സംസ്‌കൃതപഠനം വിശ്വാസത്ത സംസ്‌കരിച്ചപ്പോള്‍

അമീന തൃശൂര്‍
പേര് അമീന. മതമേലാധികാരികള്‍ അവര്‍ണരെന്ന് വിളിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുമതത്തിലെ ഒരു താഴ്ന്ന സമുദായത്തിലാണ് ജനനം. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. കുടംബത്തിലെ അംഗസംഖ്യയുടെ കുറവ് പക്ഷേ, വീട്ടിലെ സമാധാനജീവിതത്തിന് ഒരിക്കലും ഉപയുക്തമായിട്ടില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്നായി വീട്ടില്‍ എന്നും പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും. പ്രയാസങ്ങളിലും നിസ്സഹായാവസ്ഥകളിലും താങ്ങാവുക അഭൗതികമായ ഒരു ശക്തിയാണെന്ന മനുഷ്യന്റെ നൈസര്‍ഗികമായി തിരിച്ചറിവ് കൊണ്ട് തന്നെയാവണം, വീടിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഭാഗങ്ങളിലെല്ലാം ചെറുതും വലുതുമായ 'ദൈവങ്ങള്‍' സ്ഥാനംപിടിക്കാന്‍ കാരണമായത്. മണ്ണ് തേച്ച ചുമരിലെ എണ്ണവിളക്കും മാറാലമാറാത്ത ദേവീചിത്രങ്ങളും പാതിയടര്‍ന്ന കളിമണ്‍ പ്രതിമകളുെമല്ലാം ഇന്നുമൊരു ഭൂതകാലക്കുളിരായി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.
 
ശ്രീരാമകൃഷ്ണമിഷന്‍ വക ശ്രീശാരദ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. അലൗകിക ജീവിതം നയിക്കുന്നവരെന്ന് വിശ്വസിച്ചിരുന്ന അവിടുത്തെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളും സന്യാസിനിമാരും സഹപാഠികള്‍ക്കെന്ന പോലെ എനിക്കും കൗതുകവും ആവേശവുമായിരുന്നു. പുലര്‍കാല വേളയിലെ നിദ്രാസ്വപ്നങ്ങളില്‍ ഏറെയും അപഹരിച്ചിരുന്നത് ആശ്രമജീവിതം നയിക്കുന്ന ഒരു 'മാതാജി'യായുള്ള എന്റെ ഭാവി ചിത്രങ്ങളായിരുന്നു.
 
സംസ്‌കൃതം ഒരു വികാരമായി മാറിയതും അക്കാലത്തു തന്നെ. അഞ്ചാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചു തുടങ്ങി. മെട്രിക്കുലേഷന് ശേഷവും സംസ്‌കൃത പഠനം തുടര്‍ന്നു. പക്ഷേ, രണ്ട് വര്‍ഷം മാത്രം സാമ്പത്തിക പരാധീനത ഒരു നെടുങ്കോട്ട തന്നെ കെട്ടി തുടര്‍പഠനം തടഞ്ഞു. മൂത്തയാള്‍ എന്ന നിലക്ക് കുടുംബബാധ്യത മുഴുവന്‍ എന്റെ ചുമലിലായി. സഹോദരന്മാരുടെ പഠനചെലവും മാതാപിതാക്കളുടെ നിത്യവൃത്തിയുമടക്കം രണ്ടറ്റവും കഷ്ടിച്ച് കൂട്ടിമുട്ടിക്കാമെന്ന തരത്തിലൊരു ജോലിതരമായി. സാമ്പത്തികമായി എത്ര ഞെരുങ്ങിയാലും അന്നൊക്കെ അല്‍പം പണം മിച്ചം വെക്കുമായിരുന്നു. മറ്റൊന്നിനുമല്ല, കൃഷ്ണനും ശിവനുമടക്കമുള്ള എന്റെ ആരാധനാമൂര്‍ത്തികള്‍ക്കുള്ള വഴിപാടിനായി. ''സഹോദരങ്ങളെയെങ്കിലും രക്ഷപ്പെടുത്തണേ...'' അതു മാത്രമായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന ഫലം ചെയ്തില്ല. നിനച്ചിരിക്കാതെ സഹോദരന്മാരിലൊരാള്‍ ഞങ്ങളെ വിട്ട് യാത്രയായി. ഒരു വാഹനപകടമായിരുന്നു. പ്രായത്തില്‍ മൂപ്പുള്ള അവന്റെ ആകസ്മികമരണം കുടുംബത്തെയാകെ പിടിച്ചുലച്ചു. അച്ഛന്‍ അന്നത്തോടെ കിടപ്പിലായി.
 
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജോത്സ്യനെ വരുത്തി പ്രശ്‌നം വെപ്പിച്ചു. ധര്‍മദേവതയുടെ കോപമാണ് സഹോദരന്റെ അപമൃത്യുവിന് കാരണമെന്നായിരുന്നു ജോത്സ്യന്റെ കണ്ടെത്തല്‍. പരിഹാരവും നിശ്ചയിച്ചു; ദേവിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക. അങ്ങനെ സര്‍വ്വ ആചാരാനുഷ്ഠാനങ്ങളുടെയും സന്നാഹത്തോടെ ദേവിയെ വീട്ടില്‍ കുടിയിരുത്തി. സഹോദരനായി നീക്കിവെച്ചിരുന്ന സ്ഥലവും അവനായി ബാക്കിവെച്ചിരുന്ന തുകയും അതോടെ ദേവിക്ക് കൂടിയുള്ളതായി; ദേവി നിത്യജീവിതത്തിലെ ഒരു ഭാഗമായി മാറി. വര്‍ഷം തോറും നടന്നുവരാറുള്ള ദേവീക്ഷേത്രത്തിലെ ഭാഗവതവായനക്ക് എന്റെ കൂടി സാന്നിധ്യം അനിവാര്യമാണെന്ന് തോന്നി തുടങ്ങിയത് അക്കാലത്താണ്. രണ്ടു രൂപ ദക്ഷിണ നല്‍കിയാല്‍  അവിടുത്തെ കാര്‍മ്മികന്‍ ഒരു തുണ്ട് പത്രം തരും. ''സര്‍വ്വം ഖലിദ മേവാഹം നാത്യ ദസ്തി സനാതനം'' എന്ന ദേവീ സൂക്തമാണതില്‍. ദിനേനെ വീട്ടില്‍ വെച്ച് ഉരുവിടണമെന്ന അദേഹത്തിന്റെ ഉപദേശത്തിനൊപ്പം ഞാന്‍ ആ മന്ത്രം ഏറ്റുചൊല്ലി. ''കുട്ടിക്ക് സംസ്‌കൃതം അറിയും ല്ലേ?!'' അദേഹം അത്ഭുതപ്പെട്ടു. ''ഭാഗവതവും ഗീതയുമെല്ലാം വായിച്ചിട്ടുണ്ടോ?''  ഇല്ലെന്നായിരുന്നു മറുപടി ''എങ്കില്‍ വായിക്കണം; കുട്ടിക്ക് അനുഗ്രഹം ണ്ടാവും!'' അദേഹം ആശീര്‍വദിച്ചു. ജീവിതത്തിലെ വല്ലാത്തൊരനുഭവമായിരുന്നു അത്. സമൂഹത്തിലും ജീവിതരീതിയിലും ചിന്തകളില്‍ പോലും അധമത്വമനുഭവിക്കുന്ന ഒരു കീഴ്ജാതിക്കാരിയോട് സവര്‍ണര്‍ കയ്യടക്കി വെച്ച മതഗ്രന്ഥങ്ങള്‍ വായിക്കണമെന്നാവശ്യപ്പെടുക; അതും ഒരു ക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികന്‍. കീഴ്ജാതിക്കാരന്റെ ധര്‍മപാരായണ ശിക്ഷകളെ കുറിച്ച് ചെറുപ്പം മുതലേ ഏറെ ഭീതിയോടെകേട്ടിരുന്നു. ഏതായാലും ഇതൊരവസരമായി കണ്ട് തുടങ്ങുക തന്നെ. ഭാഗവതം, ദേവീ ഭാഗവതം, ഭഗവത് ഗീത... അതുവരെ കൊടും താഴിട്ട് പൂട്ടിയ ഹൈന്ദവപ്രമാണ ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി എന്റെ മുന്നില്‍ ചുരുള്‍ നിവര്‍ന്നു.
 
പലപ്പോഴും മലയാളഭാഷ്യമില്ലാതെ തന്നെ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു. പക്ഷേ, വായന പുരോഗമിക്കും തോറും സംശയങ്ങളും കൂടിക്കൂടിവന്നു. തികട്ടി വന്ന ഓരോ സംശയവും മനസ്സില്‍ തന്നെ അടക്കിവെച്ചു.
 
സ്‌തോത്ര കീര്‍ത്തനങ്ങളെല്ലാം ആരംഭിക്കുന്ന സത്വ രാജോ തമോഗുണ സമ്യക്കായ 'ഓം' കാര മന്ത്രം പ്രതിനിധീകരിക്കുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വര (ശിവന്‍)ന്റെയും പ്രവര്‍ത്തനങ്ങളാണ് എന്നെ ഏറെ ആശയക്കുഴപ്പത്തിലാക്കിയത്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. മഹാവിഷ്ണു പരിപാലകനും, ശിവന്‍ സംഹാരകനുമാണ്. കര്‍മ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടേണ്ട ഇവര്‍ എപ്പോഴും  ധ്യാനനിരതരാണ്. ദൈവമെന്ന് വിശ്വസിക്കുന്ന ഇവര്‍ സ്വയം ആരാധന നടത്തുമോ? ഇത്തരം ആരാധനകളിലൂടെ ആരോടാണിവര്‍ പ്രാര്‍ഥന നടത്തുക? ശിവനും വിഷ്ണുവിനും ക്ഷേത്രങ്ങളുണ്ട്. സൃഷ്ടിപ്പ് ഒരു കര്‍മ്മമായി ഏറ്റെടുത്തിട്ടു പോലും ബ്രഹ്മാവിന് ക്ഷേത്രങ്ങളില്ല. അസമത്വം ദൈവങ്ങള്‍ക്കിടയില്‍ നിന്നേ തുടങ്ങുന്നു.
 
സത്യഗുണ പ്രാധാനിയായ മഹാവിഷ്ണു ധര്‍മപരിപാലനത്തിനായി നിയുക്തമായ ദശാവതാരങ്ങളുടെ അവകാശി കൂടിയാണ്. എന്നാല്‍ ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ട വിഷ്ണു ഭഗവാന്‍ സ്ഥിരമായി വൈകുണ്ഠത്തില്‍ യോഗനിദ്രയിലാണ്. ലോകത്ത് അനിഷ്ടങ്ങള്‍ നടമാടുമ്പോള്‍ അതിനെതിരെ പ്രതികരിക്കണമെങ്കില്‍ നാരദനോ മറ്റേതെങ്കലും ദേവന്മാരോ അദേഹത്തെ ധ്യാനത്തില്‍ നിന്നുണര്‍ത്തണം. ശിവന്റെ കാര്യവും ഏതാണ്ടിതുപോലെ തന്നെയാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന ഒരുവിധ ദൗര്‍ബല്യങ്ങളെല്ലാമുള്ള ഒരാളായിട്ടാണ് ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായിട്ടുള്ള ശിവനെ പുരാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഇതിനെല്ലാം പുറമെ സ്വര്‍ഗാധിപതിയാവാന്‍ വേണ്ടിയുള്ള ദേവന്മാരുടെ വഴിവിട്ട നീക്കങ്ങളും സംഘര്‍ഷങ്ങളും വേറെയും.
 
നീതിയുടെ പര്യായമായ അസുര ചക്രവര്‍ത്തി മഹാബലിയെ വാമനാവതാരത്തിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വിഷ്ണുവിന്റെ കഥയും, വേഷപ്രച്ഛന്നനായി സപ്തര്‍ഷികളില്‍ ഒരാളായ ഗൗതമമുനിയുടെ പത്‌നി അഹല്യയെ സമീപിക്കുന്ന ഇന്ദ്രന്റെയും, ഇന്ദ്ര ചെയ്തിയുടെ ഫലമായി സ്വന്തം പത്‌നിയെ കല്ലാക്കി മാറ്റിയ മുനിയുടെ കഥയുമെല്ലാം മനസ്സില്‍ ഒരായിരം സംശയങ്ങള്‍ മുളപ്പിച്ചു. സത്യത്തിനും നീതിക്കും പ്രതിഫലം നല്‍കേണ്ട-അല്ലെങ്കില്‍ നായകത്വമെങ്കിലും നല്‍കേണ്ട ദേവന്മാരുടെ ദുഷ്‌ചെയ്തികള്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കുക. ത്രിമൂര്‍ത്തികളില്‍ നിന്നും ദേവഗണങ്ങളില്‍ നിന്നുമെല്ലാം മനസ്സുമാറി ദേവിയില്‍ മാത്രം ഭക്തി കേന്ദ്രീകരിക്കാന്‍ ഇടവരുത്തിയത് ഇത്തരം ഐതിഹ്യങ്ങളാണ്. പക്ഷേ, ആദിപരാശക്തിയായ ദേവിയെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ തപം ചെയ്ത് പ്രീതിപ്പെടുത്തി മൂന്നുപേര്‍ക്കും കൂടി ഭാര്യയാക്കിയെന്ന ദേവീഭാഗവതത്തിലെ ഭാഗം കൂടി വായിച്ചതോടെ വീണ്ടും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. ഇതില്‍ ആരൊക്കെയാണ് യഥാര്‍ഥത്തില്‍ ആരാധനാവഴിപാടുകള്‍ക്കര്‍ഹര്‍? മനസ്സില്‍ ദൈവവിശ്വാസത്തെക്കുറിച്ച് നല്ലതല്ലാത്ത ഒരുപാട് ചിന്തകള്‍ കടന്നുകയറി. അത് ഒരു കിനാവള്ളി പോലെ എന്റെ വിശ്വാസത്തെ ആമൂലാഗ്രം ചുറ്റിവരിഞ്ഞു.
 
പതുക്കെ പതുക്കെ വീട്ടിലെ ജീവിതരീതിയൊക്കെ മാറി. വിശ്വാസത്തിന് കരിനിഴല്‍ വീഴ്ത്തിയ കാലത്തെ ഏതോ ഒരു സന്ധ്യാനേരത്ത് അണഞ്ഞ ദീപം പിന്നീട് കത്തിയില്ല. നാമജപവും മുറുമുറുപ്പായി നേര്‍ത്ത് അസ്തമിച്ചു. നിത്യജീവിതത്തില്‍ നിന്ന് 'ദൈവങ്ങളെ'യെല്ലാം പടിയടച്ച് പിണ്ഡം വെച്ചെങ്കിലും അകതാരില്‍ എവിടെയോ ഒരു ദൈവത്തെ കുറിച്ചുള്ള പ്രതീക്ഷ മുനിഞ്ഞു കത്തിയിരുന്നു. മതപരമായി ബന്ധമുള്ള ഏതൊരു ഗ്രന്ഥത്തിലും ദൈവത്തെ തിരയാന്‍ എന്നെ പ്രേരിപ്പിച്ചത് മനസ്സിലെ ആ പ്രകാശദീപമാവണം. ഉള്ളില്‍ ദൈവഭയവും 'കണ്ണില്‍ കാണുന്ന' ദൈവങ്ങളോടെല്ലാം രോഷവുമായി നടക്കുന്ന ഇക്കാലത്താണ് വിവേകാന്ദ വിജ്ഞാനഭവന്‍ ലൈബ്രറിയില്‍ നിന്ന് ഖുര്‍ആനിന്റെ ഒരു മലയാള പരിഭാഷ കയ്യില്‍ കിട്ടുന്നത്. ഖുര്‍ആനിലെ ദൈവത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേകം അടയാളപ്പെടുത്തി വായിച്ചു. മുസ്‌ലിംകള്‍ക്ക് മാത്രമല്ല-ലോകജനതക്കു മുഴവന്‍ മാര്‍ഗദര്‍ശനമാണിതെന്ന് സ്വയം വിവരിക്കുന്ന ഖുര്‍ആന്‍, സൃഷ്ടികളുടെ മുഴുവന്‍ രക്ഷിതാവായാണ് ദൈവത്തെ പരിചയപ്പെടുത്തുന്നത്. വൈരുധ്യങ്ങളോ യുക്തിക്ക് നിരക്കാത്തതോ ആയ യാതൊന്നും കാണാന്‍ കഴിയാത്ത ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിവരണം മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. ചിരകാലമായി തേടിക്കൊണ്ടിരുന്ന-മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്ന ദൈവസങ്കല്‍പം ഖുര്‍ആനിലൂടെ ഞാന്‍ കണ്ടെത്തുകയായിരുന്നു. ദൈവത്തിന്റെ ഗുണവിശേഷങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന-എന്നെ ഹഠാദാകര്‍ഷിച്ച സൂക്തങ്ങള്‍ ഇവയാണ്.
 
''(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (വി.ഖു 112:1-4)

''അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.'' (വി.ഖു 2:255)

നന്മതിന്മകളെ കുറിച്ചും പരലോകത്തെ കുറിച്ചും സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുമെല്ലാമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഏറെ ചിന്തനീയമാണ്. മരണശേഷം, ചാക്രിക പുനര്‍ജന്മത്തിലൂടെ ജാതിയെ മറികടക്കാനും അവസാനം സ്വര്‍ഗം പൂകാനുമുള്ള ഹൈന്ദവ അനുശാസനകളില്‍ നിന്ന് വിഭിന്നമായി വിശ്വാസധിഷ്ഠിതമായ കര്‍മ്മം വഴി ഏതൊരു ജീവിത ചുറ്റുപാടില്‍ നിന്നും സ്വര്‍ഗം കരസ്ഥമാക്കാമെന്ന ഖുര്‍ആനികധ്യാപനം ആര്‍ക്കാണ് ആശ്വാസം നല്‍കാത്തത്! ക്ഷമിക്കാന്‍ കഴിയുമെങ്കില്‍ ഒരു വിശ്വാസിയുടെ കാലില്‍ തറക്കുന്ന മുള്ളുപോലും സ്വര്‍ഗത്തിലേക്കുള്ള ഈടുവെയ്പ്പാണെങ്കില്‍ ഇഹലോകത്ത് ആര്‍ക്കാണ് ദുഃഖിക്കാന്‍ കഴിയുക! ലോകം മുഴുവന്‍ തുറന്നെതിര്‍ത്താലും അല്ലാഹുവിന്റെ നിശ്ചയമാണ്നടപ്പിലാവുക എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞെങ്കില്‍ ഭൂമിയിലെ ഒരു ശക്തിയേയും ഭയപ്പെടാതെ ധീരയായി ജീവിക്കാന്‍ പിന്നെന്ത് പ്രയാസം!

വിശ്വാസകാര്യത്തില്‍ ഞാന്‍ എന്റെ ഭീരുത്വം പാടെ ഉപേക്ഷിച്ചു. അതുവരെ ആരാധിച്ചിരുന്ന സര്‍വമൂര്‍ത്തികളെയും തൂത്തുകളഞ്ഞ് മനസ്സില്‍ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം പ്രതിഷ്ഠിച്ചു. അല്ലാഹു തന്റെ ജീവിതത്തില്‍ കൂടുതല്‍ അടുത്തുവന്നപ്പോഴേക്കും കുടുംബം പാടെ അകന്നു കഴിഞ്ഞിരുന്നു. വീട്ടിലും കുടുംബത്തിലും പ്രതിഷേധങ്ങളും പ്രതിബന്ധങ്ങളും ഏറിയേറി വന്നു. പരീക്ഷണങ്ങളെ യഥോചിതം നേരിടാനും പ്രതിബന്ധങ്ങളകറ്റാനും നാഥന്‍ പ്രത്യേകം കരുത്തു നല്‍കി. ഖുര്‍ആന്‍ കയ്യില്‍ കിട്ടിയ ആദ്യത്തെ റമളാന്‍ മാസത്തില്‍ മൂന്ന് നോമ്പ് പിടിച്ചു; ജീവിതത്തില്‍ അനിര്‍വ്വചനീയമായ ആനന്ദം നല്‍കിയ സംഭവമായിരുന്നു അത്.
 
കലിമ ഉച്ചരിക്കുന്നതിനെ കുറിച്ചോ കര്‍മ്മാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനെ കുറിച്ചോ എനിക്കറിവില്ലായിരുന്നു. സ്വജീവിതത്തിലൂടെ അത് പകര്‍ന്ന് തരാന്‍ തക്ക ഒരു കുടുംബം പോലും ചുറ്റുമുണ്ടായിരുന്നില്ല താനും. എന്റെ മുന്‍വിശ്വാസത്തെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ള ചെയ്തികള്‍ ആചാരങ്ങളായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം മുസ്‌ലിംകളായിരുന്നു ചുറ്റിനും. അവര്‍ ചെയ്യുന്നതല്ല ഇസ്‌ലാമിക കര്‍മ്മങ്ങള്‍ എന്നെനിക്കുറപ്പുണ്ടായിരുന്നു; പക്ഷേ, ഏതാണ് യഥാര്‍ഥമായവയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. അവിചാരിതമായി കണ്ടുമുട്ടിയ മുന്‍പരിചയമുള്ള ഒരു മുസ്‌ലിം കുടുംബം; അവരാണെന്നെ തര്‍ബിയത്തില്‍ എത്തിച്ചേരാന്‍ സഹായിച്ചത്. ശഹാദത്ത് കലിമ ഏറ്റു ചൊല്ലിയപ്പോള്‍ നിയന്ത്രണം വിട്ടുപോയി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അതു ചൊല്ലിത്തീര്‍ത്തത്.
  
ജോലിക്ക് വേണ്ടി കോഴിക്കോട് ഒരു ഹോസ്റ്റലില്‍ ജീവിക്കുകയാണെന്ന് മാത്രമായിരുന്നു കുടുംബത്തിനുള്ള ഏക അറിവ്. അധികപനാള്‍ ആ തെറ്റുധാരണ നിലനിര്‍ത്താന്‍ എന്റെ മനസ്സനുവദിച്ചില്ല. കാര്യങ്ങളെല്ലാം വിവരിച്ച് ഞാന്‍ വീട്ടിലേക്ക് കത്തെഴുതി. സ്വാഭാവികമായ പൊട്ടലും ചീറ്റലും കുടുംബത്തിലുമുണ്ടായി കാണണം. സഹോദരന്‍ തിരികെ വിളിക്കാനായി വരുമ്പോള്‍ ഞാന്‍ കരുണാലയം എന്ന സ്ഥാപനത്തില്‍ അറബി പഠിക്കുകയായിരുന്നു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം അവന്‍ മടങ്ങിപ്പോയി.
 
ദീനിരംഗത്തും ഭൗതിക രംഗത്തും കാലുറപ്പിച്ചു നില്‍ക്കാമെന്നായപ്പോള്‍ വീട്ടിലേക്ക് തിരിച്ചു ചെന്നു. അമ്മയുടെ സമാധാനത്തിന് അതാണ് ഏറ്റവും നല്ലത് എന്നായിരുന്നു ചിന്ത. ഇസ്‌ലാമിക പഠനവും അതിന്റെ പ്രയോഗവും വീട്ടിലെ അന്തരീക്ഷത്തിലും കണിശമായി തുടര്‍ന്നു. നാട്ടുകാരും  ബന്ധുക്കളും അവഹേളനം അവരുടെ ഒരു ദിനചര്യയെന്നവണ്ണം നിര്‍വഹിച്ചു പോന്നു. ഖുര്‍ആന്‍ പറഞ്ഞതു പോലെ അറിവില്ലാത്ത ജനത; സന്മാര്‍ഗം കിട്ടാന്‍ മാത്രമല്ല കിട്ടിയവരെ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്‌കത കൈവരിക്കാനും സല്‍ബുദ്ധി വേണമല്ലോ. നമുക്ക് പ്രാര്‍ഥിക്കുവാന്‍ മാത്രമേ നിവൃത്തിയുള്ളൂ. വീട്ടിലെ മൂര്‍ത്തികളില്‍ പലതും ഇപ്പോഴും ദ്രവിച്ചു തീരാതെ ബാക്കികിടപ്പുണ്ട്. മനസ്സില്‍ നിന്ന് പടിയിറങ്ങാത്തിടത്തോളം കാലം ചുമരിലുള്ളതിനെ നോക്കി അസ്വസ്ഥയായിട്ടു കാര്യമില്ലല്ലോ. ഒരുനാള്‍ വരും അന്ന് അമ്മയും സഹോദരനും തന്നെ അവയെ പറിച്ചെറിഞ്ഞ് ചുമരും മനസ്സും വൃത്തിയാക്കും. എന്റെ പതിവ് പ്രാര്‍ഥനകളിലൊന്ന് അത് തന്നെയാണ്. നിങ്ങള്‍ക്കും എന്നെ സഹായിക്കാന്‍ കഴിയും; ഈ പ്രാര്‍ഥനയില്‍ എന്നോടൊപ്പം പങ്കുചേര്‍ന്നു കൊണ്ട്. കുടുംബത്തിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സ്രഷ്ടാവിന്റെ മഹിതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു നല്ല നാളേക്കായി പ്രാര്‍ഥിച്ചു കൊണ്ട്.

റള്വീത്തു ബില്ലാഹി റബ്ബന്‍ വബില്‍ ഇസ്‌ലാമി ദീനന്‍ വബി മുഹമ്മദിന്‍ നബിയ്യ!!