന്നു. യേശുവിന്റെ ഭൂമിയിലെ ജീവിതകാലത്ത് ഒരിക്കലും കുരിശിന് മഹത്വമുണ്ടായിരുന്നതായി ആരും മനസ്സിലാക്കിയിരുന്നില്ല. ലോകാരംഭം മുതല്‍ യേശുക്രിസ്തു വരെയുള്ള പ്രവാചകന്‍മാര്‍ ആരുംതന്നെ കുരിശിനെ വണങ്ങുകയോ കുരിശ് നെറ്റിയില്‍ വരയ്ക്കുകയോ ചെയ്തിരുന്നില്ല. റോമാ സാമ്രാജ്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നതാണ് കുരിശ്. കൈകളിലും കാലുകളിലും ആണിയടിച്ച് കുരിശില്‍ തറക്കുമ്പോള്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. യേശു ക്രൂശിതനായി എന്ന സങ്കല്‍പത്തില്‍നിന്നാണ് കുരിശിന് വിശുദ്ധിയുടെ പരിവേഷം കൈവരുന്നത്. യേശു കുരിശില്‍ കിടന്ന് മരിച്ചത് ഭൂമിയിലുള്ള സകലരുടെയും പാപത്തിന് പരിഹാരമായാണെന്ന് ക്രിസ്ത്യന്‍സഭകള്‍ പഠിപ്പിക്കുന്നു. ആദമും ഹവ്വയും ചെയ്ത പാപം സകല മനുഷ്യരിലേക്കും പങ്കുവെക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രസ്തുത പാപങ്ങള്‍ക്ക് വേണ്ടിയാണ് യേശു ജീവത്യാഗത്തിന് തയ്യാറായത്. ഒരു വാദത്തിന് വേണ്ടി ഈ പാപ പരിഹാര സിദ്ധാന്തം അംഗീകരിച്ചാല്‍ തന്നെയും രണ്ട് കാര്യങ്ങള്‍ സമ്മതിക്കേണ്ടിവരും. ഒന്ന്, യേശുവിന്റെ കുരിശ് മരണം വരെയുള്ള സകല മനുഷ്യരും ബൈബിളില്‍ വിശുദ്ധന്‍മാരെന്ന് പരിചയപ്പെടുത്തപ്പെട്ട പ്രവാചകന്‍മാര്‍ ഉള്‍പ്പെടെ പാപികളായി മരിച്ചു എന്ന്. രണ്ട്, മനുഷ്യരുടെ പാപങ്ങള്‍ക്ക് പകരമായി സ്വന്തം ജീവന്‍ നല്‍കി പാപങ്ങള്‍ പരിപൂര്‍ണമായി ഇല്ലായ്മ ചെയ്തതിനാല്‍ ഇനി ആരും പാപം ചെയ്യില്ല, അഥവാ പാപം ചെയ്താല്‍ അവര്‍ക്ക് ശിക്ഷയുമില്ല. ഈ രണ്ട് കാര്യങ്ങളും യുക്തിക്കോ മത പ്രമാണങ്ങള്‍ക്കോ നിരക്കുന്നതുമല്ല. കുരിശ് മരണം സംഭവിച്ചതിനാല്‍ മനുഷ്യരുടെ പാപം പൊറുക്കപ്പെട്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് യേശുവിന് മാത്രം അവകാശപ്പെട്ടതല്ല. അദ്ദേഹത്തിനെ ഒറ്റിക്കൊടുത്തുവെന്ന് പറയപ്പെടുന്ന യൂദാസിനും, അദ്ദേഹത്തെ ക്രൂശിക്കാന്‍ ഉത്തരവിട്ട പിലാത്തോസും ക്രൂശിച്ച റോമന്‍ പടയാളികളും എല്ലാം മനുഷ്യരുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ പരിശ്രമിച്ചുവെന്ന് പറയേണ്ടിവരും. കാരണം കുരിശ് മരണത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയും വിജയകരമായി പ്രയോഗവല്‍കരിച്ചതും അവരാണല്ലോ. യഥാര്‍ഥത്തില്‍ യേശു കൊല്ലപ്പെടേണ്ടത് മനുഷ്യരാശിയുടെ ആവശ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ അതായത് യഹൂദ റബ്ബികളുടെ ആഗ്രഹമായിരുന്നു. സത്യം ജനങ്ങളില്‍നിന്ന് മറച്ചുവെച്ച് ജനങ്ങളുടെ സമ്പത്തും ആദരവുകളും പിടിച്ചുപറ്റി സുഖസമൃദ്ധമായ ജീവിതം നയിച്ചിരുന്ന യഹൂദ പുരോഹിതന്മാര്‍ക്ക് ദൈവ വചനങ്ങള്‍ സത്യമായി പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന യേശുവിന്റെ സാന്നിധ്യം അസഹനീയമായിരുന്നു. യേശുവിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍, സത്യം ജനങ്ങള്‍ മനസ്സിലാക്കിയാല്‍ തങ്ങളുടെ ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ എന്ന പദവിക്ക് ഇളക്കം തട്ടുമെന്നും സുഖജീവിതം അവസാനിക്കുമെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. യേശുവിനെതിരെ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ടതും ക്രൂശിക്കാന്‍ പ്രേരിപ്പിച്ചതും അവരായിരുന്നു. എന്നാല്‍ ഇന്ന് യേശു ക്രൂശിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണ്. ജന്മപാപ സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമാണമാണ്. യേശുവിന്റെ ദിവ്യത്വത്തിനുള്ള തെളിവുകളിലൊന്നാണ് കുരിശ് മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും. കുരിശ് മരണം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി വ്യാഖ്യാനിക്കപ്പെടുമ്പോഴും നിലവിലെ ക്രൈസ്തവ സഭകള്‍ അംഗീകരിച്ച നാല് സുവിശേഷങ്ങളിലും കുരിശ് മരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും കാര്യത്തില്‍ പ്രകടമായ വൈരുധ്യങ്ങളുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന കാലത്തും കുരിശ് മരണത്തെക്കുറിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുരിശ് മരണത്തെക്കുറിച്ച് ഗഹനമായ ചര്‍ച്ചക്കോ വാചാലമായ സംവാദങ്ങള്‍ക്കോ ക്വുര്‍ആന്‍ മുതിരുന്നില്ല. പ്രസ്തുത സംഭവത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് വ്യക്തമായും സംക്ഷിപ്തമായും കുരിശ് മരണം സംബന്ധിച്ച യാഥാര്‍ഥ്യം അല്ലാഹു വെളിപ്പെടുത്തുന്നു: "അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.'' (ക്വുര്‍ആന്‍ 4:157-158). "(ഇസ്രായീല്യര്‍) മസീഹിനെതിരെ ഗൂഢതന്ത്രത്തില്‍ ഏര്‍പ്പെട്ടു. അപ്പോള്‍ അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രം പ്രയോഗിക്കുന്നവരില്‍ അത്യുത്തമന്‍ അല്ലാഹുതന്നെ. അല്ലാഹു ഈസായോട് പറഞ്ഞു: ഓ ഈസാ, ഇപ്പോള്‍ ഞാന്‍ താങ്കളെ മടക്കിവിളിക്കുന്നതും എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. താങ്കളെ നിഷേധിച്ചവരില്‍നിന്ന് താങ്കളെ നാം ശുദ്ധീകരിക്കുന്നതുമാകുന്നു. താങ്കളുടെ മാര്‍ഗം പിന്തുടര്‍ന്നവരെ താങ്കളെ നിഷേധിച്ചവരേക്കാള്‍ ഉന്നതരാക്കി നിലനിര്‍ത്തും അന്ത്യനാള്‍വരെ. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്ക് മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പ് കല്‍പിക്കും. എന്നാല്‍ സത്യത്തെ നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരുമുണ്ടാവില്ല. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും. അക്രമികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല' (ക്വുര്‍ആന്‍ 3:54-57)യേശുവിന്റെ സുവിശേഷംയേശുവിന് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഇഞ്ചീല്‍. യേശുവിന്റെ ജനനത്തിന് മുമ്പുവരെ തൌറാത്ത് (തോറ) ആയിരുന്നു ഇസ്രായീല്‍ സമൂഹത്തിന്റെ വേദഗ്രന്ഥം. മൂസാ നബിക്ക്(അ)(മോസസ്) ദൈവം അവതരിപ്പിച്ചതാണ് തൌറാത്ത്. ഈസാ നബിക്ക്(അ) ഇഞ്ചീല്‍ അവതരിപ്പിക്കപ്പെട്ടപ്പോഴും തൌറാത്ത് ദുര്‍ബലപ്പെടുകയോ അതിലെ ശരീഅത്ത് (മതനിയമം) വ്യത്യാസപ്പെടുത്തുകയോ ചെയ്തില്ല. ഈസാ നബി(അ) തൌറാത്ത് അനുസരിച്ച് ജീവിക്കുകയും ജനങ്ങളെ അതനുസരിച്ച് ജീവിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. "ആ പ്രവാചകന്‍മാരെ പിന്തുടര്‍ന്ന്, മര്‍യമിന്റെ പുത്രന്‍ ഈസായെ-തന്റെ മുന്നിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായി-നാം അയച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. തൌറാത്തിനെ ശരിവെച്ചും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവുമായും തത്ത്വോപദേശവുമായണത് അവതീര്‍ണമായത്.'' (ക്വുര്‍ആന്‍ 5:46). മൂസാനബി(മോസസ്)യുടെ കാലശേഷം ജനങ്ങള്‍ തൌറാത്ത് പിന്‍പറ്റി ജീവിച്ചെങ്കിലും കാലം കഴിയുംതോറും തൌറാത്തില്‍നിന്ന് അവര്‍ അകന്നുകൊണ്ടിരുന്നു. ഈസാ നബി(അ)യുടെ കാലമായപ്പോഴേക്കും യഹൂദ പുരോഹിതന്‍മാര്‍ മതമേലധ്യക്ഷന്മാരായി ജനങ്ങളില്‍നിന്ന് അവിഹിതമായി ധനം ശേഖരിക്കുകയും തൌറാത്തിലെ നിയമങ്ങള്‍ക്ക് പകരം സ്വന്തമായി നിയമനിര്‍മാണം നടത്തി അത് തൌറാത്തിലെ നിയമങ്ങളാണെന്ന് ജനങ്ങളെ തെറ്റുധരിപ്പിക്കുകയും ചെയ്തു. വേദഗ്രന്ഥം സാധാരണക്കാര്‍ക്ക് വിവരിച്ച് കൊടുക്കാതെ സത്യത്തെ അവര്‍ മറച്ചുവെച്ചു. ഇത്തരമൊരു ദശാസന്ധിയിലാണ് ഈസാനബി(അ) അല്ലാഹുവിനാല്‍ നിയോഗിക്കപ്പെടുന്നത്. തൌറാത്തിന്റെ ആദിമ വിശുദ്ധി അദ്ദേഹം പുനഃസ്ഥാപിച്ചു. തന്റെ കാലഘട്ടത്തിന് അനുയോജ്യമായതും തന്റെ പിന്‍ഗാമികള്‍ അറിഞ്ഞിരിക്കേണ്ടതുമായ തത്ത്വോപദേശങ്ങളും ഭാവി പ്രവചനങ്ങളും ഉള്‍ക്കൊള്ളുന്നവയുമാണ് അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ട ഇഞ്ചീല്‍. ഇഞ്ചീലിലൂടെ പ്രധാനപ്പെട്ട രണ്ട് ദൌത്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഒന്നാമത്തേത് യേശുവിന് മുമ്പ് അയക്കപ്പെട്ട ദൈവദൂതന്‍ മോസസിന്റെ മാര്‍ഗം തന്നെയാണ് പിന്തുടരേണ്ടത് എന്നും തന്റെ സ്വന്തം വകയായി ഒരു പുതിയ മതമോ മുന്‍കാല പ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്തമായ ഒരു ജീവിതപദ്ധതിയോ തനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പിക്കുവാനില്ല എന്നതും. രണ്ടാമതായി തന്റെ ദൌത്യത്തിന്റെ തുടര്‍ച്ചയും ദൈവികവെളിപാടുകളുടെ പൂര്‍ത്തീകരണവും നടക്കേണ്ടതിന് തനിക്ക് ശേഷം നിയോഗിതനാകുന്ന പ്രവാചകനെക്കുറിച്ച് തന്റെ ജനതയോട് പറയുക എന്നത്. തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് നബിയെ(അ) അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും അദ്ദേഹത്തിന് അവതീര്‍ണമായ ഗ്രന്ഥം അനുസരിച്ച് ജീവിക്കേണ്ടതും യേശുവിന്റെ യഥാര്‍ഥ അനുയായികളുടെ ബാധ്യതയാണ് എന്ന് ക്വുര്‍ആനിലൂടെ അല്ലാഹു വേദവാഹകരെ ഉണര്‍ത്തുന്നു. "മര്‍യമിന്റെ മകനായ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ): ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തിയും ശേഷം വരുന്ന അഹ്മദ് എന്ന ദൈവദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചും നിങ്ങളിലേക്കുവന്ന ദൈവദൂതനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളുമായി ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് തികഞ്ഞ ജാലവിദ്യയാകുന്നു.'' (ക്വുര്‍ആന്‍ 61:6) യേശുവിന്റെ ദൌത്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബി (സ്വ)യെപ്പറ്റിയുള്ള സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്. ഈ സന്തോഷവാര്‍ത്തക്ക് പല പ്രത്യേകതകളുമുണ്ട്. മുമ്പ് അവതരിക്കപ്പെട്ട വേദഗ്രന്ഥമായ തൌറാത്തില്‍പോലും മുഹമ്മദ് നബി (സ്വ)യെപറ്റി പരാമര്‍ശിച്ചിരിക്കുന്നു. പൂര്‍വപ്രവാചകന്മാരോട് മുഹമ്മദ് നബി (സ്വ)യെ സഹായിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചതായി ക്വുര്‍ആന്‍ 3:81ലും ഒരു വിശ്വവിമോചകന് വേണ്ടിയുള്ള ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥന 2:129ലും നാം വായിക്കുന്നു. പൂര്‍വ പ്രവാചകന്മാരെല്ലാം അവരുടെ അനുയായികളോട് അന്തിമദൂതനെക്കുറിച്ച് പറയുകയും അവര്‍ക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്ത പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നുവെന്ന് അറിയിക്കാന്‍ യേശു ആഗതനായത് തികച്ചും സന്ദര്‍ഭോചിതംതന്നെ. അവസാന നാള്‍വരേക്കും ഇനിയൊരു പ്രവാചകന്‍ വരാനില്ല. ഇനി ഒരു വേദഗ്രന്ഥം ദൈവത്തില്‍നിന്ന് അവതരിക്കാനുമില്ല. അതുകൊണ്ടുതന്നെ സകല മനുഷ്യര്‍ക്കും ഇഹപര മോക്ഷത്തിനായി അവസാന വേദഗ്രന്ഥമായ ക്വുര്‍ആന്‍ അനുധാവനം ചെയ്യേണ്ടതുണ്ട്. "അവരുടെ അടുത്ത്, തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്തുടരുന്നവര്‍. അതെ, നാം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. ശുദ്ധമായവ അനുവദിക്കുകയും അശുദ്ധമായവ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവരെ വരിഞ്ഞ് മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശം പിന്തുടരുകയും ചെയ്യുന്നവരാരോ അവരാകുന്നു വിജയം പ്രാപിച്ചവര്‍.'' (ക്വുര്‍ആന്‍ 7:157) ക്വുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞതാണ് തൌറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബി(സ്വ)യെപ്പറ്റി കൃത്യമായ പരാമര്‍ശമുണ്ട് എന്ന വസ്തുത. ക്വുര്‍ആന്‍ അവതരിക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍വ വേദങ്ങളെക്കുറിച്ച് അറിവുള്ള പണ്ഡിതന്‍മാര്‍ ആരുംതന്നെ ക്വുര്‍ആനിന്റെ ഈ അവകാശവാദത്തെ പരസ്യമായി ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നത് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ്. വേദ വിശ്വാസികള്‍ക്ക് അവരുടെ സന്താനങ്ങളെ തിരിച്ചറിയുന്നതുപോലെ മുഹമ്മദ് നബി(സ്വ)യെ അറിയാമായിരുന്നുവെന്ന് ക്വുര്‍ആന്‍ 2:146, 6:20 വചനങ്ങള്‍ നമ്മോട് പറയുന്നു. "നാം വേദം നല്‍കിയവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നപോലെ ഇക്കാര്യം അറിയാം. അവരില്‍ ഒരു വിഭാഗം ബോധപൂര്‍വം സത്യം മറച്ചുവെക്കുകയാണ്'' (ക്വുര്‍ആന്‍ 2:146) മുഹമ്മദ് നബി(സ്വ)യെപറ്റി ഇഞ്ചീലിലും തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട് എന്ന സത്യം ക്രൈസ്തവ സഹോദരങ്ങളോട് പറഞ്ഞാല്‍ ബൈബിളില്‍ അത്തരമൊരു പരാമര്‍ശമില്ല എന്നവര്‍ മറുപടി പറഞ്ഞേക്കും. ബൈബിളിലെ മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശങ്ങളോ അതിന്റെ സത്യാസത്യതയോ വിവരിക്കുക എന്നതിലേക്ക് ഞാന്‍ മുതിരുന്നില്ല. ബൈബിള്‍ ഇഞ്ചീലാണ് എന്ന മിഥ്യാധാരണകൊണ്ടാണ് ക്രൈസ്തവ സഹോദരങ്ങള്‍ അപ്രകാരം പറയുന്നത്. ബൈബിള്‍ ഇഞ്ചീലാണ് എന്ന് ക്രൈസ്തവ പണ്ഡിതന്‍മാര്‍ക്കുപോലും ആത്മാര്‍ഥമായി പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ടതാണ് ഇഞ്ചീല്‍. സുവിശേഷകര്‍ത്താക്കള്‍ എഴുതിയ സുവിശേഷങ്ങളാണ് ബൈബിള്‍. ബൈബിളും ഇഞ്ചീലും തമ്മിലുള്ള ഒരേയൊരു ബന്ധം ബൈബിളില്‍ ഇഞ്ചീലിലെ ചില പരാമര്‍ശങ്ങള്‍ ഉണ്ട് എന്നത് മാത്രമാണ്. മുഹമ്മദ് നബി(സ്വ)യുടെ സമകാലികരായ യഹൂദ, ക്രൈസ്തവ പണ്ഡിതന്‍മാര്‍ക്ക് നബി(സ്വ)യെ സംബന്ധിച്ച തോറയിലെയും ഇഞ്ചീലിലെയും പരാമര്‍ശങ്ങള്‍ അവ്യക്തമായിരുന്നില്ല. എന്നാല്‍ സത്യം മനസ്സിലായിട്ടും അന്ധത നടിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തെയും പോല അന്നുമുണ്ടായിരുന്നു. സത്യം മറച്ചുവെക്കുകയും മനഃപൂര്‍വം സത്യനിഷേധത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തുകൊണ്ട് തങ്ങളാണ് യഥാര്‍ഥത്തില്‍ സത്യത്തിന്റെ ആളുകളെന്ന് അവകാശപ്പെട്ട ക്രൈസ്തവരോട് അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യാന്‍ വേണ്ടി അവരെ വെല്ലുവിളിക്കാന്‍ അല്ലാഹു നബി(സ്വ)യോട് കല്‍പിച്ചു. "നിനക്ക് സൂക്ഷ്മജ്ഞാനം ലഭിച്ചശേഷം വല്ലവരും (ഈസായുടെ കാര്യത്തില്‍) നിന്നോട് തര്‍ക്കിക്കുന്ന പക്ഷം അവരോട് പറയുക: വരിക, ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിക്കാം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതില്‍ ഹാജരാകാം. തുടര്‍ന്ന് നമ്മില്‍ അസത്യവാദികളാരോ അവര്‍ക്കെതിരെ അല്ലാഹുവിന്റെ ശാപമുണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം.'' (ക്വുര്‍ആന്‍ 3:61) ഈ വചനം അവതരിച്ചപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: "പ്രമാണങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങളുമായി മുബാഹല നടത്താന്‍ നാഥന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു'' അവര്‍ പറഞ്ഞു: "ഞങ്ങള്‍ ആലോചിച്ച് വിവരം പറയാം.'' അങ്ങനെ അവര്‍ മടങ്ങി. തങ്ങളുടെ നേതാവിനോട് അവര്‍ അഭിപ്രായം ആരാഞ്ഞു. "മുഹമ്മദ് പ്രവാചകനാണെന്ന് നിങ്ങള്‍ക്കറിയാം. ഏത് വിഭാഗവും അവരുടെ പ്രവാചകനോട് മുബാഹല (ശാപപ്രാര്‍ഥന) നടത്തിയാല്‍ അവരുടെ ഉന്മൂലനാശം തീര്‍ച്ചയാണ്. നിങ്ങള്‍ പ്രവാചകനോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുക.'' മുഹമ്മദ് നബി(സ്വ)യും അവിടുത്തെ മകള്‍ ഫാത്തിമയെയും ഭര്‍ത്താവ് അലിയെയും മക്കളെയുംകൂട്ടി മുബാഹലക്കായി പുറപ്പെട്ടു. തന്റെ കുടുംബത്തോട് നബി(സ്വ) പറഞ്ഞു: "ഞാന്‍ പ്രാര്‍ഥിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുക.'' അപ്പോള്‍ നജറാനിലെ ഒരു ക്രൈസ്തവപുരോഹിതന്‍ പറഞ്ഞു: "ക്രിസ്ത്യന്‍ സമൂഹമേ, ഒരു പര്‍വതം തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍പോലും അതിന് ഉത്തരം ലഭിക്കുന്ന ഒരു വിഭാഗത്തെ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങള്‍ അവരുമായി മുബാഹല (ശാപപ്രാര്‍ഥന) നടത്തരുത്. അല്ലെങ്കില്‍ അന്ത്യനാള്‍വരെ ഒരു ക്രിസ്ത്യാനിയും ഭൂലോകത്ത് ഉണ്ടാവുകയില്ല.'' പിന്നീട് അവര്‍ പ്രവാചകനോട് പറഞ്ഞു: "ഞങ്ങള്‍ മുബാഹലക്കില്ല.'' അപ്പോള്‍ നബി(സ്വ) പറഞ്ഞു: "എങ്കില്‍ നിങ്ങള്‍ മുസ്ലിമാവുക.'' അതിനും അവര്‍ വിസമ്മതിച്ചു. ഈ അധ്യായത്തില്‍ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളും പ്രവാചകചരിത്രത്തിലെ നടേ സൂചിപ്പിച്ച ചരിത്ര സംഭവങ്ങളും മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വവും അദ്ദേഹത്തിനവതരിച്ച ദൈവികഗ്രന്ഥവും സത്യമാണെന്ന് അദ്ദേഹത്തിന്റെ സമകാലികരായ യഹൂദ ക്രൈസ്തവ പുരോഹിതന്‍മാര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു എന്ന് നമ്മെ തെര്യപ്പെടുത്തുന്നു. ഈ സത്യം മനസ്സിലാക്കിയവന്‍ ക്രൈസ്തവ പുരോഹിതരില്‍ അന്നത്തെയെന്നപോലെ ഇന്നും ഉണ്ട് എന്നതാണ് കൌതുകകരമായ മറ്റൊരു വസ്തുത. ദൈവമാര്‍ഗത്തിലുള്ള ഈ യാത്രയില്‍ എല്ലാ മനുഷ്യരും ഉള്‍പ്പെട്ട് ദൈവത്തിന്റെ പ്രീതിയും അവന്റെ സമ്മാനമായ ശാശ്വതമാര്‍ഗവും കരസ്ഥമാക്കുവാന്‍ ഗുണകാംക്ഷയോടെ അല്ലാഹു നമ്മോട് ഉപദേശിക്കുന്നു. "പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തുല്യമായ ഒരു കാര്യത്തിലേക്ക് വരാം. അല്ലാഹുവിനെയല്ലാതെ മറ്റാരെയും നാം വണങ്ങരുത്; അവന് നാം പങ്കാളികളെ കല്‍പിക്കരുത്; അല്ലാഹുവിനെ വിട്ട് നമ്മില്‍ ചിലര്‍ മറ്റുചിലരെ ദൈവങ്ങളാക്കി വെക്കരുത്. പിന്നെയും അവര്‍ പിന്തിരിയുന്നപക്ഷം അവരോട് പറയുക: ഞങ്ങള്‍ അല്ലാഹുവിന് കീഴ്പ്പെട്ടവര്‍ (മുസ്ലിംകള്‍) ആണെന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുക.'' (ക്വുര്‍ആന്‍ 3:64)മുന്‍കാല പ്രവാചകന്‍മാര്‍ ക്രിസ്ത്യാനികളല്ലലോകത്ത് മനുഷ്യാരംഭം മുതല്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നു. ആദം, നൂഹ്, ഇബ്രാഹിം, ഇസ്മാഈല്‍, യഅ്ക്കൂബ്, യൂസുഫ്, അയ്യൂബ്, ഹാറൂണ്‍, മൂസാ, ദാവൂദ്, സുലൈമാന്‍, ഇല്യാസ്, യൂനുസ്, സകരിയ്യാ, യഹ്യാ, ഈസാ (അ) മുതലായ പ്രവാചകന്‍മാര്‍ അല്ലാഹു അയച്ച പ്രവാചകന്മാരാണ്. പലകാലങ്ങളില്‍ പല ദേശങ്ങളിലായി ലക്ഷത്തില്‍പരം പ്രവാചകന്‍മാര്‍ ഈ ഭൂമിയില്‍ വന്നുപോയിട്ടുണ്ട്. ഈ പ്രവാചകന്‍മാരെ ക്രൈസ്തവവിശ്വാസികള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുകയും ദൈവം സ്നേഹിക്കുകയും ദൈവത്തെ മറ്റ് മനുഷ്യരേക്കാള്‍ കൂടുതലായി ആരാധിക്കുകയും ചെയ്ത ഈ പ്രവാചകന്‍മാര്‍ ആരുംതന്നെ ഒരു വിഗ്രഹത്തെയും ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. മാലാഖമാരോടോ വിശുദ്ധന്‍മാരായ പരേതാത്മാക്കളോടോ അവര്‍ മധ്യസ്ഥപ്രാര്‍ഥനയോ സഹായഭ്യര്‍ഥനകളോ നടത്തിയിരുന്നില്ല. തൂക്കുമരത്തെയോ കുരിശിനെയോ ദൈവത്തിന്റെ ചിഹ്നങ്ങളായി അവര്‍ മനസ്സിലാക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. സന്നിഗ്ദ്ധ ഘട്ടത്തില്‍ അവര്‍ നെറ്റിയില്‍ കുരിശ് വരച്ചിരുന്നില്ല. അവരെല്ലാം ഏകനായ അല്ലാഹുവിനെ മാത്രം ആരാധിച്ചു. അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് പഠിപ്പിച്ചു. അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി അവര്‍ ജീവിതം സമര്‍പിച്ചു. അതിന്റെ പേരില്‍ പലരും പീഡിപ്പിക്കപ്പെട്ടു. നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. ചിലര്‍ വധിക്കപ്പെട്ടു. ഈ കഷ്ടതകളെല്ലാം അവര്‍ സഹിച്ചത് എല്ലാവരെയും സൃഷ്ടിച്ച ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പ്രബോധനം ചെയ്തതിന്റെ പേരിലായിരുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കണമെന്നും വിധി നടത്തണമെന്നും കല്‍പിച്ചതിന്റെ പേരിലായിരുന്നു. അവര്‍ അല്ലാഹുവിന്റെ കല്‍പന പൂര്‍ണമായി അനുസരിക്കുന്നവരായിരുന്നു. അവര്‍ പരിഛേദന നടത്തിയിരുന്നു. നമസ്കാരം കൃത്യമായി നിലനിര്‍ത്തിയിരുന്നു. സക്കാത്ത് നല്‍കിയിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് അല്ലാഹുവിന്റെ കല്‍പനപ്രകാരം വ്രതം അനുഷ്ഠിച്ചിരുന്നു. മാംസാഹാരം ഒഴിവാക്കിക്കൊണ്ട് വെജിറ്റേറിയന്‍ മാത്രം ഭക്ഷിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം യേശുവോ മറ്റ് പ്രവാചകന്‍മാരോ അനുഷ്ഠിക്കുകയോ കല്‍പിക്കുകയോ ചെയ്തിട്ടില്ല. അത് പുരോഹിതന്‍മാര്‍ പുതുതായി ആവിഷ്കരിച്ച നിയമമാണ്. പ്രവാചകന്‍മാരും അവരെ പിന്‍പറ്റിയ അനുയായികളും സത്യത്തിനും നീതിക്കും ധര്‍മത്തിന്റെ പുനഃസ്ഥാപനത്തിനും അടിച്ചമര്‍ത്തപ്പെട്ടവരുടെ പുനരുത്ഥാനത്തിനും വൃദ്ധരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുവേണ്ടിയും ദൈവമാര്‍ഗത്തില്‍ സമരം നടത്തിയിരുന്നു. മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് ഈ അധ്യായത്തില്‍ പ്രതിപാദിച്ച സംഗതികളെല്ലാം ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കും സാധാരണ വിശ്വാസികള്‍ക്കും അറിയാവുന്ന സത്യമാണ്. യേശു ഉള്‍പ്പെടെയുള്ള മുന്‍കാല പ്രവാചകന്‍മാര്‍ ആരുംതന്നെ ക്രിസ്ത്യാനികളായിരുന്നില്ല. അവരാരും സ്വയം ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുകയോ ക്രിസ്തുമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. എന്തിനധികം, ക്രിസ്തുമതം എന്ന പേരുപോലും അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അവരെല്ലാം ഏക ദൈവാരാധനയുടെ വക്താക്കളായിരുന്നു. അല്ലാഹുവിന് പരിപൂര്‍ണമായി സമര്‍പ്പിച്ചവരായിരുന്നു. അല്ലാഹുവിനെ നിരുപാധികമായി അനുസരിച്ചവരും അവന്റെ ആജ്ഞാ നിരോധനങ്ങളെ കണിശമായി പാലിച്ചവരുമായിരുന്നു. ഇത്തരുണത്തിലുള്ള പരമമായ സമര്‍പണത്തിനാണ് അറബി ഭാഷയില്‍ ഇസ്ലാം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് മുന്‍കാല പ്രവാചകന്‍മാര്‍ മുസ്ലിംകളാണ് എന്ന് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത്. "ഇബ്രാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്കൂബും യഅ്കൂബ് സന്തതികളും യഹൂദരോ അല്ലെങ്കില്‍ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ ചോദിക്കുക, 'നിങ്ങളാണോ ഏറെ അറിയുന്നത്, അതോ അല്ലാഹുവോ?' തന്റെ വശം അല്ലാഹുവിങ്കല്‍നിന്ന് ഒരു സാക്ഷ്യമുണ്ടായിരിക്കുകയും എന്നിട്ടത് മറച്ചുവെക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.'' (ക്വുര്‍ആന്‍ 2:140) "ഓ, വേദവിശ്വാസികളെ ഇബ്രാഹീമി(ന്റെ മതത്തി)നെക്കുറിച്ച് നിങ്ങളെന്തിന് തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലുമെല്ലാം അദ്ദേഹത്തിന് ശേഷമാണല്ലോ അവതരിക്കപ്പെട്ടത്. അതുപോലും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങളില്‍ വേണ്ടുവോളം നിങ്ങള്‍ തര്‍ക്കിച്ചുകഴിഞ്ഞു. ഇനി ഒട്ടും അറിവില്ലാത്ത വിഷയങ്ങളിലും നിങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതെന്തിന്? അല്ലാഹു അറിയുന്നു; നിങ്ങളോ അറിയുന്നില്ല. ഇബ്രാഹീം ജൂതനായിരുന്നില്ല. ക്രിസ്ത്യാനിയുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഏകാഗ്രചിത്തനായ മുസ്ലിം ആയിരുന്നു. ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നിട്ടില്ല. ഇബ്രാഹീമിന്റെ ഉറ്റവരായിരിക്കുവാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത്, അദ്ദേഹത്തെ അനുഗമിച്ചവര്‍ക്കാകുന്നു. ഇപ്പോള്‍ ഈ പ്രവാചകനും (മുഹമ്മദ് നബി) അദ്ദേഹത്തില്‍ വിശ്വസിച്ചവരും ഈ ബന്ധത്തിന് കൂടുതല്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹു, വിശ്വാസികളുടെ മാത്രം തുണയും രക്ഷകനുമാകുന്നു'' (ക്വുര്‍ആന്‍ 3:65-68)യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍വ്യാജമായ ദൈവസങ്കല്‍പങ്ങളില്‍നിന്നും മനുഷ്യനിര്‍മിത നിയമങ്ങളില്‍നിന്നും മനുഷ്യരെ രക്ഷിച്ച് യഥാര്‍ഥ സ്രഷ്ടാവും സംരക്ഷനുമായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളിലേക്ക് മനുഷ്യസമൂഹത്തെ ക്ഷണിക്കുവാനും അവരെ സംസ്കരിക്കാനുമായാണ് പ്രവാചകന്‍മാര്‍ നിയോഗിതരാകുന്നത്. മുന്‍കഴിഞ്ഞ ദൈവദൂതന്‍മാര്‍ ജനത്തോട് പറഞ്ഞ ദൈവത്തെക്കുറിച്ചാണ് ഈസാ(യേശു)നബിയും ജനങ്ങളോട് പറഞ്ഞത്. പൂര്‍വിക പ്രവാചകന്‍മാരുടെ സാരോപദേശങ്ങള്‍ വാമൊഴിയായും വരമൊഴിയായും നല്‍കപ്പെട്ടിരുന്നതിനാല്‍ യേശു ജനങ്ങളിലേക്ക് വന്ന് അല്ലാഹുവന്റെ സന്ദേശങ്ങള്‍ വിവരിച്ചപ്പോള്‍ സത്യാന്വേഷികളും നിഷ്കളങ്കരുമായ മനുഷ്യര്‍ യേശു ദൈവദൂതരില്‍ ഉള്‍പ്പെട്ടവനാണെന്ന് മനസ്സിലാക്കി. താന്‍ ദൈവമാണെന്നോ ദൈവത്തിന്റെ അവതാരമാണെന്നോ തന്റെ മാതാവ് ദൈവമാതാവാണെന്നോ അദ്ദേഹം അവകാശപ്പെട്ടില്ല. ഇസ്രായീല്യരിലേക്ക് നിയോഗിതനായ ദൈവദൂതനെന്നാണ് യേശു സ്വയം പരിചയപ്പെടുത്തിയത്. മറ്റ് പ്രവാചകന്‍മാരെപോലെ യേശുവിനും സത്യസന്ദേശ പ്രചാരണത്തിന് സഹായികളായി ശിഷ്യന്‍മാര്‍ ഉണ്ടായി. ക്രിസ്തീയ സഹോദരര്‍ അപ്പോസ്തലന്‍മാരെന്ന് വിളിക്കുന്ന യേശുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍മാരെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് 'ഹവാരികള്‍' എന്നാണ്. ദൈവമാര്‍ഗത്തിലുള്ള തന്റെ പ്രബോധന പരിശ്രമങ്ങള്‍ക്ക് ഹവാരികളുടെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്നു. യേശുവിന്റെ ശിഷ്യന്‍മാര്‍ യേശുവിനെ പ്രവാചകനായാണ് മനസ്സിലാക്കിയിരുന്നത്. അവര്‍ പ്രാര്‍ഥിച്ചത് യേശുവിനോടായിരുന്നില്ല. മറിച്ച് യേശു ആരോടാണോ പ്രാര്‍ഥിച്ചിരുന്നത് ആ ദൈവത്തോടായിരുന്നു. മുന്‍കാല പ്രവാചകന്‍മാര്‍ പഠിപ്പിച്ചതില്‍നിന്ന് ഭിന്നമായ ഒരു കാര്യവും യേശു ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. പ്രവാചകന്‍മാര്‍ ഞങ്ങള്‍ ദൈവനിയുക്തരാണ് എന്നും ഞങ്ങളെ പിന്തുടരേണ്ടത് ജനങ്ങള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണെന്നും എങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ഇഹപര വിജയങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ജനങ്ങളോട് പറയുമ്പോള്‍ പ്രവാചകന്‍മാരുടെ സത്യത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനുവേണ്ടിയും സത്യമാര്‍ഗം അവലംബിക്കാത്തവര്‍ക്ക് ദൈവത്തിന് മുമ്പില്‍ ഒഴികഴിവ് പറയാന്‍ ന്യായം ലഭിക്കാതിരിക്കുന്നതിന് വേണ്ടിയും ചില അത്ഭുതകൃത്യങ്ങള്‍ പ്രവാചകന്‍മാരിലൂടെ അല്ലാഹു വെളിപ്പെടുത്താറുണ്ട്. ഉദാഹരണമായി ഇബ്രാഹീം(അ) കഷ്ണങ്ങളാക്കി പല ഭാഗങ്ങളില്‍വെച്ച പക്ഷികളെ വിളിച്ചപ്പോള്‍ പറന്നുവന്നത്. (അല്‍ബഖറ: 260). സത്യനിഷേധികളാല്‍ അഗ്നികുണ്ഡത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും അത്ഭുതകരമായി രക്ഷപ്പെട്ടതും അഗ്നി ഇബ്രാഹിം നബിക്ക് കുളിരായി അനുഭവപ്പെട്ടതും. (21:68). ഉസൈര്‍(അ) നബിയെ (എസ്ര പ്രവാചകന്‍) മരിച്ച് ഒരു ശതവര്‍ഷത്തിന് ശേഷം ഭൂമിയില്‍വെച്ചുതന്നെ പുനരുജ്ജീവിപ്പിച്ച് ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാക്കിയത് (അല്‍ബഖറ: 259). മൂസാനബി(അ) (മോശെ പ്രവാചകന്‍) ചെങ്കടല്‍ പിളര്‍ത്തി സ്വന്തം ജനതയെ ഫറോവയുടെ അക്രമണത്തില്‍നിന്ന് രക്ഷിച്ചത് (26:63). മൂസാനബി(അ)യുടെ വടി സര്‍പ്പമായി മാറുന്നത് (7:107), സകറിയ്യാ നബി (അ)ക്ക് വാര്‍ധക്യത്തില്‍ വന്ധ്യയായ അദ്ദേഹത്തിന്റെ ഭാര്യയില്‍ സന്താനമുണ്ടായത് (3:39,40). മുഹമ്മദ് നബി(സ്വ)ക്ക് ചന്ദ്രനെ പിളര്‍ത്തി പ്രദര്‍ശിപ്പിച്ചത് (54:1) തുടങ്ങിയവ. പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട അമാനുഷിക സംഭവങ്ങളില്‍ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. യേശു ദൈവദൂതനായതുകൊണ്ടുതന്നെ അദ്ദേഹത്തിലൂടെയും അമാനുഷിക സംഭവങ്ങള്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. അമാനുഷിക സംഭവങ്ങള്‍ വെളിവാക്കപ്പെട്ട ഇതര പ്രവാചകന്‍മാര്‍ ദൈവങ്ങളോ ദൈവത്തിന്റെ സന്താനങ്ങളോ അല്ലാത്തതുപോലെ യേശുവും ദൈവമോ ദൈവപുത്രനോ അല്ല എന്നതാണ് യാഥാര്‍ഥ്യം. "(ഈസാ(അ) ഇസ്രായീല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി നിങ്ങളില്‍ വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുന്നില്‍വെച്ച് കളിമണ്ണുകൊണ്ട് ഒരു പക്ഷിക്കോലമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ അല്ലാഹുവിന്റെ ഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ജന്മനാ അന്ധനായവനും പാണ്ഡ് രോഗിക്കും അല്ലാഹുവിന്റെ ഹിതത്താല്‍, ഞാന്‍ രോഗശാന്തി നല്‍കാം. അല്ലാഹുവിന്റെ ഹിതത്താല്‍ ഞാന്‍ മൃതദേഹത്തെ ജീവിപ്പിക്കാം. നിങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ളത് എന്തെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം. ഇതില്‍ നിങ്ങള്‍ക്ക് മതിയായ ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൌറാത്തില്‍നിന്ന് (തോറ) എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള നിയമ ശാസനകളെ സത്യപ്പെടുത്തുന്നവനുമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന, ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ രക്ഷിതാവാകുന്നു. നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക. അതാകുന്നു സന്മാര്‍ഗം.'' (ക്വുര്‍ആന്‍ 3:49:51) മറ്റെല്ലാ പ്രവാചകന്‍മാരുടെയും പോലെയായിരുന്നു ഈസാ(അ)യുടേയും പ്രബോധനത്തിന്റെ രീതിയും എന്നാണ് യാഥാര്‍ഥ്യം. ലോകം മുഴുവന്‍ സൃഷ്ടിക്കുകയും യേശു ഉള്‍പ്പെടെയുള്ള സകല പ്രവാചകന്മാരെയും ഭൂമിയിലേക്ക് നിയോഗിക്കുകയും ചെയ്ത ആരാധനകളുടെയും സ്തോത്ര കീര്‍ത്തനങ്ങളുടെയും യഥാര്‍ഥ അവകാശിയും സൃഷ്ടികളുടെ സകല നേര്‍ച്ച വഴിപാടുകള്‍ക്കും അര്‍ഹനുമായ ഏകദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഏകദൈവത്തിന്റെ സന്ദേശവാഹകന്‍ എന്ന നിലക്ക് എന്നെ പരിപൂര്‍ണമായി അനുസരിക്കുക. മനുഷ്യര്‍ പ്രമാണിക്കേണ്ട കല്‍പനകള്‍ ആചാരമര്യാദകള്‍ എന്നിവ ദൈവദൂതന്‍മാരുടെ ചര്യകളുടെയും ദിവ്യഗ്രന്ഥത്തിന്റെ വചനങ്ങളുടെയും അടിസ്ഥാനത്തിലാവുക. നിഷിദ്ധമായതും അനുവദനീയമായതും എന്തെല്ലാമാണെന്ന് തീരുമാനിക്കുന്നതിന് പുരോഹിതന്‍മാര്‍ക്ക് ഒരധികാരവുമില്ല. അതിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്. യേശുവിനാല്‍ പഠിപ്പിക്കപ്പെട്ട പാഠങ്ങള്‍ ഒരു പ്രവാചകന്റെ ലക്ഷ്യമോ ദൌത്യമോ മറ്റൊരു പ്രവാചകനില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല എന്ന വസ്തുതക്ക് അടിവരയിടുന്നു. യഥാര്‍ഥത്തില്‍ ഏകനായ അല്ലാഹുവിന്റെ സന്ദേശവാഹകരായ പ്രവാചകന്‍മാര്‍ വ്യത്യസ്തമായ ദൈവ വീക്ഷണങ്ങളോ പരസ്പര വിരുദ്ധമായ കല്‍പനകളോ സൃഷ്ടിപൂജയുടെ ന്യായീകരണങ്ങളോ പഠിപ്പിക്കുക എന്നത് സംഭവ്യമല്ല തന്നെ. അതുകൊണ്ടുതന്നെ മൂസാ(അ) നബി, ഈസാ(അ) നബി, മുഹമ്മദ്(സ്വ) നബി ഉള്‍പ്പെടെയുള്ള എല്ലാ നബിമാരുടെയും പ്രബോധനങ്ങള്‍ തമ്മില്‍ ഒട്ടുംതന്നെ അന്തരമുണ്ടായിരുന്നില്ല. "(യേശു പറഞ്ഞു) അല്ലാഹു എന്റെ നാഥനാകുന്നു. നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ നിങ്ങള്‍ അവന് ആരാധന ചെയ്യുവിന്‍ ഇതാണ് നേരായ വഴി.'' (ക്വുര്‍ആന്‍ 19:37) "യേശു തെളിഞ്ഞ ദൃഷ്ടാന്തവുമായി ആഗതനായപ്പോള്‍ പ്രഖ്യാപിച്ചു: ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളില്‍ വന്നിരിക്കുന്നു. നിങ്ങള്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരിക്കുന്ന സംഗതികളുടെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്നതിന് വേണ്ടിയത്രെ (ഞാന്‍ വന്നിട്ടുള്ളത്). അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിപുലര്‍ത്തുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതാണ് നേരായ മാര്‍ഗം. പക്ഷെ (സുവ്യക്തമായ ഈ പാഠങ്ങള്‍ നല്‍കപ്പെട്ടിട്ടും) അവര്‍ കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അക്രമികളായവര്‍ക്ക് വേദനയേറിയ നാളിലെ ശിക്ഷയാല്‍ മഹാനാശമുണ്ട്'' (ക്വുര്‍ആന്‍ 43:63-65) ശുദ്ധമായ ഏകദൈവത്വം പ്രബോധനം ചെയ്തുകൊണ്ട് ഭൂമിയില്‍ വന്ന് ദൈവസന്നിധിയിലേക്ക് പോയ മുന്‍കാല പ്രവാചകന്‍മാരെപോലെ യേശുവും അദ്ദേഹത്തിന്റെ പ്രബോധനം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ നിര്‍വഹിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. സത്യപ്രവാചകനായ യേശു(അ)തന്റെ ജനതയോട് സ്വന്തം നിലപാട് വ്യക്തമാക്കി. "ഇസ്രായീല്‍ വംശം നിഷേധിക്കാനും എതിര്‍ക്കാനുമാണ് ഒരുങ്ങുന്നതെന്ന് കണ്ടപ്പോള്‍ ഈസാ ചോദിച്ചു: ദൈവികമാര്‍ഗത്തില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട്? ഹവാരികള്‍ (അപ്പോസ്തലന്‍മാര്‍) മറുപടി പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകള്‍ ആണെന്ന് താങ്കള്‍ സാക്ഷ്യം വഹിച്ചാലും.'' (ക്വുര്‍ആന്‍ 3:52) തുടര്‍ന്ന്, മഹാനായ യേശു പ്രവാചകന്റെ ശിഷ്യന്‍മാര്‍ യേശു വിളിച്ച് പ്രാര്‍ഥിക്കുന്ന ദൈവത്തോട് പ്രാര്‍ഥിച്ചു. "രക്ഷിതാവേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ദൈവദൂതനെ അനുഗമിക്കുവാന്‍ സന്നദ്ധനാവുകയും ചെയ്തിരിക്കുന്നു. നീ ഞങ്ങളുടെ നാം സത്യസാക്ഷികളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തേണമേ'' (ക്വുര്‍ആന്‍ 3:52)ഇസ്ലാം യേശുവിന്റെയും മുഹമ്മദിന്റെയും മാര്‍ഗംഇസ്ലാം യേശുവിന്റെയും മുഹമ്മദിന്റെയും മാത്രം മാര്‍ഗമല്ല. ലോകത്ത് ദൈവത്താല്‍ നിയോഗിതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും മാര്‍ഗമായിരുന്നു. എല്ലാ പ്രവാചകന്‍മാരും അവരെ ശരിയാംവണ്ണം അനുധാവനം ചെയ്ത് ദൈവപ്രീതിക്ക് പാത്രമായ അവരുടെ അനുയായിവൃന്ദങ്ങളും ആരാധിച്ചിരുന്നത് ഏകനും സൃഷ്ടി-സ്ഥിതി-സംഹാരാദി കൃത്യങ്ങളില്‍ ആരും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെയായിരുന്നു. അല്ലാഹുവിനെ മാത്രമായിരുന്നു. വാസ്തവത്തില്‍ യേശു ആരാണെന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കഴിഞ്ഞ പരാമര്‍ശങ്ങള്‍ നല്‍കുന്ന മറുപടി ഇപ്രകാരമാണ്; യേശു മനുഷ്യനായിരുന്നു. ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍നിന്ന് പുറത്തുവന്ന, നീണ്ട വംശാവലിയുള്ള, പരിപൂര്‍ണനായ മനുഷ്യന്റെ ആകൃതിയോട് കൂടിയ, മാനുഷികമായ പരിധികളും പരിമിതികളും ഉപാധികളും എല്ലാമുള്ള മനുഷ്യന്റെ സകല സവിശേഷതകളും ഉള്‍ക്കൊള്ളുന്ന യേശു ദൈവമാകാന്‍ തരമില്ല എന്നത് എത്രയും വ്യക്തവും ശക്തവുമായ ഒരു വസ്തുതയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നു; ഉറങ്ങുന്നു; ഉണരുന്നു; വിശപ്പും ദാഹവും അനുഭവിക്കുന്നു; ചൂടും തണുപ്പും അനുഭവിക്കുന്നു; പിശാച് മുഖേനെയുള്ള പരീക്ഷണത്തിന് പോലും വിധേയനാക്കപ്പെടുന്നു. ഇങ്ങനെയെല്ലാമാണ് യേശു എന്ന് ക്രിസ്തുമത വിശ്വാസികളും അംഗീകരിക്കുന്നു. എന്നിരിക്കേ യേശു ദൈവമാണെന്നോ, ദൈവത്തില്‍ പങ്കാളിയാണെന്നോ ബുദ്ധിയും വിവേകവും ചിന്താശക്തിയുമുള്ള മനുഷ്യന് സങ്കല്‍പിക്കുവാനാകുമോ? യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന വേദഗ്രന്ഥങ്ങളിലെല്ലാംതന്നെ ഒരു മനുഷ്യജീവിതം നയിച്ചതായി കാണുന്ന യേശുവിനെ ദൈവത്തിന്റെ ഗുണങ്ങള്‍ സങ്കല്‍പിച്ച് നല്‍കി പൂജിക്കുകയും അതില്‍തന്നെ ശഠിച്ചുനില്‍ക്കുകയും ചെയ്യുന്നത് എത്രമേല്‍ അപകടകരമാണെന്ന് ഹൃദയങ്ങളുള്ളവര്‍ ചിന്തിക്കട്ടെ. ലോകത്ത് യഥാര്‍ഥത്തില്‍ ആഗതനായി കടന്നുപോയ ചരിത്രപുരുഷനായ യേശുവിനെയല്ല ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. മറിച്ച് അവരുടെ ഭാവനയുടെയും ഊഹത്തിന്റെയും സൃഷ്ടിയായ ഒരു കൃത്രിമ യേശുവിലാണ് ഇവര്‍ വിശ്വസിച്ചിരിക്കുന്നത്; തീര്‍ച്ച. കാര്യങ്ങളുടെ യാഥാര്‍ഥ്യം ഇങ്ങനെയാണെങ്കിലും ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ മക്കളും ഇഷ്ടക്കാരുമായാണ് സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അത്തരം വാദഗതികള്‍കൊണ്ടൊന്നും തന്നെ അസത്യത്തെ സത്യമാക്കി മാറ്റാനും സ്രഷ്ടാവിനെ നിഷേധിച്ചവര്‍ക്ക് ഇഹലോകത്തും പരലോകത്തും വന്ന് ഭവിക്കുന്ന നികത്താനാവാത്ത ശിക്ഷകളില്‍നിന്നും കഷ്ടനഷ്ടങ്ങളില്‍നിന്നും തങ്ങളെ രക്ഷപ്പെടുത്താനും പര്യാപ്തമല്ല എന്നാണ് അധ്യാം 5, സൂറ: മാഇദയിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. "യഹൂദരും നസ്രായരും പറയുന്നു: ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവന് പ്രിയപ്പെട്ടവരുമാണ്! അവരോട് ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നത് എന്ത്?'' യഥാര്‍ഥത്തില്‍, നിങ്ങളും അല്ലാഹു സൃഷ്ടിച്ച മറ്റ് മനുഷ്യരെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാപ്പ് നല്‍കുന്നു. താനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുന്നു. ആകാശവും ഭൂമിയും അവയിലുള്ളത് മുഴുവനും അവന്റെ മാത്രം ഉടമയിലാകുന്നു. സകലതിന്റെയും മടക്കവും അവങ്കലേക്കുതന്നെ'' (ക്വുര്‍ആന്‍ 5:18) യേശു(അ) അദ്ദേഹത്തിന്റെ ജനതയോട് പറഞ്ഞ അതേ വിശ്വാസപ്രമാണത്തിലേക്ക് തന്നെയാണ് യേശുവിന്റെ യഥാര്‍ഥ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച ക്രിസ്ത്യാനികളെ മുഹമ്മദ്(സ്വ) ക്ഷണിക്കുന്നത്. യേശുവിനെ സൃഷ്ടിച്ച യേശു ആരാധിച്ച ഏകനായ അല്ലാഹുവിനെ ആരാധിക്കാന്‍. അല്ലാഹുവിനോട് മാത്രം സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുവാന്‍. അവനെ മാത്രം വണങ്ങുവാന്‍. അവന് മാത്രം വഴങ്ങുവാന്‍. സ്വന്തം പാപങ്ങള്‍ മനുഷ്യരായ പുരോഹിതന്‍മാര്‍ക്ക് മുന്നില്‍ ഏറ്റുപറയാതെ ഹൃദയത്തിലുള്ളത് പൂര്‍ണമായി അറിയുന്ന അല്ലാഹുവിനോട് ഏറ്റുപറയാന്‍. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന് പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍. "പ്രവാചകരെ, പറയുക: ഓ വേദവിശ്വാസികളെ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍. അതായത്, അല്ലാഹു അല്ലാത്ത ആര്‍ക്കും നാം ആരാധന ചെയ്യാതിരിക്കുക. ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക, നാം ചിലര്‍ ചിലരെ അല്ലാഹുവെ കൂടാതെയുള്ള രക്ഷകര്‍ത്താവായി സ്വീകരിക്കാതിരിക്കുക. ഈ സന്ദേശം സ്വീകരിക്കാതെ അവര്‍ പിന്തിരിയുന്നുവെങ്കില്‍ അവരോട് തുറന്ന് പറയുവിന്‍. ഞങ്ങള്‍ മുസ്ലിംകള്‍ ആണെന്നതിന് നിങ്ങള്‍ സാക്ഷികളായിരിക്കുക'' (ക്വുര്‍ആന്‍ 3:64) "വേദക്കാര്‍ വിശ്വസിക്കുകയും ദൈവഭക്തരാവുകയും ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അവരുടെ തിന്മകള്‍ പൊറുത്ത് കൊടുക്കുകയും അനുഗൃഹീതമായ ഉദ്യാനങ്ങളില്‍ പ്രവേശനമരുളുകയും ചെയ്യുമായിരുന്നു. കഷ്ടം! തൌറാത്തും ഇഞ്ചീലും തങ്ങളും നാഥങ്കല്‍നിന്ന് തങ്ങള്‍ക്ക് അവതീര്‍ണമായ ഇതരവേദങ്ങളും അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍, അവര്‍ക്കായി ആഹാരം മീതെനിന്ന് വര്‍ഷിക്കുകയും കീഴെനിന്ന് പ്രവഹിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ കുറച്ചാളുകള്‍ നേര്‍വഴിക്ക് നടക്കുന്നവരുമുണ്ട്. എങ്കിലും കൂടുതല്‍ പേരും കടുത്ത പാപികളാണ്'' (ക്വുര്‍ആന്‍ 5:65-66) ക്രിസ്തുമത വിശ്വാസികളായി വളര്‍ന്നതിന്റെ പേരില്‍ അല്ലാഹു അവരെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നില്ല. മറിച്ച് സത്യവിശ്വാസത്തിന്റെ വിശാലതയിലേക്കും അതുവഴി ഇഹപര സൌഖ്യമോക്ഷങ്ങളിലേക്കും അല്ലാഹു അവരെ ക്ഷണിക്കുന്നു. ക്രിസ്ത്യാനികള്‍ വേദഗ്രന്ഥമായി അംഗീകരിക്കുന്ന തൌറാത്തും ഇഞ്ചീലും മറ്റ് വേദങ്ങളും നിലനിര്‍ത്തിയിരുന്നെങ്കില്‍ വിശ്വാസ-ആചാര-ചിന്താ രംഗത്തുള്ള ഈ മാര്‍ഗഭ്രംശം അവര്‍ക്ക് വരികയില്ലായിരുന്നുവെന്ന് അല്ലാഹു അവരെ ഓര്‍മിപ്പിക്കുന്നു. ഒരാള്‍ തൌറാത്തിന്റെ അനുയായിയാവുകയും തൌറാത്തിനെ നിലനിര്‍ത്തുകയും ചെയ്യുക എന്നതിന്റെ താല്‍പര്യമാണ് ക്വുര്‍ആനെ അന്തിമ വേദഗ്രന്ഥമായി അംഗീകരിക്കുക എന്നതും മുഹമ്മദ് നബി(സ്വ)യെ പിന്‍പറ്റുക എന്നുള്ളതും. ക്വുര്‍ആന്‍ പറയുന്നു: "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്തുടരുന്നവരാരോ (അവരാകുന്നു ഇന്ന് അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു, തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കളെ അനുവദിച്ച് കൊടുക്കുകയും അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ വരിഞ്ഞ് മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'' (ക്വുര്‍ആന്‍ 7:157) ക്രിസ്ത്യാനികളില്‍തന്നെ ക്വുര്‍ആനെ ദൈവഗ്രന്ഥമായും മുഹമ്മദ് നബി(സ്വ)യെ അന്ത്യപ്രവാചകനായും തൌറാത്തില്‍നിന്നോ ഇഞ്ചീലില്‍നിന്നോ അവയുടെ ചില വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൈബിളില്‍നിന്നോ മനസ്സിലാക്കിയ ചില ക്രിസ്തുമത വിശ്വാസികള്‍ ഉണ്ട് എന്നുള്ളത് ഇവിടെ സ്മരിക്കുന്നു. എന്നാല്‍ ക്വുര്‍ആനിലും അന്ത്യപ്രവാചകനിലും വിശ്വസിച്ച് അംഗീകരിച്ചുകൊണ്ട് മാത്രം അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പ്രതിഫലത്തിന് നാം അര്‍ഹമാകുന്നില്ല എന്നാണ് നടേ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനത്തില്‍നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ പ്രവാചകനില്‍ വിശ്വസിക്കുന്നതോടൊപ്പം അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹത്തിന് അവതരിച്ച പ്രകാശമായ ക്വുര്‍ആന്‍ പിന്‍പറ്റുകയും ചെയ്യേണ്ടത് ക്രിസ്ത്യാനികള്‍ക്ക് നിര്‍ബന്ധമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ തൌറാത്തിന്റെ കല്‍പനകള്‍ പാലിച്ചവരാവുക. "മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞതും ഓര്‍ക്കുക: ഇസ്രായീലില്‍ വംശമേ, ഞാന്‍ അല്ലാഹുവില്‍നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്ക് മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനാകുന്നു; എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെക്കുറിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 61:6) 5:65-66ല്‍ വേദക്കാരോട് സൂചിപ്പിച്ചത് ഇഞ്ചീല്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്നാണ്. ഇഞ്ചീല്‍ പ്രകാരം യേശു തന്റെ അനുയായികളോട് ഉദ്ഘോഷിച്ചത് മുഹമ്മദ് നബി(സ്വ)യെക്കുറിച്ചുള്ള സുവിശേഷമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുമതാനുയായികള്‍ മുഹമ്മദ് നബി(സ്വ)യെയും ക്വുര്‍ആനെയും അനുധാവനം ചെയ്യുമ്പോഴാണ് ഇഞ്ചീല്‍ നിലനിര്‍ത്തുന്നവര്‍ എന്ന ബഹുമതിക്ക് അര്‍ഹരാവുക. പൂര്‍വ വേദങ്ങള്‍ ക്വുര്‍ആനെയും മുഹമ്മദി (സ്വ)നെയും പരിചയപ്പെടുത്തിയതിനെക്കുറിച്ച് 2:89, 146, 6:20, 3:81 തുടങ്ങിയ വചനങ്ങളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഇത്തരം വചനങ്ങള്‍ക്കുനേരെ അന്ധത നടിച്ചോ ദുര്‍വ്യാഖ്യാനിച്ചോ യഹൂദന്‍മാരും ക്രിസ്ത്യാനികളും അല്ലാഹുവില്‍ വിശ്വസിക്കുന്നതുകൊണ്ട് മാത്രം മോക്ഷാര്‍ഹരാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ക്വുര്‍ആന്റെ ചില ഭാഗങ്ങളെ നിഷേധിക്കുകയാണ് എന്ന് സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തട്ടെ. "നാം വേദം നല്‍കിയിട്ടുള്ളവര്‍, അതിനെ യഥാവിധി വായിക്കുന്നവര്‍ ആരോ, അവര്‍ ഇതില്‍ (ക്വുര്‍ആനില്‍ ആത്മാര്‍ഥമായി) വിശ്വസിക്കുന്നു. അത് നിഷേധിച്ചവര്‍ ആരോ അവരാകുന്നു കൊടിയ നഷ്ടം സംഭവിച്ചവര്‍'' (ക്വുര്‍ആന്‍ 2:121) "അല്ലയോ വേദം ലഭിച്ചവരേ, നേരത്തെ നിങ്ങളുടെ കൂടെയുള്ള വേദത്തെ സത്യപ്പെടുത്തിയും ബലപ്പെടുത്തിയുംകൊണ്ട് ഇപ്പോള്‍ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേദത്തില്‍ വിശ്വസിക്കുവിന്‍; ചില മുഖങ്ങളെ നാം വികൃതമാക്കി പുറകോട്ട് തിരിക്കുകയോ അല്ലെങ്കില്‍ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യും മുമ്പായി. അല്ലാഹുവിന്റെ വിധി നടപ്പിലാവുകതന്നെ ചെയ്യുമെന്ന് ഓര്‍ക്കുവിന്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് മാത്രം അല്ലാഹു തീരെ പൊറുക്കില്ല. അതല്ലാത്ത എത്രതന്നെ പാപങ്ങളും താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും. അല്ലാഹുവിനെകുടാതെ അവന്റെ സൃഷ്ടികളെ ആരാധിക്കുന്നവനാരോ അവന്‍ വലിയ കളവും ഭയങ്കര കുറ്റവും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 4:47-48) യേശുവിന് ശേഷം യവന ചിന്തകരുടെയും സൂര്യാരാധകരുടെയും വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്ന വെള്ളപൂശിയ ശവക്കല്ലറകള്‍ എന്ന് യേശു ഉപമിച്ച പുരോഹിതന്മാരുടെയും തത്ത്വചിന്താപരമായ സമീപനങ്ങളും തര്‍ക്കശാസ്ത്ര മനസ്സുള്ള മതനേതാക്കന്മാരും യേശുവിന്റെ മാര്‍ഗത്തെ മറ്റൊന്നാക്കി മാറ്റി. അത് പക്ഷെ ഒരിക്കലും യേശുവിന്റെയോ അദ്ദേഹത്തെ പിന്തുടര്‍ന്ന സത്യവിശ്വാസികളുടെയോ കുറ്റമോ വീഴ്ചയോ അല്ല. യേശുവിന്റെ മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോയ ക്രിസ്തുമത വിശ്വാസികളെ യേശുവിന്റെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു മുഹമ്മദ് നബി(സ്വ) പ്രവാചകനായി നിയോഗിച്ചു. അജ്ഞതയുടെയും ദുരാചാരങ്ങളുടെയും ദുസ്വാധീനത്തില്‍നിന്നും പുരോഹിതന്‍മാര്‍ ഉണ്ടാക്കിയെടുക്കപ്പെട്ട മനുഷ്യനിര്‍മിത നിയമങ്ങളില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുവാനായിരുന്നു യേശുവിന്റെ പിന്‍ഗാമിയായ മുഹമ്മദ് (സ്വ)ന്റെ നിയോഗം. "അല്ലയോ വേദക്കാരെ, നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍ നിങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിശദീകരിച്ച് തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇളവുചെയ്ത് തരികയും ചെയ്തിരിക്കുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി അവന്റെ പ്രീതി തേടുന്നവര്‍ക്ക് രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയും നേരായ പാതയിലേക്ക് വഴികാണിക്കുകയും ചെയ്യുന്നു.'' (ക്വുര്‍ആന്‍ 5:15-16). മനുഷ്യരെ സ്വര്‍ഗത്തിന്റെ അനന്തരാവകാശികളാക്കി ദൈവത്തിന്റെ സാമീപ്യത്തിലേക്ക് ഉയര്‍ത്താന്‍ മനുഷ്യരാശിയുടെ നന്മക്കായി സമൂഹത്തിന്റെ-കുടുംബത്തിന്റെ-വ്യക്തിയുടെ ധാര്‍മികശക്തിക്കായി നാഗരികതയുടെ സൌന്ദര്യ പൂര്‍ത്തീകരണത്തിനായി മനുഷ്യാരംഭം മുതല്‍ പലകാലങ്ങളിലായി വിവിധ ദേശങ്ങളിലായി അല്ലാഹു നിയോഗിച്ച അനേകം പ്രവാചകവര്യരില്‍ ചിലരാണ് നൂഹ്, ഇബ്രാഹിം, മൂസ, ഈസ(അ), മുഹമ്മദ്(സ്വ) തുടങ്ങിയവര്‍. പ്രവാചകന്‍മാര്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കരുതെന്ന് ക്വുര്‍ആനിലൂടെ അല്ലാഹു കര്‍ശനമായി മുസ്ലിംകളെ ഉപദേശിക്കുന്നു. (2:136). ഒരു പ്രവാചകനെ മഹത്വവല്‍കരിക്കാന്‍ മറ്റ് പ്രവാചകന്‍മാരെ വിലകുറച്ച് കാണുന്നതും പ്രവാചകന്‍മാരുടെ മേല്‍ അപവാദവും അസാന്‍മാര്‍ഗികതയും ആരോപിക്കുന്നതും വലിയ അപരാധമാകുന്നു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് പ്രവാചകന്‍മാര്‍. അതുകൊണ്ടുതന്നെ അവര്‍ പാപങ്ങളില്‍നിന്ന് സുരക്ഷിതരാണ്. ദൈവിക നിയമങ്ങള്‍ കണിശമായി ജീവിതത്തില്‍ പുലര്‍ത്തിയും ദൈവമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചും പ്രവാചകന്‍മാര്‍ ജീവിച്ചു. യേശു പ്രവാചകന് ശേഷം മുഴുവന്‍ മനുഷ്യര്‍ക്കുമായി മുഹമ്മദ്(സ്വ) നിയോഗിക്കപ്പെട്ടു. (4:79). യഹൂദ പുരോഹിതര്‍ യേശുവിനെക്കുറിച്ച് അപവാദപ്രചാരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മുഹമ്മദ്(സ്വ) യേശുവിനെ മഹത്വപ്പെടുത്തി. മുമ്പ് അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചു. ക്വുര്‍ആനിന്റെ പ്രയോഗവല്‍ക്കരണം മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിലൂടെ മനുഷ്യരാശിക്ക് ബോധ്യപ്പെടുത്തി. ഈ ലോകത്തെ അവസാനത്തെ മനുഷ്യന്റെയും വഴികാട്ടിയായി അന്ത്യപ്രവാചകനായി മുഹമ്മദ് അല്ലാഹുവിനാല്‍ രേഖപ്പെടുത്തപ്പെട്ടു. (33:40). മറ്റ് ഗ്രന്ഥങ്ങളെപോലെ മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതില്‍നിന്ന് ക്വുര്‍ആനെ അല്ലാഹു സംരക്ഷിച്ചു. (15:9). ഇന്ന് നിലവിലുള്ള മതഗ്രന്ഥങ്ങളില്‍വെച്ച് സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. ക്വുര്‍ആനും മുഹമ്മദ് നബി (സ്വ)യുടെ ജീവിതവും ഒരു തുറന്ന പുസ്തകമായി നമുക്ക് മുമ്പിലുണ്ട്. ഏകദൈവത്വം, പരലോകം, മാലാഖമാര്‍ തുടങ്ങിയ ദൈവികമായ അറിവുകള്‍ ഉള്ളവരാണ് ക്രിസ്ത്യാനികള്‍. അതുകൊണ്ടുതന്നെ സത്യത്തിന് നേരെ പുറംതിരിഞ്ഞ് നില്‍ക്കാനോ അസത്യത്തില്‍തന്നെ തുടരാനോ ക്രിസ്ത്യാനികള്‍ക്ക് സാധ്യമല്ല. വിശ്വാസികളെ ദൈവം ഏല്‍പിച്ച ഉത്തരവാദിത്തം സത്യത്തിലേക്ക് ക്ഷണിക്കുക എന്നത് മാത്രമാണ്. അതാണ് ഇത്തരം കുറിപ്പുകളുടെ പ്രേരകവും.