തിരിച്ചറിവ്

പെരിയസ്വാമി
തിരുവനന്തപുരം ടൗണിനടുത്ത് കാട്ടാക്കടയിലാണ് ഞാന്‍ ജനിച്ചത്. തമിഴ്‌നാട്ടില്‍നിന്നും കുടിയേറിപ്പാര്‍ത്ത നായ്ക്കര്‍ ഫാമിലിയാണ് എന്‍േറത്. കേരളത്തിലെ നായര്‍ വിഭാഗത്തിനു തുല്യമാണ് തമിഴ്‌നാട്ടിലെ നായ്ക്കര്‍. രണ്ട് ആണും മൂന്നു പെണ്ണുമടങ്ങുന്ന അഞ്ച് മക്കളും മാതാപിതാക്കളുമടങ്ങിയതായിരുന്നു എന്റെ കുടുംബം. എന്റെ മൂത്ത മൂന്നു സഹോദരിമാരും ചെറുപ്പത്തിലേ എന്തോ രോഗത്തിനടിപ്പെട്ട് മരിച്ചു. ഞാനും എന്റെ ഇളയ സഹോദരനും മാത്രമാണ് ബാക്കിയായത്. എന്റെ പിതാവ് ഒരു മര(ആശാരി)പ്പണിക്കാരനായിരുന്നു.
 
എന്റെ പതിനൊന്നാം വയസ്സില്‍  മാതാപിതാക്കള്‍ എന്നെയും അനുജനെയും തിരുവനന്തപുരത്തെ ശിവാനന്ദ ആശ്രമത്തില്‍ ചേര്‍ത്തു. അല്‍പകാലം സ്‌കൂളില്‍പോയെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. ആശ്രമത്തില്‍ ചേര്‍ന്നശേഷം പിന്നീട് വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതായിരുന്നു ആശ്രമ വ്യവസ്ഥ.

അച്ഛനും അമ്മയും സ്ഥിരമായി അമ്പലത്തില്‍ പോയിരുന്ന ദൈവ വിശ്വാസികളായിരുന്നുവെങ്കിലും ഞാന്‍ എന്റെ ജീവിത കാലത്തിനിടയ്ക്ക് ഇതുവരെ ഒരിക്കല്‍ പോലും ഒരു ക്ഷേത്രത്തിലും ആരാധനക്കായി പോയിട്ടില്ല. ആശ്രമത്തില്‍ ഒരു മത വിശ്വാസത്തിന്റെയും രീതി അനുസരിച്ചായിരുന്നില്ല ഞങ്ങള്‍ ജീവിച്ചിരുന്നത്. ആശ്രമത്തിനകത്തു ഞങ്ങളുടെ ആരാധനാ രീതിയും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഏറെ വിചിത്രമായിരുന്നു. ദൈവമായി പ്രാണനെയായിരുന്നു ഞങ്ങള്‍ക്ക് പഠിപ്പിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ പ്രാണായാമം പോലുള്ള ആരാധനാരീതികളായിരുന്നു ആശ്രമത്തില്‍ ഞങ്ങള്‍ അനുഷ്ഠിച്ചിരുന്നത്. സാധാരണ സന്യാസിമാര്‍ ധരിക്കാറുള്ള വസ്ത്രധാരണ രീതി തന്നെയായിരുന്നു ഞങ്ങളും സ്വീകരിച്ചിരുന്നത്. എന്നാല്‍ കാഷായ വസ്ത്രത്തിനു പകരം വെള്ള വസ്ത്രമായിരുന്നു എന്നു മാത്രം. സ്ത്രീകളും ഈ രീതി തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ആശ്രമത്തിലെത്തിയാല്‍ ജീവിതാവസാനംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടണമെന്നതായിരുന്നു ആശ്രമത്തിന്റെ നിയമം. എന്നാല്‍ ആശ്രമജീവിതം ഉപേക്ഷിച്ച് അവിടെനിന്ന് പുറത്തുപോകുന്നവര്‍ക്ക് അതിനു വിരോധമില്ല. എന്നാല്‍ തിരിച്ച് പിന്നീട് ആശ്രമത്തിലേക്ക് പ്രവേശമുണ്ടായിരിക്കില്ല എന്നു മാത്രം. മരണാനന്തരം ആശ്രമത്തിലെ നിയമമനുസരിച്ച് പ്രത്യേക രീതിയില്‍ അവിടെ തന്നെ അടക്കം ചെയ്യുമായിരുന്നു.

ഇന്ന് നിലവിലുള്ള ഒരു മതത്തിന്റെയും ആ ചാരാനുഷ്ഠാനങ്ങളോ വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഒരു മത്തിന്റെയും ആശയങ്ങള്‍ എനിക്കറിയില്ലായിരുന്നു. വ്യത്യസ്ഥ മതങ്ങളും ആ മതക്കാര്‍ക്കൊക്കെ ആരാധനാലയങ്ങളുമുണ്ടെന്നറിയുമെന്നതല്ലാതെ ഒരു മതത്തോടും പ്രത്യേകിച്ച് വിദ്വേഷമോ ആഭിമുഖ്യമോ ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളോടും സമദൂരമായിരുന്നു പാലിച്ചിരുന്നല്ലത്.

ശിവാനന്ദാശ്രമത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ഞാന്‍ അതിന്റെ ഔഷധ വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഔഷധോദ്യോഗത്തില്‍ നിന്ന് ഔഷധ ചെടികളെക്കുറിച്ചും ഓരോന്നിന്റെയും ഔഷധഗുണങ്ങളെക്കുറിച്ചും പഠിക്കുന്നതോടൊപ്പം ഔഷധനിര്‍മാണത്തെകുറിച്ച് അത്യാവശ്യം ഗഹനമായിത്തന്നെ പഠിക്കാനെനിക്കു സാധിച്ചു. ഔഷധനിര്‍മാണ രംഗത്തെ ഒരുവിധം കാര്യങ്ങളെല്ലാം അതിനിടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഈ വൈദഗ്ധ്യം മനസ്സിലാക്കിയ ഞങ്ങളുടെ ആശ്രമത്തിന്റെ ഒരു സഹകാരിയും സന്ദര്‍ശകനുമായൊരു മാന്യന്‍ ഔഷധ നിര്‍മാണവുമായി ബന്ധപ്പെട്ട് പുറത്തു പ്രവര്‍ത്തിക്കാന്‍ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം തന്നെ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തു തന്നു. അദ്ദേഹത്തിന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സുഹൃത്ത് ആലപ്പുഴയില്‍ നടത്തിയിരുന്ന ഖാദിബോര്‍ഡിനു കീഴിലുള്ള ഒരു ഔഷധനിര്‍മാണശാലയുടെ ചുമതല എന്നെ ഏല്‍പിച്ചു. വളരെ ചെറുപ്പത്തിലേ ആശ്രമത്തില്‍ പ്രവേശിച്ച എനിക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു അവസരമായിരുന്നു അത്. ഒരു പുതിയലോകത്തേക്ക് എത്തിപ്പെട്ട അനുഭവമായിരുന്നു എനിക്കുണ്ടായിരുന്നത്. വളരെ പെട്ടന്നുതന്നെ ആ സാഹചര്യവുമായി ഇണങ്ങിച്ചേരാനും പൊതുജനസമ്പര്‍ക്കമുണ്ടാക്കാനും എനിക്കു സാധിച്ചു. ഈ ബന്ധമാണ് എനിക്ക് ഇസ്‌ലാമിലേക്കുള്ള പ്രവേശനത്തിനു വഴിവെച്ചത് എന്നു പറയാം. അതോടൊപ്പം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും.
 
അവിടെവെച്ച് എന്നെ സമീപിച്ച ഏതാനും ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ ഞാനുമായി ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുകയും ഏതാനും ലഘുലേഖകള്‍ എനിക്കു നല്‍കുകയും ചെയ്തു. ഒരുപക്ഷേ, ആശ്രമാധിഷ്ഠിതമായ എന്റെ വസ്ത്രധാരണരീതിയും രൂപഭാവങ്ങളുമായേക്കാം അവരെ എന്നിലേക്കാകര്‍ഷിച്ചത്. ദൈവചിന്തയോ മതചിന്തയോ ഇല്ലാത്ത എനിക്ക് ആ കൂടിക്കാഴ്ച ഒത്തിരി പുതിയ അനുഭവങ്ങളും അറിവും നല്‍കി. ഞാന്‍ മനസ്സിലാക്കിയതിനപ്പുറവും കുറേ കാര്യങ്ങളുണ്ടെന്നു എനിക്കു ബോധ്യമായി. അവര്‍ എനിക്കു നല്‍കിയ ലഘുലേഖകളും പുസ്തകങ്ങളും ഞാന്‍ വായിച്ചപ്പോള്‍ എനിക്കു കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടായി. അവ വായിച്ച് ഞാന്‍ എന്റെ മനസ്സിനോടുതന്നെ സംവദിച്ചുകൊണ്ടിരുന്നു. പലപ്പോഴായി ആ സഹോദരന്‍മാരുമായും എന്റെ മനസ്സുമായും ഞാന്‍ നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അവസാനം എന്റെ വിവരമില്ലായ്മക്കു മുമ്പില്‍ ഞാന്‍ മുട്ടുമടക്കി. അങ്ങനെ ഏറെ പഠനത്തിനും ചിന്തയ്ക്കും ശേഷം ഈ സത്യമതം സ്വീകരിക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.

ഇസ്‌ലാം സ്വീകരിച്ചശേഷം എന്റെ രണ്ട് മാസത്തെ ഔദേ്യാഗിക പഠനത്തിനുശേഷം ഞാന്‍ ആലപ്പുഴയിലേക്കു തിരിച്ചുപോയില്ല. വീട് മുമ്പേ ഉപേക്ഷിച്ചതായതിനാല്‍ ആ ചിന്തയും മനസ്സിലുദിച്ചില്ല. ഞാന്‍ ബന്ധപ്പെട്ട പല മുസ്‌ലിം സഹോദരങ്ങളും എന്നെ രണ്ട്കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മാത്രമല്ല സത്യദീനിലേക്ക് എന്റെ പ്രവേശനം ഏറ്റവും ശരിയായ കവാടത്തിലൂടെയായതിനാല്‍ തന്നെ മുസ്‌ലിം സമൂഹത്തിലെ സംഘടനാ ബാഹുല്യം എന്നെ അലട്ടിയിട്ടേയില്ല. സാധാരണ ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പലര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാറുള്ള ഒന്നാണല്ലോ അത്.

ഇസ്‌ലാമിന്റെ ലാളിത്യമാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാര്യം. ചടങ്ങുകള്‍ക്കതീതമായ സംസ്‌കാരവും ആചാരവുമാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ഏത് ആചാരവും ലളിതമാണ്. അതില്‍ പൗരോഹിത്യമില്ല. മറ്റൊന്ന് ഇസ്‌ലാമിലെ നമസ്‌കാരവും അതിന്റെ സമയനിഷ്ഠയുമാണ്. ഒരു നമസ്‌കാരം കഴിഞ്ഞ് അതിന്റെ ഊര്‍ജം തീരുംമുമ്പ് അടുത്ത നമസ്‌കാരസമയം എത്തുന്നതുകൊണ്ട് എപ്പോഴും അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്താനാവും എന്നതും എന്നെ വല്ലാതെ ആകര്‍ഷിച്ച ഘടകമാണ്.
 
സത്യമതത്തിലേക്കു തിരിച്ചുവരുന്ന നവാഗതര്‍ക്ക് മുസ്‌ലിം സമൂഹത്തില്‍നിന്ന് ചിലപ്പോഴെങ്കിലും അവഗണനകള്‍ നേരിടേണ്ടിവരാറുണ്ട്. സമൂഹം ഈ രംഗത്ത് മാറി ചിന്തിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. സത്യമതത്തിലേക്ക് തിരിച്ചുവന്ന ഒരുത്തന്റെ മാനസികാവസ്ഥ സമൂഹം ഉള്‍ക്കൊളളുകയും അവരെ സ്വീകരിക്കാനുള്ള വിശാലമസ്‌ക്കത കൈക്കൊള്ളുകയും ആവശ്യമായവര്‍ക്ക് സംരക്ഷണവും പുനരധിവാസവും നല്‍കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ രംഗത്ത് ഉദ്‌ബോധനങ്ങളും സാമൂഹികസംവിധനങ്ങളും ആവശ്യമാണെന്നാണ് എന്റെ വീക്ഷണം.

ഇസ്‌ലാമിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവാന്‍ പ്രധാനകാരണം ഗള്‍ഫ് പണമാണ് എന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ പ്രചരണത്തെ കാര്യബോധമുള്ളയാളുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയും. പണംകൊടുത്ത് ഒരാളുടെ മതവിശ്വാസത്തെ വിലക്കു വാങ്ങാനോ മാറ്റിയെടുക്കാനോ സ്വാധീനിക്കാനോ ആവും എന്നെനിക്കു വിശ്വാസമില്ല. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവേണ്ടത് ക്രിസ്തുമതത്തിനാണല്ലോ. അവര്‍ മതപ്രചാരണത്തിനും ക്ഷേമപ്രവര്‍ത്തനത്തിനുമായി ചെലവഴിക്കുന്നത് എത്രത്തോളം പണമാണ്!

മതംമാറ്റ നിരോധന നിയമം വഴി ഇസ്‌ലാമിലേക്കുള്ള സത്യാന്വേഷികളുടെ ഒഴുക്ക് തടയാനാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. നിയമത്തിനു നിയമത്തിന്റേതായ ശക്തിയും അതോടൊപ്പം പരിധിയും പരിമിതിയുമുണ്ടല്ലോ. സത്യമതത്തിലേക്ക് ആകൃഷ്ടരാകുന്നവരുടെ മനസ്സില്‍ ഭീതി സൃഷ്ടിക്കാന്‍ ഇത്തരം നിയമങ്ങള്‍ക്കായേക്കാം. അതുപോലെ ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരെ സംരക്ഷിക്കുന്നതിനു നിയമതടസ്സങ്ങള്‍ സൃഷ്ടിക്കാനും ഈ വിധികൊണ്ടായേക്കാം. എന്നാല്‍ മനുഷ്യമനസ്സിന്റെ സത്യാന്വേഷണ തൃഷ്ണയെ കടിഞ്ഞാണിടാനും വികാരങ്ങളെ പിടിച്ചുകെട്ടാനും നിയമത്തിനാവില്ലല്ലോ. മനുഷ്യാസ്തിത്വത്തിന്റെ വ്യതിരിക്തത തന്നെ ഈ സ്വാതന്ത്ര്യമാണല്ലോ. എന്നാല്‍ ഈ നിയമം നടപ്പാക്കാന്‍ ശ്രമിച്ച പ്രദേശങ്ങളിലെല്ലാം വിപരീതഫലമാണ് ഉണ്ടായത് എന്നു കാണുവാന്‍ സാധിക്കും. ഉദാഹരണമായി ഈ കരിനിയമം നടപ്പിലാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നിരുന്ന ഒരു സംസ്ഥാനമാണല്ലോ തമിഴ്‌നാട്. ഈ നിയമത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ അവിടങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചറിഞ്ഞ ആളുകളും കുടുംബങ്ങളും ധാരാളമായി സത്യദീനിലേക്ക് ഒഴുകിയിരുന്നുവെന്നാണ് അവിടങ്ങളിലുള്ള പലരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ തന്നെ ഈ നിയമങ്ങള്‍കൊണ്ടൊന്നും ഇസ്‌ലാമിലേക്കുള്ള ആകര്‍ഷണത്തെ കുറക്കാനാവില്ല. കാരണം അത് മാനവികതയുടെ മതമാണ്.
 
ഇപ്പോള്‍ ഞാന്‍ മലപ്പുറം ജില്ലയില്‍ ഇസ്വ്‌ലാഹീപ്രസ്ഥാനത്തിനു കീഴിലുള്ള പ്രശസ്തമായൊരു ഔഷധ നിര്‍മാണശാലയുടെ ചുമതലവഹിക്കുന്നു. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കുന്നു.