യുദ്ധം ആദര്‍ശത്തിനുവേണ്ടി

എം.എം അക്ബര്‍
"അല്ലാഹുവേ, എന്നോടുള്ള നിന്റെ വാഗ്ദാനവും കരാറും ഞാനിതാ നിന്നെ ഓര്‍മിപ്പിക്കുന്നു.(1) അല്ലാഹുവേ, എന്നോടുള്ള വാഗ്ദാനം നീ പാലിക്കേണമേ. എന്നോട് കരാര്‍ ചെയ്തത് നീ എനിക്ക് നല്‍കേണമേ. അല്ലാഹുവേ, ഈ ചെറിയ സംഘം നശിപ്പിക്കപ്പെടുകയാണെങ്കില്‍ അതിന്നുശേഷം നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല.(2) അല്ലാഹുവേ, അങ്ങനെയാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്നത്തേതിനുശേഷം നീ ആരാധിക്കപ്പെടുകയില്ല തന്നെ''.(3) 
ബദ്ര്‍ യുദ്ധത്തിന്റെ തലേരാത്രിയിലെ, മുഹമ്മദ് നബി(സ്വ)യുടെ പ്രാര്‍ഥനയാണിത്. പടയ്ക്കൊരുങ്ങി തയാറായ മുസ്ലിംകള്‍ക്ക് മനഃശാന്തി നല്‍കുന്നതിനായി അല്ലാഹു അനുഗ്രഹിച്ചു നല്‍കിയതെന്ന് ക്വുര്‍ആന്‍(4) വിശേഷിപ്പിച്ച നിദ്രാമയക്കത്തിലായിരുന്ന അനുചരന്‍മാരില്‍നിന്നു മാറി ഒരു മരച്ചുവട്ടില്‍ നിന്നുകൊണ്ട് നേരം വെളുക്കുവോളം നബി(സ്വ) പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് അലിയുടെ(റ) നിവേദനം.(5) പ്രാര്‍ഥനാ നിമഗ്നനായിനിന്ന പ്രവാചകന്‍(സ്വ) തന്റെ മേല്‍വസ്ത്രം താഴെ വീണതുപോലും അറിഞ്ഞില്ല. സന്തത സഹചാരിയായിരുന്ന അബൂബക്കര്‍(റ) പ്രസ്തുത മേല്‍വസ്ത്രമെടുത്ത് പ്രവാചകന്റെ(സ്വ) ചുമലില്‍ വെച്ചുകൊടുത്തുകൊണ്ട് അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് അല്ലാഹുവിനോട് ആവശ്യപ്പെട്ടത് മതി. താങ്കളോട് വാദ്ഗാനം ചെയ്തത് അവന്‍ പൂര്‍ത്തീകരിച്ചുതരികതന്നെ ചെയ്യും, തീര്‍ച്ച'(6) 
അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന്റെ നിയമ-നിര്‍ദേശങ്ങള്‍ പ്രകാരം ജീവിക്കുകയും ചെയ്യുമെന്ന് തീരുമാനിച്ചുവെന്ന കാരണത്താല്‍ മാത്രം ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതെ പീഡിപ്പിക്കപ്പെട്ടപ്പോള്‍, അത് സഹിക്കാനാവാതെ മക്കയില്‍നിന്ന് പലായനം ചെയ്തെത്തിയ മുഹാജിറുകളും അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത് ഇസ്ലാമിക സമൂഹത്തിന് സമാധാനത്തോടെ വളരാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിച്ച അന്‍സ്വാരികളും അടങ്ങുന്ന മുസ്ലിം സമൂഹം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ആളുകളൊന്നുംതന്നെ ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നും അതിനാല്‍ പ്രസ്തുത കൊച്ചുസംഘത്തെ സഹായിക്കണമെന്നും അല്ലാഹുവിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവാചക പ്രാര്‍ഥനയില്‍നിന്ന് എന്തിനുവേണ്ടിയാണ് നബി(സ്വ)യും അനുചരന്‍മാരും യുദ്ധം നയിച്ചതെന്ന് സുതരാം വ്യക്തമാകുന്നുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു ചെറിയ സംഘത്തെയെങ്കിലും ഭൂമിയില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് നബി(സ്വ) യുദ്ധം ചെയ്തതെന്ന് കൃത്യമായും മനസ്സിലാക്കിത്തരുന്നതാണ് നബി(സ്വ)യുടെ ഈ പ്രാര്‍ഥന. അന്തിമ പ്രവാചകനും(സ്വ) അനുയായികളും ആയുധമെടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഏകദൈവാരാധകരുടെ കൊച്ചുസംഘത്തെ സൃഷ്ടിപൂജകന്‍മാര്‍ നാമാവശേഷമാക്കുമായിരുന്നു. ഇസ്ലാമികാദര്‍ശത്തിന്റെ നിലനില്‍പിനും പ്രബോധനത്തിനും ഭീഷണികളുയര്‍ത്തപ്പെടുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്ത് സമാധാനത്തോടെ സര്‍വശക്തനെ ആരാധിക്കുകയും അവന്റെ കല്‍പനകള്‍ പാലിക്കുകയും ചെയ്ത് ജീവിക്കാനാവുന്ന സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നു പ്രവാചക യുദ്ധങ്ങളുടെയെല്ലാം ലക്ഷ്യമെന്ന് അടര്‍ക്കളത്തിലെത്തുന്നതിന് മുമ്പും ശേഷവുമുള്ള നബിനടപടികളെ പഠന വിധേയമാക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. അധീശത്വത്തിനോ അതിക്രമങ്ങള്‍ കാണിച്ച് അന്യരുടെ സ്വത്ത് കവര്‍ന്നെടുക്കുന്നതിനോ അങ്ങനെ നേടിയെടുക്കാനാവുന്ന ആഡംബര ജീവിതത്തിനോ വേണ്ടിയായിരുന്നില്ല, ആദര്‍ശ സംരക്ഷണത്തിനും ആദര്‍ശ ജീവിതത്തിനുള്ള സ്വാതന്ത്യ്രത്തിനും വേണ്ടിയായിരുന്നു മുഹമ്മദ് നബി(സ്വ) യുദ്ധം ചെയ്തത് എന്നര്‍ഥം.
'ആദര്‍ശത്തിനുവേണ്ടിയുള്ള യുദ്ധം' എന്ന സംജ്ഞപോലും സാമ്പ്രദായിക ചരിത്രകാരന്മാര്‍ക്ക് പരിചയമുള്ളതല്ല; അവര്‍ക്കറിയുക അധികാര വിപുലീകരണത്തിനും അങ്ങനെ കൈവരുന്ന ആഡംബര ജീവിതത്തിനും വേണ്ടി നടക്കുന്ന യുദ്ധങ്ങളാണ്. എഴുതപ്പെട്ട ചരിത്രത്തിലെ യുദ്ധങ്ങളെല്ലാം അതിനുവേണ്ടിയുള്ളവയായിരുന്നുവല്ലോ. ഇല്ലിനോയിസ് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷണ വിഭാഗം പ്രൊഫസറായ ലോറന്‍സ് എച്ച് കീലി പറയുന്നത് പൌരാണിക ഗോത്രവര്‍ഗ സമൂഹങ്ങളില്‍ 90 മുതല്‍ 95 ശതമാനംവരെയും അധികാരത്തിനും സമ്പത്ത് നേടിയെടുക്കുന്നതിനും വേണ്ടിയുള്ള നിരന്തര യുദ്ധങ്ങളില്‍ ഏര്‍പെടുന്നവയായിരുന്നുവെന്നാണ്.(7) ആധുനിക നശീകരണായുധങ്ങളുപയോഗിച്ചുകൊണ്ട് നടത്തപ്പെടുന്ന ഇന്നത്തെ യുദ്ധങ്ങളെക്കാള്‍ നശീകരണാത്മകമായിരുന്നുവത്രെ ഗോത്രവര്‍ഗങ്ങള്‍ നടത്തിയ പ്രസ്തുത യുദ്ധങ്ങള്‍. ഗോത്രവര്‍ഗ സമൂഹങ്ങളില്‍ അധികത്തിന്റെയും ജനസംഖ്യയുടെ പകുതിയോളം ഓരോ വര്‍ഷവും യുദ്ധങ്ങളില്‍ മരിക്കാറുണ്ടെന്നാണ് കണക്ക്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രസ്തുത യുദ്ധങ്ങള്‍ നടക്കുന്നതെങ്കില്‍ അവയിലെല്ലാംകൂടി ഇരുനൂറ് കോടി മനുഷ്യരെങ്കിലും മരിച്ചുവീണിട്ടുണ്ടാകുമെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ദി ന്യൂയോര്‍ക്ക് ടൈംസിന്റെ ശാസ്ത്ര വിഭാഗം ലേഖകനായ നിക്കോളാസ് വെയ്ഡ് സമര്‍ഥിക്കുന്നുണ്ട്.(8) ക്രിസ്തുവിന് മൂന്നര സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ 14,500 യുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്നും അവയിലെല്ലാംകൂടി മുന്നൂറ്റി അമ്പത് കോടി ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് സൌത്ത് കരോളിന സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ കോണ്‍വെ ഡബ്ള്യു. ഹെന്‍ഡേഴ്സണിന്റെ വിലയിരുത്തല്‍.(9) ആഡംബരത്തിനും അധികാരത്തിനും വേണ്ടിയുള്ള അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമെല്ലാം മനുഷ്യനോളം പഴക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനങ്ങള്‍.
ചരിത്രാതീതകാലത്ത് നടന്ന യുദ്ധങ്ങളെക്കുറിച്ച അറിവുതേടി ചരിത്രകാരന്മാര്‍ സമീപിക്കാറുള്ളത് പ്രസ്തുത സമൂഹങ്ങളുടെ ശേഷിപ്പുകളായി അവശേഷിച്ചിട്ടുള്ള കലാരൂപങ്ങളെയും നാടന്‍പാട്ടുകളെയും പുരാണങ്ങളെയും ഇതിഹാസ കാവ്യങ്ങളെയുമെല്ലാം ആണ്. ഭാരതീയഗ്രന്ഥങ്ങളില്‍ ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഇന്ദ്രനും വ്രതനും തമ്മിലും ദേവന്‍മാരും അസുരന്‍മാരും തമ്മിലുമെല്ലാം നടന്ന യുദ്ധങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ ഭാരതത്തിലെ ആദിമ നിവാസികളായ ദ്രാവിഢന്‍മാരും പുറത്തുനിന്ന് ഇങ്ങോട്ട് കടന്നുവന്ന് അധികാരം പിടിച്ചടക്കാന്‍ ഹീനമാര്‍ഗങ്ങള്‍ സ്വീകരിച്ച ആര്യന്‍മാരും തമ്മില്‍ നടന്ന യുദ്ധങ്ങളുടെ അതിശയോക്തി കലര്‍ന്ന വര്‍ത്തമാനങ്ങളാണെന്ന് ഡി.ഡി. കൊസാംബി, രാഹുല്‍ സാംകൃത്യാന്‍, കെ. ദാമോദരന്‍ എന്നീ ചരിത്ര വിശാരദന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.(10) ഈ യുദ്ധങ്ങളുടെ ലക്ഷ്യം ധനം നേടിയെടുക്കലും വ്രതനടക്കമുള്ള ശത്രുക്കളെ സംഹരിച്ച് അവര്‍ക്കുമേല്‍ അധീശത്വം നേടിയെടുക്കലുമാണെന്നാണ് ഋഗ്വേദ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. 'യുദ്ധത്തില്‍ അഭയം നല്‍കുന്ന ഇന്ദ്രാ! നീ രണ്ട് കുതിരകളെയും രഥത്തോട് ചേര്‍ച്ച് ബന്ധിക്കൂ. നീ കൊല്ലുകയും ധനം നല്‍കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കും ധനം പ്രദാനം ചെയ്യേണമേ' യെന്ന ഇന്ദ്രനോടുള്ള ഋഗ്വേദ പ്രാര്‍ഥനയില്‍(11) നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. ഹസ്തിനപുരിയുടെ അധികാരം നേടിയെടുക്കുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന കുരുക്ഷേത്ര യുദ്ധത്തിനില്ല. 'കൊറ്റിയെപോലെ പതുങ്ങിയിരുന്ന് ശത്രുരാജ്യം കൈവശപ്പെടുത്തണം. സിംഹത്തെപോലെ പരാക്രമത്തോടെ വൈരിയെ കീഴടക്കണം. ചെന്നായയെപോലെ കൌശലത്തോടെ ശത്രുവിനെ നശിപ്പിക്കണം. മുയലിനെപോലെ ശത്രുവലയത്തില്‍നിന്ന് പുറത്തുചാടണം'(12) എന്ന് രാജാവിനെ ഉപദേശിക്കുന്ന മനുസ്മൃതി നിര്‍ദേശിക്കുന്ന യുദ്ധത്തിനും അയല്‍രാജ്യത്തിന്റെമേല്‍ അധികാരമുറപ്പിക്കുകയും ധനം സമാഹരിക്കുകയും ചെയ്യുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നുംതന്നെയില്ല. നാട് പിടിച്ചെടുക്കുകയും അങ്ങനെയുള്ള സുഖഭോഗങ്ങള്‍ നേടിയെടുക്കുകയും തന്നെയാണ് ഭഗവദ്ഗീതയിലൂടെ നിര്‍ദേശിക്കപ്പെടുന്ന യുദ്ധ ധര്‍മം.(13) 
'ഒരു നഗരം നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് അക്രമിക്കണം. നിന്റെ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിന്നിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റ് സാധനങ്ങളോടൊപ്പം കൊള്ളവസ്തുവായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക'(14) യെന്ന് ന്യായപ്രമാണത്തിലെ നിര്‍ദേശം ഇസ്രായീല്യര്‍ ചെയ്ത യുദ്ധങ്ങളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കിത്തരുന്നുണ്ട്. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയും അവിടങ്ങളില്‍ ഇസ്രായീലിന്റെ ആധിപത്യം സ്ഥാപിക്കുകയും അവിടെയുള്ള കൊള്ളമുതലുകള്‍ ആസ്വദിച്ച് ആനന്ദപൂര്‍വം ജീവിക്കുകയും ചെയ്യുകയെന്നതിലപ്പുറമുള്ള ലക്ഷ്യങ്ങളൊന്നും ബൈബിളില്‍ നിര്‍ദേശിക്കപ്പെട്ട യുദ്ധങ്ങള്‍ക്കില്ല. തങ്ങളുടെ അധീശത്വത്തിനും ആഡംബരത്തിനും വേണ്ടി തങ്ങള്‍ ചെയ്യുന്ന യുദ്ധങ്ങളെ ന്യായീകരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നതിനായി 'അവര്‍ ചെയ്യുന്ന മ്ളേഛതകള്‍ നിങ്ങളെ ബാധിക്കാതിരിക്കുവാനാണ് അവരെ നശിപ്പിക്കുന്നത്'(15) എന്ന് പറയുന്നുണ്ട് എന്ന് മാത്രമേയുള്ളൂ.
ക്രിസ്തുവിന് രണ്ടായിരത്തി എഴുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമേറിയക്കാരും ഏലാംകാരും തമ്മില്‍ ബസ്വറയില്‍ വെച്ച് നടന്ന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യുദ്ധംമുതല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ യുദ്ധങ്ങള്‍വരെയുള്ളവയുടെ ലക്ഷ്യം അധികാര വിപുലീകരണവും ആഡംബര ജീവിതവും തന്നെയാണെന്ന് വ്യക്തമാണ്. ക്രിസ്താബ്ദം 755 ഡിസംബര്‍ 16 മുതല്‍ 763 ഫെബ്രുവരി 17വരെ നീണ്ടുനിന്ന ചൈനയിലെ യാങ്ങ് സാമ്രാജ്യകാലത്ത് നടന്ന അല്‍ഷി കലാപം മുതല്‍ 1939 സെപ്തംബര്‍ ഒന്നുമുതല്‍ 1945 ആഗസ്റ് 14വരെ നടന്ന രണ്ടാം ലോക മഹായുദ്ധംവരെയുള്ള ഏറ്റവുമധികം ആള്‍നാശം വിതച്ചതായി രേഖപ്പെടുത്തപ്പെട്ട ക്രിസ്തുവിന് ശേഷം നടന്ന യുദ്ധങ്ങളെക്കൊണ്ട് നേടിയതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ചിലരില്‍ നിന്ന് മറ്റു ചിലരിലേക്കുള്ള അധികാരക്കൈമാറ്റവും അതുമൂലം ചിലര്‍ക്ക് ലഭിക്കുന്ന ആഡംബര ജീവിതത്തിനുള്ള അവസരവുമെന്നല്ലാതെ മറ്റൊന്നുമല്ല. അന്‍ഷി കലാപത്തില്‍ മരിച്ചത് 4.3 കോടി പേരായിരുന്നുവെങ്കില്‍ രണ്ടാംലോക മഹായുദ്ധത്തിലെ ആള്‍നാശം 7.2 കോടിയായിരുന്നുവെന്നാണ് കണക്ക്.(16) ഇങ്ങനെ മരിച്ച കോടിക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നല്ലാതെ മറ്റൊരു കാര്യമാത്രപ്രസക്തമായ നേട്ടവും ഈ യുദ്ധങ്ങള്‍കൊണ്ടൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. കേവലമായ അധികാരക്കൈമാറ്റത്തിനല്ല, പ്രസ്തുത പ്രത്യയശാസ്ത്ര സംസ്ഥാപനത്തിനാണെന്ന് പറഞ്ഞുകൊണ്ട് നടത്തിയ കലാപങ്ങളില്‍ മരിച്ചവരുടെ സ്ഥിതിയും തഥൈവ! അവര്‍ ജീവന്‍ കൊടുത്ത് സംസ്ഥാപിച്ച പ്രത്യയശാസ്ത്രം അപ്രായോഗികവും ഉട്ടോപ്യനുമാണെന്ന് പ്രസ്തുത പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍തന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതാണല്ലോ ഇന്ന് ലോകം കേട്ടുകൊണ്ടിരിക്കുന്നത്.
അധീശത്വത്തിനോ അധികാര വിപുലീകരണത്തിനോ ആഡംബര ജീവിതത്തിനോ വേണ്ടി നടക്കേണ്ടവയാണ് യുദ്ധങ്ങളെന്ന രാഷ്ട്രമീമാംസയുടെ പരമ്പരാഗത പാഠങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(സ്വ) ചെയ്ത യുദ്ധങ്ങളുടെ ആത്മാവെന്താണെന്ന് മനസ്സിലാവുകയില്ല. അധികാര വിപുലീകരണത്തിനുവേണ്ടി നടക്കുന്ന യുദ്ധങ്ങളെ അപഗ്രഥിക്കുവാന്‍ ഉപയോഗിക്കുന്ന അതേ മൂശയിലിട്ട് ആദര്‍ശ സംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനും വേണ്ടി നടത്തുന്ന യുദ്ധങ്ങളെ മനസ്സിലാക്കുവാന്‍ ശ്രമിച്ചതുകൊണ്ടാണ് മുഹമ്മദ് നബി(സ്വ)യെ യുദ്ധക്കൊതിയനായി കാണാന്‍ ഓറിയന്റലിസ്റുകളില്‍ ചിലര്‍ ധൃഷ്ടരാവുന്നത്. സാമൂഹ്യ പരിഷ്കരണമെന്ന ലക്ഷ്യത്തോടെ മക്കയിലെ സഹജീവികള്‍ക്കിടയില്‍ ആദര്‍ശ പ്രബോധനം നിര്‍വഹിച്ചുവന്ന മുഹമ്മദിന്, അപ്രതീക്ഷിതമായി മദീനയില്‍വെച്ച് ഭരണം ലഭിച്ചതോടെ അധികാരത്തിന്റെ സ്വാദ് മനസ്സിലായിയെന്നും അതോടുകൂടി അദ്ദേഹം യുദ്ധക്കൊതിയനും ശത്രുസംഹാരകനും പ്രതികാരമൂര്‍ത്തിയും സാമ്രാജ്യസ്ഥാപകനുമെല്ലാം ആയിത്തീര്‍ന്നുവെന്നുമുള്ള വിലയിരുത്തലുകളിലെത്താനുള്ള കാരണം, ചരിത്രത്തില്‍ തങ്ങള്‍ കണ്ട് പരിചയമുള്ള യുദ്ധങ്ങളെ അപഗ്രഥിക്കുവാന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് മുഹമ്മദ് നബി(സ്വ) നടത്തിയ യുദ്ധങ്ങളെ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചതാണ്. ചരിത്രത്തിന് പരിചയമുള്ള അധികാര പ്രമത്തതയുടെ യുദ്ധങ്ങളെവിടെ, ആദര്‍ശത്തിനുവേണ്ടി മുഹമ്മദ് നബി(സ്വ) നയിച്ച യുദ്ധങ്ങളെവിടെ? താരതമ്യത്തിനുപോലും പറ്റാത്തത്രയും വ്യത്യസ്തങ്ങളാണ് ഇവ രണ്ടുമെന്നതാണ് വാസ്തവം.
നബി(സ്വ) നയിച്ച യുദ്ധങ്ങളെ നബിജീവിതത്തിന്റെ മറ്റു വശങ്ങളെയുംകൂടി പരിഗണിച്ചുകൊണ്ട് അപഗ്രഥിക്കുവാന്‍ സന്നദ്ധമായാല്‍ തങ്ങളുടെ വാദങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് നബി(സ്വ)യിലെ യുദ്ധക്കൊതിയനെ ഗവേഷണം ചെയ്തെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുതന്നെ ബോധ്യമാകും. അധികാരപ്രമത്തതയാണ് പ്രവാചക പോരാട്ടങ്ങള്‍ക്ക് പിന്നിലെന്ന് പറയുന്നവര്‍ക്ക് പ്രത്യുത പ്രമത്തതയുടെ പ്രചോദനമെന്തായിരിക്കുമെന്ന് വിശദീകരിക്കേണ്ട ബാധ്യതയുണ്ട്. ഒരാള്‍ക്ക് അധികാരമെന്തിനാണ് എന്ന ചോദ്യത്തിന് ഇവരുടെ കയ്യിലുള്ള ഉത്തരം ആഡംബര ജീവിതത്തിന് എന്നാണ്. ആഡംബര ജീവിതത്തിനാണ് അധികാരമെങ്കില്‍, അതിനോടുള്ള പ്രതിപത്തിയുള്ളയാള്‍ തീര്‍ച്ചയായും ആഡംബര പ്രിയനായിരിക്കണം. ഓരോ യുദ്ധവും കഴിയുകയും തന്റെ അധികാരപരിധി വര്‍ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് അയാളുടെ ആഡംബര ജീവിതത്തിന്റെ പൊലിമയും വര്‍ധിച്ചുകൊണ്ടിരുന്നിരിക്കണം. അങ്ങനെ ആഡംബരങ്ങളില്‍ ആറാടിക്കൊണ്ട് താനും തന്റെ കുടുംബവും ജീവിക്കുന്നതിനിടയിലായിരിക്കണം അയാള്‍ ഈ ലോകത്തുനിന്ന് വിടപറഞ്ഞിരിക്കുക. അധികാര വിപുലീകരണത്തിനായി യുദ്ധം ചെയ്ത ലോകത്തിന് പരിചയമുള്ളവരുടെയെല്ലാം അവസ്ഥയിതാണ്. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ നബിജീവിതത്തെ മുന്‍ധാരണകളില്ലാതെ പരിശോധിക്കുവാന്‍ ആത്മാര്‍ഥമായി സന്നദ്ധമാവുകയാണെങ്കില്‍ അധികാര ദുരമൂത്ത് ചെയ്തതല്ല പ്രവാചക പോരാട്ടങ്ങളെന്ന വസ്തുത വിമര്‍ശകര്‍ക്ക് പോലും സുതരാം വ്യക്തമാകും.
അറേബ്യയുടെ അധികാരിയായിരിക്കെ മരണപ്പെട്ട മുഹമ്മദ് നബി(സ്വ)യുടെ 'ആഡംബര' ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഏതാനും ഹദീഥുകള്‍ കാണുക:
ഉര്‍വ, ആഇശയില്‍നിന്ന്: അവര്‍ പറയാറുണ്ടായിരുന്നു: 'എന്റെ സഹോദരീപുത്രാ, ഞങ്ങള്‍ ചന്ദ്രപ്പിറവി ദര്‍ശിക്കുമായിരുന്നു. വീണ്ടും വീണ്ടും ചന്ദ്രപ്പിറവി കാണുമായിരുന്നു. രണ്ടുമാസത്തില്‍തന്നെ മൂന്നുതവണ-പ്രവാചകന്റെ വീടുകളില്‍ തീ കത്തിക്കാതെ'. ഉര്‍വ ചോദിച്ചു: 'മാതൃസഹോദരീ, പിന്നെ നിങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരുന്നത്?' അവര്‍ പറഞ്ഞു: 'രണ്ട് കറുത്ത സാധനങ്ങള്‍കൊണ്ട്; കാരക്കയും വെള്ളവും. പിന്നെ പ്രവാചകന് അന്‍സ്വാറുകളായ അയല്‍ക്കാരുണ്ട്. അവര്‍ക്ക് ദാനം ചെയ്യപ്പെട്ട കറവ മൃഗങ്ങളുണ്ട്. അവര്‍ പ്രവാചകന് അവയുടെ പാല്‍ അയച്ചുകൊടുക്കും. അതില്‍നിന്ന് ഞങ്ങളെ അവിടുന്ന് കുടിപ്പിക്കും.'(17)
ആഇശയിേല്‍നിന്ന്: 'പ്രവാചകന്‍(സ്വ) ഈ ലോകത്തോട് വിടചൊല്ലി. റൊട്ടിയും എണ്ണയും ഒരു ദിവസം രണ്ടുനേരം അവിടുന്ന് വയര്‍നിറച്ച് കഴിച്ചിട്ടില്ല'.(18)
ആഇശയിേല്‍നിന്ന്. അവര്‍ പറഞ്ഞു: 'നബിയുടെ കുടുംബം ഗോതമ്പ് റൊട്ടികൊണ്ട് രണ്ട് ദിവസം തുടര്‍ച്ചയായി വയര്‍ നിറയെ ഉണ്ടിട്ടില്ല; അതിലൊരു ദിവസം കാരക്കകൊണ്ടല്ലാതെ.(19)
അബൂഹാസിമില്‍േനിന്ന്: അബൂഹുറയ്റ പലപ്പോഴും കൈവിരല്‍കൊണ്ട് ആംഗ്യം കാണിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അബൂഹുറയ്റയുടെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍തന്നെ സത്യം, നബിയും കുടുംബവും ഗോതമ്പ് റൊട്ടികൊണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി വയര്‍ നിറച്ചുണ്ടിട്ടില്ല; അവിടുന്ന് ഈ ലോകത്തോട് വിടപറയുന്നതുവരെ'.(20)
ആഇശയിേല്‍നിന്ന്: 'പ്രവാചകന്‍ ഈ ലോകത്തോട് വിട പറഞ്ഞു. അന്നേരം എന്റെ ചുമര്‍ത്തട്ടില്‍ ജീവികള്‍ക്ക് എടുത്തുതിന്നാവുന്ന ഒന്നുമില്ലായിരുന്നു; അല്‍പം യവമല്ലാതെ. നീണ്ടകാലം അതില്‍നിന്ന് ഞാന്‍ ഭക്ഷിച്ചു. പിന്നെ ഞാനത് അളന്നുനോക്കി. അതോടെ അത് തീര്‍ന്നുപോയി'.(21)
സമ്മാകുബ്നു ഹര്‍ബില്‍നിന്ന്: 'നുഅ്മാനുബ്നു ബശീര്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. അദ്ദേഹമതില്‍ പറഞ്ഞു: ജനങ്ങള്‍ക്ക് ദുന്‍യാവില്‍നിന്ന് ലഭിച്ചതിനെ(വര്‍ധിച്ച വിഭവങ്ങളെ)ക്കുറിച്ച് ഉമര്‍ സൂചിപ്പിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: വിശപ്പുകൊണ്ട് പ്രവാചകന്‍ പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്; തിന്നാന്‍ ഏറ്റവും താഴ്ന്ന കാരക്കപോലുമില്ലാതെ'.(22) 
ഉമര്‍ പറഞ്ഞു: "ഉറങ്ങിയെഴുന്നേറ്റപ്പോള്‍ പായയുടെ അടയാളം ഞാന്‍ പ്രവാചകന്റെ പാര്‍ശ്വത്തില്‍ കണ്ടു. അന്നേരം ഞാന്‍ കരഞ്ഞു. അതുകണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: 'നിന്നെ കരയിപ്പിച്ച കാര്യമെന്താണ്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, നിശ്ചയമായും കിസ്റയും കൈസറും എന്തൊരു ഭൌതിക സുഖത്തിലാണ്. അങ്ങാകട്ടെ അല്ലാഹുവിന്റെ ദൂതനാണ്.' നബി(സ്വ) പ്രതിവചിച്ചു: 'അവര്‍ക്ക് ഇഹലോകവും നമുക്ക് പരലോകവുമാണുള്ളതെന്നതില്‍ നിനക്ക് തൃപ്തിയില്ലേ?''.(23)
അലി നിവേദനം: "ആട്ടുകല്ലില്‍ ധാന്യം പൊടിക്കുന്നതുകൊണ്ടുള്ള പ്രയാസത്തെപ്പറ്റി (പ്രവാചക പുത്രിയും അലിയുടെ ഭാര്യയുമായ) ഫാത്വിമ ആവലാതിപ്പെട്ടു. അപ്പോഴാണ് പ്രവാചകന് ഒരു യുദ്ധത്തടവുകാരനെ ലഭിച്ച വിവരം അവര്‍ അറിയുന്നത്. ഉടനെ അവര്‍ പ്രവാചകന്റെയടുക്കല്‍ ചെന്ന് തനിക്ക് ഒരു ഭൃത്യനെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രവാചകന്‍ ആ ആവശ്യത്തോട് യോജിച്ചില്ല. അപ്പോളവര്‍ ആഇശയുേടെ അടുക്കല്‍ ചെന്ന് കാര്യം പറഞ്ഞു. നബി(സ്വ) വന്നപ്പോള്‍ ആഇശ നബിയോട് അക്കാര്യം സൂചിപ്പിച്ചു. അപ്പോള്‍ നബി(സ്വ) ഞങ്ങളുടെ അടുക്കല്‍ വന്നു. ഞങ്ങളുടെ കിടപ്പുമുറിയില്‍ പ്രവേശിച്ചു. ഞങ്ങള്‍ എഴുന്നേല്‍ക്കുവാന്‍ തുനിഞ്ഞു. അവിടെത്തന്നെ കിടക്കുവാന്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍പാദങ്ങളുടെ തണുപ്പ് എന്റെ നെഞ്ചില്‍ അനുഭവപ്പെട്ടു. എന്നിട്ടദ്ദേഹം പറഞ്ഞു: "നിങ്ങളിരുവരും എന്നോട് ആവശ്യപ്പെട്ടതിനെക്കാള്‍ ഉത്തമമായ ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെ? നിങ്ങള്‍ കിടക്കാനൊരുങ്ങുമ്പോള്‍ 34 തവണ 'അല്ലാഹു അക്ബര്‍' എന്നും 33 തവണ 'അല്‍ഹംദുലില്ലാഹ്' എന്നും 33 തവണ 'സുബ്ഹാനല്ലാഹ്' എന്നും പറയുക. നിശ്ചയമായും നിങ്ങള്‍ ചോദിച്ചതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമാണിത്.'' (24)
"അനസില്‍ (റ) നിന്ന്: വാറുകളോടുകൂടിയ ദ്രവിച്ച രണ്ട് ചെരിപ്പുകള്‍ പുറത്തെടുത്തുകൊണ്ട്, ഇവ നബി(സ്വ)യുടേതാണെന്ന് അനസ് പറഞ്ഞു.''(25)
"ആഇശ (റ)യില്‍നിന്ന്: കഷ്ണംവെച്ച ഒരു വസ്ത്രം പുറത്തെടുത്ത് ആഇശ (റ)പറഞ്ഞു: ഈ വസ്ത്രം ധരിച്ച അവസ്ഥയിലാണ് നബി (സ്വ) നിര്യാതനായത്. മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം: യമന്‍ നിര്‍മിതമായ കട്ടിയുള്ള തുണിയും 'മുലബ്ബദ്' (കഷ്ണംവെച്ച് തുന്നിയത്) എന്ന് പറയപ്പെടുന്ന ഒരു വസ്ത്രവും അവര്‍ പുറത്തെടുത്തു. (എന്നിട്ട് മേല്‍പറഞ്ഞ പ്രകാരം ആഇശ (റ) പറഞ്ഞു.)''(26)
"അനസില്‍(റ)നിന്ന്: നബിയുടെ പാനപാത്രം പൊട്ടി, പൊട്ടിയ ഭാഗം വെള്ളി ചേര്‍ത്ത് യോജിപ്പിച്ചു.''(27)
ആഇശ(റ)യില്‍നിന്ന്: ഒരു ജൂതന് തന്റെ പടയങ്കി മുപ്പത് സാഅ് ബാര്‍ലിക്കു(28) വേണ്ടി പണയം വെക്കപ്പെട്ട രീതിയിലാണ് അല്ലാഹുവിന്റെ ദൂതന്‍ മരണപ്പെട്ടത്.(29) 
അനസില്‍(സ്വ)നിന്ന്: ഏതാനും ബാര്‍ലി ധാന്യങ്ങള്‍ക്കുവേണ്ടി ദൈവദൂതന്‍ തന്റെ പടയങ്കി ഒരു ജൂതന് പണയപ്പെടുത്തിയിരുന്നു, തീര്‍ച്ച. കൊഴുപ്പ് അലിയിപ്പിച്ച ഏതാനും ബാര്‍ലി ധാന്യങ്ങളുമായി ഒരിക്കല്‍ ഞാന്‍ പ്രവാചകന്നടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഒമ്പത് വീടുകളുണ്ടെങ്കിലും മുഹമ്മദിന്റെ കുടുംബത്തിന്റെ പക്കല്‍ രാവിലത്തെയും രാത്രിയിലെയും ഭക്ഷണത്തിനായി ഒരിക്കലും ഒരു സാഇലധികം ധാന്യങ്ങളുണ്ടായിട്ടില്ല'.(30) 
അബൂഹുറയ്റ പറയുന്നു: "ഈത്തപ്പഴം പറിക്കുമ്പോള്‍ അതിന്റെ സകാത്ത് ഓരോരുത്തരും കൊണ്ടുവരിക പതിവായിരുന്നു. ഓരോരുത്തരും കൊണ്ടുവന്നത് കൂട്ടിയിട്ട് അത് ഈത്തപ്പഴത്തിന്റെ ഒരു വലിയ കൂമ്പാരമായിത്തീരും. ഒരിക്കല്‍ ഹസന്‍, ഹുസൈന്‍ എന്നീ കുട്ടികള്‍ ആ ഈത്തപ്പഴം എടുത്ത് കഴിക്കാന്‍ തുടങ്ങി. അതിനിടക്ക് ഒരു കുട്ടി ഒരു ഈത്തപ്പഴമെടുത്ത് വായിലിട്ടു. ഉടനെ അല്ലാഹുവിന്റെ ദൂതന്‍ കുട്ടിയുടെ വായില്‍നിന്ന് അത് പുറത്തേക്കെടുത്തിട്ട് അരുളി: "മുഹമ്മദിന്റെ കുടുംബങ്ങള്‍ സകാത്തിന്റെ ധനം തിന്നുകയില്ലെന്ന് നിനക്കറിയില്ലേ?''(31)
മാസങ്ങളോളം പച്ചവെള്ളവും കാരക്കയും തിന്ന് ജീവിതം തള്ളിനീക്കുന്ന പ്രവാചകനും കുടുംബവും!
ഒരു ദിവസം രണ്ടുനേരം പോലും വയര്‍നിറച്ച് ഭക്ഷണം കഴിക്കാത്ത രാഷ്ട്രനേതാവ്!
വിലകുറഞ്ഞ കാരക്കപോലും ഭക്ഷിക്കുവാനില്ലാതെ വിശപ്പ് സഹിക്കുന്ന ജനനായകന്‍!
ശരീരത്തില്‍ ചുവന്ന പാടുകളുണ്ടാക്കുമാറുള്ള പരുക്കന്‍ ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുന്ന അന്തിമ പ്രവാചകന്‍!
ദ്രവിച്ച ചെരിപ്പുകളും കഷ്ണംവെച്ച കുപ്പായവുമണിഞ്ഞ് രാഷ്ട്രഭരണം നടത്തുന്ന ദൈവദൂതന്‍!
സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാനായി തന്റെ പടയങ്കി ജൂതന്റെ പക്കല്‍ പണയംവെച്ച രീതിയില്‍ മരണപ്പെട്ട രാഷ്ട്രപതി!
പൊട്ടിപ്പോയിട്ട് വിളക്കിവെച്ച് ഉപയോഗിക്കുന്ന പാനപാത്രം ഉപയോഗിക്കുന്ന ജനനേതാവ്!
അനന്തരാവകാശമായി തന്റെ കുടുംബത്തിന് ഒന്നും അവശേഷിപ്പിക്കാതെ ഇഹലോകവാസം വെടിഞ്ഞ അന്തിമ പ്രവാചകന്‍!
പൊതുമുതലില്‍നിന്ന് ഒരു കാരക്ക തിന്നാനൊരുമ്പെട്ട പിഞ്ചുബാലനായ പൌത്രനെ തടയുകയും ശാസിക്കുകയും ചെയ്യുന്ന മാര്‍ഗദര്‍ശകന്‍!
അധ്വാനിച്ച് പൊട്ടിയ കൈകളുമായി തനിക്ക് ഒരു ഭൃത്യനെ അനുവദിച്ച് തരണമെന്നപേക്ഷിച്ച സ്വന്തം മകളോട് അതിന് കഴിയില്ലെന്ന് നിസ്സങ്കോചം മറുപടി പറഞ്ഞ രാഷ്ട്ര നേതാവ്!
നിരവധി യുദ്ധങ്ങള്‍ ചെയ്യുകയും അധികാരമുറപ്പിക്കുകയും ചെയ്തതിനുശേഷമുള്ള നബിജീവിതത്തിന്റെ നഖചിത്രമാണിത്. ഇനി നബിവിമര്‍ശകര്‍ പറയട്ടെ, പ്രവാചകന്‍(സ്വ) യുദ്ധം ചെയ്തത് തന്റെ ആഡംബര ജീവിതത്തെ പൊലിപ്പിക്കുവാനായിരുന്നുവെന്ന്! തനിക്ക് ജീവിതസുഖങ്ങള്‍ നല്‍കുന്ന അധികാരത്തോടുള്ള മോഹംകൊണ്ടാണ് നബി(സ്വ) യുദ്ധം ചെയ്തതെന്ന് അദ്ദേഹത്തിന്റെ ജീവതത്തെക്കുറിച്ച് സമഗ്രമായി പഠിച്ചാല്‍ കടുത്ത നബിവിരോധിക്കുപോലും പറയാനാവില്ല എന്നതാണ് വാസ്തവം. അരപ്പട്ടിണിയും ഉണക്കറൊട്ടിയും കാരക്കയും പച്ചവെള്ളവും കഴിച്ചുള്ള ജീവിതവും മകളോട് അടുക്കളയില്‍ അധ്വാനിക്കുവാനുപദേശിച്ചുകൊണ്ടുള്ള സമാശ്വസിപ്പിക്കലും പനയോലപ്പായയില്‍ കിടന്നുറങ്ങിയും കഷ്ണംവെച്ച പരുക്കല്‍ കുപ്പായമിട്ടുകൊണ്ടുള്ള ഭരണനിര്‍വഹണവുമായിരുന്നു അന്നത്തെ ആഡംബര ജീവിതമെന്ന് ഗവേഷണഫലം പുറത്തുവിടാന്‍ നബിവിരോധികളൊന്നുംതന്നെ ധൃഷ്ടരാവുകയില്ലെന്ന് നാം പ്രത്യാശിക്കുക!
ഗോത്രങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുന്നതിനും അവരെ കൊള്ളയടിച്ച് യുദ്ധാര്‍ജിത സ്വത്തുക്കള്‍ നേടിയെടുക്കുന്നതിനും അതുവഴി ആഡംബര ജീവിതം നയിക്കുന്നതിനുംവേണ്ടി നടത്തിയിരുന്ന അറേബ്യന്‍ ഗോത്രവര്‍ഗ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ആദര്‍ശത്തിനുവേണ്ടി മാത്രമാണ് യുദ്ധം ചെയ്യേണ്ടതെന്ന പാഠം പഠിപ്പിക്കുകയുമെന്ന ദൌത്യമാണ് മുഹമ്മദ് നബി(സ്വ) താന്‍ നിയോഗിക്കപ്പെട്ട സമൂഹത്തില്‍ നിര്‍വഹിച്ചത്. അതോടൊപ്പംതന്നെ, സാമ്രാജ്യത്വ മോഹങ്ങളെ സാക്ഷാല്‍ക്കരിക്കുന്നതിനായി നിരപരാധികളെ കൊന്നൊടുക്കുന്നത് ന്യായീകരണമര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി, പ്രസ്തുത സ്വാതന്ത്യ്രം തടയപ്പെടുമ്പോഴും സ്വന്തം സുരക്ഷയെ തകര്‍ത്തുകൊണ്ട് നാടിനെ അടിമപ്പെടുത്തുവാനായി സായുധ മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കുവാനും വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടതെന്നും ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും പഠിപ്പിക്കുകകൂടി ചെയ്തു, മുഹമ്മദ്(സ്വ). ഗോത്രവൈര്യത്തിലും അക്രമണോല്‍സുകതയിലും എതിര്‍ ഗോത്രങ്ങളെ കൊള്ളയടിച്ച് അവരുടെ സ്വത്തുപയോഗിക്കുകയും തരുണീമണികളെ വെപ്പാട്ടികളാക്കിത്തീര്‍ത്ത് അവരില്‍നിന്ന് രതിസുഖം നുകരുകയും ചെയ്യുന്നതില്‍ എത്രമാത്രം അഭിരമിക്കുന്നവരായിരുന്നു അറബികളെന്ന് കഅ്ബാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന (മുഅല്ലഖാത്ത്) ഇംറുല്‍ ഖൈസ് ബ്നു ഹുജ്റ്, ത്വറഫതുബ്നു അബ്ദ്, സുഹൈറുബ്നു അബീസുല്‍മ, ലബീദുബ്നു റബീഅഃ, അന്‍തരബ്നു ശദാദ്, അംറുബ്നു കുല്‍ഥൂം, ഹാരിഥുബ്നു ഹില്ലിസ എന്നീ ജാഹിലിയ്യാ കവികളുടെ രചനകള്‍ വ്യക്തമാക്കുന്നുണ്ട്.(32) അത്തരക്കാരെ ആദര്‍ശത്തിനുവേണ്ടി സമരം ചെയ്യുന്നവരാക്കിത്തീര്‍ത്ത് യുദ്ധത്തെ മാനവവല്‍ക്കരിക്കേണ്ടത് എങ്ങനെയെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്.
ആദര്‍ശത്തിനുവേണ്ടിയല്ലാത്ത പോരാട്ടങ്ങളൊന്നും അംഗീകരിച്ചുകൂടായെന്ന് മാത്രമല്ല, ഇസ്ലാമിനുവേണ്ടി നടക്കുന്ന പോരാട്ടത്തില്‍ പങ്കെടുക്കുമ്പോള്‍പോലും സത്യമതത്തിന്റെ ഔന്നത്യവല്‍ക്കരണമല്ലാത്ത മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിക്കൂടെന്നുകൂടിയാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചത്.
"അബൂമൂസല്‍ അശ്അരിയില്‍ (റ) നിന്ന്: ഒരു ഗ്രാമീണ അറബി, നബി(സ്വ)യുടെ അടുത്തുവന്ന് പറഞ്ഞു: 'ദൈവദൂതരേ, ഒരാള്‍ സമരാര്‍ജിത സ്വത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാള്‍ കീര്‍ത്തിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാള്‍ തന്റെ സ്ഥാനവും ശൂരതയും ജനങ്ങളെ അറിയിക്കാന്‍ യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍? പ്രവാചകന്‍ (സ്വ) പ്രതിവചിച്ചു: 'അല്ലാഹുവിന്റെ വചനം അത്യുന്നതമായിത്തീരാന്‍ യുദ്ധം ചെയ്യുന്നവനാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധം ചെയ്യുന്നവന്‍).''(33)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍ പങ്കെടുക്കുമ്പോള്‍പോലും താന്‍ നല്ലൊരു പടയാളിയാണെന്ന് അറിയപ്പെടണമെന്ന ആഗ്രഹമോ മറ്റെന്തെങ്കിലും തരത്തിലുള്ള സ്വാര്‍ഥമായ താല്‍പര്യങ്ങളോ ഉണ്ടായാല്‍ അതുവഴി നരകപ്രവേശമാണുണ്ടാവുകയെന്ന് ഗൌരവതരമായി പ്രവാചകന്‍(സ്വ) താക്കീത് ചെയ്തിട്ടുണ്ട്.
"അബൂഹുറയ്റ (റ)യില്‍നിന്ന്: അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്‍പിക്കപ്പെടുക രക്തസാക്ഷിത്വം വരിച്ച ഒരാളുടെ കാര്യത്തിലാണ്. അയാളെ കൊണ്ടുവന്ന് അയാള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അയാളെ ഓര്‍മിപ്പിക്കുകയും അയാള്‍ മനസ്സിലാക്കുകയും ചെയ്യും. അപ്പോള്‍ അല്ലാഹു ചോദിക്കും: 'അത് നീ എങ്ങനെ വിനിയോഗിച്ചു?' രക്തസാക്ഷിത്വം വരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ ഞാന്‍ യുദ്ധം ചെയ്തുവെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും: 'നീ കളവ് പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ യുദ്ധം ചെയ്തത്. അത് പറയപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ'. പിന്നീട് അയാള്‍ക്ക് ശിക്ഷ വിധിക്കുകയും മുഖം നിലത്തിട്ട് വലിച്ചിഴച്ച് നരകത്തില്‍ എറിയപ്പെടുകയും ചെയ്യും.(34)
"അബൂഹുറയ്റ(റ)ല്‍നിന്ന്: ഒരാള്‍വന്ന് ദൈവദൂതരോട്(സ്വ) ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനോടൊപ്പം ചില ഭൌതിക നേട്ടങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സ്ഥിതിയെന്താണ്?' പ്രവാചകന്‍(സ്വ) മറുപടി പറഞ്ഞു: 'അയാള്‍ക്ക് യാതൊരുവിധ പ്രതിഫലവുമില്ല'. അയാള്‍ ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അല്ലാഹുവിന്റെ ദൂതന്‍(സ്വ) ഒരേ മറുപടിതന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്.''(35)
"അബ്ദുല്ലാഹിബ്നു അംറില്‍(റ)നിന്ന്: ഞാന്‍ പ്രവാചകനോട് ആവശ്യപ്പെട്ട 'ജിഹാദിനെയും സൈനിക നടപടികളെയുംപറ്റി എനിക്ക് പറഞ്ഞുതന്നാലും'. അദ്ദേഹം പറഞ്ഞു: 'ഓ അബ്ദുല്ലാഹിബ്നു അംറ്! അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ടാണ് നീ സഹനത്തോടെ പോരാടിയതെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള നിന്റെ പ്രതിഫലവും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും നീ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. ആളുകളെ കാണിക്കുവാനും ഭൌതിക വിഭവങ്ങള്‍ ആഗ്രഹിച്ചുംകൊണ്ടാണ് നീ അടരാടുന്നതെങ്കില്‍ അത് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും നീ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. ഓ, അബ്ദുല്ലാഹിബ്നു അംറെ! എന്തൊരു ഉദ്ദേശത്തിനുവേണ്ടിയാണോ നീ പടപൊരുതിയതും കൊല്ലപ്പെട്ടതും. ആ അവസ്ഥയിലായിരിക്കും നീ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക.''(36)
ഗോത്രമഹിമക്കോ അന്ധമായ കക്ഷിമാല്‍സര്യത്തിനോ വേണ്ടിയുള്ള യുദ്ധങ്ങളെയും മുഹമ്മദ് നബി(സ്വ) നിരോധിച്ചു. എന്തിനുവേണ്ടിയാണ് യുദ്ധമെന്ന് കൃത്യമായി മനസ്സിലാക്കാതെ തന്റെ കക്ഷിയാണ് ആയുധമെടുത്തിരിക്കുന്നത് എന്നതിനാല്‍ സായുധരാവുകയും രണഭൂമിയില്‍പോയി മരണപ്പെടുകയും ചെയ്താല്‍ പ്രസ്തുത മരണം ഇസ്ലാമികമല്ലെന്നും അത് ജാഹിലിയ്യത്തിന്റെതാണെന്നുമാണ് നബി(സ്വ) പഠിപ്പിച്ചത്.
"അബൂഹുറയ്റ (റ)യില്‍നിന്ന്: നബി (സ്വ)പ്രസ്താവിച്ചു: 'അനുസരണം കൈവെടിയുകയും സംഘടനയെ വേര്‍പിരിയുകയും അങ്ങനെ ആ നിലയില്‍ മരിക്കുകയും ചെയ്തവന്റേത് ജാഹിലിയ്യാ മരണമാണ്. ഒരാള്‍ ഒരു പക്ഷത്തിനുവേണ്ടി ദേഷ്യപ്പെട്ടോ ഒരു പക്ഷത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടോ അല്ലെങ്കില്‍ ഒരു പക്ഷത്തെ സഹായിച്ചുകൊണ്ടോ അന്ധമായ കൊടിക്കുപിന്നില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യുകയും എന്നിട്ട് വധിക്കപ്പെടുകയും ചെയ്താല്‍ ജാഹിലിയ്യാ മരണമാണ് അയാള്‍ക്ക് സംഭവിച്ചിട്ടുള്ളത്. എന്റെ സമുദായത്തിലെ നല്ലവനെയും തെമ്മാടിയേയും വെട്ടിക്കൊന്ന് അവര്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുകയും അവരിലെ സത്യവിശ്വാസിയുടെ കാര്യം സൂക്ഷിക്കാതിരിക്കുകയും കരാര്‍ ചെയ്തവനോട് ആ കരാര്‍ പാലിക്കാതിരിക്കുകയും ചെയ്തവന്‍ എന്നില്‍പ്പെട്ടവനല്ല; ഞാന്‍ അവനില്‍പ്പെട്ടവനുമല്ല.''(37)
'ജുന്‍ദബ്ബ്നു അബ്ദുല്ല(റ)യില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: വ്യക്തമല്ലാത്ത ഒരു കാരണത്തിനുവേണ്ടി അന്ധമായി ഒരാള്‍ യുദ്ധം ചെയ്യുകയും ഗോത്രവര്‍ഗീയതയെ പ്രതിനിധീകരിക്കുകയും അതിനുവേണ്ടി കോപിഷ്ടനാവുകയും മരണപ്പെടുകയും ചെയ്താല്‍ അയാള്‍ ജാഹിലിയ്യാ മരണമാണ് മരിച്ചിരിക്കുന്നത്'.(37) 
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള, അവന്റെ പ്രീതി മാത്രം ലക്ഷ്യമാക്കിക്കൊണ്ട് മുസ്ലിംകള്‍ നടത്തുന്ന യുദ്ധത്തില്‍ അവന്‍ ആഗ്രഹിക്കുകയും പ്രതിക്ഷീക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സഹായമാണ്. അതുകൊണ്ടുതന്നെ അത്തരം യുദ്ധങ്ങളില്‍ അണിനിരക്കേണ്ടത് ആദര്‍ശ ശുദ്ധിയുള്ളവര്‍ മാത്രമാകണമെന്ന് പ്രവാചകന്‍(സ്വ) നിഷ്കര്‍ഷിച്ചതായി കാണാന്‍ കഴിയും. ബദ്റിലേക്കുള്ള യാത്രാമധ്യെ നടന്ന ഒരു സംഭവം നോക്കുക.
"നബിപത്നി ആഇശയില്‍ (റ) നിന്ന്: നബി (സ്വ) ബദ്റിന്റെ നേരെ പുറപ്പെട്ടു. ഹര്‍റതുല്‍വബറയിലെത്തിയപ്പോള്‍ ഒരാള്‍ നബി (സ്വ)യെ കാണാനിടയായി. അയാളുടെ ധീരതയും സഹായമനസ്ഥിതിയും പ്രസിദ്ധമാണ്. അയാളെ കണ്ടപ്പോള്‍ നബി (സ്വ)യുടെ അനുചരന്മാര്‍ സന്തോഷിച്ചു. അയാള്‍ നബി(റ)യുമായി സന്ധിച്ചപ്പോള്‍ പറഞ്ഞു: 'അങ്ങയെ പിന്തുടരാനും അങ്ങയോടൊപ്പം നേട്ടങ്ങള്‍ കൈവരിക്കാനുമാണ് ഞാന്‍ വന്നിട്ടുള്ളത്.' അപ്പോള്‍ അവിടുന്ന് ചോദിച്ചു: 'താങ്കള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നുണ്ടോ?' അയാള്‍: 'ഇല്ല'. നബി: 'എങ്കില്‍ തിരിച്ചുപൊയ്ക്കൊള്ളുക. ഞാനൊരിക്കലും ബഹുദൈവ വിശ്വാസിയുടെ സഹായം തേടുക യില്ല.' അവര്‍ (ആഇശ) പറയുകയാണ്: അവിടുന്ന് വീണ്ടും മുന്നോട്ടുപോയി. അങ്ങനെ ഞങ്ങള്‍ അശ്ശജറ'യില്‍ എത്തിയപ്പോള്‍ നബി (സ്വ)യെ ആ മനുഷ്യന്‍ വീണ്ടും കാണാനിടയായി. അപ്പോള്‍ അയാള്‍ നബി (സ്വ)യോട് മുമ്പ്പറഞ്ഞത് ആവര്‍ത്തിച്ചു. നബി (സ്വ)യും പഴയതുതന്നെ ആവര്‍ത്തിച്ചശേഷം പറഞ്ഞു: 'എങ്കില്‍ നിങ്ങള്‍ തിരിച്ചുപൊയ്ക്കൊള്ളുക. ഞാന്‍ ബഹുദൈവ വിശ്വാസിയുടെ സഹായം തേടുകയില്ല.' അവര്‍ (ആഇശ) പറയുന്നു: പിന്നീട് അയാള്‍ മടങ്ങിവന്നു. അങ്ങനെ മരുഭൂമിയില്‍വെച്ച് അയാള്‍ നബി (സ്വ)യെ കണ്ടുമുട്ടി. അപ്പോഴും അയാളോട് നബി (സ്വ)ആദ്യം ചോദിച്ചതുപോലെ ചോദിച്ചു. 'താങ്കള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ, വിശ്വസിക്കുന്നു.' അപ്പോള്‍ നബി(സ്വ)പറഞ്ഞു: 'എങ്കില്‍ താങ്കള്‍ ഞങ്ങളുടെകൂടെ പുറപ്പെട്ടുകൊള്ളുക.''(38) 
എത്രതന്നെ വീരശൂരനായ പോരാളിയാണെങ്കിലും അയാള്‍ മുസ്ലിമാണെന്ന് പ്രഖ്യാപിക്കാത്തിടത്തോളം ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയുള്ള പടയോട്ടത്തില്‍ അയാളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ഇസ്ലാം സ്വീകരിച്ചതോടെ അയാളെ പടയണിയില്‍ ചേര്‍ക്കുകയും ചെയ്ത പ്രവാചക നടപടിയില്‍നിന്ന് വര്‍ഗീയതയുടെ ലാഞ്ചനപോലുമില്ലാത്തതാണ് ഇസ്ലാം പഠിപ്പിക്കുന്ന യുദ്ധമെന്ന വസ്തുത സുതരാം വ്യക്തമാകുന്നുണ്ട്. ആദര്‍ശത്തിന്റെ പേരില്‍ രണ്ടുതവണ മാറ്റിനിര്‍ത്തപ്പെടുകയും 'താങ്കള്‍ ബഹുദൈവാരാധകനായതിനാല്‍ താങ്കളുടെ സഹായം ഞങ്ങള്‍ക്കാവശ്യമില്ലാ'യെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തയാള്‍ക്കുതന്നെ ഇസ്ലാം സ്വീകരിച്ചതോടെ മുസ്ലിം പടയണിയില്‍ സ്ഥാനം നല്‍കിയത് അയാളുടെ ആദര്‍ശമാറ്റംകൊണ്ട് മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാകും. വംശീയതയുടെയും വര്‍ഗീയതയുടെയും പേരിലുള്ള യുദ്ധം ഇസ്ലാമിന് അന്യമാണെന്നാണ് ഇത് പഠിപ്പിക്കുന്നതെന്ന് വ്യക്തമാണ്.
യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ യുദ്ധത്തിന് ഒരുങ്ങേണ്ടത് ഓരോ മുസ്ലിമിന്റെയും കര്‍ത്തവ്യമാണ്. യുദ്ധരംഗത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുകയോ പിന്‍മാറുകയോ ചെയ്ത് ഭീരുത്വം പ്രകടിപ്പിക്കുന്നതിന് പകരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുവാന്‍ സന്നദ്ധനാവുകയും ആ രംഗത്ത് ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യേണ്ടവനാണ് മുസ്ലിം. ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയുള്ള യുദ്ധത്തില്‍ ത്യാഗങ്ങള്‍ സഹിക്കുകയും ആവശ്യമെങ്കില്‍ മരിക്കുവാന്‍ സന്നദ്ധനാവുകയും ചെയ്യുന്നതിന് പ്രചോദിപ്പിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും നബിനിര്‍ദേശങ്ങളും യുദ്ധങ്ങളും രക്തസാക്ഷ്യവുംവഴി ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശ്വാസികളെ തെര്യപ്പെടുത്തിക്കൊണ്ടാണ് ആ രംഗത്ത് മുന്നേറുവാന്‍ ആവേശം നല്‍കുന്നത്. അനിവാര്യമായ യുദ്ധസാഹചര്യത്തില്‍ വിശ്വാസികളൊന്നും യുദ്ധരംഗത്തേക്കിറങ്ങുവാന്‍ അറച്ചുനില്‍ക്കരുതെന്ന് പഠിപ്പിക്കുകയും യുദ്ധത്തിന് പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള വചനങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചുകൊണ്ടാണ് ക്വുര്‍ആനും നബിവചനങ്ങളുമെല്ലാം വളര്‍ത്തുന്നത് യുദ്ധക്കൊതി പൂണ്ട സമൂഹത്തെയാണെന്ന് വിമര്‍ശകര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ശത്രുക്കള്‍ യുദ്ധത്തിനൊരുങ്ങി വരുന്ന സാഹചര്യത്തില്‍ മുസ്ലിംകളെയും യുദ്ധ സജ്ജരാക്കുകയെന്ന ദൌത്യമാണ് പ്രസ്തുത വചനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് അവതരിക്കപ്പെട്ട സന്ദര്‍ങ്ങള്‍ക്കകത്തുനിന്നുകൊണ്ട് പ്രസ്തുത വചനങ്ങളെ അപഗ്രഥിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കുന്നതിനായി സര്‍വായുധ സജ്ജരായ ശത്രുക്കള്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ മുസ്ലിംകളെ സമരസജ്ജരാക്കുകയും ശത്രുക്കളെ പ്രതിരോധിച്ച് ഇസ്ലാമിക സമൂഹത്തെ സംരക്ഷിക്കുവാന്‍ മുസ്ലിംകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിന് 'യുദ്ധക്കൊതി'യെന്ന് വിളിക്കാമെങ്കില്‍ മാത്രമെ ക്വുര്‍ആനും ഹദീഥുകളും വളര്‍ത്തുന്നത് യുദ്ധക്കൊതിപൂണ്ട സമൂഹത്തെയാണെന്ന് പറയാനാവൂ. യുദ്ധക്കൊതിയില്ലാത്തവര്‍ക്ക് ഭൂമിയില്‍ ജീവിക്കാനാവില്ലെന്നുകൂടി അനുബന്ധമായി പറയാന്‍ സന്നദ്ധരാണെങ്കില്‍ മാത്രമെ ഇസ്ലാമിക പ്രമാണങ്ങളെ തത്വിഷയകമായി പ്രതിക്കൂട്ടില്‍ കയറ്റാനാവൂ എന്നതാണ് വാസ്തവം.
യുദ്ധത്തിനുവേണ്ടി വിളിക്കപ്പെട്ടാല്‍ മുസ്ലിംകളെല്ലാം യുദ്ധസജ്ജരാകേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. യുദ്ധം അനിവാര്യമായ സാഹചര്യത്തില്‍ മുസ്ലിം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് സ്വന്തം ജീവന്‍ ബലിയറുപ്പിക്കുവാന്‍ സന്നദ്ധനായി പടക്കളത്തിലിറങ്ങുകയാണ്. ദൈവിക വിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തത്തെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ജിഹാദ്, ആദര്‍ശ പ്രബോധനത്തിന് നാവും പേനയും കരവും സമ്പത്തും സമയവുമെല്ലാം വിനിയോഗിച്ചുകൊണ്ട് തുടരുകയും അനിവാര്യമായ സാഹചര്യത്തില്‍ ആയുധമെടുത്ത് അടരാടിക്കൊണ്ട് പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്നു. ത്യാഗ പരിശ്രമം എന്ന് അര്‍ഥംവരുന്ന ജിഹാദ് പൂര്‍ണമായി അന്വര്‍ഥമാക്കുന്നത് സ്വന്തം ജീവന്‍ ത്യജിച്ചുകൊണ്ട് അടര്‍ക്കളത്തിലിറങ്ങി ദൈവമാര്‍ഗത്തിലുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴാണ്. ആദര്‍ശ സമരത്തിന്റെ പര്യായമെന്നോണം 'ജിഹാദ്' എന്ന് പ്രയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായത് ജീവത്യാഗമാണ് ദൈവമാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളില്‍ ഏറ്റവും കഠിനതരവും ഏറെ ക്ഷമയും സഹനവുമാവശ്യമുള്ളതുമെന്നതുകൊണ്ടായിരിക്കണം. ഹദീഥ് ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലുമെല്ലാം ജിഹാദിനെക്കുറിച്ച അധ്യായങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സായുധ പോരാട്ടത്തെക്കുറിച്ചായതും അതുകൊണ്ടുതന്നെയായിരിക്കണം. 'ജിഹാദുകളില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏതാണ്?' എന്ന അനുചരനായ അംറുബ്നു അബശിന്റെ ചോദ്യത്തിന് 'ഒരാളുടെ രക്തം ചിന്തുകയും കുതിരക്ക് പരിക്കുപറ്റുകയും ചെയ്യുന്നത്' എന്ന പ്രവാചകന്റെ(സ്വ) ഉത്തരത്തില്‍നിന്നും(39) വ്യക്തമാവുന്നതും അനിവാര്യഘട്ടങ്ങളില്‍ ചെയ്യുന്ന സായുധ സമരം തന്നെയാണ് ജിഹാദുകളില്‍ ഉന്നതശീര്‍ഷമായത് എന്നുതന്നെയാണല്ലോ.
യുദ്ധം അനിവാര്യമായ സാഹചര്യത്തില്‍ അടര്‍ക്കളത്തിലിറങ്ങുവാന്‍ മുസ്ലിംകളെല്ലാം ബാധ്യസ്ഥരാണെന്ന് ക്വുര്‍ആനും ഹദീഥുകളും തെര്യപ്പെടുത്തുന്നുണ്ട്. പോരാട്ടത്തിനായി വിളിക്കപ്പെട്ടുകഴിഞ്ഞാല്‍ ഭൌതിക ജീവിതത്തോടുള്ള ആര്‍ത്തി വെടിഞ്ഞ് ദൈവമാര്‍ഗത്തില്‍ രണാങ്കണത്തിലിറങ്ങി പോരാടുകയും ശത്രുവിനെതിരെ സധൈര്യം മുന്നേറുകയും രക്തസാക്ഷ്യത്തിന് കൊതിച്ചുകൊണ്ടുതന്നെ പടക്കളത്തില്‍ നിലനില്‍ക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: 
"യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (2:216)
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.'' (2:244)
ഭൌതിക ജീവിതത്തിലെ സുഖസൌകര്യങ്ങളെക്കാള്‍ മരണാനന്തര ജീവിതത്തിലെ അനുഗ്രഹങ്ങളാഗ്രഹിക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ സമ്പത്തോ സന്താനങ്ങളോ ഇണകളോ തുണകളോ വീടോ പറമ്പോ കച്ചവടമോ കൃഷിയോ ഒന്നുംതന്നെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തില്‍നിന്ന് അവനെ തടഞ്ഞുനിര്‍ത്തുന്ന കാര്യങ്ങളാവുകയില്ലെന്നും അങ്ങനെ ആയിത്തീരുന്നപക്ഷം അത്തരക്കാര്‍ അല്ലാഹുവിന്റെ ശാപ-കോപ-താപങ്ങള്‍ക്ക് വിധേയരായിത്തീരുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
"(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.'' (9:24)
"സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മ്മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (9:38,39)
ഹദീഥുകളും ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്. ഇബ്നു ഉമറില്‍(റ)ല്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'നിങ്ങള്‍ ഈനാ കച്ചവടത്തില്‍ വ്യാപൃതരാവുകയും പശുവിന്റെ വാലില്‍ പിടിച്ചുതൂങ്ങുകയും കൃഷിയില്‍ മാത്രമായി ശ്രദ്ധയൂന്നുകയും ജിഹാദിനെ കൈവെടിയുകയും ചെയ്താല്‍ അല്ലാഹു നിങ്ങള്‍ക്ക് മേല്‍ അധമത്വമുണ്ടാക്കും; നിങ്ങള്‍ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ പ്രസ്തുത അധമത്വം നീങ്ങിപ്പോവുകയില്ല'.(40) 
യുദ്ധം അനിവാര്യമായിത്തീരുന്ന സന്ദര്‍ഭങ്ങളില്‍ ഭൌതിക ജീവിതത്തിലെ സുഖസൌകര്യങ്ങളിലേക്ക് ചാഞ്ഞുകൊണ്ട് യുദ്ധത്തിന് സന്നദ്ധരാകാതിരിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ഭൂഷണമല്ലെന്നും മരണ ഭയമില്ലാതെ അടര്‍ക്കളത്തിലിറങ്ങേണ്ടവനാണ് വിശ്വാസിയെന്നും തെര്യപ്പെടുത്തുന്ന നിരവധി വചനങ്ങള്‍ ക്വുര്‍ആനിലും ഹദീഥുകളിലുമുണ്ട്.
"ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. അവന്റെ പക്കല്‍ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്‍ക്കുള്ളത്.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (4:95,96)
"ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.'' (4:74)
"വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.'' (9:20-22)
"തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൌറാത്തിലും ഇന്‍ജീലിലും ക്വുര്‍ആനിലും തന്റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.'' (9:111)
"അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.'' (49:15)
"സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്.) അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ,) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (61:10-13)
"എന്നാല്‍(നബിയേ) നീ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്റെ സ്വന്തം
കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.'' (4:84)
"നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്.'' (8:65)
യുദ്ധത്തിന് പ്രേരിപ്പിക്കുകയും അതിന്റെ പ്രതിഫലം വ്യക്തമാക്കുകയും ചെയ്യുന്ന ഏതാനും ഹദീഥുകള്‍ നോക്കുക.
"അബൂഹുറയ്റയില്‍നിന്ന്: ഒരാള്‍ നബി (സ്വ)യെ സമീപിച്ച് പറഞ്ഞു: 'ജിഹാദിന് സമാനമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് താങ്കള്‍ എനിക്ക് അറിയിച്ചുതന്നാലും.' നബി(സ്വ) പറഞ്ഞു: 'ജിഹാദിന് തുല്യം മറ്റൊരു പ്രവൃത്തി ഞാന്‍ കാണുന്നില്ല.' നബി(സ്വ) തുടര്‍ന്നു: 'ഒരു പോരാളി യുദ്ധത്തിനായി പോകുമ്പോള്‍ നിനക്ക് നിന്റെ പള്ളിയില്‍ പ്രവേശിച്ച് തളരാതെ നിന്ന് നമസ്കരിക്കാനും തുടരെ മുറിക്കാതെ നോമ്പ് നോല്‍ക്കാനും കഴിയുമോ?'' അയാള്‍ പറഞ്ഞു: 'അതിന് ആര്‍ക്കാണ് കഴിയുക?!''(41)
"അബൂസഈദില്‍ ഖുദ്രിയ്യില്‍നിന്ന്: 'അല്ലാഹുവിന്റെ ദൂതരേ, മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണ്?' ഒരാള്‍ നബി (സ്വ)യോട് ചോദിച്ചു. അപ്പോള്‍ നബി (സ്വ) പ്രതിവചിച്ചു: 'അല്ലാഹുവിന്റ മാര്‍ഗത്തില്‍ സ്വശരീരംകൊണ്ടും സമ്പത്തുകൊണ്ടും സമരം ചെയ്യുന്ന സത്യവിശ്വാസി.' അവര്‍ ചോദിച്ചു: 'പിന്നെ ആരാണ്?' നബി (സ്വ) പറഞ്ഞു: 'മലഞ്ചെരുവുകളൊന്നില്‍, അല്ലാഹുവെ ഭയപ്പെട്ടും ജനങ്ങളെ ശല്യംചെയ്യാതെയും കഴിയുന്ന സത്യവിശ്വാസി''(42)
"അബൂഹുറയ്റയില്‍നിന്ന്: നബി (സ്വ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേല്‍ക്കുന്ന ആരും-അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേല്‍ക്കുന്നത്. ആര്‍ക്കാണെന്ന് അല്ലാഹുവിനാണ് നന്നായറിയുക- അന്ത്യനാളില്‍ രക്തവര്‍ണത്തോടെയും കസ്തൂരി ഗന്ധത്തോടെയുമാണ് ആഗതരാവുക.''(43)
"അബൂബക്രിബ്നു അബ്ദില്ലാഹിബ്നു ഖൈസ്, തന്റെ പിതാവില്‍നിന്ന്: ശത്രു സാന്നിധ്യത്തിലായിരുന്ന എന്റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടു: പ്രവാചകന്‍ അരുളി: 'സ്വര്‍ഗകവാടങ്ങള്‍വാളിന്റെ തണലിലാകുന്നു.' ദരിദ്രനും ദുര്‍ബലനുമാണെന്ന് തോന്നിക്കുന്ന ഒരാള്‍ എണീറ്റ് ചോദിച്ചു: 'അബൂമൂസാ, ഇപ്രകാരം പ്രവാചകന്‍ (സ്വ) പറയുന്നത് താങ്കള്‍ കേട്ടതാണോ?' 'അതെ' - അദ്ദേഹം പറഞ്ഞു. അതോടെ അയാള്‍ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് മടങ്ങിച്ചെന്ന് പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാന്‍ സലാം പറയുന്നു.' തുടര്‍ന്ന് വാളുറ പൊട്ടിച്ച് അതവിടെ ഇട്ടു. എന്നിട്ട് വാളെടുത്ത് ശത്രുനിരയിലേക്ക് പോയി. അതുകൊണ്ട് (ശത്രുക്കളെ) വെട്ടി. അങ്ങനെ അദ്ദേഹം വധിക്കപ്പെട്ടു.''(44)
"അബൂഹുറയ്റയില്‍നിന്ന്: റസൂല്‍ (സ്വ) അരുളി: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെട്ടവന്റെ ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. എന്റെ മാര്‍ഗത്തിലുള്ള ജിഹാദും എന്നിലുള്ള വിശ്വാസവും എന്റെ ദൂതനെ സത്യപ്പെടുത്തലും മാത്രമാണ് അവനെ പുറപ്പെടാന്‍ പ്രേരിപ്പിച്ചത്. അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അല്ലെങ്കില്‍ അവന്‍ കരസ്ഥമാക്കിയ പ്രതിഫലവും യുദ്ധാര്‍ജിത സമ്പത്തുമായി അവന്‍ പുറപ്പെട്ട ഭവനത്തിലേക്ക് ഞാന്‍ തിരിച്ചെത്തിക്കും (അതും ഞാന്‍ ചെയ്യുമെന്ന് ഉറപ്പ്). മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനില്‍ സത്യം, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ല മുറിവും ഏറ്റവന്‍, മുറിവേറ്റപ്പോഴുണ്ടായ അതേ അവസ്ഥയിലും രൂപത്തിലും അന്ത്യദിനത്തില്‍ വരുന്നതാണ്. അതിന്റെ നിറം രക്തവര്‍ണമായിരിക്കും. ഗന്ധം കസ്തൂരിയുടെ സുഗന്ധവും. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനില്‍ സത്യം, മുസ്ലിംകള്‍ക്ക് പ്രയാസമുണ്ടാകുമായിരുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന സൈന്യത്തിന്റെ കൂടെ പുറപ്പെടാതെ ഒരിക്കലും ഞാന്‍ വീട്ടില്‍ ഇരിക്കുമായിരുന്നില്ല. പക്ഷെ, അവരെ വഹിച്ചുകൊണ്ടുപോകാനുള്ള വാഹനങ്ങള്‍ നല്‍കാന്‍ എനിക്ക് കഴിവില്ല. അവര്‍ക്കും കഴിവില്ല. (ഞാന്‍ യുദ്ധത്തിന് പുറപ്പെടുകയാണെങ്കില്‍) എന്നില്‍നിന്ന് പിന്തിനില്‍ക്കുന്നത് അവര്‍ക്ക് പ്രയാസവുമുണ്ടാക്കും. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനില്‍ സത്യം, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും, വീണ്ടും യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും വീണ്ടും യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''(45)
"അബൂസഈദില്‍ ഖുദ്രിയില്‍നിന്ന്: റസൂല്‍ (സ്വ) പറഞ്ഞു: "ഹേ! അബൂസഈദ്, ഏതൊരുവന്‍ അല്ലാഹുവെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് നബിയെ നബിയായും തൃപ്തിപ്പെട്ടുവോ അവന് സ്വര്‍ഗം ഉറപ്പായി.' അബൂസഈദിന് ഇത് കേട്ടപ്പോള്‍ വളരെ സന്തോഷമുണ്ടായി. അദ്ദേഹം ചോദിച്ചു: "ദൈവദൂതരേ, ഒന്നുകൂടി അതെനിക്ക് ആവര്‍ത്തിച്ചാലും.' പ്രവാചകന്‍ (സ്വ) അങ്ങനെ ചെയ്തു. തുടര്‍ന്ന് പറഞ്ഞു: 'മറ്റൊന്ന് കൂടിയുണ്ട്. അത് മുഖേന ദൈവദാസന്‍ സ്വര്‍ഗത്തില്‍ നൂറ് പദവി ഉയര്‍ത്തപ്പെടുന്നു. എല്ലാ രണ്ട് പദവികള്‍ തമ്മിലുമുള്ള അകലവും ആകാശ ഭൂമികള്‍ക്കിടയിലുള്ള ദൂരമുണ്ട്.' 'അതെന്താണ് റസൂലേ?' -അദ്ദേഹം ചോദിച്ചു. 'അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ്, അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ്'. റസൂല്‍ പ്രതിവചിച്ചു.''(46)
അബൂഹുറൈറ(റ)യില്‍നിന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടുന്നത് ഇഹലോകത്തെയും അതിലുള്ളവയെയുംക്കാള്‍ ഉത്തമമാണ്.'(47) 
അബൂഹുറയ്റയില്‍(റ)നിന്ന്: പ്രവാചകന്‍(സ്വ) പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പൊടിപടലങ്ങളും നരകത്തിലെ തീയും ഒരിക്കലും മുസ്ലിമിന്നകത്ത് ഒരുമിക്കുകയില്ല'.(48) 
അനസുബ്നു മാലികില്‍(റ)നിന്ന്: പ്രവാചകന്‍(സ്വ) പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചവരുടെ ശരീരത്തില്‍പറ്റുന്ന പൊടിപടലങ്ങള്‍ക്ക് തുല്യമായ അത്രയും കസ്തൂരി അന്ത്യനാളില്‍ അവരുടെ ശരീരത്തിലുണ്ടായിരിക്കും'.(49) 
മുആദ്ബ്നു ജബലില്‍(റ)നിന്ന്: പ്രവാചകന്‍(സ്വ) പറഞ്ഞു: 'ഒരു പെണ്ണൊട്ടകത്തെ രണ്ടുനേരം പാല്‍ കറക്കുന്ന സമയത്തിനിടയിലെങ്കിലും ഒരു മുസ്ലിം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്താല്‍ അവന് സ്വര്‍ഗം ഉറപ്പായിമാറി'.(50) 
അനസുബനു മാലികില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'അല്ലാഹു പറയുന്നു: എന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുന്നവര്‍ക്ക് എന്നില്‍നിന്നുള്ള ഉറപ്പുണ്ട്. ഞാന്‍ അവനെ പിടിച്ചെടുത്താല്‍ അവന് അനന്തരമായി ഞാന്‍ സ്വര്‍ഗം നല്‍കും. ഞാന്‍ അവനെ തിരിച്ചയച്ചാല്‍ അവന്നുള്ള പ്രതിഫലമോ യുദ്ധാര്‍ജിത സമ്പത്തോ ആയിട്ടായിരിക്കും അവന്‍ തിരിച്ചുപോവുക'.(51) 
അബൂഹുറയ്റയില്‍(റ)നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'മൂന്നുപേരെ സഹായിക്കല്‍ അല്ലാഹു തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അവന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം നടത്തുന്നവര്‍, മോചനപത്രമെഴുതി അത് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്ന അടിമ, ചാരിത്രശുദ്ധിയാഗ്രഹിച്ച് വിവാഹിതനാകുന്നയാള്‍ എന്നിവരാണവര്‍'.(52) 
രക്തസാക്ഷ്യം ആഗ്രഹിച്ചുകൊണ്ടാണ് സത്യവിശ്വാസികള്‍ യുദ്ധം ചെയ്യേണ്ടതെന്ന് ക്വുര്‍ആനും നബിവചനങ്ങളും തെര്യപ്പെടുത്തുന്നു. രക്തസാക്ഷികള്‍ മരിക്കുകയല്ല ചെയ്യുന്നതെന്നും പ്രത്യുത അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ അനുഗൃഹീതമായ ജീവിതം ആസ്വദിക്കുന്നവരാണ് അവരെന്നും എന്നതിനാല്‍തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ ആത്യന്തികമായി ആഗ്രഹിക്കേണ്ടത് രക്തസാക്ഷ്യമാണെന്നും അതിനാല്‍ പിന്തിരിയാതെ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറുകയാണ് വേണ്ടതെന്നും പഠിപ്പിക്കുന്ന വചനങ്ങള്‍ വിശ്വാസികള്‍ക്ക് ധൈര്യവും സ്ഥൈര്യവും നല്‍കുന്നവയാണ്. 
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.'' (3:169)
ഈ വചനത്തെ മുഹമ്മദ് നബി(സ്വ) വ്യാഖ്യാനിക്കുന്നത് കാണുക:
"മസ്റൂഖില്‍നിന്ന്: "ദൈവിക സരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്ന് നീ വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു. തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.'' (ആലുഇംറാന്‍: 169) എന്ന സൂക്തത്തെക്കുറിച്ച് ഞങ്ങള്‍ അബ്ദുല്ലാഹിബ്നു മസ്ഊദിനോട് ചോദിച്ചു: അദ്ദേഹം പറഞ്ഞു: ഞങ്ങളതെക്കുറിച്ച് (നബി (സ്വ)യോട്) ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: "അവരുടെ ആത്മാവുകള്‍ ഹരിതവര്‍ണമുള്ള പക്ഷികളുടെ ഉള്ളിലായിരിക്കും. അര്‍ശില്‍ തൂങ്ങിക്കിടക്കുന്ന വര്‍ണ വിളക്കുകള്‍ അവക്കുണ്ടായിരിക്കും. സ്വര്‍ഗാരാമത്തില്‍ യഥേഷ്ടം അവ മേഞ്ഞ് നടക്കും. തുടര്‍ന്ന് ആ വിളക്കുകള്‍ക്കടുത്ത് അവ കൂടണയും. അപ്പോള്‍ അവരുടെ നാഥന്‍ അവരെ നോക്കിയിട്ട് ചോദിക്കും: 'നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?' അവര്‍ ചോദിക്കും: 'സ്വര്‍ഗാരാമത്തില്‍ ഇഷ്ടമുള്ളിടത്ത് സ്വതന്ത്രമായി പാറിപ്പറന്നുല്ലസിക്കുന്ന ഞങ്ങള്‍ ഇനി എന്ത് മോഹിക്കാനാണ്?' മൂന്ന് പ്രാവശ്യം അവരോട് ഇതേ ചോദ്യം അവന്‍ ആവര്‍ത്തിക്കും. എന്തെങ്കിലും ആവശ്യപ്പെടാതെ വിടില്ലെന്ന് കാണുമ്പോള്‍ അവര്‍ പറയും: 'നാഥാ, മറ്റൊരു പ്രാവശ്യംകൂടി നിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ കഴിയുംവിധം ഞങ്ങളുടെ ആത്മാവുകളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് നീ മടക്കിത്തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.' മറ്റാവശ്യങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിടും.''(53)
ഇബ്നു അബ്ബാസില്‍(റ)നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നിങ്ങളുടെ സഹോദരന്‍മാര്‍ ഉഹ്ദില്‍ വെച്ച് രക്തസാക്ഷികളായപ്പോള്‍ അവരുടെ ആത്മാവിനെ അല്ലാഹു സ്വര്‍ഗത്തില്‍ പാറിനടക്കുകയും സ്വര്‍ഗീയ നദികളില്‍ കുളിക്കുകയും അവിടുത്തെ കായ്കനികള്‍ ഭക്ഷിക്കുകയും ദൈവിക സിംഹാസനത്തിന്റെ തണലില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ണ വിളക്കുകളില്‍ കൂടണയുകയും ചെയ്യുന്ന പച്ചക്കിളികള്‍ക്കകത്ത് വെച്ചു. തങ്ങള്‍ക്ക് ലഭിച്ച ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും താമസ സ്ഥലത്തിന്റെയും മാധുര്യം ആസ്വദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. 'ഞങ്ങള്‍ സ്വര്‍ഗത്തില്‍ ജീവിച്ചിരിക്കുകയും ആവശ്യമായതെല്ലാം നല്‍കപ്പെടുകയും ചെയ്യുന്നുവെന്ന് ഞങ്ങളുടെ സഹോദരങ്ങളെ അറിയിക്കുകയും അങ്ങനെ അവര്‍ക്ക് ജിഹാദില്‍ താല്‍പര്യമില്ലാത്ത അവസ്ഥയില്ലാതാക്കുകയും യുദ്ധത്തില്‍നിന്ന് പിന്തിരിയാത്തവിധത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്യാന്‍ ആരാണുള്ളത്?'. അപ്പോള്‍ അത്യുന്നതനായ അല്ലാഹു പറഞ്ഞു: 'അക്കാര്യം ഞാന്‍ അവരെ അറിയിക്കാം'. അങ്ങനെയാണ് സൂറത്തു ആലുഇംറാനിലെ 169-ാം വചനം അവതരിപ്പിക്കപ്പെട്ടത്'.(54) 
സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രക്തസാക്ഷികള്‍ ഭൂമിയിലേക്ക് തിരിച്ചുവരികയും വീണ്ടും വീണ്ടും രക്തസാക്ഷികളാകാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന് പ്രവാചകന്‍(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. 
അനസ് (റ)ല്‍നിന്ന്: റസൂല്‍ (സ്വ) അരുളി: 'സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരാളും ഭൂമിയിലേക്ക്-അതിലെ എല്ലാ സൌകര്യങ്ങളും അവന് ലഭിച്ചാല്‍ത്തന്നെയും-മടങ്ങിവരാന്‍ ആഗ്രഹിക്കുകയില്ല; രക്തസാക്ഷി ഒഴികെ. (രക്തസാക്ഷികള്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുന്ന) ആദരവ് കാണുമ്പോള്‍ അവര്‍ ഭൂമിയിലേക്ക് മടങ്ങിവരികയും പത്ത് പ്രാവശ്യമെങ്കിലും വധിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യും.''(55) 
അല്ലാഹുവിന്റെ പക്കല്‍ ഉന്നതമായ പദവികള്‍ നല്‍കുന്ന രക്തസാക്ഷ്യം ഓരോ മുസ്ലിമും കൊതിക്കേണ്ടതാണെന്നും അങ്ങനെ കൊതിക്കുന്നവര്‍ക്ക് രക്തസാക്ഷിയാകുവാന്‍ സാധിച്ചില്ലെങ്കില്‍പോലും അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ്വ) ഏത് സാഹചര്യത്തിലാണെങ്കിലും യുദ്ധം ആവശ്യമായിത്തീരുമ്പോള്‍ അതിന് സന്നദ്ധനാകുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. 
"സഹ്ലുബ്നു ഹുനൈഫില്‍നിന്ന്: നബി (സ്വ) അരുളി: 'സത്യസന്ധമായി ആരെങ്കിലും അല്ലാഹുവോട് രക്തസാക്ഷിത്വം തേടിയാല്‍ അല്ലാഹു അവനെ രക്തസാക്ഷികളുടെ പദവികളില്‍ എത്തിക്കുന്നതാണ്; അവന്‍ തന്റെ വിരിപ്പില്‍കിടന്ന് മരിക്കുകയാണെങ്കില്‍ പോലും.''(56)
മുആദുബ്നു ജബലില്‍(റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍, ഒരു പെണ്ണൊട്ടകത്തിന്റെ രണ്ടുനേരത്തെ കറവുകള്‍ക്കിടയിലെയത്ര സമയമെങ്കിലും ആരെങ്കിലും യുദ്ധം ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം ഉറപ്പായി. ആത്മാര്‍ഥതയോടെ രക്തസാക്ഷ്യത്തിനുവേണ്ടി ഒരാള്‍ അല്ലാഹുവിനോട് തേടിയാല്‍ അയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടാലും അതല്ലാതെ മരണപ്പെട്ടാലും അയാള്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലമുണ്ടായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവ് പറ്റുകയോ മുറിവ് സഹിക്കുകയോ ചെയ്യുന്നയാള്‍ പ്രസ്തുത മുറിവുമായാണ് പുനരുത്ഥാനനാളില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. മുമ്പത്തേതിനെക്കാള്‍ വര്‍ധമാനമായ രീതിയില്‍ ഒലിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത മുറിവിന്റെ നിറം കുങ്കുമത്തിന്റെയും മണം കസ്തൂരിയുടേതുമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പറ്റിയ മുറിവന്റെ വ്രണം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നയാളുടെ മേല്‍ രക്തസാക്ഷിയുടെ സീല്‍ ഉണ്ടായിരിക്കും.''(57) 
കടമൊഴികെയുള്ള പാപങ്ങളെല്ലാം രക്തസാക്ഷ്യത്തിലൂടെ പൊറുക്കപ്പെടുമെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുമ്പോഴും അതിന് സജ്ജരാകുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
"അബ്ദുല്ലാഹിബ്നു അംരിബ്നില്‍ ആസ്വില്‍നിന്ന്: നബി(സ്വ) അരുളി: 'കടം ഒഴികെ എല്ലാ പാപവും രക്തസാക്ഷിക്ക് പൊറുക്കപ്പെടുന്നതാണ്.''(58) 
"അബൂഖതാദ, നബി (സ്വ)യില്‍നിന്ന്: ഒരിക്കല്‍ പ്രവാചകന്‍(സ്വ) സ്വഹാബികളുടെ മുന്നില്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: 'ദൈവിക മാര്‍ഗത്തിലെ ജിഹാദും അല്ലാഹുവിലുള്ള വിശ്വാസവും ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളാകുന്നു.' അപ്പോള്‍ ഒരാള്‍ എണീറ്റുനിന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ വധിക്കപ്പെട്ടാല്‍ എന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമോ?' ദൈവദൂന്‍ അവനോട് പറഞ്ഞു: 'അതെ, നീ സഹനമുള്ളവനും അല്ലാഹുവില്‍ നിന്ന് മാത്രം പ്രതിഫലം ആഗ്രഹിക്കുന്ന ആത്മാര്‍ഥതയുള്ളവനും ശത്രുമുഖത്തുനിന്ന് പിന്തിരിയാതെ മുന്നിട്ട് ചെല്ലുന്നവരുമായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടാല്‍'. തുടര്‍ന്ന് പ്രവാചകന്‍ (സ്വ) ചോദിച്ചു: 'നീയെന്താണ് ചോദിച്ചത്? അയാള്‍ പറഞ്ഞു: "ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടാല്‍ എന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമോ? അങ്ങയുടെ അഭിപ്രായം എന്താണ്?'' പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: "അതെ, നീ സഹനമുള്ളവനും ആത്മാര്‍ഥതയുള്ളവനും ശത്രുമുഖത്തുനിന്ന് പിന്തിരിഞ്ഞോടാതെ മുന്നിട്ട് ചെല്ലുന്നവനുമാണെങ്കില്‍; കടബാധ്യത ഒഴികെ ജിബ്രീല്‍ എന്നോട് അപ്രകാരം പറഞ്ഞിരിക്കുന്നു.''(59)
മിഖ്ദാമിബ്നു മഅ്ദീകരിബില്‍(റ)നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'രക്തസാക്ഷിക്ക് അല്ലാഹുവുമായി ആറ് കാര്യങ്ങളുണ്ട്. അയാളുടെ ഒന്നാമത്തെ തുള്ളി രക്തം ചിന്തുമ്പോള്‍ തന്നെ അയാളുടെ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു; അയാള്‍ക്ക് സ്വര്‍ഗത്തിലെ തന്റെ സ്ഥാനം കാണിച്ചുകൊടുക്കുന്നു; ഖബ്റിലെ ശിക്ഷയില്‍നിന്ന് അയാള്‍ക്ക് വിടുതലുണ്ടാകുന്നു. മഹാഭീതിയില്‍നിന്ന് അയാള്‍ക്ക് സംരക്ഷണം ലഭിക്കുന്നു; വിശ്വാസത്തിന്റെ വസ്ത്രം അയാളെ അണിയിക്കുന്നു; വിശാലാക്ഷികളായ ഹൂറികള്‍ അയാള്‍ക്ക് ഇണകളായി നല്‍കപ്പെടുന്നു; തന്റെ ബന്ധുക്കളായ എഴുപതുപേര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യാന്‍ അയാള്‍ക്ക് അനുമതി ലഭിക്കുന്നു'.(60) 
ഇസ്ലാമിക സമൂഹത്തെ തകര്‍ക്കുവാനായി ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍ മുസ്ലിംകള്‍ വെറുതെയിരിക്കുകയല്ല വേണ്ടത് എന്നും സായുധസജ്ജരാകേണ്ടതുണ്ടെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. "സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ധരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ക്ക് (അല്ലാഹുവെ) തോല്‍പിക്കാനാവില്ല. അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല. ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്വ് കാണിക്കുകയും, അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (8:59-61)
ചുറ്റും ശത്രുക്കള്‍ വലയം ചെയ്യുകയും ഏത് സമയത്തും യുദ്ധമുണ്ടാകാമെന്ന അവസ്ഥ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മുസ്ലിംകളെല്ലാം യുദ്ധസജ്ജരായിരിക്കേണ്ടതുണ്ടെന്നും സായുധ പ്രതിരോധത്തിന് ഒരുങ്ങിയിരിക്കേണ്ടതുണ്ടെന്നും ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ പരിശീലിക്കണമെന്നും തന്റെ രാഷ്ട്രസംവിധാനത്തിന് കീഴില്‍ ജീവിക്കുന്ന മുസ്ലിംകളോട് പ്രവാചകന്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. യുദ്ധസാഹചര്യത്തില്‍, ഇസ്ലാമിക സാമൂഹ്യ സംവിധാനത്തിനകത്ത് ജീവിക്കുന്ന മുസ്ലിംകള്‍ക്കെല്ലാം പ്രസ്തുത നിര്‍ദേശം ബാധകമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ നായകന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്താല്‍ അതില്‍ പങ്കെടുക്കുവാനാവശ്യമായ കരുത്തും ശേഷിയുമുള്ളവരായിരിക്കണം രാഷ്ട്രത്തിലെ പൌരന്‍മാരെന്ന് പഠിപ്പിക്കുന്നവയാണ് പ്രസ്തുത നിര്‍ദേശങ്ങള്‍.
"അബൂഹുറയ്റയില്‍നിന്ന്: നബി (സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചും പ്രതിഫലത്തെക്കുറിച്ച വാഗ്ദാനം സത്യപ്പെടുത്തിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു കുതിരയെ യുദ്ധസജ്ജമാക്കി നിര്‍ത്തിയാല്‍, അതിന്റെ വയര്‍ നിറയുന്നതും അതിന്റെ ദാഹം ശമിക്കുന്നതും അതിന്റെ മലമൂത്രങ്ങളും (അവയുടെ പ്രതിഫലം) അന്ത്യനാളില്‍ അയാളുടെ നന്മയുടെ ത്രാസില്‍ വയ്ക്കപ്പെടും.''(61) 
"ഉര്‍വതുല്‍ ബാരിഖിയില്‍നിന്ന്: നബി (സ്വ)പറഞ്ഞു: കുതിരയുടെ നെറ്റിയിലേക്ക് തൂങ്ങിനില്‍ക്കുന്ന രോമത്തില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിട്ടുണ്ട്; അതായത് പാരത്രിക പ്രതിഫലവും യുദ്ധാര്‍ജിത ധനവും.''(62) 
"അനസുബ്നു മാലികില്‍നിന്ന്: നബി (സ്വ)പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹവും നന്മയും, കുതിരയുടെ നെറ്റിയിലേക്ക് തൂങ്ങിനില്‍ക്കുന്ന രോമത്തിലാണ്.''(63) 
"ഉഖ്ബതുബ്നു ആമിറില്‍നിന്ന്: പ്രവാചകന്‍ (സ്വ) പറയുന്നത് ഞാന്‍ ശ്രവിച്ചു. രാജ്യങ്ങള്‍ നിങ്ങള്‍ ജയിച്ചടക്കും. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും അല്ലാഹു നിങ്ങള്‍ക്ക് സംരക്ഷണമേകും. അതിനാല്‍ അമ്പെയ്ത്ത് വിദ്യയില്‍ പരിശീലനം നേടുന്നതില്‍ നിങ്ങള്‍ വീഴ്ചവരുത്തരുത്.''(64)
"ഉഖ്ബതുബ്നു ആമിറില്‍നിന്ന്: റസൂല്‍ (സ്വ) മിമ്പറില്‍വെച്ച് പറയുന്നത് ഞാന്‍ കേട്ടു: "അവര്‍ക്കെതിരില്‍ നിങ്ങളുടെ കഴിവിന്‍പടി ശക്തി സംഭരിക്കുക'' (അല്‍അന്‍ഫാല്‍: 60). അറിയുക, ശക്തി എന്നാല്‍ എറിയലാകുന്നു. അറിയുക, ശക്തി എന്നാല്‍ എറിയലാകുന്നു. അറിയുക, ശക്തി എന്നാല്‍ എറിയലാകുന്നു.''(65)
ഉഖ്ബത്തുബ്നു ആമിര്‍(റ)ല്‍നിന്ന്: ദൈവദൂതന്‍ പറഞ്ഞു: 'ഒരൊറ്റ അമ്പുകൊണ്ട് അല്ലാഹു മൂന്നുപേരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് അത് നിര്‍മിച്ചയാള്‍; അത് എയ്തുവിടുന്നയാള്‍; അത് അയാള്‍ക്ക് കൈമാറുന്നയാള്‍ എന്നിവരാണവര്‍. അതിനാല്‍ നിങ്ങള്‍ സവാരി ചെയ്യുകയും അമ്പെയ്ത്ത് നടത്തുകയും ചെയ്യുക. എന്നാല്‍ അമ്പെയ്ത്താണ് സവാരിയെക്കാള്‍ എനിക്ക് പ്രിയങ്കരം. മൂന്ന് കാര്യങ്ങളൊഴിച്ചുള്ള വിനോദങ്ങളെല്ലാം നിഷ്ഫലമാണ്. തന്റെ കുതിരയെ പരിശീലിപ്പിക്കുക; തന്റെ ഭാര്യയുമായി സല്ലപിക്കുക; അമ്പും വില്ലും ഉപയോഗിച്ച് അസ്ത്ര പ്രയോഗം നടത്തുക എന്നിവയാണവ. അമ്പെയ്ത്ത് പഠിച്ചശേഷം അതിനോട് താല്‍പര്യമില്ലാതെ ഉപേക്ഷിക്കുന്നവന്‍ തനിക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് ഉപേക്ഷിക്കുന്നത്; പ്രസ്തുത അനുഗ്രഹത്തോട് അവന്‍ കൃതഘ്നനായി'(66) 
തമീമുദ്ദാരിയില്‍(റ)നിന്ന്: ദൈവദൂതന്‍ പറയുന്നതായി ഞാന്‍ കേട്ടു: 'ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു കുതിരയെ ബന്ധിക്കുകയും അതിന് തന്റെ കൈകൊണ്ട് ഭക്ഷണം നല്‍കുകയും ചെയ്താല്‍ അതിന്റെ ഓരോ ധാന്യത്തിനും അയാള്‍ക്ക് പ്രതിഫലം നല്‍കപ്പെടും'.(67) 
അംറുബിന്‍ അബശില്‍(റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു: 'ഒരാള്‍ തന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെയ്യുകയും അത് ശത്രുവിനടുത്തെത്തുകയും ചെയ്താല്‍, അത് അയാളുടെമേല്‍ പതിച്ചാലും ഇല്ലെങ്കിലും എയ്തയാള്‍ക്ക് ഒരു അടിമയെ മോചിപ്പിച്ചതുപോലെയാണ്'.(68) 
പോരാളിയെ ഒരുക്കുന്നതും രാജ്യത്തിന് കാവല്‍ നില്‍ക്കുന്നതും യുദ്ധത്തിനുവേണ്ടി സമ്പത്ത് ചെലവഴിക്കുന്നതുമെല്ലാം മഹത്തായ കാര്യങ്ങളാണെന്നാണ് മുസ്ലിം പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.
"സല്‍മാനില്‍നിന്ന്: ദൈവദൂതന്‍ പറയുന്നതായി ഞാന്‍ കേട്ടു: 'ഒരു രാവും പകലും ദൈവമാര്‍ഗത്തില്‍ സമരസജ്ജരായി ശത്രുവിനെ നിരീക്ഷിച്ചിരിക്കുന്നത്, ഒരുമാസം പകല്‍ വ്രതമനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ്. (ആ മാര്‍ഗത്തില്‍) മരണപ്പെടുകയാണെങ്കില്‍ ഇഹലോകത്ത് ചെയ്തുകൊണ്ടിരുന്ന സല്‍പ്രവൃത്തിയുടെ പ്രതിഫലം സ്ഥിരമായി ലഭിക്കുന്നതാണ്. അവന് ജീവിതവിഭവം തുടര്‍ച്ചയായി നല്‍കപ്പെടുന്നതായിരിക്കും. ഖബ്ര്‍ ശിക്ഷയില്‍നിന്ന് സുരക്ഷിതനുമായിരിക്കും.''(69) 
"സൈദുബ്നു ഖാലിദില്‍ ജുഹനിയ്യിയില്‍ നിന്ന്: നബി(സ്വ) അരുളി: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിന് ഒരു പോരാളിയെ ഒരുക്കി അയച്ചവന് യുദ്ധം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. ഒരാള്‍ യോദ്ധാവിന്റെ കുടുംബത്തിന് നല്ല നിലയിലുള്ള പ്രതിനിധിയായി നിലകൊണ്ടാല്‍' അവനും യുദ്ധം ചെയ്ത പ്രതിഫലം ലഭിക്കുന്നു.''(70)
അബ്ദുല്ലാഹിബ്നു അംറി(റ)ല്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'പടയാളിക്ക് അയാളുടെ പ്രതിഫലം ലഭിക്കുന്നു. പടയാളിയെ സാമ്പത്തികമായി സഹായിക്കുന്നയാള്‍ക്ക് അയാളുടെയും പടയാളിയുടെയും പ്രതിഫലം ലഭിക്കുന്നു'.(71) 
ഉമറുബ്നുല്‍ ഖത്വാബി(റ)ല്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. 'ഒരാള്‍ ഒരു പടയാളിയെ സായുധസജ്ജനാക്കിയാല്‍ അയാള്‍ മരിക്കുകയോ മടങ്ങുകയോ ചെയ്യുന്നതുവരെ അയാള്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം അയാള്‍ക്ക് നല്‍കപ്പെടുന്നതുപോലെയുള്ള പ്രതിഫലം സായുധനാക്കിയ ആള്‍ക്കും ലഭിക്കും'.(72) 
ഫദാലത്തുബ്നു ഉബൈദില്‍(റ)നിന്ന്: ദൈവദൂതന്‍(സ്വ) പറഞ്ഞു: 'മരണപ്പെടുന്നതോടെ എല്ലാവരുടെ കര്‍മങ്ങള്‍ക്കും മുദ്രവെക്കപ്പെടുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയും പ്രസ്തുത ശ്രമത്തില്‍ മരണപ്പെടുകയും ചെയ്തവരൊഴികെ. അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ന്യായവിധി നാളുവരെ വര്‍ധിച്ചുകൊണ്ടിരിക്കും. ക്വബ്റിലെ ശിക്ഷകളില്‍നിന്ന് അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. സ്വന്തം ആത്മാവിനെതിരെ പോരാടുന്നവനാണ് മുജാഹിദ്'.(73) 
സത്യവിശ്വാസികളെല്ലാം ആദര്‍ശ സംരക്ഷണത്തിനുവേണ്ടി യുദ്ധം ചെയ്യുമ്പോള്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ അലസരായിരിക്കാന്‍ പാടില്ലെന്നും രണാങ്കണത്തിലിറങ്ങി പോരാടുവാന്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെല്ലാം സന്നദ്ധമാകണമെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ്വ), യുദ്ധം ചെയ്യുകയോ അതിന് ആഗ്രഹിക്കുകയോ ചെയ്യാതെ മരണപ്പെടുകയെന്നാല്‍ അത് ഭീരുത്വവും അത്തരം ഭീരുത്വത്തിലേക്ക് ആപതിക്കുന്ന അവസ്ഥ മുസ്ലിംകള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത പതിത്വമാണെന്നുമാണ് തന്റെ അനുയായികളെ തെര്യപ്പെടുത്തിയത്. 
"അബൂഹുറയ്റയില്‍നിന്ന്: റസൂല്‍ (സ്വ) അരുളി: 'യുദ്ധം ചെയ്യാതെയും അതിനെക്കുറിച്ച് മനസ്സില്‍ ആഗ്രഹിക്കുകപോലും ചെയ്യാതെയും ഒരുത്തന്‍ മരണപ്പെടുന്നുവെങ്കില്‍ കാപട്യത്തിന്റെ വിഹിതവുമായിട്ടാണവന്‍ മരണം വരിക്കുന്നത്.' അബ്ദുല്ലാഹിബ്നു മുബാറക് പറഞ്ഞു: അത് റസൂലിന്റെ കാലത്തായിരുന്നുവെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.''(74)
യുദ്ധത്തില്‍ പങ്കെടുക്കുകയോ അതിന് ആഗ്രഹിക്കുകയോ ചെയ്യാതെ മരണപ്പെട്ടാല്‍ അത് കാപട്യമാണെന്ന പ്രവാചക വചനം മുഹമ്മദ് നബി(സ്വ)യുടെ കാലത്തെ അവസ്ഥയെയാണ് ദ്യോതിപ്പിക്കുന്നത് എന്ന ഹദീഥ് പണ്ഡിതനായ ഇബ്നു മുബാറക്കിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. പ്രവാചകനും(സ്വ) അനുചരന്‍മാരും എതിരാളികളുമായി പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയോ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാത്തത് കാപട്യം കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇങ്ങനെ കാപട്യം കാണിക്കുന്നവര്‍ക്ക് പൊടുന്നനെയുള്ള നാശമാണ് വന്നുഭവിക്കാനിരിക്കുന്നത് എന്നും മുഹമ്മദ് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അബൂഉമാമ(റ)യില്‍നിന്ന്: പ്രവാചകന്‍(സ്വ) പറഞ്ഞു: 'ഒരാള്‍ യുദ്ധത്തിന് പോവുകയോ അതിന് പടയാളിയെ സജ്ജമാക്കുകയോ യുദ്ധത്തിന് പോയ പടയാളിയുടെ കുടുംബത്തെ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പെട്ടെന്നുണ്ടാകുന്ന നാശംകൊണ്ട് അല്ലാഹു അവനെ ശിക്ഷിക്കുകതന്നെ ചെയ്യും'.(75) 
അബൂഹുറയ്റ(റ)യില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞതായി ഞാന്‍ കേട്ടു: 'കണിശമായ പിശുക്കും മാറ്റമൊന്നുമില്ലാത്ത ഭീരുത്വവുമാണ് ആണുങ്ങളില്‍ കാണുന്നതില്‍വെച്ച് ഏറ്റവും മോശം സ്വഭാവങ്ങള്‍'.(76) 
എന്നാല്‍ രോഗംമൂലമോ മറ്റ് പ്രയാസങ്ങള്‍ കാരണമായോ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍, അവര്‍ നേരിടുന്ന പ്രയാസങ്ങളില്ലായിരുന്നുവെങ്കില്‍ രണാങ്കണത്തില്‍ ഉണ്ടാകുമായിരുന്നു എന്നതിനാല്‍ അവര്‍ക്കും പ്രതിഫലമുണ്ടായിരിക്കുമെന്ന് പ്രവാചകന്‍(സ്വ) സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. ഭീരുത്വമോ കാപട്യമോ അല്ല അവരെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിച്ചത് എന്നതുകൊണ്ടാണിത്. 
"ജാബിറില്‍നിന്ന്: ഞങ്ങള്‍ നബി (സ്വ)യോടൊപ്പം ഒരു യുദ്ധത്തില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'മദീനയില്‍ കുറച്ചാളുകളുണ്ട്. അവര്‍ നിങ്ങളെപോലെ സഞ്ചരിച്ചിട്ടില്ല; താഴ്വരകള്‍ താണ്ടിക്കടന്നിട്ടുമില്ല. പക്ഷെ, അവര്‍ പ്രതിഫലത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. നിങ്ങളുടെ കൂടെ പുറപ്പെടാന്‍ അവര്‍ക്ക് തടസ്സമായത് രോഗമായിരുന്നു.''(77)
യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള നിര്‍ദേശങ്ങളാണ് ക്വുര്‍ആനിലും ഹദീഥുകളിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെന്ന് പറയുമ്പോള്‍ പ്രവാചകന്റെയോ(സ്വ) അനുചരന്‍മാരുടെയോ കാലത്ത് മാത്രം പ്രസക്തമാണ് ഈ നിര്‍ദേശങ്ങള്‍ എന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. ഇസ്ലാമികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉണ്ടാകുന്ന യുദ്ധങ്ങള്‍, അത് എപ്പോള്‍ ഉണ്ടാകുന്നതാണെങ്കിലും ഈ നിര്‍ദേശങ്ങളെല്ലാം അവയ്ക്ക് ബാധകമാണ് എന്നതാണ് വാസ്തവം. അത്തരം യുദ്ധങ്ങള്‍ അവസാനനാളുവരെ ഉണ്ടാകുമെന്നും അങ്ങനെ ഉണ്ടാകുമ്പോള്‍ അവിടെയെല്ലാം ദൈവിക നിര്‍ദേശങ്ങള്‍ക്ക് വിധേയമായി രണാങ്കണത്തിലിറങ്ങുവാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നും വ്യക്തമാക്കുന്ന ഹദീഥുകളുണ്ട്.
ഇംറാനുബ്നു ഹുസൈനില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: 'എന്റെ സമുദായത്തില്‍ സത്യത്തിനുവേണ്ടി സമരം ചെയ്യുകയും അവരെ എതിര്‍ക്കുന്നവരോട് പോരാടി വിജയം വരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നെന്നുമുണ്ടായിരിക്കും; അവരില്‍ അവസാനമുള്ളവര്‍ മസീഹുദ്ദജ്ജാലുമായി യുദ്ധം ചെയ്യുന്നതുവരെ'.(78) 
അവസാനനാളുവരെ സത്യത്തിനുവേണ്ടി പോരാടുന്നവന്‍ ഉണ്ടാകുമെന്ന് പറയുമ്പോള്‍ എക്കാലത്തും യുദ്ധം നിലനില്‍ക്കുമെന്നോ പോരാട്ടമില്ലാത്ത സ്ഥിതി ഒരിക്കലും ഉണ്ടാവുകയില്ലെന്നോ ആണ് പ്രവാചകന്‍(സ്വ) അര്‍ഥമാക്കിയതെന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. സത്യത്തിനുവേണ്ടി സമരസജ്ജരായ ഒരു വിഭാഗം എന്നെന്നുമുണ്ടാകുമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ ആയുധമെടുത്ത് പോരാടുവാന്‍ അവര്‍ക്ക് യാതൊരുവിധ മടിയുമുണ്ടാവുകയില്ലെന്നുമാണ് പ്രവാചകന്‍(സ്വ) ഇവിടെ പഠിപ്പിക്കുന്നത്. ഇത് പറഞ്ഞ മുഹമ്മദ് നബി(സ്വ)യുടെ കാലത്തുതന്നെ യുദ്ധമില്ലാത്ത കാലമുണ്ടായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. യുദ്ധമില്ലാതിരിക്കുവാന്‍ അവിശ്വാസികളുമായി കരാറുണ്ടാക്കിയ നബി(സ്വ) എന്നെന്നും യുദ്ധം നിലനില്‍ക്കുന്ന നാളുകളുണ്ടാകണം എന്നാണ് വിവക്ഷിച്ചതെന്ന് കരുതുവാന്‍ യാതൊരുവിധ ന്യായവുമില്ല. അനിവാര്യമെങ്കില്‍ ആയുധമെടുക്കുവാന്‍ സന്നദ്ധരായ ഒരു വിഭാഗം മുസ്ലിംകള്‍ എക്കാലത്തുമുണ്ടാകുമെന്നും അവരുമായി യുദ്ധം ചെയ്യുന്ന ശത്രുക്കളെ അവര്‍ പരാജയപ്പെടുത്തുമെന്നും മസീഹുദ്ദജ്ജാലുമായി നടക്കുന്ന യുദ്ധമായിരിക്കും ഈ ഗണത്തിലെ അവസാനത്തേത് എന്നുമുള്ള വസ്തുതകളാണ് ഇവിടെ പ്രവാചകന്‍(സ്വ) വ്യക്തമാക്കുന്നത്.
'യുദ്ധം ചെയ്യുന്നവര്‍ എന്റെ സമുദായത്തില്‍ എന്നെന്നുമുണ്ടായിരിക്കു'മെന്ന പ്രവാചക വചനമാണ് ലോകത്ത് നിലനില്‍ക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണമായിത്തീരുന്നതെന്ന വാദം കഴമ്പില്ലാത്തതാണ്. ഈ പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച പ്രവാചകാനുചരന്‍മാരോ നബി(സ്വ)യുടെ പ്രശംസകള്‍ക്കും ആശംസകള്‍ക്കുമെല്ലാം നിമിത്തമായ മൂന്ന് ആദിമ തലമുറകളോ ഒന്നുംതന്നെ ഈ ഹദീഥില്‍നിന്ന് മുസ്ലിംകള്‍ എന്നെന്നും യുദ്ധം ചെയ്യുന്നവരായിരിക്കണമെന്ന് മനസ്സിലാക്കിയിട്ടില്ലെന്ന് അവരുടെ നടപടികള്‍ നമ്മെ തെര്യപ്പെടുത്തുന്നു. നടേ ഉദ്ധരിച്ച ഹദീഥ് വിശാരദരായ അബ്ദുല്ലാഹിബ്നു മുബാറക്കിന്റെ(റ) അഭിപ്രായത്തില്‍നിന്ന് യുദ്ധം ചെയ്യാതിരിക്കുകയോ അതിന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നത് കാപട്യമാണെന്ന പ്രവാചക പ്രസ്താവന അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്ക് മാത്രം ബാധകമാണെന്ന് വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ എന്നെന്നും യുദ്ധമുണ്ടാകുമെന്ന പ്രവാചക പ്രസ്താവനയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഭീകരവാദം നിലനില്‍ക്കുന്നത് എന്ന വാദം ശുദ്ധ ഭോഷ്ക്കാണ്. യുദ്ധസന്നദ്ധരായ ഒരുവിഭാഗം എന്നെന്നും നിലനില്‍ക്കുമെന്ന് മാത്രമാണ് പ്രസ്തുത പ്രവാചക വചനം വ്യക്തമാക്കുന്നത്; അവരോട് സമരം ചെയ്യുന്ന ശത്രുക്കള്‍ക്ക് അവരെ തോല്‍പിക്കാനാവുകയില്ലെന്ന പ്രവചനവും അത് ഉള്‍ക്കൊള്ളുന്നുണ്ട്.
യുദ്ധത്തിന് പ്രേരിപ്പിക്കുകയും രക്തസാക്ഷ്യത്തിന്റെ മഹത്ത്വം ഉല്‍ഘോഷിക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങളും പ്രവാചക മൊഴികളുമൊന്നും യഥാര്‍ഥത്തില്‍ ഭീകരവാദത്തിന് കടന്നുവരാനുള്ള പഴുതുകളൊന്നും നല്‍കുന്നില്ലായെന്ന വസ്തുത തമസ്കരിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രമാണങ്ങളില്‍നിന്നാണ് ഭീകരതയുടെ ബീജാവാപം നടക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. ആദര്‍ശത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാകണം പോരാട്ടങ്ങള്‍ എന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് എങ്ങനെയാണ് അന്ധമായ ദേശീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കാനാവുക? 'വര്‍ഗീയതയെ പ്രതിനിധീകരിക്കുകയും അതിനുവേണ്ടി കോപിഷ്ഠനാവുകയും അതിന്റെ പേരില്‍ മരണം വരിക്കുകയും ചെയ്തവര്‍ ജാഹിലിയ്യാ മരണമാണ് പുല്‍കിയിരിക്കുന്നത്'(79) എന്നും 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുമ്പോള്‍പോലും വല്ല ഭൌതികലക്ഷ്യവും മനസ്സിലുണ്ടെങ്കില്‍ അയാള്‍ക്ക് യാതൊരു പ്രതിഫലവുമില്ല'(80) എന്നും പഠിപ്പിച്ച പ്രവാചക വചനങ്ങളുടെ വെളിച്ചത്തില്‍ എങ്ങനെയാണ് തികച്ചും രാഷ്ട്രീയവും വംശീയവും വര്‍ഗീയവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരിക? ഇസ്ലാമിക പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ വഴിയല്ലാതെ, മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മതദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഭീകരവാദത്തിന് വളരാന്‍ പഴുതുകളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
ഞലള:
1) സ്വഹീഹുല്‍ ബുഖാരി, കിതാബു ത്തഫ്സീര്‍
2) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
3) സ്വഹീഹുല്‍ ബുഖാരി, കിതാബു ത്തഫ്സീര്‍
4) ക്വുര്‍ആന്‍ 8:11
5) മുസ്നദ് അഹ്മദില്‍ (2/271) സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടത്, Dr. Mahdi Rizqullah Ahmad, A Biography of the Prophet of Islam, Volume 1, Page 402.
6) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സിയാര്‍
7) Lawrence H. Keeley: War Before Civilization: the Myth of the Peaceful Savage, Oxford, 1996, Page 56
8) Nicholas Wade: Before the Dawn, New York, 2006, Quoted by Spengler: The fraud of primitive authenticity (Asia Times Jul 4, 2006)
9) Conway W. Henderson: Understanding
International Law, West Sussex, 2010, Page 212
10) വിശദ വിവരങ്ങള്‍ക്ക് ലേഖകന്റെ ഹൈന്ദവത: ധര്‍മവും ദര്‍ശനവും വായിക്കുക
11) ഋഗ്വേദം 1:81:3
12) മനുസ്മൃതി 7:106
13) ഭഗ്വദ് ഗീത 11:32-34
14) ആവര്‍ത്തനം 20:10, 11
15) ആവര്‍ത്തനം 20:15
16) http://necrometrics.com/pre1700a.htm
17) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ്
18) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ്
19) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ്
20) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ്
21) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ
22) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ് 
23) സ്വഹീഹു മുസ്ലിം, കിതാബു സ്സുഹുദു വര്‍ റഖാഇഖ്
24) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുമുസ്
25) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുമുസ്
26) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുമുസ്
27) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുമുസ്
28) ഒരു സ്വാഅ് എന്നാല്‍ ഏകദേശം ഒന്നര കിലോഗ്രാമാണ് 
29) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
30) സ്വഹീഹുല്‍ ബുഖാരി, കിതാബു ര്‍റഹ്ന്
31) സ്വഹീഹുല്‍ ബുഖാരി, കിതാബു സ്സകാത്
32) F. E. Johnson(Trans): The Hanged Poems from Charles F. Horne (Ed.): The Sacred Books and Early Literature of the East, volume V, New York and London, 1917
33) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സിയാര്‍
34) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സിയാര്‍
35) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇതിന്റെ നിവേദക പരമ്പര സ്വീകാര്യമാണെന്ന് (സ്വഹീഹ്) ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്, സുനനു അബീദാവൂദ് ഹദീഥ്: 2516
36) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇതിന്റെ നിവേദക പരമ്പര ഹസനാണെന്ന് ഇമാം ഹാക്കിം (2/85)വ്യക്തമാക്കിയിട്ടുണ്ട്, Nasirudheen Al Khattab: English Translation of Sunan Abu Dawud, Riyadh, 2008, Volume 3, Page 215215
37) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
37മ) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
38) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സിയാര്‍
39) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2253
40) സുനനു അബൂദാവൂദ്, കിതാബുല്‍ ഇജാറ, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബീദാവൂദ് ഹദീഥ്: 3461
41) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
42) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
43) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
44) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
45) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
46) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
47) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
48) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാ ഇലുല്‍ ജിഹാദ്. ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2238
49) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ഇത് ഹസനാണ്്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2239
50) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്. ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2251
51) ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: ജാമിഉ ത്തിര്‍മിദി, ഹദീഥ്: 1619
52) ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്; സുനനു ന്നസാഇ, കിതാബുല്‍ ജിഹാദ്, ഇത് ഹസനാണ്: ഇമാം അല്‍ബാനി: ജാമിഉ ത്തിര്‍മിദി, ഹദീഥ്: 1654
53) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
54) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; മുസ്നദ് അഹ്മദ് (1/266); ഇത് ഹസനാണ്: ഇമാം അല്‍ബാനി: സുനനു അബീദാവൂദ് ഹദീഥ്: 2519
55) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
56) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
57) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; സുനനു ന്നസാഇ, കിതാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്. ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബീദാവൂദ് ഹദീഥ്: 2540
58) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
59) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
60) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്. ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2257
61) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
62) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
63) സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
64) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
65) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
66) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; സുനനു ന്നസാഇ, കിതാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്. ഇത് ഹസനാണെന്ന് ഇമാം ഹാക്കിം (2/95) വ്യക്തമാക്കിയിട്ടുണ്ട്, Nasirudheen Al Khattab: Opt. Cit, Page 212
67) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2250
68) സുനനു അബൂദാവൂദ്, കിതാബുല്‍ ഇത്ഖ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്; സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്നു മാജ, ഹദീഥ്: 2268
69) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
70) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
71) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; മുസ്നദ് അഹ്മദ് (3/174); ഇത് ഹസനാണ്: ഇമാം അല്‍ബാനി: സുനനു അബീദാവൂദ്, ഹദീഥ്: 2525
72) സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; മുസ്നദ് അഹ്മദ് (1/20); ഇത് സ്വഹീഹാണെന്ന് ഇമാം ഹാക്കിം (2/85)വ്യക്തമാക്കിയിട്ടുണ്ട്, Nasirudheen Al Khattab: English Translation of Sunan Ibn Majah, Riyadh, 2007, Volume 4, Page 44
73) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; ജാമിഉ ത്തിര്‍മിദി, കിതാബു ഫദാഇലില്‍ ജിഹാദ്; ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: ജാമിഉ ത്തിര്‍മിദി, ഹദീഥ്: 1620
74) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
75) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; സുനനു ഇബ്നു മാജ, അബ്വാബുല്‍ ജിഹാദ്; ഇത് ഹസനാണ്: ഇമാം അല്‍ബാനി: സുനനു അബീദാവൂദ് ഹദീഥ്: 2502
76) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; മുസ്നദ് അഹ്മദ് (2/320); ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2510
77) സ്വഹീഹു മുസ്ലിം, കിതാബുല്‍ ജിഹാദ് വസ്സൈര്‍
78) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; മുസ്നദ് അഹ്മദ് (4/429); ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2483
79) സ്വഹീഹു മുസ്ലിം, കിതാബുല്‍ ഇമാറ
80) സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2516
(തുടരും)

(തുടരും)