പ്രാര്‍ഥന നല്‍കിയ സ്‌ഥൈര്യത്തോടെ...

ആയിശ സജ്‌ന, നടുവത്ത്
ജന്മംകൊണ്ട് മതങ്ങള്‍ പലപ്പോഴും പലര്‍ക്കും വ്യത്യസ്തമാണല്ലോ. വിഭിന്നമായ വിശ്വാസങ്ങളും ചിന്താധാരകളും. പലതിലും വിശ്വസിക്കുന്നവര്‍, തീരെ വിശ്വസിക്കാത്ത ചിലര്‍. ബഹുദൈവ വിശ്വാസി, ഈശ്വര വിശ്വാസി, ഏകദൈവ വിശ്വാസി, യുക്തിവാദി, നിരീശ്വരവാദി അങ്ങനെയങ്ങെന..  ഇവയെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മനുഷ്യജന്മത്തിന്റെ മോക്ഷത്തെ തന്നെയാണ്. ഇങ്ങനെ ഒരു ജന്മസായൂജ്യമുണ്ട് എന്നതുകൊണ്ട് തന്നെ അത് എവിടെ നിന്ന് എന്നു കൂടി ചികഞ്ഞന്വേഷിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും മോക്ഷത്തിന്റെ മാര്‍ഗം ഇസ്‌ലാം തന്നെയാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഏകനായ സ്രഷ്ടാവില്‍ ജീവിതത്തെ സമര്‍പ്പിക്കുക വഴി ഇഹത്തിലും പരത്തിലും കരഗതമാകുന്ന സമാധാനമാണ് ഇസ്‌ലാം. അത് അറിയാനും ഉള്‍ക്കൊള്ളാനും സത്യമതത്തിലേക്ക് തിരിച്ചുവരാനും സാധിച്ച ഒരാളാണ് ഞാന്‍. (അല്‍ഹംദുലില്ലാഹ്)

എന്നെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ പഠിപ്പിച്ചതായിരുന്നു മതം. ദിവസവും വീട്ടിലെ പൂജാമുറിയില്‍ നിന്നുകൊണ്ടുള്ള പ്രാര്‍ഥന. വിശേഷദിവസങ്ങളിലോ ഒഴിവുദിവസങ്ങളിലോ അടുത്തുള്ള ക്ഷേത്രദര്‍ശനം. അതിനെത്തുടര്‍ന്നുള്ള ചെറിയ ചെറിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഇവിടെ തുടങ്ങുന്നു എന്റെ മതവിദ്യാഭ്യാസം. അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്‍ ഒരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഭക്തിയെന്നാല്‍ ഭയമാണ് എന്നാണ് പലപ്പോഴും അച്ഛനില്‍ നിന്നു എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നത്. കുളി കഴിഞ്ഞു വന്നാല്‍ വീട്ടിലെ പൂജാമുറിയില്‍ നിന്നും സാഷ്ടാംഗം ചെയ്തു അച്ഛന്‍ പ്രാര്‍ഥിക്കാറുണ്ട്. അച്ഛനെ അനുകരിക്കുകയായിരുന്നു എന്റെ പതിവ്. അല്‍പം ശബ്ദത്തില്‍ പ്രാര്‍ഥിച്ചിരുന്ന അച്ഛന്റെ പ്രാര്‍ഥനകള്‍ പലതും ഞാന്‍ മനഃപാഠമാക്കിയിരുന്നു. അതിലൊന്നിങ്ങനെയായിരുന്നു: ''രക്ഷിക്കണേ, ഞങ്ങളെ ശിക്ഷിക്കരുതേ'' 

എന്റെ വീടിന്റെ തൊട്ടുമുന്നിലായി താമസിച്ചിരുന്നത് ഒരു മുസ്‌ലിം കുടുംബമായിരുന്നു. അവരുടെ വസ്ത്രധാരണത്തിലുള്ള ചെറിയ ഒരു മാറ്റവും സംസാരശൈലിയിലുള്ള വ്യത്യാസവുമല്ലാതെ ഞങ്ങളും അവരും തമ്മില്‍ വലിയൊരന്തരം എന്റെ ദൃഷ്ടിയില്‍ പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്നായിരുന്നു അവരുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ സംഭവിച്ചത്. അലസമായി വസ്ത്രം ധരിച്ചിരുന്ന അവിടുത്തെ സ്ത്രീകള്‍ മുന്‍കയ്യും മുഖമൊഴിച്ചുള്ള ഭാഗം വളരെ വൃത്തിയായി മറയ്ക്കാന്‍ തുടങ്ങി. തൊട്ടടുത്ത് ഒരു പള്ളി വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയിലേക്ക് പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മതപഠന ക്ലാസുകളുണ്ടെന്ന് പറഞ്ഞു കുടുംബമൊന്നിച്ച് വൈകുന്നേരങ്ങളില്‍ പുറത്തു പോകാറുണ്ട്. വീട്ടില്‍ താക്കോലേല്‍പിക്കാന്‍ അവര്‍ വരുമ്പോള്‍ ലഭിക്കുന്നതാണ് ഈ വാര്‍ത്ത. ക്ലാസു കഴിഞ്ഞാല്‍ പിറ്റേദിവസം അമ്മയോട് അവിടെ കേട്ടത് പറയാറുണ്ട്. ചിലപ്പോഴെല്ലാം അമ്മയുടെ അടുത്തിരുന്ന് ഞാനും കേള്‍ക്കാറുണ്ടായിരുന്നു. വളരെ സാധാരണ രീതിയില്‍ സംസാരിച്ചിരുന്ന അവര്‍ പിന്നീട് ഗൗരവമേറിയ വിഷയങ്ങളില്‍ ആത്മാര്‍ഥമായി സംസാരിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
 
ഒരു ഒഴിവുദിവസം അമ്പലത്തില്‍ നിന്നും മടങ്ങി വരുന്ന സമയത്ത് അയല്‍വാസിയായ ആ വീട്ടിലെ കുട്ടിയെ കണ്ടു. രാവിലെത്തന്നെ എവിടുന്നു വരുകയാണെന്നവള്‍ അന്വേഷിച്ചു. ഞാന്‍ അഭിമാനത്തോടെ അമ്പലത്തില്‍ പോയിവരുന്നതാണെന്നു മറുപടി പറഞ്ഞു. ഉടനെ തന്നെ അവള്‍ ചോദിച്ചു: 'രാവിലെത്തന്നെ അമ്പലത്തില്‍ പോയി ഒന്നും കേള്‍ക്കുകയും കാണുകയും ചെയ്യാത്ത കല്ലിനോടും മണ്ണിനോടും എന്ത് പ്രാര്‍ഥിക്കാനാ. കല്ലിനും മണ്ണിനും നമ്മുടെ പ്രാര്‍ഥന മനസ്സിലാകുമോ?' ഇത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ രോഷം പതഞ്ഞു വന്നെങ്കിലും മുഖത്തതു പ്രകടിപ്പിക്കാതെ എന്തൊക്കെയോ ഒപ്പിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു. നല്ലൊരു മറുപടി (അവളോട്) പറയാന്‍ സാധിക്കാത്തതില്‍ എനിക്ക് പ്രയാസം തോന്നി. സത്യത്തില്‍ എന്തായിരിക്കും അതിന്റെ മറുപടി എന്ന് ഞാന്‍ ഒരുപാട് ചിന്തിച്ചു. അമ്പലത്തിന്റെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന ദൈവം അവള്‍ പറഞ്ഞപോലെ വെറുമൊരു ശിലയല്ലേ. എന്റെ വീടിന്റെ പൂജാമുറിയിലിരിക്കുന്ന കൃഷ്ണന്‍ മണ്ണല്ലേ? എങ്കിലും അവയില്‍ ദിവ്യത്വമില്ലെന്ന് എനിക്ക് ചിന്തിക്കുവാന്‍ പോലും വയ്യ. കാലങ്ങളായി അടിയുറച്ച വിശ്വാസവും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും മനസ്സില്‍ കിടന്നു പുകഞ്ഞു.
 
അതിനെത്തുടര്‍ന്ന് ഒരു സംഭവം ഉണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അടച്ചിട്ട വീട്ടിലേക്ക് ഞങ്ങള്‍ വരികയായിരുന്നു. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള പൂജാമുറിയില്‍ ബിംബങ്ങള്‍ ഇരിക്കുന്ന സ്റ്റാന്റിന്റെ അരികിലുള്ള ജനലിന് വാതിലുകള്‍ ഇല്ലായിരുന്നു. അതിലൂടെ ഒരു കോഴി കയറി സ്റ്റാന്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു. ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്ന കോഴി വെപ്രാളപ്പെട്ട് ജനല്‍വഴി പുറത്തേക്ക് കയറി.... കോഴിയുടെ ചിറകടിയുടെ ശക്തിയില്‍ ഒരു ശ്രീകൃഷ്ണപ്രതിമ രണ്ടു ഭാഗങ്ങളായി നിലംപതിച്ചു. അച്ഛനും അമ്മയും ചേച്ചിയും ധൃതിയില്‍ ഓടിച്ചെന്ന് ശിലാവിഗ്രഹം എടുത്തു. പിന്നീട് മൂവരും ചേര്‍ന്ന് പശ വെച്ച് ഒട്ടിക്കാനുള്ള ശ്രമവും മറ്റും. അതിനിടയില്‍ ദുഃശ്ശകുനമാണല്ലോ എന്ന അച്ഛന്റെ വിലയിരുത്തലും.
 
പക്ഷെ, എന്നിലത് വല്ലാത്തൊരു ചിന്തയാണുണര്‍ത്തിയത്. ഒരു കോഴിയില്‍ നിന്നുപോലും രക്ഷപ്പെടാന്‍ സാധിക്കാത്ത ഈ ശ്രീകൃഷ്ണന്‍ എങ്ങനെയാണ് എന്റെ കുടുംബത്തെ രക്ഷിക്കുക? എന്നില്‍ പെട്ടെന്ന് കടന്നുവന്നത് അച്ഛന്‍ നിത്യവും ഉരുവിടാറുള്ള ഞാന്‍ മനഃപാഠമാക്കിയ ആ പ്രാര്‍ഥനയായിരുന്നു. 'രക്ഷിക്കണേ ഞങ്ങളെ ശിക്ഷിക്കരുതേ' 

ഞാന്‍ നോക്കുമ്പോള്‍ പൊട്ടിയ പ്രതിമ ശരിക്കും മണ്ണ്.... എനിക്ക് ഒരുപാടിഷ്ടമായിരുന്ന മഞ്ഞപ്പട്ടണിഞ്ഞ ആ ശ്രീകൃഷ്ണപ്രതിമയോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അസ്വസ്ഥയായ ഞാന്‍ മനഃശാന്തിക്കുവേണ്ടി അയല്‍വാസികളുടെ അടുത്തേക്കുപോയി.
 
നടന്ന സംഭവം അവരെ അറിയിച്ചു... തുടര്‍ന്ന് എനിക്കു പരിചയമില്ലാത്ത യഥാര്‍ഥ സ്രഷ്ടാവിനെക്കുറിച്ചവര്‍ വിവരിച്ചു തന്നു. അവരുടെ വായില്‍ നിന്നും വളരെ സാധാരണമായ ഭാഷയിലും ശൈലിയിലും പ്രപഞ്ചനാഥനെക്കുറിച്ച് ഞാനറിഞ്ഞു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിക്കുന്നവനായ അവന്‍ ഏകനായ അല്ലാഹുവാകുന്നു. അവനല്ലാതെ ആരാധനക്കും സ്തുതികള്‍ക്കും അര്‍ഹനായവന്‍ മറ്റാരുമില്ല. സ്ഥലകാലനൈരന്തര്യങ്ങള്‍ക്കതീതമാണ് അവന്റെ അറിവ്... ഘട്ടം ഘട്ടമായി ഞാനറിഞ്ഞുള്‍ക്കൊണ്ടു.
 
തുടര്‍ന്ന് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ഈ ഭൂമിയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലമുണ്ടെന്നും നന്മചെയ്യുന്നവര്‍ക്കായി സ്വര്‍ഗവും തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് നരകവും ഒരുക്കിയിട്ടുള്ള പരലോകം തിരസ്‌കരിക്കാനാവാത്ത സത്യമാണെന്നും മനസ്സിലാക്കി. ഏകദൈവവിശ്വാസവും പരലോകചിന്തയും എന്റെ ജീവിതത്തില്‍ വല്ലാത്തൊരു മാറ്റം സൃഷ്ടിച്ചു. ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനത്തിനായി ഞാന്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചു. അതില്‍ ഖുര്‍ആനിലെ ഉദ്ധരണികള്‍ കാണാമായിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്ന വളരെ ആഴമേറിയ വചനങ്ങള്‍. അത് പ്രപഞ്ചസ്രഷ്ടാവിനല്ലാതെ പറയാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി.
 
പിന്നീട് ദിവസവും അഞ്ചു നേരത്ത് അനുഷ്ഠിക്കുന്ന നമസ്‌കാരത്തെക്കുറിച്ചറിഞ്ഞു. ഞാനത് പഠിക്കാന്‍ ശ്രമിച്ചു. ചെറിയ രീതിയില്‍ പഠനം പൂര്‍ത്തിയാക്കി. വുളു ചെയ്തു പഠിച്ചു. തുടര്‍ന്ന് കഴിയുന്ന രീതിയില്‍ ഞാനത് നിര്‍വഹിച്ചു പോന്നു. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് നമസ്‌കരിക്കുമ്പോള്‍ പലപ്പോഴും പ്രയാസമായിരുന്നത് സുബ്ഹിയും മഗ്‌രിബുമായിരുന്നു. എങ്കിലും പടച്ച തമ്പുരാന്റെ മുമ്പില്‍ അറിയാവുന്ന രീതിയില്‍ ഞാനത് പൂര്‍ത്തിയാക്കുമ്പോള്‍ മനസില്‍ കുമിഞ്ഞു വരുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതായിരുന്നു.
 
റമദാനിലെ ഒരു മാസത്തെ കഠിന വ്രതം അതിശയകരമായിരുന്നു. 'എങ്ങനെയാണതിന് സാധിക്കുക'- അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവന്റെ അടിമകള്‍ക്ക് മാത്രമാണ് ആത്മാര്‍ഥമായി ജലപാനം പോലുമില്ലാതെ അത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളൂ. വ്രതം ഞാന്‍ ഏഴോ എട്ടോ തവണ എടുത്തിരുന്നു. അതിലൊന്ന് എന്റെ വീട്ടില്‍ നിന്നും എടുത്തതാണ്. അമ്മയോടും അച്ഛനോടും സമ്മതം ചോദിച്ചിരുന്നു. അമ്മ പുലര്‍ച്ചെ ഭക്ഷണം ഒരുക്കിത്തന്നു. നോമ്പാരംഭിച്ചു. അങ്ങനെ സുബഹിയും ദ്വുഹറും അസറും നമസ്‌കരിച്ചു. നോമ്പ് തുറക്കാനുള്ള സമയം അടുത്തുവന്നു. തുടര്‍ന്നു നോമ്പു തുറന്നു. അച്ഛനും അമ്മയും ചേച്ചിയും അത് കഴിക്ക് ഇത് കഴിക്ക് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, മഗ്‌രിബ് നമസ്‌കരിക്കാനായി എന്റെ അടുത്ത് നിന്നും അവര്‍ മാറുന്നില്ല. കുറച്ചു സമയം ഇരിക്കട്ടെ എന്ന് പറഞ്ഞു അടുക്കളയുടെ തിണ്ണയിലിരുന്ന് അവരുടെ മൂന്ന് പേരുടെയും മുമ്പില്‍ നിന്ന് അവരറിയാതെ പൂര്‍ണ ഹിജാബില്ലാതെ മനസുകൊണ്ട് നമസ്‌കാരത്തിനായി തക്ബീര്‍ കെട്ടി റുകൂഅ് ചെയ്തു.. സുജൂദ് ചെയ്തു.. എന്റെ നിസ്സഹായാവസ്ഥ അല്ലാഹു മനസിലാക്കും എന്ന പ്രതീക്ഷയോടെ..

തുടര്‍ന്നുള്ള എന്റെ ജീവിതം അസ്വസ്ഥതകള്‍കൊണ്ട് നിറഞ്ഞു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന സത്യം മനസ്സിലാക്കിയിട്ടും അമ്പലങ്ങളിലും മറ്റും ചെന്ന് വിഗ്രഹങ്ങളുടെ മുമ്പില്‍ തൊഴുകയ്യോടെ നില്‍ക്കേണ്ടി വന്നപ്പോള്‍.... അവയുടെ മുമ്പിലിരുന്നുകൊണ്ട് പലപ്പോഴായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് പടച്ചവനേ എന്ന്.

മുന്‍കയ്യും മുഖമൊഴികെയുള്ള ഭാഗം സ്ത്രീ നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന സത്യം ബോധ്യപ്പെട്ടു. എങ്കിലും പൂര്‍ണഹിജാബില്ലാതെ അന്യപുരുഷന്‍മാരുടെ മുമ്പിലൂടെ നടക്കേണ്ടി വന്നു. അപ്പോഴെല്ലാം മാനസികമായി അനുഭവിച്ച പ്രയാസം കുറച്ചൊന്നുമല്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ സ്‌നേഹിക്കുന്ന കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുമ്പില്‍ പകച്ചു നിന്ന നിമിഷങ്ങളായിരുന്നു അത്.
 
അങ്ങനെയിരിക്കുമ്പോഴാണ് ഇസ്‌ലാം മതം സ്വീകരിച്ച ഒരു സ്ത്രീയെ പരിചയപ്പെടാനും സംസാരിക്കുവാനും അവസരം ലഭിച്ചത്. ഇസ്‌ലാം മതത്തോടുള്ള എന്റെ താല്‍പര്യം അറിയാവുന്ന അവര്‍ എന്നോട് വീടുവിട്ടിറങ്ങാതെ മതം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ വീട്ടുകാരെയും എന്റെ വിദ്യാഭ്യാസവും ഒഴിവാക്കാന്‍ എനിക്കാവില്ലെന്ന് ഞാന്‍ ശഠിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു- മരണം  എപ്പോഴാണ് ഒരാളിലേക്ക് വന്നെത്തുക എന്നറിയില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആര്‍ക്കും നിശ്ചയിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് സത്യം മനസ്സിലാക്കിയ നീ അത് സ്വീകരിക്കാതെ മരിക്കുകയാണെങ്കില്‍ നീ നഷ്ടക്കാരുടെ കൂട്ടത്തിലാകും. ഇത് എന്നെ വല്ലാതെ പിടിച്ചു കുലുക്കി. ഒന്നും പറയാതെ അവിടെ നിന്നും മടങ്ങി. കാരണം ആദ്യമായാണ് ഞാനെന്റെ മരണത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത്.
 
എന്റെ സുഹൃത്ത് എനിക്ക് പറഞ്ഞു തന്ന പ്രാര്‍ഥന ഇങ്ങനെയായിരുന്നു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെ മരിക്കുവാനുള്ള അനുഗ്രഹം പ്രദാനം ചെയ്യണേ''. ഞാനിതു പ്രാര്‍ഥിക്കുമായിരുന്നു. ബാങ്ക് വിളിയുടെ സമയത്ത് ആവര്‍ത്തിച്ചു പറയാറുണ്ട്. രാത്രി ഉറക്കത്തില്‍ അറിയാതെ ഉണര്‍ന്നാല്‍ പോലും ഞാനത് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പിന്നീട് എന്റെ മനസ്സ് സദാ അത് ഉരുവിടുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ പ്രാര്‍ഥനയുടെ നിവര്‍ത്തിയെന്നോണം 2003 മെയ് 11-ാം തീയ്യതി എനിക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കാനുള്ള മഹത്തായ അനുഗ്രഹം ലഭിച്ചു. അതിനായി വീടും നാടും വിടാനുള്ള മനഃശക്തി അല്ലാഹു നല്‍കി.
 
വീടുവിട്ടിറങ്ങുന്നതിനു മുമ്പ് എങ്ങോട്ടു പോകും എന്ന് യാതൊരു തീരുമാനവും എന്നിലില്ലായിരുന്നു. ആരെയും ഭയക്കാതെ അഞ്ചുനേരം നമസ്‌കരിക്കണം, മുസ്‌ലിമായി ജീവിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യം എന്ന് പറയാനൊന്നുമില്ലാതെ ഉടുവസ്ത്രവുമായി വീടുവിട്ടിറങ്ങിയതു മുതല്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു വലിയ കാവലിനെ ഞാന്‍ നേരിട്ടനുഭവിച്ചറിയുകയായിരുന്നു
പിന്നീട് സ്വാഭാവികമെന്നോണം ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടായി. ദിവസവും പൊന്നാനിയിലേക്ക് എന്റെ മനഃപരിവര്‍ത്തനത്തിനുവേണ്ടി ആളുകളുടെ ഒഴുക്കായി. അതില്‍ നാട്ടുകാരും പ്രമാണിമാരും എന്തിന് പള്ളി പ്രസിഡന്റും മറ്റംഗങ്ങളും എല്ലാം ഉണ്ടായിരുന്നു. അനുകൂലമായൊരു വാക്കുപോലും ആരില്‍ നിന്നും കേള്‍ക്കാനായില്ല. അമ്മ വന്ന് കാലില്‍ വീണ് കേണപേക്ഷിച്ചപ്പോഴും അതിനെ പിന്‍താങ്ങിയ മുസ്‌ലിംകളായ പലരുടെയും മുമ്പില്‍ വെച്ച് പടച്ചവനേ മനഃശക്തിയും, പിടിച്ചു നില്‍ക്കാനുള്ള കഴിവും തരണേ എന്ന് മനം പിടക്കുകയായിരുന്നു. അല്ലാഹു കാത്തു.
 
ഞാനിന്നു മുസ്‌ലിമായി ജീവിക്കുന്നു. അതിനിടയില്‍ ഇസ്‌ലാമിലേക്ക് വന്ന ഒരുപാട് ആളുകളെ പരിചയപ്പെട്ടു. അവരോടുള്ള സംസാരങ്ങളില്‍ നിന്നെല്ലാം ഇസ്‌ലാമിന്റെ മാധുര്യത്തെ വീണ്ടും വീണ്ടും അനുഭവിച്ചു. ചില ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴും, ശാസ്ത്രീയമായ ഖുര്‍ആനിന്റെ പ്രതിപാദനങ്ങള്‍ മനസ്സിലാക്കിയപ്പോഴും മറ്റും ഞാന്‍ സ്വീകരിച്ച മാര്‍ഗം വ്യക്തവും സത്യവുമാണെന്ന് നിസ്സംശയം ഞാനറിയുന്നു.