ഇസ്ലാമിലെ യുദ്ധം കലാപമല്ല

എം.എം അക്ബര്‍
ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം കൃത്യവും നിയതവുമായ സൈനിക സന്നാഹങ്ങളോടെ നടക്കുന്നതാണ് ക്വുര്‍ആനും നബിവചനങ്ങളും നിഷ്കര്‍ഷിക്കുന്ന യുദ്ധമെന്ന വസ്തുത പ്രസ്തുത പ്രമാണങ്ങളിലെ യുദ്ധസംബന്ധിയായ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. രഹസ്യ കേന്ദ്രങ്ങളിലിരുന്ന് ആരെങ്കിലും ആഹ്വാനം ചെയ്യുകയും നിയതമായ ക്രമങ്ങളൊന്നുമില്ലാതെ നടപ്പാക്കപ്പെടുകയും ചെയ്യുന്ന കലാപമല്ല അത്. യുദ്ധം നിര്‍ബന്ധമാണെന്നും അതില്‍ പങ്കെടുത്താല്‍ വമ്പിച്ച പ്രതിഫലമുണ്ടെന്നും രക്തസാക്ഷികള്‍ക്ക് പാപമോചനവും സ്വര്‍ഗപ്രവേശവും ഉറപ്പാണെന്നുമെല്ലാം പഠിപ്പിക്കുന്ന ഇസ്ലാമിക പ്രമാണങ്ങള്‍ തന്നെ ആര്, എപ്പോള്‍, എങ്ങനെ യുദ്ധം ചെയ്യണമെന്നും കൂടി വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വത്തിന്റെ കീഴിലല്ലാതെയുള്ള സായുധ സമരങ്ങളൊന്നും തന്നെ പ്രവാചകന്‍(സ്വ) അനുവദിച്ചതായി കാണാന്‍ കഴിയില്ല. 'നിങ്ങള്‍ ആയുധമണിയാന്‍വേണ്ടി കല്‍പിക്കപ്പെട്ടാല്‍ അതിന്നായി മുന്നിട്ടിറങ്ങുക'(81)യെന്ന പ്രവാചക നിര്‍ദേശം വ്യക്തമാക്കുന്നത് നേതൃത്വത്തിന്റെ കല്‍പനയനുസരിക്കുകയാണ് പൌരന്‍മാര്‍ ചെയ്യേണ്ടതെന്നാണ്. പൌരന്‍മാര്‍ക്ക് കല്‍പന നല്‍കുവാന്‍ അധികാരമുള്ള നേതൃത്വമാണ് അവരോട് ആയുധമണിയുവാന്‍ പറയേണ്ടതെന്നും അങ്ങനെയുള്ള നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായാല്‍ ആയുധമണിയേണ്ടത് പൌരന്‍മാരുടെ ബാധ്യതയാണെന്നും ഇത് വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരു ഭൂഭാഗത്ത് തങ്ങളുദ്ദേശിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുവാനുള്ള അധികാരമോ തങ്ങളുടെ അനുയായികളുടെ പോലും മേല്‍ ശിക്ഷാവിധികള്‍ നടത്താനുള്ള നിയതമായ അവകാശമോ ഇല്ലാത്ത, സ്വന്തമായ മേല്‍വിലാസം പോലും രഹസ്യമായി വെക്കാന്‍ വിധിക്കപ്പെട്ട നേതൃത്വത്തിന് കീഴില്‍ നടക്കുന്ന കലാപമല്ല, പൌരന്‍മാരുടെ മേല്‍ അവകാശവും അധികാരവുമുള്ള നേതൃത്വത്തിന് കീഴില്‍ നടക്കുന്ന, നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് നടത്തുന്ന സായുധ സമരമാണ് ഇസ്ലാം അനുവദിക്കുകയും മഹത്ത്വവല്‍ക്കരിക്കുകയും ചെയ്തിട്ടുള്ളത്. നിയതമായ നേതൃത്വത്തിന് കീഴിലാണ് ഇസ്ലാം അനുവദിച്ച യുദ്ധമെന്ന് പ്രവാചകന്‍(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
"അബൂഹുറയ്റയില്‍നിന്ന്: നബി (സ്വ) പറഞ്ഞു: ഇമാം ഒരു പരിച മാത്രമാകുന്നു. അദ്ദേഹത്തിന്റെ പിന്നില്‍നിന്ന് യുദ്ധം ചെയ്യപ്പെടുകയും അദ്ദേഹത്തെക്കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇനി, അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കാന്‍ കല്‍പിക്കുകയും നീതിപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്താല്‍ അതിന് അദ്ദേഹത്തിന് പ്രതിഫലമുണ്ട്. ഇനി മറ്റ് വല്ലതിനുമാണ് അദ്ദേഹം കല്‍പിക്കുന്നതെങ്കില്‍ അതിന്റെ കുറ്റം അയാള്‍ക്കുണ്ട്.''(82)
യുദ്ധ സന്ദര്‍ഭത്തിലാണെങ്കിലും അല്ലെങ്കിലുമെല്ലാം നേതൃത്വത്തെ അനുസരിക്കേണ്ടത് പൌരന്‍മാരുടെയെല്ലാം ബാധ്യതയാണെന്നാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചത്. നേതൃത്വം യുദ്ധസന്നദ്ധരാകാന്‍ ആവശ്യപ്പെട്ടാല്‍ അതും അനുസരിക്കേണ്ടത് അവരുടെയെല്ലാം ബാധ്യതയാണെന്നാണ് നടേ ഉദ്ധരിച്ച ഹദീഥ് വ്യക്തമാക്കുന്നത്. നേതൃത്വത്തെ അനുസരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ചില ഹദീഥുകള്‍ കാണുക.
"അബൂഹുറയ്റ(റ)യില്‍നിന്ന്: നബി (സ്വ) അരുളി: 'ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ എന്നെ ധിക്കരിച്ചുവോ അയാള്‍ അല്ലാഹുവേ ധിക്കരിച്ചു. ആര്‍ അമീറിനെ അനുസരിച്ചുവോ അയാള്‍ എന്നെ അനുസരിച്ചു. ആര്‍ അമീറിനെ ധിക്കരിച്ചുവോ അയാള്‍ എന്നെ ധിക്കരിച്ചു.'' (83) 
"ഉമ്മുല്‍ ഹുസ്വൈനില്‍നിന്ന്: അവര്‍ പറയുന്നത് ഞാന്‍ കേട്ടു: വിടവാങ്ങള്‍ ഹജ്ജില്‍ നബി (സ്വ)യോടൊപ്പം ഞാന്‍ ഹജ്ജ് ചെയ്തു. അവിടെവെച്ച് നബി (സ്വ) ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് അവിടുന്ന് പറയുന്നത് ഞാന്‍ കേട്ടു: 'അല്ലാഹുവിന്റെ ഗ്രന്ഥപ്രകാരം നയിക്കുന്ന, അവയവങ്ങള്‍ ഛേദിക്കപ്പെട്ട ഒരടിമയാണ് നിങ്ങള്‍ക്ക് നേതാവാക്കപ്പെട്ടതെങ്കില്‍ പോലും-കറുത്ത നിറമുള്ള എന്ന് അവര്‍ പറഞ്ഞെന്ന് എനിക്ക് തോന്നുന്നു- അയാളുടെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.''(84)
"ഇബ്നു ഉമറില്‍(റ) നിന്ന് നബി(സ്വ) പറഞ്ഞു: തനിക്ക് ഇഷ്ടകരവും അനിഷ്ടകരവുമായ വിഷയത്തിലെല്ലാം ഒരു മുസ്ലിം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്. തെറ്റായ കാര്യം കല്‍പിക്കപ്പെട്ടാല്‍ ഒഴികെ. തെറ്റായ കാര്യം കല്‍പിക്കപ്പെട്ടാല്‍ അവനത് കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യരുത്.'' (85)
"വാഇലുല്‍ ഹദ്റമിയില്‍നിന്ന്: സലമതുബ്നു സൈദില്‍ ജുഅ്ഫി നബി (സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളുടെ അവകാശങ്ങള്‍ തടഞ്ഞുവെക്കുകയും തങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളോട് ചോദിച്ചുവാങ്ങുകയും ചെയ്യുന്ന ഭരണാധികാരികളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്? അവരോട് എപ്രകാരം വര്‍ത്തിക്കണമെന്നാണ് അങ്ങ് ഞങ്ങളോട് കല്‍പിക്കുന്നത്?' അപ്പോള്‍ നബി (സ്വ) അയാളില്‍നിന്ന് പിന്തിരിഞ്ഞുകളഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചപ്പോള്‍ നബി (സ്വ) പിന്നെയും അയാളില്‍നിന്ന് തിരിഞ്ഞുകളഞ്ഞു. അയാള്‍ പിന്നെയും രണ്ടോ മൂന്നോ തവണ ഇതുതന്നെ ചോദിച്ചു. അപ്പോള്‍ അശ്അസുബനു ഖൈസ്(റ) അയാളെ ശക്തിയായി പിടിച്ചുവലിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. അവരില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവരുടെ ബാധ്യതയും, നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നത് നിങ്ങളുടെ ബാധ്യതയുമാകുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: 'അശ്അഥുബ്നു ഖൈസ് അയാളെ ശക്തിയായി പിടിച്ചുവലിച്ചു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: 'നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക, അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാധ്യതയുമാകുന്നു.''(86)
"ഔഫുബ്നു മാലികില്‍നിന്ന്: നബി (സ്വ) അരുളി: 'നിങ്ങളുടെ നേതാക്കളില്‍ ഉത്തമര്‍, നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും പരസ്പരം ഇഷ്ടപ്പെടുന്നവരാണ്. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നവരുമാണ്. നിങ്ങളുടെ നേതാക്കളില്‍ നീചര്‍ നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും വെറുക്കുന്നവരും പരസ്പരം ശപിക്കുന്നവരുമാണ്.' ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യട്ടെയോ?' അവിടുന്ന് പറഞ്ഞു: 'പാടില്ല. അവര്‍ നമസ്കാരം നിര്‍വഹിക്കുന്ന കാലത്തോളം നിങ്ങള്‍ അത് ചെയ്യരുത്. നിങ്ങളുടെ ഭരണകര്‍ത്താക്കളില്‍ നിങ്ങള്‍ വെറുക്കുന്ന വല്ലതും കണ്ടാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ നിങ്ങള്‍ വെറുക്കുക. എന്നാല്‍, അനുസരണത്തില്‍നിന്ന് കൈ വലിച്ചുകളയരുത്.''(87)
"അബൂഹുറയ്റയില്‍നിന്ന്: നബി (സ്വ) പ്രസ്താവിച്ചു: അനുസരണം കൈവെടിയുകയും സംഘടനയെ വേര്‍പിരിയുകയും അങ്ങനെ ആ നിലയില്‍ മരിക്കുകയും ചെയ്തവന്റേത് ജാഹിലിയ്യാ മരണമാണ്. ഒരാള്‍ ഒരുപക്ഷത്തിനുവേണ്ടി ദേഷ്യപ്പെട്ടോ ഒരു പക്ഷത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടോ അല്ലെങ്കില്‍ ഒരുപക്ഷത്തെ സഹായിച്ചുകൊണ്ടോ അന്ധമായ കൊടിക്കുപിന്നില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യുകയും എന്നിട്ട് വധിക്കപ്പെടുകയും ചെയ്താല്‍ ജാഹിലിയ്യാ മരണമാണ് അയാള്‍ക്ക് സംഭവിച്ചിട്ടുള്ളത്. എന്റെ സമുദായത്തിലെ നല്ലവനെയും തെമ്മാടിയെയും വെട്ടിക്കൊന്ന് അവര്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുകയും അവരിലെ സത്യവിശ്വാസിയുടെ കാര്യം സൂക്ഷിക്കാതിരിക്കുകയും കരാര്‍ ചെയ്തവനോട് ആ കരാര്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ എന്നില്‍പെട്ടവനല്ല, ഞാന്‍ അവനില്‍പ്പെട്ടവനുമല്ല.''(88)
ഉമര്‍ബിന്‍ ഖത്വാബില്‍നിന്ന്: നബി(സ്വ) പറഞ്ഞു: നല്ല നേതാക്കളെയും ചീത്ത നേതാക്കളെയും കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ. നിങ്ങള്‍ സ്നേഹിക്കുകയും നിങ്ങളെ സ്നേഹിക്കുകയും നിങ്ങള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും നിങ്ങള്‍ക്കുവേണ്ടി അവര്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ് ഉത്തമരായ നേതാക്കള്‍. നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുകയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നികൃഷ്ടരായ നേതാക്കള്‍'.(89) 
സിയാദ്ബ്നു സയ്യിബ് അല്‍ അദവിയില്‍നിന്ന്: 'നമ്മുടെ അമീര്‍ തിന്മയുടെ വസ്ത്രങ്ങളാണ് ധരിക്കുന്നത്' എന്നുപറഞ്ഞ് അബൂബിലാല്‍ ഭരണാധികാരിയെ ദുഷിപ്പ് പറഞ്ഞപ്പോള്‍ അബൂബക്ര്‍(റ) പറഞ്ഞു: 'നിര്‍ത്തൂ: അല്ലാഹുവിന്റെ സുല്‍ത്താനെ ഭൂമിയില്‍വെച്ച് ഇകഴ്ത്തുന്നതുവരെ അല്ലാഹു ഇകഴ്ത്തുമെന്ന് അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞായി ഞാന്‍ കേട്ടിട്ടുണ്ട്'.(90) 
ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്നവരും അല്ലാഹുവിന് വിരോധമില്ലാത്ത കാര്യങ്ങളിലെല്ലാം അനുസരിക്കല്‍ നിര്‍ബന്ധമായവരും നാട്ടില്‍ നീതിയും നിയമവും നടപ്പാക്കാന്‍ ബാധ്യസ്ഥരായവരുമായ നേതാക്കളാണ് യുദ്ധത്തിന് തന്റെ പ്രജകളോട് ആഹ്വാനം ചെയ്യേണ്ടതെന്ന വസ്തുത ഉദ്ധരിക്കപ്പെട്ട ഹദീഥുകളില്‍നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്. രക്തസാക്ഷ്യത്തിന് സന്നദ്ധമായി പ്രസ്തുത ഇമാമിന്റെ കീഴില്‍ യുദ്ധം ചെയ്യുന്നവര്‍ക്കാണ് നടേ സൂചിപ്പിക്കപ്പെട്ട ഉന്നതമായ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പ്രമാണങ്ങളില്‍ നിന്ന് പഠിക്കുന്നവര്‍ക്ക് ഒരിക്കലും തന്നെ നിയതമായ നേതൃത്വമോ നിയമം നടപ്പാക്കാനുള്ള അധികാരമോ ഇല്ലാത്തവരുടെ കീഴില്‍ നടക്കുന്ന കലാപങ്ങള്‍ ക്വുര്‍ആനും ഹദീഥുകളും പുകഴ്ത്തിയ ജിഹാദാണെന്ന് മനസ്സിലാക്കുവാന്‍ നിര്‍വാഹമൊന്നുമില്ല. രാഷ്ട്രനേതൃത്വത്തിന് കീഴിലാണ് യുദ്ധം നടക്കേണ്ടതെന്ന് വ്യക്തമായും പഠിപ്പിക്കുന്ന ഹദീഥുകള്‍ കാണുക:
"അബൂഹുറയ്റയില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടു: 'നാം (ഇഹലോകത്തെ) അവസാനത്തെ ആളുകളും (പരലോകത്തെ) മുന്‍ഗാമികളുമായിരിക്കും. എന്നെ അനുസരിച്ചവന്‍ തീര്‍ച്ചയായും അല്ലാഹുവെ അനുസരിച്ചു. എന്നെ ധിക്കരിച്ചവന്‍ തീര്‍ച്ചയായും അല്ലാഹുവെ ധിക്കരിച്ചു. (സേനാ)നായകനെ അനുസരിച്ചവന്‍ തീര്‍ച്ചയായും എന്നെ അനുസരിച്ചു. സേനാനായകനെ ധിക്കരിച്ചവന്‍ തീര്‍ച്ചയായും എന്നെ ധിക്കരിച്ചു. നേതാവ് പരിചയാണ്. അദ്ദേഹത്തിന്റെ പിന്നില്‍ നിന്നാണ് യുദ്ധം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിലൂടെയാണ് ശത്രുവില്‍നിന്ന് സുരക്ഷ നേടുന്നത്. അദ്ദേഹം അല്ലാഹുവോട് ഭക്തിപുലര്‍ത്താന്‍ കല്‍പിക്കുകയും നീതി പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അതുവഴി പ്രതിഫലം ലഭിക്കും. അതല്ലാത്തതാണ് അയാള്‍ പറയുന്നതെങ്കില്‍ അയാള്‍ക്കായിരിക്കും അതിന്റെ പാപം.''(91)
അബുഹുറയ്റ(റ)ല്‍നിന്ന്: മഅ്കൂല്‍(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'നല്ലയാളാണെങ്കിലും ചീത്തയാളാണെങ്കിലും ഭരണാധികാരിയോടൊപ്പം ജിഹാദ് ചെയ്യല്‍ നിങ്ങളുടെ ബാധ്യതയാണ്'.(92) 
യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം വഹിക്കുകയും ചെയ്യേണ്ടത് മുസ്ലിം ഭരണാധികാരിയാണെന്ന് ക്വുര്‍ആനിന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തില്‍ മതവിധികള്‍ നല്‍കിയ പൌരാണികരും ആധുനികരുമായ പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം മവഫ്ഫവദ്ദീന്‍ ഇബ്നു ഖുദാമ(റ) നല്‍കിയ ഫത്വ നോക്കുക: 'ഭരണാധികാരിയുടെ കൈകളാലും ഗവേഷണത്തിന്റെ (ഇജ്തിഹാദ്) അടിസ്ഥാനത്തിലുമാണ് ജിഹാദ് നടക്കേണ്ടത്. അത് എപ്പോഴാണ് നടക്കേണ്ടതെന്ന് ഭരണാധികാരി തീരുമാനിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതാണ്'.(93) 
ഹനഫീ പണ്ഡിതനായ ഇമാം സഫര്‍ അഹ്മദ് ഉഥ്മാനി (ഹിജ്റ 1310-1394) പറയുന്നത് ഇങ്ങനെയാണ്: 'മഅ്കൂലിന്റെ ഹദീഥില്‍നിന്ന് ഭരണാധികാരിയോടൊപ്പം ജിഹാദ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാകുന്നുണ്ട്; അബൂബക്കര്‍(റ) തന്റെ പിന്‍ഗാമിയായി ഉമറിനെ(റ) നിശ്ചയിച്ചതുപോലെ മുന്‍ ഭരണാധികാരിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഭരണാധികാരിയാണെങ്കിലും പണ്ഡിതന്മാരും സമൂഹത്തിലെ വേണ്ടപ്പെട്ടവരും കൂടിയാലോചിച്ച് തീരുമാനമെടുക്കപ്പെടുന്ന ഭരണാധികാരിയാണെങ്കിലും അയാളോടൊപ്പം പ്രജകള്‍ ജിഹാദ് ചെയ്യേണ്ടതാണ്... അതിര്‍ത്തികള്‍ സംരക്ഷിക്കുവാനോ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുവാനോ രാഷ്ട്രീധികാരം ഉപയോഗിച്ച് സൈന്യത്തെ സംഘടിപ്പിക്കുവാനോ അധികാരവും ശക്തിയും ഉപയോഗിച്ച് മര്‍ദിതകര്‍ക്ക് നീതി നേടിക്കൊടുക്കുവാനോ കഴിയാത്ത ഒരാളെ പണ്ഡിതന്‍മാരും സമൂഹത്തിലെ വേണ്ടപ്പെട്ടവരും കൂടി നേതാവായി നിശ്ചയിച്ചാലും അയാള്‍ ഭരണാധികാരിയെന്നോ (അമീര്‍) നേതാവെന്നോ (ഇമാം) വിളിക്കപ്പെടാന്‍ അര്‍ഹനല്ലെന്നാണ് എന്റെ അഭിപ്രായം. ഭരണാധികാരത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനം അധികാരത്തിലും അവകാശത്തിലുമാണ് എന്നതിനാലും നേതാവെന്ന് വിളിക്കപ്പെടുന്നതുകൊണ്ടുമാത്രം അവ കൈവരുകയില്ല എന്നതുകൊണ്ടുമാണ് ഇത്. അത്തരം ഒരാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യുവാനോ അയാളെ അനുസരിക്കുവാനോ ജനങ്ങള്‍ ബാധ്യസ്ഥരല്ല. അയാളോടൊപ്പം ചേര്‍ന്ന് ജിഹാദ് ചെയ്യുവാനും പാടില്ല'.(94) 
ഇന്ത്യന്‍ പണ്ഡിതനായ ഇമാം ഹമീദുദ്ദീന്‍ ഫറാഹിയുടെ (ക്രി. 1862-1930) വീക്ഷണമാണിത്: 'സ്വതന്ത്രമായ ഒരു നാട്ടിലേക്ക് പലായനം ചെയ്യാതെ, സ്വന്തം നാട്ടില്‍വെച്ച് ജിഹാദ് ചെയ്യാന്‍ പാടുള്ളതല്ല. ഇബ്റാഹീം നബി(സ്വ)യുടെ ചരിത്രവും പലായനത്തെക്കുറിച്ച വചനങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. പ്രവാചകന്റെ(സ്വ) ജീവിതവും ഇതിനെയാണ് ബലപ്പെടുത്തുന്നത്. രാഷ്ട്രീയമായ അധികാരമില്ലാത്ത ഒരാളാണ് ജിഹാദ് നടത്തുന്നതെങ്കില്‍ അതുവഴി വ്യാപകമായ കുഴപ്പങ്ങളും അരാജകത്വവുമാണ് ഉണ്ടാകുകയെന്നതിനാലാണിത്'.(95) 
പൌരാണിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ പരാമര്‍ശിച്ചശേഷം ആധുനിക കര്‍മശാസ്ത്ര ഗ്രന്ഥകാരനായ സയ്യിദ് സാബിഖ് (ക്രി. 1915-2000) ഈ വിഷയതതെ ക്രോഡീകരിക്കുന്നത് ഇങ്ങനെയാണ്: 'സാമൂഹിക ബാധ്യതകളില്‍ (ഫര്‍ദ് കിഫാഇ) ഭരണാധികാരി നിര്‍ബന്ധമായ കാര്യങ്ങളുടെ ഉദാഹരണങ്ങളാണ് ജിഹാദും ശിക്ഷാവിധികളുടെ നിര്‍വഹണവും'.(96) 
ആധുനിക പണ്ഡിതന്‍മാരില്‍ അഗ്രേസരനായ ശൈഖ് മുഹമ്മദ് ബിന്‍ സാലിഹ്ബ്നുല്‍ ഉഥൈമിന്‍ (ക്രി. 1925-2001) എഴുതുന്നു: 'ഏത് അവസരത്തിലാണെങ്കിലും ഭരണാധികാരിയുടെ നിര്‍ദേശമില്ലാതെ സൈന്യത്തിന് യുദ്ധത്തിന് പോകാന്‍ പാടുള്ളതല്ല. വ്യക്തികളല്ല, ഭരണാധികാരികളാണ് യുദ്ധം ചെയ്യുവാനും ജിഹാദിന് പുറപ്പെടുവാനും കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടാണിത്. തീരുമാനത്തിന് അധികാരമുള്ളവരെ അനുധാവനം ചെയ്യുകയാണ് വ്യക്തികളുടെ ഉത്തരവാദിത്തം. ഇമാമിന്റെ അനുവാദമില്ലാതെ ഒരാളും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ പാടുള്ളതല്ല; പ്രതിരോധം ആവശ്യമുള്ളപ്പോഴല്ലാതെ. ശത്രുക്കള്‍ പൊടുന്നനെ ജനങ്ങളെ അക്രമിക്കുകയും, അവര്‍ അത്തരം തിന്മകള്‍ ഭയപ്പെടുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ക്ക് സ്വയം പ്രതിരോധിക്കാവുന്നതാണ്. അത്തരം അവസരങ്ങളില്‍ പ്രതിരോധത്തിന് വേണ്ടിയുള്ള പോരാട്ടം ഒരു വൈയക്തിക ബാധ്യതയായിത്തീരും എന്നതുകൊണ്ടാണിത്'.
ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ് ജിഹാദ് സംബന്ധിയായ കാര്യങ്ങള്‍ എന്നതിനാലാണ് വ്യക്തികള്‍ക്ക് യുദ്ധം അനുവദനീയമല്ലാതിരിക്കുന്നതിന്റെ ഒന്നാമത്തെ കാരണം. ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പുറപ്പെടല്‍ അയാളുടെ അവകാശങ്ങളെ ലംഘിക്കുകയും പരിധി വിടലുമായിത്തീരുന്നു. ഭരണാധികാരിയുടെ സമ്മതമില്ലാതെ യുദ്ധംചെയ്യാന്‍ ജനങ്ങളെ അനുവദിച്ചാല്‍ അന് വ്യാപകമായ കുഴപ്പങ്ങളിലേക്കാണ് നയിക്കുക. കുതിരയെ സജ്ജമാക്കുവാനും യുദ്ധം ചെയ്യുവാനും ആഗ്രഹിക്കുന്നവരെയെല്ലാം അതിന് അനുവദിച്ചാല്‍ അതുമൂലമുണ്ടാകാവുന്ന വിപത്തുകള്‍ ചില്ലറയൊന്നുമല്ല. ശത്രുവിനെതിരെയെന്ന വ്യാജേന ഭരണാധികാരിക്കെതിരെ ആയുധമെടുക്കുവാനും മറ്റു ജനസമൂഹങ്ങള്‍ക്കെതിരെ കലാപങ്ങള്‍ അഴിച്ചുവിടുവാനുമായിരിക്കും ചിലര്‍ ശ്രമിക്കുക. 'സത്യവിശ്വാസികളായ രണ്ട് വിഭാഗം തമ്മില്‍ സംഘട്ടനത്തിലാവുകയാണെങ്കില്‍ അവര്‍ തമ്മില്‍ രഞ്ജിപ്പുണ്ടാക്കുക(ക്വുര്‍ആന്‍ 49:9)യെന്നാണ് അല്ലാഹുവിന്റെ കല്‍പന. ഈ മൂന്ന് കാരണങ്ങളാലും അതല്ലാത്ത മറ്റ് കാര്യങ്ങളാലും ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധം ചെയ്യല്‍ അനുവദനീയമല്ല'.(97) 
സുഊദി അറേബ്യയിലെ ഉന്നതരായ പണ്ഡിതന്മാരുടെ സഭയായ 'അല്ലജ്നത്തുദ്ദാഇമലില്‍ ബുഹൂഥുല്‍ ഇല്‍മിയ്യ വല്‍ ഇഫ്താഅ്' ഇവ്വിഷയകമായി നല്‍കിയ ഫത്വ ഇങ്ങനെയാണ്: 'അല്ലാഹുവിന്റെ വചനത്തിന്റെ ഔന്നത്യത്തിനും ഇസ്ലാംമതത്തെ സംരക്ഷിക്കുന്നതിനും അത് എത്തിച്ചുകൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുമുള്ള സൌകര്യമൊരുക്കുന്നതിനും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി ജിഹാദ് ചെയ്യല്‍ അത് ചെയ്യാന്‍ സാധിക്കുന്നവരുടെയെല്ലാം കടമയാണ്. അതിന്നായുള്ള സംഘത്തെ ഒരുക്കുകയും സംഘടിപ്പിക്കുകയും അയക്കുകയും ചെയ്യുന്നത് കൃത്യതയോടെയും അച്ചടക്കത്തോടെയുമാകാതിരുന്നാല്‍ അത് അരാജകത്വത്തിനും കുഴപ്പങ്ങള്‍ക്കും കാരണമാകുകയും ദൌര്‍ഭാഗ്യകരമായ പരിണിതിയില്‍ ചെന്നെത്തുന്ന അവസ്ഥയുണ്ടാവുകയുമാണ് ചെയ്യുക. അതിനാല്‍ ജിഹാദിന് തുടക്കം കുറിക്കുകയും സജ്ജീകരിക്കുകയും ചെയ്യേണ്ടത് മുസ്ലിം ഭരണാധികാരിയുടെ കര്‍ത്തവ്യമാണ്; അതിന് പ്രചോദിപ്പിക്കുകയാണ് പണ്ഡിതധര്‍മം. ഭരണാധികാരി ജിഹാദിനൊരുങ്ങുകയും മുസ്ലിംകളെ സംഘടിപ്പിക്കുകയും ചെയ്താല്‍ അയാളുടെ വിളിക്ക് ഉത്തരം നല്‍കേണ്ടത് അതിന് സാധിക്കുന്നവരുടെയെല്ലാം കടമയാണ്. അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചും സത്യത്തെ സഹായിക്കാനാകുമെന്ന് പ്രതീക്ഷിച്ചും ഇസ്ലാമിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചും കൊണ്ടാണ് അത് ചെയ്യേണ്ടത്. ജിഹാദിനുവേണ്ടി വിളിക്കപ്പെട്ടാല്‍ കാരണങ്ങളൊന്നുമില്ലാതെ അതില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്നത് കുറ്റകരമാണ്'.(98) 
സുഊദി അറേബ്യയുടെ മതകാര്യവകുപ്പ് മന്ത്രിയും പ്രഗത്ഭ പണ്ഡിതനുമായ ശൈഖ് സ്വാലിഹ് ആലുശൈഖും ഇക്കാര്യം അസന്ദിഗ്ധമായി തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 'മുസ്ലിം ഭരണാധികാരികള്‍ക്ക് മാത്രമെ ജിഹാദിനുവേണ്ടി ആഹ്വാനം ചെയ്യാന്‍ അവകാശമുള്ളൂ; പണ്ഡിതന്‍മാര്‍ക്കോ മറ്റ് ആര്‍ക്കെങ്കിലുമോ അതിനുള്ള അധികാരമില്ല. ഭരണാധികാരികളല്ലാത്തവര്‍ ജിഹാദിന് ആഹ്വാനം ചെയ്താല്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കും അരാജകത്വത്തിനുമാണ് നിമിത്തമാവുക. ഭരണാധികാരിയുടെ സമ്മതമില്ലാതെ ആരെങ്കിലും ജിഹാദിന് ആഹ്വാനം ചെയ്താല്‍ അയാള്‍ ഇസ്ലാമിക തത്ത്വങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അമുസ്ലിംകളുമായി കരാറുകളും സന്ധികളും ഉണ്ടാക്കുക ഭരണാധികാരിയുടെ നിയമപരമായ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. പ്രമാണങ്ങളും പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായങ്ങളും വ്യക്തമാക്കുന്നത്, ഭരണാധികാരികളെ അനുസരിക്കല്‍ നിര്‍ബന്ധവും അവരോട് അനുസരണക്കേട് കാണിക്കുന്നത് ഗുരുതരമായ അപരാധവുമാണ് എന്നാണ്'.(99) 
ഭരണാധികാരിയുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും നടത്തുന്ന പടയോട്ടമാണ് ജിഹാദായിത്തീരുന്ന യുദ്ധം. ആര്‍ക്കാണ് നേതൃത്വമെന്ന് തിട്ടമില്ലാത്ത കലാപങ്ങളോ രാഷ്ട്രീയവും സാമുദായികവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന സായുധ സമരങ്ങളോ ജിഹാദിന്റെ ഗണത്തില്‍പെടുത്താനാവുന്നവയാണെന്ന് പ്രമാണങ്ങളൊന്നും പഠിപ്പിക്കുന്നില്ല. ഇസ്ലാമിനുവേണ്ടി നടത്തപ്പെടുന്ന യുദ്ധങ്ങളില്‍ മുസ്ലിം പടയാളിയുടെ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയും അവന്‍ തൃപ്തിപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്വര്‍ഗവും മാത്രമായിരിക്കണം.
സമരാര്‍ജിത സ്വത്തിനോ ധൈര്യശാലിയെന്ന് അറിയപ്പെടുന്നതിനോ ലോകമാന്യത്തിനോ വേണ്ടി ചെയ്യപ്പെടുന്ന സായുധ സമരങ്ങളൊന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളവയല്ലെന്നും അല്ലാഹുവിന്റെ വചനം അത്യുന്നതമായിത്തീരുന്നതിനുവേണ്ടിയുള്ള പോരാട്ടം മാത്രമാണ് ദൈവമാര്‍ഗത്തില്‍ സ്വീകാര്യമായിത്തീരുകയെന്നും(100) വര്‍ഗീയതക്കോ വംശീയതക്കോ വേണ്ടി സമരം ചെയ്യുന്നവന്റെ മരണം ജാഹിലിയ്യത്തിന്റേതാണെന്നും(101) പഠിപ്പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. സ്വര്‍ഗം ആഗ്രഹിച്ചുകൊണ്ട് ആയുധമെടുക്കുന്നവര്‍ തങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെയാണോയെന്ന് ശരിക്കും ആലോചിച്ച ശേഷമാകണം രണാങ്കണത്തില്‍ ഇറങ്ങേണ്ടത് എന്ന് പഠിപ്പിക്കുന്ന ഇസ്ലാമിക പ്രമാണങ്ങളില്‍നിന്ന് മതം പഠിക്കുന്നവര്‍ രാഷ്ട്രീയവും സാമുദായികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ഭീകരവാദികളുടെ കൂട്ടായ്മകള്‍ക്കകത്ത് അംഗങ്ങളായിത്തീരുകയില്ലെന്നുറപ്പാണ്. ആദര്‍ശത്തിനുവേണ്ടി നടത്തപ്പെടുന്ന യുദ്ധത്തില്‍ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്ന 'അവിശ്വാസിയും അയാളെ വധിക്കുന്ന വിശ്വാസിയും ഒരിക്കലും നരകത്തില്‍ ഒരുമിക്കുകയില്ല'(102)യെന്ന് പഠിപ്പിച്ച പ്രവാചകനില്‍(സ്വ)നിന്ന് മതം പഠിച്ചവര്‍ക്ക് സ്വര്‍ഗത്തിലെത്തിക്കുമെന്ന് ഉറപ്പുള്ള ലക്ഷ്യത്തിനുവേണ്ടിയല്ലാതെ ആയുധമെടുക്കുവാന്‍ കഴിയില്ല. ഭരണാധികാരികളുടെ നേതൃത്വത്തിലല്ലാതെയുള്ള സായുധ സമരങ്ങള്‍ അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കുവാന്‍ മാത്രമാണ് നിമിത്തമാവുകയെന്നതുകൊണ്ടുതന്നെ അത്തരം മുന്നേറ്റങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്ക് എങ്ങനെയാണ് കലാപങ്ങളിലൂടെ രാഷ്ട്രീയലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന ഭീകരവാദ കൂട്ടായ്മകളില്‍ ചേക്കേറാന്‍ കഴിയുക? ഇസ്ലാമിക പ്രമാണങ്ങളും പണ്ഡിതന്‍മാരുമാണ് ഭീകരവാദത്തെ ഊട്ടുന്നതെന്ന വിമര്‍ശനത്തിന്റെ പല്ല് കൊഴിക്കുന്നവയാണ് നടേ ഉദ്ധരിച്ച ഹദീഥുകളും പണ്ഡിതാഭിപ്രായങ്ങളുമെല്ലാം എന്നതാണ് വസ്തുത.
കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാകുമ്പോള്‍ അവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നാണ് വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്. 
"അബൂബക്റയില്‍നിന്ന്: നബി (സ്വ) പറഞ്ഞു: 'കുഴപ്പങ്ങള്‍ ഉണ്ടാകും. അറിയുക, പിന്നെയും കുഴപ്പങ്ങള്‍ ഉണ്ടാകും. അറിയുക, കുഴപ്പങ്ങള്‍ വീണ്ടും സംഭവിക്കും. കലാപത്തില്‍ പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവനാണ് അതില്‍ ഭാഗഭാക്കായി നടക്കുന്നവനേക്കാള്‍ ഉത്തമന്‍. കലാപത്തിലേക്ക് നടന്നുനീങ്ങുന്നവന്‍ അതിലേക്ക് ഓടിയടുക്കുന്നവനേക്കാള്‍ ഉത്തമനാണ്. കലാപം പൊട്ടിപ്പുറപ്പെട്ടാല്‍, അതില്‍ ഏര്‍പ്പെടാതെ ഒട്ടകമുള്ളവന്‍ ആ ഒട്ടകത്തിന്റെ കാര്യം ശ്രദ്ധിക്കട്ടെ. ആടുകളുള്ളവന്‍ അവയുടെ കാര്യം ശ്രദ്ധിക്കട്ടെ. ഭൂമിയുള്ളവന്‍ ഭൂമിയില്‍ പണിയെടുക്കട്ടെ' ഒരാള്‍ ചോദിച്ചു: 'ഒട്ടകമോ ആടോ ഭൂമിയോ ഇല്ലാത്തവനാണെങ്കിലോ?' അവിടുന്ന് പറഞ്ഞു: 'അവന്‍ തന്റെ വാള് കല്ലുപയോഗിച്ച് കുത്തിപ്പൊട്ടിക്കട്ടെ. എന്നിട്ട് കലാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ അവന്‍ രക്ഷപ്പെടട്ടെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചില്ലയോ? അല്ലാഹുവേ, ഞാന്‍ എത്തിച്ചില്ലയോ? അല്ലാഹുവേ ഞാന്‍ എത്തിച്ചില്ലയോ?' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'പ്രവാചകരേ, നിര്‍ബന്ധിച്ച് എന്നെ കൊണ്ടുപോയി ഒരു ചേരിയില്‍ കക്ഷിചേര്‍ക്കുകയും അങ്ങനെ ഞാന്‍ വെട്ടേറ്റോ അമ്പേറ്റോ മരിക്കുകയും ചെയ്യുകയാണെങ്കിലോ?' അവിടുന്ന് പറഞ്ഞു: 'നിന്നെ വെട്ടിയവന്‍ നിന്റെയും അവന്റെയും പാപഭാരവുമായി നരകത്തിലേക്ക് പോകുന്നതാണ്.''(102)
ആദര്‍ശം സ്വീകരിച്ചശേഷം ആദര്‍ശാധിഷ്ഠിതമായി ഒരാള്‍ നടത്തുന്ന യുദ്ധം മാത്രമെ ഇസ്ലാം അംഗീകരിക്കുന്നുള്ളൂ. യുദ്ധ സന്ദര്‍ഭത്തില്‍പോലും ഇസ്ലാം സ്വീകരിക്കേണമോ അതല്ല യുദ്ധത്തില്‍ പങ്കെടുക്കേണമോയെന്ന ചോദ്യത്തിന് ഇസ്ലാം സ്വീകരിച്ചശേഷം മാത്രമെ യുദ്ധത്തില്‍ പങ്കെടുക്കുകയെന്നായിരുന്നു പ്രവാചകന്റെ(സ്വ) മറുപടി.
"ബറാഇല്‍നിന്ന്: ഇരുമ്പിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടൊരാള്‍ നബി (സ്വ)യുടെ അടുത്തുവന്നു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ യുദ്ധം ചെയ്യണോ അതോ ഇസ്ലാം സ്വീകരിക്കണോ?' നബി (സ്വ) പ്രതിവചിച്ചു: 'നീ ഇസ്ലാം സ്വീകരിക്കുക, എന്നിട്ട് യുദ്ധം ചെയ്യുക' അങ്ങനെ അയാള്‍ ഇസ്ലാം സ്വീകരിച്ചു. പിന്നെ യുദ്ധം ചെയ്തു. അയാള്‍ വധിക്കപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അദ്ദേഹം കുറച്ച് പ്രവര്‍ത്തിച്ചു. കൂടുതല്‍ പുണ്യം നേടി.''(103)
ധീരനും ശൂരനുമാണെന്ന് പ്രസിദ്ധനായ വ്യക്തിയായിരുന്നിട്ടുപോലും മുസ്ലിമായിട്ടില്ലാത്ത ഒരാളുടെ സഹായം തനിക്ക് ബദ്റില്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മുഹമ്മദ് നബി(സ്വ)(104) ആദര്‍ശത്തിനുവേണ്ടി മാത്രമായിരിക്കണം മുസ്ലിംകള്‍ ആയുധമെടുക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്. ആദര്‍ശത്തിനുവേണ്ടിയല്ലാതെ ആയുധമെടുക്കുകയും മറ്റുള്ളവരെ വധിക്കുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണെന്ന് നബി(സ്വ) തെര്യപ്പെടുത്തിയിട്ടുണ്ട്. 'പരലോകത്ത് ആദ്യമായി വിധി തീര്‍പ്പുണ്ടാക്കുക കൊലക്കുറ്റത്തിനായിരിക്കും'(105) എന്നും 'ആദരണീയ (നിരപരാധികളുടെ) രക്തം ചിന്താതിരിക്കുന്നിടത്തോളം സത്യവിശ്വാസിക്ക് ദീനിന്റെ വിശാലത ലഭിച്ചുകൊണ്ടിരിക്കും'(106) എന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ്വ) അന്യായമായി രക്തം ചിന്തുന്നത് മഹാപാപമാണെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്. ഒരു നിരപരാധിയുടെ രക്തം ചിന്തുന്നത് മാനവരാശിയെ മുഴുവനായി വധിക്കുന്നതിന് സമാനമാണ് എന്നാണല്ലോ ക്വുര്‍ആനിക പാഠം.(107) അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തിലല്ലാതെ ഒരാളെ കൊന്നാല്‍ അതിന് ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഒരു ഹദീഥ് നോക്കുക.
അബദുല്ലാഹിബ്നു മസ്ഊദില്‍(റ)നിന്ന്: നബി(സ്വ) പറഞ്ഞു: "അന്ത്യനാളില്‍ ഒരാള്‍ മറ്റൊരാളുടെ കൈപിടിച്ച് അല്ലാഹുവിന് മുമ്പില്‍ വന്ന് പറയും: 'നാഥാ, ഇയാള്‍ എന്നെ വധിച്ചു'. 'നിന്നെ മഹത്ത്വപ്പെടുത്തുന്നതിന് വേണ്ടിയാണ് ഞാന്‍ അയാളെ കൊന്നത്' എന്ന് അയാള്‍ മറുപടി പറയും. 'അത് എനിക്കുള്ളത് തന്നെയാണ്' എന്ന് അപ്പോള്‍ അല്ലാഹു പറയും. അതിനുശേഷം മറ്റൊരാള്‍ തന്റെ കൊലയാളിയുടെ കൈപിടിച്ചുകൊണ്ട് കടന്നുവന്ന് പറയും: 'ഇയാള്‍ എന്നെ വധിച്ചു'. 'എന്തിനാണ് അയാളെ കൊന്നത്?' എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് 'ഇന്നതിനെയും ഇന്നതിനെയുമെല്ലാം മഹത്ത്വപ്പെടുത്താനാണ് ഞാന്‍ അത് ചെയ്തത്' എന്നാണ് കൊലയാളി മറുപടി പറയുക. 'അത് അവയ്ക്കൊന്നുമുള്ളതല്ലല്ലോ'; അയാള്‍ ചെയ്ത പാപത്തിന്റെ ഫലം അയാള്‍ക്കുമേല്‍ തന്നെയായിരിക്കും' എന്ന് അപ്പോള്‍ അല്ലാഹു പറയും'.(108) 
ശത്രുക്കള്‍ക്കെതിരെയെന്ന രീതിയില്‍ ആരംഭിക്കുന്ന കലാപങ്ങള്‍ പലപ്പോഴും സ്വന്തക്കാരായി പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെ തിരിയുന്ന അവസ്ഥയിലേക്കാണ് പരിണമിക്കാറുള്ളത്. കലാപങ്ങളുടെ പൊതുവായ പരിണതിയാണത്. ബൂര്‍ഷ്വാസിക്കും അതിനെ വളര്‍ത്തുന്ന സാര്‍ ഭരണത്തിനുമെതിരെ സംഘടിപ്പിക്കപ്പെട്ട ബോള്‍ഷെവിക് വിപ്ളവവും വഴിതിരിഞ്ഞ് കമ്യൂണിസ്റ് നേതാക്കളെ കൊന്നൊടുക്കുന്നതിലെത്തിച്ചേര്‍ന്ന ചരിത്രം ഒരു ഉദാഹരണമാണ്. ഭീകരവാദവും ഇതേ പരിണിതിയില്‍ എത്തിച്ചേരാറുണ്ട്, പലപ്പോഴും. സാമ്രാജ്യത്വത്തിനെതിരെയെന്ന ലേബലില്‍ സംഘടിപ്പിക്കപ്പെടുന്ന കലാപങ്ങള്‍ മുസ്ലിംകളെ കൊന്നൊടുക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നത് നിയതമായ നേതൃത്വത്തിന്റെ അഭാവമുള്ളതുകൊണ്ടാണ്. ഭരണാധികാരികള്‍, കൃത്യമായ ലക്ഷ്യത്തിനുവേണ്ടി നയിക്കുന്ന യുദ്ധങ്ങള്‍ക്ക് ഇത്തരം അപചയങ്ങള്‍ ഉണ്ടാവുകയില്ല. ആഭ്യന്തര ശത്രുക്കളായി മുദ്രകുത്തി മുസ്ലിംകളെ കൊന്നൊടുക്കുന്ന വിതാനത്തിലെത്തിച്ചേരുന്നവര്‍ പലപ്പോഴും ഇക്കാര്യത്തിലുള്ള പ്രവാചക നിര്‍ദേശങ്ങളുടെ ഗൌരവത്തെക്കുറിച്ച് ഓര്‍ക്കാറില്ല. അബ്ദുമൂസ(റ)യില്‍നിന്ന്: നബി(സ്വ) പറഞ്ഞു: 'രണ്ട് മുസ്ലിംകള്‍ പരസ്പരം വാള്‍ ഉപയോഗിച്ച് പോരാടുകയും അതില്‍ ഒരാള്‍ വധിക്കപ്പെടുകയും ചെയ്താല്‍ രണ്ടുപേരും നരകത്തിലാണ്'. 'അല്ലാഹുവിന്റെ ദൂതരേ, കൊലയാളിയുടെ (ശിക്ഷയെക്കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലായി). എന്നാല്‍ കൊല്ലപ്പെട്ടവന്റെ അവസ്ഥയെന്താണ്?' അദ്ദേഹം പറഞ്ഞു: 'അവനും തന്റെ സുഹൃത്തിനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു'.(109) 
"അഹ്നഫുബ്നു ഖൈസില്‍നിന്ന്: ഒരാളെ ഉദ്ദേശിച്ച് ഞാന്‍ പുറത്തിറങ്ങി. വഴിമധ്യേ അബൂബക്ര്‍ (റ) എന്നെ കണ്ടപ്പോള്‍ ചോദിച്ചു: 'അഹ്നഫ്, താങ്കള്‍ എങ്ങോട്ടാണ്?' റസൂലിന്റെ പിതൃവ്യപുത്രന്‍ അലി (റ)യെ സഹായിക്കാനുദ്ദേശിച്ച് പുറപ്പെട്ടതാണ്-ഞാന്‍ അറിയിച്ചു. അബൂബക്ര്‍ (റ) അപേക്ഷിച്ചു: അഹ്നഫ്, താങ്കള്‍ മടങ്ങിപ്പോവുക. രണ്ട് വിശ്വാസികള്‍ വാളെടുത്ത് ഏറ്റുമുട്ടിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണെന്ന് നബി (റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' ഞാന്‍ ചോദിച്ചു: 'കൊന്നവന്‍ നരകത്തില്‍തന്നെ. കൊല്ലപ്പെട്ടവന്‍ എന്ത് പിഴച്ചു?' അവിടുന്ന് പറഞ്ഞു: തന്റെ കൂട്ടുകാരനെ കൊല്ലണമെന്ന് അവന്‍ ഉദ്ദേശ്യമുണ്ടായിരുന്നല്ലോ.''(110)
ഇബ്നു ഉമറില്‍(റ)നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'ഞാന്‍ പോയതിന് ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് നിങ്ങള്‍ സത്യനിഷേധികള്‍ക്കിടയിലേക്ക് തിരിച്ചുപോകരുത്. ഒരാളും അയാളുടെ പിതാവിന്റെയോ സഹോദരന്റെയോ പാപത്തിന് പകരമായി ശിക്ഷിക്കപ്പെട്ടുകൂടാ'.(110) 
പരസ്പരം കഴുത്തറുക്കുന്നത് സത്യനിഷേധത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും നരക പ്രവേശത്തിന് കാരണമാകുന്ന പാപമാണെന്നും പഠിപ്പിക്കപ്പെട്ടവര്‍ക്ക് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുവാനെന്ന പേരില്‍ മുസ്ലിംകളെ കൊന്നൊടുക്കുന്ന പരിണതിയിലേക്ക് ആപതിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നതെങ്ങനെ? ബോധപൂര്‍വം വിശ്വാസികളെ വധിച്ചവര്‍ക്ക് പശ്ചാതാപം പോലുമില്ലെന്നാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചതെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സഈദ്ബ്നു ജുബൈറില്‍(റ)നിന്ന്: ഇബ്നു അബ്ബാസി(റ)നോട് ഞാന്‍ ചോദിച്ചു: 'ഒരു വിശ്വാസിയെ ബോധപൂര്‍വം വധിച്ചവന് പശ്ചാതപിക്കുവാനാകുമോ?' അദ്ദേഹം പറഞ്ഞു. 'ഇല്ല'. ഞാന്‍ സൂറത്തുല്‍ ഫുര്‍ഖാനിലെ "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.''(25:68) അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഈ വചനം മക്കയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. മദീനയില്‍ അവതരിപ്പിക്കപ്പെട്ട "ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.'' (4:93) എന്ന ക്വുര്‍ആന്‍ വചനം നേരെത്തെ അവതരിപ്പിക്കപ്പെട്ട ഈ വചനത്തിലെ വിധിയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്'(111) 
ഒരാള്‍ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്താല്‍ പോലും അയാളെ വധിക്കുക വ്യക്തിയുടെ അവകാശമല്ലെന്നും അത് ചെയ്യേണ്ടത് രാഷ്ട്ര സംവിധാനമാണെന്നും മുസ്ലിംകളെ വധിക്കുന്നവര്‍ക്ക് പശ്ചാതാപമില്ലെന്നും അവര്‍ നരകത്തിലെറിയപ്പെടുകയാണ് ചെയ്യുന്നതെന്നുമാണ് ഈ ഹദീഥ് വ്യക്തമാക്കുന്നത്. ഓരോരുത്തര്‍ക്കും കുറ്റം വിധിച്ച് അവര്‍ക്കുമേല്‍ ശിക്ഷ നടപ്പാക്കുന്ന ഭീകരവാദത്തിന്റെ രീതി ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് പരിചയമുളളതല്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അനിവാര്യമായ സാഹചര്യത്തില്‍ രാഷ്ട്ര സംവിധാനമാണ് യുദ്ധം ചെയ്യേണ്ടതെന്നും ആദര്‍ശ സംരക്ഷണത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയാകണം പ്രസ്തുത യുദ്ധമെന്നും രാഷ്ട്രീയമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാകരുത് അതെന്നും പഠിപ്പിക്കുകയും അങ്ങനെയുള്ള യുദ്ധങ്ങളുണ്ടാകുമ്പോള്‍ അതില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിക പ്രചാരങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചുകൊണ്ടല്ലാതെ അവ ഭീകരവാദത്തിനും കലാപങ്ങള്‍ക്കും കാരണമാവുന്നവയാണെന്ന് വസ്തുനിഷ്ഠമായി സമര്‍ഥിക്കുവാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് തീര്‍ച്ചയാണ്. ക്വുര്‍ആനും നബിവചനങ്ങളും മഹത്ത്വവല്‍ക്കരിക്കുകയും ഉന്നതമായ പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്ത പോരാട്ടവും രക്തസാക്ഷ്യവുമൊന്നും രാഷ്ട്രീയമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ളവയല്ലെന്നതിന് പ്രവാചകന്‍(സ്വ) നയിക്കുയും പറഞ്ഞയക്കുകയും ചെയ്ത യുദ്ധങ്ങളെക്കുറിച്ച സത്യസന്ധമായ വിവരണങ്ങള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിശുദ്ധമായ ലക്ഷ്യത്തിനുവേണ്ടി വിപുലമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടത്തേണ്ടതെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ച ധര്‍മസമരത്തെ വക്രീകരിച്ച് അവതരിപ്പിച്ചുകൊണ്ട് അവയെല്ലാം കലാപങ്ങളായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്ര വസ്തുതകളെ തമസ്ക്കരിക്കുകയാണ് ചെയ്യുന്നത്. പ്രവാചക ചരിത്രം സത്യസന്ധമായി മുന്‍ധാരണയില്ലാതെ വായിക്കുന്നവര്‍ക്കെല്ലാം പ്രസ്തുത തമസ്കരണങ്ങള്‍ അര്‍ഥമില്ലാത്തതാണെന്ന് ബോധ്യപ്പെടും. ഇസ്ലാം വിരോധത്താല്‍ മനസ്സുതന്നെ വളഞ്ഞുപോയവരുടെ ഹൃദയം തുറക്കാന്‍ പ്രസ്തുത തെളിവുകളൊന്നും മതിയാവുകയില്ല. അവനെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമെ നമുക്കും നിര്‍വാഹമുള്ളൂ.
"അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല.'' (2:17,18)

Reference:
81) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഹജ്ജ്
82) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
83) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
84) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
85) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
86) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
87) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
88) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
89) ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ഫിതന്‍. ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: ജാമിഉ ത്തിര്‍മിദി, ഹദീഥ്: 2263
90) ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ഫിതന്‍; മുസ്നദ് അഹ്മദ് (5/42); ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: ജാമിഉ ത്തിര്‍മിദി, ഹദീഥ്: 2223
91) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
92) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; ഇത് ദ്വഈഫാണ്്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2532
93) ഇബ്നു ഖുദാമ അല്‍ മഖ്ദസീ: അല്‍ മുഗ്നി, അമ്മാന്‍, 2004, കിതാബുല്‍ ജിഹാദ്, വാല്യം 2, പുറം 2275
94) Zafar Ahmad Uthmani: Ii'la'al-Sunan, 3rd ed., vol. 12, Karachi, 1415 AH, Pages15-16, Quoted by Dr. ShehzadSaleem: "No Jihad without the State"” (http://www.monthly-renaissance.com/issue/content.aspx?i-d=424#3)
95) Farahi: Majmu'ah Tafasiri Farahi, 1st ed., Lahore, 1991 Quoted by Al Mawrid: in "No Jihad without the State: View of the Jurists" (http://www.al-mawrid.org/pages/questions_english_detail.php?qid= 248&cid=269#_ftn6)
96) സയ്യിദ് സാബിഖ്: ഫിഖ്ഹു സ്സുന്ന:, ബൈറൂത്, 1980, വാല്യം 3, പുറം 30
97) ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് ബിനുല്‍ ഉഥൈമീന്‍: അശ് ശറഹല്‍ മുംതിഅ്, 8/22 (http://archive.org/details/sharh_Mu-mti3)
98) ഫതാവാ ലജ്നത്തുല്‍ ദാഇമ’(12/12)യില്‍ നിന്ന് ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് ഉദ്ധരിച്ചത് കഹെമാ ഝഅ (http://islam-qa.info/en/ref/69746/jihad) 
99) Arab News, Friday 19 October 2001 (http://www.arabnews.com/node/215613)
100) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
101) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
102) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
103) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
104) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
105) സ്വഹീഹുല്‍ ബുഖാരി, കിതാബുര്‍ റിഖാഖ് 
106) സ്വഹീഹുല്‍ ബുഖാരി, കിതാബുദ് ദിയാത്
107) ക്വുര്‍ആന്‍ 5:32
108) സുനനു ന്നസാഇ, കിതാബുല്‍ മുഹാറബ, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു ന്നസാഇ, ഹദീഥ്: 3997
109) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഫിതന്‍
110) സുനനു ന്നസാഇ, കിതാബുല്‍ മുഹാറബ, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു ന്നസാഇ, ഹദീഥ്: 4126
111) സ്വഹീഹു മുസ്ലിം, കിതാബുത്തഫ്സീര്‍

111) സ്വഹീഹു മുസ്ലിം, കിതാബുത്തഫ്സീര്‍